Saturday, May 24, 2014

വരയിലെ കാണാക്കാര്യങ്ങള്‍ 

ഫിര്‍ദൗസ് കായല്‍പ്പുറം

ഒരു മലയാളി ചാലിച്ചെടുത്ത വര്‍ണങ്ങളില്‍ നിന്ന് ദേശങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന ക്യാന്‍വാസ്. ചിത്രകലയുടെ അതിസൂക്ഷ്മമായ വഴികളിലൂടെയുള്ള സഞ്ചാരം. ഭാരതീയ ഇതിഹാസങ്ങളും തത്വചിന്തയും പകര്‍ത്തി, ഗ്രീക്കു പുരാണങ്ങളിലേക്കും അറേബ്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നതയിലേക്കും ആ വരവര്‍ണങ്ങള്‍ യാത്രതുടരുന്നു. ഇത് ജോസഫ് പാലയ്ക്കല്‍ എന്ന ജെ.ആര്‍ പാലയ്ക്കല്‍. അമേരിക്കല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ പോലും സാന്നിധ്യമറിയിച്ച ചിത്രകാരന്‍. വരകളുടെയും നിറങ്ങളുടെയും ലോകത്ത് ഒരു മലയാളിക്ക് കടന്നുചെല്ലാവുന്നിടത്തെല്ലാം ഈ കരസ്പര്‍ശം ഇതിനകം അനുഭവിച്ചു കഴിഞ്ഞു. നിറങ്ങളാണ് പ്രപഞ്ചത്തെ അനുഭവവേദ്യമാക്കുന്നത്. നിറങ്ങളിലെ സൗന്ദര്യം തേടുകയാണ് ഓരോ ചിത്രകാരനും...


ചരിത്രം, പുരാണം, സമകാലികം 

ജെ.ആര്‍ പാലയ്ക്കലിന്റെ വരകളില്‍ വിവിധ കാലങ്ങള്‍ക്കൊപ്പം വിവിധ സംസ്‌കാരങ്ങളുടെ സൂചകങ്ങളുമുണ്ട്. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങളുടെ ആത്മാവ് ചോരാതെ സ്ഥാനംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചിത്രരചനയുടെ പരമ്പരാഗത സമ്പ്രദായങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം വരയിലൂടെ വേറിട്ട ചിന്തകള്‍ സമ്മാനിക്കുകയാണ് ഈ ചിത്രകാരന്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല മുതല്‍ ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമി വരെ ചായക്കൂട്ടങ്ങളുടെ മാസ്മരികതയാല്‍ ചുവരില്‍ തെളിയുന്നു. ശങ്കരാചാര്യരുടെ 45 ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
ഖുര്‍ആന്റെയും ദര്‍ശനം ഉള്‍ക്കൊള്ളുന്നതും അറേബ്യന്‍ സംസ്‌കാരത്തിന്റെ വിവിധ കാലങ്ങളെ അടയാളപ്പെടുത്തിയും പാലയ്ക്കല്‍ ചായം ചാലിച്ചത് പതിനായിരത്തോളം ചിത്രങ്ങള്‍ക്കാണ്. ഓരോ ദേശത്തെയും കലയും സംഗീതവും നൃത്തവുമാണ് വരകളിലൂടെ സര്‍ഗസഞ്ചാരം നടത്തുന്നത്. ക്രിസ്തു, ബൈബില്‍ കാല സന്ദര്‍ഭങ്ങള്‍ എന്നിവ പ്രമേയമാക്കി ആയിരക്കണക്കിന് ചിത്രങ്ങള്‍. യൂറോപ്പിനെക്കാള്‍ മികച്ച ചിത്രകലാ പാരമ്പര്യമാണ് അറേബ്യക്കുള്ളത്.
ഇന്ത്യയില്‍ ഗാന്ധിജിയെ വരയ്ക്കാത്ത ചിത്രകാരന്മാരില്ല. എന്നാല്‍ ഉത്തര്‍ പ്രദേശിലെ പ്രശസ്തനായ ചിത്രകാരന്‍ ജെ.പി സിംഗാളിന് ശേഷം തനിമയുള്ള ഗാന്ധിചിത്രത്തിന് ജന്മം നല്‍കിയത് പാലയ്ക്കലാണ്. എട്ടു ഗാന്ധി ചിത്രങ്ങളാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെതായി വിപണിയിലുള്ളത്. നൂറ് വര്‍ഷത്തിന് മുമ്പ് രാജാ രവിവര്‍മ ഉപയോഗിച്ചിരുന്ന വിന്‍സന്‍ ആന്റ് ന്യൂട്ടണ്‍ കമ്പനിയുടെ ചായക്കൂട്ടാണ് പാലയ്ക്കല്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്നത്. 125 വര്‍ഷം പഴക്കമുള്ളതാണ് ഈ കമ്പനി.

സി.എച്ച് മഹാനായ ദാര്‍ശനിക പ്രതിഭ

ജെ.ആര്‍ പാലയ്ക്കല്‍ വരച്ച ആകെ ചിത്രങ്ങളുടെ എണ്ണം അഞ്ചുലക്ഷത്തിലേറെ. ഏതാണ്ട് അത്രതന്നെ ശില്‍പങ്ങള്‍ക്കു വേണ്ടിയും കരവിരുത് തെളിയിച്ചു. എന്നാല്‍ സി.എച്ച് മുഹമ്മദ് കോയെയ പോലെ മഹാനായൊരു നേതാവിനെ വരയ്ക്കാനും ആ ചിത്രം നിയമനിര്‍മാണസഭയുടെ ചരിത്ര സ്മാരകമായ പഴയ അസംബ്ലി ഹാളില്‍ സ്ഥാപിക്കാനുമായത് ജീവിതത്തിലെ വലിയ ഭാഗ്യമെന്ന് കരുതുന്നു ഇദ്ദേഹം. സി.എച്ചിന്റെ ചിത്രം വരയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിക്കുമ്പോള്‍ നാടായ നാടൊക്കെ അലഞ്ഞു, പൂര്‍ണഭാവത്തോടെ ശിരസുയര്‍ത്തി നില്‍ക്കുന്ന ഒരു സി.എച്ച് ഫോട്ടോക്കുവേണ്ടി. ആയിരക്കണക്കിന് ഫോട്ടോ കണ്ടു, എന്നാല്‍ ഒന്നില്‍ പോലും താന്‍ തൃപ്തനായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ ഡോ.എം.കെ മുനീറുമായി സംസാരിച്ചു, സി.എച്ചുമായി സൗഹൃദം നിലനിര്‍ത്തിയ പലരുമായും ആശയവുനിമയം നടത്തി. വരയില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം കൂടി വ്യക്തമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അക്കാര്യത്തില്‍ താന്‍ വിജയിച്ചതായി കരുതുന്നു. സി.എച്ചിനെ ഒരു രാഷ്ട്രീയനേതാവായോ മുന്‍മുഖ്യമന്ത്രിയായോ മുസ്‌ലിം ലീഗ് നേതാവായോ കാണുന്നതിനെക്കാള്‍ ഈ ചിത്രകാരന്റെ മനസില്‍ സി.എച്ച് മഹാനായ ദാര്‍ശനിക പ്രതിഭയാണ്, ആഴത്തില്‍ സാമൂഹ്യ ജീവിതത്തെ പഠിച്ച ചിന്തകനും എഴുത്തുകാരനുമാണ്.

വൈറ്റ് ഹൗസിലേക്ക്

വിശ്വാസികള്‍ക്ക് വിസ്മരിക്കാനാവാത്ത 'അവസാനത്തെ അത്താഴം' ഉള്‍പ്പെടെ ജെ.ആര്‍ പാലയ്ക്കല്‍ വരച്ച നാല് ചിത്രങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരിന്ത്യന്‍ ചിത്രകാരന് ലഭിക്കുന്ന അപൂര്‍വ ബഹുമതി. 1990ലാണ് വൈറ്റ്ഹൗസിന്റെ ഗ്യാലറിയില്‍ ഈ ചിത്രങ്ങള്‍ക്ക് ഇരിപ്പിടം ലഭിച്ചത്. തുടര്‍ന്ന് ഇന്നോളമുള്ള എല്ലാ പ്രസിഡന്റുമാരും ഈ ഇന്ത്യന്‍ ചിത്രകാരനെ കുറിച്ച് അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു. ഇറ്റലിയിലെ മോണ്ടിചാപ്പല്‍ ദേവാലയത്തില്‍ ആരാധിക്കുന്ന ക്രിസ്തുവിന്റെ രൂപവും ഇദ്ദേഹത്തിന്റേതാണ്. എന്നാല്‍ രാജ്യാതിര്‍ത്തി കടന്ന ഈ ചിത്രകാരന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല.
തിരുവനന്തപുരത്ത് രാജ്ഭവന്റെ പൂജാമുറിയിലെ സരസ്വതീ ചിത്രം പാലയ്ക്കലിന്റേതാണ്. സിക്കന്തര്‍ ഭക്ത് ഗവര്‍ണര്‍ ആയിരിക്കെയാണ് ഇത് സ്ഥാപിച്ചത്. കേരളത്തിലെത്തിയ എല്ലാ ഗവര്‍ണര്‍മാരുമായും സൗഹൃദം നിലനിര്‍ത്തുന്ന പാലയ്ക്കലിലെ ഗവര്‍ണര്‍മാരുടെ ചിത്രകാരന്‍ എന്നാണ് അറിയപ്പെടുന്നത്.  
1954 ഏപ്രില്‍ 16ന് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കടുപ്പിശേരി പാലയ്ക്കല്‍ തറവാട്ടിലാണ് ജോസഫിന്റെ ജനനം. അച്ഛന്‍ ജോസഫ് റോക്കി പാലയ്ക്കല്‍ ചിത്രകാരനായിരുന്നു. അച്ഛന്‍ പകുതി വരച്ചുവെക്കുന്ന ചിത്രങ്ങള്‍ ആരും കാണാതെ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് വര്‍ണങ്ങളുടെ ലോകത്തേക്ക് കടന്നുവന്നത്. 15-ാം വയസില്‍ ജോര്‍ജ് മേച്ചേരി വൈദ്യര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ കുടുംബ ചിത്രമാണ് ആദ്യമായി വരയ്ക്കുന്നചിത്രം. ഏറ്റവും നല്ല പിന്തുണ നല്‍കിയത് അച്ഛനായിരുന്നു. കലാകാരന്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അവരുടെ കാര്യം സമൂഹം നോക്കിക്കൊള്ളുമെന്നും കരുതി ചിത്രകലക്കു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ഒരു ഭൂതകാലമാണ് ഇദ്ദേഹത്തിനുള്ളത്. 1984ല്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് വരയുടെ വഴികളിലെ സങ്കീര്‍ണതകളിലൂടെ യാത്ര തുടങ്ങിയത്. ഒന്നും വെട്ടിപ്പിടിക്കാന്‍ ശ്രമിക്കാതെ, തികച്ചും സ്വതന്ത്രമായ സഞ്ചാര മാര്‍ഗങ്ങളിലൂടെ ചിത്രങ്ങളും ശില്‍പങ്ങളുമായി മുന്നോട്ടുപോയി. അപ്രതീക്ഷിതമായി പല പ്രമുഖരുമായും ബന്ധപ്പെടാന്‍ സാഹചര്യമുണ്ടായി. അതില്‍ എടുത്തുപറയേണ്ടത് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന എ.പി.ജെ അബ്ദുല്‍ കലാമുമായുള്ള ബന്ധമാണ്. പാലയ്ക്കലിന്റെ ചിത്രം കണ്ട അദ്ദേഹം ചിത്രകാരനെ കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തി ഉപഹാരം നല്‍കുകയായിരുന്നു.


നൃത്ത ശില്‍പങ്ങള്‍

നൃത്തകലയെ സ്‌നേഹിക്കുന്ന ചിത്രകാരനാണ് പാലയ്ക്കല്‍. തിരുവനന്തപുരം കണിയാപുരത്തുള്ള ഗ്യാലറി നിറയെ ലോക നൃത്തശില്‍പങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത മാതൃകകളാണുള്ളത്. ഇന്നോളം നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ നടരാജ ശില്‍പവും പാലയ്ക്കലിന്റേതാണ്. 14 അടി ഉയരമുള്ള നടരാജനൃത്ത ശില്‍പം തിരുവനന്തപുരം എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റിയൂട്ടിന് മുന്നില്‍ കാണാം. 16.5 ലക്ഷം രൂപയാണ് ഇതിന് ചെലവാക്കിയത്. ഒട്ടേറെ ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും 'നടരാജ' ഒരു ശ്രദ്ധേയമായ വര്‍ക്കായിരുന്നു. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളില്‍ എക്‌സിബിഷനുകള്‍ നടത്തിയിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ പാലയ്ക്കല്‍ ചിത്രങ്ങള്‍ വ്യാപകമായി വിലയിരുത്തപ്പെട്ടു. 2006ലാണ് അവസാന എക്‌സിബിഷന്‍ നടത്തിയത്. ലോക ചിത്രകലയെ കുറിച്ച് രചിക്കപ്പെട്ടിട്ടുള്ള നാല് ലക്ഷത്തോളം പുസ്തകങ്ങളുടെ അപൂര്‍വ ശേഖരവും പാലയ്ക്കലിന് സ്വന്തം.
തിരുവനന്തപുരം മലയിന്‍കീഴിലെ വീട്ടില്‍ വരയും ചിന്തയും വായനയുമായി കര്‍മനിരതനാണ് ജോസഫ് പാലയ്ക്കല്‍. ഇനി യയാതിയെ വരയ്ക്കണം, പുരാണങ്ങളില്‍ നന്മയുടെ പാതകളിലൂടെ നടന്ന എല്ലാ കഥാപാത്രങ്ങളെയും വരയ്ക്കണം, അക്ഷരക്കൂട്ടങ്ങളില്‍ അനുഭവങ്ങളിലേക്ക് നടക്കുമ്പോള്‍ ചായക്കൂട്ടുകളില്ലാതെ പാലയ്ക്കലിന് മറ്റൊരു ജീവിതമില്ല.

(2014 മെയ് 25 ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)



Sunday, May 4, 2014



അനന്തപുരിയില്‍ ഒരുങ്ങുന്നു മാന്ത്രിക കൊട്ടാരം

ഫിര്‍ദൗസ് കായല്‍പ്പുറം
ഇന്ദ്രജാലം കേവലം വിസ്മയമല്ല, അതൊരു കലയാണ്, റിയാലിറ്റിയാണ്. മാസ്മരിക വലയത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന വസ്തുക്കളെ പോലെ മാജിക് എന്ന കലയുടെ ചരിത്രരേഖകളും വിസ്മൃതിയിലേക്ക് നീങ്ങാന്‍ പാടില്ല. കലകളുടെയും സംസ്‌കാരത്തിന്റെയും കൈവഴികളില്‍ മാജിക്കിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഇതാ ഒരു മജീഷ്യന്‍...
വിസ്മയ ചരിത്രത്തെ പൊതിഞ്ഞു നില്‍ക്കുന്ന റിയാലിറ്റിയാണ് മാജിക്കെങ്കില്‍ അതിന് ബി.സി 5000 മുതല്‍ സമകാലിക വര്‍ത്തമാനങ്ങള്‍ വരെ നീളുന്ന സുദീര്‍ഘമായ ഒരു പാരമ്പര്യമുണ്ട്. സമ്പന്നമായ ഈ ചരിത്രത്തില്‍ നിന്ന് 'എസ്‌കേപ്' ചെയ്യാതെ കലയുടെ സര്‍ഗചൈതന്യത്തെ മാറോടു ചേര്‍ത്തുവെക്കുകയാണ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഇന്ത്യന്‍ മാജിക്കിന്റെ ഭൂതവും വര്‍ത്തമാനവും അറിയാനും അറിയിക്കാനും ഒരു ചരിത്ര മ്യൂസിയം എന്ന സ്വപ്നത്തെ സാക്ഷാത്കാരത്തോട് അടുപ്പിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് അദ്ദേഹം. ലോകത്തില്‍ തന്നെ ആദ്യമായി ഒരു 'മാന്ത്രിക കൊട്ടാരം' തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുന്നു. ലോക മാജിക് ദിനമായ ഒക്‌ടോബര്‍ 31ന് ലോകത്തിലെ 1500 മജീഷ്യന്മാരെ സാക്ഷിയാക്കി അനന്തപുരി പുതിയൊരു ചരിത്രവഴിത്തിരിവിലേക്ക് കടക്കുന്നതിന്റെ തിരക്കിലാണ് മുതുകാട്.
'എല്ലാവരെയും വിസ്മയിപ്പിക്കുന്ന മജീഷ്യന്മാരുടെ ദുരിത ജീവിതത്തിന്റെ കാണാക്കാഴ്ചകള്‍ക്ക് കൂടി മാജിക് പ്ലാനറ്റ് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു'- പദ്ധതിയെ കുറിച്ച് മുതുകാടിനുള്ളത് വളരെ വലിയ സ്വപ്നങ്ങളാണ്.

വിസ്മയ സ്‌നേഹികള്‍ക്ക് സ്വാഗതം
മാജിക്കിന്റെ എല്ലാ തലങ്ങളെയും സൂക്ഷ്മമായി വിലയിരുത്തുന്ന ഒരു മാന്ത്രിക കൊട്ടാരം സ്ഥാപിക്കണമെന്നും ലോകത്ത് മാജിക് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ആസ്ഥാനമായി ഇത് മാറണമെന്നുമുള്ള ആശയം ഗോപിനാഥ് മുതുകാടിനുണ്ടായത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതൊരു സ്വപ്നമായി കൊണ്ടുനടന്നു. പലരോടും ഈ സ്വപ്നം പങ്കുവെച്ചു. പലപ്പോഴായി ധനസമാഹരണത്തിന് ശ്രമിച്ചു. പക്ഷേ, സ്വപ്നം സ്വപ്നമായി തന്നെ അവശേഷിച്ചു. ഒടുവില്‍ തിരുവനന്തപുരത്തെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചതോടെയാണ് തന്റെ സ്വപ്നം വെറും മായയാകില്ലെന്ന് മുതുകാട് ഉറപ്പിച്ചത്.
ഇപ്പോള്‍ ക്രിന്‍ഫ്രയില്‍ മാജിക് പ്ലാനിറ്റോറിയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മാജിക് എന്ന കലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വലിയൊരു കൂട്ടായ്മയാണ് ഒക്‌ടോബര്‍ മുതല്‍ കേരള തലസ്ഥാനുണ്ടാകുന്നത്. മാജിക്കിന്റെ ലോകത്തെ മുതുകാടും സംഘവും കേരളത്തിലേക്ക് വിളിക്കുകയാണ്. ഇന്ത്യന്‍ മാജിക്കിന്റെ ചരിത്രം ഏറെക്കുറെ വ്യക്തമാക്കാന്‍ കഴിയുന്ന പ്ലാനിറ്റോറിയത്തില്‍ ആറ് ഓഡിറ്റോറിയങ്ങളാണ് സജ്ജീകരിക്കുന്നത്. കൂടാതെ ഭൂമിക്കടിയില്‍ ഒരു ടണല്‍ നിര്‍മിക്കുന്നുണ്ട്. 'ഇന്ത്യന്‍ റോപ്പ് ട്രിക്' പോല ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കഴിയാതിരുന്ന മാന്ത്രിക വിസ്മയങ്ങള്‍ പ്ലാനറ്റില്‍ അത്ഭുതക്കാഴ്ചയാകും. മാജിക്കിന്റെ ശാസ്ത്രീയതയെപ്പറ്റി സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് മാജിക് പ്ലാനിറ്റോറിയത്തിലൂടെ ലക്ഷ്യമിടുന്നത്. നിഴല്‍ മാജിക് മുതല്‍ ശാസ്ത്രവും സാഹിത്യത്തിലെ മാജിക്കല്‍ റിയലിസവും മുതുകാടിന്റെ കൊട്ടാരത്തില്‍ ഇടംപിടിക്കുന്നുണ്ട്. മാജിക്കിന്റെ പിറവിക്കും വളര്‍ച്ചക്കും ഇടം നല്‍കിയ തെരുവുകളെയും മുതുകാട് വിസ്മരിക്കുന്നില്ല. തെരുവ് മജീഷ്യന്‍മാര്‍ക്കും പ്ലാനിറ്റോറിയത്തില്‍ മാന്യമായ ഇടം നല്‍കും.

തെരുവില്‍ നിന്ന് പ്ലാനറ്റിലേക്ക്
നാലുചുറ്റിലും തിങ്ങിക്കൂടുന്ന ജനങ്ങളുടെ നഗ്നനേത്രങ്ങളെ വിസ്മയിപ്പിച്ച്, ഒടുവില്‍ രോഗവും ദാരിദ്ര്യവും പട്ടിണിയും ബാക്കിയായി ജീവിതത്തില്‍ ഒന്നും നേടാതെ കാലം കടന്നുപോകുന്നവരാണ് തെരുവ് മാജിക്കുകാര്‍. സമൂഹം ഒരിക്കലും അവരുടെ നൊമ്പരങ്ങള്‍ കാണുന്നില്ല, ഒരു സര്‍ക്കാരുകളും അവരെ ഏറ്റെടുക്കുന്നില്ല. മുബൈ അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലിന്നും യാന്ത്രികമായി ജീവിച്ചു തീര്‍ക്കുകയാണവര്‍. മാജിക് എന്ന കലയോടുള്ള പ്രതിബദ്ധത കൊണ്ടുമാത്രം ഈ രംഗത്ത് തുടരുന്നവര്‍. പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമില്ലാത്തവര്‍, കളര്‍ഫുള്‍ വേദികളോ ശിതീകരിച്ച ഓഡിറ്റോറിങ്ങളോ കണ്ടിട്ടില്ലാത്തവര്‍... അവര്‍ക്കാകണം മാജിക് പ്ലാനറ്റ് മുന്‍ഗണന നല്‍കുക. അവരെ പുനരധിവസിപ്പിക്കണം. അവരുടെ കുട്ടികള്‍ക്ക് മാന്യമായ വിദ്യാഭ്യാസം നല്‍കണം. അവരെയും കലാകാരന്മാരുടെ പട്ടികയില്‍ പെടുത്തി ജീവിത സാഹചര്യമൊരുക്കണം. തെരുവില്‍ മാജിക് അവതരിപ്പിക്കുന്നവനാണ് മാജിക്കിലെ യഥാര്‍ത്ഥ കലാകാരന്‍ എന്ന സത്യം അംഗീകരിക്കണം. ഈ മാന്ത്രിക കൊട്ടാരത്തില്‍ 100 മജീഷ്യന്മാര്‍ക്ക് സ്ഥിരമായി ജോലി നല്‍കും.
ജാലവിദ്യയിലെ കളിയും കാര്യവും
വളരെ ഗൗരവത്തോടെ തന്നെയാണ് മാജിക് പ്ലാനറ്റിന്റെ അകത്തളം സജ്ജീകരിച്ചിട്ടുള്ളത്. കാഴ്ചകള്‍ക്കും ആസ്വാദനത്തിനുമപ്പുറം വിവിധ പഠനശാഖകളും ഇവിടെ സമ്മേളിക്കുന്നു. മാജിക്കില്‍ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്ന ഏഷ്യയിലെ ആദ്യ സ്ഥാപനമായ അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസിന്റെ ആശയമാണ് മാജിക് പ്ലാനറ്റ്. ശാസ്ത്രം, ഗണിതം, സാഹിത്യം തുടങ്ങിയവയിലെയെല്ലാം മാന്ത്രികഘടകങ്ങള്‍ കുട്ടികള്‍ക്ക് അനുഭവിച്ചറിയാനുള്ള ഒട്ടേറെ വിനോദോപാധികളാണ് ഇവിടെ ഒരുക്കുന്നത്. ഏഴ് മണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് കാണാനും പഠിക്കാനും മാന്ത്രിക കൊട്ടാരത്തില്‍ കാഴ്ചകളുണ്ടാകും. ഭൗമാന്തര്‍ഭാഗത്തുള്ള തുരങ്കം, കണ്ണാടിക്കുരുക്ക്, ഗണിതാഭിരുചി വളര്‍ത്താനുതകുന്ന വെര്‍ച്വല്‍ സൂപ്പര്‍മാര്‍ക്കറ്റ്, കുട്ടികളുടെ പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, തല്‍സമയ പരിപാടികള്‍ അവസരിപ്പിക്കാനുള്ള ഗവേഷണ വികസന വിഭാഗം തുടങ്ങിയവയെല്ലാം തയാറാക്കും. മാത്ത് മാജിക് വിഭാഗം കൗല ഗ്രൂപ്പാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ഒരു കഥപറച്ചിലുകാരനില്‍ നിന്ന് നേരിട്ട് നാടോടിക്കഥകളും മറ്റും കുട്ടികള്‍ക്ക് കേള്‍ക്കാനുതകും വിധം വൃക്ഷത്തണലില്‍ പ്രത്യേക ഇടവും ക്രമീകരിക്കുന്നുണ്ട്. മാന്ത്രികത കേന്ദ്രപ്രമേയമായ വില്യം ഷേക്‌സ്പിയറിന്റെ “'ദി ടെംപസ്റ്റ്' എന്ന നാടകത്തിന്റെ മാന്ത്രിക പുനരവതരണവും മാജിക് പ്ലാനറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. സാഹിത്യത്തിന്റെ സൗന്ദര്യവും ആകര്‍ഷണീയതയും കുട്ടികള്‍ക്ക് മനസിലാക്കാനുതകും വിധത്തിലാണ് ഇതിന്റെ രൂപകല്‍പന. ഒരു ദിവസം 500 പേര്‍ക്കു മാത്രമായിരിക്കും ഇവിടെ പ്രവേശനം അനുവദിക്കുക.

പിന്തുണയുമായി സര്‍ക്കാര്‍
ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നപ്പോള്‍ ഭൂമി അനുവദിച്ചുതന്ന സംസ്ഥാന സര്‍ക്കാര്‍, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും മികച്ച പിന്തുണയാണ് നല്‍കിവരുന്നത്. മന്ത്രി ഡോ.എം.കെ മുനീര്‍ പ്ലാനറ്റിന്റെ നിര്‍മാണത്തിന് വേണ്ടി ഒട്ടേറെ സഹായങ്ങള്‍ ചെയ്തു. പദ്ധതി പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്തുകളെയും നഗരസഭകളെയും സഹകരിപ്പിക്കാന്‍ അദ്ദേഹം ഉത്തരവിറക്കി.
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് മാജിക് പ്ലാനറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മന്ത്രിമാരായ  കെ.സി. ജോസഫ്, വി.എസ് ശിവകുമാര്‍, കെ.പി അനില്‍കുമാര്‍, കെ.പി മോഹനന്‍ എന്നിവര്‍ പ്ലാനറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിക്കുന്നുണ്ട്. പ്ലാനറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാമെന്ന് മുതുകാട് പറയുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു സാംസ്‌കാരിക സ്ഥാപനനമായി പ്രവര്‍ത്തിപ്പിച്ചാല്‍ നന്നായിരിക്കും. കാഴ്ചകള്‍ ധാരളമുള്ള അനന്തപുരിയില്‍ മാന്ത്രിക കൊട്ടാരം തുറക്കുമ്പോള്‍ പ്രിയമിത്രം മോഹന്‍ലാലിന്റെ എല്ലാ പിന്തുണയും മുതുകാടിനുണ്ട്.

ജീവിതത്തിന്റെ പ്ലാനറ്റ്
കേരളത്തിലെ ആദ്യത്തെ മാജിക് അക്കാദമി ആരംഭിച്ചത് മുതുകാടാണ്- തിരുവനന്തപുരത്ത് 1996 മുതല്‍ അക്കാദമി പ്രവര്‍ത്തിച്ചുവരുന്നു. സംഗീതവും കലയും സാംസ്‌കാരിക സായാഹ്നങ്ങളും കൊണ്ട് ശ്രദ്ധേയമാവുകയാണ് പൂജപ്പുരയിലുള്ള അക്കാദമി. യോഗ ഉള്‍പ്പെടെയുള്ള ക്ലാസുകള്‍ക്കായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അക്കാദമിയിലുള്ളത്. 2002ലെ വിസ്മയ ഭാരത യാത്രയും 2004ലെ ഗാന്ധിമന്ത്രയും 2007ലെ വിസ്മയ സ്വരാജും മുതുകാടിനെ ദേശീയ ശ്രദ്ധയിലെത്തിച്ച മാജിക് സംരംഭങ്ങളായിരുന്നു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് വിവിധ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്ന മുതുകാട്, മാജിക് പ്ലാനറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ചരിത്രത്തിലിടം നേടുകയാണ്. മാജിക്കുമായി ബന്ധപ്പെട്ട് ഇത്രയധികം പദ്ധതികള്‍ നടപ്പിലാക്കിയ മറ്റൊരു മജിഷ്യന്‍ ഇന്ത്യാ ചരിത്രത്തില്‍ വേറെയില്ല. ഇന്ത്യന്‍ മാജിക്കിന്റെ ചരിത്ര രചനയാണ് മുതുകാടിന്റെ അടുത്ത ലക്ഷ്യം. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോരോ സ്വപ്നങ്ങളെ ശിരസിലേറ്റിയാണ് ഈ മാന്ത്രികന്റെ ജീവിതം. ജീവിതത്തിലാകട്ടെ 'മാജിക്' തീരെയില്ല.

(2014 മെയ് 3 ചന്ദ്രിക വാരാന്തപ്പതിപ്പ്)

         മദ്യം:  ഉപയോഗ വര്‍ധനവ് സാമൂഹ്യം പ്രശ്‌നം

വി.എം സുധീരന്‍/ ഫിര്‍ദൗസ് കായല്‍പ്പുറം

കേരളം മദ്യം ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ ഇന്ന് വളരെ മുന്നിലാണ്.  മദ്യത്തിന്റെ ഉപയോഗത്തെ സംബന്ധിച്ചിടത്തോളം നാം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. കേരളത്തിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ആളുകള്‍ മദ്യം ഉപയോഗിക്കുന്നവരാണെന്നാണ് കണ്ടെത്തല്‍.  അതില്‍ത്തന്നെ  മദ്യത്തിന് അടിമകളായിട്ടുള്ളവരുമുണ്ട്.  മയക്കുമരുന്നുശീലമുള്ളവര്‍ 25,000 ഓളം പേര്‍ വരും. 2012-13 ല്‍ മദ്യപാനത്തിനായി കേരളീയര്‍ 24,877.25 കോടി രൂപ ചെലവഴിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
1999 ല്‍, പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി വന്നതോടെ പുകവലിക്കാരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും, കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും മധുരമിഠായി, പെന്‍ സിഗരറ്റ് തുടങ്ങിയ ലഹരിവസ്തുക്കളുടെയും ഉപയോഗം ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 
അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിനു തൊഴിലാളികള്‍ കേരളത്തില്‍ എത്താന്‍ തുടങ്ങിയതോടെ ലഹരിവസ്തുക്കളുടെ കള്ളക്കടത്തും അനധികൃതവില്‍പനയും ദുരുപയോഗവും  വ്യാപകമായി.
കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്) നടത്തിയ പഠനത്തില്‍, കഴിഞ്ഞ ഇരുപതുവര്‍ഷത്തിനുള്ളില്‍ 21 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ക്കിടയില്‍ മദ്യോപയോഗം 900 ശതമാനം ഉയര്‍ന്നു എന്നു കണ്ടെത്തുകയുണ്ടായി. 1990 ല്‍ മൊത്തം മദ്യോപയോക്താക്കളില്‍ 21 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം കേവലം  രണ്ടു ശതമാനമായിരുന്നെങ്കില്‍ 2010 ല്‍ അത് 18 ശതമാനമായി കൂടി. അതുപോലെ, 1986 ല്‍ മദ്യം ഉപയോഗിക്കുന്നവരുടെ കുറഞ്ഞ ശരാശരി പ്രായം 19 വയസ്സായിരുന്നെങ്കില്‍ 2011 ല്‍  അത് 13.5 വയസ്സായി കുറയുകയാണു ചെയ്തത്. പുരുഷന്മാരോടൊപ്പം സ്ത്രീകളും മദ്യപാനം ശീലമാക്കുന്നു എന്നതും പുതിയ ഒരു പ്രവണതയാണ്. 
കേരളത്തില്‍ മദ്യത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗത്തിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധന പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്.  മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍, ക്രമസമാധാനപ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള  അതിക്രമങ്ങള്‍,  കുടുംബത്തകര്‍ച്ചകള്‍, ലൈംഗികകുറ്റകൃത്യങ്ങള്‍, ക്രൂരമായ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, വിവാഹമോചനങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, തട്ടിപ്പുകള്‍, വാഹനാപകടങ്ങള്‍ എന്നിവയൊക്കെ നമ്മുടെ സാമൂഹികജീവിതത്തിന്റെ ഭദ്രതയെ ഗുരുതരമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു.
ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം അതുപയോഗിക്കുന്ന വ്യക്തിയെ മാത്രമല്ല, ആ വ്യക്തിയുടെ കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും ദോഷകരമായി ബാധിക്കുന്നു.  ധാര്‍മ്മികവും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും ആരോഗ്യപരവുമായ അധഃപതനമാണ് ഇതിലൂടെ സംഭവിക്കുന്നത്. 
ലഹരിയുടെ ഉപയോഗം ആരംഭിച്ച് അതിന് അടിമയായിക്കഴിഞ്ഞാല്‍ അത്തരക്കാരെ ലഹരിവിമുക്തിയിലേക്ക് മടക്കിക്കൊണ്ടുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലഹരി ഉപയോഗത്തിലേക്കു വഴുതിവീഴാതെ നോക്കുക എന്നതാണ് അഭികാമ്യം. ഇതിന് പ്രധാനമായി ആവശ്യം  സമൂഹത്തില്‍ ഊര്‍ജിതവും വ്യാപകവുമായ പ്രചാരണവും ബോധവല്‍ക്കരണവും നടത്തുക എന്നുള്ളതാണ്. ഒപ്പം, ലഹരിക്ക് അടിമകളായവരെ ചികിത്സിക്കുകയും പുനരധിവസിപ്പിക്കുകയും വേണം. 
മദ്യോപയോഗവും മദ്യലഭ്യതയും ക്രമേണ കുറച്ചുകൊണ്ടുവരിക എന്നതാണ് കോണ്‍ഗ്രസിന്റെയും ഐക്യജനാധിപത്യമുന്നണിയുടെയും പ്രഖ്യാപിതനയം. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ രാഷ്ട്രീയകക്ഷികളും വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും ആദ്ധ്യാത്മികസംഘടനകളും മതസംഘടനകളും ത്രിതല പഞ്ചായത്ത്-നഗരസഭാസംവിധാനങ്ങളും സംസ്ഥാനസര്‍ക്കാരും മറ്റും ഉള്‍പ്പെട്ട അതിവിപുലമായ ഒരു ലഹരിവിരുദ്ധപ്രസ്ഥാനം നമ്മുടെ സംസ്ഥാനത്ത് ശക്തമായി പ്രവര്‍ത്തിക്കേണ്ടതാവശ്യമാണ്. ഇത് പൊതുസമൂഹത്തെത്തന്നെ ഗണ്യമായി സ്വാധീനിക്കുന്ന ഒരു വലിയ പ്രസ്ഥാനമായി ഭാവിയില്‍ പരിണമിക്കണം.  അക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഈയിടെ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
കൂടാതെ, മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍, എക്‌സൈസ് വകുപ്പ്, പൊലീസ് വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേസ്വയംഭരണവകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹികക്ഷേമവകുപ്പ് എന്നിവയുടെ പ്രാതിനിധ്യത്തോടെ സര്‍ക്കാര്‍ തലത്തില്‍ വ്യാപകമായ ഒരു സംവിധാനം പ്രവര്‍ത്തനസജ്ജമാകണം. 
ഇപ്രകാരം, ലഹരി ഉപയോഗത്തിനെതിരെ ഒരു മഹാപ്രസ്ഥാനം കേരളത്തില്‍ രൂപംകൊള്ളുന്നതിലൂടെ മാത്രമേ ഇന്ന് അഭിമുഖീകരിക്കുന്ന മഹാദുരന്തത്തില്‍നിന്ന് നമുക്കു രക്ഷ നേടാനാവുകയുള്ളു.



(2014 മെയ് 3 ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പ്)