Friday, December 28, 2012


ശിവഗിരി തേടി വരുന്നു


ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരു ശിവഗിരി തീര്‍ത്ഥാടനമുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിക്കോ മറ്റോ വര്‍ക്കല തുരപ്പില്‍ കുളിച്ച് ഗുരുസന്നിധിയിലേക്ക് നടന്നുപോയ തണുത്ത ഒരു ഡിസംബര്‍. മഹാസമാധിയിലെത്തിയപ്പോള്‍ അവിടെ കൈതപ്പുറം ദാമോദരന്‍ നമ്പൂതിരിയുടെ കീര്‍ത്തനം. അന്തരീക്ഷത്തില്‍ 'നാരായണമൂര്‍ത്തേ... ഗുരുനാരായണ മൂര്‍ത്തേ....'. ആരോ ഇടക്ക് കുമാരനാശാനെ ഉദ്ധരിച്ചു. ബാല്യത്തിന്റെ അത്ഭുതങ്ങളെ ഓര്‍ക്കുമ്പോള്‍ വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്- ഗുരു കീര്‍ത്തനങ്ങള്‍.
ശിവഗിരി പുണ്യം തേടിവരുന്നവര്‍ക്ക് പലപ്പോഴും നാരായണ ഗുരു ദൈവം തന്നെയായിരുന്നു. പക്ഷേ, വിശ്വമാനവികതക്ക് ഇത്രയധികം വിലകല്‍പിച്ച ഒരു മലയാളി വേറെയില്ല എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ നാരായണ ഗുരുവിനെ വായിക്കുന്നത്. മഹാനായ വക്കം മൗലവിയുടെ ഇസ്‌ലാമിക ദാര്‍ശനികതയില്‍ നിന്ന് അടര്‍ത്തി മാറ്റാനാവാത്ത വിധം ഗുരുസന്ദേശങ്ങളുടെ ആഴവും പരപ്പും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍. അനുകമ്പാ ദശകവും ആത്മോപദേശ ശതകവും വായിക്കുമ്പോള്‍ മഹാനായ ഗുരു... അങ്ങ് ഒരു കാലഘട്ടത്തിന്റെ നവോത്ഥാന ധാരയില്‍ നിന്ന് നമുക്കായി പകുത്തുവെച്ചത് എത്രമാത്രം മൂല്യവത്തായിരുന്നു. അവനവന്‍ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണമെന്നാണ് അങ്ങ് കല്‍പിച്ചത്. ഇതിനപ്പുറം എന്താണ് ആത്മീയാധിഷ്ഠിത ഭൗതികത?. ആരാധനാ സമ്പ്രദായങ്ങളെ മാറ്റിവെച്ച് വിലയിരുത്തിയാല്‍ ഇസ്‌ലാം എന്തായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് നാരായണഗുരു.
ശിവഗിരി കേവല ആത്മീയതയുടെ സംന്യാസ സങ്കേതമായി അധ:പതിക്കാന്‍ പാടില്ല. ആത്മീയതക്ക് അര്‍ത്ഥവത്തായ ചില വ്യാഖ്യാനങ്ങളുണ്ട്. മനുഷ്യ നന്മയുടെ അതെല്ലാം തമസ്‌കരിക്കപ്പെടുകയും ആത്മീയത പുതിയ സമസ്യകള്‍ തേടുകയും ചെയ്യുന്ന കാലത്താണല്ലോ നമ്മള്‍. ആത്മീയ കച്ചവടങ്ങള്‍ വ്യാപിക്കുന്നു. ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തിയതികളില്‍ മതാതീത ആത്മീയതയുടെ ഈ പുണ്യ സങ്കേതത്തിലേക്ക് ജനപ്രവാഹമാണ്. കണ്ണാടി നോക്കാന്‍ പറഞ്ഞുകൊണ്ട്- നീ ആദ്യം നിന്നെ അറിയുക, അഥവാ സ്വയം മനസിലാക്കുക എന്ന അര്‍ത്ഥവത്തായ ആശയം പകര്‍ന്ന നാരായണ ഗുരുവിന് നമോവാകം.

Tuesday, December 11, 2012





സിത്താറില്‍ മാന്ത്രിക വിരലുകള്‍ തലോടി, തലമുറകളിലൂടെ നടത്തിയ സംഗീത തീര്‍ത്ഥാടനത്തിന് അന്ത്യം. പണ്ഡിറ്റ് രവിശങ്കര്‍ ഇനി ഓര്‍മകളില്‍ ശ്രുതിമീട്ടും.
....................ആദരാഞ്ജലികള്‍...............



Saturday, December 8, 2012


കാഴചയുടെ വിസ്മയം തീര്‍ക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് അനന്തപുരി. ആഗോളതലത്തില്‍ മാറുന്ന ചലച്ചിത്ര സങ്കല്‍പങ്ങളെ കാലോചിതമായി പുനരാവിഷ്‌കരിക്കുക എന്നതിലുപരി, കലയുടെയും സംസ്‌കാരത്തിന്റെയും തനത് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെയും ഈ തിരഭാഷ അടയാളപ്പെടുത്തുന്നു. ലോകത്ത് എവിടെയായാലും മനുഷ്യന്റെ നിത്യജീവിതം സംഘര്‍ഷഭരിതമെന്ന് ഓര്‍മപ്പെടുത്തുന്നു. വ്യവസ്ഥകളോടുള്ള കലഹവും കലയിലൂടെ ജീവിതത്തിന് നേരും നൈര്‍മല്യവും തേടുന്ന ചില ശൈലികളും കാണാം. എല്ലാ കലകളും അടിസ്ഥാനപരമായി പച്ചയായ ജീവിതത്തിന്റെ പകര്‍ത്തുകളാണ്. അതുകൊണ്ടാണ് ഈ പൊരിവെയിലിലും ഞങ്ങള്‍- അനന്തന്റെ നാട്ടുകാര്‍ ഐ.എഫ്.എഫ്.കെയുടെ സഹയാത്രകരാകുന്നത്.

Tuesday, November 20, 2012



കസബിലൂടെ ഒരു പുതിയ പാഠം


 അജ്മല്‍ കസബിനെ തൂക്കിലേറ്റിയതോടെ രാജ്യം ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കുന്നുവെന്ന് വിലയിരുത്താം. നമ്മുടെ രാജ്യത്തിന്റെ സമാധാന ജീവിതത്തെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തി വരുന്ന ശക്തികള്‍ക്കെതിരെ സന്ധിയില്ലാതെ പോരാടുകയെന്നത് ഭരണാധികാരികളുടെയും നിയമ വ്യവസ്ഥയുടെയും കടമയാണ്.
പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം അവര്‍ ഭാരതത്തെ എന്നും നിസാരവല്‍ക്കരിക്കുന്ന സമീപനമാണ് തുടര്‍ന്നുവരുന്നത്. ലോകത്തൊട്ടാകെ ഭീകരവാദത്തിന് ഒരു ഇസ്‌ലാമിക മുഖം ക്രിയേറ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്. ഇസ്‌ലാമിന്റെ പേരില്‍ ഭീകരന്മാരും തീവ്രവാദികളും അഴിഞ്ഞാടുമ്പോള്‍, ഇന്ത്യ സമാധാനാത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ സമ്പത്വ്യവസ്ഥയെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ പടച്ചുവിടുന്ന കള്ളനോട്ടുകള്‍ പോലും അത്യന്തം അപകടകരമാണ്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത 10 പേരില്‍ ഒമ്പത് പേരെ നമ്മള്‍ വെടിവെച്ചുകൊന്നു. ഇപ്പോള്‍ ഒരാളെ തൂക്കിക്കൊന്നു- അറിഞ്ഞിടത്തോളം ഇതിലെ പ്രധാന കണ്ണികളെയെല്ലാം നമ്മള്‍ നശിപ്പിച്ചുകഴിഞ്ഞു. പക്ഷേ, പാകിസ്ഥാന്‍- അതെപ്പോഴും നമുക്കുമുന്നില്‍ ഒരു ചോദ്യചിഹ്നം തന്നെയാണ്. കസബിന്റെ പിതൃത്വം പാകിസ്ഥാന്‍ ഏറ്റെടുക്കുന്നില്ല. അതിന് കാരണം ജീവനോടെ പിടികൂടിയ കസബ് ഇക്കാര്യത്തിലുള്ള പാകിസ്ഥാന്റെ പങ്ക് വ്യക്തമായി ഇന്ത്യന്‍ പൊലീസിനോട് വിശദീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ സ്ഥിതിക്ക് കസബ് പാകിസ്ഥാന് വേണ്ടപ്പെട്ടവനായി കരുതാന്‍ അവര്‍ക്ക് കഴിയില്ല. ഏതായാലും അജ്മല്‍ കസബിലൂടെ നാം ലോകത്തോട് പറയുന്ന ഒരു മുന്നറിയിപ്പുണ്ട്. നമുക്ക് സുരക്ഷിതത്വം വേണം. നമ്മുടെ രാജ്യത്തെ മഹാനഗരങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിക്കണം.










Sunday, November 4, 2012

എന്റെ വോട്ട് ഷിബു ബേബിജോണിന് 

സംസ്ഥാനത്തെ മികച്ച മന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. നമ്മുടെ മന്ത്രിമാര്‍ ആരും തീരെ മോശക്കാരല്ല. എല്ലാവരും അവരവരുടെ മേഖലകളില്‍ മികവു പുലര്‍ത്തുന്നുണ്ട്. വിവാദങ്ങള്‍ കുന്നുകൂടുമ്പോഴും ഐക്യത്തിന്റെ അഭാവമുള്ളപ്പോഴും ഈ സര്‍ക്കാര്‍ ഇഴഞ്ഞുനീങ്ങുന്നു- വലിയ പരിക്കുകളില്ലാതെ.
നയപരമായും അവസരോചിതമായും ശക്തമായ ഇടപെടലുകള്‍ നടത്തി വിവാദങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കലാകണം പുതിയ കാലത്ത് മികച്ച ഭരണാധികാരിയുടെ ലക്ഷണം. നെഴ്‌സുമാരുടെ സമരം, അവരുടെ വേതനം സംബന്ധിച്ച പ്രശ്‌നങ്ങള്‍, സംസ്ഥാനത്തൊട്ടാകെ ഗുണ്ടായിസത്തിന് സമാനമായി രൂപപ്പെട്ട നോക്കുകൂലി, അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷ, അവരെ ചൂഷണം ചെയ്യുന്നത്, ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍, തൊഴില്‍ സുരക്ഷിതത്വവും പുതിയ തൊഴില്‍ മേഖലകള്‍ തുറക്കലും, ടെക്‌നിക്കല്‍ സ്ഥാപനങ്ങളിലെ കോഴ്‌സുകളുടെ സുതാര്യത തുടങ്ങി തന്റെ വകുപ്പിലെ ഓരോ ചലനങ്ങളിലും നേരിട്ട് ഇടപെട്ട ഒരു മന്ത്രിയെ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ പറയപ്പെട്ട വിഷയങ്ങളെല്ലാം പരിഹരിക്കപ്പെടാതെ വളര്‍ന്നുപോയാല്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമായിരുന്നു. എന്നും വിവാദത്തിന്റെ തിരതല്ലുന്ന കരിമണല്‍ വിഷയം പോലും അവസരോചിതമായ ഇടപെടലിലൂടെ വാര്‍ത്തകളില്‍ നിന്ന് അപ്രത്യക്ഷമാക്കിയ ഭരണപാടവം ഈ മന്ത്രിക്കുണ്ട്. ദേശിംഗനാടിന്റെ പ്രിയപുത്രനാണ് ഞാന്‍ നൂറ് മാര്‍ക്കിടുന്നത്. അതെ, എന്റെ വോട്ട് മന്ത്രി ഷിബു ബേബിജോണിന് 

Sunday, October 28, 2012

ഡോ. തരൂര്‍ വീണ്ടുമെത്തുമ്പോള്‍

വിശ്വത്തോളം വളര്‍ന്ന ഒരു മലയാളിയുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും ഇടുങ്ങിയ ചിന്തകളുടെ കൂടാരങ്ങളില്‍ അതൃപ്തിയുണ്ടാക്കി. രാഷ്ട്രീയ മര്യാദകള്‍ക്കപ്പുറം സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിത നിലവാരത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ചില 'ക്യാറ്റില്‍ ക്ലാസ്' പ്രയോഗങ്ങള്‍ ഉണ്ടായത് വ്യവസ്ഥകളോടുള്ള കലഹമായിരുന്നു. അസാധാരണമായ ചിന്താധാരകളുടെ ഉല്‍പന്നങ്ങളായിരുന്നു അത്തരം ഉയര്‍ന്ന കാഴ്ചപ്പാടുകള്‍. രാഷ്ട്രീയക്കാര്‍ പൊതുവെ സാഹചര്യങ്ങളോട് വല്ലാതങ്ങ് സമരസപ്പെട്ടുപോകും. ഇക്കാര്യത്തില്‍ ശശി തരൂരും സന്ധി ചെയ്യണമെന്നാണ് ചില 'ബുദ്ധിജീവി'കളുടെ അഭിപ്രായം.
വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരുമ്പോള്‍ ലോകം കണ്ട പ്രഗത്ഭനായ ഒരു നയതന്ത്രജ്ഞന്, എഴുത്തുകാരന് എങ്ങനെയാണ് നിശബ്ദനായിരിക്കാന്‍ കഴിയുക. വികസനത്തിനൊപ്പം സാമൂഹ്യവും മാനസികവുമായ വളര്‍ച്ചയിലൂടെ മനുഷ്യവിഭവത്തെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്ന ചിന്തയാണ് ഈ നേതാവിനെ വ്യത്യസ്തനാക്കുന്നത്.
ഏതായാലും ട്വിറ്ററിന്റെ സാധ്യതകള്‍ക്കപ്പുറത്ത് ശശി തരൂര്‍ എന്ന പൊതുപ്രവര്‍ത്തകനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ജീവിക്കുന്ന നഗരത്തില്‍, എന്റെ ഓഫീസിന് തൊട്ടടുത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അദ്ദേഹം തികച്ചും നിശബ്ദനായിരുന്നു. ആ നിശബ്ദതക്ക് കീഴടങ്ങല്‍ എന്നര്‍ത്ഥമില്ല. മനുഷ്യ ജീവിതത്തിന്റെ നഗ്ന യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാനും പ്രതികരിക്കാനും ശ്രമിച്ചവര്‍ക്കെല്ലാം എന്നും തിരിച്ചടി തന്നെയായിരുന്നു ബാക്കിയെന്നത് കറുത്ത ചരിത്രം. ക്രിക്കറ്റിന്റെ സാധ്യതകളിലേക്ക് കേരളത്തിലെ യുവജനങ്ങളെ കൈപിടിച്ച് നടത്താന്‍ ശ്രമിച്ചതും അപരാധമായി.
ഒടുവില്‍ ''ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ....''- തരൂര്‍ വീണ്ടും ഭാരതത്തിന്റെ ഭരണകൂടത്തില്‍ കസേര നേടി. ഇനി നമുക്ക് ജ്ഞാനമുള്ള നേതാവിന്റെ വികസന സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതും കാത്തിരിക്കാം.

Friday, October 5, 2012

സംഘശക്തികളെ ദുര്‍ബലമാക്കാന്‍ സി.പി.എം
ഫിര്‍ദൗസ് കായല്‍പ്പുറം

(2012 ~ഒക്‌ടോബര്‍ 6 ന് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

ഗ്രാമീണ മേഖലഖലകളുടെ സാമൂഹ്യ- സാമ്പത്തിക ഉന്നമനത്തിനായി തുടക്കമിട്ട കുടുംബശ്രീയും, ഇതേ ലക്ഷ്യത്തിലേക്ക് കുറച്ചുകൂടി വിപുലമായ അര്‍ത്ഥത്തില്‍ ചുവടുവെച്ച ജനശ്രീയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാര്‍ത്തകള്‍ക്ക് ഇരയാക്കപ്പെടുകയാണ്. വികസനത്തിന്റെയും സ്വയംപര്യാപ്തതയുടെയും വിത്ത് പാകേണ്ടത് ഗ്രാമങ്ങളിലെ കൂട്ടായ്മകളിലൂടെയാകണമെന്ന ഗാന്ധീയന്‍ ദാര്‍ശികതയുടെ ഉല്‍പന്നങ്ങളാണ് ഈ രണ്ട് സംവിധാനങ്ങളും. സാമൂഹ്യ ജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഉതകുന്ന പ്രസ്ഥാനങ്ങള്‍ എന്ന നിലയില്‍ കേരളീയ സമൂഹം ഇവക്കു രണ്ടിനും ശക്തമായ പിന്തുണ നല്‍കുന്നുമുണ്ട്. കുടുംബശ്രീ അതിന്റെ പിറവി മുതല്‍ ഇന്നുവരെ സ്വാതന്ത്ര്യം എന്തെന്നറിഞ്ഞിട്ടില്ല. കുടുംബശ്രീയുടെ ബാല്യത്തില്‍ തന്നെ അതിനെ ചെങ്കൊടി പുതപ്പിച്ച് ഒരു ചട്ടക്കൂടിനുള്ളില്‍ തളച്ചിടാന്‍ കഴിഞ്ഞത് സി.പി.എമ്മിന്റെ സംഘടനാപരമായ കരുത്താകാം. എന്നാല്‍ കുടുംബശ്രീയുടെ സ്വപ്നങ്ങളിലേക്കാണ് ഇവര്‍ കരിനിഴല്‍ വീഴ്ത്തുന്നത്.
ഇവിടെ പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ കാഴ്ചപ്പാട് ബാലിശമായിപ്പോകുന്നു. കുടുംബശ്രീയുടെ ഉടമസ്ഥത തങ്ങള്‍ക്കാണെന്ന ധാര്‍ഷ്ട്യത്തോടെയാണ് സി.പി.എം നേതാക്കള്‍ പ്രതികരിക്കുന്നത്. സ്ത്രീകളുടെ കൂട്ടായ്മക്ക് രാഷ്ട്രീയമായ മുഖം നല്‍കുന്നത് എന്തുകൊണ്ടും ആപത്ക്കരം തന്നെയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ആളെക്കൂട്ടാനുള്ള സംവിധാനമായി കുടുംബശ്രീയെ ദുരുപയോഗം ചെയ്തവര്‍ ഇപ്പോള്‍ ജനശ്രീയക്ക് അനുവദിച്ച ഫണ്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു വിഭാഗം വനികളെ സംഘടിപ്പിച്ച് സമരം നടത്തുകയാണ്. സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ആയുധങ്ങള്‍ ഇല്ലാതെ പ്രതിപക്ഷം പരുങ്ങലിലായ ഘട്ടത്തിലാണ് ഈ പിടിവള്ളി കിട്ടിയത്. ജനശ്രീയും കുടംബശ്രീയും തികച്ചും വിഭിന്നമായ സംഘടനാ സംവിധാനങ്ങളുള്ള പ്രസ്ഥാനങ്ങളാണ്. എന്നാല്‍ ഇവ രണ്ടും സഞ്ചരിക്കുന്നത് ഒരേ ലക്ഷ്യത്തിലേക്കുമാണ്.
കേന്ദ്രസര്‍ക്കാരിന്റെ എസ്.ജെ.എസ്.ആര്‍.വൈ പദ്ധതി പ്രകാരം 1998 മെയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പെയ് മലപ്പുറത്താണ് കുടുംബശ്രീക്ക് തുടക്കം കുറിച്ചത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിച്ച് അവരെ സ്വയംപര്യാപ്തരാക്കാന്‍ വേണ്ട കര്‍മപദ്ധതികള്‍ നടപ്പിലാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കൂട്ടായ്മയിലൂടെ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച്, ചെറുകിട സംരംഭങ്ങള്‍ വഴി അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു നിശ്ചിത വരുമാനം ഉറപ്പുവരുത്തി അവരേക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന വിപ്ലവകരമായ മുന്നേറ്റം ഒരു പരിധിവരെ വിജയിക്കുക തെന്നെ ചെയ്തു.
ജനശ്രീയാകട്ടെ ഏത് വിഭാഗത്തില്‍പെട്ടവര്‍ക്കും ചേരാന്‍ കഴിയുന്ന സ്വയംസഹായ സംഘങ്ങളുടെ ഒരു കൂട്ടമാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുക, വികസന യത്‌നങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കുക തുടങ്ങിയവയാണ് ജനശ്രീ ലക്ഷ്യങ്ങളായി പറയുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.എം ഹസന്റെ നേതൃത്വമാണ് ജനശ്രീയെ ശക്തമായ നിലയിലെത്തിച്ചതെന്നിരിക്കെ, സി.പി.എമ്മിന്റെ വിയോജിപ്പിന് മറ്റ് കാരണങ്ങള്‍ തേടേണ്ടതില്ല. കുടുംബശ്രീയെ രാഷ്ട്രീയ വല്‍ക്കരിച്ച് മുന്നോട്ടുപോയ സി.പി.എമ്മിന് കഴിഞ്ഞ കുറച്ചുകാലമായി അതിന് സാധിക്കാത്ത സ്ഥിതിയാണ്. ജനശ്രീക്ക് സര്‍ക്കാര്‍ അവിഹിതമായ ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് കുടുംബശ്രീയുടെ രക്ഷകന്‍ ചമയുന്ന മുന്‍മന്ത്രി തോമസ് ഐസക്കിനും നന്നായറിയാം. ഇന്ത്യയിലെവിടെയും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ച്, രജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന, സാമ്പത്തിക മാനേജ്‌മെന്റ് ചട്ടങ്ങള്‍ പാലിക്കുന്ന ഏതൊരു എന്‍.ജി.ഒ പ്രസ്ഥാനങ്ങള്‍ക്കും ന്യായമായി ലഭിക്കേണ്ട സഹായം മാത്രമാണ് സര്‍ക്കാര്‍ ജനശ്രീക്കും അനുവദിച്ചത്. കുടുംബശ്രീയെ സംരക്ഷിക്കുന്നത് പോലെതന്നെ മറ്റ് സ്വയം സഹായ സംഘടനകളെ സഹായിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. ഇതൊരു പുതിയ കാര്യമല്ല. കേരളത്തില്‍ത്തന്നെ വിദ്യാഭ്യാസ, സാമൂഹ്യ, ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി എന്‍.ജി.ഒകളുണ്ട്. ഇവക്കെല്ലാം എല്‍.ഡി.എഫ് ഭരണകാലത്തുള്‍പെടെ പലപ്പോഴായി സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിച്ചിട്ടുമുണ്ട്.
റബ്‌കോയ്ക്കും ശാസ്ത്ര സാഹിത്യപരിഷത്തിനും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായി വിലയിരുത്തിയാല്‍ പോലും ഈ സംഘടനകളെക്കാള്‍ അര്‍ഹതയുണ്ട് ജനശ്രീക്ക്. റബ്‌കോയും ശാസ്ത്രസാഹിത്യ പരിഷത്തും എത്രപേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് പരിശോധിക്കണം. അതിന്റെ എത്രയോ ഇരട്ടിയാകണം ജനശ്രീയുടെ സാമൂഹ്യ ഇടപെടല്‍. അഞ്ച് കോടി രൂപ ആസ്തിയുളള ഒരു പ്രസ്ഥാനത്തില്‍ ചെയര്‍മാന്റെ പേരില്‍ അമ്പതിനായിരം രൂപ ഷെയര്‍ ഉള്ളത് ഒരു മഹാപാപമായി ഉയര്‍ത്തിക്കാട്ടുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആണ്. ഇതില്‍ കൂടുതല്‍ തുക തന്റെ പേരിലുണ്ടെന്ന് തെളിയിക്കാന്‍ ഹസന്‍ സി.പി.എമ്മിനെ വെല്ലുവിളിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്‍ പൂര്‍ണമായും ഒരു സര്‍ക്കാര്‍ സംരംഭമാണ്. കോണ്‍ഗ്രസ്-സി.പി.എം രാഷ്ട്രീയ ബലാബലത്തിനുള്ള വേദിയായി ജനശ്രീയും കുടുംബശ്രീയും മാറുന്നത് തികച്ചും ആശാവഹമല്ല. ജനശ്രീയുടെ പ്രവര്‍നനത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള ഓരോ കുടുംബത്തില്‍ നിന്നും ഓരോ സ്ത്രീകളെ വീതം അംഗങ്ങളാക്കിക്കൊണ്ടാണ് കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചിട്ടുള്ളത്. എന്നാല്‍ ജനശ്രീയില്‍ ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും അംഗമാകാമെന്ന് മാത്രമല്ല ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും അംഗമാകാമെന്ന പ്രത്യേകതയുമുണ്ട്.
സ്വയം സഹായ സംഘങ്ങളിലൂടെ രൂപപ്പെടുന്ന പുത്തന്‍ സംഘടനാ സംവിധാനം, മൈക്രോ ഫിനാന്‍സ് രംഗത്തെ പുതിയ അവസരങ്ങള്‍ തുടങ്ങിയ നിരവധി സ്വപ്നങ്ങളോടെയാണ് ജനശ്രീ രൂപീകരിക്കപ്പെട്ടത്. ഇടതുസര്‍ക്കാര്‍ അധികാത്തിലിരിക്കെ ബൈലോ ഭേദഗതി ഉള്‍പെടെ വന്‍ അഴിച്ചുപണി നടത്തി കുടുംബശ്രീയെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിച്ചിരുന്നു. കുടുംബശ്രീയുടെ ഓഫീസുകളില്‍ റിസോഴ്‌സ് പേഴ്‌സണ്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയ വിവിധ തസ്തികകളില്‍ പാര്‍ട്ടി അനുഭാവികളെയും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരെയും വന്‍തോതില്‍ നിയമിച്ചത് അന്ന് വിവാദമായിരുന്നു. സംഘടനാ സംവിധാനത്തിന്റെ കരുത്തും നേട്ടവും വ്യക്തമായി അറിയാവുന്നതിനാലാണ് കുടുംബശ്രീയെ രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അക്കാലത്ത് പാര്‍ട്ടി അണികളെ ഉപദേശിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കേരളത്തില്‍ ആകെ 10 ലക്ഷം ദരിദ്ര കുടുംബങ്ങളേ ഉണ്ടാകൂ. എന്നാല്‍ സാമൂഹികമായ അവഗണന, എയ്ഡ്‌സ്, ശാരീരിക വൈകല്യം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ സമൂഹത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കഴിയാത്തവര്‍ക്കൊക്കെ ദാരിദ്ര്യത്തിന്റേതായ അവസ്ഥകളുണ്ട്. ഇതിനെയെല്ലാം നേരിടുകയെന്ന ലക്ഷ്യം കൂടി കുടുംബശ്രീക്കും ജനശ്രീക്കും ഈ ഗണത്തില്‍പെടുന്ന എല്ലാ കൂട്ടായ്മകള്‍ക്കുമുണ്ട്.
മൈക്രോഫിനാന്‍സ് സമ്പ്രദായം മഹാപാപമാണെന്ന് പ്രചരിപ്പിക്കുന്ന സി.പി.എം നേതാക്കള്‍ സമുദായ സംഘടനകള്‍ നടത്തുന്ന മൈക്രോഫിനാന്‍സിംഗിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍ നടത്തുമ്പോള്‍, ജനശ്രീക്കു മാത്രം അത് നിഷിദ്ധമാകുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്. ഒരു സംഘടനക്ക് ഫണ്ട് അനുവദിച്ചതുകൊണ്ട് തങ്ങള്‍ക്ക് നഷ്ടമാകുമെന്ന് കരുതുന്ന കുടുംബശ്രീ ഭാരവാഹികളായ വനിതകള്‍ സി.പി.എമ്മിന്റെ കെണിയില്‍ പെട്ടുപോകുന്നത് കഷ്ടമാണ്. കുടുംബശ്രീയും ജനശ്രീയും ഉള്‍പെടെയുള്ള സ്ത്രീ ശാക്തീകരണ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത് വളരെ വലിയൊരു ആശയപൂര്‍ത്തീകരണമാണ്. ഇതിനിടെയില്‍ ചട്ടുകയായി വര്‍ത്തിക്കേണ്ടി വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ പുനരാലോചന നടത്തേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സഹായം പറ്റുന്ന ഇടതുപക്ഷ സംഘടനകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് എം.എം ഹസന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് സര്‍ക്കാര്‍ തയാറാകുന്ന ദിവസം ഈ വിവാദത്തിന്റെ ആയുസ് അവസാനിക്കും. 

Tuesday, September 25, 2012

പലപ്പോഴും പിഴയ്ക്കുന്നതിനാല്‍
തണുത്ത ഒരു ചിറകാണ്
ഹൃദയം.
അറിയാതെ വന്നുചേരുന്ന
അലിവുകളില്‍
കലഹങ്ങള്‍ അകന്നുപോകുമ്പോള്‍
നിന്റെ സ്മൃതിയുടെ
ഭാഷയില്‍
എന്റെ നിറമെന്താണ്.

ദിനാന്ത്യങ്ങളില്‍
കാലിയാകുന്ന കീശ പോലെ
വേര്‍പെട്ട് ഒഴുകുന്ന
അന്തര്‍മുഖ മൗനം പോലെ
അകലെയകലെയായ്
ഞാനും ഒരിക്കല്‍
വിസ്മരിക്കപ്പെടും.
നിന്റെ വംശബോധത്തില്‍
ചിറകുകളില്ലാതെയും
ശൂന്യതയില്‍
ഭാരമില്ലാതെയും
ഞാനുമൊരു യാത്ര നടത്തും
മേഘങ്ങളായോ
നക്ഷത്രമായോ എന്ന്
തീരുമാനിച്ചിട്ടില്ല.


Wednesday, September 19, 2012

'കല്‍'പനകളുടെ കാവ്യവഴികള്‍
ഫിര്‍ദൗസ് കായല്‍പ്പുറം
കല്ലു കൊത്തിയൊരുക്കി സിമന്റുചേര്‍ത്തുറപ്പിച്ച് അന്നത്തിനു വകതേടുന്ന തിരക്കില്‍ സാംബശിവനില്‍ കവിത കടന്നു കൂടിയത് എപ്പോഴാണ്...?. അത് സാംബശിവനുമറിയില്ല. മനസില്‍ മൊട്ടിടുന്ന വാക്കുകള്‍ ബിംബങ്ങളായി കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ സാംബശിവന്‍ മുത്താനയുടെ കവിതകളില്‍ വിയര്‍പ്പിന്റെ ഗന്ധം. തൊഴിലിടങ്ങളില്‍ കവി ആത്മാര്‍ത്ഥതയുള്ള തൊഴിലാളി മാത്രം. കവിത പിറക്കുമ്പോള്‍ നോവുന്ന ഹൃദവുമായി സാംബശിവന്‍ വരികളിലൂടെ പറയുന്നു- ''തിരുവോണത്തിനു അമ്മ വിളമ്പിയ കണ്ണീരു വീണ ചോറാണ് എന്റെ കവിത, അനുഭവങ്ങളുടെ അടുപ്പുകല്ലില്‍ പഴുത്തുരുകിയ അനുഭൂതികളാണ് എനിക്കു കവിത''.
മലയാളം അക്ഷരങ്ങള്‍ ചേര്‍ത്തു വായിക്കാന്‍ അറിയാമെന്നതു മാത്രമാണ് ഈ കവിയുടെ യോഗ്യത. സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത സാംബശിവനു നിരാശയില്ല. അക്ഷരപ്പൂട്ടുകള്‍ക്കകത്തെ അഗ്നിയെ വാക്കുകളിലാവാഹിച്ച് സാംബശിവന്‍ കവിത കുറിക്കുന്നു. കടുത്ത ദാരിദ്ര്യവും ഉടുതുണിക്കു മറുതുണിയില്ലാത്ത ബാല്യകൗമാരങ്ങളും ഈ കവിയുടെ കറുത്ത ഇന്നലെകളാണ്. ഇന്നും സാംബശിവനില്‍ കവിതകളെത്തുന്നത് ജീവിതസമരങ്ങളായി തന്നെ. പൊരിവെയിലില്‍ സിമന്റിനോടും കല്ലിനോടും മല്ലിടുമ്പോള്‍ കവിത ഇയാള്‍ക്ക് ആശ്വാസമാകുന്നു.
തിരുവനന്തപുരം ജില്ലയിലെ മുത്താന ഗ്രാമത്തിലാണ് ഈ കല്‍പ്പണിക്കാരനായ കവിയുള്ളത്. സ്‌ക്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിച്ച് അന്നത്തിനു വക തേടി തൊഴിലിടങ്ങളിലേക്കിറങ്ങുമ്പോള്‍ സാംബശിവന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു- പട്ടിണിയില്ലാതെ കഴിയാനുള്ള വക കണ്ടെത്തണം. ഏതു ജോലിയും ചെയ്യാനുള്ള മനസുമായി മുത്താനക്കടുത്ത് ചാവര്‍കോടുള്ള കല്ലുമലയിലെത്തി. കടുത്ത ജോലി ചെയ്തു ക്ഷീണിച്ചു സഹപ്രവര്‍ത്തകര്‍ കള്ളുഷാപ്പിലേക്കു പോയപ്പോള്‍ സാമ്പശിവന്‍ നടന്നത് മുത്താനയിലെ വിജ്ഞാനോദയം ഗ്രന്ഥശാലയിലേക്കാണ്. അവിടത്തെ പുസ്തകങ്ങളില്‍ ലഹരി കണ്ടെത്തിയ സാമ്പശിവനില്‍ എപ്പൊഴോ കവിത പിറക്കുകയായിരുന്നു. പിന്നീടു കവിതകള്‍ ധാരാളമായി എഴുതുവാന്‍ തുടങ്ങി.
തന്റെ ബാല്യകൗമാരത്തെക്കുറിച്ച് സാംബശിവന്‍ പറയുമ്പോള്‍ ആത്മസംഘര്‍ഷങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട.് ഒപ്പം കാല്‍പ്പനികമായ ഗ്രാമീണതയുടെ ഓര്‍മ്മകളും. ദാരിദ്രമെന്നാല്‍ വിശപ്പാണ്. വിശന്നു തളരുമ്പോള്‍ ഉണക്കിയ ചക്കക്കുരു വറുത്തു പൊടിച്ച് പുട്ടുപുഴുങ്ങി, ചേറുനിറഞ്ഞ പാടത്തെ പരല്‍ മീനുകള്‍ അരിച്ചു പെറുക്കി ചുട്ടുതിന്നു, അയലത്തെ പ്ലാവുകളില്‍ നിന്നും ആരും കാണാതെ ചക്കയടത്തു കുഴിച്ചിട്ടു, അന്യന്റെ പറമ്പിലെ പലതും എറിഞ്ഞിട്ടു തിന്നു... അങ്ങനെ കഷ്ടപ്പാടുകളുടെയും ദാരിദ്രത്തിന്റെയും ബാല്യം. വീടിനക്കരെ ദുരൂഹതയുടെ പച്ചച്ചാര്‍ത്തുണ്ട്- അരുവികളും കാട്ടുപൊന്തയും ചേര്‍ന്നു കിടക്കുന്ന, അവയില്‍ തട്ടിത്തട്ടിയൊഴുകുന്ന പച്ചച്ചാര്‍ത്ത്. അതുകടന്നാല്‍ എതുക്കാട്ടു ചന്ത. പച്ചപ്പുകളിലൂടെ എതുക്കാട്ടു ചന്തയില്‍ കാലണയ്ക്കു തേങ്ങാപ്പൂളുവാങ്ങാന്‍ പോകാറുണ്ട്. വലിയ അതിരുകള്‍ ചാടി ഇലഞ്ഞിമരത്തണലിലിരുന്ന് ഞാറക്കയും കാരയ്ക്കയും എറിഞ്ഞിട്ടു പോകുന്ന ഗ്രാമയാത്രകള്‍ പിന്നീടു സാംബശിവന്‍ കവിതയില്‍ കുറിച്ചിട്ടു- ''അസനാരുപിള്ളയുടെ കാളവണ്ടിയില്‍ വരുന്ന വാളരിക്ക, വാളന്‍പയര്‍, കടപ്പാവക്ക, അയണിച്ചക്ക, ശീമച്ചക്ക. എതുക്കാട്ടു ചന്തയില്‍ ചിരിച്ചും കരയിച്ചും ചപ്ലാങ്കൊട്ട കൊട്ടി പാടുന്നതു കേള്‍ക്കാന്‍ ഞാനും പോയിട്ടുണ്ട്''.
അച്ഛന്‍ ഒരു ക്രൂരമായ സ്വഭാവമുള്ളയാളായിരുന്നു. കവിത എഴുതുന്നതില്‍ എതിര്‍പ്പായിരുന്നു. ആരും കാണാതെ എഴുതി, തലയിണക്കടിയില്‍ ഒളിപ്പിച്ച കവിതകള്‍ പോലും അച്ഛന്‍ വലിച്ചെറിഞ്ഞിരുന്നു. കവിതയുടെ രംഗത്ത് എവിടെയുമെത്തില്ലെന്ന് ഒരു ശാപവാക്കുപോലെ അച്ഛന്‍ മകനെ ഇടക്കിടെ ഓര്‍മ്മിപ്പിക്കുമായിരുന്നു. അവിടെ നിന്നാണ് സാംബശിവന്റെ തുടക്കം. ആദ്യമായി ഖുര്‍ആനും ബൈബിളും സ്വന്തമാക്കി. ഈ ഗ്രന്ഥങ്ങളിലൂടെ പഠനയാത്ര നടത്തി. ജീവിതത്തിന്റെ നേരും നന്മയും നൈര്‍മല്യവും തേടിയുള്ള യാത്ര. പിന്നെ ധൈര്യമായി കാവ്യവഴിയിലേക്ക്......
ജോലി കഴിഞ്ഞെത്തുന്ന രാത്രികളിലാണ് താന്‍ കവിതകള്‍ എഴുതാറുള്ളതെന്ന് സാംബശിവന്‍ പറയുന്നു. കല്ലില്‍ ചാന്തു പുരട്ടി പുരപണിയുമ്പോള്‍ ഉള്ളില്‍ ഒരു കവിതയും രൂപപ്പെടും. അവ മനസില്‍ ചിട്ടപ്പെടുത്തിയ ശേഷം രാത്രികളില്‍ കടലാസിലേക്കു പകര്‍ത്തും. ജോലിക്കിടയിലെ ഉച്ചഭക്ഷണ സമയത്തു സുഹൃത്തുക്കള്‍ പരസ്പരം പറഞ്ഞ് അഭിമാനിക്കുമ്പോഴാണ് കവിതയുടെ മഹത്വം താന്‍ തിരിച്ചറിയുന്നത്. ജോലിയില്ലാതെ അലഞ്ഞു നടക്കുമ്പോഴൊന്നും ഒരിക്കല്‍ പോലും കവിത എഴുതാന്‍ കഴിഞ്ഞിട്ടില്ല. ക്ഷീണിച്ചു വരുന്ന രാവുകളിലാണ് ഉള്ളിലെ ഭാരം അക്ഷരങ്ങളാക്കി കടലാസിലേക്ക് ഇറക്കിവെക്കുന്നത്.
എഴുതിക്കൂട്ടിയ കവിതകള്‍ പുറത്തിറക്കുവാനുള്ള ആഗ്രഹം കാരണം ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് ജലശയ്യ എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയത്. ലോണ്‍ തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പലിശയും പിഴപ്പലിശയുമായി അതു ഭാരിച്ച ബാധ്യതയായി. എന്നാല്‍ ഈ കവിക്ക് നിരാശയില്ല. തന്റെ ഗ്രാമത്തിലെത്തി 'ജലശയ്യ' പ്രകാശനം ചെയ്തത് മലയാളത്തിന്റെ പ്രിയങ്കരമനായ കവി അയ്യപ്പപണിക്കരായിരുന്നു. അന്ന് നാടിനതൊരു ഉത്സവമായിരുന്നുവെന്ന് സാംബശിവന്‍ അഭിമാനത്തോടെ പറയും. മാത്രമല്ല, അയ്യപ്പപണിക്കര്‍ സാംബശിവനെ പിന്നീട് 'കേരള കവിത'യിലെ പ്രധാനപ്പെട്ടവരില്‍ ഒരാളാക്കി. അയ്യപ്പപണിക്കരുടെ മരണംവരെ ഈ ബന്ധം തുടര്‍ന്നു. പണിക്കര്‍ പല വേദികളിലും സാംബശിവന്റെ കവിതകളെക്കുറിച്ച് പരാമര്‍ശിച്ചു. അതേപോലെ എം. കൃഷ്ണന്‍ നായര്‍ 'സാഹിത്യ വാരഫല'ത്തില്‍ സാംബശിവന്റെ വരികളെക്കുറിച്ച് വാചാലനായി. കവി സച്ചിദാനന്ദനും പലപ്പോഴും ഈ തൊഴിലാളിയായ കവിയെക്കുറിച്ച് പംക്തികളില്‍ പറയുകയുണ്ടായി.
എന്നാല്‍ ജാഡകളില്ലാത സാംബശിവന്‍ തൊഴിലിടങ്ങളിലേക്കു വീണ്ടും നടന്നു. അപ്പോഴാണ് വീണ്ടുമൊരു ഭാഗ്യം പടികടന്നു വന്നത് സാംബശിവന്റെ 25 കവിതകള്‍ സമാഹരിച്ച് 'കല്ലില്‍ കൊത്തിയ കവിത' എന്ന പേരില്‍ ചിന്താ പബ്ലിക്കേഷന്‍സ് പുറത്തിറക്കി. ഈ പുസ്തകം വളരെയേറെ ശ്രദ്ധക്കപ്പെട്ടു. വേറിട്ട ശൈലിയും ബിംബകല്‍പ്പനകളും കല്‍പ്പണിക്കാരന്റെ വരികള്‍ സാധാരണക്കാരന്റെ വായനാനുഭവത്തെ കേന്ദ്രീകരിക്കുന്നു. പലപ്പോഴായി സാംബശിവനു നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തനിക്കു ലഭിച്ച ഏറ്റവും മികച്ച അംഗീകാരമായി കവി കാണുന്നത് തൊഴിലിടങ്ങളില്‍ എഴുത്തുകാരനെന്ന നിലക്കു തനിക്കു ലഭിക്കുന്ന ആദരവാണ്. മക്കളായ ശില്പക്കും ചിപ്പിക്കും വിദ്യാലയത്തിലും നാട്ടിലും കവിയുടെ മക്കളെന്ന വാത്‌സല്യം കിട്ടാറുള്ളതിലും സാംബശിവന് അഭിമാനമുണ്ട്. പുതിയ തലമുറയിലെയും പഴയതലമുറയിലെയും കവികളും സാഹിത്യകാരന്മാരും തന്നെ തിരിച്ചറിയുന്നുണ്ട്. സാഹിത്യ സമ്മേളനങ്ങളിലും കവിയരങ്ങുകളിലും സമയമുള്ളപ്പോഴെല്ലാം പങ്കെടുക്കുന്നു. കവിതക്കു വേണ്ടി ജീവിക്കുകയല്ല, ജീവിതത്തെ കവിതയുമായി ഇവചേര്‍ക്കുകയാണ് സാംബശിവന്‍ മുത്താന.
തൊഴിലാളി വര്‍ഗമെന്ന പേരില്‍ ആവേശം കൊള്ളാനൊന്നും താനില്ലെന്നാണ് സാംബശിവന്റെ പക്ഷം. വായിച്ചാല്‍ അറിവു നേടാനാകും. പഠിക്കാന്‍ കഴിയാതിരുന്നതില്‍ വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴില്ല. ധാരാളം വായിക്കാനും എഴുതാനും ശ്രമിക്കുകയാണിപ്പോള്‍. ഭാര്യ സുധര്‍മ്മ ജീവിതത്തിലെന്ന പോലെ എഴുത്തിലും സാംബശിവന്റെ കരുത്താണ്. പട്ടിണികിടന്നും പിഞ്ചുകുഞ്ഞുങ്ങളെ ചേര്‍ത്തുറക്കുമ്പോള്‍ കവിതയെയും താന്‍ വാങ്ങിക്കൂട്ടുന്ന പുസ്തകങ്ങളെയും സുധര്‍മ്മ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സാംബശിവന്‍ പറയുന്നു. തന്റെ കുടുംബ ജീവിതത്തിന്റെ ശാന്തത കൂടി വാക്കുകളില്‍ നിഴലിക്കുന്നു. സുധര്‍മ്മ മുത്താനക്കടുത്ത് പറകുന്നിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്. സാംബശിവന്റെ 'എന്റെ കവിത' തുടങ്ങുന്നതിങ്ങനെ 'കശുവണ്ടി ഫാക്ടറിയിലെ കറുകറുത്ത കുഴലിലെ പുകതുപ്പുന്ന പുലര്‍ച്ചകളാണെന്റെ കവിത'.
സാംബശിവനെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് അഭിമാനം. അവര്‍ പറയുന്നു- 'ഇവന്‍ വിശക്കുമ്പോഴും വിയര്‍ക്കുമ്പോഴും ക്ഷോഭിക്കാത്തവന്‍'. കല്ലിനെ കവിതയാക്കി, അക്ഷരങ്ങള്‍ക്ക് നിറം ചാര്‍ത്തുമ്പോള്‍ സാംബശിവന്‍ കുറിച്ചിടുന്നതിങ്ങനെ- ''എന്റെ ദൈവമേ ഒരു പൂവിരിയുന്നതുപോലെ/ ഒരാളിന്റെ സുഗന്ധമറിയുന്നതു പോലെ/ ഒരാട്ടിന്‍പറ്റം കൂടണയുന്ന പോലെ/ ഒരു കവിത പിറക്കുന്നു''.


(കവി സാംബശിവന്‍ മുത്താനയെക്കുറിച്ച് രണ്ട് വര്‍ഷം മുമ്പ് 'ചന്ദ്രിക' വാരാന്തപ്പതിപ്പില്‍ എഴുതിയത്)

Wednesday, September 12, 2012

ഓരോ കവിതയും ഓരോ തോല്‍വി: കുരീപ്പുഴ


ഫിര്‍ദൗസ് കായല്‍പ്പുറം

(ചന്ദ്രിക ആഴ്ചപ്പതിപ്പ് സെപ്തംബര്‍ 8-14 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

വരല്‍വരമ്പുകളിലെ പാട്ടുകളില്‍ നിന്ന് കവിതയുടെ ഉറവപൊട്ടി. അത് സംസ്‌കൃതികള്‍ക്ക് താളമിട്ട് അലിഖിതമായ വാക്കുകള്‍ ചുമന്ന് നടന്നു. ഓരോ കാലത്തും ജീവിതാവബോധത്തിനൊപ്പം സഞ്ചരിച്ച് മനുഷ്യസ്‌നേഹത്തിന്റെ, നന്മയുടെ, മൂല്യവത്തായ ആശയങ്ങളുടെ പുതിയ പുതിയ മേഖലകളിലേക്ക് കവിത കടന്നുചെന്നു. കവിതയുടെ പിതൃത്വം കീഴാള ജീവിതത്തിന്റെതാണ്. കര്‍ഷകനെയും പാടത്ത് പണിയെടുക്കുന്നവനെയും അവന്റെ സാമൂഹ്യനിലവാരത്തെയും അടയാളപ്പെടുത്തുന്ന കവിതകള്‍ കൊണ്ടാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാര്‍ ശ്രദ്ധേയനാകുന്നത്. ഈ കവി പ്രതിനിധീകരിക്കുന്നത് തിരസ്‌കൃത സമൂഹത്തിന്റെ മാനസിക വ്യാപാരങ്ങളെയാണ്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ട് അടുത്ത ദിവസങ്ങളിലൊന്നിലാണ് കൊല്ലം ജില്ലയിലെ കരിങ്ങന്നൂര്‍ ഗ്രാമത്തിലെത്തി കുരീപ്പുഴയെ കണ്ടത്. കുരീപ്പുഴയുടെ എഴുത്തും കാഴ്ചപ്പാടുകളും സംഭാഷണത്തില്‍ കടന്നുവന്നു.
ഒരു കവിയെന്ന നിലയില്‍ കുരീപ്പുഴക്ക് ഒരുപാട് പറയാനുണ്ട്. അത് ഒരു തിരുത്തല്‍ വാദിയുടെ ശബ്ദമല്ല. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് വാര്‍ത്തകള്‍ക്ക് ഇരയാകാനുള്ള ആവേശവുമല്ല. കവിതകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, താന്‍ കവിതകളോട് സംവദിക്കുന്ന രീതിയും കാലത്തിന്റെ ഗതിവേഗങ്ങളില്‍ തുറന്നുപറയാനുള്ള തന്റെ മാധ്യമമായ കവിതയോടുള്ള സമീപനവും. ഈ കവിക്കുള്ളത് വ്യക്തമായ കാഴ്ചപ്പാടുകളാണ്. അമ്മ മലയാളം മുതല്‍ കീഴാളന്‍ വരെയുള്ള രചകളുടെ അന്തസത്ത വിളിച്ചുപറയുന്നത് അവഗണിക്കപ്പെടുന്നവന്റെ ജീവിത വ്യഥകളെക്കുറിച്ചാണ്. 'കീഴാളന്‍' എന്ന കവിതാ സമാഹാരമാണ് കുരീപ്പുഴയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നും കീഴാളന്റെ ജീവിത ദുരിതങ്ങള്‍ക്ക് മാനസികമായ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനാണ് താന്‍ ഇഷ്ടപെടുന്നതെന്ന് കുരീപ്പുഴ അടിവരയിട്ടു.

ഗ്രാമം, നന്മ, ലാളിത്യം
കുരീപ്പുഴയിലെ കവിയെ രൂപപ്പെടുത്തിയത് കൊല്ലം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ സൗന്ദര്യവും അവിടെ ഗ്രാമീണ ജനതയുടെ സംസ്‌കാരവുമാണ്. കൊല്ലത്ത് കുരീപ്പുഴയില്‍ 1955ല്‍ ജനിച്ച കുരീപ്പുഴ ശ്രീകുമാര്‍ പുതുയുഗത്തിന്റെ കവിതക്ക് പുതിയ ഭാവുകത്വം നല്‍കി.
വാക്കുകളില്‍ വിപ്ലവവീര്യം പകര്‍ന്നു വച്ച കവി. ഹബീബിന്റെ ദിനക്കുറിപ്പുകള്‍, ശ്രീകുമാറിന്റെ ദുഃഖങ്ങള്‍, രാഹുലന്‍ ഉറങ്ങുന്നില്ല, അമ്മ മലയാളം, സൂയിസൈഡ് പോയിന്റ് ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കൃതികള്‍. വൈലോപ്പിള്ളി അവാര്‍ഡ്, ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പലപ്പോഴായി നിരവധി പുരസ്‌കാരങ്ങള്‍. കവിയുടെ ചിന്തകളോടും വിശ്വാസപ്രമാണങ്ങളോടും വിയോജിച്ചവരും മനസില്‍ തത്തിക്കളിക്കുന്ന വരികളിലൂടെ കുരീപ്പുഴയെ ഇഷ്ടപെടുന്നു.
കീഴാളന്‍ എന്ന കവിതയില്‍ കവി പറയാനുദ്ദേശിക്കുന്നതും താഴേക്കിടയിലുള്ള ജീവിതങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാണ്. കീഴാളന്റെ അന്തിപ്പട്ടിണിയുള്‍പെടെ സമൂഹം അവനെ തരം താഴ്ത്തുന്നതിനെയടക്കം നിശിതമായി വിമര്‍ശിച്ചു കൊണ്ട് കവി കീഴാളന്റെ യഥാര്‍ത്ഥ ചിത്രം അനുവാചക ഹൃദയങ്ങളില്‍ കോറിയിട്ടപ്പോള്‍ കേരള സാഹിത്യ അക്കാദമി അംഗീകാരവും ഈ 'കീഴാളനെ' തേടിയെത്തി.

കീഴാളന് സമര്‍പിച്ച വാക്കുകള്‍, വരികള്‍
അവന്‍ നമുക്ക് അന്നം ഉണ്ടാക്കിത്തന്നവനാണ്. അവന്‍ ജീവന്‍ പണയപ്പെടുത്തി പുറംകടലില്‍ പോയി മത്സ്യം കൊണ്ടുവന്ന് നമുക്ക് രുചിയോടെ ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കിയവനാണ്. അവനാണ് മറ്റുള്ളവര്‍ക്ക് വീട് ഉണ്ടാക്കിക്കൊടുത്തത്. അവനാണ് വസ്ത്രം ഉണ്ടാക്കിക്കൊടുത്തത്. കീഴാളന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശിയാണ്. കീഴാളന്റെ ജീവിതം പഠിക്കേണ്ടതുതന്നെയാണ്. കീഴാളന്‍ ഇന്നും അവഗണിക്കപ്പെടുകയാണ്. അവന് ഭരകൂടം നല്‍കുന്നത് ഔദാര്യമായി മാറുന്ന സ്ഥിതി. കീഴാന്റെ അവകാശങ്ങള്‍ അര്‍ഹിക്കുന്ന വിധത്തില്‍ പരിഹരിക്കപ്പെടാന്‍ ഒരു വര്‍ഗസമരവും ഇവിടെ നടന്നില്ല. അവന്‍ ഭൂവുടമയായില്ല. കോളനികളില്‍ തളച്ചിട്ട ജീവിതം അവന് സ്വാതന്ത്യം നല്‍കിയെന്ന് പറയാനുമാകില്ല.
ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ കീഴാളരുടെ വേദനകള്‍ തളംകെട്ടി നില്‍ക്കുന്നുണ്ട്. കീഴാളര്‍, അതായത് ദളിതര്‍ ഇന്നും അവഗണിക്കപ്പെടുകയാണ്. സാഹിത്യത്തിലൂടെ ഞാന്‍ എന്റെ പ്രതിഷേധങ്ങളെ അടയാളപ്പെടുത്തും. അവരുടെ അരക്ഷിതാവസ്ഥയില്‍ ഞാനും പങ്കുചേരുന്നു. ദളിതരുടെ വേദനകള്‍ തുടച്ചു നീക്കാന്‍ അവരോട് ചേര്‍ന്ന് നില്‍ക്കാനാണ് എനിക്കിഷ്ടം. സാഹിത്യത്തിന്റെ ആവിര്‍ഭാവം സവര്‍ണരുടെ അഗ്രഹാരങ്ങളിലെ പൂജാമുറികളില്‍ നിന്നല്ല. കലകളുടെയും സാഹിത്യത്തിന്റെയും പ്രഭവകേന്ദ്രം കീഴാള ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ആര്‍ക്കും വിസ്മരിക്കാനാവില്ല. എങ്കിലും പലപ്പോഴും ബോധപൂര്‍വം കീഴാളനെ അവഗണിക്കുന്നു.

വയലുകളിലേക്ക് തിരിച്ചുപോകണം
കുരീപ്പുഴയുടെ ഓര്‍മകളില്‍ വയല്‍ ഒരു ഗൃഹാതുര ഓര്‍മയാണ്. ഒരു കവിയുടെ മാനസികവും സാമൂഹ്യവുമായ ചിന്താമണ്ഡലത്തില്‍ വയലുകളും കൃഷിയും കടന്നുവരിക സ്വാഭാവികം. കവിതയുടെ ഉല്‍ഭവസ്ഥാനമായ ആ വയലുകള്‍ ഇന്ന് തരിശുഭൂമികളായിരിക്കെ നിശബ്ദനാകാന്‍ കവിക്കാവുന്നില്ല.
പരമ്പരാഗത മൂല്യങ്ങളുടെ ആധാരശിലയെന്ന് നമുക്ക് നിരീക്ഷിക്കാവുന്ന കാര്‍ഷിക സംസ്‌കാരം നഷ്ടമായതെങ്ങനെയാണ്?. കലപ്പ ഡോട്ട് കോം എന്ന കവിതയിലൂടെ പറയാന്‍ ശ്രമിച്ചത് അതാണ്. കലപ്പ ഉള്‍പെടെയുള്ള കാര്‍ഷികോപകരണങ്ങള്‍ പുതിയ കാലത്തിന് പരിചിതമല്ല. നെല്ല് പിടിക്കുന്ന മരമേതെന്ന് പുതിയ തലമുറ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അവര്‍ നെല്‍ചെടിയെന്ന് പറയുന്നില്ല. അരിച്ചെടിയെന്ന് വിളിക്കുന്നു. കൃഷി ഇല്ലാതാകുന്നത് അടിസ്ഥാന വര്‍ഗത്തെ അവഗണിച്ചതുകൊണ്ടാണ്. ലിപികള്‍ ഇല്ലാത്ത ഭാഷയില്‍ നിന്ന് മഹാകാവ്യങ്ങള്‍ വരെ സമ്മാനിച്ചതും കൃഷിയാണ്. പാടത്ത് പണിയെടുക്കാന്‍ ആളില്ലാതായത് എന്തുകൊണ്ടാണ്?. മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളെ ഈ രംഗത്ത് നിലനിര്‍ത്താന്‍ കഴിയാതായി. ഇവിടെ, സര്‍വണ മേധാവിത്വത്തിന്റെ ഇരയാണ് കൃഷിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ. സത്യത്തില്‍ അതാണ് സംഭവിച്ചത്. കൃഷി ഇല്ലാതാക്കിയത് സവര്‍ണ മേധാവിത്വത്തിന്റെ കിരാത വ്യവസ്ഥയാണ്. കര്‍ഷകത്തൊഴിലാളിക്ക് നല്ല വീട് പാടില്ല, അവന്‍ ചെരിപ്പിടാന്‍ പാടില്ല. അവനെപ്പോഴും മേലാളന്റെ അടിമയായി, വിനീതനായി പ്രവര്‍ത്തിക്കണം എന്നിങ്ങനെയുള്ള സവര്‍ണാധിപത്യ ചിന്തകളാണ് കാര്‍ഷിക മേഖലയെ പടിയിറക്കിയത്. കൃഷി ഇല്ലാതായതോടെ പലതും നമുക്ക് നഷ്ടമായി.
വയല്‍ നികത്തലിലെനിരെ ശക്തമായ നിയമം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ വയല്‍ നികത്തി കൃഷിഭവന്‍ നിര്‍മിച്ച വിചത്രമായി സംഭവവും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല നിയമങ്ങള്‍ നമുക്കുണ്ട്. പക്ഷേ, അവ ഇംപ്ലിമെന്റ് ചെയ്യാന്‍ ആര്‍ജവമുള്ള ഒരു ഭരണകൂടമില്ല. രണ്ടാഴ്ചമുമ്പ് കേരള നിയമസഭ പാസാക്കിയ സേവനാവകാശ നിയമം ലക്ഷ്യംവെക്കുന്നത് വളരെ വലിയ മുന്നേറ്റമാണ്. എന്നാല്‍ ഇത് ഇംപ്ലിമെന്റ് ചെയ്യുന്നതും ഇപ്പോള്‍ നിലനില്‍ക്കുന്ന സംവിധാനത്തിലൂടെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് ആഹ്ലാദം തോന്നുന്നില്ല.
കേരളത്തിലെ എല്ലാ എഴുത്തുകാരും ഇപ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യം ടി.പി വധവുമായി ബന്ധപ്പെട്ടതാണ്. ടി.പി കൊല്ലപ്പെട്ടത് അപലപനീയം തന്നെയാണ്. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. രമയെ കണ്ടു. മകനെ കണ്ടു. അദ്ദേഹത്തിന്റെ അമ്മയെയും കണ്ടു മടങ്ങി. അതിനപ്പുറം എന്താണ് ചെയ്യുക. കവിത എഴുതണം എന്ന് നിര്‍ബന്ധിക്കരുത്. ഞാന്‍ എഴുതിയ കവിതകളൊന്നും ഒരു നിര്‍ബന്ധിത സാഹചര്യത്തില്‍ നിന്നുണ്ടായതല്ല.

അമ്മ മലയാളം
സഹ്യപുത്രിയായ മലയാളത്തെ ജനകീയമായി ചര്‍ച്ച ചെയ്യപ്പെടാന്‍ വഴിയൊരുക്കിയാണ് മുഖ്യധാരാ സാഹിത്യ ചര്‍ച്ചകളില്‍ കുരീപ്പുഴയുടെ അമ്മ മലയാളം കടന്നുവരുന്നത്. തികച്ചും അകന്നുനിന്ന രണ്ട് വാക്കുകളാണ് 'അമ്മ'യും 'മലയാള'വും. ഇവയെ കൂട്ടിയോജിപ്പിച്ചതിന് പിന്നില്‍ വളരെ വലിയ ഒരു ആശയ പൂര്‍ത്തീകരണമുണ്ടായിരുന്നു. ഇന്ന് 'അമ്മ മലയാളം' എന്ന പ്രയോഗത്തിന് ഒരുപാട് അര്‍ത്ഥ തലങ്ങളുണ്ട്.
മലയാളത്തിന് അതിന്റേതായ മാന്യമായ ഇരിപ്പിടം വേണമെന്ന് ആശിച്ച കവി, 'അമ്മ മലയാളം' എന്നൊരു കവിതാ പദ്ധതിക്കുതന്നെ തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് ഈ പദം വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. ''വീണപൂവിന്റെ ശിരസ്സ് ചോദിക്കുന്നു/ പ്രേമ സംഗീത തപസ്സു ചോദിക്കുന്നു/ ചിത്ര യോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു /മണി നാദത്തിന്‍ മനസ്സ് ചോദിക്കുന്നു/ പാടും പിശാചു ശപിച്ചു ചോദിക്കുന്നു/ പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു/ കളിയച്ചനെയിത കിനാവ് ചോദിക്കുന്നു /കാവിലെ പൊട്ടന്‍ കരഞ്ഞു ചോദിക്കുന്നു/ പുതരിച്ചുണ്ടയായി ഗോവിന്ദ ചിന്തകള്‍/ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു/ എവിടെ എവിടെ എന്റെ സഹ്യ പുത്രി മലയാളം/ എവിടെ എവിടെ സ്‌നേഹ പൂര്ണ മലയാ ളം''- പൊതുവേദികളില്‍ മലയാളം സംസാരിച്ചാല്‍ അഭിമാനക്ഷതമെന്ന് കരുതുന്ന ഒരു തലമുറയ്ക്ക് മുന്നിലാണ് കവി 'അമ്മ മലയാളത്തെ' അവതരിപ്പിച്ചത്.

നഗ്‌ന കവിത
പാരമ്പര്യമായി കവിതക്ക് മേല്‍ ചാര്‍ത്തിയിരുന്ന ഉടയാടകള്‍ അഴിച്ചുമാറ്റി കവിതയെ നഗ്‌നയായി നടത്താന്‍ ധൈര്യം കാട്ടിയ ആദ്യ മലയാള കവിയാണ് കുരീപ്പുഴയെന്ന് നിരീക്ഷിച്ചാല്‍ അത് ശരിവെക്കുന്നതാണ് നഗ്‌ന കവിതകളുടെ പരമ്പര. 1993ല്‍ 'ബുള്ളറ്റിന്‍' എന്ന കവിതയിലൂടെ ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന രീതി അപ്രായോഗികമാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് നഗ്‌ന കവിതകള്‍ക്ക് തുടക്കമിട്ടത്. ഈ കവിത തമിഴിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്തപ്പോള്‍ നിരവധി പ്രതികരണങ്ങളാണുണ്ടായത്. ബുള്ളറ്റിന്‍ മുതലാണ് നഗ്‌ന കവിതകളെക്കുറിച്ച് ആലോചിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുന്നത് ഭൂരിപക്ഷത്തിന്റെ വോട്ട് നേടിയല്ല. മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് കൂടുതല്‍ വോട്ട് ലഭിക്കുന്നയാള്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയാണ് പതിവ്. ഇത് ശരിയായ ജനാധിപത്യമാണോ? ഇത്തരത്തില്‍ ധാരാളം കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിന് വളരെ സ്വതന്ത്രമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കേണ്ടി വരും. അതിനുള്ള വഴിയാണ് നഗ്‌ന കവിതകള്‍ തുറന്നിടുന്നത്. പറയേണ്ടത് വെട്ടിത്തുറന്ന് പറയുക. അതിന് കവിതയുടെ ചട്ടക്കൂടുകള്‍ തടസമാകാതിരിക്കുക. എന്തും ഏത് രീതിയിലും എഴുതാവുന്നതാണ് നഗ്‌ന കവിതയുടെ ഘടന. അത് ചിലപ്പോള്‍ അതിരൂക്ഷമായ ആക്രമണങ്ങളാകാം. നര്‍മത്തില്‍ പൊതിഞ്ഞ ആക്ഷേപശരങ്ങളാകാം. ''മരിക്കുന്നെങ്കില്‍/ തെരഞ്ഞെടുപ്പ് കാലത്ത് മരിക്കണം/ സ്ഥാനാര്‍ത്ഥികള്‍/ ഖദറിട്ടതും ഇടാത്തതും/ റീത്തുകള്‍/ കണ്ണീര്‍ കഞ്ഞിവീഴ്ത്തുകള്‍/ മരണക്കോമാളി/ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വന്നാലോ/ ശൂന്യം വീട്ടുമുറ്റം''- ഇതൊരു 'നഗ്‌ന' ഉദാഹരണം മാത്രം.
പ്രണയത്തിലെ കാവ്യാനുഭവം
പ്രണയം എല്ലാക്കാലത്തുമുള്ളതാണ്. എന്നാല്‍ ഒരു കാലഘട്ടം കേരളത്തിലെ കാമ്പസുകള്‍ ആഘോഷിച്ച കവിതയാണ് കുരീപ്പുഴയുടെ 'ജെസ്സി'.ജെസ്സി എന്ന കവിതയുടെ വരികള്‍ പ്രണയ സ്വാസ്ഥ്യമായോ അസ്വാസ്ഥ്യമായോ പറ്റിപ്പിടിച്ചിരുന്നു. അത് ആ കാലത്തിന്റെ പ്രത്യേകത കൊണ്ടല്ല. ഇന്നും ആ കവിത തന്നെ വേദികളില്‍ ചൊല്ലപ്പെടുന്നു. 'പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം സ്വപ്ന ശൈലങ്ങളില്‍ ചെന്നു ചുംബിക്കവെ/ ഉത്തുംഗതകളില്‍ പാരവതീ ശങ്കര തൃഷ്ണകള്‍ നേടി കിതച്ചാഴ്ന്നിറങ്ങവേ'- ജെസി വഴിതെറ്റിയ കൗമാരങ്ങളെയാണ് വിരല്‍ചൂണ്ടിയത്. പിന്നീടതൊരു യാഥാര്‍ത്ഥ്യമായി മാറി.
അത്ഭുതം തോന്നിയിട്ടുണ്ട് ജെസ്സിയേക്കാളും പ്രായം കുറഞ്ഞ തലമുറ ഈ കവിത ആവശ്യപ്പെടുന്നതുകണ്ട്. ജെസ്സി അവരുടേതായതുകൊണ്ടാവാം. ജെസ്സി അവരുടെ കവിതയാണ്. എല്ലാ മാധ്യമങ്ങളും തിരസ്‌കരിച്ചിട്ടും ജസ്സിക്ക് ജീവന്‍ കൊടുത്തത്തത് അവരാണ്. പലരും തിരിച്ചയച്ച കവിതയാണ് ജെസ്സി. പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് വിധിയെഴുതിയ കവിത പിന്നീട് സമഗ്രമായി പഠന വിധേയമാക്കേണ്ടിവന്നു പലര്‍ക്കും.
എല്ലാ കവിതകളും ഉടലെടുത്തത് ദു:ഖത്തില്‍ നിന്നാണെന്നും ചില നര്‍മബോധങ്ങള്‍ പോലും ദു:ഖത്തിന്റെ ഉല്‍പന്നമാണെന്നും കവി സ്ഥിരീകരിക്കുന്നു. പ്രകൃതിയോടുള്ള പ്രേമം, വള്ളികള്‍, വൃക്ഷങ്ങള്‍, പക്ഷികള്‍ ഇതെല്ലാം കവിതക്ക് കാരണമാകുന്നു. കാവ്യാനുഭവങ്ങളില്‍ പറയാന്‍ ഏറെയുണ്ട്. അതെല്ലാം പലപ്പോഴായ പറഞ്ഞു പറഞ്ഞ് മടുത്തു. സാഹിത്യമെന്നത് എക്കാലത്തും നിഷേധത്തിന്റെ കലയാണ്. പൂര്‍വികരായ ഗുരുക്കന്മാരെ നിഷേധിച്ചുകൊണ്ട് മാത്രമേ യുവതലമുറയിലെ എഴുത്തുകാര്‍ക്ക് തങ്ങളുടെ സ്വത്വം നിലനിര്‍ത്താന്‍ കഴിയൂ. സാഹിത്യ ലോകത്ത് ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരെല്ലാം തങ്ങളുടെ മുന്‍ഗാമികളെ ധിക്കരിച്ചാണ് സ്വന്തം ഇടം നേടിയത്.
എന്റെ അലച്ചിലുകള്‍ക്ക് കാരണം ഏക്കാലത്തും എന്നെ ബാധിച്ചിരുന്ന അസ്വാസ്ഥ്യങ്ങളാണ്. ഈ അസ്വാസ്ഥ്യങ്ങള്‍, സാമൂഹ്യപരിവര്‍ത്തനം, പ്രണയം, സ്വപ്നങ്ങള്‍ തുടങ്ങിയവ എനിക്കു തന്നതാണ് കവിതക്ക് പ്രേരണയായി തീര്‍ന്നത്. ഇത്തരം അസ്വസ്ഥതകളില്‍ നിന്നാണ് അക്ഷരപ്പൂട്ടുകള്‍ തുറന്നുവരുന്നത്. അസ്വസ്ഥ പ്രദേശത്തുനിന്നും കവിതയുടെ തടാകക്കരയിലേക്ക് യാത്ര ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. പരാജയപ്പെട്ടു. ഓരോ കവിതയും ഓരോ തോല്‍വിയുടെ അടയാളങ്ങളാണ്. പരുക്കുകള്‍ പുരട്ടിയ സ്‌നേഹമരുന്നാണ് കവിത.

അക്കാദമി അവാര്‍ഡ്
ഒരു സവര്‍ണ ദൈവത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഒരിക്കല്‍ അവാര്‍ഡ് നിശ്ചിയിച്ചപ്പോള്‍ എനിക്ക് നിരസിക്കേണ്ടിവന്നിട്ടുണ്ട്. അത്തരം സമ്മാനങ്ങള്‍ വെച്ചുനീട്ടിയാല്‍ ഇനിയും നിരസിക്കും. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി 'കീഴാള'നെ കവിതാപരമായ മേന്മകൊണ്ട് പരിഗണിച്ചിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്. സമൂഹം നല്‍കുന്ന പീഡാനുഭവങ്ങളില്‍നിന്ന് ഉയരുന്ന നിലവിളിയാണ് കവിത. അവാര്‍ഡ് വലിയൊരു ലഗേജാണെന്ന കവി എന്‍.എന്‍ കക്കാടിന്റെ വാക്കുകള്‍ ഇടക്കിടെ ഓര്‍ത്തുപോകും. അവാര്‍ഡുകളില്‍ മതിമറക്കാറില്ല. കിട്ടാത്തതില്‍ വിഷമവുമില്ല. അമിതമായ അവാര്‍ഡ് ഭ്രമം എഴുത്തിനെ ബാധിക്കും.
എഴുത്തില്‍ കുരീപ്പുഴക്ക് ഇടവേളകളില്ല. അടുത്ത കവിതാ സമാഹാരം 'നരകത്തിലേക്കൊരു ടിക്കറ്റ്' ഉടന്‍ പുറത്തിറങ്ങും. ഈ കവിയുടെ ആത്മസംഘര്‍ഷങ്ങള്‍ വ്യക്തിപരമായി വേദനകളല്ല, സാമൂഹ്യ ഘടനയോടുള്ള അടങ്ങാത്ത പ്രതിഷേധങ്ങളാണ്. മൂല്യബോധവും പാരമ്പര്യവും സാമൂഹ്യ ചുറ്റുപാടും വിസ്മരിച്ച് എഴുത്തുകാരന് നിലനില്‍ക്കാനാവില്ല. നിരന്തരമായ പോരാട്ടങ്ങളില്‍ ഒപ്പം കൂട്ടുന്നതാകട്ടെ സമൂഹത്തിന്റെ അടുക്കളപ്പുറങ്ങളില്‍ അരക്ഷിതാവസ്ഥയില്‍ തളച്ചിട്ടിരിക്കുന്ന ഒരു ജനതയെ.

Tuesday, September 4, 2012

എമര്‍ജിംഗ് കേരള- സി.പി.എം വിസ്മരിക്കുന്നത്

ഫിര്‍ദൗസ് കായല്‍പ്പുറം

''എമര്‍ജിംഗ് കേരളയോ... അതെന്താണെന്ന് അറിയില്ല. എന്താണ് ഈ സംഗമത്തിന്റെ ഉദ്ദേശം, എന്തുതരം വികസനമാണ് യു.ഡി.എഫ് ലക്ഷ്യംവെക്കുന്നത്. ഞങ്ങള്‍ക്ക് ഇതിനോട് സഹകരിക്കാന്‍ കഴിയില്ല. എമര്‍ജിംഗ് കേരളയുടെ വെബ്‌സൈറ്റ് നോക്കിയിട്ട് ഒന്നും മനസിലായില്ല. മനസിലാക്കുന്നതില്‍ പറ്റിയ പിഴവാണെങ്കില്‍ വീണ്ടും പരിശോധിക്കാം, പഠിക്കാം. പക്ഷേ, ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ പദ്ധതിക്ക് ഞങ്ങളില്ല''- കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷം മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞ വാക്കുകളാണിത്.
ഇടതുമുന്നണി നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും വസ്തുതകള്‍ നിരത്തിയല്ലെന്നതാണ് വിചിത്രം. 'എമര്‍ജിംഗ് കേരള'യെന്നാല്‍ കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഐ.ടി ഉള്‍പെടെയുള്ള വികസന പദ്ധതികളെക്കുറിച്ചുള്ള ആലോചനക്കും പഠനത്തിനും സാധ്യതകള്‍ ആരായുന്നതിനുമുള്ള ഒരു ഒത്തുചേരല്‍ മാത്രമാണ്. കേരളത്തെ സംബന്ധിച്ച് എക്കാലവും വികസനത്തിന് തടസമാകുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്. ഇതെല്ലാം എങ്ങനെ പരിഹരിക്കാം, ഏതെല്ലാം മാര്‍ഗങ്ങളാണ് നമുക്കുമുന്നിലുള്ളത്, പദ്ധതികള്‍ ഭാവിയില്‍ കേരളത്തിന് മുതല്‍ക്കൂട്ടാവുമോ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചാ സംഗമമാണ് ഈ ആഗോള നിക്ഷേപ കൂട്ടായ്മയിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അഭിപ്രായം രേഖപ്പെടുത്താനും അനുകൂലിക്കാനും വിയോജിക്കാനും സി.പി.എമ്മിന് അവസരമുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയാണ് ജനപക്ഷത്തുനില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടി ചെയ്യേണ്ടത്. എന്നാല്‍ എമര്‍ജിംഗ് കേരളയിലെ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ തീറെഴുതി വില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കേണ്ടത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യവും അനിവാര്യവുമാണ്. സി.പി.എം ഇന്ന് അകപ്പെട്ടിരിക്കുന്ന ഊരാക്കുടുക്കില്‍ നിന്ന് കരകയറാന്‍ വികസനത്തെ തുരങ്കംവെക്കുന്ന കുറുക്കുവഴിതന്നെ തെരഞ്ഞെടുക്കണോയെന്ന് ചിന്തിക്കാന്‍ അവര്‍ക്കിനിയും സമയമുണ്ട്. അഴിമതി എമര്‍ജ് ചെയ്യാനുള്ള സംഗമമാണ് എമര്‍ജിംഗ് കേരളയിലൂടെ നടപ്പിലാകുന്നതെന്നാണ് വി.എസിന്റെ ആരോപണം. മുഖ്യമന്ത്രി പദത്തിലുണ്ടായിരുന്ന കാലത്തെ അനുഭവങ്ങളാകണം അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.
കേരളത്തെ പോലെ ഒരു വികസ്വര സമൂഹത്തിന്റെ ദൈനംദിന ചുറ്റുപാടുകള്‍ എപ്പോഴും ഉറ്റുനോക്കുന്നത് നാളകളിലേക്കുള്ള സുരക്ഷിത സങ്കേതങ്ങളെയാണ്. ഒരു ഭരകൂടത്തിന്റെ യഥാര്‍ത്ഥ കര്‍ത്തവ്യവും അതുതന്നെ. ഒന്നുമില്ലായ്മയില്‍ നിന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തെ പോലെ പരിമിതികളുള്ള ഒരു സംസ്ഥാനത്തിനാകില്ല. ആഗോളതലത്തിലെ പൊതുവളര്‍ച്ചാ സാധ്യതകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ നാം നിര്‍ബന്ധിതമാകുന്നു. വികസനസ്വപ്നങ്ങള്‍ ഏതുതരത്തില്‍ പ്രായോഗികമായി പൂര്‍ത്തീകരിക്കാമെന്നത് ഏറെ പ്രധാനമാണ്. ഇതൊരു നിര്‍ണായക ഘട്ടമാണ്. എമര്‍ജിംഗ് കേരള സംഗമം കേരളത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ വികനവിരുദ്ധ നയത്തില്‍ നിന്ന് പിന്മാറാന്‍ സി.പി.എമ്മിന് ഇപ്പോഴത്തെ സ്ഥിതിയില്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, ആ പാര്‍ട്ടിയുടെ മസ്തിഷ്‌കം നിറയെ ഭീതിയുടെയും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്നതിന്റെയും അണുക്കള്‍ കൊണ്ട് നിറഞ്ഞിരക്കുന്നു.
വി.എസ് അച്യുതാനന്ദന് എന്നും ഒരു പൊതുശത്രുവേണം. അതിന് കഴിഞ്ഞ കുറേക്കാലമായി ഇരയാകുന്നത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ്. എമര്‍ജിംഗ് കേരളക്ക് അച്യുതാനന്ദന്‍ ഇത്രയധികം അയിത്തം കല്‍പിക്കാനുള്ള പ്രധാനകാരണം അതാണെന്ന് സാമാന്യബോധമുള്ളവര്‍ക്ക് തിരിച്ചറിയാം. എന്തുകൊണ്ട് എല്‍.ഡി.എഫ് ഭരണകാലത്ത് ഇത്തരം ഒരു വികസന സമീപനം രൂപപ്പെടുന്നില്ലെന്ന് ചിന്തിക്കാന്‍ നാം ഇനിയും തയാറായിട്ടില്ല. ദുബായ് ടീകോം റിയല്‍എസ്റ്റേറ്റ് കച്ചവടക്കാരാണെന്നാണ് സ്മാര്‍ട്‌സിറ്റി നടപ്പിലാക്കുന്നതുമായി അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണം. പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ടീകോമുമായി ചര്‍ച്ച നടത്തി സ്മാര്‍ട്‌സിറ്റിയെ സംബന്ധിച്ച ആശങ്കകള്‍ നീക്കി നിര്‍മാണം ആരംഭിക്കുകയായിരുന്നു. സമാനമായ ആക്ഷേപമാണ് എമര്‍ജിംഗ് കേരളയിലെ പദ്ധതികളെക്കുറിച്ചും വി.എസ് ഉന്നയിക്കുന്നത്. വി.എസിന്റെ ലക്ഷ്യം പദ്ധതികള്‍ മുടക്കുകയെന്നതല്ലാതെ മറ്റൊന്നുമല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്.
എമര്‍ജിംഗ് കേരള യാഥാര്‍ത്ഥ്യമായാല്‍ അടുത്ത രണ്ട് പതിറ്റാണ്ടിനിടെ കേരളത്തില്‍ ഉയര്‍ന്നുവരുന്നത് തലമുറകളുടെ തൊഴില്‍ സുരക്ഷിതത്വം കൂടിയാണ്. ഇവിടെ പൊതുസമൂഹം ചിന്തിക്കുന്നതെന്താണെന്ന് കണ്ടെത്താന്‍ സി.പി.എമ്മിനെ പോലെ ശക്തമായ പ്രവര്‍ത്തക ശൃംഖലയുള്ള പാര്‍ട്ടി എന്തുകൊണ്ട് തയാറാകുന്നില്ലെന്നത് ഈ പൊള്ളത്തരത്തെ വെളിപ്പെടുത്തുന്നു. സമൂഹം കാത്തിരിക്കുന്നത് സാമൂഹ്യ, സാമ്പത്തിക രംഗത്തെ വളര്‍ച്ചയാണ്. വ്യവസായവും വിവരസാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്താന്‍ മനുഷ്യവിഭവത്തിന്റെ കാര്യത്തില്‍ സമ്പന്നമായ ഒരു സംസ്ഥാനം മറ്റേത് മാര്‍ഗമാണ് തേടേണ്ടത്..?
സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ അടിസ്ഥാനമേഖലകളില്‍ ആസൂത്രണം ചെയ്തിട്ടുള്ള നിക്ഷേപസാധ്യതകളെക്കുറിച്ച് അറബ് രാജ്യങ്ങള്‍ക്കു പുറമേ ബ്രിട്ടണ്‍, ആസ്‌ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളുമായി ഇതിനകം ചര്‍ച്ച നടത്തിയിരുന്നു. ദേശീയ നിക്ഷേപ ഉല്‍പാദന മേഖല, ചെറുകിട തുറമുഖ വികസനം, ഉന്നത വിദ്യാഭ്യാസ വികസനം, പ്രകൃതിവാതകം അടിസ്ഥാനപ്പെടുത്തിയുള്ള വൈദ്യുതോല്‍പാദനം, ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങിയ പദ്ധതികളില്‍ ബ്രിട്ടണ്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യ, ആരോഗ്യപരിരക്ഷ, അടിസ്ഥാന സൌകര്യവികസനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളത്തിന്റെ സാധ്യത നിരത്തിയും അതിനുള്ള സന്നദ്ധത അറിയിച്ചുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയത്. സംസ്ഥാനത്തിന്റെ വൈദഗ്ധ്യമേറിയ തൊഴില്‍ശക്തിയിലും ഇവിടത്തെ ഉയര്‍ന്ന ജീവിതനിലവാരത്തിലും ഈ രാജ്യങ്ങള്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന് പുറമെ ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ ബിസിനസ് കേന്ദ്രമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണ് എമര്‍ജിംഗ് കേരള രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഐ.ടിയും ഐ.ടിഅധിഷ്ഠിത സേവനങ്ങളും, വിനോദസഞ്ചാരം, ആരോഗ്യസംരക്ഷണം, എഞ്ചിനീയറിംഗ് ഓട്ടോമോട്ടീവ്, ട്രേഡ് ആന്റ് റീറ്റെയ്‌ലിംഗ്, ഭക്ഷ്യകാര്‍ഷിക സംസ്‌കരണവും മൂല്യവര്‍ധനയും, ജെം ആന്റ് ജൂവല്‍റി അപൂര്‍വ ധാതുക്കള്‍, ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ്, തുറമുഖങ്ങള്‍, കപ്പല്‍ നിര്‍മാണവും അനുബന്ധ വ്യവസായങ്ങളും, ഇലക്‌ട്രോണിക്‌സ്, വിജ്ഞാനവിദ്യാഭ്യാസ മേഖല, ഗ്യാസ് ബേസ്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹരിതോര്‍ജം, ബയോ ടെക്‌നോളജിയും നാനോ ടെക്‌നോളജിയും ഔഷധ വ്യവസായവും
നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, ഇന്‍ഫോടെയ്ന്‍മെന്റ്, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, പെട്രോ കെമിക്കല്‍സ്, പരിസ്ഥിതി സാങ്കേതിക വിദ്യ, വാട്ടര്‍ ടെക്‌നോളജീസ്, വ്യാവസായികാടിസ്ഥാന സൗകര്യ വികസനം, വിമാനത്താവള വികസനം, വിമാന- ഹെലികോപ്റ്റര്‍ സര്‍വീസുകള്‍, ജലഗതാഗതം, മികവിന്റെ കേന്ദ്രങ്ങള്‍, റോഡ്, റെയ്ല്‍, ഊര്‍ജം, ജലവിതരണം, മലിനജല നിര്‍ഗമനം ഉള്‍പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാണ് കേരളം എമര്‍ജിംഗ് കേരളയിലൂടെ നിക്ഷേപം തേടുന്നത്.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍, ഹൈ സ്പീഡ് റെയ്ല്‍ കോറിഡോര്‍, ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍, കൊച്ചികോയമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, ഇലക്‌ട്രോണിക്‌സ് ഹബ്ബ്, ലൈഫ് സയന്‍സ് പാര്‍ക്ക്, മുന്‍സിപ്പല്‍ വേസ്റ്റ് മാനേജ്‌മെന്റ്, ഊര്‍ജോല്‍പാദന പദ്ധതികള്‍, മോണോ റെയ്ല്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. കൂടാതെ വിവിധ മേഖലകളിലെ നിക്ഷേപ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് അതത് മേഖലകളില്‍ മികവും വൈദഗ്ധ്യവുമുള്ള പ്രഗത്ഭര്‍ അവരുടെ കാഴ്ചപ്പാടുകള്‍ മേളയില്‍വെച്ച് നിക്ഷേപകരുമായി പങ്കിടും. ഇത്രത്തോളം ബൃഹത്തായ ഒരു ദൗത്യത്തിന് സര്‍ക്കാര്‍ തയാറെടുക്കുമ്പോള്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന സി.പി.എമ്മിനെ നയിക്കുന്ന വികാരമെന്തെന്ന് ഇനിയും വ്യക്തമല്ല. കേരളത്തിന്റെ ഭൂമി ആര്‍ക്കും തീറെഴുതിക്കൊടുക്കുന്നത് ശരിയായ നടപടിയല്ല. അത് ഏത് വികസനത്തിന്റെ പേരിലായാലും ന്യായീകരിക്കാവുന്നതുമല്ല. പക്ഷേ, ഇത് തുറന്നുപറയാനും ഓരോ പദ്ധതിയെയും സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്ത് ആശങ്കകള്‍ ദുരീകരിക്കാനും സി.പി.എമ്മോ അച്യുതാനന്ദനോ ഇനിയും സമയം കണ്ടെത്തിയിട്ടില്ല. ആ സ്ഥിതിക്ക് എതിര്‍ക്കുന്നതിന്റെ കാരണം അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. എമര്‍ജിംഗ് കേരളയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചുകൊണ്ട് മാസങ്ങള്‍ക്കുമുമ്പ് തുടക്കമിട്ട വിരുദ്ധശബ്ദമാണ് സി.പി.എം കഴിഞ്ഞ ദിവസം അല്‍പംകൂടി ഉറക്കെപ്പറഞ്ഞത് എന്നുമാത്രമേ കരുതേണ്ടതുള്ളൂ.

..................................................................  

Tuesday, August 28, 2012

ഓണത്തെ ഞാന്‍ പകര്‍ത്തിയെഴുതുന്നില്ല.
ഓണം ഒരര്‍ത്ഥത്തില്‍
ഓര്‍മകളില്‍ മറവി പിറക്കലാണ്......
എന്റെ പൂക്കളത്തിലെ തുമ്പി.
പുത്തനുടുപ്പിന്റെ മണത്തിനൊപ്പം
ഒരു കുടവയറന്‍ പടികടന്നുവരുമെന്ന
ബാല്യബോധത്തിന്റെ കാത്തിരിപ്പ്.
ഇളംവെയിലില്‍ എന്റെ മുറ്റം നിറഞ്ഞ
പൂക്കള്‍..
പുള്ളിപ്പാവാടക്കാരിയുടെ
വെള്ളച്ചിരിയില്‍
ഒരു പൂക്കാലത്തിന്റെ ഗൃഹാതുരത.
ഓര്‍മ്മകളിലെ തുമ്പയും തെച്ചിയും.
ഇടവഴിയില്‍ വെച്ച് വഴിമാറിപ്പിരിഞ്ഞ
ബന്ധങ്ങളും ബന്ധങ്ങളും....
ഇതൊക്കെയായിരിക്കാം നിങ്ങള്‍ക്കും ഓണം.
ഞാന്‍ ഓണത്തെ ഓര്‍മകള്‍ കൊണ്ട് നനയ്ക്കട്ടെ......
***ആശംസകള്‍*** 

Thursday, August 16, 2012


തഖ്ബീര്‍ ധ്വനികള്‍ മുഴങ്ങുന്ന നിലാവുള്ള റമസാന്‍ രാത്രികളെക്കുറിച്ച് പലപ്പോഴും എഴുതിയിട്ടുണ്ട്. ഓര്‍മകളില്‍ ഒരു പുണ്യതീര്‍ത്ഥമായിരുന്നു റമസാന്‍. ചിലപ്പോള്‍ അവ വൈകാരികമായി സ്മൃതികളില്‍ തികട്ടി വരാറുണ്ട്. സ്‌നേഹത്തിന്റെ നിറകുടമായിരുന്ന എന്റെ ഉമ്മ. പറക്കമുറ്റാത്ത മക്കളായ ഞങ്ങളെ മാറോട് ചേര്‍ത്ത് പൊരുന്നാളിന്റെ അന്നത്തിനുവേണ്ടി അരിച്ചുകൂട്ടുന്നതിന് പലപ്പോഴും ദാരിദ്ര്യത്തിന്റെ രുചിയായിരുന്നു. അത് തീര്‍ച്ചായായും മധുരകരമായിരുന്നെങ്കിലും അന്നത്തെ ആ പുത്തരിച്ചോറായിരുന്നു എനിക്ക് ആത്മീയതയുടെ ആദ്യത്തെ ഓര്‍മ്മ.
ഇന്ന് പെരുന്നാള്‍ ഒരു സമാധാനമാണ്. നിറയെ ചിരിക്കാന്‍ കഴിയില്ലെങ്കിലും നിശബ്ദനായി ഇരിക്കാനാവുന്നു. അത്രമാത്രം ജീവിതം ഇടവഴികളിലൂടെയാണിപ്പോള്‍ സഞ്ചരിക്കുന്നത്. ഞാന്‍- ഒരു വാക്കുകൊണ്ടുപോലും നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നില്ല. കാരണം- ഈ വഴികളിലെല്ലാം പണ്ട് ഒരു നീര്‍ച്ചാലോ പുഴയോ ഉണ്ടായിരുന്നു. ആ നനുത്ത ചിന്തകളോട് കൂട്ടുകൂടാന്‍ ഇന്നെനിക്ക് കഴിയുന്നില്ല. ഇല്ലാത്ത ഗ്രാമത്തിലെ ഗ്രാമീണ ഗൃഹാതുരതയെയാണ് ഞാനിപ്പോള്‍ ആര്‍ത്തിയോടെ നോക്കുന്നത്.

Wednesday, July 25, 2012

Firdous kayalpuram (you)'s profile photo
കാഴ്ചയുടെ  കടവില്‍തണുത്ത  വാക്കുകളുടെ 
അടങ്ങാത്ത  ഓളപ്പരപ്പില്‍ എവിടയോ
 നമ്മള്‍ വീണ്ടും കിനാവുകളാകുന്നു 
പ്രതീക്ഷയും പ്രഭയുമില്ലാതെ....  
എല്ലാം ഹൃദയത്തില്‍ നിറഞ്ഞത്   
എല്ലാം നമുക്കിടയിലെ കാരണങ്ങള്‍ 
കളഞ്ഞുപോയ നാദങ്ങളിലൂടെ
അപാര  നൊമ്പരത്തെയും 
ചേര്‍ത്തു വെച്ച്നിദ്രയിലൂടെ മറന്നു പറക്കാം 
നമുക്കു നിലവറയെ കുറിച്ച്പറയാം
അല്ലെങ്കില്‍  നിശബ്ദ കലാപങ്ങളെക്കുറിച്ചോ 
 അകലങ്ങളിലെ കാത്തിരിപ്പിനെ കുറിച്ചോ..   
ഈ മഴയൊന്നു തോര്‍ന്നോട്ടെ 
അവര്‍ നടക്കട്ടെ... നമുക്കല്‍പ്പം പറയാനുണ്ട്‌.

Sunday, July 22, 2012

വ്രതശുദ്ധി നിറവിന്റെ ഓര്‍മകളിലെവിടെയൊക്കെയോ നിറയുന്ന ഒരു മുഖമുണ്ട്. അതൊരു തമിഴന്‍ ബാബയുടേതാണ്. അലയടിക്കുന്ന കായലും അരുവികള്‍ താളമിടുന്ന ഇടവഴികളുമുള്ള എന്റെ ഗ്രാമത്തിന് ഓരോ നോമ്പുകാലവും പറയാനുണ്ടായിരുന്നത് നിരവധി കഥകളാണ്. ഗൃഹാതുരമായ ആ ഓര്‍മയുടെ ഇതളുകള്‍ ഇന്നും ഹൃദയത്തില്‍ മുത്തമിടുന്നുണ്ട്. പക്ഷേ, അതൊന്നും പറയാന്‍ കഴിയുന്ന വിധം ഓര്‍മയിലെത്തുന്നില്ല. യാഥാസ്ഥിതിക ചിന്തകളുണ്ടായിരുന്ന ഒരു തലമുറ ഈ ചെറിയ ഗ്രാമത്തില്‍ ഇപ്പോഴില്ല. പക്ഷേ ഓരോ ഓര്‍മകളിലും ഒരു കായല്‍ക്കാറ്റിന്റെ ഇരമ്പമുണ്ട്. നീറുനായകളുടെ ഓരിയിടലുണ്ട്. കുളക്കോഴിയും ഇരണ്ടയും ഇതുവഴി പറന്നുനടന്നിട്ടുണ്ട്. അവയെല്ലാം ഇന്ന് മറവിയിലേക്ക് മടങ്ങിയിരിക്കുന്നു.
അങ്ങനെ... ആ തമിഴനായ വൃദ്ധ ഫക്കീര്‍, കിഴക്കുപുറം വയല്‍വരമ്പുകള്‍ താണ്ടി നടപ്പ് അവസാനിപ്പിക്കുന്നത് പലപ്പോഴും ഞങ്ങളുടെ വീട്ടിലായിരുന്നു. തുണിസഞ്ചിയില്‍ തമിഴന്റെ ഉപ്പുരുചിയുള്ള ബിസ്‌കറ്റ് എനിക്കും അനുജന്മാര്‍ക്കുമായി ആ ഉപ്പുപ്പ കരുതി വരും. നോമ്പുതുറക്കുന്നതിന് ഓന്നോ രണ്ടോ മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ആ ബാവ എത്തിയിരുന്നു. വന്നവഴിയില്‍ കണ്ടുമുട്ടിയവരെക്കുറിച്ച് പറയും. തന്നെ അപമാനിച്ചവരെക്കുറിച്ച് പരാതിയില്ലാത്ത ഭാഷയില്‍ പറഞ്ഞു ചിരിക്കും. ഓരോ റമളാനിലും ഇത്തരത്തില്‍ രണ്ടോ മൂന്നോ തവണ അയാള്‍ വന്നിരുന്നു. ഒരു ഭിക്ഷാടകന്‍ മാത്രമായ ബാവക്ക് നോമ്പുതുറയൊരുക്കാന്‍ അയല്‍വീട്ടില്‍ നിന്ന് പലപ്പോഴും സാധനങ്ങള്‍ വായ്പ വാങ്ങാന്‍ എന്റെ ഉമ്മ ഓടുന്നത് കണ്ടിട്ടുണ്ട്. കാരണം, നമ്മുടെ വീട്ടില്‍ ബന്ധുക്കളോ മറ്റാരെങ്കിലുമോ നോമ്പുതുറക്കെത്തിയതായി എനിക്കോര്‍മ്മയില്ല. ഊരുംപേരുമില്ലാത്ത ഈ ഫക്കീറിനെ ഞങ്ങള്‍ അതിഥിയാക്കിയത് അതുകൊണ്ടാണോയെന്ന് എന്നെനിക്കറിയില്ല. ഏതായാലും നോമ്പുതുറയ്ക്ക് ശേഷം എന്നെയും അനുജന്മാരെയും തലയില്‍ പച്ചത്തുണിയിട്ട് ഓതിത്തന്നിരുന്നു. ബാവ ഓതിക്കഴിയുമ്പോള്‍ എന്റെ വിശ്വാസത്തിന്റെ ഊര്‍ജം പ്രവര്‍ത്തിച്ചു തുടങ്ങും. വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു- അന്നത്തെ ബാലിശമായ ചിന്തയിലെങ്കിലും.
അങ്ങനെ എത്രയോ നൊയമ്പ് നാളുകളിലെ ഓര്‍മകളെ സമ്പന്നമാക്കാന്‍ ബാവക്ക് കഴിഞ്ഞു. പിന്നെ ഒരു റമളാനില്‍ നോമ്പുകാലം മുപ്പത് പിന്നിട്ടിട്ടും ആ ഫക്കീര്‍ വന്നില്ല. ഞങ്ങള്‍ കാത്തിരുന്നു. ആ ബിസ്‌കറ്റ് രുചിതേടി, ബാവ വരുമ്പോള്‍ വീട്ടിലുണ്ടാകുന്ന സന്തോഷത്തിന്റെ നിമിഷങ്ങളോര്‍ത്ത്.... പക്ഷേ, ആ റമളാന്‍ നമുക്ക് നിരാശ തന്നാണ് കൊഴിഞ്ഞുപോയത്. ഉമ്മ പറഞ്ഞു- 'ബാവ പോയിരിക്കണം'. വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്ന ആ മനുഷ്യന്‍ എവിടെ മരിച്ചു, അയാള്‍ക്ക് ആരെങ്കിലും ഉറ്റവരോ ഉടയവരോ ഉണ്ടായിരുന്നോ..... ഒന്നും ഞങ്ങള്‍ക്കറിയില്ല.
ഇന്ന് വീണ്ടുമൊരു റമളാന്‍ മനസില്‍ നിറയുമ്പോള്‍ എന്റെ ഉമ്മയില്ല, പഴയ വീടില്ല. കിഴക്കുപുറത്തോ പടിഞ്ഞാറ്റുപുറത്തോ നെല്‍കൃഷിയില്ല. കായലാകട്ടെ റിസോര്‍ട്ട്- മണല്‍ മാഫിയ കൈക്കലാക്കി. ഇരണ്ടയും കുളക്കോഴിയും വംശനാശം വന്നുപോയി. എന്റെ ഓര്‍മകളിലും വല്ലാത്ത അസ്വസ്ഥത പടര്‍ന്നിരിക്കുന്നു. നഷ്ടമാകുന്നതെല്ലാം എന്നും നമുക്ക് പ്രിയപ്പെട്ടതാണല്ലോ......!!!!

Wednesday, July 18, 2012

2008ല്‍ ആയിരുന്നു എന്റെ ആദ്യ കവിതാ സമാഹാരം പുറത്തുവന്നത്. ഇപ്പോള്‍ 2012ന്റെ ആദ്യ പകുതി പിന്നിടുന്നു. എഴുത്തിന്റെ തീവ്രത കുറഞ്ഞതുകൊണ്ടോ, വ്യവസ്ഥകളോട് സമരസപ്പെട്ടതു കൊണ്ടോ അല്ല. എന്റെ തൂലികയില്‍ നിന്നും നിറഭേദങ്ങളുടെയും പുതിയ വേഷപ്പകര്‍ച്ചകളുടെയും ചില കാഴ്ചകളുമായി വരുന്നുണ്ട് അടുത്ത പുസ്തകം. ഇരയാക്കപ്പെടുന്നവന്റെ നൊമ്പരങ്ങളെ ചേര്‍ത്തുപിടിച്ചുറങ്ങുമ്പോള്‍ ഞാന്‍ നിശബ്ദനാകില്ല. വേട്ടക്കാരനൊപ്പം അന്നം കഴിക്കേണ്ടിവന്നാലും അവന് അടിമപ്പെടാന്‍ കഴിയില്ല. ഇന്നും എന്റെ മാഞ്ചോട്ടില്‍ പ്രണയത്തിന്റെ തൈക്കൂട്ടങ്ങളുണ്ട് സ്‌നേഹിതരെ... വൈകാതെ പുതിയ കുറേ വരികളുമായി ഞാന്‍ വരും.....

Tuesday, July 17, 2012


ഓരോ സൂര്യനും അസ്തമയ ചക്രവാളത്തില്‍
കുറിച്ചിടുന്നതെന്താണ്
ഓരോ കിനാവുകളിലും നീ എനിക്കായ്
ബാക്കിവെച്ചതെന്താണ്..?
നിദ്രയില്ലാത്ത എന്റെ യാമങ്ങളെ
പത്മതീര്‍ത്ഥങ്ങളില്‍ ഒഴുക്കിയതാരാണ്...
ഒരര്‍ത്ഥത്തില്‍ നമ്മള്‍
നിരാശ്രയരായ കലാപകാരികള്‍.
വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍
അപരിചിതമായവര്‍...
നമുക്കല്‍പ്പം നടക്കാം,
ഈ മഴയൊന്നു തോര്‍ന്നോട്ടെ....

Monday, July 16, 2012


(മലയാളത്തിന്റെ അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം- ഈ അഭിമുഖം 2012 ജൂലൈ 15ന് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു)
വര വഴിയിലെ കൃഷ്ണ സ്പര്‍ശം

- ഫിര്‍ദൗസ് കായല്‍പ്പുറം

വരവര്‍ണങ്ങള്‍ കൊണ്ട് അനുഭൂതിയുടെ ഒരു പ്രപഞ്ചം തീര്‍ക്കുക, അതിനെ സാമൂഹ്യ വിമര്‍ശനത്തിന്റെ ഏറ്റവും ശക്തമായ മാധ്യമമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക. ചിരിയും ചിന്തയും ഇഴചേരുന്ന വരകളുടെ ലോകത്ത് അരനൂറ്റാണ്ടിന്റെ അനുഭവമാണ് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്.
1970കളിലും 80കളിലും മലയാള മധ്യവര്‍ഗത്തിന്റെ വായനാ സംസ്‌കാരത്തില്‍ സ്‌ഫോടനങ്ങള്‍ സൃഷ്ടിച്ച വരകളും ആശയങ്ങളും നിരവധിയായിരുന്നു. സര്‍ഗാത്മകതയുടെ വിവിധ രൂപങ്ങള്‍ ആധുനികതക്കും ഉത്തരാധുനികതക്കും വഴിമാറിയപ്പോഴും കാര്‍ട്ടൂണ്‍ എന്ന അനുഭവത്തിന് കാലാതിവര്‍ത്തിയായ ഒരു ഇരിപ്പിടം ലഭിച്ചു. അത് പലപ്പോഴും പ്രതിരോധങ്ങളായിരുന്നില്ല, ആക്രമണങ്ങളോ പ്രത്യാക്രമണങ്ങളോ ആയിരുന്നു. സായുധനായ ഒരു ഭടന്റെ മുഖമാണ് കാര്‍ട്ടൂണിസ്റ്റിനെ വ്യത്യസ്തനാക്കുന്നത്. ഈ വര്‍ഗത്തില്‍ വമ്പന്മാരുടെ പരമ്പര തന്നെയുണ്ടായിട്ടുണ്ട്. അതില്‍ വിസ്മരിക്കാനാവാത്ത ഒരു നാമമാണ് പി.വി കൃഷ്ണന്‍.
ഒരേസമയം ഒരു സര്‍ഗാത്മക പ്രക്രിയയായും പ്രതികരണത്തിന്റെ തീക്ഷ്ണാവസ്ഥയിലുള്ള മാധ്യമ പ്രവര്‍ത്തനമെന്നും വ്യാഖ്യാനിക്കപ്പെടാവുന്ന കാര്‍ട്ടൂണ്‍, രാഷ്ട്രീയ- സാമൂഹ്യ രംഗങ്ങളില്‍ നടത്തിയ അടയാളപ്പെടുത്തലുകള്‍ ശ്രദ്ധേയമാണ്. മലയാള മാധ്യമങ്ങളുടെ ചരിത്രത്തിലൂടെ ഒരു നിക്ഷ്പക്ഷ യാത്ര നടത്തിയാല്‍ പി.വി കൃഷ്ണന്‍ കോറയിട്ട വരയുടെ വഴികള്‍ക്ക് തിളക്കമേറെ. ഒരു കാര്‍ട്ടൂണിസ്റ്റ് എന്നതിനപ്പുറം, സംസ്ഥാന ഭരണകൂടം നടപ്പിലാക്കിയ വിപ്ലവകരമായ പല ദൗത്യങ്ങളിലും പി.വി കൃഷ്ണന്റെ കയ്യൊപ്പ് പതിഞ്ഞു. പരിസ്ഥിതി സംരക്ഷണം, എ.കെ ആന്റണിയുടെ ചാരായ നിരോധന പ്രഖ്യാപനം തുടങ്ങി ചരിത്രം കുറിച്ചിട്ട ഒട്ടേറെ അപൂര്‍വ മുഹൂര്‍ത്തങ്ങള്‍ക്ക് വര സമ്മാനിച്ചത് ഈ കരങ്ങളായിരുന്നു.
അമ്പത് വര്‍ഷക്കാലത്തെ വര ഇദ്ദേഹത്തിന് ജീവിതം തന്നെയാണ്. ധാര്‍മിക മൂല്യങ്ങള്‍ തമസ്‌കരിക്കരിക്കപ്പെടുന്ന സമൂഹത്തില്‍ കാര്‍ട്ടൂണിന് എല്ലാ കാലത്തും പ്രസക്തിയുണ്ടെന്ന് വിശ്വസിക്കുന്ന പി.വി കൃഷ്ണന്‍ ജീവിതവും വരയും അനുഭവവും പങ്കുവെക്കുമ്പോള്‍ തികഞ്ഞ സംതൃപ്തി. കാഴ്ചപ്പാടുകള്‍ നിര്‍ഭയം അവതരിപ്പിക്കാനാകുന്നതാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് ഇദ്ദേഹം അടിവരയിടുന്നു...

ഉറുമ്പ് വിപ്ലവം

വഴി നടന്നുപോയ ഒരാള്‍ ഒരു ഉറുമ്പിനെ ചവിട്ടിക്കൊന്നു. മറ്റ് എല്ലാ ഉറുമ്പുകളും ചേര്‍ന്ന് പ്രതിഷേധിച്ചു. കൂട്ടത്തിലൊരു ഉറുമ്പിനെ കൊന്നയാളെ വെറുതേ വിടരുതെന്ന് തീരുമാനിച്ചു. അയാളുടെ കണ്ണ് കുത്തിപ്പൊട്ടിക്കണം. ഉറുമ്പുകള്‍ കൂട്ടുമായി തീരുമാനമെടുത്തു. ദൗത്യം ഏറ്റെടുത്ത് ആദ്യം പോയത് ഉറുമ്പുകളുടെ നേതാവ്. സമയം ഏറെയായിട്ടും നേതാവ് തിരിച്ചുവന്നില്ല. പിന്നെ രണ്ടാമന്‍ പോയി. തുടര്‍ന്ന് മൂന്നാമനും. ആരും തിരിച്ചെത്തുന്നില്ല. ഒടുവില്‍ ഉറുമ്പുകള്‍ കൂട്ടത്തോടെ ശത്രുപാളയത്തിലെത്തി. പോയ ഉറുമ്പുകളെല്ലാം ശത്രുവിന്റെ വായ്ക്ക് ചുറ്റും കറങ്ങുകയാണ്. കുത്തിപ്പൊട്ടിക്കാന്‍ ഉന്നംവെച്ച കണ്ണിനടുത്തേക്ക് ഒരു ഉറുമ്പുപോലും പോയില്ല. കാരണം അയാള്‍ മധുര പലഹാരം കഴിച്ചിരുന്നു.- വര്‍ഷങ്ങള്‍ക്കു മുമ്പ് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പി.വി കൃഷ്ണന്റെ 'വിപ്ലവം' എന്ന കാര്‍ട്ടൂണിന്റെ പ്രമേയമാണിത്. സ്വാര്‍ത്ഥ വികാരത്തെയും സംഘശക്തിയുടെ ദൗര്‍ബല്യത്തെയും ഇതിലും സൂക്ഷ്മമായി എങ്ങനെ അവതരിപ്പിക്കാനാവും...? ഇരയാക്കപ്പെടുന്നവന് നീതി നിഷേധിക്കുന്നതും സമൂഹം വേട്ടക്കാരന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതിന്റെ ഒരു പ്രതീകാത്മക ആവിഷ്‌കാരം. കാലത്തിന്റെ മാറ്റങ്ങള്‍ സാമൂഹ്യ ജീവിതത്തില്‍ വിതയ്ക്കുന്ന അകലങ്ങള്‍ തുറന്നുകാട്ടുന്ന നൂറുകണക്കിന് രചനകളാണ് ഇത്തരത്തില്‍ പി.വി.കെ മലയാളത്തിന് സമ്മാനിച്ചത്.

വരയിലെ വിജയവും ആദ്യത്തെ തോല്‍വിയും

നാട്ടിടവഴികള്‍ താണ്ടി വയല്‍വരമ്പുകളിലൂടെയുള്ള സൈക്കിള്‍ യാത്രകളിലാണ് ബാല്യത്തെക്കുറിച്ചുള്ള ആദ്യ ഓര്‍മ്മകള്‍ ചെന്നുനില്‍ക്കുന്നത്. പ്രകൃതിയുടെ സൗകുമാര്യതയില്‍ വല്ലാതെ ലയിച്ചുനിന്നിട്ടുണ്ട്. ആ പച്ചപ്പുകളില്‍ നിന്നാകണം വരയുടെ ആദ്യത്തെ ഉറവയുണ്ടായത്. സ്‌കൂളില്‍ കൊണ്ടുപോകുന്ന തുണിസഞ്ചിയുടെ പുറത്ത് പേന കൊണ്ട് വരച്ചതാകണം ആദ്യത്തെ ചിത്രം. അതുകണ്ട് സഹപാഠികള്‍ ചിരിച്ചു. എന്തുതന്നെ വരച്ചാലും ആ വരകള്‍ക്ക് ജീവന്‍വെക്കുന്നത് അത്ഭുതത്തോടെ നോക്കിനിന്ന കുട്ടിയായിരുന്നു താന്‍. ചിത്രങ്ങളില്‍ എന്തൊക്കെയോ ഉണ്ടെന്ന് കണ്ടെത്തിയത് കെ.കെ ആചാരി- സ്‌കൂളിലെ ചിത്രകലാധ്യാപകനായിരുന്നു അദ്ദേഹം. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ആചാരി സാറിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം ചെയ്തത് അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശേരി. അതോടെ വരകളുടെ ലോകത്തേക്കുള്ള കാല്‍വെപ്പ് തുടങ്ങിയെന്ന് പറയാം. ആചാരി സാറിന്റെ വീട്ടില്‍ തനിക്കും മറ്റ് നാല് കുട്ടികള്‍ക്കും പ്രത്യേക പരിശീലനം നല്‍കി. ചിത്രകലയുടെ ലോവറും ഹയറും പാസായപ്പോള്‍ ഒമ്പതാം ക്ലാസില്‍ ആദ്യത്തെ തോല്‍വി. ഇതറിഞ്ഞ് അച്ഛന്‍ രാമന്‍ നായര്‍ ക്ഷുഭിതനായി- '' കൃഷ്ണന്‍ ഇനി പഠിക്കേണ്ടതില്ല. തയ്യല്‍ പഠിക്കാന്‍ പോകുന്നതാണ് നല്ലത്''. എന്നാല്‍ വിധി അതായിരുന്നില്ല.
പത്താം ക്ലാസ് കഴിഞ്ഞ് രണ്ട് ആഴ്ചക്കകം ബേയ്ക്കല്‍ ഫിഷറീസ് ഹൈസ്‌കൂളില്‍ ചിത്രകലാധ്യാപകനായി ജോലി. പിന്നെ, വരയിലെ ജീവിതം ആസ്വദിച്ച് മുന്നോട്ട്. 1963ല്‍ മായ്പാടി ബേസിക് ട്രൈനിംഗ് സ്‌കൂളില്‍ അധ്യാപകനായി പി.എസ്.സി നിയമനം. ഇതേ സ്‌കൂളില്‍ അധ്യാപകനായി എത്തിയ കെ.എം അഹമ്മദാണ് ജീവിതത്തില്‍ വഴിത്തിരിവിന് ഇടയാക്കിയത്. ടി. ഉബൈദും കോഴിക്കോട്ടെ സാഹിത്യ സായാഹ്നങ്ങളുമായി ഇടപെടുന്നത് അങ്ങനെയായിരുന്നു. കലയുടെയും സാഹിത്യത്തിന്റെയും കാര്‍ട്ടൂണിന്റെയും വലിയ വാതിലുകളാണ് കോഴിക്കോട് തനിക്ക് മുന്നില്‍ തുറന്നിട്ടത്. കെ.എം അഹമ്മദ് മാതൃഭൂമിയിലെത്തിയതോടെ തന്റെ വരകള്‍ മാധ്യമങ്ങളിലേക്കും എത്തിത്തുടങ്ങി.
1973ല്‍ കേരളത്തിലെ അധ്യാപകര്‍ മുഴുവനും പണിമുടക്കിയപ്പോള്‍ വിദ്യാലയങ്ങള്‍ മാസങ്ങളോളം അടഞ്ഞുകിടന്നു. ആ വര്‍ഷത്തെ എസ്.എസ്.എല്‍.സി വിജയശതമാനം ദയനീയമായിരുന്നു. 'ധര്‍മസമരം തോറ്റിട്ടില്ല, തോറ്റചരിത്രം കേട്ടിട്ടില്ല' എന്നായിരുന്നു അന്ന് അധ്യാപകരുടെ മുദ്രാവാക്യം. ഈ മുദ്രാവാക്യം ആലേഖനം ചെയ്ത പ്ലക്കാര്‍ഡ് ഉയര്‍ത്തി ഒരു ഭീമന്‍ മാലാഖ കുറേ തലയോട്ടികളില്‍ ചവിട്ടി നില്‍ക്കുന്ന കാര്‍ട്ടൂണ്‍- ഇന്നും വിസ്മരിക്കാനാവാത്തതാണ് അന്ന് മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍. വരകളും എഴുത്തും തുടരുമ്പോള്‍ ഭാര്യ മെഴ്‌സി ടീച്ചറും മക്കളായ രേഖയും ബിന്ദുവും മികച്ച പിന്തുണയുമായി കൂടെയുണ്ട്.

കുട്ടനും പരിണാമവും

1943ല്‍ കണ്ണൂര്‍ ജില്ലയിലെ അരോളിയില്‍ സി. രാമന്‍നായരുടെയും കല്യാണിയമ്മയുടെയും മകനായി ജനനം. 1962 മുതല്‍ ചിത്രരചനയുടെ ലോകത്ത് സജീവം. 1963ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം. 1976ല്‍ ഗവ. സെക്രട്ടറിയേറ്റില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിയമിതനായി. സര്‍ക്കാരിന്റെ പോസ്റ്ററുകള്‍, പരസ്യങ്ങള്‍, സര്‍ക്കാര്‍ നപടി ക്രമങ്ങളില്‍ ചിത്രങ്ങള്‍ വേണ്ടതായ ഇതര മേഖലകള്‍ എന്നിവക്കൊപ്പം 1977 മുതല്‍ ഇന്നും തുടരുന്ന 'കുങ്കുമ'ത്തിലെ സാക്ഷി എന്ന പംക്തി. മാതൃഭൂമിയുടെ നര്‍മഭൂമിയില്‍ 'പരിണാമം' എന്ന കാര്‍ട്ടൂണ്‍ പരമ്പര. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ വളരെ പ്രശസ്തമായ 'കുട്ടന്‍ കണ്ടതും കേട്ടതും' തുടങ്ങി ഒട്ടേറെ ആശയാവിഷ്‌കാരങ്ങള്‍.
വരയിലും എഴുത്തിലുമെന്നപോലെ ജീവിതത്തിലും മാനുഷിക മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും മുന്‍ഗണന. 1972ല്‍ ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ ലംഘിച്ച് മെഴ്‌സിയെ ജീവിതസഖിയാക്കുമ്പോള്‍ രജിസ്ട്രര്‍ കച്ചേരിയില്‍ ഒന്നാംസാക്ഷിയായത് അയിത്തോച്ചാടകനായ സ്വാമി ആനന്ദതീര്‍ത്ഥന്‍. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി തുടരുമ്പോഴും സര്‍ഗാത്മകത മൂടിവെക്കാതെ സാമൂഹ്യ വിമര്‍ശനത്തിന്റെ പുതിയ ശൈലിക്ക് സ്വതന്ത്രമായ പാത കണ്ടെത്തി. അപ്പോഴും കെ. കരുണാകരന്‍, ഇ.കെ നായനാര്‍, എ.കെ ആന്റണി തുടങ്ങിയ മുഖ്യമന്ത്രിമാരുടെ ഇഷ്ട കലാകാരന്‍. സംസ്ഥാനത്ത് ചാരായം നിരോധിച്ചപ്പോള്‍ ഡിസൈന്‍ ചെയ്ത രണ്ട് പോസ്റ്ററുകള്‍ ചരിത്രത്തിലെ അപൂര്‍വ സന്ദേശത്തിന്റെ ഓര്‍മചിത്രമായി ഇന്നും സെക്രട്ടറിയേറ്റിലുണ്ട്. മുറിച്ചുമാറ്റപ്പെട്ട മരത്തിന്റെ കുറ്റിയില്‍ ഇരുകാലുകള്‍ക്കിടയില്‍ അമര്‍ത്തിപ്പിടിച്ച മുട്ടയുമായി ഇരിക്കുന്ന പക്ഷിയുടെ ദൈന്യതയാണ് 1985ലെ സുപ്രസിദ്ധമായ പരിസ്ഥിതി സംരക്ഷണ പോസ്റ്റര്‍. ഇതിന് സംസ്ഥാന സര്‍ക്കരിന്റെ പുരസ്‌കാരം ലഭിച്ചു.

കാര്‍ട്ടൂണിസ്റ്റിന്റെ നിലപാട്

അനീതിയില്‍ നിന്നും സ്‌നേഹശൂന്യതയില്‍ നിന്നും തിന്മകളില്‍ നിന്നുമൊക്കെയാണ് ഒരു കാര്‍ട്ടൂണ്‍ ജനിക്കുന്നത്. 'ഈ പോക്ക് ശരിയാവില്ലല്ലോ; ഇത് തിരുത്തപ്പെടണമല്ലോ' എന്ന ആദ്യപ്രതികരണം കാര്‍ട്ടൂണിസ്റ്റിന് ഉണ്ടാകുന്നു. അടുത്ത ഘട്ടത്തില്‍ ലക്ഷ്യത്തിലേക്ക് തൊടുക്കേണ്ട അമ്പിനെക്കുറിച്ചുള്ള ബോധ്യം. അത് ചെന്നുതറയ്ക്കുന്നിടത്തെ ധാര്‍മിക മുഖം. അതായത് നന്മയുടെ സന്ദേശം- ഇതാണ് ഒരു കാര്‍ട്ടൂണിസ്റ്റിന് സമൂഹത്തിന് നല്‍കാന്‍ കഴിയുക. നര്‍മത്തില്‍ പുരട്ടിയ ആക്ഷേപഹാസ്യമാണ് വേണ്ടത്. അനീതിയും തിന്മയും നിറഞ്ഞ് സമൂഹത്തെ വല്ലാത്തൊരു ശൂന്യതയിലേക്ക് തള്ളിവിടുമ്പോള്‍ മാനവിക സ്‌നേഹത്തിന്റെ നിലപാടുതറയില്‍ നില്‍ക്കാനേ കാര്‍ട്ടൂണിസ്റ്റിന് കഴിയൂ.
വരയുടെ അമ്പത് വര്‍ഷങ്ങളില്‍ ശങ്കര്‍, ഒ.വി വിജയന്‍, അരവിന്ദന്‍, അബു എന്നിവരാണ് സ്വാധീനിച്ച കാര്‍ട്ടൂണിസ്റ്റുകള്‍. ഇവരൊക്കെ വരയെ കേവലം കല എന്നതിനപ്പുറം വ്യവസ്ഥകളോട് കലഹിക്കുന്ന ഏറ്റവും കരുത്തുറ്റ സംവേദന മാര്‍ഗമായി കണ്ടവരാണ്. ശങ്കര്‍ ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ പിതാവാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല വമ്പന്മാരെയും അമ്പെയ്ത് വീഴ്ത്താനും നല്ലവഴിക്ക് നടത്താനും അദ്ദേഹത്തിന് കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്ന അദ്ദേഹത്തിന്റെ ആദ്യകാല രചനകളില്‍ പോലും നല്ല അനാട്ടമിയും ലോകവിവരവും ദീര്‍ഘ ദര്‍ശനവും വ്യക്തമായിരുന്നു. വിജയന്റെയും അബുവിന്റെയും കാര്‍ട്ടൂണുകള്‍ ഉയര്‍ന്ന ചിന്ത ആവശ്യപ്പെടുന്നതാണ്. ഇരുവരുടെയും വരകള്‍ക്ക് മികച്ച സംവേദന ശേഷിയുണ്ടായിരുന്നു. തപസ്യാസമാനമായ ശൈലി കണ്ടെത്തിയാണ് വിജയന്‍ സ്വന്തം ഇടം അടയാളപ്പെടുത്തിയത്.

സാക്ഷി- മന:സാക്ഷി

സ്വന്തം കാര്‍ട്ടൂണ്‍ അച്ചടിച്ചുകാണുമ്പോള്‍ ആദ്യകാലത്ത് തോന്നുന്ന ഒരു ത്രില്ലുണ്ട്. അതിപ്പോഴും അങ്ങനെ തന്നെയാണ്. സാക്ഷി എന്ന കുങ്കുമത്തിലെ പംക്തി ഇന്നും തുടരുമ്പോള്‍ സാക്ഷി മനസാക്ഷിയായാണ് കാണുന്നത്. പറയാനുള്ളത് ഏറ്റവും ശക്തിയോടെ പറയാനാകുന്ന മാധ്യമമാണ് കാര്‍ട്ടൂണ്‍. വായനക്കാരെ ചിരിപ്പിക്കുക, ചിന്തിപ്പിക്കുക, ആനന്ദിപ്പിക്കുക എന്നതിലുപരി ഒരു തിരുത്താണ് കാര്‍ട്ടൂണ്‍. പഴകിപ്പോയ വ്യവസ്ഥകളെയും ലിഖിതവും അലിഖിതവുമായ ചില നിയമങ്ങളെയും ആക്ഷേപത്തിന്റെ അഗ്നിയില്‍ ലയിപ്പിച്ച് കളയുന്ന തിരുത്ത്.
വായനയും ചിന്തയും വിശകലനവും- എല്ലാ സാഹിത്യ രൂപങ്ങളുടെയും അന്തരാത്മാവ് തേടിയുള്ള യാത്രയും ഈ കാര്‍ട്ടൂണിസ്റ്റിന് പരിചിതം. വി.കെ.എന്നും അയ്യപ്പപണിക്കരും ഇഷ്ട എഴുത്തുകാര്‍. വി.കെ.എന്നിന്റെ എന്തുകിട്ടിയാലും വായിക്കും. സാമൂഹ്യ വിമര്‍ശനത്തിന്റെ ശക്തവും ഗൗരവവും നിലവാരമുള്ളതുമായ ഹാസ്യശാഖയുടെ ഉദ്ഘാടകന്‍ സഞ്ജയനായിരുന്നു. വാക്കുകള്‍ കൊണ്ട് കാര്‍ട്ടൂണ്‍ വരച്ചതാണ് കുഞ്ചന്‍ നമ്പ്യാരുടെ മഹത്വം. ആധുനികത താളത്തില്‍ ഇതള്‍ വിരിയുന്ന അനുഭവമാണ് കാനായി കുഞ്ഞിരാമന്റെ ശില്‍പങ്ങള്‍. അനായാസമായും അനുപാതം തെറ്റാതെയും എന്നാല്‍ കരുതിക്കൂട്ടി അനുപാതം തെറ്റിച്ചും വിസ്മയങ്ങള്‍ തീര്‍ത്തയാളാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി.
ആനുകാലിക സംഭവവികാസങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് ഒരു കാര്‍ട്ടൂണിസ്റ്റിന് വേണ്ട പ്രധാന ഗുണം. അതുകൊണ്ടുതന്നെ ഇടുക്കിയില്‍ എം.എം മണി കൊലവിളി നടത്തുമ്പോഴും ടി.പിയെ പോലൊരു നേതാവ് ദാരുണമായി കൊല്ലപ്പെടുമ്പോഴും ഈ 'സാക്ഷി'ക്ക് നിശബ്ദനാകാനാവില്ല. സമൂഹത്തിന് നോവുമ്പോള്‍ കാര്‍ട്ടൂണിസ്റ്റിന്റെ ആവനാഴിയില്‍ അമ്പുകള്‍ കുന്നുകൂടും.





Wednesday, July 4, 2012


കടല്‍ത്തീരത്ത് വെച്ചാണ് അവളെ കണ്ടത്
ചോദിച്ചപ്പോള്‍ മരിക്കാന്‍
വന്നുവെന്നത്രേ പറഞ്ഞത്.
മരണത്തിന്റെ വഴി ചോദിച്ചവളോട്
പ്രണയത്തിന്റെ ആപ്തവാക്യം പറഞ്ഞുകൊടുത്തു.
പ്രണയവും മരണവും ഇഴചേര്‍ന്ന
ഒരു കാവ്യത്തെക്കുറിച്ച് അവളപ്പോള്‍ വാചാലയായി.
നടന്ന വഴി അവസാനിച്ചിടത്ത്
ഒരു പുഴയുടെ തുടക്കമായിരുന്നു.
അവിടെ അശരീരികളുടെ സമ്മേളനം.
എനിക്കൊരു സിഗരറ്റ് വലിക്കണമെന്ന് തോന്നി.
ആ പുകയില്‍ അവള്‍ എരിഞ്ഞടങ്ങി...

Monday, June 18, 2012


പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍
മുഖം പൂഴ്ത്തി ഞാന്‍ നിനക്കുമുന്നില്‍
നിശബ്ദനാകുന്നു.
എനിക്ക് ആതുരാലയങ്ങളുടെ മണമുണ്ടെന്ന്
ഒരിക്കല്‍ നീ തന്നെയാണ് പറഞ്ഞത്.
ഗ്രീഷ്മത്തിലെ പാട്ടും നോവിന്റെ മഞ്ഞ വെയിലും
എനിക്കോര്‍മ്മയുണ്ട്.
ഓരോ ദിനവും വല്ലാത്തൊരു അടിമത്തമാണ്.
മാനസിക അടിമത്തം- പറയാനാകാത്തതും
എന്നാല്‍ പറയേണ്ടതുമായ ചിലത്
ഒളിപ്പിച്ചുവെച്ച് ഇനിയെത്രനാള്‍ ഞാനിങ്ങനെ......

Saturday, June 16, 2012


എനിക്കൊരു പേരുണ്ട്, നിനക്കോ......????

പണ്ട് എന്റെ ഗ്രാമത്തില്‍ ഒരു വീടിനടുത്ത് ഒരു വേടനുണ്ടായിരുന്നു. കരുണാകരന്‍- മരിച്ചുപോയി. കര്‍ഷക തൊഴിലാളിയായിരുന്ന കരുണാകരനെ 'മന്ത്രി' എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. കെ. കരുണാകരന്‍ എന്ന പേര് ജനമനസുകളില്‍ അത്രമാത്രം പതിഞ്ഞതു കൊണ്ടാകണം ഈ കരുണാകരനെയും 'മന്ത്രി'യാക്കി ഗ്രാമവാസികള്‍ 'ആദരിച്ചത്'.
ഒരു വാസുദേവന്‍ നായരെ 'എം.ടി'യെന്ന് വിളിക്കാനുള്ള ബോധം വെണ്‍കുളത്തെ നാട്ടുകാര്‍ക്കുണ്ടായത് വാസു ഒരു മഹാസാഹിത്യകാരന്‍ ആയതുകൊണ്ടല്ലെന്ന് എന്നെപ്പോലെ ഈ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. കള്ളുകുടിച്ച്, ലെക്കുകെട്ട് നാട്ടുകാരെ തെറിവിളിച്ചു നടക്കുന്ന അയിരൂര്‍ കാരനായ മണിയെ നാട്ടുകാര്‍ 'എം.എം മണി'യാക്കിയത് ഈയിടെയാണ്.
വലിയ വഞ്ചികള്‍ പണിയുന്ന വിജയന്‍ ചെറുപ്പക്കാരനാണ്. കായലോരത്ത് രാവിലെ എത്തിയാല്‍ വള്ളപ്പുരയില്‍ കൊട്ടുകേള്‍ക്കാം. അമരം പണിയുന്ന വിജയന് വഞ്ചിയും തടിയും തുഴയും കായലുമാണ് രാഷ്ട്രീയം. എന്നിട്ടുമെന്തേ ഈ നാട്ടുകാര്‍ അയാളെ 'പിണറായി'യെന്ന് വിളിക്കുന്നു...!!
ഇങ്ങനെ പേരുകള്‍ വലിയൊരു ആകാശം തീര്‍ത്തിട്ടുണ്ട് നമ്മുടെയൊക്കെ മനസില്‍. പേരുകളിലൂടെ പ്രശസ്തരാകുന്നവരും 'പേര്' കൊണ്ട് പേരെടുക്കുന്നവരും ധാരാളം. ചൂണ്ടക്കാരനായ നാരായണനെ കുട്ടികള്‍ ദൂരെ നിന്ന് കൂകി വിളിക്കുമായിരുന്നു- 'നാരായണ ഗുരു' എന്ന്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുറച്ചകലെ നിന്ന് എന്റെയൊരു കൂട്ടുകാരി തിരുവനന്തപുരത്ത് വന്നു. കോര്‍പറേഷന്‍ ഓഫീസിനടുത്ത് നിന്ന് എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു- 'തിരക്കുകള്‍ കഴിഞ്ഞ് വിളിക്കൂ.. ഊണ് നമുക്ക് ഒരുമിച്ചാക്കാം..'. ചില സര്‍ക്കാര്‍ ഓഫീസുകളുടെ പടികയറിയിറങ്ങിയ ശേഷം മാഞ്ഞാലിക്കുളത്തെ എന്റെ ഓഫീസിലെത്തിയ കൂട്ടുകാരിയുമായി ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലൂടെ നടന്നു. മുരളി ഹോട്ടലിലെ തീന്‍ മേശക്ക് ഇരുപുറവുമിരുന്ന് ഞങ്ങള്‍ സൗഹൃദ സന്ദേശങ്ങള്‍ കൈമാറി. ചോറു കഴിച്ച് പുറത്തിറങ്ങി. തണല്‍ ചാഞ്ഞിരുന്നില്ല, എങ്കിലും റോഡരികിലൂടെ ഞങ്ങള്‍ നടന്നു- സംസാരമധ്യേ കൂട്ടുകാരി പറഞ്ഞു. 'ഞാന്‍ സ്‌കൂളില്‍ ചേരുന്നതുവരെ എന്റെ വീട്ടുകാര്‍ എനിക്ക് ഓരോരോ പേരുകള്‍ പറഞ്ഞ് തര്‍ക്കത്തിലായിരുന്നു. അച്ഛനിഷ്ടപ്പെടുന്ന പേര് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടില്ല. പേരുകളുടെ ഒരു നീണ്ടനിരതന്നെ എന്റെ വീടിനെ ചൂഴ്ന്നുനിന്നു. ഒടുവില്‍ ഞാന്‍തന്നെ എനിക്ക് പേരിട്ടു'.
പറഞ്ഞ കേട്ട പേരുകളിലേതോ ഒന്ന് മനസില്‍ തടഞ്ഞപ്പോള്‍ സ്‌കൂളിലെ രജിസ്ട്രര്‍ പൂരിപ്പിക്കുന്ന അധ്യാപകനുമുന്നില്‍ ആ പേര് പറഞ്ഞുകൊടുത്തു. അങ്ങനെയാത്രേ എന്റെ കൂട്ടുകാരിക്ക് ഇപ്പോഴുള്ള പേര് കിട്ടിയത്..... കുറേയേറെ കാര്യങ്ങള്‍ പറഞ്ഞും പസ്പരം ചിരിച്ചും തമാശ പറഞ്ഞും കൂട്ടുകാരി പിരിഞ്ഞു. തമ്പാനൂരിലേക്കുള്ള റോഡിലേക്ക് അവള്‍ നടന്നകന്നപ്പോള്‍ എനിക്കൊരപൂര്‍വത തോന്നി. പേര്- എല്ലാ പേരുകള്‍ക്കും നീണ്ട ആയുസാണ്.
ആരോ കല്‍പിച്ചു നല്‍കിയ പേരുകളെ ചുമന്ന് നമ്മള്‍ ജീവിക്കുന്നു. നമുക്കെന്ന് പറയാന്‍ ആകെയുള്ളതാണത്.

Saturday, June 9, 2012


ടി.പി നിസാരനാണത്രേ....
പ്രത്യയശാസ്ത്ര രേഖയടക്കം ചര്‍ച്ച ചെയ്ത് ആഗോളതലത്തിലെ സ്പന്ദനങ്ങള്‍ക്ക് തത്വാധിഷ്ഠിത ചമല്‍ക്കാരങ്ങള്‍ രചിക്കുന്ന വിപ്ലവവീര്യമാണ് സി.പി.എമ്മിന്റേത്. പാര്‍ട്ടിയുടെ മുഷിഞ്ഞ മുഖം തുറന്നുകാട്ടി, യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും രേഖപ്പെടുത്താനുള്ള നിയോഗമാണ് പ്രാദേശിക തലത്തിലെങ്കിലും ടി.പി ചന്ദ്രശേഖരനെന്ന 'ധീരനായ കമ്മ്യൂണിസ്റ്റ്' ഏറ്റെടുത്തത്. ഇതെഴുതുമ്പോള്‍ മുഖ്യ സൂത്രധാരകന്‍ ടി.കെ രജീഷിന്റെ വെളിപ്പെടുത്തല്‍ അന്തരീക്ഷത്തെ വലയം ചെയ്തുകിടക്കുകയാണ്. ഈ വിപ്ലവ വായാടികള്‍ക്ക് (മണി മുതല്‍ പിണറായി വരെ) ടി.പി നിസാരനാണത്രേ...
അതുകൊണ്ടാണല്ലോ ടി.പിയെ മൊത്തമായും ചില്ലറയായും വിറ്റത്..., സി.പി.എമ്മിന്റെ മുഖത്താണ് 52 വെട്ടും കിട്ടിയതെന്ന എം.പി വീരേന്ദ്രകുമാറിന്റെ പ്രസ്താവന എത്ര വാസ്തവം...........
 വിപ്ലവം വിജയിക്കട്ടെ........

Wednesday, June 6, 2012


ഞാന്‍ എന്റെ ചോര കൊണ്ട് വാക്കുകള്‍ നനയ്ക്കുന്നു

എ.അയ്യപ്പന്‍/ ഫിര്‍ദൗസ് കായല്‍പ്പുറം
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്റെ അരമതിലില്‍ ചാരിയിരിക്കുന്ന അയ്യപ്പനെ സൂര്യകിരണങ്ങള്‍ തല്ലുന്നുണ്ട്. ആള്‍ക്കൂട്ടം ചിതറിക്കിടക്കുന്ന ഭരണസിരാകേന്ദ്രത്തിന്റെ ശബ്ദമയമായ അന്തരീക്ഷം. ഉച്ചവെയില്‍ ശാന്തനായിരിക്കുന്നു അയ്യപ്പന്‍. ഒരു നമസ്‌കാരം കൊടുത്തു. ഉടന്‍ പരിഭവങ്ങളായി- 'അന്നു നീ ഉടന്‍വരാമെന്ന് പറഞ്ഞ് പോയതല്ലേ.... (പോക്കറ്റില്‍ കൈയിട്ടു. കിട്ടിയത് നൂറ്റിയമ്പത് രൂപ. അന്‍പത് തിരികെത്തന്നു.) എനിക്കു നൂറുമതി'. വാഹനങ്ങളുടെ നിരമുറിച്ചുകടന്ന് പഞ്ചമി ബാറിലേക്ക്. പത്തുമിനിട്ടിനകം മടങ്ങിവന്നു. പിന്നെ എന്തൊക്കയോ ചോദിച്ചു. പതിവുപോലെ അന്നും ഒരുപാടുനേരം സംസാരിച്ചു.
താങ്കള്‍ എന്തിനാണിങ്ങനെ മദ്യപിക്കുന്നത്?
- അതെന്റെ ജീവിതത്തിന്റെ മറവാണ്. കാണാനും കേള്‍ക്കാനുമുള്ളത് അതിലൂടെ അടുത്തും മറഞ്ഞും പരിണമിക്കുന്നു. എന്റെ സാന്ത്വനത്തിന്റെ തീരങ്ങളില്‍ മദ്യവുമായി ചില വിശ്രമ വേളകള്‍. മദ്യത്തിന്റെ മറവിലാണ് ജീവിതം എന്നു ചുരുക്കിപ്പറയാം. ചില ഹോസ്റ്റലുകളുടെ ഹൃയങ്ങളില്‍ മദ്യംമണക്കുന്ന രാവുകള്‍ തന്ന സുഖം മറ്റൊരു സങ്കേതങ്ങളും എനിക്കു സമ്മാനിച്ചിട്ടില്ല.
കവിതയെഴുതുന്നത്?
- അതെന്റെ അവശേഷിപ്പാണ്. കവിതയല്ലാതെ മറ്റൊന്നും ഇന്നെന്നില്‍ തളിര്‍ക്കില്ല. ശൈത്യവും വേനലും എന്നില്‍ കവിതയുടെ കാലൊച്ചകളാണ്. അവയാണെന്റെ ആടയും ആഭരണങ്ങളും. നിനക്കെന്നെ കല്ലെറിയാം. തല്ലിക്കൊല്ലാം. എന്റെ പ്രതികരണങ്ങള്‍ കവിത മാത്രമായിരിക്കും.
അപ്പോള്‍ പ്രണയം?
- ഞാന്‍ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു. ഈ വെയിലില്‍ അല്‍പം മുമ്പ് കുടിച്ച ചായപോലെ മധുരമായ പ്രണയാനുഭവങ്ങള്‍ എനിക്കുമുണ്ടായിരുന്നു. അതെല്ലാം കലാപഭൂമിപോലെ തകര്‍ന്നുപോയി. പക്ഷേ, ഇന്നുമെന്നില്‍ ജഢാവസ്ഥയിലെങ്കിലും പ്രണയമുണ്ട്. കല്‍പനകളുടെ സമുദ്രംപോലെ  എന്റെ ഹൃദയത്തില്‍ പ്രണയത്തിന്റെ ഗതകാലം ഇരമ്പുന്നുണ്ട്. പ്രണയം മരിക്കുമായിരിക്കാം. പക്ഷേ ഞാനവയെ വെള്ളപുതപ്പിക്കില്ല.
ചങ്ങാതിക്കൂട്ടങ്ങള്‍ പ്രസക്തമാണല്ലോ, ഈ വിശാല സൗഹൃദങ്ങള്‍ക്ക് പിന്നിലെന്താണ്?
-കവിതയിലും ജീവിതത്തിലും സൗഹൃദങ്ങളെക്കാള്‍ വിലപ്പെട്ട മറ്റൊന്നും കാണാനാകുന്നില്ല. ഞാനും നരേന്ദ്രപ്രസാദും വി.പി. ശിവകുമാറും പലര്‍ക്കും ത്രിമൂര്‍ത്തികളായിരുന്നു. ഞങ്ങളൊരുമിച്ച് സ്വപ്നം കണ്ടു. വസന്തത്തിന്റെ ഇടിമുഴക്കങ്ങളില്‍ ഭ്രമിച്ചുപോയ ബോസ്..., കിണറിന്റെ ജലകവാടങ്ങള്‍ കടന്ന് അവന്‍ പിന്നീട് തിരിച്ചുപോയി. സിവിക്. സ്‌നേഹത്തിന്റെ വ്യാകരണമറിയുന്നവന്‍. പിന്നീടൊരുവന്‍ വന്നൂ, ഭ്രാന്തസ്‌നേഹത്തിന്റെ അമ്ലതീഷ്ണതയുമായി....അവന് ജോണെന്ന് പേര്‍... കണ്ടതുമുതല്‍ അവന്‍ എന്നില്‍ കുടിയേറി. പിന്നീട് ഞങ്ങളെപ്പോഴും ഒന്നിച്ചായിരുന്നു. ഒരുദിവസം ഏതോ രാത്രിസങ്കേതത്തിന്റെ മുകളില്‍ നിന്നും അവന്‍ മരണത്തിലേക്ക് പറന്നു. ഇപ്പോഴും ഞാനവന്റെ ചുംബനത്തിന്റെ ചാരായഗന്ധമോര്‍ക്കുന്നു. ഒരുപാട് സൗഹൃദങ്ങള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. ആ മുറിവുകളുണങ്ങിയിട്ടില്ല. തീവ്രമായ സൗഹൃദങ്ങള്‍ ഇപ്പോഴുമുണ്ട്. എന്റെ സെബാസ്റ്റ്യന്‍, .സാവിച്ചി, പേരെടുത്ത് പറയാന്‍ ഇനിയുമുണ്ട് ഒരുപാട് പേര്‍...
സെബാസ്റ്റ്യനെ പലപ്പോഴും കൂടുതല്‍ സ്‌നേഹിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്താണങ്ങനെ?
-അവന്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നവനാണ്. ആലുവയുടെ ആകാശത്തുമാത്രമല്ല, അയ്യപ്പന്റെ ഹൃദയത്തിലും ഏറ്റവും നല്ലൊരു സുഹൃത്താണ് സെബാസ്റ്റ്യന്‍.
സ്‌നേഹത്തെക്കുറിച്ച് സംവദിച്ച് നിത്യചൈതന്യ യതിയുമായി വഴക്കിട്ടതായി കേട്ടിരുന്നു. യതിയെക്കുറിച്ച്...?
-യതിയെക്കുറിച്ചല്ല, യതി അവതരിപ്പിച്ച ദാര്‍ശനിക ലോകത്തെക്കുറിച്ചാണ്. ഇടക്കൊക്കെ ഗുരുകുലത്തില്‍ പോയിട്ടുണ്ട്. എന്റെ ധിക്കാരങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് കാട്ടിയിരുന്നു. കേവലമായ ആത്മീയ വ്യാപാരങ്ങള്‍ക്കപ്പുറത്തെ ദാര്‍ശനിക ചക്രവാളമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. നിത്യജീവിതത്തിലെ വസ്തുതകളെ കണ്ടില്ലെന്നു നടിക്കുന്ന ദാര്‍ശനികതയോട് വിയോജിക്കേണ്ടിവരും. ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു നിത്യ.
ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ട കവിത?
- എന്റെ കവിതകളെല്ലാം എനിക്കിഷ്ടമാണ്. ഞാന്‍ തന്നെയാണ് മികച്ച കവി. കവിതകളെ വേര്‍തിരിച്ച് അടയാളപ്പെടുത്തിയിട്ടില്ല. മലയാളത്തിലെ ഏറ്റവും മികച്ച കവിയാണ് എ. അയ്യപ്പന്‍.
താങ്കളുടെ ജീവിതം എന്താ ഇങ്ങനെയായത്?
-തിരിച്ചൊന്നു ചിന്തിച്ചുനോക്കൂ. അയ്യപ്പന് സഹതാപത്തില്‍ നിന്നും ഉടലെടുക്കുന്ന കാരുണ്യം വേണ്ട. നീ തിരിച്ചുപോകുമ്പോള്‍ മറ്റൊരാള്‍ ഇതുപോലെ ഇങ്ങനെ വര്‍ത്തമാനം പറയാന്‍, സ്‌നേഹിക്കാന്‍, കള്ളുകുടിപ്പിക്കാന്‍ വരും. അതെന്റെ വഴികളാണ്. ആര്‍ക്കുമില്ലാത്ത സ്വാതന്ത്ര്യമല്ലേ ഞാന്‍ അനുഭവിക്കുന്നത്.

പ്രത്യയശാസ്ത്രപരമായ ചിന്താധാരകള്‍ താങ്കള്‍ക്ക് ചാര്‍ത്തിത്തന്നത് എന്താണ്?
-ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നു. ഇന്നും അങ്ങനെ തന്നെ. ഓരോ തെണ്ടിയുടെയും പ്രാഥമികമായ ആവശ്യങ്ങള്‍  പരിഹരിക്കാന്‍ ഭരണകൂടത്തിനാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യയശാസ്ത്രം എന്നെ അപഹസിച്ചിട്ടില്ല. കമ്യൂണിസം അതു പങ്കുവെക്കുന്ന മാനവികതയുടെ ശുദ്ധിയിലേക്ക് തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ.
തിരസ്‌കൃത സമൂഹത്തിന് മോക്ഷം നല്‍കാന്‍ ഈ പ്രത്യയശാസ്ത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലല്ലോ?
-ചില വൈരുദ്ധ്യങ്ങളുണ്ട്. ആദര്‍ശങ്ങള്‍ക്കൊപ്പം അസ്തിത്വവും നഷ്ടമായിക്കൊണ്ടിരിക്കുന്ന തത്വങ്ങള്‍ക്ക് വീണ്ടും കരമുയര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. പ്രത്യശാസ്ത്രങ്ങള്‍ കാലോചിതമായി സ്വീകരിക്കപ്പെടുന്നില്ല എന്ന വസ്തുത മറച്ചുവെക്കരുത്. വല്ലപ്പോഴും കേള്‍ക്കാന്‍ മാത്രം സുഖമുള്ള കോമാളിത്തങ്ങളായി അവ അധ:പതിക്കുകയാണ്. തിരസ്‌കൃത സമൂഹത്തെ ചേര്‍ത്തുപിടിക്കാന്‍ പരിഷ്‌കൃത കമ്മ്യൂണിസം ഒരുനാള്‍ ഉയര്‍ത്തെണീക്കും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.
അയ്യപ്പന്‍ ഒരു തീവ്രവാദിയാണോ?
- തീവ്രവാദം ആവശ്യമാണ്. മത തീവ്രവാദമോ രാജ്യദ്രോഹമോ ആകരുതെന്ന് മാത്രം. നമ്മുടേതായ ചിന്തകള്‍ക്ക് കരുത്തേകാന്‍ തീവ്രവികാരങ്ങളെ കൂട്ടുപിടിക്കാം. അതില്‍ ഞാന്‍ നിനക്ക് ബാധ്യതയാകുമ്പോഴാണ് തീവ്രവാദം ആപത്താകുന്നത്.
കഴിഞ്ഞ ദിവസം രാജ്യത്ത് ശക്തമായ തീവ്രവാദി ആക്രമണമുണ്ടായല്ലോ, അതാണ് സൂചിപ്പിച്ചത്..?
- ആ തീവ്രവാദികള്‍ക്ക് പിന്നില്‍ മുഖംമൂടിയണിഞ്ഞ ചില മതേതരവാദികളുണ്ടാകും. ചിലപ്പോള്‍ തികഞ്ഞ രാജ്യസ്‌നേഹികളുണ്ടാകും. പണ്ഡിതന്മാരുണ്ടാകും. നമുക്ക് തീവ്രവാദികളെ ജീവനോടെ കാണാനുള്ള ഭാഗ്യമില്ല. പിടിക്കപ്പെടുന്നവരെല്ലാം മണിക്കൂറുകള്‍ക്ക് മുമ്പുവരെ നിര്‍വികാരമായി ജീവിതത്തെ ഉറ്റുനോക്കിയവരായിരിക്കും എന്നെനിക്കു തോന്നുന്നു.
താങ്കളുടെ കാഴ്ചപ്പാടില്‍ കേരളം നേരിടുന്ന പ്രധാന പ്രശ്‌നം എന്താണ്?
- ഇതൊക്കെ പറയാന്‍ ഈ സെക്രട്ടറിയേറ്റിലേക്ക് കയറിയാല്‍ പോരെ.
ചിലപ്പോഴെങ്കിലും അത്തരത്തില്‍ ചിന്തിട്ടില്ലേ?
- ഇല്ല, ഞാന്‍ ചിന്തിക്കാത്തതല്ല. നമ്മള്‍ക്കീ മണ്ണിനെ ശരിയായി ഉപയോഗിക്കാനാവുന്നില്ല. ഞാനുള്‍പെടയുള്ളവര്‍ അതിനു തയാറാകുന്നില്ല. നേരം പുലര്‍ന്നും ഇരുട്ടിയും നാളുകള്‍ നീങ്ങുന്നു. ശൂന്യതയാണ് ഇപ്പോള്‍ എല്ലാ കണ്ണുകളിലും.
കാവ്യഭൂമികയില്‍ താങ്കള്‍ ഒരു പരാജയമായിരുന്നോ? ഒന്നാംനിരയിലെ ഇരിപ്പിടം ആഗ്രഹിച്ചിരുന്നില്ലേ?
-ഞാന്‍ കവിതയെഴുതിയത് എന്റെ രക്തം കൊണ്ടാണ്. യാത്രകള്‍ തന്ന മുറിവുകള്‍ കൊണ്ടാണ്. ഞാന്‍ എന്റെ ചോരകൊണ്ട് വാക്കുകള്‍ നനക്കുന്നു. രക്തം ഇറ്റുവീണ വരികള്‍ക്കിടയില്‍ നിങ്ങള്‍ക്ക് എന്നെ കാണാം. എന്റെ ചോരയില്‍ ചരിത്രത്തിന്റെ ചാരം അലിഞ്ഞിട്ടുണ്ട്. അതില്‍ ഇന്നിന്റെ ധര്‍മ്മ സങ്കടങ്ങളുണ്ട്. നാളയുടെ ഉത്കണ്ഠകളുണ്ട്. കവിയുടെ ചങ്കില്‍ കിനിയുന്ന ചോരയുടെ ഗന്ധമുണ്ടാകണം കവിതക്ക്. അപ്പോഴേ ഒരു വേനല്‍മഴ പോലെ നമ്മുടെ നെഞ്ചുപൊള്ളിക്കാന്‍ കവിതക്ക് കഴിയൂ. വിജയപരാജയങ്ങളുടെ കണക്കെടുത്താല്‍ വമ്പന്‍മാരെന്ന് നടിക്കുന്നവര്‍ മൂക്കുകുത്തിവീഴും. അയ്യപ്പന് ആരുടെയും അംഗീകാരം വേണ്ട.
കവിതയില്‍ സര്‍റിയലിസത്തെ കൂട്ടുപിടിക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നുണ്ടല്ലോ?
-പറയാനുള്ളത് പറഞ്ഞ് കഴിയുമ്പോഴും ചിന്തക്ക് ചിലത് ബാക്കിവക്കേണ്ടതുണ്ട്. ഒരു സൂക്ഷ്മത അനിവാര്യമായി വരും. അപ്പോഴേ സൗന്ദര്യമുണ്ടാകൂ. സൗന്ദര്യാത്മകമായി അടുക്കിവച്ചില്ലെങ്കില്‍ അത് കവിതയാകില്ല. ആശയങ്ങള്‍ അവതരിപ്പിക്കുന്ന ക്യാന്‍വാസിന് പുറത്തേക്ക് അനന്തമായി നീളുന്ന സുഖങ്ങളോ വേദനകളോ അനുഭൂതികളോ ഉണ്ടാകണം. കവിതകളെ അതിന്റെ വഴിക്ക് വിടുക, ചിന്തകളെ അങ്ങനെയും.
'ശാന്തമാകട്ടെ മനസൊരല്‍പ്പം, സാന്ത്വനത്തിന്‍ രുചിയറിയട്ടെ'.....- ഈ അശാന്തിക്കാധാരം?  
-എല്ലാ സന്ദേശങ്ങളുടെയും തത്വശാസ്ത്രങ്ങളുടെയും ദര്‍ശനങ്ങളുടെയും ആത്യന്തിക ലക്ഷ്യമല്ലേ ശാന്തി. എന്റെ മനസിന്റെ അശാന്തമായ ഇന്നലെകളില്‍ ശാന്തിതേടിയിരുന്നു. ഇന്നും ഞാന്‍ ശാന്തിക്കായി അലയുന്നു. അശാന്തിയില്‍ നിന്നും ഞാന്‍ നടക്കുന്നത് ഉന്മാദത്തിലേക്കാണെന്നത് ശരിയാണ്. ഉന്മാദത്തിന്റെ ഈ യാത്ര ഞാന്‍ സ്വയം തിരഞ്ഞെടുത്തതല്ല. കാലം എനിക്ക് സമ്മാനിച്ച അഭയമാണത്. എന്റെ മറവിയില്ലായ്മക്ക് ഔഷധിയാണ് ഉന്മാദവും അര്‍ത്ഥബോധവും. ഓരോ കണ്ണുകളിലും ഇരയുടെ വിലാപങ്ങളും വേട്ടക്കാരന്റെ ആക്രോശങ്ങളും ഞാന്‍ വായിച്ചെടുക്കുന്നു. അതുകൊണ്ട് കാറ്റിന്റെ ഈ ഉന്മാദ രഥ്യകളിലൂടെ ഞാന്‍ ഒറ്റക്ക് നടക്കുന്നു. ഞാന്‍ എന്റെ കാലത്തിന്റെ ബലിയാടും പ്രവാചകനുമാണ്. ഞാനെന്റെ ജീവിതത്തെ ഒറ്റക്ക് ഒരാഘോഷമാക്കുകയാണ്. ആഹ്ലാദങ്ങള്‍ ഒടുങ്ങിപ്പോയത് കൊണ്ട് ജീവന്റ വ്യഥകളും വ്യാകുലതകളും ഞാന്‍ ആഘോഷങ്ങളാക്കുന്നു. എന്റെ ആഘോഷങ്ങളില്‍ ഞാന്‍ തന്നെ ബലിമൃഗമാകുന്നു.
'പക്ഷികള്‍ക്ക് നിഘണ്ടുക്കളില്ല പക്ഷെ പക്ഷികളുടെ ഭാഷ രേഖിയാണ്, തത്ത കള്ളം കണ്ടുപിടിക്കുന്നതും, സത്യം പറയുന്നതും പഠിച്ചറിയേണ്ടതാണ്'..... പ്രകൃതിയിലേക്കുള്ള ഈ വേറിട്ട നോട്ടം?
-ജീവജാലങ്ങളുടെ ആശങ്കകള്‍ക്ക് മുന്നില്‍ മനുഷ്യന്‍ എത്ര ഭാഗ്യവാനാണ്. ബുദ്ധന്റെ ആട്ടിന്‍ കുട്ടിയെക്കുറിച്ച് പറഞ്ഞതും അതുകൊണ്ടാണ്. പ്രകൃതിയില്‍ ഇരകള്‍ക്ക് വേണ്ടി ഒരു സാമ്രാജ്യമുണ്ട്. ഇരകളുടെ നോവുകളാണ് നമ്മുടെ സുഖം. മനുഷ്യനിലും പക്ഷിമൃഗാതികളിലും ഇരകള്‍ എക്കാലവും ഇരകളായിത്തന്നെ. ഇരയുടെ ധര്‍മ്മസങ്കടങ്ങളോ നീതിക്കായുള്ള അവന്റെ ദാഹമോ അതിന്റെ തീവ്രമായ അര്‍ത്ഥതില്‍ ഒരു കോടതിയും പരിഗണിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അത്യന്തികമായി വേട്ടക്കാരന്റെ താല്‍പര്യങ്ങള്‍ തന്നെയാണ് കോടതികളിലൂടെ സംരക്ഷിക്കപ്പെടുന്നതും ഉറപ്പിക്കപ്പെടുന്നതും. ഉച്ചനേരത്ത് കോടതിയില്‍ വിസ്താരം കേള്‍ക്കുന്ന ന്യായാധിപന്റെ മനസ് ഉച്ചഭക്ഷണത്തിനോടൊപ്പമുള്ള ഒരു പെരിച്ച കോഴിയിലായിരിക്കുമെന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു.
ഇനിയും നിലയ്ക്കാത്ത ഈ യാത്രയുടെ ബാക്കിപത്രം?
ചര രാശിയിലാണല്ലോ കവിജന്മം. മഴയും വെയിലും കല്ലും മുള്ളും എന്റെ യാത്രകളെ വിശുദ്ധമാക്കുന്നു. എന്റെ ഉന്‍മാദത്തിന്റെ തീവ്രവേഗങ്ങള്‍ യാത്രകളുടെ ശാന്തി ശമിപ്പിക്കുന്നു. വ്യവസ്ഥാപിതങ്ങള്‍ മിക്കപ്പോഴും യാഥാര്‍ത്ഥ്യങ്ങളെ അടയാളപ്പെടുത്തുന്നില്ല. പിറന്നത് ഒരു സ്വര്‍ണക്കച്ചവടക്കാരന്റെ മകനായാണ്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛനെ കൂട്ടുകാരന്‍ വിഷം കൊടുത്തുകൊന്നു. കച്ചവടത്തിലെ പിണക്കമാണ് കാരണമെന്ന് ചിലര്‍ പറഞ്ഞു. അമ്മയുടെ സൗന്ദര്യം മൂലമെന്ന് മറ്റുചിലര്‍. എന്തായാലും അതുവരെ നല്ല നിലയില്‍ കഴിഞ്ഞ ഞങ്ങള്‍ ദുരിതത്തിലായി. യാത്രകളാണ് ഇന്ന് അമ്മയും അച്ഛനും ഗുരുവും. അടയുന്നവന്റെ രുദ്രകണ്ഠത്തില്‍ പിടയുന്ന പക്ഷിയുടെ ഒച്ച മാത്രമേ കേള്‍ക്കൂ.

Tuesday, June 5, 2012


കാലം


കരിവിളക്കില്‍ തിരിതെളിച്ച്
അമ്മ വിളമ്പിയ
അര്‍ത്ഥങ്ങള്‍
ഒരു വിളിയെപ്പോഴും
ബാക്കിവെച്ച് അമ്മ
ഉറങ്ങാതിന്നപ്പോള്‍
എന്റെ തലച്ചോറ്
തുരുമ്പു പിടിച്ചു.

ചിരിയൊടുങ്ങി
മിഴിയുണങ്ങാതെ
ഓര്‍മ്മിക്കാനോതിയ ആ
കത്തുന്ന വാക്കുകളാണെന്റെ
എന്റെ കവിതകള്‍.

ഇനി കാവുകള്‍ തളിര്‍ക്കില്ലെന്നും
പൂവുകള്‍ വിടരില്ലെന്നും
കവിത വരില്ലെന്നും
കരുതിയ കടുത്ത വേനല്‍.

കടമെടുത്ത മണ്ണും
കളിപറഞ്ഞ പെണ്ണും
പടിയിറങ്ങി.
പുതിയതൊക്കെ
പുതുമകളെന്നോതി
കാലത്തെ കവച്ചുവെച്ച
കണ്ണുകളില്‍ പെണ്ണിന്റെ ശാപം
കൂടുവെച്ചു.
പിന്നെ വര്‍ണ്ണങ്ങളെക്കുറിച്ചും
കല്ലുകളെക്കുറിച്ചും
പെണ്ണവള്‍ പറഞ്ഞപ്പോള്‍
എന്നിലെ കവി കാവിയുടുത്തിരുന്നു.


മിഴി തുറക്കുമ്പോള്‍


കാലം ഇപ്പോള്‍ മിഴി തുറക്കുന്നത്
സംവാദങ്ങളിലേക്കാണ്
സിദ്ധാന്തങ്ങള്‍
സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന
ഏകാധിപത്യത്തിന്റെ
ഗോപുരങ്ങളിലേക്ക്....

കാലം മിഴിതുറക്കുന്നത്
നഷ്ടപ്പെടലുകളിലേക്കാണ്
വെട്ടിപ്പിടിക്കുമ്പോള്‍
അന്യമാകുന്ന
ശൂന്യതയിലേക്ക്....

കാലം മിഴിതുറക്കുന്നത്
നൈരാശ്യത്തിലേക്കാണ്
വഴി മാറ്റങ്ങളില്‍ വരണ്ട
നിഗൂഢതകളിലേക്ക്.....

കാലം മിഴിതുറക്കുന്നത്
ഏകാന്തതയിലേക്കാണ്
കരാര്‍ ചെയ്യപ്പെടുന്ന
തരിശുഭൂമിയിലേക്ക്.....




വഴികള്‍

ഇവിടെ
ഒരു വഴിയുണ്ട്
രാവുകളില്‍
ഉറങ്ങാതെയും
വെയില്‍ പഴുത്ത
പകലുകളില്‍
തളരാതെയും
ഉടയാടകള്‍
ഉരിഞ്ഞെറിഞ്ഞ
അഭിസാരികയായിരുന്നു
ചിലര്‍ക്ക് ഈ വഴി
പാതിവ്രത്യം
മുഖംമൂടിയാക്കി
വഴിയില്‍ ചിലര്‍
പഴങ്കഥകള്‍
വലിച്ചെറിഞ്ഞു.
വഴികള്‍
വില ചോദിക്കാറില്ല
നടവഴികളും ഇടവഴികളും
പെരുവഴികളാകാറില്ല
എങ്കിലും
വഴിയെ പഴിക്കാതെ
മഴയെ ഭയക്കാറില്ല
വീടില്ല
വീട്ടിലേക്കുള്ള വഴിക്ക്
പെരുമയുമില്ല
നാടില്ല
നാട്ടിലെ വഴികളില്‍
പരിഭവമില്ല
വഴികളുടെ
മേല്‍വിലാസം
അടയാളങ്ങളാണ്
ചിത്രങ്ങള്‍
അവയുടെ നാമവും
തലമുറകള്‍
കോറിയിട്ട
മുറിവുകളിലാണ്
വഴികള്‍
മുഖംമിനുക്കിയത്
യാത്രക്കൊടുവില്‍
മറന്നുപോകുന്ന വഴികള്‍
നേരിന്റെ കണികകള്‍
വഴിയില്‍ വീണുമുളച്ചു
ചരിത്രത്തിലേക്ക്
നടക്കുമ്പോള്‍
അപ്പുറത്ത് ഒരു നദി
ഒഴുകാന്‍ വഴിയില്ലാതെ
വിതുമ്പുകയായിരുന്നു



കവിതയുടെ വീട്

നേര്‍ത്തു നേര്‍ത്ത്
അകന്നു പോകുന്ന
നിമിഷങ്ങളുടെ കണ്ണില്‍
നിന്റെ അക്ഷരങ്ങള്‍ക്ക്
എത്ര നിറമായിരുന്നു.

ഒരു പെണ്ണിന്റെ
കണ്ണില്‍ നോക്കുമ്പോള്‍
അകലെ
കല്‍പ്പടവുകളിറങ്ങി വരുന്ന
കവിതയുടെ
വളകിലുക്കം കേള്‍ക്കാം.
കവികള്‍
ഹൃദയത്തില്‍ സൂക്ഷിക്കുന്നത്
ഇരുണ്ട ഗര്‍ത്തങ്ങളോ
തണുത്ത വികാരങ്ങളോ...!

ഒരു പുഞ്ചിരിയില്‍ മാത്രം
ഋതുഭേദങ്ങള്‍
മിന്നി മറയുന്നു.

കാഴ്ചയുടെ കൈവെള്ളയില്‍
കാലം കമിഴ്ന്നു മുത്തവേ
ചേതനാ വ്യാപാരങ്ങളില്‍
നിന്റെ വീടിന്
ഇടനാഴികളില്ല.

ഒടുവില്‍ പടിയില്‍
എരിയുന്ന മെഴുകു തിരിയില്‍
കവിതയുടെ താക്കോല്‍ക്കൂട്ടങ്ങള്‍
ചിലമ്പി ചിതറിവീണു.




Monday, May 28, 2012


എന്റെ വീട്

മച്ചില്‍ വീണു ചിതറുന്ന
മഴത്തുള്ളിക്കിലുക്കത്തിനൊപ്പം
സ്വപ്നങ്ങളും നഷ്ടങ്ങളും
തമ്മില്‍ കലഹിക്കുന്നതാണ്
എന്റെ വീട്.

തണുത്ത രാത്രികളിലും
കറുത്ത സന്ധ്യകളിലും
ആരോടും പറയാതെ
പടിയിറങ്ങിയവരുടെ
വിലാപങ്ങള്‍ ഇടക്കിടെ
മുഴങ്ങാറുള്ളതാണ്
എന്റെ വീട്.

പ്രാര്‍ത്ഥനകള്‍
തടവറയൊരുക്കുന്ന
മങ്ങിയ മൗനങ്ങള്‍
വിതുമ്പാറുള്ളതാണ്
എന്റെ വീട്.

അക്ഷരങ്ങളില്‍
അഴുക്കു പുരളുമ്പോള്‍
അരുതെന്നു ചൊല്ലാന്‍
അമ്മയില്ലാത്തതാണ്
എന്റെ വീട്.

അര്‍ത്ഥവും അലങ്കാരവുമില്ലാതെ
കെട്ടിയുയര്‍ത്തിയ
പൊട്ടത്തരങ്ങളാണ്
എന്റെ വീട്.

നടക്കാന്‍ തുടങ്ങിയാല്‍
നഷ്ടങ്ങള്‍ പിന്നാലെ കൂടുന്ന
കഷ്ടപ്പെടലുകളുടെ
ഭാണ്ഡമാണ്
എന്റെ വീട്.

പണ്ടത്തെയാ നല്ലകാലം
പട്ടുകൊണ്ടു പൊതിഞ്ഞ്
വിളമ്പി മടുത്തപ്പോള്‍
എന്റെ വീടിന്റെ
വിളക്കണഞ്ഞിരുന്നു.