Tuesday, January 29, 2013


സുകുമാരന്‍ നായരുടെ തോണി എങ്ങോട്ട്...??


കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ എല്ലാക്കാലത്തും പ്രസക്തമായ ഒരു പ്രസ്ഥാനമാണ് നായര്‍ സര്‍വീസ് സൊസൈറ്റി. ഇന്നും എന്‍.എസ്.എസ് ഉയര്‍ത്തുന്ന വിഷയങ്ങള്‍ പൊതുസമൂഹം സഗൗരവം ചര്‍ച്ചക്കെടുക്കുന്നുണ്ട്. പിന്നിട്ട കാലങ്ങളില്‍ ഈ സമുദായത്തിന്റെ പ്രഗത്ഭരായ ആചാര്യന്മാരിലൂടെ സാധ്യമായ സാമൂഹ്യ നവോത്ഥാന സംരംഭങ്ങളും വിസ്മരിക്കാനാവില്ല. ഞാനടക്കുള്ള പുതിയ തലമുറ ചട്ടമ്പിസ്വാമി മുതല്‍ നാരായണ പണിക്കര്‍ വരെയുള്ള ആചാര്യന്മാരെ വായിക്കുന്നത് അത്യന്തം ആദരവോടെയാണ്.
മന്നത്തു പത്മനാഭന്‍ എന്ന പ്രതിഭ ഇരുന്ന കസേരയില്‍ പില്‍ക്കാലത്ത് അവരോധിതനായ സുകുമാരന്‍ നായരോടും ആര്‍ക്കും അനാദരവുണ്ടാകാന്‍ ഇടയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മിതത്വം അദ്ദേഹത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു. അത് എത്രത്തോളം വൈകുന്നുവോ അത്രത്തോളം ആ പ്രസ്ഥാനത്തിന്റെ ധാര്‍മികത ചോദ്യം ചെയ്യപ്പെടും.
രമേശ് ചെന്നിത്തല വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് കോണ്‍ഗ്രസിന്റെ ദേശീയനയ രൂപീകരണ സംവിധാനങ്ങളില്‍ കയ്യൊപ്പു ചാര്‍ത്തിയ വ്യക്തിയാണ്. ഉമ്മന്‍ചാണ്ടിയെ തിരുത്താനുള്ള രാഷ്ട്രീയ ബോധമോ സാമൂഹ്യ ജ്ഞാനമോ സുകുമാരന്‍ നായര്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. (സുകുമാരന്‍ നായരില്‍ പാരമ്പര്യത്തിന്റെ അഭാവം ആരോപിക്കുന്നവരോട് കൂട്ടുചേരുന്നില്ല) എങ്കിലും സാമൂഹ്യാന്തരീക്ഷം മലിനമാക്കാതെ നിലനില്‍ക്കാനാവുന്ന നേതാവ് എല്ലാക്കാലത്തും ആദരിക്കപ്പെടും.

Wednesday, January 9, 2013

മനസു നിറഞ്ഞ
നോവുകള്‍
ഒരു മഴയില്‍
മാഞ്ഞുപോകുമെങ്കില്‍
ഞാനിനിയും
കാത്തിരിക്കാം.

മരണത്തിന്റെ
കവാടത്തില്‍
വെളുത്ത പൂക്കളുടെ
മണത്തിനൊപ്പം
ഞാനെന്റെ
ഹൃദയം തൊട്ടു പാടും.
മരണം
ഒരു വേനല്‍പ്പക്ഷിയായ്
എന്നെ ചുംബിക്കുന്ന
ദിനം
നാഴി മണ്ണില്‍
ഞാനെന്റ സ്വപ്നങ്ങള്‍
ഇറക്കിവെക്കും.

Tuesday, January 8, 2013


ഇതൊരു അസാധാരണ മനുഷ്യന്‍.


ആധുനിക സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ഏറ്റവും മികച്ച മെട്രോ റെയില്‍ സംവിധാനത്തിന് കൊച്ചി തയാറെടുക്കുമ്പോള്‍ ഇ.ശ്രീധരന്റെ കരസ്പര്‍ശം ഉറപ്പായിരിക്കുന്നു. ഇന്ത്യക്ക് കേരളം സംഭാവന ചെയ്ത ഈ മഹാനായിരുന്നു കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നമ്മുടെ വര്‍ത്തമാനങ്ങളിലെ ഹീറോ. കൊച്ചിയിലെയും കേരളത്തിലെയും സാധാരണ മനുഷ്യര്‍ ഈ മനുഷ്യനില്‍ അര്‍പിക്കുന്ന വിശ്വാസത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല. വല്ലാത്തൊരു ആരാധനയോടെയാണ് ശ്രീധരനെക്കുറിച്ച് മലയാളികള്‍ വാചാലമാകുന്നത്. പാമ്പന്‍ പാലവും കൊങ്കണ്‍ റെയില്‍വേയും വിസ്മയമായി നില്‍ക്കുമ്പോള്‍...
മലയാളത്തിന്റെ അഭിമാനമായ പ്രിയപ്പെട്ട ശ്രീധരന്‍ സാര്‍......... അങ്ങയിലാണ് ഇനി എല്ലാ കണ്ണുകളും.

Friday, January 4, 2013


                      പിണറായി=  നേതാവ്


ന്യൂസ് മേക്കര്‍, ബെസ്റ്റ് മിനിസ്റ്റര്‍... തുടങ്ങി മാധ്യമ വര്‍ത്തമാനങ്ങളില്‍ ഇത് മികച്ചവരെ കണ്ടെത്തുന്ന കാലം. എല്ലാ മേഖലകളെയും പരിഗണിക്കുമ്പോള്‍ അവയ്‌ക്കെല്ലാം മുകളിലാണ് രാഷട്രീയത്തിന്റെ സ്ഥാനം. ദൈനംദിന വര്‍ത്തമാനങ്ങളില്‍ സാഹിത്യത്തെയും സിനിമയെയുമൊക്കെ കവച്ചുവെച്ച് വാര്‍ത്തകളില്‍ ഇടം നേടുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ.
മലയാളിയുടെ സാംസ്‌കാരിക ബോധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ചെറുതല്ല. ഒരുപക്ഷേ, ഇന്ത്യയില്‍ മറ്റേതു സംസ്ഥാനത്തെക്കാളും രാഷ്ട്രീയ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കുക മലയാളിയുടെ ശീലങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വളര്‍ച്ചയും തളര്‍ച്ചയും അടയാളപ്പെടാതെ ഒരു ദിനവും കടന്നുപോകുന്നില്ല. അതിനൊപ്പം രാജ്യത്തുനടക്കുന്ന എല്ലാ നന്മതിന്മകളിലും നേതാക്കളുടെയും പാര്‍ട്ടികളുടെയും നിലപാടുകള്‍ സ്വാധീനിക്കുന്നുമുണ്ട്. 2012ലെ 'ബെസ്റ്റ് ലീഡര്‍' ആരാണ്?
ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനുവേണ്ടി വാളും പരിചയുമെടുത്തു പോരാടുന്ന കോണ്‍ഗ്രസിനെ വലിയ പരിക്കുകളില്ലാതെ നയിക്കുന്ന ചെന്നിത്തലയോ... അതോ, നിസാര ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനെ ഒന്നാം നമ്പര്‍ മുള്‍മുനയില്‍ നയിക്കുന്ന ഉമ്മന്‍ചാണ്ടിയോ?..... ഇഴഞ്ഞും വീണും സംഘപരിവാരങ്ങളുടെ തല്ലും തലോടലുമേറ്റ് കാലം കഴിക്കുന്ന ബി.ജെ.പിയുടെ വി. മുരളീധരനോ...?
'എന്തുകൊണ്ട് സി.പി.എം'- ഈ ചോദ്യത്തിന് എല്ലാക്കാലത്തും പ്രസക്തിയുണ്ട്. കേരളത്തിന്റെ ചരിത്രവഴികളില്‍ ഈ പാര്‍ട്ടി നല്‍കിയ സംഭാവനകള്‍ ചെറുതല്ല. വാര്‍ത്തകളില്‍ ഈ പാര്‍ട്ടിക്ക് നിറം മങ്ങിയെങ്കിലും.........

സംഘടനാശക്തികൊണ്ട് കേരള രാഷ്ട്രീയത്തിലെ പ്രബലകക്ഷിയായ സി.പി.എമ്മിനെ പ്രതിസന്ധികളില്‍ തളരാതെ നയിക്കുന്ന പിണറായി വിജയന്‍ തന്നെയാണ് യഥാര്‍ത്ഥ ലീഡര്‍. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും കടുത്ത പരീക്ഷണങ്ങളുടെ കാലത്ത് ഈ പാര്‍ട്ടിയുടെ അന്തകനെന്ന് പിണറായിയെ ആക്ഷേപിച്ചവരുണ്ട്. ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഉന്നത നേതാക്കള്‍ വരെ സംശയത്തിന്റെ നിഴലില്‍ നിന്നപ്പോള്‍- തനിമയുള്ള പുഞ്ചിരിയോടെ പലതും അവഗണിച്ചുതള്ളി പിണറായി. 'ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല' എന്നു പറയുക മാത്രമല്ല, അത് പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയും ചെയ്തു അദ്ദേഹം. പിണറായിയുടെ സ്ഥാനത്ത് മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷേ......
നേതൃപാടവം ഒരു കലയാണ്. മികച്ച സംഘാടകന് മാത്രമേ ഒരു പ്രസ്ഥാനത്തെ നയിക്കാനാവൂ....,

(ഞാനൊരു മാര്‍ക്‌സിസ്റ്റല്ല, മാര്‍ക്‌സിസ്റ്റ് വിരുദ്ധനുമല്ല. കഴിവും പ്രാപ്തിയുമുള്ള നേതാക്കളുടെ ജീവിതം പാഠമാക്കണമെന്ന അഭിപ്രായമുള്ളയാള്‍ മാത്രം)

Wednesday, January 2, 2013


പ്രതിഭകളെ നശിപ്പിക്കരുതെന്നത് സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും ഗൗരവമേറിയ കാര്യം തന്നെ. സാഹിത്യത്തില്‍ അവനവന്റെ ഇടം നേടിയെടുക്കാന്‍ വഴികളുണ്ടാകാം. എന്നാല്‍ രാഷട്രീയത്തിലെ സ്ഥിതി ശുഭകരമല്ല. പലരുടെയും അനുഗ്രഹാശിസുകള്‍ വേണം. ടൈമിംഗ്- അത് വളരെ പ്രധാനം. പാരമ്പര്യവും മുഖ്യഘടകം തന്നെ. വീഴ്ചകളില്‍ നിന്നുള്ള കരകയറ്റം കഠിനം... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത തടസങ്ങളിലൂടെയാണ് ഓരോ നേതാവം ജന്മമെടുക്കുന്നത്.
പറഞ്ഞുവരുന്നത്, കേരള രാഷ്ട്രീയത്തിന് അഭിമാനത്തോടെ എടുത്തുപറയാന്‍ കഴിയുന്ന ഒരു നേതാവുണ്ട് (അഭിപ്രായം വ്യക്തിപരം)- കെ. മുരളീധരന്‍. പാരമ്പര്യം ഒരു പ്രധാന ഘടകം തന്നെയാണ്. കെ. കരുണാകരന്റെ മകനെക്കാള്‍ മികച്ച നേതാവ്, ഭരണാധികാരി, സംഘാടകന്‍.... കേരളത്തിലെ കോണ്‍ഗ്രസില്‍ ഉണ്ടെന്ന് കരുതുന്നില്ല. കേവലം ഒരു എം.എല്‍.എയായി തുടരേണ്ട ആളല്ല അദ്ദേഹം. കോണ്‍ഗ്രസ് നേതൃത്വം എല്ലാക്കാലത്തും അവസരവാദ രാഷ്ട്രീയത്തിനും പ്രബല വിഭാഗത്തിനും പ്രാധാന്യം നല്‍കുന്നതാണ് കാണുന്നത്. കെ. മുരളീധരന്‍ കോണ്‍ഗ്രസ് തലപ്പത്ത് വരണമെന്ന എന്റെ ആഗ്രഹം അതിമോഹമായി കരുതുന്നില്ല. സംഘടനാപരമായി പാര്‍ട്ടി ദുര്‍ബലമായ ഘട്ടത്തിലെല്ലാം മുരളീധരന്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവുകള്‍ സമ്മാനിച്ചിട്ടുണ്ട്. അദ്ദേഹം സമീപഭാവിയില്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്നുതന്നെയാണ് പ്രതീക്ഷ.