Wednesday, June 19, 2013

                               അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്...



തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന ഏറ്റവും രുചികരമായ ഭക്ഷണം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വരുന്നതാണ്. ജയില്‍ ചപ്പാത്തി, ചിക്കന്‍.... എത്ര നല്ല ഭക്ഷണമാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്.......... ഇത് സാധാരണക്കാര്‍ക്ക് ഒരാശ്വാസമാണ്.. വിലക്കയറ്റത്തിന്റെ ഈ കാലത്ത്.

എന്താണ് ഇതിന്റെ രഹസ്യമെന്നല്ലേ... വളരെ ശുചിത്വത്തോടെ തയാറാക്കുന്നതും,  ജയില്‍ മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൃത്യമായി നിരീക്ഷിക്കുന്നതുമാണ് പ്രത്യേകത. ഇതിന് നേതൃത്വം നല്‍കുന്നത് ജയില്‍ എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് ആണ്.

അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ ഓര്‍മവരുന്നത് പഴയൊരു കഥയാണ്. കുറെയേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, കേരളത്തിലെ പ്രബലനായ ഒരു നേതാവ് ഗതാഗത വകുപ്പ് ഭരിച്ചിരുന്ന കാലം.. കെ.എസ്.ആര്‍.ടി.സിയാകട്ടെ കടുത്ത നഷ്ടത്തിലും (ഇന്നത്തേതു പോലെ തന്നെ, ആരു ഭരിച്ചാലും രക്ഷപ്പെടാത്ത വകുപ്പ്). അങ്ങനെ ആ മന്ത്രി, അലക്‌സാണ്ടര്‍ ജേക്കബിനെ വിളിച്ചുവരുത്തി കെ.എസ്.ആര്‍.ടി.സിയുടെ എം.ഡിയാകണമെന്ന് ആവശ്യപ്പെട്ടു. അലക്‌സാണ്ടര്‍ ജേക്കബ് എന്ന ഉദ്യോഗസ്ഥന്റെ ചെറുപ്പകാലം. മിടുക്കരില്‍ മിടുക്കമെന്ന് വാഴ്ത്തപ്പെടുന്ന സമയം. മാത്രമല്ല, അന്നദ്ദേഹം, മറ്റൊരു പ്രമുഖ സ്ഥാനത്ത് കത്തിക്കയറുന്ന സന്ദര്‍ഭവും. മന്ത്രിയുടെ ക്ഷണം സ്വീകരിക്കാന്‍ തയാറായ അദ്ദേഹം കുറേ ഡിമാന്റുകള്‍ മുന്നില്‍ വെച്ചു.

1, ഞാന്‍ ചുമതലയേല്‍ക്കുന്ന അന്നുമുതല്‍ എല്ലാ കേരളീയര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര നല്‍കണം. (ആര്‍ക്കും കയറാം, ഇഷ്ടമുള്ള സ്ഥലത്ത് ഇറങ്ങാം, ടിക്കറ്റ് വേണ്ട)
2, എല്ലാ കണ്ടക്ടര്‍മാരെയും മറ്റേതെങ്കിലും ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് മാറ്റണം (അതായത് കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ബസ് കണ്ടക്ടര്‍ എന്ന തസ്തിക വേണ്ട).
3, ഓഫീസ് നിര്‍വഹണത്തിനും ബസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിനും ഏതാനും ഉദ്യോഗസ്ഥര്‍ മാത്രം ഡിപ്പോകളില്‍ മതി. മറ്റുള്ളവര്‍ക്കും മറ്റ് വകുപ്പുകളില്‍ നിയമനം നല്‍കണം. (ഓഫീസ് വര്‍ക്കുകള്‍ക്ക് മാത്രം ഉദ്യോഗസ്ഥര്‍)

ഇതെല്ലാം കേട്ട മന്ത്രി ഒരു നിമിഷം പകച്ചു നിന്നു....... ഇയാള്‍ക്ക് ഭ്രാന്തുണ്ടോ എന്ന മട്ടില്‍.
എന്നാല്‍ അടുത്ത നിമിഷം തന്നെ അലക്‌സാണ്ടര്‍ ജേക്കബ് തന്റെ കണക്കുകൂട്ടല്‍ പകര്‍ത്തിയ പേപ്പര്‍ മന്ത്രിക്കു മുന്നില്‍ വെച്ചു. വളരെ കൃത്യമായ രേഖ സഹിതം.
അതിങ്ങനെ: കണ്ടക്ടര്‍മാരുടെ ശമ്പളം ......................... ലക്ഷം
ടിക്കറ്റ് അച്ചടിക്കാനുള്ള ചെലവ് ......................... ലക്ഷം.
പ്രതിദിന വരുമാനം .................................
പ്രതിമാസ വരുമാനം..........................
ഇതോടെ മന്ത്രി ഞെട്ടി.
കണ്ടക്ടര്‍മാരുടെ ശമ്പളവും ടിക്കറ്റ് പ്രിന്റിംഗ് ചാര്‍ജും വെച്ചു നോക്കുമ്പോള്‍ വരുമാനത്തേക്കാള്‍ ഇരട്ടിയാണ് ചെലവ് (ഇന്ന് ടിക്കറ്റ് പ്രിന്റിംഗ് ഇല്ല) ഇതെല്ലാം ഒഴിവാക്കിയാല്‍ കെ.എസ്.ആര്‍.ടിക്ക് നഷ്ടം ഇത്രമാത്രം ഉണ്ടാകില്ല. നമുക്കും സന്തോഷം ജനങ്ങള്‍ക്കും സന്തോഷം. ജനം സൗജന്യ യാത്ര ചെയ്യട്ടെ..... ലോകത്ത് ആദ്യമായി സൗജന്യ യാത്ര അനുവദിച്ച മന്ത്രിയെന്ന നിലയില്‍ അങ്ങക്ക് അഭിമാനിക്കാം.......
ഇതാണ് ഈ മനുഷ്യന്റെ ദീര്‍ഘവീക്ഷണം. പക്ഷേ, മന്ത്രി പറഞ്ഞു.. 'പറ്റില്ല'
അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ 'കെ.എസ്.ആര്‍.ടി.സി എം.ഡി' എന്ന വരി ഇതുവരെയുണ്ടായില്ല. ഇനിയൊട്ടു ഉണ്ടാകുകയുമില്ല. ഏതായാലും ജയില്‍ വകുപ്പില്‍ ഇദ്ദേഹം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

(വര്‍ഷങ്ങള്‍ക്കു മുമ്പ് ചരല്‍ക്കുന്നില്‍ വെച്ചാണ് ആദ്യമായി അലക്‌സാണ്ടര്‍ ജേക്കബിനെ കാണുന്നത്.... ഇപ്പോള്‍ എന്റെ ജോലിയുടെ ഭാഗമായി മിക്കവാറും കാണാറുണ്ട്.)