Monday, February 13, 2017

ചുനക്കര രാമന്‍കുട്ടിക്ക് 80 വയസ്ചലച്ചിത്രഗാന രംഗത്ത് നാല് പതിറ്റാണ്ട്

ഹൃദയവനിയില്‍ പൂത്ത ദേവതാരു

ഫിര്‍ദൗസ് കായല്‍പ്പുറം



മലയാളിയുടെ ആസ്വാദന ബോധത്തില്‍ ദേവതാരുവിന്റെ പരിമളം വിതറിയ ചുനക്കര രാമന്‍കുട്ടിക്ക് എണ്‍പത് വയസ്. 40 സംവത്സരങ്ങള്‍ നീണ്ട എഴുത്തിലൂടെ ഈ ഗാനരചയിതാവ് മലയാള ചലച്ചിത്രഗാന ശാഖക്ക് സമ്മാനിച്ചത് ജീവിതഗന്ധികളായ ഒരുപിടി ഗാനങ്ങളാണ്. പാട്ടെഴുത്തിന്റെ പതിവ് ഇടനാഴികളില്‍ നിന്ന് പുറത്തിറങ്ങി, വിശാലമായ സങ്കല്‍പലോകത്തെയാണ് ചുനക്കര നമുക്ക് പകര്‍ന്നുതന്നത്. അതുകൊണ്ടാണല്ലോ 'മനസിന്റെ താഴ്‌വരയില്‍ ദേവതാരു പൂക്കുന്നത്' ഈ കവിക്ക് കാണാനായത്. ഈണം കൊരുത്തെടുക്കുന്ന വാക്കുകളുടെ കൂട്ടത്തെയാണ് സാധാരണ ചലച്ചിത്രഗാനമെന്ന് വിശേഷിപ്പിക്കാറ്. എന്നാല്‍ ചുനക്കരയുടെ എഴുത്തുലോകം ഇതില്‍ നിന്ന് വ്യത്യസ്തമാണെന്ന് മാത്രമല്ല, മലയാള ചലച്ചിത്ര ഗാനശാഖയില്‍ പുതിയൊരു പഠനത്തിന് വഴിതുറക്കുന്നതുമാണ്. സാധാരണമനുഷ്യന്റെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന അനുഭവ തീക്ഷ്ണതയും നാട്ടുരാഷ്ട്രീയവുമാണ് ചുനക്കരയുടെ വരികളില്‍ തുടിക്കുന്നത്.
ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും സമ്മാനിക്കുമ്പോഴും ആത്യന്തികമായി ഈ കവി മലയാളിയുടെ ഗ്രാമമിടുപ്പുകളോട് ചേര്‍ന്നുനിന്ന് ജീവിതം എഴുതുകയാണ്. 'ഹൃദയവനിയിലെ ഗായികയോ യവനകഥയിലെ നായികയോ' എന്നതിനപ്പുറം പ്രണയത്തിന്റെ തീവ്രസൗകുമാര്യത്തെ എങ്ങനെയാണ് അടയാളപ്പെടുത്താനാവുക. 


'ആശ്രമ'ത്തില്‍ നിന്ന് തുടക്കം

ചുനക്കരയുടെ ഹിറ്റുകള്‍ നിരവധിയുണ്ട്. എന്നാല്‍ 'ഒരു തിര പിന്നെയും തിര', 'ദേവീ നിന്‍ രൂപം' എന്നീ ഗാനങ്ങളാണ് അദ്ദേഹത്തിന് മലയാള ചലച്ചിത്രഗാന രംഗത്ത് മേല്‍വിലാസം നല്‍കിയത്.  തുടക്കം 'ആശ്രമം' എന്ന സിനിമയയിലൂടെയായിരുന്നു.  
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം കഴിഞ്ഞിറങ്ങിയ കെ.കെ. ചന്ദ്രന്‍ 1978ല്‍ 'ആശ്രമം' എന്ന സിനിമയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശ്രദ്ധേയരായ ഗാനരചയിതാക്കളെ കൊണ്ടു പാട്ടെഴുതിച്ചിട്ടും ചന്ദ്രന് ഇഷ്ടമായില്ല. ഒടുവിലാണ് 'ചുനക്കരയെ നോക്കിയാലോ' എന്ന ആശയം ക്യാമറാമാന്‍ കരുണാകരന്‍ മുന്നോട്ടുെച്ചത്. ചുനക്കരയെക്കൊണ്ട് ഒരു പാട്ടെഴുതിക്കാന്‍ തുടങ്ങിയ ചന്ദ്രന്‍, ആദ്യ ഗാനം ഇഷ്ടപ്പെട്ടതോടെ മൂന്ന് ഗാനമാകട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. 'അക്ഷരകന്യകേ അക്ഷരകന്യകേ സപ്തസ്വരത്തിന്‍ ചിലമ്പൊലി ചാര്‍ത്തിയ അക്ഷരകന്യകേ...' എന്ന ചുനക്കരയുടെ സിനിമയിലെ ആദ്യഗാനത്തിന് എം.കെ. അര്‍ജുനനായിരുന്നു സംഗീതം നല്‍കിയത്. പി. ജയചന്ദ്രന്‍ ഈ ഗാനം മനോഹരമായി ആലപിക്കുകയും ചെയ്തു. പാട്ട് നന്നായെങ്കിലും സിനിമ ഓടിയില്ല. 1979ല്‍ കൗമാരപ്രായം, 1981ല്‍ ചൂതാട്ടം, ഇരതേടുന്ന മനുഷ്യര്‍, യക്ഷിക്കാവ്, സ്വപ്നമേ നിനക്കു നന്ദി... സിനിമകള്‍ നിരനിരയായി ചുനക്കരയെത്തേടി വന്നു. പക്ഷേ, ഹിറ്റുകള്‍ക്കായി പിന്നെയും കാത്തിരിക്കേണ്ടിവന്നു. അരോമയുടെ 'ഒരു തിര പിന്നെയും തിര' എന്ന പി.ജി. വിശ്വംഭരന്‍ സിനിമ ഹിറ്റായി. ഹിറ്റ് സിനിമയും ഹിറ്റ് ഗാനങ്ങളും ചുനക്കരയുടെ ജീവിതത്തിന്റെ ഗതിമാറ്റി. 'ദേവി നിന്‍ രൂപം', 'ശിശിരമാസക്കുളിര്‍രാവില്‍...', 'ഒരു തിര പിന്നെയും തിര...' എന്നീ ഗാനങ്ങള്‍ ജനകീയമായി. എം.ജി. രാധാകൃഷ്ണനായിരുന്നു ഈണം നല്‍കിയത്.



കാവ്യവഴിയില്‍ ജ്യേഷ്ടന്റെ പിന്തുണ

1936 ജനുവരി 19ന് മാവേലിക്കരയിലെ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനായാണ് രാമന്‍കുട്ടിയുടെ ജനനം. പന്തളം എന്‍.എസ്.എസ് കോളജില്‍നിന്ന് മലയാളത്തില്‍ ബിരുദമെടുത്തു. ആദ്യം കോളജ് മാഗസിനുകളിലും പിന്നീട് ആനുകാലിക പ്രസിദ്ധീകരങ്ങള്‍, ആകാശവാണി, നാടകരംഗം, സിനിമാഗാനം എന്നിങ്ങനെ പടിപടിയായാണ് ചുനക്കരയുടെ കാവ്യ- ഗാനലോകം മലയാള സാഹിത്യത്തിന്റെ സൗന്ദര്യസങ്കേതത്താട് ഇഴുകിച്ചേര്‍ന്നത്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ കവിത വായിക്കാന്‍ എത്തിച്ചു കൊടുത്തതു ജ്യേഷ്ടന്‍ മാധവനാണ്. ചങ്ങമ്പുഴയെയും ഇടപ്പള്ളിയെയും രാമന്‍കുട്ടി വായിച്ചു. ഗഹനമായ പഠനമായിരുന്നില്ലെങ്കിലും കവിതാ വായന ശക്തമാക്കി, മലയാളത്തിന്റെ അക്കാലത്തെ എല്ലാ എഴുത്തുകാരെയും വായിച്ചു. ചെറുതായി എഴുതാനും ആരംഭിച്ചിരുന്നു. ചുനക്കര ഹൈസ്‌കൂളിലും പന്തളം എന്‍.എസ്.എസ് കോളജിലും പഠിക്കുമ്പോള്‍ത്തന്നെ കെ. രാമന്‍കുട്ടി, 'ചുനക്കര രാമന്‍കുട്ടി'യായി മാറിയിരുന്നു.
പിന്നീട് തിരുവനന്തപുരത്ത് താമസമായപ്പോള്‍ റേഡിയോ അമ്മാവന്‍ എന്നു പേരെടുത്ത പി. ഗംഗാധരന്‍ നായരായിരുന്നു അയല്‍വാസി. അദ്ദേഹത്തെ പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ടായി. നേരിട്ടു മുട്ടാന്‍ ധൈര്യമില്ല. സുഹൃത്ത് അരവിന്ദാക്ഷന്റെ ബന്ധുവാണു ഗംഗാധരന്‍ നായര്‍. ആ വഴി ശ്രമം നടത്തിയത് വിജയിച്ചു. എന്നാല്‍ കവിതയല്ല, ആകാശവാണിക്ക് വേണ്ടത് പാട്ടുകളാണെന്ന് ഗംഗാധരന്‍ നായര്‍ പറഞ്ഞു. ഒട്ടും വൈകിക്കാതെ കയ്യില്‍ കരുതിയ മൂന്നു പാട്ട് ചുനക്കര ആകാശവാണിക്ക് കൊടുത്തു. രണ്ടു മാസം കഴിഞ്ഞപ്പോള്‍ രത്‌നാകരന്‍ ഭാഗവതര്‍ ഈണമിട്ട് ലളിതസംഗീതപാഠത്തിലൂടെ ഈ ഗാനങ്ങള്‍ പുറത്തുവന്നു: 'കരുണക്കടലേ കാര്‍മുകില്‍വര്‍ണാ കണി കാണാനായ് വാ...' എന്ന പാട്ടിന് റേഡിയോ ശ്രോതാക്കളില്‍ വലിയ സ്വീകാര്യതയുണ്ടായി. പിന്നീടു വന്ന അടുത്ത രണ്ടു ഗാനങ്ങള്‍ക്കും പ്രശംസയുണ്ടായി. ചുനക്കര ഒന്നുണര്‍ന്നു, ഇനി പേന താഴെ വെക്കേണ്ടി വരില്ലെന്ന് ഉറപ്പായ സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍ ഓരോ പാട്ടിലും വ്യത്യസ്തത തേടുന്ന എഴുത്തുകാരന്‍ എന്ന പ്രത്യേകത അദ്ദേഹത്തെ അതിവേഗം ശ്രദ്ധേയനാക്കി.

നാടകം

ചുനക്കര ഒരു പക്ഷേ, സ്വതന്ത്രമായി കൈവെച്ച ആദ്യമേഖല നാടകമായിരുന്നു. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ അറിയപ്പെട്ട ചെറുപ്പക്കാരന് നാടകക്കാര്‍ക്കിടയില്‍ പ്രശസ്തനാകാന്‍ കാലതാമസമുണ്ടായില്ല. അക്കാലത്ത് നാടകങ്ങള്‍ക്ക് വന്‍ ഡിമാന്റ് ആയിരുന്നു. ചുനക്കരയെ തേടി നാടകസമിതികള്‍ എത്തി. കൊല്ലം അസീസി, ലങ്കര തിയേറ്റേഴ്‌സ്, കൊല്ലം ഗായത്രി, കേരള തിയറ്റേഴ്‌സ്, നാഷനല്‍ തിയറ്റേഴ്‌സ് തുടങ്ങിയ സമിതികള്‍ക്ക് നൂറുകണക്കിന് നാടകഗാനങ്ങള്‍ എഴുതി. ഇതിനിടെയാണ് സ്വന്തമായൊരു നാടകസമിതി തന്നെയാകാമെന്ന് ചുനക്കരക്ക് തോന്നിയത്.  'മലയാള നാടകവേദി'ക്ക് അദ്ദേഹം തുടക്കമിട്ടു. അഞ്ചു കൊല്ലം മാത്രമേ സമിതി കൊണ്ടുനടക്കാനായുള്ളൂ. നഷ്ടവും നിരാശയും ബാക്കി. സ്വന്തം സമിതിയുടെ തിരശീല താഴ്ത്തിയെങ്കിലും ചുനക്കരയിലെ പാട്ടെഴുത്തുകാരനെ അപ്പോഴേക്കും സിനിമാലോകം ശ്രദ്ധിച്ചുതുടങ്ങിയിരുന്നു.

ചുനക്കര- ശ്യാം ടീം

സാമുവല്‍ ജോസഫ് എന്ന ശ്യാമിന്റെ സംഗീതവും ചുനക്കര രാമന്‍കുട്ടിയുടെ വരികളും ആദ്യം കൂട്ടിയിണക്കിയ ചിത്രമായിരുന്നു 'കൗമാരപ്രായം'. തുടര്‍ന്ന് മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ നിയന്ത്രിച്ചത് ഇവരായിരുന്നു എന്നത് ചരിത്രം. വയലാര്‍- ദേവരാജന്‍ ടീം എന്നതുപോലെ മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ കൂട്ടുകെട്ടായിരുന്നു ചുനക്കര- ശ്യാം കൂട്ടുകെട്ട്.
ശ്യാമിന്റെ ഈണത്തില്‍ ചുനക്കര എഴുതുന്നതൊക്കെയും ഹിറ്റ് എന്നൊരു വിശ്വാസം സിനിമാ ലോകത്തും വളര്‍ന്നുതുടങ്ങി. 'ദേവദാരു പൂത്തു എന്‍ മനസില്‍ താഴ്‌വരയില്‍...' (എങ്ങനെ നീ മറക്കും), 'സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരൂ നീ...' (കുയിലിനെത്തേടി), 'ധനുമാസക്കാറ്റേ വായോ...' (മുത്തോടു മുത്ത്), 'അത്തിമരക്കൊമ്പത്തെ തത്തക്കിളി വന്നല്ലോ...' (പച്ചവെളിച്ചം), 'ഹൃദയവനിയിലെ ഗായികയോ...' (കോട്ടയം കുഞ്ഞച്ചന്‍) തുടങ്ങി എത്രയോ ഗാനങ്ങള്‍ ഈ കൂട്ടുകെട്ട് കൈരളിക്ക് സമ്മാനിച്ചു.
1980 കളിലാണ് ചുനക്കരയുടെ ചലച്ചിത്രഗാനങ്ങളില്‍ കൂടുതലും പിറന്നത്. 'ജീവിക്കാനായ്' (കൂലി- സംഗീതം രവീന്ദ്രന്‍),  'മദനോല്‍സവ വേള...', 'മുത്തുച്ചിലങ്കകള്‍' (സ്വപ്നമേ നിനക്കു നന്ദി- സംഗീതം ദേവരാജന്‍), 'പാതിരാക്കാറ്റുവന്നു...' (മഴനിലാവ്- രവീന്ദ്രന്‍), 'താരുണ്യം തഴുകിയുണര്‍ത്തിയ...' (തിമിംഗലം- ജി ദേവരാജന്‍), 'കണ്ണില്‍ നീ തേന്മലരായ്' (മുത്തോട് മുത്ത്- ശ്യാം), 'അങ്ങേമലവാഴുന്ന...', 'മലകളേ, മലരുകളേ...' (രാജവെമ്പാല- കെ ജെ ജോയ്), 'കദളീവനവും കാവും...' 'മക്കത്തെ ചന്ദ്രിക പോലെ' (തിരക്കില്‍ അല്‍പ സമയം- ശ്യാം) 'ഓടരുതമ്മാവാ ആളറിയാം... (ഓടരുതമ്മാവാ ആളറിയാം- എം.ജി രാധാകൃഷ്ണന്‍) പട്ടിക ഇങ്ങനെ നീളുന്നു.

എഴുതാതിരിക്കാനാവില്ല

1994 വരെ തുടര്‍ച്ചയായി ചുനക്കര പാട്ടെഴുതി. ആ വര്‍ഷം ഭാര്യ തങ്കമ്മയുടെ അസുഖംമൂലം പാട്ടെഴുത്തിന് ഇടവേള കൊടുത്തപ്പോള്‍ അത് ആറു വര്‍ഷത്തോളം നീണ്ട വലിയ കാലമായി. വ്യവസായ വകുപ്പില്‍ സഹപ്രവര്‍ത്തക കൂടിയായിരുന്ന ഭാര്യ 1997ല്‍ മരിച്ചു. തുടര്‍ന്ന് ദീര്‍ഘകാലം തിരുവനന്തപുരത്തെ വീട്ടില്‍ കവി ഏകാന്ത വാസത്തിലായിരുന്നു. എന്നാല്‍ 2001ല്‍ 'നിന്നെയും തേടി' എന്ന സിനിമയിലൂടെ ചുനക്കരയുടെ രണ്ടാംവരവുണ്ടായി. ഒരു സിനിമയില്‍ പത്തു പാട്ടുകള്‍വരെ (കന്യാകുമാരിയില്‍ ഒരു കവിത) എഴുതിയ ചുനക്കരക്ക് പൂര്‍ണമായൊരു വിട്ടുനില്‍ക്കല്‍ ഒരിക്കലുമാവില്ല. എഴുതാതിരിക്കാനാവില്ലെന്ന് തുറന്നുപറയുന്ന കവിയാണ്
ചുനക്കര. പുതിയ കാലത്ത് സിനിമ മാറി. ന്യൂജനറേഷന്‍ സങ്കേതങ്ങളിലൂടെ സിനിമ സഞ്ചരിക്കുമ്പോഴും കാമ്പുള്ള എഴുത്തുകള്‍ക്ക് ഇടമുണ്ടെന്ന് തെളിയിക്കുന്നതാണ് 2016ല്‍ പോലും നാല് പാട്ടുകള്‍ എഴുതി ഹിറ്റാക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു ചുനക്കരയുടെ എണ്‍പതാം പിറന്നാള്‍. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയും വൈ.എം.എസി.എ ഹാളില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിലും സാഹിത്യ, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ആശംസകള്‍ അര്‍പിച്ചു.
'എന്റെ ഗ്രാമം പകര്‍ന്നുനല്‍കിയ നന്മകളാണ് എന്റെ എഴുത്ത്. ഞാന്‍ കണ്ട ജീവിതങ്ങള്‍, അനുഭവിച്ചതും പിന്നിട്ടതുമായ വഴികള്‍ ഒക്കെ എന്നിലെ എഴുത്തുകാരനില്‍ കാണാം.'- ചുനക്കരയുടെ തൂലിക തുറന്നുതന്നെയിരിക്കുന്നു.

Saturday, June 25, 2016

 
വൈലിത്തറ പ്രസംഗിക്കുകയാണ്

ഫിര്‍ദൗസ് കായല്‍പ്പുറം

വേനല്‍മഴ പെയ്തുതോര്‍ന്ന പ്രഭാതത്തില്‍ കുതിച്ചൊഴുകുന്ന പല്ലനയാറിന് ആലപ്പുഴയുടെ തീരസൗന്ദര്യം നിറഞ്ഞുനിന്നു. പാനൂര്‍ ഗ്രാമത്തിലേക്കുള്ള യാത്ര. പ്രഭാഷണകലയിലൂടെ തലമുറകളുടെ മതബോധത്തിന് കരുത്തേകിയ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ ഭവനത്തിലെത്തുമ്പോള്‍ അദ്ദേഹം പത്ര പാരായണത്തിലായിരുന്നു. വാര്‍ധക്യത്തിന്റെ നേരീയ അവശതകളുണ്ട്. എങ്കിലും സമകാലിക രാഷ്ട്രീയവും സാമൂഹ്യവിഷയങ്ങളും പത്രങ്ങളിലൂടെ മൗലവി സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഇസ്‌ലാമിക ദര്‍ശനങ്ങളുടെ വെളിച്ചം മലയാളിയുടെ സാമൂഹ്യജീവിതത്തിലേക്ക് പകര്‍ന്നുനല്‍കിയ അഞ്ചര പതിറ്റാണ്ടിന്റെ സുദീര്‍ഘമായ യാത്രക്കൊടുവില്‍ വൈലിത്തറ വിശ്രമ ജീവിതത്തിലാണ്.

1960കള്‍ മുതല്‍ ഇസ്‌ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക സായാഹ്നങ്ങളിലേക്ക് കരുത്തുറ്റ ദാര്‍ശനിക ചിന്തകള്‍ പകര്‍ന്നുനല്‍കിയാണ് വൈലിത്തറ ശ്രദ്ധേയനായത്. മതവും മനുഷ്യനും തമ്മിലുള്ള ജീവിത സമവാക്യത്തെ വിശുദ്ധ ഖുര്‍ആന്റെയും ബൈബിളിന്റെയും ഭഗവത്ഗീതയുടെയും ഉപനിഷത്തുകളുടെയും ഉള്ളറകളെ തൊട്ട് സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് മതപ്രഭാഷണ രംഗത്ത് വൈലിത്തറ പുതിയൊരു അധ്യായം തുറന്നത്. അന്നോളം കേട്ടുപരിചയിച്ചതിനപ്പുറം മലയാള കവിതകളും വിശ്വസാഹിത്യ കൃതികളും ഉദ്ധരിച്ച് മലയാളത്തിലും ഇംഗ്ലീഷിലും പ്രബോധന സദസുകളെ സാംസ്‌കാരിക സദസുകള്‍ കൂടിയാക്കിയ വൈലിത്തറയുടെ വൈഭവം ആഗോള മുസ്‌ലിം സമൂഹത്തില്‍ ഗൗരവമേറിയ ചര്‍ച്ചയായിരുന്നു. വീണ്ടുമൊരു നോമ്പുകാലം കൂടി സമാഗതമാകുമ്പോള്‍ വൈലിത്തറ മൗലവി ഓര്‍മ്മകളുടെ ചെപ്പുതുറക്കുകയാണ്. രാജ്യത്തൊട്ടാകെ നടത്തിയ പ്രഭാഷണങ്ങളെ കുറിച്ചും വ്യക്തിജീവിതത്തെ കുറിച്ചും പൊതുജീവിതത്തെ കുറിച്ചും...

കാലിത്തൊഴുത്തില്‍ ഹരീശ്രീ ഗണപതായേ

എന്റെ ജനന തീയതി എനിക്കറിയില്ല. വയസ് 90നോട് അടുക്കുന്നു എന്നാണ് തോന്നുന്നത്. ഇടപ്പള്ളി രാജാവിന്റെ അധീനതയിലുള്ള പ്രദേശത്ത് 400 ഹൈന്ദവ കുടുംബങ്ങള്‍ക്കിടയിലെ ഏക മുസ്‌ലിം കുടുംബമായിരുന്നു ചെറുവാപ്പറമ്പില്‍ വീട് എന്ന എന്റെ തറവാട്. അവിടെ കുമ്പളത്ത് മൈതീന്‍ കുഞ്ഞ് ഹാജിയുടെ പത്ത് മക്കളില്‍ രണ്ടാമത്തെ മകളുടെ മകനായി ജനനം. ബാപ്പ വൈലിത്തറ മുഹമ്മദ് മുസലിയാര്‍. ചുറ്റിലും ഹിന്ദുമത വിശ്വാസികള്‍ ആയതുകൊണ്ടുതന്നെ എന്റെ ബാല്യത്തിലുടനീളം അവരുടെ സ്‌നേഹവും വാത്സല്യവും ആവോളം ലഭിക്കാന്‍ ഇടയാക്കിയിരുന്നു. അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഞാന്‍ അടുത്തുനിന്ന് കണ്ടു. ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല. എന്റെ മാതാപിതാക്കള്‍ എന്നെ ഒരു വിദ്യാലയത്തിലും ചേര്‍ത്തില്ല. അക്ഷരം പഠിച്ചത് ഒരു കാലിത്തൊഴുത്തിലാണ്. ചെല്ലിക്കാട്ടില്‍ ഗോവിന്ദനാശാന്റെ എരുത്തിലിലെ മണ്‍തറയില്‍ കൈവിരല്‍ കൊണ്ട് 'ഹരിശ്രീ ഗണപതായേ നമ:' എഴുതിയാണ് ഞാന്‍ അക്ഷരലോകത്തേക്ക് കടന്നത്. മറ്റ് ഹിന്ദു കുട്ടികളോടൊപ്പം ചെല്ലിക്കാട്ടില്‍ പോകുമ്പോള്‍ ആശാന്‍ എഴുതിത്തന്നതൊക്കെ ഞാനും പഠിക്കാന്‍ ശ്രമിച്ചു.
അക്ഷരങ്ങള്‍ മറന്നുപോകാതിരിക്കാന്‍ ഈര്‍ക്കിലോ ചെറിയ മരക്കമ്പോ ഉപയോഗിച്ച് കാലില്‍ കോറിയിട്ടായിരിക്കും മിക്കപ്പോഴും വീട്ടിലേക്ക് മടങ്ങുക. അങ്ങനെയാണ് ഞാന്‍ മലയാള അക്ഷരങ്ങള്‍ പഠിച്ചത്.


അക്ഷരങ്ങളില്‍ നിന്ന് കര്‍മശാസ്ത്രത്തിലേക്ക്

ഖുര്‍ആന്റെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചത് എന്റെ നാട്ടുകാരായ കളത്തിപ്പറമ്പില്‍ മൈതീന്‍ കുഞ്ഞ് മുസലിയാരും ഹൈദ്രോസ് മുസലിയാരുമായിരുന്നു. കര്‍മശാസ്ത്രത്തിന്റെ ആദ്യപാഠങ്ങളാകട്ടെ ആലി മുസലിയാര്‍, വടുതല കുഞ്ഞുവാവ മുസലിയാര്‍ എന്നിവരില്‍ നിന്നും. പന്ത്രണ്ടാം വയസില്‍ തകഴിക്കടുത്തുള്ള കുന്നുമ്മയിലെ പള്ളി ദറസില്‍ ചേര്‍ത്തത് പിതാവായിരുന്നു. പാപ്പിനിപ്പള്ളി മുഹമ്മദ് മുസലിയാരായിരുന്നു അവിടത്തെ ഉസ്താദ്. അദ്ദേഹം പിന്നീട് പരിശുദ്ധ മക്കയിലേക്ക് കുടിയേറി പാര്‍ക്കുകയും അവിടെ മസ്ജിദുല്‍ ഹറമിന് അടുത്ത് ദീര്‍ഘകാലം ദറസ് നടത്തുകയും ചെയ്തു. ഉസ്താദ് അവിടെ തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. എനിക്ക് 14 വയസായപ്പോള്‍ പിതാവിന്റെ ആദ്യകാല ഗുരുവും സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസലിയാര്‍ അവര്‍കളുടെ ദറസില്‍ ചേര്‍ത്തു. ഓച്ചിറ ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ കാലഘട്ടം ജീവിതത്തില്‍ മറക്കാനാകാത്ത ഒട്ടേറെ സന്ദര്‍ഭങ്ങളാണ് സമ്മാനിച്ചത്.

വണ്ടര്‍ഫുള്‍ മാന്‍

ആദ്യ പ്രഭാഷണം 18-ാമത്തെ വയസിലായിരുന്നു. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനമായിരുന്നു വേദി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോള്‍ ആര്യഭട്ട സ്വാമി കൈപിടിച്ച് അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു 'വണ്ടര്‍ഫുള്‍ മാന്‍' എന്ന്. പിന്നീട് നിരന്തരം വേദികള്‍ ലഭിച്ചു. ഹരിപ്പാട് താമല്ലാക്കല്‍ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര. മലബാറിലെ ആദ്യ പരിപാടി വടകര ബുസ്താനുല്‍ ഉലൂം മദ്രസാ വാര്‍ഷികമായിരുന്നു. ആദ്യകാലത്തെ മറ്റൊരു അവിസ്മരണീയ പ്രഭാഷണം കോഴിക്കോട് കുറ്റിച്ചിറ അന്‍സ്വാറുല്‍ മുസ്‌ലിമീന്‍ മദ്രസാങ്കണത്തിലേതാണ്. ഏഴു ദിവസത്തേക്കാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അത് 17 ദിവസം നീണ്ടു. അവസാന ദിവസങ്ങളില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും കേള്‍വിക്കാരനായി എത്തി. രാത്രി 10 മണിവരെ മാത്രമാണ് സാധാരണ പ്രഭാഷണം അനുവദിക്കുക. എന്നാല്‍ എന്റെ പ്രസംഗം പുലര്‍ച്ചെ രണ്ടുമണിവരെ നീണ്ടു. ആര്‍ക്കും ഒരു പരാതിയും ഉണ്ടായില്ല. കാരണം ഞാന്‍ പറഞ്ഞതൊക്കെ മുസ്‌ലിമിന് വേണ്ടി മാത്രമായിരുന്നില്ല. എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരും ഒരു പോലെ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ്. ഖുര്‍ആനെയും ഇസ്‌ലാമിക ജീവിത ചര്യയെയും കുറിച്ച് അമുസ്‌ലിംകള്‍ പഠിക്കണം. അതുപോലെ തന്നെ മറ്റ് മതങ്ങളുടെ നന്മയെ കുറിച്ച് തീര്‍ച്ചയായും ഇസ്‌ലാംമത വിശ്വാസികളും അറിഞ്ഞിരിക്കണം.


മതം, ശാസ്ത്രം, ജീവിതം


മതപ്രഭാഷണത്തിന് ഒരു നിശ്ചിത ഘടനയും ശൈലിയുമൊക്കെ ഉണ്ടായിരുന്ന ഒരു കാലത്താണ് ഞാന്‍ ഈ രംഗത്തേക്ക് വരുന്നത്. പരമ്പരാഗത ശൈലിയിലുള്ള പ്രഭാഷണങ്ങള്‍ കേട്ട് യുവാക്കളും അഭ്യസ്തവിദ്യരുമൊക്കെ അതില്‍ നിന്ന് അകലം പാലിക്കാന്‍ തുടങ്ങിയിരുന്നു. വഹാബി- മൗദൂദികളും മറ്റും മതപ്രഭാഷണം എന്ന പേരില്‍ നടത്തിവന്ന പരിപാടികള്‍ ഈ വിഭാഗത്തെ ആകര്‍ഷിക്കാന്‍ തുടങ്ങിയതോടെയാണ് എന്നെ മലബാറിലേക്ക് ക്ഷണിക്കുന്നത്. പരമ്പരാഗത ശൈലിയില്‍ നിന്ന് വ്യത്യസ്തമായ എന്റെ പ്രഭാഷണത്തിന് വടക്കന്‍ കേരളത്തിലാകെ നല്ല സ്വീകാരം ലഭിച്ചു. മതപ്രഭാഷണം എന്ന പേരില്‍ പ്രസംഗം ആരംഭിക്കുന്ന പണ്ഡിതന്മാര്‍ ഖുര്‍ആന്‍ വചനങ്ങള്‍ക്ക് പുറത്തേക്ക് നീളുന്ന പ്രഭാഷണത്തിന് പലപ്പോഴും തയാറായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ലഭ്യമായ എല്ലാ മതഗ്രന്ഥങ്ങളിലേക്കും സാഹിത്യ കൃതികളിലേക്കും പ്രഭാഷണം പരന്നുപോകണം. ഭഗവത്ഗീതയെ പരാമര്‍ശിക്കണം. ഉപനിഷത്തുകളെ പരാമര്‍ശിക്കണം. കുമാരനാശാനെയും ചങ്ങമ്പുഴയെയും വായിക്കണം. അപ്പോള്‍ ഒരു വിശാലമായ കാഴ്ചപ്പാടിലേക്ക് നമുക്ക് എത്തിച്ചേരാനാകും. പാഠപുസ്തകത്തിന് പുറത്തേക്ക് പോകുന്ന പുതിയകാലത്തെ പഠനശൈലി പോലെ, അറിവിന്റെ വിശാലമായ ലോകത്തേക്കാണ് യാത്ര ചെയ്യേണ്ടത് എന്ന ആശയം അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു എന്നുതന്നെയാണ് കരുതുന്നത്.

മോഡേണ്‍ മൗലവി 

ഹെയര്‍ സ്റ്റൈലും വേഷവിധാനവുമൊക്കെ കണ്ടിട്ട് ഇതെന്തു മൗലവി എന്ന് ആളുകള്‍ ചോദിച്ചിരുന്നു. മുടി നന്നായി വെട്ടി ക്രോപ്പ് ചെയ്തിരുന്നു ഞാന്‍. തലപ്പാവും തൊപ്പിയും ഉണ്ടായിരുന്നില്ല. വേഷത്തിലെ ഈ വൈരുധ്യം കണ്ടിട്ടാകണം പ്രഭാഷണത്തിനെത്തുമ്പോള്‍ ചിലര്‍ അപ്പോള്‍ത്തന്നെ സദസ്സ് വിടും. എന്നാല്‍ വേഷത്തിലല്ല കാര്യമെന്ന് തിരിച്ചറിയുന്നവര്‍ എന്റെ പ്രഭാഷണം കേള്‍ക്കാന്‍ തടിച്ചുകൂടും.
ഗള്‍ഫ് നാടുകള്‍ നമ്മുടെ സാമ്പത്തിക മേഖലക്ക് കനത്ത സംഭാവനകള്‍ ചെയ്തതോടെയാണ് കേരളത്തില്‍ വലിയ മുസ്‌ലിം പള്ളികള്‍ നിര്‍മിക്കാനായത്. അതിന് മുമ്പൊരു കാലമുണ്ടായിരുന്നു. അന്ന് ഓരോ പ്രഭാഷകര്‍ ദിവസങ്ങളോളം ഒരു സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രസംഗം നടത്തി  പള്ളിയും മറ്റ് മതസ്ഥാപനങ്ങളും നിര്‍മിക്കാന്‍ ആവശ്യമായ ഫണ്ട് സ്വരൂപിക്കലായിരുന്നു പതിവ്. അത്തരത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ മസ്ജിദുകള്‍ നിര്‍മിക്കാന്‍ ഞാന്‍ പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു. വിശ്വാസികളോട് അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ അവര്‍ പള്ളികള്‍ നിര്‍മിക്കാന്‍ കഴിയുന്ന സംഭാവനകള്‍ ചെയ്യും. അക്കാര്യത്തില്‍ വളരെയേറെ മസ്ജിദുകള്‍ നിര്‍മിക്കാന്‍ കാരണക്കാരനായി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്.

ഹിന്ദു, മുസ്‌ലിം, മാനവികത

ഇന്ത്യയില്‍ ഒരിക്കലും ഹിന്ദുമതക്കാര്‍ മുസ്‌ലിമിന്റെ ശത്രുവല്ല എന്നുതന്നെയാണ് അന്നും ഇന്നും ഞാന്‍ വിശ്വസിക്കുന്നത്. പ്രത്യേകിച്ച് കേരളത്തിലെ ഹൈന്ദവര്‍ മതസാഹോദര്യത്തിന് വലിയ വില കല്‍പിക്കുന്നവരാണ്. മുസ്‌ലിംകള്‍ അവഗണിക്കപ്പെടുന്നതായോ ആക്രമിക്കപ്പെടുന്നതായോ ഞാന്‍ കാണുന്നല്ല. എന്നാല്‍ സമാധാനവും ക്ഷമയും എന്ന ഖുര്‍ആന്‍ ദര്‍ശനം മനസില്‍ കരുതിവെക്കണം ഓരോ മുസ്‌ലിമും. അതുകൊണ്ടാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം പാണക്കാട് കുടുംബം സമാധാനത്തിന് ആഹ്വാനം ചെയ്തത്. ഉത്തര്‍പ്രദേശിലെ മുസ്‌ലിമിന്റെ പേരുപറഞ്ഞും ബാബറി മസ്ജിദിന്റെ കഥ പറഞ്ഞും ഇബ്രാഹിം സുലൈമാന്‍ സേട്ടിനൊപ്പം കരയാന്‍ എനിക്ക് കണ്ണീരില്ലെന്ന് അന്നുഞാന്‍ പറഞ്ഞിരുന്നു. പെരുപ്പിച്ചുകാട്ടി പ്രശ്‌നങ്ങള്‍ വഷളാക്കുന്നത് നല്ല പ്രവണതയല്ല.
തെറ്റിനെ ശരികൊണ്ട് പരാജയപ്പെടുത്തണമെന്നാണ് ഖുര്‍ആന്‍ (സൂറത്ത് റഅദ്) പഠിപ്പിച്ചത്. നാം എപ്പോഴും സമാധാനത്തെ മുറുകെ പിടിക്കുക. അങ്ങനെയെങ്കില്‍ നമുക്ക് ഒന്നും സംഭവിക്കില്ല. ശബ്ദിക്കേണ്ടത് മാനവികതക്ക് വേണ്ടിയാണ്. ഇത്രകാലവും മതപ്രബോധന രംഗത്ത് നിലയുറപ്പിച്ച ഞാന്‍ ഒരു സംഘടനയിലും അംഗമല്ല. എന്നാല്‍ സമാധാനത്തിനു വേണ്ടിയുള്ള എല്ലാ സംരംഭങ്ങളിലും സംഘടനയോ രാഷ്ട്രീയമോ നോക്കാതെ പങ്കെടുത്തിട്ടുമുണ്ട്.

ഭൗതികത, ആത്മീയത

പരസ്പര പൂരകങ്ങളായ രണ്ട് കാര്യങ്ങളാണിവ. ഭൗതികതയും ആത്മീയതയും സമന്വയിപ്പിക്കുന്നത് ആധുനിക പ്രവണതയൊന്നുമല്ല. അനുവദനീയമായ അറിവ് തേടല്‍ ആത്മീയതയുടെ ഭാഗം തന്നെയാണ്. ജീവിക്കാനുള്ള തൊഴില്‍ പഠിക്കുന്നതും പരിശീലിക്കുന്നതും ആത്മീയതയാണ്. എന്നാല്‍ ദീനി വിദ്യാഭ്യാസത്തിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ പൂര്‍ണമായി അതിന് നിയോഗിക്കലാണ് ഉചിതം. മറ്റുള്ളവര്‍ക്ക് അത്യാവശ്യം ദീനി വിചാരങ്ങളായ നമസ്‌കാരം, നോമ്പ്, ശുദ്ധീകരണം, വിശ്വാസപരമായ പ്രാഥമിക പാഠങ്ങള്‍ എന്നിവക്ക് അവസരം നല്‍കണം. എന്നാല്‍ ഭൗതികവും ആത്മീയവുമായ അറിവുകളെ സ്വാംശീകരിക്കാനുമാകണം.

മുസ്‌ലിം രാഷ്ട്രീയം അനിവാര്യം

കേരളത്തിലെ മുസ്‌ലിംകള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന അഭിപ്രായം പൊതുവേദികളില്‍ ഉന്നയിച്ച ആളാണ് ഞാന്‍. മുസ്‌ലിംകള്‍ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവര്‍ ആയാല്‍പോര. അത് അനുവദിച്ചുകൊടുക്കുന്നവര്‍ കൂടിയാകണം. അതിന് അധികാരത്തില്‍ പങ്കാളിത്തം വേണം. ഇ.എം.എസ് മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയ സ്‌കൂളുകള്‍ അനുവദിച്ചുകൊണ്ടുള്ള ലിസ്റ്റ് തയാറാക്കിയപ്പോള്‍ സ്വന്തം സമുദായത്തിന് അര്‍ഹമായത് നീക്കിവെച്ചു. ഇതിനെതിരെ ഇ.എം.എസ് രംഗത്ത് വന്നെങ്കിലും സമുദായത്തിന് അര്‍ഹമായത് ലഭിക്കണമെന്ന നിലപാടില്‍ സി.എച്ച് ഉറച്ചുനിന്നു. ഭരണത്തില്‍ നിര്‍ണായക ശക്തിയായാല്‍ മാത്രമേ ഇത്തരം സാഹചര്യങ്ങളില്‍ മുസ്‌ലിംകളുടെ പുരോഗതിക്ക് വേണ്ടി ഇടപെടാനാകൂ. ഇക്കാര്യം പറഞ്ഞപ്പോള്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കാതെ വയ്യ. സുന്നി സംഘടനകളുടെ ഐക്യത്തിന് വേണ്ടി ഞാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയിരുന്നു. വിജയം കണ്ടില്ല. സംഘടിതമായ ശക്തിയാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന് വേണ്ടതെന്ന് എല്ലാവരും തിരിച്ചറിയണം.

പാണക്കാടിന്റെ നന്മകള്‍

ഞാനും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി 40 വര്‍ഷം നീണ്ട ആത്മബന്ധമായിരുന്നു. ഒരിക്കല്‍ പോലും പരസ്പരം വാക്കുകള്‍ പാലിക്കാതിരുന്നില്ല. എന്നോട് ഏതുവിഷയവും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയാറായിരുന്നു. തങ്ങളോട് എന്തും പറയാന്‍ എനിക്കും അതേപോലെ തന്നെ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരിക്കല്‍ എന്റെ മകന്‍ അഡ്വ. മുജീബിനെ സാക്ഷിയാക്കി ഞാന്‍ തങ്ങളോട് പറഞ്ഞു '' തങ്ങള്‍ക്ക് മുമ്പേ ഞാന്‍ മരിച്ചാല്‍ മയ്യിത്ത് നമസ്‌കാരത്തിന് തങ്ങള്‍ നേതൃത്വം നല്‍കണം'' എന്ന്. പക്ഷേ, ആ വാക്ക് പാലിക്കാന്‍ അദ്ദേഹത്തിനായില്ല. പാണക്കാട് തങ്ങള്‍മാര്‍ സമാധാനത്തിന്റെ സന്ദേശവാഹകരാണ്. അതൊരു വലിയ നന്മയാണ്.
മുഹമ്മദലി തങ്ങളെ ഞാന്‍ ആദ്യമായി കാണുന്നത് പുത്തനത്താണി ജുമാമസ്ജിദിന്റെ നിര്‍മാണാര്‍ത്ഥം നടത്തിയ പ്രഭാഷണ പരമ്പരക്കിടയിലാണ്. ബാഫഖി തങ്ങളുമായും പൂക്കോയ തങ്ങളുമായും എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. 1969ല്‍ മലപ്പുറത്ത് എനിക്ക് ധാരാളം പ്രസംഗവേദികള്‍ ഉണ്ടായിരുന്ന കാലം. വേദികളില്‍നിന്നും വേദികളിലേക്കുള്ള യാത്രക്കിടെ ഒരു ദിവസം തേവര്‍ പറമ്പില്‍ കോയാമു ഹാജി എന്നെ സമീപിച്ചു. പുത്തനത്താണി ജുമാമസ്ജിദിന്റെ നിര്‍മാണത്തിന് ഫണ്ട് ശേഖരിക്കണം. അതിനായി ഞാന്‍ പ്രസംഗിക്കാന്‍ എത്തണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വലിയ തിരക്കായിരുന്നു ആ ദിവസങ്ങളില്‍. ഞാന്‍ ഒഴിഞ്ഞുമാറി. മടങ്ങിപ്പോയ ഹാജി അടുത്ത ദിവസം തന്നെ വീണ്ടും എന്നെ കാണാന്‍ വന്നത് പൂക്കോയ തങ്ങളുടെ കത്തുമായാണ്. തങ്ങളുടെ കത്ത് അവഗണിക്കാനാവില്ല. ഞാന്‍ രണ്ടുദിവസം സംസാരിക്കാന്‍ എന്ന് സമ്മതിച്ചു. തങ്ങള്‍ വേദിയില്‍ വേണമെന്നും ഹാജിയോട് പറഞ്ഞു.
പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ വേദിയില്‍ തങ്ങളില്ല. പകരം മകനെയാണ് അയച്ചത്. വെളുത്തുനീണ്ട ഒരു ചെറുപ്പക്കാരന്‍. ഞാന്‍ പേര് ചോദിച്ചു- 'മുഹമ്മദലി ശിഹാബ്'. എന്റെ പ്രസംഗം കേള്‍ക്കുകയും എന്നെ പ്രശംസസിക്കുകയും ചെയ്തു. ആ യുവാവില്‍ ശക്തനായൊരു നേതാവുണ്ടെന്ന് അന്നേ ഞാന്‍ സി.എച്ചിനോട് പറഞ്ഞിരുന്നു. പില്‍ക്കാലത്ത് കേരളീയ മുസ്‌ലിം സമുദായത്തിന്റെ ആത്മീയ, രാഷ്ട്രീയ മണ്ഡലങ്ങളില്‍ ആ പ്രതിഭ ഏറെ തിളങ്ങിയിരുന്നല്ലോ.

പ്രഭാഷണവും നിയമവും

പള്ളിക്കൂടത്തിന്റെ തിണ്ണ കണ്ടിട്ടില്ലാത്തയാളാണ് ഞാന്‍ എന്നു പറഞ്ഞുവല്ലോ. പക്ഷേ, പ്രഭാഷണം നടത്തണമെങ്കില്‍ പഠിച്ചേ മതിയാവൂ. കേരളംപോലെ ഉന്നതവിദ്യാഭ്യാസത്തിലേക്ക് വളരുന്ന ഒരു സംസ്ഥാനത്ത് പ്രസംഗിക്കുമ്പോള്‍ എല്ലാം പഠിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ ധാരാളം മഹത്തായ ഗ്രന്ഥങ്ങളുണ്ട്. ദൈവത്തെ കുറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞു എന്നറിയണം. ഇന്ത്യന്‍ നിയമങ്ങള്‍ പഠിക്കണം. മതസൗഹാര്‍ദ്ദത്തെ കുറിച്ച് പഠിക്കുമ്പോള്‍ ഇന്ത്യന്‍ പീനല്‍കോഡ് പറയാതെ പോകാനാവില്ലല്ലോ. നമ്മുടെ രാജ്യത്തെ നിയമം, മൗലിക അവകാശങ്ങള്‍ എന്നിവയെല്ലാം മുസ്‌ലിമിന് സ്വസ്ഥമായി ജീവിക്കാന്‍ ഉപകരിക്കുന്നതാണ്. മുസ്‌ലിമിനെതിരെ മതവിദ്വേഷമോ വര്‍ഗീയ ലഹളയോ ഉണ്ടായാല്‍ അതിനെ ആദ്യം ചെറുക്കുന്നത് ഹിന്ദുതന്നെയാണ്. ഹിന്ദുതന്നെയാകണം. കേരളത്തിലെ ഹിന്ദുക്കള്‍ നല്ല മനുഷ്യരാണ്, സ്‌നേഹവും പാരസ്പര്യവും ഉള്ളവരാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ പത്തില്‍ കുറയാത്ത ഹൈന്ദവ സഹോദരങ്ങള്‍ക്കൊപ്പമല്ലാതെ ഞാന്‍ പെരുന്നാള്‍ ആഘോഷിച്ചിട്ടില്ല. ഈ വൈലിത്തറ വീട്ടില്‍ അവര്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ സുഖം മറ്റൊരു ഒത്തുചേരലിലും എനിക്ക് കിട്ടിയിട്ടില്ല.

കയറി വരാനൊരു വീട്

ദേശീയപാതയില്‍ തോട്ടപ്പള്ളി മുതല്‍ പല്ലനയും പാനൂരും വരെ നീണ്ടുകിടക്കുന്ന തീരഭൂമിയില്‍ ജാതിമത, കക്ഷിരാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും കടന്നുവരാവുന്നൊരു ഇടമാണ് വൈലിത്തറ വീട്. പ്രഭാഷണവും യാത്രകളുമൊക്കെ ഒഴിവാക്കി വീട്ടില്‍ കഴിയുമ്പോഴും ഉസ്താദിന്റെ സ്‌നേഹവാത്സല്യങ്ങള്‍ തേടി ഇപ്പോഴും ഇവിടേക്ക് ആളുകള്‍ വന്നുപോകുന്നു. 
സഹധര്‍മിണി ഖദീജയുടെ വിയോഗ ശേഷം മക്കളായ അഡ്വ. മുജീബ്, ജാസ്മിന്‍, സുഹൈല്‍, സഹല്‍, തസ്‌നി എന്നിവര്‍ക്കൊപ്പം മൗലവി വൈലിത്തറയിലെ വീട്ടില്‍ത്തന്നെയുണ്ട്. വര്‍ഷങ്ങള്‍ നീണ്ട യാത്രകളും പ്രമുഖരുടെ സന്ദര്‍ശനവുമാണ് 'ബാപ്പച്ച'യെ കുറിച്ച് മകന്‍ മുജീബിന് പറയാനുള്ളത്. വിദേശരാജ്യങ്ങളില്‍ പ്രഭാഷണത്തിന് പോകുമ്പോഴും മറ്റും പിതാവിന്റെ വലിപ്പം അറിയാനായിട്ടുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍ തുടങ്ങിയവരൊക്കെ ആലപ്പുഴ ജില്ലിയില്‍ പ്രവേശിച്ചാല്‍ വീട്ടിലെത്തി ബാപ്പച്ചയെ കാണും. ഒരുമിച്ച് ഭക്ഷണം കഴിക്കും. പ്രവാസി വ്യവസായ പ്രമുഖന്‍ എം.എ യൂസുഫലി പിതൃതുല്യമായ സ്‌നേഹത്തോടെയാണ് വൈലിത്തറയെ കാണുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി പ്രഭാഷണങ്ങള്‍ക്ക് അദ്ദേഹം മുന്‍കൈയെടുത്ത് കൊണ്ടുപോയിട്ടുണ്ട്.
ഇനിയും പറയാന്‍ ഏറെയുണ്ടെന്ന ശരീരഭാഷയാണ് വൈലിത്തറ മൗലവിയില്‍ തെളിയുന്നത്. ഇപ്പോഴും വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ കണ്ടെത്തി വായിക്കുന്ന ശീലത്തിന് മാത്രം മൗലവി മാറ്റം വരുത്തിയിട്ടില്ല.

(ചന്ദ്രിക റമളാന്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ചത്- 2016 ജൂണ്‍)






Sunday, June 5, 2016

ഓര്‍മ്മക്കൂട്

ഫിര്‍ദൗസ് കായല്‍പ്പുറം

അല്ലാഹുവിന്റെ അനുപമമായ അനുഗ്രഹം ഓര്‍മ്മക്കൂടായാണ് ഹാഫിസ് മുഹമ്മദില്‍ ചൊരിഞ്ഞത്. മാഞ്ഞുപോകാത്ത ഓര്‍മ്മ എന്ന അപൂര്‍വ്വതയിലേക്ക് സര്‍വ്വേ
ശ്വരന്റെ കടാക്ഷമുണ്ടായി. ഖുര്‍ആന്റെ വിശാലമായ ലോകത്തെ സ്വന്തം ഓര്‍മ്മച്ചെപ്പില്‍ നിറച്ച് മലയാളിയുടെ അഭിമാനമായി മാറാന്‍ ഹാഫിസ്  മുഹമ്മദിന് കഴിഞ്ഞത് അല്ലാഹുവിന്റെ കാരുണ്യം.
വിശുദ്ധ റമളാന്റെ പടിവാതിക്കലില്‍ പുണ്യങ്ങളെ വരവേല്‍ക്കാന്‍ നാം കാത്തുനില്‍ക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആന്റെ വെളിച്ചം എല്ലാ മനസുകളിലേക്കും പടരുകയാണ്. നാവില്‍ നിന്ന് സദാ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഒഴികൊണ്ടിരിക്കുന്നത് മനോഹരവും ഹൃദയോദ്ദീപകവുമാണെന്നതില്‍ സംശയമില്ല.
ജന്മവൈകല്യങ്ങള്‍ക്കപ്പുറം വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്താണ് ഹാഫിസ് മുഹമ്മദ് എന്ന പതിനേഴുകാരന്റെ ജീവിതം. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസീം ഹുസൈന്റെയും അധ്യാപികയായ ഫസീലയുടെയും മകന്‍ ഹാഫിസ് ഖുര്‍ആന്‍ വചനങ്ങളുടെ അത്ഭുത ലോകത്താണ്. ജന്മനാ ബുദ്ധിവൈകല്യമുള്ള ഹാഫിസിന് ഖുര്‍ആനിലെ മുഴുവന്‍ അധ്യായങ്ങളും സൂറത്തുകളും അവയുടെ വ്യാഖ്യാനവും മന:പാഠമാണ്.
അല്ലാഹുവിന്റെ അനുഗ്രഹം ഉറച്ച ഓര്‍മ്മകളായി ചൊരിയുമ്പോള്‍ കേരളത്തിലെമ്പാടും രാജ്യത്തൊട്ടാകെയും ഹാഫിസ് മുഹമ്മദ് പങ്കെടുക്കുന്ന വേദികളിലേക്ക് പണ്ഡിത സമൂഹവും വിശ്വാസികളും ഒഴുകിയെത്തുന്നു. ഹാഫിസിന് ജന്മനാ ബുദ്ധിവൈകല്യവും ഹൃദയ തകരാറും തളര്‍വാദവുമുണ്ട്.
ഒരു വയസ്സുവരെ നിര്‍ത്താതെ കരഞ്ഞിരുന്ന കുട്ടിയെ സാന്ത്വനപ്പെടുത്താന്‍ എല്ലാ ചികിത്സയും പ്രയോഗിച്ചുനോക്കി. മക്കാ ഇമാം അബ്ദുറഹിമാന്‍ സുദൈസിയുടെ ഖുര്‍ആന്‍ പാരായണ കാസറ്റ് വീട്ടില്‍ പതിവായി ശ്രവിക്കുമായിരുന്നു. മനോഹരമായ ആ പാരായണ ശൈലി കുഞ്ഞിന്റെ കരച്ചിലിന് കുറവു വരുത്തുന്ന അത്ഭുതം മാതാപിതാക്കളുടെ ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താനുള്ള ചികിത്സ ഖുര്‍ആന്‍ പാരായണ കാസറ്റ് കേള്‍ക്കലായി. രണ്ടര വയസ്സുവരെ ഇത് തുടര്‍ന്നപ്പോള്‍ മൂന്നാം വയസ്സു മുതല്‍ ഹാഫിസ് ഖുര്‍ആന്‍ വചനങ്ങള്‍ പാരായണം ചെയ്യാന്‍ തുടങ്ങി. പിന്നീട് വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ഘട്ടംഘട്ടമായി ഖുര്‍ആന്‍ തന്നെ കുഞ്ഞിന് ഔഷധമായി മാറുകയായിരുന്നു. ആറ് വയസിലെത്തിപ്പോഴേക്കും ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കി. പിന്നീട് ഹാഫിസ് മുഹമ്മദ് ഖുര്‍ആനിലൂടെ നടത്തിയ വിസ്മയ യാത്ര ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. 'അതിബുദ്ധിമാന്മാര്‍ക്കു പോലും സാധ്യമാകാത്തത്' എന്ന് മക്കാ ഇമാം പോലും സാക്ഷ്യപ്പെടുത്തുന്ന സാഹചര്യമുണ്ടായി. ഹാഫിസിനെ ചികിത്സിച്ചിരുന്ന ഡോക്ടറാകട്ടെ ഖുര്‍ആന്‍ പാരായണം കേട്ടതോടെ അത് തുടരാനാണ് നിര്‍ദേശിച്ചത്.
ഖുര്‍ആനിലെ ഏതെങ്കിലുമൊരു അധ്യായത്തിന്റെ പേര് ചോദിക്കൂ. ഹാഫിസ് അപ്പോള്‍ തന്നെ കൃത്യമായി പറയും. ഒരു വചനം ഉദ്ധരിച്ചാല്‍ അത് ഏത് അധ്യായത്തിലേതെന്ന് വ്യക്തമായി പറയും.
വെട്ടൂര്‍ റാത്തിക്കലിലെ വീട്ടില്‍ എപ്പോഴും ഖുര്‍ആന്‍ വചനങ്ങള്‍ മുഴങ്ങുകയാണ്. ഓഡിയോ കാസറ്റ് കേട്ടുമാത്രം ലോകത്തിന്റെ കണ്ണാടിയായ വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയത് അപൂര്‍വത തന്നെ. എന്നാല്‍ ഹാഫിസ് ഇപ്പോഴും ഖുര്‍ആന്‍ പഠനം തുടരുകയാണ്.
ഖുര്‍ആനില്‍ മക്കയിലും മദീനയിലും അവതരിച്ച സൂറത്തുകളെ വേര്‍തിരിക്കാനും ഹാഫിസിന് നിഷ്പ്രയാസം സാധിക്കും. സൂറത്തുല്‍ ത്വാഹ, മര്‍യം, കഹ്ഫ്, ഫുര്‍ഖാന്‍, അന്‍ബിയാഅ്, അന്‍കബൂത് തുടങ്ങിയവയുടെ വിവക്ഷയും ഉള്ളടക്കവും സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍ വിശദീകരിക്കാനും ഹാഫിസിന് കഴിയുന്നു. ക്രമനമ്പര്‍ പ്രകാരം സൂക്തങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന ഹാഫിസ് 'ഖുര്‍ആന്‍ ഇന്‍ഡക്‌സ്' എന്നാണ് അറിയപ്പെടുന്നത്. ഖുര്‍ആന്‍ മാത്രമല്ല, മലയാളം , ഇംഗ്ലീഷ്, ഹിന്ദി, അറബ് ഭാഷകളില്‍ സംസാരിക്കാനും ഹാഫിസിന് കഴിയും. ഭാഷാപരമായി കൂടി ഹാഫിസ് മികവ് പുലര്‍ത്തുന്ന  സാഹചര്യത്തില്‍ ഖുര്‍ആനെ കുറിച്ച് മകനെ കൊണ്ട് റിസര്‍ച്ച് നടത്തിക്കണം എന്ന ആഗ്രഹത്തിലാണ് മാതാപിതാക്കള്‍.
കേരള സര്‍വകലാശാലയുടെ അറബിക് വിഭാഗം ഹാഫിസ് മുഹമ്മദിനെ ആദരിച്ചിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിയാണ് ഹാഫിസിന് ആദരം സമ്മാനിച്ചത്.  ഹാഫിസിന്റെ അപൂര്‍വ കഴിവ് തിരിച്ചറിഞ്ഞ ഇത്തിഹാദ് എന്ന അറബി പത്രം റിപ്പോര്‍ട്ട് ചെയ്യുകയും അതുകണ്ട് മക്കാ ഇമാം ഫോണില്‍ വിളിച്ച് അനുമോദിച്ചത് ഹാഫിസിന് ആഹ്ലാദമായി. വിശ്വാസികളുടെ മനസുകളിലേക്ക് വിശുദ്ധ റമളാന്‍ കടന്നുവരുമ്പോള്‍ അല്ലാഹുവിന്റെ അതിരുകളില്ലാത്ത അനുഗ്രഹത്തിന് ഉദാഹരണമാണ് ഹാഫിസ്. ഹാഫിസിന്റെ വീട്ടില്‍ ഖുര്‍ആന്‍ ധ്വനി മുഴങ്ങിക്കൊണ്ടേയിരിക്കുന്നു
.


(2016 ജൂണ്‍ 5ന് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


Tuesday, December 8, 2015

വാര്‍ദ്ധക്യത്തിന്റെ സാമൂഹ്യ ഇടം

മലയാളിയുടെ കുടുംബ സങ്കല്‍പ്പത്തിന്റെയും സംസ്‌കൃതിയുടെയും പ്രയാണത്തിലെ വഴിമാറ്റങ്ങളില്‍ അവഗണിക്കപ്പെട്ട ഒരു വിഭാഗമായി മാറിയിരിക്കുന്നു വൃദ്ധജനങ്ങള്‍. കേരളത്തില്‍ വാര്‍ദ്ധക്യം തെരുവിലിറങ്ങുകയാണ്- അന്നവും അഭയവും തേടി. തെരുവുകളിലെവിടെയും അലഞ്ഞുതിരിയുന്ന വൃദ്ധര്‍ പതിവു കാഴ്ചയായിരിക്കുന്നു. അത്യന്തം ദാരുണമായ ഈ സ്ഥിതിയെ സാംസ്‌കാരിക പരിസരങ്ങളിലൂടെ വായിക്കപ്പെടേണ്ടതുണ്ട്. ഒരു ഹൈടെക് സമൂഹത്തിന്റെ പ്രതീകമായി മലയാളി മാറിക്കഴിഞ്ഞതിന്റെ ദൃഷ്ടാന്തമായി ഈ സ്ഥിതിവിശേഷത്തെ വിലയിരുത്തേണ്ടതുണ്ട്.
സമൂഹത്തിന് ബാധ്യതയാകുന്ന ഒരു പ്രായം എല്ലാവരിലും വന്നുചേരുമെന്ന ഭീതിതമായ യാഥാര്‍ത്ഥ്യം നിരന്തരം ഓര്‍മ്മിപ്പിക്കുന്നതുമാണ് വൃദ്ധരുടെ ദുരിതങ്ങള്‍. സാമൂഹ മനസാക്ഷിയില്‍ നിന്ന് കരുണ മോഹിക്കുന്ന വലിയൊരു വിഭാഗം വയോജനങ്ങളുണ്ട്. അവരുടെ മാനസിക സംഘര്‍ഷങ്ങളെ ആഴത്തില്‍ പഠിക്കാനും പരിഹാരം കാണാനും സാധിക്കുന്നില്ല. വൃദ്ധജനങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയേ അല്ലാതായിരിക്കുന്നു. പുതിയ കാലത്ത് ഒറ്റപ്പെട്ട സംഭവങ്ങളാണ് വാര്‍ത്തകള്‍. വൃദ്ധരെ പെരുവഴിയില്‍ ഉപേക്ഷിക്കുന്നതും നട തള്ളുന്നതും മലയാളിയുടെ ദിനചര്യമായി മാറിയിക്കുന്നു.
തെരുവില്‍ അലയുന്ന, ഭിക്ഷയാചിക്കുന്ന, വൃദ്ധ സദനങ്ങളില്‍ അനാഥത്വത്തിന്റെ ഭാരംപേറി ജീവിക്കുന്ന വാര്‍ധക്യം, നമ്മുടെ സാമൂഹ്യക്രമത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ആശങ്കാജനകം തന്നെ. ഇവരെ സംരക്ഷിക്കേണ്ടത് ആരാണെന്ന ചോദ്യം നിരന്തരം ഉയര്‍ന്നുവരുന്നു. ഉപേക്ഷിക്കപ്പെടുന്ന വാര്‍ധക്യത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരുകളുടെ മാത്രം കടമയാണോ...?
വാര്‍ദ്ധക്യത്തിന്റെ സാമൂഹ്യ ഇടം പരിശോധിക്കുമ്പോള്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനുഷ്യാവസ്ഥകളാണ് വെളിപ്പെടുന്നത്. ജീവിതാവസാനം ആര്‍ക്കും വേണ്ടാത്തവരായി അവഗണിക്കപ്പെടുന്നവരുടെ മാനസികാവസ്ഥയാണ് ഇതില്‍ പ്രധാനം. മരണം പോലെ തന്നെ വാര്‍ദ്ധക്യവും ഒരു യാഥാര്‍ത്ഥ്യമാണ്. അവര്‍ക്ക് ശാരീരിക ശേഷി നഷ്ടമാകുമ്പോള്‍ മാനസിക ബലം പകര്‍ന്നുനല്‍കേണ്ടത് പിന്‍മുറക്കാരുടെ കടമയാണ്. അതൊരു വ്യവസ്ഥയുടെ ഭാഗമാണ്, ധാര്‍മികതയുടെ വിഷയമാണ്. പക്ഷേ, വാര്‍ദ്ധക്യത്തിന്റെ വിഹ്വലതകള്‍ കാണാന്‍, പരിഹരിക്കാന്‍ സമൂഹം മടിച്ചുനില്‍ക്കുന്നു. വൃദ്ധര്‍ക്ക് ആരാണ് തണലിടം ഒരുക്കേണ്ടത്. വൃദ്ധജനങ്ങള്‍ സമൂഹത്തിന് ബാധ്യതയാകുന്നോ..?

നരയ്ക്കുന്ന തടവറകള്‍

'പ്രാവും പ്രളയവുമില്ലാത്ത കാലത്തെ/ വീണപൂക്കളുടെ വസന്തമോ വാര്‍ദ്ധക്യം' എന്നെഴുതി വാര്‍ദ്ധക്യത്തിന്റെ തീക്ഷ്ണതയെ വൈകാരികമായി അടയാളപ്പെടുത്തിയിട്ടുണ്ട് കവി എ. അയ്യപ്പന്‍. വാര്‍ദ്ധക്യത്തിന്റെ തെരുവ് ജീവിതത്തെ പരാമര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും അയ്യപ്പന്‍ ഒരു പ്രതീകമാണ്. തെരുവിന്റെ വെയില്‍തിന്ന് കവിത രചിച്ച അയ്യപ്പന്‍ ഒരു അനാഥ വാര്‍ദ്ധക്യത്തിന്റെ തടവറയില്‍, അല്ല, വിശാലതയിലാണ് ജീവിച്ചു നരച്ചു മരിച്ചത്.
അടച്ചിട്ട വീടും അലഞ്ഞുതിരിയുന്ന തെരുവും വാര്‍ദ്ധക്യത്തിന് ശാപം തന്നെയാണ്. രണ്ടു മാസമായി പരിചരണം ലഭിക്കാതെ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വൃദ്ധയെ കണ്ടെത്തിയത് അടുത്തിടെ എരുമേലിയിലായിരുന്നു. ഭര്‍ത്താവ് മരിച്ചതോടെ അനാഥയായ ഇവര്‍ സഹോദരന്റെ വീട്ടിലായിരുന്നു താമസം. പ്രമേഹരോഗം രൂക്ഷമായതിനെ തുടര്‍ന്ന് തീര്‍ത്തും അവശയായി കിടപ്പിലായതോടെയാണ് ഇവരെ ബന്ധുക്കള്‍ കൈയ്യൊഴിഞ്ഞത്.
ഇടുക്കി ജില്ലയില്‍ നടന്ന മറ്റൊരു സംഭവം കരളലിയിക്കുന്നതാണ്. ഒറ്റപ്പെട്ട ഒരു വീട്ടില്‍ നിന്നു കരച്ചില്‍ കേള്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍ക്കാരി പൊലീസിനെ അറിയിച്ച് വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭക്ഷണം നല്‍കാതെ കെട്ടിയിട്ട നിലയില്‍ പ്രായമുള്ള ഒരു അമ്മയെ കണ്ടെത്തി. മകന്റെ പീഡനത്തില്‍ നിന്നും പൊലീസ് അവരെ രക്ഷപ്പെടുത്തി ഒരു വൃദ്ധസദനത്തിലാക്കി. ബസ്റ്റാന്റുകളിലും റെയില്‍വെ സ്റ്റേഷനുകളിലും മക്കള്‍ തന്നെ ഉപേക്ഷിച്ചുപോയ വൃദ്ധജനങ്ങള്‍ സംസ്ഥാനത്തെ പല ഓള്‍ഡേജ് ഹോമുകളിലായി കഴിയുന്നുണ്ട്. മാവേലിക്കരയില്‍  ഒരമ്മയുടെ മൃതദേഹം  45 ദിവസം പഴകി ഉണങ്ങിയ നിലയില്‍ കണ്ടെത്തിയതും സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഇത്തരത്തില്‍ കേരളത്തിലെ ഓരോ ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ നിന്നും വാര്‍ദ്ധക്യത്തിന്റെ തേങ്ങല്‍ കേള്‍ക്കാം. ഒരര്‍ത്ഥത്തില്‍ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നം ഇതുതന്നെയാണ്.

ഒരുലക്ഷത്തിലേറെ വൃദ്ധര്‍ സര്‍ക്കാരിന്റെ തണലില്‍ 

സമയത്തിന് ആഹാരം, ഔഷധങ്ങള്‍, സ്‌നേഹം, കരുണ, സഹാനുഭൂതി വൃദ്ധര്‍ക്ക് വേണ്ടതിത്രമാത്രം. ഇതിനുപകരം വൃദ്ധരെ വീടുകളില്‍ പൂട്ടിയിടുന്നു. പട്ടിക്കൂട്ടില്‍ അടയ്ക്കുന്നു. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും സമീപത്ത് ഭിക്ഷാടകരാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന് സാമൂഹിക നീതി എന്നൊരു വകുപ്പുള്ളതുകൊണ്ടുമാത്രം ജീവന്‍ നിലനിര്‍ത്തുന്ന എത്രയെത്ര വൃദ്ധജനങ്ങളാണുള്ളത്. അവര്‍ ഒരര്‍ത്ഥത്തില്‍ പൊതുസമൂഹത്തിന്റെ പണം കൊണ്ടുതന്നെ ജീവിക്കുന്നുവെന്ന് ആശ്വസിക്കാം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹിക സുരക്ഷാ മിഷന്‍ നേതൃത്വം നല്‍കുന്ന വയോമിത്രം പദ്ധതിയില്‍ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. 2010-11 വര്‍ഷം 447 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2011-12 ല്‍ ഇവരുടെ എണ്ണം 32,449 ആയി. 2012-13 വര്‍ഷത്തില്‍ ഇരട്ടിയോളം വര്‍ധിച്ച് 64,075 പേരായി. ഇപ്പോള്‍ പദ്ധതിയില്‍ അംഗങ്ങളായവരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ്.
32 വയോമിത്രം കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ജില്ലാ ആസ്ഥാനങ്ങളിലും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യ മരുന്നുകള്‍, വീല്‍ച്ചെയറുകള്‍, പെന്‍ഷന്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇവര്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ ഇവര്‍ക്കായി വര്‍ഷം ചെലവഴിച്ചുകൊണ്ടിരിക്കുന്നത് നാല് കോടിയോളം രൂപയും.

മാറുന്ന ജീവിതശൈലി

കേരളത്തിന്റെ ലൈഫ്‌സ്റ്റൈല്‍ മാറിയിരിക്കുന്നു. പുതുതലമുറയുടെ ജീവിത ശൈലിയില്‍ വൃദ്ധ സമൂഹം ഒരധികപ്പറ്റായി കടന്നുവരുന്നതാണ് അവഗണനയുടെ യഥാര്‍ത്ഥ കാരണമായി വിലയിരുത്തപ്പെടുന്നത്. മറ്റൊന്ന് മാനുഷിക മൂല്യങ്ങളിലുണ്ടായിട്ടുള്ള തകര്‍ച്ച. അതിവേഗ ജീവിതക്രമത്തില്‍ യുവത്വത്തിന്റെ കാഴ്ചപ്പാടുകള്‍ തന്നെ മാറിയിരിക്കുന്നു. അച്ഛന്‍, അമ്മ, മുത്തച്ഛന്‍, മുത്തശ്ശി- 60ഓ 65ഓ വയസിനപ്പുറമുള്ളവര്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. അവര്‍ക്കുകൂടി ഉള്‍ക്കൊള്ളാനാവുന്ന ഒരു അന്തരീക്ഷം രൂപപ്പെടുത്താന്‍ പുതുതലമുറക്ക് കഴിയുന്നില്ല.
പഴയ മാമൂലുകള്‍ക്ക് കിടക്കാന്‍ ഒരു മൂലയെങ്കിലും ബാക്കിവെക്കാതെ അവര്‍ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. കേരളം ആധുനിക സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്നതിനിടെ എവിടെയാണ് മൂല്യങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍ നേരമുള്ളതെന്ന് ചിന്തിക്കുകയാണ്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായല്ല കേരളത്തെ താരതമ്യം ചെയ്യേണ്ടേത്്. കാരണം ജീവിത നിലവാര സൂചികകളും മറ്റുള്ള വിവിധ ഭൗതിക സൗകര്യങ്ങളുമൊക്കെ കണക്കിലെടുക്കുമ്പോള്‍ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്ന തലത്തിലേക്ക്് കേരളം വളര്‍ന്നുകഴിഞ്ഞു. ഇവിടെ, രണ്ട് കാര്യങ്ങളാണ് എടുത്തുപറയേണ്ടത്. ഒന്ന്, വൃദ്ധജനങ്ങള്‍ അവഗണിക്കപ്പെടുകയും അവരില്‍ അപകടകരമായ വിധത്തില്‍ അനാഥത്വം അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു എന്നത്. രണ്ടാമത്തെ വിഷയം വൃദ്ധജനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്ന യാഥാര്‍ത്ഥ്യം.
അടുത്ത 10 വര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ യുവജനങ്ങളെക്കാള്‍ വൃദ്ധരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുവജനങ്ങളുടെ എണ്ണം 2025 ഓടെ കുറയുമെന്നതിനാല്‍ അതിനെ ബാലന്‍സ് ചെയ്യാനായില്ലെങ്കില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സാമൂഹ്യ നിരീക്ഷകരുടെ അഭിപ്രായം. 1991ല്‍ കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ ഒമ്പതുശതമാനമായിരുന്നു വൃദ്ധരെങ്കില്‍ 2012ല്‍ ഇത് 12 ശതമാനത്തോളമായി. ഇപ്പോള്‍ ഏകദേശം ഇതിന്റെ ഇരട്ടിയോളമാണ് നിരക്ക്. 2050 ഓടെ കേരളത്തിലെ ജനസംഖ്യയുടെ 35 ശതമാനവും വൃദ്ധര്‍ ആയിത്തീരുമെന്നാണ് സാമൂഹിക സാമ്പത്തിക സര്‍വേ പ്രകാരമുള്ള കണക്ക്. ഇവരില്‍തന്നെ സ്ത്രീകളുടെയും വിധവകളുടെയും എണ്ണം വര്‍ധിക്കുകയും ചെയ്യും. 1991ല്‍ വിധവകളുടെ എണ്ണം അഞ്ച് ശതമാനമായിരുന്നത് ഇപ്പോള്‍ 20 ശതമാനത്തിലേറെയായി. വൃദ്ധരുടെ എണ്ണം വര്‍ധിക്കുമ്പോഴും അവരുടെ പരിചരണത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടില്ല.


ബാലവേല കുറ്റകരം... വൃദ്ധവേലയോ...?

ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബാലവേല നിരോധിച്ചിട്ടുണ്ട്. എന്നാല്‍ വൃദ്ധര്‍ ഉപജീവനത്തിന് വേണ്ടി ഭാരം ചുമക്കുന്ന കാഴ്ച സര്‍വസാധാരണമായിരിക്കുന്നു. വാര്‍ദ്ധക്യം എല്ലാ അര്‍ത്ഥത്തിലും ബാല്യത്തിലേക്കുള്ള തിരിച്ചുനടത്തമാണെന്നാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. ബാലവേല പോലെതന്നെ വൃദ്ധവേലയും നിരോധിക്കപ്പെടേണ്ടതല്ലേ..? അധ്വാനിച്ച് ജീവിക്കുന്നതില്‍ തെറ്റില്ലെന്ന പൊതുധാരണ നിലനില്‍ക്കുമ്പോള്‍ തന്നെ അധ്വാനിക്കാന്‍ വൃദ്ധരെ നിര്‍ബന്ധിതരാക്കുന്ന സാഹചര്യം കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഒരു സ്ഥലത്ത് ഇരുന്ന് ചെയ്യാവുന്ന കച്ചവടം പോലുള്ള തൊഴിലുകളെയല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, ലോഡിംഗ് അണ്‍ലോഡിംഗ് പോലുള്ള കഠിനമായ ശാരീരികാധ്വാനം വേണ്ടതായ തൊഴിലുകള്‍ വാര്‍ദ്ധക്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ സാമൂഹ്യനീതിയാണ് നിഷേധിക്കപ്പെടുന്നത്. എഴുപത് വയസിനപ്പുറമെങ്കിലും വൃദ്ധവേല നിരോധിക്കേണ്ടിയിരിക്കുന്നു. ഇതിനായി നിയമ നിര്‍മാണം തന്നെ വേണം. വാര്‍ദ്ധക്യത്തിന് സംരക്ഷണം നല്‍കാന്‍ മക്കളോ ഉത്തരവാദിത്ത കുടുംബാംഗങ്ങളോ തയാറാകണമെന്ന നിബന്ധന നിയമംമൂലം ഉറപ്പാക്കണം. തീര്‍ത്തും അഗതിയെന്ന ഗണത്തില്‍പ്പെടുന്നവരെ മാത്രം സര്‍ക്കാര്‍ സംരക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് കുടുംബത്തിനുള്ളില്‍ ശാശ്വതതും സുരക്ഷിതവുമായ ഇടം ഉറപ്പാക്കുകയും വേണം.
2011ലെ സ്ഥിതിയനുസരിച്ച് 60 മുതല്‍ 69 വയസുവരെ പ്രായത്തിലുള്ള പുരുഷന്മാരില്‍ 39 ശതമാനവും സ്ത്രീകളില്‍ 11 ശതമാനവും ജീവിക്കാന്‍ ഗതിയില്ലാതെ കഠിനമായി അധ്വാനിക്കേണ്ടിവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 80ലധികം വയസുള്ളവരില്‍പോലും ഈ അവസ്ഥ വിരളമല്ല. 80 വയസിലധികമുള്ളവരായി പുരുഷന്മാര്‍ 13 ശതമാനവും സ്ത്രീകള്‍ മൂന്നു ശതമാനവും തൊഴിലിടങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു.
വൃദ്ധജനങ്ങളില്‍ 80 ശതമാനവും ദാരിദ്ര്യത്തിലാണ് എന്ന് യു.എന്‍ ഏജന്‍സി തന്നെ വ്യക്തമാക്കുന്നുണ്ട്. അവര്‍ നിരക്ഷരത, ആരോഗ്യ പരിപാലനത്തിന്റെ കുറവ്, വരുമാനത്തിലെ അനിശ്ചിതത്വം എന്നിവയും അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടന 2010ല്‍ ആഗോള രോഗപീഡ സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ പുരുഷന്മാരുടെ ആയുസ് 15ഉം സ്ത്രീകളുടേത് 18ഉം വര്‍ഷം കണ്ട് വര്‍ധിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം ആരോഗ്യാവസ്ഥയില്‍ വലിയ പുരോഗതി ഇല്ലതാനും. കൂടുന്ന ആയുസുമായി രോഗാതുരമായ ശരീരത്തോടെയാണ് അവര്‍ ജീവിക്കുന്നത്. പുരുഷന്മാര്‍ ശരാശരി 54.6 വയസുവരെ മാത്രമേ പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കുന്നുള്ളൂ. സ്ത്രീകള്‍ 57.1 വയസുവരെയും. അവസാനത്തെ പത്തു വര്‍ഷത്തോളം രോഗപീഡകളേറ്റാണ് വൃദ്ധജനങ്ങള്‍ കഴിയുന്നത്. വാര്‍ദ്ധക്യം ആവശ്യപ്പെടുന്ന ആരോഗ്യ ശുശ്രൂഷാ സൗകര്യങ്ങളോ സാമൂഹിക സുരക്ഷയോ നല്‍കാനാവുന്നില്ല. മക്കള്‍, ബന്ധുക്കള്‍ തുടങ്ങി ഉത്തരവാദിത്തപ്പെട്ടവര്‍ കൈയ്യൊഴിയുമ്പോഴാണ് വാര്‍ദ്ധക്യങ്ങള്‍ അവരുടെ ദാരിദ്ര്യമകറ്റാന്‍ അധ്വാനിക്കുന്നത്. അതും കടുത്ത രോഗാവസ്ഥകളെ വിസ്മരിച്ചുകൊണ്ട്.

വൃദ്ധഭാരം ചുമക്കാന്‍ ഇനി 35 വര്‍ഷം

മുപ്പത്തിയഞ്ച് വര്‍ഷം കൂടി കഴിയുമ്പോള്‍ ഇന്ത്യ വൃദ്ധന്മാരെ ചുമക്കേണ്ടി വരുമെന്നാണ് നിരീക്ഷണം. കേരളവും അത് സ്വീകരിക്കണ്ടി വരുന്നത് സ്വാഭാവികം. സമീപ ഭാവിയില്‍ കേരളം പദ്ധതി വിഹിതത്തിന്റെ നല്ലൊരുഭാഗം വൃദ്ധജന ക്ഷേമത്തിനായി നീക്കിവെക്കേണ്ടിയും വരും.
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഒക്‌ടോബറില്‍ പുറത്തുവന്ന ചില പഠനറിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ ജനസമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.  ഇന്ന് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമെന്ന കീര്‍ത്തി ഇന്ത്യക്കാണ്. വൃദ്ധജനപ്പെരുപ്പമാണ് ചൈനക്ക് ചില മുന്നേറ്റങ്ങളില്‍ വിലങ്ങുതടിയാകുന്നത്. എന്നാല്‍ യു.എന്‍ പോപുലേഷന്‍ ഫണ്ട് ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് 2050 ഓടെ ഇന്ത്യ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ ചൈനയെ കടത്തിവെട്ടും. ഇന്ന് ഒമ്പതു കോടിയാണ് ഇന്ത്യയിലെ വൃദ്ധജന സംഖ്യ. 2050ല്‍ ഇത് 31.5 കോടിയായി ഉയരും. ഇന്നത്തെ യുവജനം അന്ന് വയോജനമായി മാറും. 60 വയസിനു മുകളിലുള്ളവരുടെ എണ്ണം ഇന്നത്തേതിന്റെ 360 ശതമാനമാകും. മാത്രമല്ല, മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നായിത്തീരുകയും ചെയ്യും. ഇതിനുകാരണമായി പറയുന്നത് ഈ കാലയളവില്‍ ജനസംഖ്യയിലെ വര്‍ധന ആകെ 60 ശതമാനം മാത്രമായിരിക്കുമെന്നാണ്.
ജനസംഖ്യാ വളര്‍ച്ചയില്‍ 1971 മുതലാണ് കേരളം പിന്നോട്ടുപോയത്. 1971 ല്‍ കേരളത്തിന്റെ വളര്‍ച്ച 28.29 ശതമാനമായിരുന്നു. 1981ല്‍ 19.24 ഉം 1991ല്‍ 14.32ഉം 2001ല്‍ 9.43 ഉം ആയി. 2011ല്‍ ഇത് വെറും 4.86 ശതമാനമായി. എന്നാല്‍ 1971ല്‍ ദേശീയജനസംഖ്യാ വളര്‍ച്ച കേരളത്തേക്കാള്‍ കുറവായിരുന്നു- 24.8 ശതമാനം. ഇത് 80കളില്‍ 24 ശതമായി. 1991 ല്‍ 23.86 ഉം 2001ല്‍ 21.54ഉം ആയി. 2011ല്‍ ദേശീയ ജനസംഖ്യാവളര്‍ച്ച 17.64 ശതമാനമാണ്. ദേശീയജനസംഖ്യയുടെ 2.76 ശതമാനം മാത്രമാണ് കേരളത്തിലെ ജനസംഖ്യ. 2011ലെ സെന്‍സസ് പ്രകാരം 121 കോടിയാണ് ദേശീയ ജനസംഖ്യ. കേരള ജനസംഖ്യയില്‍ 12.31 ശതമാനം മലപ്പുറത്താണ്. തിരുവന്തപുരത്ത് 9.9 ശതമാനം. പത്തനംതിട്ടയില്‍ 3.85 ശതമാനവും. നഗരങ്ങളില്‍ താമസിക്കുന്നവരില്‍ വന്ന വര്‍ദ്ധനവാണ് കേരളത്തിലെ പ്രത്യേകത. 2001 ല്‍ നഗര ജനസംഖ്യ 27 ശതമാനം മാത്രമായിരുന്നുവെങ്കില്‍ 2011 ല്‍ അത് 47.77 ശതമാനമായി. ഇപ്പോഴിത് അമ്പത് ശതമാനത്തോടടുക്കുന്നു.
നഗരങ്ങളില്‍ വൃദ്ധജനങ്ങളാണ് കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇരകളാകുന്നത്. ഗ്രാമങ്ങളില്‍ അപൂര്‍വമായെങ്കിലും അവര്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാന്‍ അവസരം ലഭിക്കുന്നു. അയല്‍വീടുകളില്ലാത്ത നഗരങ്ങളില്‍, ശബ്ദങ്ങളുടെ തിരക്കില്‍ അവര്‍ക്ക് തികച്ചും ഏകാന്തതയില്‍ ജീവിക്കുന്നു.




***************************************

Sunday, August 16, 2015

സമരത്തീയില്‍ വെന്തുരുകിയ ജീവിതം
(സ്വാതന്ത്ര്യ സമര സേനാനി കെ.ഇ മാമ്മനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്)

സമരാവേശത്തിന്റെ കനലെരിയുന്ന മനസ്സ്, വാക്കുകളില്‍ ഗാന്ധിജി മുതല്‍ അഴീക്കോടു വരെ, ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുക്കുന്നത് പതിറ്റാണ്ടുകള്‍ നീണ്ട സമരവീര്യത്തിന്റെയും മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെയും കഥകള്‍- ഇവിടെ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്ക് മീതെ ദേശീയബോധത്തിന്റെ ആവേശം ഉയര്‍ന്നുകേള്‍ക്കാം. വീ
ണ്ടുമൊരു സ്വാതന്ത്ര്യദിനം എത്തുമ്പോള്‍ പ്രമുഖ ഗാന്ധീയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ. മാമ്മന് 95 വയസ് പിന്നിടുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ നിംസ് ആസ്പത്രിയില്‍ 514-ാം നമ്പര്‍ മുറിയെ ഭാരത്തിന്റെ സ്വാതന്ത്യസമര ചരിത്രത്തോട് ചേര്‍ത്തുവെക്കുകയാണ് മാമ്മന്‍. ഇവിടെ ക്വിറ്റ് ഇന്ത്യയും ദണ്ഡിയാത്രയുമാണ് ചര്‍ച്ച. ഗാന്ധിയും പട്ടേലും നെഹ്‌റുവും ജിന്നയും മാമ്മനോട് ഇണങ്ങിയും പിണങ്ങിയും ഈ മുറിയിലേക്ക് കയറിവരുന്നു. മങ്ങിത്തുടങ്ങിയ ഓര്‍മയുടെ അറകളില്‍ നിന്ന് ഈ വയോധികനായ സേനാനി ജീവിതത്തിലെ അഭിമാന മൂഹൂര്‍ത്തങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
മാമ്മന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ട് രണ്ടു വര്‍ഷത്തിലേറെയായി. എങ്കിലും സമകാലിക കേരളത്തിന്റെ, ഭാരത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ സ്പന്ദനങ്ങളെ ഒരു പഴയ റേഡിയോ കാതോടു ചേര്‍ത്ത് കേട്ടറിയുകയാണ് അദ്ദേഹം. ജൂലൈ 31ന് 95 വയസ് പൂര്‍ത്തിയായ അദ്ദേഹത്തിന് പിന്നാള്‍ ആശംസകള്‍ നേരാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖരും ആസ്പത്രിയിലെത്തിയിരുന്നു.
ആസ്പത്രിവാസത്തിന്റെ അവശതകളില്ലാതെ 1930 കളിലോ 40 കളിലോ ജീവിക്കുന്ന ഒരു സമരഭടനായി കെ.ഇ മാമ്മന്‍ ജനനന്മയുടെ തത്വശാസ്ത്രത്തെ നെഞ്ചോട് ചേര്‍ക്കുകയാണ്. എല്ലാവരെയും സ്‌നേഹിക്കാന്‍ കഴിയുന്ന മനസുകളോട് അദ്ദേഹം വര്‍ത്തമാനം പറയുന്നു. സ്വാതന്ത്ര്യ സമരമെന്ന തീച്ചൂളയുടെ തീക്ഷ്ണാനുഭവങ്ങള്‍ ഏറ്റുവാങ്ങിയ മഹാന്മാരില്‍ അവശേഷിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാള്‍....  




എനിക്കിവിടെ സുഖമാണ്


ഒന്നര വര്‍ഷം മുമ്പ് നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ് ഫൈസല്‍ഖാന്‍ എന്നെ കാണാന്‍ വീട്ടില്‍ വന്നു. അന്നെനിക്ക് കാര്യമായ അവശതയില്ല. പക്ഷേ, തലയില്‍ രണ്ടു പ്രാവശ്യം തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായി നിലച്ചിട്ടുണ്ട്. അങ്ങനെ അദ്ദേഹമാണ് എന്നെ ഇവിടേക്ക് കൂട്ടിയത്. അവിവാഹിതനായ എന്നെ സുശ്രൂഷിച്ചിരുന്നത് എന്റെ സഹോദര പുത്രന്‍ വര്‍ഗീസ് ഉമ്മനും ഭാര്യയുമായിരുന്നു. എന്നാല്‍ ഫൈസല്‍ഖാന്‍ എനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിത്തന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നുകള്‍ നല്‍കുന്നുണ്ട്. ഈ ആസ്പത്രിയിലെ ജീവനക്കാരനായ ഹബീബ് ആണ് ഒന്നരവര്‍ഷമായി എനിക്ക് കൂട്ട്. അദ്ദേഹം ഒപ്പംനിന്ന് പരിചരിക്കുന്നുണ്ട്. ഇവിടെ എനിക്ക് സുഖമാണ്. ഇനി മരിക്കാതെ ഞാന്‍ ഇവിടെ നിന്ന് പുറത്തു കടക്കില്ല.

ഒറ്റയാന്‍

സ്വാതന്ത്ര്യ സമര സേനാനികളിലേറെയും സൈ്വര ജീവിതം നയിച്ച് തിരശീലക്ക് പിന്നിലേക്ക് നീങ്ങിയപ്പോള്‍ ബന്ദിനും ഹര്‍ത്താലിനും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ഒറ്റായന്‍ സമരം നയിച്ചാണ് മാമ്മന്‍ തന്റെ സമരത്തുടര്‍ച്ചയുടെ പൊതുജീവിതവുമായി മുന്നോട്ടുപോയത്. അദ്ദേഹം സമകാലിക രാഷ്ട്രീയത്തെയും തെറ്റായ പ്രവണതകളെ ഒട്ടാകെയും മുഖം നോക്കാതെ എതിര്‍ത്തു, എതിര്‍ത്തുകൊണ്ടേയിരിക്കുന്നു.
''ഗാന്ധിജിയും ഒരുപാട് മഹാന്മാരും കഷ്ടപ്പെട്ടു നേടിത്തന്ന സ്വാതന്ത്ര്യം പിന്നീട് നാം ദുരുപയോഗം ചെയ്യുകയായിരുന്നു. എല്ലായിടത്തും അഴിമതിയായില്ലേ.., രാഷ്ട്രീയം കൊലപാതകങ്ങളിലൂടെയല്ലേ അറിയപ്പെടുന്നത്. ടി.പി ചന്ദ്രശേഖരനെ കോഴിയെ കൊല്ലുന്ന ലാഘവത്തോടെയാണ് കൊന്നതെന്ന് ഞാന്‍ വി.എസ് അച്യുതാനന്ദനോട് പറഞ്ഞു. അദ്ദേഹം അത് ശരിവെക്കുകയും ചെയ്തു. സിസ്റ്റര്‍ അഭയയെ കൊന്നതെന്തിനാണ്? അരുതാത്തത് കണ്ടതുകൊണ്ടാണ് ആ കുട്ടി കൊല്ലപ്പെട്ടത്. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ വരെ കൈക്കൂലി വാങ്ങുന്നതായാണ് അറിയുന്നത്. ഇങ്ങനെയൊക്കെയായാല്‍ നിയമ സംവിധാനത്തില്‍ എങ്ങനെ പ്രതീക്ഷയര്‍പ്പിക്കാനാവും. ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദമുയരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഇങ്ങനെ പ്രതികരിക്കുന്നതു കൊണ്ട് അവര്‍ക്ക് വേണമെങ്കില്‍ എന്റെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കട്ട് ചെയ്യാം. പെന്‍ഷന്‍ തരില്ലെങ്കില്‍ വേണ്ട. പക്ഷെ, അഴിമതിക്കെതിരായ എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും.'' 
മദ്യം സര്‍വനാശകാരി
സ്വാതന്ത്യം കിട്ടിയ ശേഷം ആദ്യമായി നടപ്പിലാക്കേണ്ടിയിരുന്നത് മദ്യനിരോധനമാണ്. ഗാന്ധിജി അന്നുതന്നെ അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാല്‍ മദ്യപന്മാരുടെ എണ്ണം വര്‍ധിച്ചുവന്നതല്ലാതെ മദ്യനിരോധനോ മദ്യവര്‍ജന സന്ദേശമോ ഭരണാധികാരികള്‍ ചെവിക്കൊണ്ടില്ല. കേരളത്തില്‍ ഇപ്പോള്‍ മദ്യശാലകള്‍ അടച്ചുപൂട്ടിയത് നല്ലകാര്യമാണ്. മുമ്പ് ഞാനും സുകുമാര്‍ അഴീക്കോടും മദ്യവര്‍ജനത്തിനു വേണ്ടി പ്രസംഗിച്ചുനടന്ന കാലത്ത് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ വെച്ച് 'കെ.ഇ മാമ്മന്‍ ഗോ ബാക്ക്' വിളിച്ചു. മദ്യത്തെ എതിര്‍ക്കുന്നവരെ തല്ലാനും കൊല്ലാനും മടിക്കാത്ത ഒരു തലമുറ ഇവിടെ ഇപ്പോഴും ശക്തമാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും പൊതുസമൂഹത്തിന്റെ നേര്‍ജീവിതത്തിന് തടസമാകുന്നതുമായ എല്ലാ ദുഷ്പ്രവണതകളും അവസാനിപ്പിക്കുക തന്നെ വേണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയവും കാഴ്ചപ്പാടും അതായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, അതൊന്നും ലക്ഷ്യം കണ്ടില്ല.

ഉമ്മന്‍ചാണ്ടി മികച്ച മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എന്നെ കാണാന്‍ വന്നിരുന്നു. അദ്ദേഹം മാന്യനും സമൂഹത്തോട് പ്രതിബദ്ധതയുള്ളയാളുമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനവും കാഴ്ചവെക്കുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി കുറേ കുരിശുകളെ ചുമക്കുന്നുണ്ട്. അത് ആരെയൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിനൊരു ഖദര്‍ തൊപ്പി സമ്മാനിച്ചു. പള്ളിച്ചലില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ ചെരിപ്പേറ് നമ്മുടെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ മൂല്യത്തെ ബാധിച്ചു. ഒരു ജനാധിപത്യഭരണകൂടത്തിന് നേരെ സമരം ചെയ്യേണ്ടത് ചെരിപ്പെറിഞ്ഞല്ല.
തെരുവ് നായ്ക്കള്‍ നാട്ടിലാകെ കുഴപ്പമുണ്ടാക്കുന്നതായും കുട്ടികളെയുള്‍പ്പെടെ കടിച്ചുകൊല്ലുന്നതായും വാര്‍ത്തകളിലൂടെ അറിഞ്ഞു. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. തെരുവ് നായ്ക്കളെ കൊല്ലുകതന്നെ വേണം. ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പത്‌നി എന്റെ അഭിപ്രായം ശരിവെക്കുകയും ചെയ്തു. മറിയാമ്മാ ഉമ്മന്‍ എനിക്ക് ഓണക്കോടി സമ്മാനിച്ചു. അവരോട് നന്ദിയുണ്ട്.

വരിക വരിക സഹജരെ 

വയസ് 95 കഴിഞ്ഞു. ഇനി ആരോഗ്യത്തെ കുറിച്ച് ആശങ്കയൊന്നുമില്ല. ഇവിടത്തെ കുട്ടികള്‍ (നഴ്‌സുമാര്‍) എന്നെ നന്നായി നോക്കുന്നുണ്ട്. അവര്‍ എനിക്ക് പത്രം വായിച്ചുകേള്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുതരും. എന്റെ ഓരോ ദിവസത്തെയും വിശേഷങ്ങള്‍ എം.ഡി നേരിട്ട് അന്വേഷിക്കുന്നുണ്ട്. എനിക്ക് ഇത് വീടുതന്നെയാണ്. ഒന്നിനും ഒരു കുറവുമില്ല. ഇടയ്ക്കിടെ നിങ്ങളെ പോലെയുള്ള പത്രക്കാര്‍ വരുന്നതും സന്തോഷം. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി വി.എസ് ശിവകുമാര്‍, സ്പീക്കര്‍ എന്‍. ശക്തന്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരൊക്കെ വന്നിരുന്നു. അവരൊക്കെ എനിക്ക് ഇഷ്ടമുള്ളവരാണ്. ഗവര്‍ണര്‍ പിറന്നാള്‍ ആശംസിച്ച് കത്തയക്കുകയും ചെയ്തു.
പിറന്നാള്‍ ദിവസം സന്ദര്‍ശകരായി കുറേ വിദ്യാര്‍ത്ഥികളും എ
ത്തിയിരുന്നു. എല്ലാവരുടെയും സ്‌നേഹമാണ് എന്റെ ബാക്കി ജീവിതം. ഗാന്ധിജിക്കൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതും ഗാന്ധിജിയെ തൊടാന്‍ കഴിഞ്ഞതുമൊക്കെ ഞാന്‍ കുട്ടകള്‍ക്ക് പറഞ്ഞുകൊടുത്തു. സര്‍ സി പിയുടെ മുഖത്ത് നോക്കി അനീതിക്കെതിരെ ഞാന്‍ ശബ്ദിച്ചിട്ടുണ്ട്. നീണ്ട ജയില്‍ വാസത്തിനും സമരങ്ങള്‍ക്കുമെല്ലാം ഇടയില്‍ ഞാന്‍ ഏകനായിപ്പോയി. പക്ഷേ അതിലെനിക്ക് വിഷമമില്ല. ഇപ്പോള്‍ എല്ലാവരുമുണ്ടല്ലോ.'വരിക വരിക സഹജരേ... സഹന സമര സമയമായ്...' ഇന്നും സ്വാതന്ത്ര്യമെന്ന വാക്കും സമരമെന്ന അനുഭവവും എനിക്ക് ആവേശമാണ്.

നേതാജീ കീ ജയ്

നിങ്ങള്‍ക്കറിയാമോ, ഗാന്ധിജിയെക്കാളും വലിയെ രാജ്യസ്‌നേഹിയായിരുന്നു നേതാജീ സുഭാഷ് ചന്ദ്രബോസ്. അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത സമരനായകനായിരുന്നു. വളരെ മൂര്‍ച്ചയുള്ള പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്. പതിനൊന്ന് പ്രാവശ്യമാണ് ബ്രിട്ടീഷുകാര്‍ നേതാജിയെ ജയിലിലടച്ചത്. സമാധാനത്തിനും യുദ്ധത്തിനുമിടിയിലാണ് നേതാജിയെ നമുക്ക് നഷ്ടമായത്.

(ഓഗസ്റ്റ് 15ന് ചന്ദ്രിക വാരാന്തപ്പിതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


Thursday, December 18, 2014

പൂവച്ചല്‍ ഗ്രാമീണ നന്മയുടെ കാലൊച്ച 

ഫിര്‍ദൗസ് കായല്‍പ്പുറം
നാല് ദശകങ്ങള്‍, എത്രയെത്ര ഗാനങ്ങള്‍- മലയാളിയുടെ ആസ്വാദന ബോധത്തെ ചിത്തിരത്തോണിയിലേറ്റി അക്കരേക്ക് കൊണ്ടുപോയി പൂവച്ചല്‍ ഖാദര്‍. 1970കള്‍ മുതല്‍ കാവ്യാനുഭൂതിയുടെ ആ പ്രവാഹം വാക്കായ്, വരികളായ്, സംഗീതമായ് മലയാള മനസുകളില്‍ ഒഴുകി നടക്കുന്നു. ആ വരികള്‍ മലയാളി മൂളി നടക്കുന്നു, ആ ശരറാന്തല്‍ തിരി കാവ്യഭൂമികയില്‍ വിതറിയ വെള്ളിവെളിച്ചം മലയാളത്തിന്റെ പുണ്യമായി പ്രശോഭിക്കുന്നു. കാലാതിവര്‍ത്തിയായ രചനകളിലൂടെ കാലഘട്ടത്തിന്റെ കവിയായി മാറിയ പൂവച്ചല്‍, എഴുത്തിന്റെ ജീവിതപാതയില്‍ നട്ടുവളര്‍ത്തുന്നത് മലയാളിയുടെ മന:സാക്ഷിയെ തന്നെയാണ്.
പൂവച്ചല്‍ ഖാദര്‍ എന്ന കവി മലയാള കവിത, ഗാന ശാഖകള്‍ക്ക് തനിനാടന്‍ പച്ച ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകളാണ് സമ്മാനിച്ചത്. പ്രണയത്തിന്റെയും വിഷാദത്തിന്റെയും കായലും കടലും കുടിലും ജീവിതത്തോട് ചേര്‍ത്തുവെച്ചു. തിരുവിതാംകൂര്‍ ഗ്രാമങ്ങളിലെ ജീവിതത്തെ തീവ്രാനുഭവങ്ങളാക്കിയുള്ള വരികള്‍ അദ്ദേഹത്തിന്റെ രചനകളിലുടനീളം കാണാം. മലയാള സിനിമയില്‍ കാല്‍പ്പനികതയും പ്രണയവും കൊടുങ്കാറ്റ് വീശിയ 80കളിലായിരുന്നു പൂവച്ചല്‍ രചകളുടെ 'കാലൊച്ച കേള്‍ക്കാന്‍' കേരളം കൂടുതല്‍ കാതോര്‍ത്തിരുന്നത്. പൂവച്ചല്‍ രചനകള്‍ കേട്ട് മലയാളിയുടെ മനസുകളാണ് നൃത്തം ചെയ്തത്. ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന വരികള്‍ ഏതൊരാളെയും കൗമാരത്തിന്റെ കായല്‍ത്തീരത്തേക്ക് നയിക്കുന്നതാണ്.
ഒരു ഗാനരചയിതാവെന്ന നിലയില്‍ റെക്കോര്‍ഡുകളുടെ പുസ്തകത്തില്‍ മാത്രമല്ല, മലയാളിയുടെ മനസിലും കാല്‍പ്പനികതയുടെ മുദ്ര ചാര്‍ത്തി. ഭാവഭദ്രമായ ഒട്ടേറെ ഗാനങ്ങളിലൂടെ നമ്മുടെ കേള്‍വിയില്‍, വായനയില്‍, ചിന്തയില്‍ ഒക്കെ ഈ കവിയുണ്ട്. ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍ ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണിനെ കണ്ടെത്താന്‍ മാത്രം പ്രണയാര്‍ദ്രമായ ഒരു ഹൃദയത്തിന്റെ ഉടമയായ കവിയെ മലയാളിക്ക് മനസിലേറ്റാതിരിക്കാനാവില്ലല്ലോ.
നീയെന്റെ പ്രാര്‍ത്ഥന കേട്ടു, സിന്ദൂരസന്ധ്യക്ക് മൗനം, സ്വയംവരത്തിനു പന്തലൊരുക്കി, കൂട്ടില്‍നിന്നും മേട്ടില്‍വന്ന, അള്ളാ ജീവിതം അരുളുന്നു, മൗനമേ നിറയും മൗനമേ, പൂമാനമേ ഒരു രാഗമേഘം, കൂടുവെടിയും ദേഹി അകലും, ഇടവാ കായലില്‍ അയല്‍ക്കാരി, ചിരിയില്‍ ഞാന്‍ കേട്ടു, ഇത്തിരി നാണം പെണ്ണിന്‍ കവിളില്‍ തുടങ്ങി പൂവച്ചല്‍ ഖാദറിന്റെ പാട്ടുകള്‍ മലയാളിയുടെ നാവിന്‍ തുമ്പില്‍ തന്നെയുണ്ട്. പ്രമുഖരായ സംഗീത സംവിധായകരോടൊപ്പം പൂവച്ചല്‍ ഖാദര്‍ വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ കാലത്തും സംഗീതം തലമുറകളുടെ അഭിരുചിക്കനുസൃതമായി മാറുമ്പോഴും കാവ്യഭംഗി നിലനിര്‍ത്താനായതാണ് ഈ കവിയെ നമുക്ക് പ്രിയപ്പെട്ടതാക്കിയത്. കാവ്യാംശമുള്ള വരികള്‍ക്ക് സംഗീതം നല്‍കിയാല്‍ മികച്ച ഗാനങ്ങള്‍ പിറവിയെടുക്കുമെന്ന് തെളിയിക്കാന്‍ പൂവച്ചലിന്റെ വരികള്‍ ഉദാഹരണമാണ്.
1972ല്‍ പുറത്തിറങ്ങിയ കവിത എന്ന ചലച്ചിത്രത്തില്‍ സ്വന്തം കവിതാ ശകലങ്ങളുമായി കടന്നുവന്ന പൂവച്ചലിന് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആദ്യകാലത്ത് കെ.രാഘവനെ പോലെ പ്രഗത്ഭരായ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മനോഹര കാവ്യശില്‍പ്പങ്ങളായിരുന്നു അന്നൊക്കെ ആസ്വാദകര്‍ കാത്തിരുന്നത്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ജോണ്‍സന്റെ സംഗീതം, യേശുദാസ് പാടിയത് അല്ലെങ്കില്‍ പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണന്റെ സംഗീതം യേശുദാസ് പാടിയത്.... എന്നിങ്ങനെ മലയാളിയുടെ കാതില്‍ 'പൂവച്ചല്‍' കേട്ടുപതിഞ്ഞ, തഴമ്പിച്ച നാമമായിട്ട് ഏതാണ്ട് 35 സംവത്സരങ്ങളാകുന്നു.    
ആദ്യ സമാഗമ ലജ്ജയിലാതിര/താരകം കണ്ണടയ്ക്കുമ്പോള്‍/ കായലഴിച്ചിട്ട വാര്‍മുടിയില്‍/ സാഗരമുമ്മവെയ്ക്കുന്നു... എന്നെഴുതിയ കവി, മലയാളിയുടെ പ്രണയത്തെയും വിരഹത്തെയും തീവ്രമായ ഭാഷാ സ്‌ഫോടനത്തിലൂടെയാണ് വരച്ചിട്ടത്. 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍/ കാതോര്‍ത്തു ഞാനിരുന്നൂ../ താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍/ തൂവല്‍ വിരിച്ചു നിന്നൂ..'. ചാമരം എന്ന ചിത്രത്തിനു വേണ്ടി പൂവച്ചല്‍ രചിച്ച ഈ ഗാനം കാമുകിയുടെയും ഭാര്യയുടെയും ഏകാന്തതയില്‍ എക്കാലത്തെയും ഏറ്റവും മികച്ചതെന്ന കാര്യത്തില്‍ സംശയമില്ല. ഇന്നും മനസിന്റെ അഗാധതയില്‍ മലയാളി ഈ പാട്ടിനെ താലോലിക്കുന്നു. കാരണം ഓരേ സമയം പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും സാങ്കല്‍പ്പിക സൗധങ്ങളിലേക്ക് നടന്നുകയറുന്ന പെണ്‍മനസിന്റെ ആശയും നിരാശയും അത്രത്തോളം ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഇതുപോലെ മനോഹരമായ എത്രയോ വരികള്‍ സംഗീതത്തിന്റെ പട്ടുപാവാട ചുറ്റി ശ്രോതാക്കളിലെത്തുമ്പോള്‍ ഈ ഗാനരചയിതാവ് മലയാളത്തിന് ഇന്നും വിസ്മയമാണ്.
എം.ജി. രാധാകൃഷ്ണനുമായി ചേര്‍ന്ന് അനശ്വരങ്ങളായ ലളിതഗാനങ്ങള്‍ക്കും അദ്ദേഹം ജന്മം നല്‍കിയിട്ടുണ്ട്. ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ, രാമായണക്കിളി ശാരിക പൈങ്കിളി, അനുരാഗ ലേഖനം മനതാരില്‍ എഴുതിയ തുടങ്ങിയ പ്രശസ്തമായ ലളിതഗാനങ്ങള്‍ ഇപ്പോഴും സര്‍വകലാശാലാ യുവജനോത്സവങ്ങളില്‍ മത്സരാര്‍ത്ഥികളുടെ ഇഷ്ട ഗാനങ്ങളാണ്. കൂടുതല്‍ മലയാള സിനിമകള്‍ക്ക് പാട്ടെഴുതി ചരിത്രത്തിലിടം നേടിയപ്പോള്‍ത്തന്നെ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയ ഗാനരചയിതാവായും പൂവച്ചല്‍ അത്ഭുതമായി- 1986ല്‍ 50 സിനിമകള്‍ക്കാണ് അദ്ദേഹം പാട്ടുകള്‍ എഴുതിയത്.

(2014 ഡിസംബര്‍ 16ന് ചന്ദ്രിക ദിനപത്രത്തിന്റെ പ്രത്യേക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


Monday, October 27, 2014




 ചരിത്രപുരുഷന് ഒപ്പം നടന്നവര്‍

ഫിര്‍ദൗസ് കായല്‍പ്പുറം



സി.എച്ച് മുഹമ്മദ് കോയയെ ഒരു ജനത മനസിന്റെ മാണിക്യക്കൂടാരത്തില്‍ സൂക്ഷിക്കുകയാണിന്നും. കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന മഹാന്‍. സി.എച്ചിന്റെ സഹായികള്‍, പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ഉറ്റമിത്രങ്ങള്‍... എന്നിങ്ങനെ ധാരാളം പേരുണ്ട്. അതൊരു അഭിമാനമാണ്. 
ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ ഫയലുകള്‍ തയാറാക്കിയവര്‍, നിര്‍ണായക തീരുമാനങ്ങളെയും ഭരണനേട്ടങ്ങളെയും ചരിത്രം അടയാളപ്പെടുത്തിയപ്പോള്‍ ആ ചരിത്രത്തിന്റെ ഭാഗമായവര്‍... അങ്ങനെ പുരോഗതിയുടെ ഒരു കാലഘട്ടത്തെ സമ്പന്നമാക്കിയ ചരിത്രസന്ധികളോട് ചേര്‍ന്നുനിന്നവര്‍. 
ആ ചരിത്രത്തിന് ശുഭകരമായൊരു തുടര്‍ച്ച നല്‍കിയ രണ്ടുപേരുണ്ട്- മലയില്‍ അബ്ദുല്ല കോയ, പി.കെ മുഹമ്മദ് ഇഖ്ബാല്‍. സി.എച്ച് മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും പെഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഇരുവരും ഇപ്പോള്‍ സി.എച്ചിന്റെ മകനായ മന്ത്രി ഡോ.എം.കെ മുനീറിനൊപ്പം പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി സെക്രട്ടറിയേറ്റ് അനക്‌സിലെ ഓഫീസിലുണ്ട്.
സി.എച്ചും മകനും ഇവര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സി.എച്ചിനൊപ്പം ദീര്‍ഘകാലം ഒരുമിച്ചു നടന്നവര്‍ക്ക് പറയാനേറെയുണ്ട്. ഒപ്പം താമസിച്ചും അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടുത്തറിഞ്ഞും നേരത്തെ തന്നെ പ്രശസ്തനാണ് മലയില്‍ അബ്ദുല്ലക്കോയ. സി.എച്ചിന്റെ വാത്സല്യവും സ്‌നേഹവും ആവോളം ലഭിച്ചത് സുകൃതമായി കാണുകയാണ് പി.കെ മുഹമ്മദ് ഇഖ്ബാല്‍.

ആ പോകുന്നത് ആരെന്നറിയോ, അതാണ് സി.എച്ച്...
മദ്രസയിലെ പഠന കാലത്ത് കൂട്ടുകാരുമൊത്തു കളിച്ചുനില്‍ക്കുമ്പോള്‍ സുന്ദരനായ ഒരു മനുഷ്യന്‍ പള്ളിക്കുമുന്നിലെ റോഡിലൂടെ നടന്നുപോകുന്നു. മുസ്‌ലിയാര്‍മാരും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലുള്ളവരും നാട്ടുകൊരൊക്കെയും അദ്ദേഹത്തോട് ആദരവോടെ സലാം പറയുന്നു. സലാം മടക്കി, ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അദ്ദേഹം വീണ്ടും മുന്നോട്ടു നടക്കുന്നു. ഇത് പതിവു കാഴ്ചയാണ്. ആരാണിദ്ദേഹം... എവിടേക്കാണ് പോകുന്നത്..? ഒരിക്കല്‍ പള്ളിയിലെ ഉസ്താദിനോട് ചോദിച്ചു- ''അതാണ് സി.എച്ച് മുഹമ്മദ് കോയ, മുസ്‌ലിം ലീഗിന്റെ വലിയ നേതാവാണ്, ചന്ദ്രികയുടെ പത്രാധിപരാണ്''. പിന്നീട് ഞാനും കൂട്ടുകാരും സി.എച്ചിനെ കാണാന്‍ കാത്തുനില്‍ക്കുകയും സ്ഥിരമായി അദ്ദേഹത്തിന് സലാം പറയുകയും ചെയ്തിരുന്നു- മലയില്‍ അബ്ദുല്ലക്കോയ ഓര്‍മ്മയുടെ അങ്ങേയറ്റത്തുനിന്ന് സി.എച്ചിനെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
ഒരിക്കല്‍ സി.എച്ച് തന്റെ സ്‌കൂളില്‍ വന്നു പ്രസംഗിച്ചു. ഒരു മഹാനായ മനുഷ്യന്‍ സ്‌കൂളിലേക്ക് വരുന്നതിന്റെ ആരവത്തിലായിരുന്നു അന്ന് ഞങ്ങളുടെ വിദ്യാലയം. കാലം ഒരുപാട് കടന്നുപോയി. പിന്നീട് സി.എച്ചിന്റെ ഗ്രാമത്തില്‍ത്തന്നെ ജനിച്ച അബ്ദുല്ലക്കോയ 1970 മുതല്‍ അദ്ദേഹത്തിന്റെ സന്തത സഹചാരിയായി. സി.എച്ചിന്റെ അന്ത്യനിമിഷങ്ങള്‍ വരെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നും സി.എച്ചിന്റെ കുടുംബത്തിന് പ്രിയപ്പെട്ടയാളാണ് കോയ.

സാമൂഹ്യക്ഷേമത്തിനിടെ കിട്ടിയ ഭാഗ്യം

1975ല്‍ സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥനായെത്തിയ മുഹമ്മദ് ഇഖ്ബാലിന് ഭാഗ്യവശാല്‍ ജോലി ലഭിച്ചത് സാമൂഹ്യക്ഷേമ വകുപ്പിലായിരുന്നു. കര്‍ക്കഷക്കാരനായ മന്ത്രിക്കു മുന്നില്‍ ഫയലുകള്‍ കൃത്യമായി എത്തണം. അല്ലാത്തപക്ഷം എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. സി.എച്ചിനെ ആദരവോടെ കണ്ടിരുന്ന ഇഖ്ബാല്‍, അദ്ദേഹത്തിന്റെ 'വേഗ'ത്തിനൊപ്പം സഞ്ചരിക്കാന്‍ ശീലിച്ചതോടെയാണ് പെഴ്‌സണല്‍ സ്റ്റാഫിലേക്ക് കടന്നുവരുന്നത്. 
നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കുക, തെറ്റുകൂടാതെ കൃത്യമായി ഫയലുകള്‍ എഴുതുക, സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രത്യേക ഫയലുകളാക്കി സൂക്ഷിക്കുക ഇതെക്കെയായിരുന്നു ഇഖ്ബാലിന് സി.,എച്ച് നല്‍കിയ ചുമതലകള്‍. കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കുന്ന ഉദ്യോഗസ്ഥരോട് എന്നും അകമഴിഞ്ഞ സ്‌നേഹം നല്‍കിയിരുന്നു സി.എച്ച്. മത്രമല്ല, വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ എപ്പോഴും കൂടെയുണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയൊരു അപൂര്‍വ ഭാഗ്യത്തിന്റെ ചിറകിലേറിയാണ് 1978ല്‍ ഇഖ്ബാല്‍ സി.എച്ചിനൊപ്പമെത്തിയത്.

സാന്നിധ്യമറിയുന്ന തൊപ്പി 

ഹൈദരാബാദില്‍ നിന്ന് സി.എച്ചിന്റെ ചേതനയറ്റ ശരീരം നാട്ടിലെത്തിച്ച് ഖബറടക്കം കഴിഞ്ഞു. വിങ്ങുന്ന ഹൃദയവുമായി സി.എച്ചിന്റെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടവെ ഏതാനും ദിവസങ്ങള്‍ക്കു ശേഷം സി.എച്ച് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റും നാട്ടിലെത്തിച്ചു. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി വീട്ടിലേല്‍പ്പിക്കുമ്പോള്‍ ''മുനീറിന്റെ ഉമ്മ എന്നോട് ചോദിച്ചു, നിനക്കിതില്‍ നിന്ന് എന്താ വേണ്ടത്''- ഒരു നിമിഷം പോലും ആലോചിക്കാതെ അബ്ദുല്ലക്കോയ പറഞ്ഞു- ''എനിക്ക് സി.എച്ചിന്റെ തൊപ്പി മാത്രം മതി''. പിന്നീട് സി.എച്ചിന്റെ മണമുള്ള ആ തൊപ്പി ഒരു നിധിപോലെ സൂക്ഷിച്ചു. കോഴിക്കോട് എസ്.ബി.ടി ബാങ്കില്‍ തനിക്കുണ്ടായിരുന്ന ലോക്കറിലായിരുന്നു ആ തൊപ്പി സൂക്ഷിച്ചത്. ഇപ്പോഴത് നിമയസഭാ മ്യൂസിയത്തില്‍ ഒരു ചരിത്രത്തിന്റെ പ്രതീകമായി സ്ഥാനം പിടിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അന്ന് ആ തൊപ്പി മാത്രം ആവശ്യപ്പെട്ടതെന്ന ചോദിച്ചാല്‍ അബ്ദുല്ലക്കോയ പറയും- ''ആ തൊപ്പി കാണുമ്പോഴൊക്കെ ഞാന്‍ സി.എച്ചിന്റെ സാമീപ്യം അടുത്തറിയുന്നു''.

മുനീര്‍ എന്ന വിദ്യാര്‍ത്ഥി

ഡോ.എം.കെ മുനീറിന്റെ പെഴ്‌സണല്‍ സ്റ്റാഫിലെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുമ്പോഴും ഇരുവര്‍ക്കും മുനീറിനോടുള്ളത് രക്തബന്ധത്തോളം ആഴമുള്ളതാണ്. ബാല്യവും കുസൃതികളും ചിത്രരചനയുമൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത ഒരാളായി വാത്സല്യത്തോടെയാണ് ഇവര്‍ മുനീറിനെ കാണുന്നത്. ബേബിസാറിനെ (ബേബിജോണ്‍)യൊക്കെ വരച്ച് ക്ലിഫ് ഹൗസില്‍ നിന്നും അപ്പുറത്തെ മന്ത്രിമന്ദിരത്തിലേക്ക് കൂട്ടുകാരന്‍ ഷിബുവിനോടൊപ്പം (മന്ത്രി ഷിബുബേബിജോണ്‍) കളിക്കാനായി ഓടുന്ന മുനീര്‍. ചെറുപ്പം മുതല്‍ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയുന്നു.
എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചപ്പോള്‍ മുനീറിനെ ബാംഗ്ലൂര്‍ അംബേദ്കര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത് അബ്ദുല്ലക്കോയയായിരുന്നു. മുനീറുമായി ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു പകല്‍ മുഴുവന്‍ നടന്നു. അത് 1981 ഒക്‌ടോബര്‍ 19ന്. ക്ലാസ് തുടങ്ങി, ഹോസ്റ്റല്‍ സൗകര്യവും മറ്റും ശരിയാക്കി 21നാണ് അബ്ദുല്ലക്കോയ ബാംഗ്ലൂരില്‍ നിന്ന് മടങ്ങിയെത്തുന്നത്.
ബാല്യം മുതല്‍ ഒരുപാട് കഴിവുകള്‍ പ്രകടിപ്പിച്ചയാളാണ് മുനീറെന്ന് ഇഖ്ബാല്‍ ഓര്‍ക്കുന്നു. പാട്ടുപാടാനും ചിത്രം വരക്കാനുമൊക്കെ താല്‍പര്യമുള്ള അദ്ദേഹം, സി.എച്ചിന്റെ ഓരോ കര്‍മങ്ങളും സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നു. ഒരു പാരമ്പര്യത്തിന്റെ പ്രതിഭാവിലാസമാണ് മുനീറിലുള്ളത് ഈ പെഴ്‌സണല്‍ സ്റ്റാഫുകള്‍ സാക്ഷ്യപ്പെട്ടുത്തുന്നു.

സെക്രട്ടറിയേറ്റില്‍ നിന്നൊരു തഖ്ബീര്‍ ധ്വനി

1977ല്‍ സി.എച്ചിനെതിരായി ഒരു തെരഞ്ഞെടുപ്പ് വിധിയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ചന്ദ്രികയില്‍ വന്ന ചില ലേഖനങ്ങള്‍ തന്റെ പരാജയത്തിന് ഇടയാക്കിയെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി തേക്കുംകാട്ടില്‍ മുത്തുക്കോയ തങ്ങള്‍ നല്‍കിയ കേസാണ് സി.എച്ചിന് എതിരായ വിധിക്ക് ഇടയാക്കിയത്. സി.എച്ച് ഏറ്റവുമധികം ടെന്‍ഷനിലായിരിക്കും എത്തുകയെന്നും അദ്ദേഹം നിരാശനായി പെരുമാറുമെന്നും എങ്ങനെ ആശ്വസിപ്പിക്കുമെന്നുമൊക്കെ പരസ്പരം ചര്‍ച്ച ചെയ്ത് ക്ലിഫ് ഹൗസിന് മുന്നില്‍ സ്റ്റാഫ് അംഗങ്ങളും ജീവനക്കാരും ഉറങ്ങാതെ കാത്തിരുന്നു. അബ്ദുല്ലക്കോയക്ക് മറക്കാനാകാത്ത ഓര്‍മയാണത്. അന്നുരാത്രി 12 മണിയോടെ സി.എച്ച് എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. 'എന്താ ആരും ഉറങ്ങാത്തത്' എന്ന് ചോദിച്ചുകൊണ്ട് പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാത്തതുപോലെ സി.എച്ച് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. സി.എച്ച് ഒരിക്കലും വികാരത്തിന് അടിമപ്പെട്ടിട്ടില്ല. അടുത്ത ദിവസം രാജിവെച്ചു.
1978 സെപ്തംബര്‍ 12. ഡല്‍ഹിയില്‍ നിന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് ഒരു ഫോണ്‍കോള്‍. ഫോണ്‍ അറ്റന്റ് ചെയ്തത് അബ്ദുല്ലക്കോയ. മറുഭാഗത്തുനിന്നും ശുഭകരമായൊരു സന്ദേശം. ഫോണ്‍ വെച്ചശേഷം അബ്ദുല്ലക്കോയ ഉറക്കെ തഖ്ബീര്‍ വിളിച്ചു. സി.എച്ചിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയതായിരുന്നു ഫോണ്‍കോളിന്റെ ഉള്ളടക്കം. സെക്രട്ടറിയേറ്റിനുള്ളില്‍ ആദ്യമായി തഖ്ബീര്‍ വിളിച്ചയാളെന്ന് ഇപ്പോഴും സഹപ്രവര്‍ത്തകര്‍ കളിയാക്കാറുണ്ടെന്ന് അബ്ദുല്ലക്കോയ ഓര്‍ക്കുന്നു.

നേതാവും മന്ത്രിയും

സി.എച്ചിനൊപ്പം പ്രവര്‍ത്തിക്കുന്നത് സുഖകരമെന്ന് ഇഖ്ബാല്‍ അനുഭവങ്ങളെ സാക്ഷിയാക്കുന്നു. രാഷ്ട്രീയമായ വാഗ്‌വാദങ്ങളൊന്നും ഓഫീസിലെ സി.എച്ചിനെ ബാധിക്കാറില്ല. നേതാവും ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. നേതാവ് പാര്‍ട്ടിയുടെതും മന്ത്രി എല്ലാവരുടേതുമെന്ന തത്വമാണ് സി.എച്ചിനെ നയിച്ചിരുന്നത്. രാവിലെ 9.30നു തന്നെ കൃത്യമായി ഓഫീസിലെത്തിയിരുന്നു സി.എച്ച്. വൈകിട്ട് അഞ്ച് മണി കഴിഞ്ഞും അദ്ദേഹം ഓഫീസിലുണ്ടാകാറുണ്ട്. ഏത് കാര്യവും അദ്ദേഹത്തോട് തുറന്നുപറയാന്‍ കഴിഞ്ഞിരുന്നു. പരിഹാരമുണ്ടാകുമെന്നുറപ്പ്. കുടുംബ കാര്യങ്ങള്‍ പോലും സി.എച്ചുമായി ചര്‍ച്ച ചെയ്തായിരുന്നു തീരുമാനിച്ചിരുന്നു. അത്രമാത്രം അടുപ്പമുണ്ടായിരുന്നു താനുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും.


സി.എച്ചും മുനീറും ശൈലിയിലെ സാമ്യതകള്‍

സി.എച്ചിന്റെ മകനും സി.എച്ചിന്റെ ചില നിര്‍ബന്ധങ്ങള്‍ അതേപടി കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് പാവങ്ങളുടെ കാര്യത്തില്‍. ആരും ശിപാര്‍ശ ചെയ്യാനില്ലാത്തവരായി, നിരാശ്രയരായി തനിക്ക് മുന്നിലെത്തുന്നവരുടെ കാര്യത്തില്‍ പരമാവധി 24 മണിക്കൂറാകും മുനീര്‍ നിര്‍ദേശിക്കുകയെന്ന് ഇഖ്ബാലും അബ്ദുല്ലക്കോയയും പറയുന്നു. അതിനിടയില്‍ ആ ഫയല്‍ മന്ത്രിയുടെ മേശപ്പുറത്തെത്തണം. മറ്റൊന്ന് മുന്‍ഗണനാക്രമം പാലിച്ചേ മതിയാകൂ. യോഗ്യത അനുസരിച്ച് മത്രം, അഥവാ അര്‍ഹര്‍ക്ക് ആദ്യം എന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറേയില്ല. 
രണ്ടുകാലഘട്ടങ്ങളില്‍ സെക്രട്ടറിയേറ്റെന്ന അതിവിശാലമായ ലോകത്ത് ചരിത്രത്തിന്റെ രണ്ട് ധ്രുവങ്ങളെ തൊട്ടറിഞ്ഞ ഇവര്‍ നിയോഗത്തില്‍ വിശ്വസിക്കുന്നു. ചില നിയോഗങ്ങള്‍ ചരിത്രത്തിന്റെ ഗതി നിര്‍ണയിക്കാറുണ്ട്.  ചരിത്രപുരുഷന് ഒപ്പം നടന്നവരെ അവഗണിച്ചുകൊണ്ട് എഴുതുന്ന ഏത് ചരിത്രവും അപൂര്‍ണമാകും. സി.എച്ച് എന്ന പ്രതിഭാസത്തെ അടുത്തുനിന്ന് കണ്ടവര്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്നവര്‍, ഇപ്പോള്‍ പഞ്ചായത്ത്- സാമൂഹ്യനീതി വകുപ്പിന്റെ ജനക്ഷേമ പാതകളില്‍ മന്ത്രി മുനീറിനൊപ്പം കൈനീട്ടുന്നവര്‍....

(ചന്ദ്രിക വാരാന്തപ്പതിപ്പ് 26.10.2014 ല്‍ പ്രസിദ്ധീകരിച്ചത്‌ )