Saturday, June 25, 2016

 
വൈലിത്തറ പ്രസംഗിക്കുകയാണ്

ഫിര്‍ദൗസ് കായല്‍പ്പുറം

വേനല്‍മഴ പെയ്തുതോര്‍ന്ന പ്രഭാതത്തില്‍ കുതിച്ചൊഴുകുന്ന പല്ലനയാറിന് ആലപ്പുഴയുടെ തീരസൗന്ദര്യം നിറഞ്ഞുനിന്നു. പാനൂര്‍ ഗ്രാമത്തിലേക്കുള്ള യാത്ര. പ്രഭാഷണകലയിലൂടെ തലമുറകളുടെ മതബോധത്തിന് കരുത്തേകിയ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ ഭവനത്തിലെത്തുമ്പോള്‍ അദ്ദേഹം പത്ര പാരായണത്തിലായിരുന്നു. വാര്‍ധക്യത്തിന്റെ നേരീയ അവശതകളുണ്ട്. എങ്കിലും സമകാലിക രാഷ്ട്രീയവും സാമൂഹ്യവിഷയങ്ങളും പത്രങ്ങളിലൂടെ മൗലവി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇസ്‌ലാമിക ദര്‍ശനങ്ങളുടെ വെളിച്ചം മലയാളിയുടെ സാമൂഹ്യജീവിതത്തിലേക്ക് പകര്‍ന്നുനല്‍കിയ അഞ്ചര പതിറ്റാണ്ടിന്റെ സുദീര്‍ഘമായ യാത്രക്കൊടുവില്‍ വൈലിത്തറ വിശ്രമ ജീവിതത്തിലാണ്.

1960കള്‍ മുതല്‍ ഇസ്‌ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക സായാഹ്നങ്ങളിലേക്ക് കരുത്തുറ്റ ദാര്‍ശനിക ചിന്തകള്‍ പകര്‍ന്നുനല്‍കിയാണ് വൈലിത്തറ ശ്രദ്ധേയനായത്. മതവും മനുഷ്യനും തമ്മിലുള്ള ജീവിത സമവാക്യത്തെ വിശുദ്ധ ഖുര്‍ആന്റെയും ബൈബിളിന്റെയും ഭഗവത്ഗീതയുടെയും ഉപനിഷത്തുകളുടെയും ഉള്ളറകളെ തൊട്ട് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് മതപ്രഭാഷണ രംഗത്ത് വൈലിത്തറ പുതിയൊരു അധ്യായം തുറന്നത്. അന്നോളം കേട്ടുപരിചയിച്ചതിനപ്പുറം മലയാള കവിതകളും വിശ്വസാഹിത്യ കൃതികളും ഉദ്ധരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും പ്രബോധന സദസുകളെ സാംസ്‌കാരിക സദസുകള്‍ കൂടിയാക്കിയ വൈലിത്തറയുടെ വൈഭവം ആഗോള മുസ്‌ലിം സമൂഹത്തില്‍ ഗൗരവമേറിയ ചര്‍ച്ചയായിരുന്നു. വീണ്ടുമൊരു നോമ്പുകാലം കൂടി സമാഗതമാകുമ്പോള്‍ വൈലിത്തറ മൗലവി ഓര്‍മ്മകളുടെ ചെപ്പുതുറക്കുകയാണ്. രാജ്യത്തൊട്ടാകെ നടത്തിയ പ്രഭാഷണങ്ങളെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും പൊതുജീവിതത്തെ കുറിച്ചും...

കാലിത്തൊഴുത്തില്‍ ഹരീശ്രീ ഗണപതായേ

എന്റെ ജനന തീയതി എനിക്കറിയില്ല. വയസ് 90നോട് അടുക്കുന്നു എന്നാണ് തോന്നുന്നത്. ഇടപ്പള്ളി രാജാവിന്റെ അധീനതയിലുള്ള പ്രദേശത്ത് 400 ഹൈന്ദവ കുടുംബങ്ങള്‍ക്കിടയിലെ ഏക മുസ്‌ലിം കുടുംബമായിരുന്നു ചെറുവാപ്പറമ്പില്‍ വീട് എന്ന എന്റെ തറവാട്. അവിടെ കുമ്പളത്ത് മൈതീന്‍ കുഞ്ഞ് ഹാജിയുടെ പത്ത് മക്കളില്‍ രണ്ടാമത്തെ മകളുടെ മകനായി ജനനം. ബാപ്പ വൈലിത്തറ മുഹമ്മദ് മുസലിയാര്‍. ചുറ്റിലും ഹിന്ദുമത വിശ്വാസികള്‍ ആയതുകൊണ്ടുതന്നെ എന്റെ ബാല്യത്തിലുടനീളം അവരുടെ സ്‌നേഹവും വാത്സല്യവും ആവോളം ലഭിക്കാന്‍ ഇടയാക്കിയിരുന്നു. അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞാന്‍ അടുത്തുനിന്ന് കണ്ടു. ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല. എന്റെ മാതാപിതാക്കള്‍ എന്നെ ഒരു വിദ്യാലയത്തിലും ചേര്‍ത്തില്ല. അക്ഷരം പഠിച്ചത് ഒരു കാലിത്തൊഴുത്തിലാണ്. ചെല്ലിക്കാട്ടില്‍ ഗോവിന്ദനാശാന്റെ എരുത്തിലിലെ മണ്‍തറയില്‍ കൈവിരല്‍ കൊണ്ട് 'ഹരിശ്രീ ഗണപതായേ നമ:' എഴുതിയാണ് ഞാന്‍ അക്ഷരലോകത്തേക്ക് കടന്നത്. മറ്റ് ഹിന്ദു കുട്ടികളോടൊപ്പം ചെല്ലിക്കാട്ടില്‍ പോകുമ്പോള്‍ ആശാന്‍ എഴുതിത്തന്നതൊക്കെ ഞാനും പഠിക്കാന്‍ ശ്രമിച്ചു.
അക്ഷരങ്ങള്‍ മറന്നുപോകാതിരിക്കാന്‍ ഈര്‍ക്കിലോ ചെറിയ മരക്കമ്പോ ഉപയോഗിച്ച് കാലില്‍ കോറിയിട്ടായിരിക്കും മിക്കപ്പോഴും വീട്ടിലേക്ക് മടങ്ങുക. അങ്ങനെയാണ് ഞാന്‍ മലയാള അക്ഷരങ്ങള്‍ പഠിച്ചത്.


അക്ഷരങ്ങളില്‍ നിന്ന് കര്‍മശാസ്ത്രത്തിലേക്ക്

ഖുര്‍ആന്റെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചത് എന്റെ നാട്ടുകാരായ കളത്തിപ്പറമ്പില്‍ മൈതീന്‍ കുഞ്ഞ് മുസലിയാരും ഹൈദ്രോസ് മുസലിയാരുമായിരുന്നു. കര്‍മശാസ്ത്രത്തിന്റെ ആദ്യപാഠങ്ങളാകട്ടെ ആലി മുസലിയാര്‍, വടുതല കുഞ്ഞുവാവ മുസലിയാര്‍ എന്നിവരില്‍ നിന്നും. പന്ത്രണ്ടാം വയസില്‍ തകഴിക്കടുത്തുള്ള കുന്നുമ്മയിലെ പള്ളി ദറസില്‍ ചേര്‍ത്തത് പിതാവായിരുന്നു. പാപ്പിനിപ്പള്ളി മുഹമ്മദ് മുസലിയാരായിരുന്നു അവിടത്തെ ഉസ്താദ്. അദ്ദേഹം പിന്നീട് പരിശുദ്ധ മക്കയിലേക്ക് കുടിയേറി പാര്‍ക്കുകയും അവിടെ മസ്ജിദുല്‍ ഹറമിന് അടുത്ത് ദീര്‍ഘകാലം ദറസ് നടത്തുകയും ചെയ്തു. ഉസ്താദ് അവിടെ തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. എനിക്ക് 14 വയസായപ്പോള്‍ പിതാവിന്റെ ആദ്യകാല ഗുരുവും സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസലിയാര്‍ അവര്‍കളുടെ ദറസില്‍ ചേര്‍ത്തു. ഓച്ചിറ ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ കാലഘട്ടം ജീവിതത്തില്‍ മറക്കാനാകാത്ത ഒട്ടേറെ സന്ദര്‍ഭങ്ങളാണ് സമ്മാനിച്ചത്.

വണ്ടര്‍ഫുള്‍ മാന്‍

ആദ്യ പ്രഭാഷണം 18-ാമത്തെ വയസിലായിരുന്നു. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനമായിരുന്നു വേദി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോള്‍ ആര്യഭട്ട സ്വാമി കൈപിടിച്ച് അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു 'വണ്ടര്‍ഫുള്‍ മാന്‍' എന്ന്. പിന്നീട് നിരന്തരം വേദികള്‍ ലഭിച്ചു. ഹരിപ്പാട് താമല്ലാക്കല്‍ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര. മലബാറിലെ ആദ്യ പരിപാടി വടകര ബുസ്താനുല്‍ ഉലൂം മദ്രസാ വാര്‍ഷികമായിരുന്നു. ആദ്യകാലത്തെ മറ്റൊരു അവിസ്മരണീയ പ്രഭാഷണം കോഴിക്കോട് കുറ്റിച്ചിറ അന്‍സ്വാറുല്‍ മുസ്‌ലിമീന്‍ മദ്രസാങ്കണത്തിലേതാണ്. ഏഴു ദിവസത്തേക്കാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അത് 17 ദിവസം നീണ്ടു. അവസാന ദിവസങ്ങളില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും കേള്‍വിക്കാരനായി എത്തി. രാത്രി 10 മണിവരെ മാത്രമാണ് സാധാരണ പ്രഭാഷണം അനുവദിക്കുക. എന്നാല്‍ എന്റെ പ്രസംഗം പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടു. ആര്‍ക്കും ഒരു പരാതിയും ഉണ്ടായില്ല. കാരണം ഞാന്‍ പറഞ്ഞതൊക്കെ മുസ്‌ലിമിന് വേണ്ടി മാത്രമായിരുന്നില്ല. എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും ഒരു പോലെ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ്. ഖുര്‍ആനെയും ഇസ്‌ലാമിക ജീവിത ചര്യയെയും കുറിച്ച് അമുസ്‌ലിംകള്‍ പഠിക്കണം. അതുപോലെ തന്നെ മറ്റ് മതങ്ങളുടെ നന്മയെ കുറിച്ച് തീര്‍ച്ചയായും ഇസ്‌ലാംമത വിശ്വാസികളും അറിഞ്ഞിരിക്കണം.


മതം, ശാസ്ത്രം, ജീവിതം


മതപ്രഭാഷണത്തിന് ഒരു നിശ്ചിത ഘടനയും ശൈലിയുമൊക്കെ ഉണ്ടായിരുന്ന ഒരു കാലത്താണ് ഞാന്‍ ഈ രംഗത്തേക്ക് വരുന്നത്. പരമ്പരാഗത ശൈലിയിലുള്ള പ്രഭാഷണങ്ങള്‍ കേട്ട് യുവാക്കളും അഭ്യസ്തവിദ്യരുമൊക്കെ അതില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങിയിരുന്നു. വഹാബി- മൗദൂദികളും മറ്റും മതപ്രഭാഷണം എന്ന പേരില്‍ നടത്തിവന്ന പരിപാടികള്‍ ഈ വിഭാഗത്തെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെയാണ് എന്നെ മലബാറിലേക്ക് ക്ഷണിക്കുന്നത്. പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമായ എന്റെ പ്രഭാഷണത്തിന് വടക്കന്‍ കേരളത്തിലാകെ നല്ല സ്വീകാരം ലഭിച്ചു. മതപ്രഭാഷണം എന്ന പേരില്‍ പ്രസംഗം ആരംഭിക്കുന്ന പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വചനങ്ങള്‍ക്ക് പുറത്തേക്ക് നീളുന്ന പ്രഭാഷണത്തിന് പലപ്പോഴും തയാറായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ലഭ്യമായ എല്ലാ മതഗ്രന്ഥങ്ങളിലേക്കും സാഹിത്യ കൃതികളിലേക്കും പ്രഭാഷണം പരന്നുപോകണം. ഭഗവത്ഗീതയെ പരാമര്‍ശിക്കണം. ഉപനിഷത്തുകളെ പരാമര്‍ശിക്കണം. കുമാരനാശാനെയും ചങ്ങമ്പുഴയെയും വായിക്കണം. അപ്പോള്‍ ഒരു വിശാലമായ കാഴ്ചപ്പാടിലേക്ക് നമുക്ക് എത്തിച്ചേരാനാകും. പാഠപുസ്തകത്തിന് പുറത്തേക്ക് പോകുന്ന പുതിയകാലത്തെ പഠനശൈലി പോലെ, അറിവിന്റെ വിശാലമായ ലോകത്തേക്കാണ് യാത്ര ചെയ്യേണ്ടത് എന്ന ആശയം അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു എന്നുതന്നെയാണ് കരുതുന്നത്.

മോഡേണ്‍ മൗലവി 

ഹെയര്‍ സ്റ്റൈലും വേഷവിധാനവുമൊക്കെ കണ്ടിട്ട് ഇതെന്തു മൗലവി എന്ന് ആളുകള്‍ ചോദിച്ചിരുന്നു. മുടി നന്നായി വെട്ടി ക്രോപ്പ് ചെയ്തിരുന്നു ഞാന്‍. തലപ്പാവും തൊപ്പിയും ഉണ്ടായിരുന്നില്ല. വേഷത്തിലെ ഈ വൈരുധ്യം കണ്ടിട്ടാകണം പ്രഭാഷണത്തിനെത്തുമ്പോള്‍ ചിലര്‍ അപ്പോള്‍ത്തന്നെ സദസ്സ് വിടും. എന്നാല്‍ വേഷത്തിലല്ല കാര്യമെന്ന് തിരിച്ചറിയുന്നവര്‍ എന്റെ പ്രഭാഷണം കേള്‍ക്കാന്‍ തടിച്ചുകൂടും.
ഗള്‍ഫ് നാടുകള്‍ നമ്മുടെ സാമ്പത്തിക മേഖലക്ക് കനത്ത സംഭാവനകള്‍ ചെയ്തതോടെയാണ് കേരളത്തില്‍ വലിയ മുസ്‌ലിം പള്ളികള്‍ നിര്‍മിക്കാനായത്. അതിന് മുമ്പൊരു കാലമുണ്ടായിരുന്നു. അന്ന് ഓരോ പ്രഭാഷകര്‍ ദിവസങ്ങളോളം ഒരു സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രസംഗം നടത്തി  പള്ളിയും മറ്റ് മതസ്ഥാപനങ്ങളും നിര്‍മിക്കാന്‍ ആവശ്യമായ ഫണ്ട് സ്വരൂപിക്കലായിരുന്നു പതിവ്. അത്തരത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ മസ്ജിദുകള്‍ നിര്‍മിക്കാന്‍ ഞാന്‍ പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു. വിശ്വാസികളോട് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ പള്ളികള്‍ നിര്‍മിക്കാന്‍ കഴിയുന്ന സംഭാവനകള്‍ ചെയ്യും. അക്കാര്യത്തില്‍ വളരെയേറെ മസ്ജിദുകള്‍ നിര്‍മിക്കാന്‍ കാരണക്കാരനായി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്.

ഹിന്ദു, മുസ്‌ലിം, മാനവികത

ഇന്ത്യയില്‍ ഒരിക്കലും ഹിന്ദുമതക്കാര്‍ മുസ്‌ലിമിന്റെ ശത്രുവല്ല എന്നുതന്നെയാണ് അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നത്. പ്രത്യേകിച്ച് കേരളത്തിലെ ഹൈന്ദവര്‍ മതസാഹോദര്യത്തിന് വലിയ വില കല്‍പിക്കുന്നവരാണ്. മുസ്‌ലിംകള്‍ അവഗണിക്കപ്പെടുന്നതായോ ആക്രമിക്കപ്പെടുന്നതായോ ഞാന്‍ കാണുന്നല്ല. എന്നാല്‍ സമാധാനവും ക്ഷമയും എന്ന ഖുര്‍ആന്‍ ദര്‍ശനം മനസില്‍ കരുതിവെക്കണം ഓരോ മുസ്‌ലിമും. അതുകൊണ്ടാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം പാണക്കാട് കുടുംബം സമാധാനത്തിന് ആഹ്വാനം ചെയ്തത്. ഉത്തര്‍പ്രദേശിലെ മുസ്‌ലിമിന്റെ പേരുപറഞ്ഞും ബാബറി മസ്ജിദിന്റെ കഥ പറഞ്ഞും ഇബ്രാഹിം സുലൈമാന്‍ സേട്ടിനൊപ്പം കരയാന്‍ എനിക്ക് കണ്ണീരില്ലെന്ന് അന്നുഞാന്‍ പറഞ്ഞിരുന്നു. പെരുപ്പിച്ചുകാട്ടി പ്രശ്‌നങ്ങള്‍ വഷളാക്കുന്നത് നല്ല പ്രവണതയല്ല.
തെറ്റിനെ ശരികൊണ്ട് പരാജയപ്പെടുത്തണമെന്നാണ് ഖുര്‍ആന്‍ (സൂറത്ത് റഅദ്) പഠിപ്പിച്ചത്. നാം എപ്പോഴും സമാധാനത്തെ മുറുകെ പിടിക്കുക. അങ്ങനെയെങ്കില്‍ നമുക്ക് ഒന്നും സംഭവിക്കില്ല. ശബ്ദിക്കേണ്ടത് മാനവികതക്ക് വേണ്ടിയാണ്. ഇത്രകാലവും മതപ്രബോധന രംഗത്ത് നിലയുറപ്പിച്ച ഞാന്‍ ഒരു സംഘടനയിലും അംഗമല്ല. എന്നാല്‍ സമാധാനത്തിനു വേണ്ടിയുള്ള എല്ലാ സംരംഭങ്ങളിലും സംഘടനയോ രാഷ്ട്രീയമോ നോക്കാതെ പങ്കെടുത്തിട്ടുമുണ്ട്.

ഭൗതികത, ആത്മീയത

പരസ്പര പൂരകങ്ങളായ രണ്ട് കാര്യങ്ങളാണിവ. ഭൗതികതയും ആത്മീയതയും സമന്വയിപ്പിക്കുന്നത് ആധുനിക പ്രവണതയൊന്നുമല്ല. അനുവദനീയമായ അറിവ് തേടല്‍ ആത്മീയതയുടെ ഭാഗം തന്നെയാണ്. ജീവിക്കാനുള്ള തൊഴില്‍ പഠിക്കുന്നതും പരിശീലിക്കുന്നതും ആത്മീയതയാണ്. എന്നാല്‍ ദീനി വിദ്യാഭ്യാസത്തിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പൂര്‍ണമായി അതിന് നിയോഗിക്കലാണ് ഉചിതം. മറ്റുള്ളവര്‍ക്ക് അത്യാവശ്യം ദീനി വിചാരങ്ങളായ നമസ്‌കാരം, നോമ്പ്, ശുദ്ധീകരണം, വിശ്വാസപരമായ പ്രാഥമിക പാഠങ്ങള്‍ എന്നിവക്ക് അവസരം നല്‍കണം. എന്നാല്‍ ഭൗതികവും ആത്മീയവുമായ അറിവുകളെ സ്വാംശീകരിക്കാനുമാകണം.

മുസ്‌ലിം രാഷ്ട്രീയം അനിവാര്യം

കേരളത്തിലെ മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന അഭിപ്രായം പൊതുവേദികളില്‍ ഉന്നയിച്ച ആളാണ് ഞാന്‍. മുസ്‌ലിംകള്‍ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ ആയാല്‍പോര. അത് അനുവദിച്ചുകൊടുക്കുന്നവര്‍ കൂടിയാകണം. അതിന് അധികാരത്തില്‍ പങ്കാളിത്തം വേണം. ഇ.എം.എസ് മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയ സ്‌കൂളുകള്‍ അനുവദിച്ചുകൊണ്ടുള്ള ലിസ്റ്റ് തയാറാക്കിയപ്പോള്‍ സ്വന്തം സമുദായത്തിന് അര്‍ഹമായത് നീക്കിവെച്ചു. ഇതിനെതിരെ ഇ.എം.എസ് രംഗത്ത് വന്നെങ്കിലും സമുദായത്തിന് അര്‍ഹമായത് ലഭിക്കണമെന്ന നിലപാടില്‍ സി.എച്ച് ഉറച്ചുനിന്നു. ഭരണത്തില്‍ നിര്‍ണായക ശക്തിയായാല്‍ മാത്രമേ ഇത്തരം സാഹചര്യങ്ങളില്‍ മുസ്‌ലിംകളുടെ പുരോഗതിക്ക് വേണ്ടി ഇടപെടാനാകൂ. ഇക്കാര്യം പറഞ്ഞപ്പോള്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കാതെ വയ്യ. സുന്നി സംഘടനകളുടെ ഐക്യത്തിന് വേണ്ടി ഞാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. വിജയം കണ്ടില്ല. സംഘടിതമായ ശക്തിയാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന് വേണ്ടതെന്ന് എല്ലാവരും തിരിച്ചറിയണം.

പാണക്കാടിന്റെ നന്മകള്‍

ഞാനും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി 40 വര്‍ഷം നീണ്ട ആത്മബന്ധമായിരുന്നു. ഒരിക്കല്‍ പോലും പരസ്പരം വാക്കുകള്‍ പാലിക്കാതിരുന്നില്ല. എന്നോട് ഏതുവിഷയവും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയാറായിരുന്നു. തങ്ങളോട് എന്തും പറയാന്‍ എനിക്കും അതേപോലെ തന്നെ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരിക്കല്‍ എന്റെ മകന്‍ അഡ്വ. മുജീബിനെ സാക്ഷിയാക്കി ഞാന്‍ തങ്ങളോട് പറഞ്ഞു '' തങ്ങള്‍ക്ക് മുമ്പേ ഞാന്‍ മരിച്ചാല്‍ മയ്യിത്ത് നമസ്‌കാരത്തിന് തങ്ങള്‍ നേതൃത്വം നല്‍കണം'' എന്ന്. പക്ഷേ, ആ വാക്ക് പാലിക്കാന്‍ അദ്ദേഹത്തിനായില്ല. പാണക്കാട് തങ്ങള്‍മാര്‍ സമാധാനത്തിന്റെ സന്ദേശവാഹകരാണ്. അതൊരു വലിയ നന്മയാണ്.
മുഹമ്മദലി തങ്ങളെ ഞാന്‍ ആദ്യമായി കാണുന്നത് പുത്തനത്താണി ജുമാമസ്ജിദിന്റെ നിര്‍മാണാര്‍ത്ഥം നടത്തിയ പ്രഭാഷണ പരമ്പരക്കിടയിലാണ്. ബാഫഖി തങ്ങളുമായും പൂക്കോയ തങ്ങളുമായും എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. 1969ല്‍ മലപ്പുറത്ത് എനിക്ക് ധാരാളം പ്രസംഗവേദികള്‍ ഉണ്ടായിരുന്ന കാലം. വേദികളില്‍നിന്നും വേദികളിലേക്കുള്ള യാത്രക്കിടെ ഒരു ദിവസം തേവര്‍ പറമ്പില്‍ കോയാമു ഹാജി എന്നെ സമീപിച്ചു. പുത്തനത്താണി ജുമാമസ്ജിദിന്റെ നിര്‍മാണത്തിന് ഫണ്ട് ശേഖരിക്കണം. അതിനായി ഞാന്‍ പ്രസംഗിക്കാന്‍ എത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വലിയ തിരക്കായിരുന്നു ആ ദിവസങ്ങളില്‍. ഞാന്‍ ഒഴിഞ്ഞുമാറി. മടങ്ങിപ്പോയ ഹാജി അടുത്ത ദിവസം തന്നെ വീണ്ടും എന്നെ കാണാന്‍ വന്നത് പൂക്കോയ തങ്ങളുടെ കത്തുമായാണ്. തങ്ങളുടെ കത്ത് അവഗണിക്കാനാവില്ല. ഞാന്‍ രണ്ടുദിവസം സംസാരിക്കാന്‍ എന്ന് സമ്മതിച്ചു. തങ്ങള്‍ വേദിയില്‍ വേണമെന്നും ഹാജിയോട് പറഞ്ഞു.
പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ വേദിയില്‍ തങ്ങളില്ല. പകരം മകനെയാണ് അയച്ചത്. വെളുത്തുനീണ്ട ഒരു ചെറുപ്പക്കാരന്‍. ഞാന്‍ പേര് ചോദിച്ചു- 'മുഹമ്മദലി ശിഹാബ്'. എന്റെ പ്രസംഗം കേള്‍ക്കുകയും എന്നെ പ്രശംസസിക്കുകയും ചെയ്തു. ആ യുവാവില്‍ ശക്തനായൊരു നേതാവുണ്ടെന്ന് അന്നേ ഞാന്‍ സി.എച്ചിനോട് പറഞ്ഞിരുന്നു. പില്‍ക്കാലത്ത് കേരളീയ മുസ്‌ലിം സമുദായത്തിന്റെ ആത്മീയ, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ആ പ്രതിഭ ഏറെ തിളങ്ങിയിരുന്നല്ലോ.

പ്രഭാഷണവും നിയമവും

പള്ളിക്കൂടത്തിന്റെ തിണ്ണ കണ്ടിട്ടില്ലാത്തയാളാണ് ഞാന്‍ എന്നു പറഞ്ഞുവല്ലോ. പക്ഷേ, പ്രഭാഷണം നടത്തണമെങ്കില്‍ പഠിച്ചേ മതിയാവൂ. കേരളംപോലെ ഉന്നതവിദ്യാഭ്യാസത്തിലേക്ക് വളരുന്ന ഒരു സംസ്ഥാനത്ത് പ്രസംഗിക്കുമ്പോള്‍ എല്ലാം പഠിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ ധാരാളം മഹത്തായ ഗ്രന്ഥങ്ങളുണ്ട്. ദൈവത്തെ കുറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്നറിയണം. ഇന്ത്യന്‍ നിയമങ്ങള്‍ പഠിക്കണം. മതസൗഹാര്‍ദ്ദത്തെ കുറിച്ച് പഠിക്കുമ്പോള്‍ ഇന്ത്യന്‍ പീനല്‍കോഡ് പറയാതെ പോകാനാവില്ലല്ലോ. നമ്മുടെ രാജ്യത്തെ നിയമം, മൗലിക അവകാശങ്ങള്‍ എന്നിവയെല്ലാം മുസ്‌ലിമിന് സ്വസ്ഥമായി ജീവിക്കാന്‍ ഉപകരിക്കുന്നതാണ്. മുസ്‌ലിമിനെതിരെ മതവിദ്വേഷമോ വര്‍ഗീയ ലഹളയോ ഉണ്ടായാല്‍ അതിനെ ആദ്യം ചെറുക്കുന്നത് ഹിന്ദുതന്നെയാണ്. ഹിന്ദുതന്നെയാകണം. കേരളത്തിലെ ഹിന്ദുക്കള്‍ നല്ല മനുഷ്യരാണ്, സ്‌നേഹവും പാരസ്പര്യവും ഉള്ളവരാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ പത്തില്‍ കുറയാത്ത ഹൈന്ദവ സഹോദരങ്ങള്‍ക്കൊപ്പമല്ലാതെ ഞാന്‍ പെരുന്നാള്‍ ആഘോഷിച്ചിട്ടില്ല. ഈ വൈലിത്തറ വീട്ടില്‍ അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ സുഖം മറ്റൊരു ഒത്തുചേരലിലും എനിക്ക് കിട്ടിയിട്ടില്ല.

കയറി വരാനൊരു വീട്

ദേശീയപാതയില്‍ തോട്ടപ്പള്ളി മുതല്‍ പല്ലനയും പാനൂരും വരെ നീണ്ടുകിടക്കുന്ന തീരഭൂമിയില്‍ ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും കടന്നുവരാവുന്നൊരു ഇടമാണ് വൈലിത്തറ വീട്. പ്രഭാഷണവും യാത്രകളുമൊക്കെ ഒഴിവാക്കി വീട്ടില്‍ കഴിയുമ്പോഴും ഉസ്താദിന്റെ സ്‌നേഹവാത്സല്യങ്ങള്‍ തേടി ഇപ്പോഴും ഇവിടേക്ക് ആളുകള്‍ വന്നുപോകുന്നു. 
സഹധര്‍മിണി ഖദീജയുടെ വിയോഗ ശേഷം മക്കളായ അഡ്വ. മുജീബ്, ജാസ്മിന്‍, സുഹൈല്‍, സഹല്‍, തസ്‌നി എന്നിവര്‍ക്കൊപ്പം മൗലവി വൈലിത്തറയിലെ വീട്ടില്‍ത്തന്നെയുണ്ട്. വര്‍ഷങ്ങള്‍ നീണ്ട യാത്രകളും പ്രമുഖരുടെ സന്ദര്‍ശനവുമാണ് 'ബാപ്പച്ച'യെ കുറിച്ച് മകന്‍ മുജീബിന് പറയാനുള്ളത്. വിദേശരാജ്യങ്ങളില്‍ പ്രഭാഷണത്തിന് പോകുമ്പോഴും മറ്റും പിതാവിന്റെ വലിപ്പം അറിയാനായിട്ടുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍ തുടങ്ങിയവരൊക്കെ ആലപ്പുഴ ജില്ലിയില്‍ പ്രവേശിച്ചാല്‍ വീട്ടിലെത്തി ബാപ്പച്ചയെ കാണും. ഒരുമിച്ച് ഭക്ഷണം കഴിക്കും. പ്രവാസി വ്യവസായ പ്രമുഖന്‍ എം.എ യൂസുഫലി പിതൃതുല്യമായ സ്‌നേഹത്തോടെയാണ് വൈലിത്തറയെ കാണുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി പ്രഭാഷണങ്ങള്‍ക്ക് അദ്ദേഹം മുന്‍കൈയെടുത്ത് കൊണ്ടുപോയിട്ടുണ്ട്.
ഇനിയും പറയാന്‍ ഏറെയുണ്ടെന്ന ശരീരഭാഷയാണ് വൈലിത്തറ മൗലവിയില്‍ തെളിയുന്നത്. ഇപ്പോഴും വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ കണ്ടെത്തി വായിക്കുന്ന ശീലത്തിന് മാത്രം മൗലവി മാറ്റം വരുത്തിയിട്ടില്ല.

(ചന്ദ്രിക റമളാന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ചത്- 2016 ജൂണ്‍)






Sunday, June 5, 2016

ഓര്‍മ്മക്കൂട്

ഫിര്‍ദൗസ് കായല്‍പ്പുറം

അല്ലാഹുവിന്റെ അനുപമമായ അനുഗ്രഹം ഓര്‍മ്മക്കൂടായാണ് ഹാഫിസ് മുഹമ്മദില്‍ ചൊരിഞ്ഞത്. മാഞ്ഞുപോകാത്ത ഓര്‍മ്മ എന്ന അപൂര്‍വ്വതയിലേക്ക് സര്‍വ്വേ
ശ്വരന്റെ കടാക്ഷമുണ്ടായി. ഖുര്‍ആന്റെ വിശാലമായ ലോകത്തെ സ്വന്തം ഓര്‍മ്മച്ചെപ്പില്‍ നിറച്ച് മലയാളിയുടെ അഭിമാനമായി മാറാന്‍ ഹാഫിസ്  മുഹമ്മദിന് കഴിഞ്ഞത് അല്ലാഹുവിന്റെ കാരുണ്യം.
വിശുദ്ധ റമളാന്റെ പടിവാതിക്കലില്‍ പുണ്യങ്ങളെ വരവേല്‍ക്കാന്‍ നാം കാത്തുനില്‍ക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം എല്ലാ മനസുകളിലേക്കും പടരുകയാണ്. നാവില്‍ നിന്ന് സദാ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഒഴികൊണ്ടിരിക്കുന്നത് മനോഹരവും ഹൃദയോദ്ദീപകവുമാണെന്നതില്‍ സംശയമില്ല.
ജന്മവൈകല്യങ്ങള്‍ക്കപ്പുറം വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്താണ് ഹാഫിസ് മുഹമ്മദ് എന്ന പതിനേഴുകാരന്റെ ജീവിതം. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസീം ഹുസൈന്റെയും അധ്യാപികയായ ഫസീലയുടെയും മകന്‍ ഹാഫിസ് ഖുര്‍ആന്‍ വചനങ്ങളുടെ അത്ഭുത ലോകത്താണ്. ജന്മനാ ബുദ്ധിവൈകല്യമുള്ള ഹാഫിസിന് ഖുര്‍ആനിലെ മുഴുവന്‍ അധ്യായങ്ങളും സൂറത്തുകളും അവയുടെ വ്യാഖ്യാനവും മന:പാഠമാണ്.
അല്ലാഹുവിന്റെ അനുഗ്രഹം ഉറച്ച ഓര്‍മ്മകളായി ചൊരിയുമ്പോള്‍ കേരളത്തിലെമ്പാടും രാജ്യത്തൊട്ടാകെയും ഹാഫിസ് മുഹമ്മദ് പങ്കെടുക്കുന്ന വേദികളിലേക്ക് പണ്ഡിത സമൂഹവും വിശ്വാസികളും ഒഴുകിയെത്തുന്നു. ഹാഫിസിന് ജന്മനാ ബുദ്ധിവൈകല്യവും ഹൃദയ തകരാറും തളര്‍വാദവുമുണ്ട്.
ഒരു വയസ്സുവരെ നിര്‍ത്താതെ കരഞ്ഞിരുന്ന കുട്ടിയെ സാന്ത്വനപ്പെടുത്താന്‍ എല്ലാ ചികിത്സയും പ്രയോഗിച്ചുനോക്കി. മക്കാ ഇമാം അബ്ദുറഹിമാന്‍ സുദൈസിയുടെ ഖുര്‍ആന്‍ പാരായണ കാസറ്റ് വീട്ടില്‍ പതിവായി ശ്രവിക്കുമായിരുന്നു. മനോഹരമായ ആ പാരായണ ശൈലി കുഞ്ഞിന്റെ കരച്ചിലിന് കുറവു വരുത്തുന്ന അത്ഭുതം മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താനുള്ള ചികിത്സ ഖുര്‍ആന്‍ പാരായണ കാസറ്റ് കേള്‍ക്കലായി. രണ്ടര വയസ്സുവരെ ഇത് തുടര്‍ന്നപ്പോള്‍ മൂന്നാം വയസ്സു മുതല്‍ ഹാഫിസ് ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യാന്‍ തുടങ്ങി. പിന്നീട് വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഘട്ടംഘട്ടമായി ഖുര്‍ആന്‍ തന്നെ കുഞ്ഞിന് ഔഷധമായി മാറുകയായിരുന്നു. ആറ് വയസിലെത്തിപ്പോഴേക്കും ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കി. പിന്നീട് ഹാഫിസ് മുഹമ്മദ് ഖുര്‍ആനിലൂടെ നടത്തിയ വിസ്മയ യാത്ര ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. 'അതിബുദ്ധിമാന്മാര്‍ക്കു പോലും സാധ്യമാകാത്തത്' എന്ന് മക്കാ ഇമാം പോലും സാക്ഷ്യപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ഹാഫിസിനെ ചികിത്സിച്ചിരുന്ന ഡോക്ടറാകട്ടെ ഖുര്‍ആന്‍ പാരായണം കേട്ടതോടെ അത് തുടരാനാണ് നിര്‍ദേശിച്ചത്.
ഖുര്‍ആനിലെ ഏതെങ്കിലുമൊരു അധ്യായത്തിന്റെ പേര് ചോദിക്കൂ. ഹാഫിസ് അപ്പോള്‍ തന്നെ കൃത്യമായി പറയും. ഒരു വചനം ഉദ്ധരിച്ചാല്‍ അത് ഏത് അധ്യായത്തിലേതെന്ന് വ്യക്തമായി പറയും.
വെട്ടൂര്‍ റാത്തിക്കലിലെ വീട്ടില്‍ എപ്പോഴും ഖുര്‍ആന്‍ വചനങ്ങള്‍ മുഴങ്ങുകയാണ്. ഓഡിയോ കാസറ്റ് കേട്ടുമാത്രം ലോകത്തിന്റെ കണ്ണാടിയായ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയത് അപൂര്‍വത തന്നെ. എന്നാല്‍ ഹാഫിസ് ഇപ്പോഴും ഖുര്‍ആന്‍ പഠനം തുടരുകയാണ്.
ഖുര്‍ആനില്‍ മക്കയിലും മദീനയിലും അവതരിച്ച സൂറത്തുകളെ വേര്‍തിരിക്കാനും ഹാഫിസിന് നിഷ്പ്രയാസം സാധിക്കും. സൂറത്തുല്‍ ത്വാഹ, മര്‍യം, കഹ്ഫ്, ഫുര്‍ഖാന്‍, അന്‍ബിയാഅ്, അന്‍കബൂത് തുടങ്ങിയവയുടെ വിവക്ഷയും ഉള്ളടക്കവും സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍ വിശദീകരിക്കാനും ഹാഫിസിന് കഴിയുന്നു. ക്രമനമ്പര്‍ പ്രകാരം സൂക്തങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ഹാഫിസ് 'ഖുര്‍ആന്‍ ഇന്‍ഡക്‌സ്' എന്നാണ് അറിയപ്പെടുന്നത്. ഖുര്‍ആന്‍ മാത്രമല്ല, മലയാളം , ഇംഗ്ലീഷ്, ഹിന്ദി, അറബ് ഭാഷകളില്‍ സംസാരിക്കാനും ഹാഫിസിന് കഴിയും. ഭാഷാപരമായി കൂടി ഹാഫിസ് മികവ് പുലര്‍ത്തുന്ന  സാഹചര്യത്തില്‍ ഖുര്‍ആനെ കുറിച്ച് മകനെ കൊണ്ട് റിസര്‍ച്ച് നടത്തിക്കണം എന്ന ആഗ്രഹത്തിലാണ് മാതാപിതാക്കള്‍.
കേരള സര്‍വകലാശാലയുടെ അറബിക് വിഭാഗം ഹാഫിസ് മുഹമ്മദിനെ ആദരിച്ചിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിയാണ് ഹാഫിസിന് ആദരം സമ്മാനിച്ചത്.  ഹാഫിസിന്റെ അപൂര്‍വ കഴിവ് തിരിച്ചറിഞ്ഞ ഇത്തിഹാദ് എന്ന അറബി പത്രം റിപ്പോര്‍ട്ട് ചെയ്യുകയും അതുകണ്ട് മക്കാ ഇമാം ഫോണില്‍ വിളിച്ച് അനുമോദിച്ചത് ഹാഫിസിന് ആഹ്ലാദമായി. വിശ്വാസികളുടെ മനസുകളിലേക്ക് വിശുദ്ധ റമളാന്‍ കടന്നുവരുമ്പോള്‍ അല്ലാഹുവിന്റെ അതിരുകളില്ലാത്ത അനുഗ്രഹത്തിന് ഉദാഹരണമാണ് ഹാഫിസ്. ഹാഫിസിന്റെ വീട്ടില്‍ ഖുര്‍ആന്‍ ധ്വനി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു
.


(2016 ജൂണ്‍ 5ന് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)