Thursday, December 18, 2014

പൂവച്ചല്‍ ഗ്രാമീണ നന്മയുടെ കാലൊച്ച 

ഫിര്‍ദൗസ് കായല്‍പ്പുറം
നാല് ദശകങ്ങള്‍, എത്രയെത്ര ഗാനങ്ങള്‍- മലയാളിയുടെ ആസ്വാദന ബോധത്തെ ചിത്തിരത്തോണിയിലേറ്റി അക്കരേക്ക് കൊണ്ടുപോയി പൂവച്ചല്‍ ഖാദര്‍. 1970കള്‍ മുതല്‍ കാവ്യാനുഭൂതിയുടെ ആ പ്രവാഹം വാക്കായ്, വരികളായ്, സംഗീതമായ് മലയാള മനസുകളില്‍ ഒഴുകി നടക്കുന്നു. ആ വരികള്‍ മലയാളി മൂളി നടക്കുന്നു, ആ ശരറാന്തല്‍ തിരി കാവ്യഭൂമികയില്‍ വിതറിയ വെള്ളിവെളിച്ചം മലയാളത്തിന്റെ പുണ്യമായി പ്രശോഭിക്കുന്നു. കാലാതിവര്‍ത്തിയായ രചനകളിലൂടെ കാലഘട്ടത്തിന്റെ കവിയായി മാറിയ പൂവച്ചല്‍, എഴുത്തിന്റെ ജീവിതപാതയില്‍ നട്ടുവളര്‍ത്തുന്നത് മലയാളിയുടെ മന:സാക്ഷിയെ തന്നെയാണ്.
പൂവച്ചല്‍ ഖാദര്‍ എന്ന കവി മലയാള കവിത, ഗാന ശാഖകള്‍ക്ക് തനിനാടന്‍ പച്ച ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകളാണ് സമ്മാനിച്ചത്. പ്രണയത്തിന്റെയും വിഷാദത്തിന്റെയും കായലും കടലും കുടിലും ജീവിതത്തോട് ചേര്‍ത്തുവെച്ചു. തിരുവിതാംകൂര്‍ ഗ്രാമങ്ങളിലെ ജീവിതത്തെ തീവ്രാനുഭവങ്ങളാക്കിയുള്ള വരികള്‍ അദ്ദേഹത്തിന്റെ രചനകളിലുടനീളം കാണാം. മലയാള സിനിമയില്‍ കാല്‍പ്പനികതയും പ്രണയവും കൊടുങ്കാറ്റ് വീശിയ 80കളിലായിരുന്നു പൂവച്ചല്‍ രചകളുടെ 'കാലൊച്ച കേള്‍ക്കാന്‍' കേരളം കൂടുതല്‍ കാതോര്‍ത്തിരുന്നത്. പൂവച്ചല്‍ രചനകള്‍ കേട്ട് മലയാളിയുടെ മനസുകളാണ് നൃത്തം ചെയ്തത്. ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന വരികള്‍ ഏതൊരാളെയും കൗമാരത്തിന്റെ കായല്‍ത്തീരത്തേക്ക് നയിക്കുന്നതാണ്.
ഒരു ഗാനരചയിതാവെന്ന നിലയില്‍ റെക്കോര്‍ഡുകളുടെ പുസ്തകത്തില്‍ മാത്രമല്ല, മലയാളിയുടെ മനസിലും കാല്‍പ്പനികതയുടെ മുദ്ര ചാര്‍ത്തി. ഭാവഭദ്രമായ ഒട്ടേറെ ഗാനങ്ങളിലൂടെ നമ്മുടെ കേള്‍വിയില്‍, വായനയില്‍, ചിന്തയില്‍ ഒക്കെ ഈ കവിയുണ്ട്. ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍ ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണിനെ കണ്ടെത്താന്‍ മാത്രം പ്രണയാര്‍ദ്രമായ ഒരു ഹൃദയത്തിന്റെ ഉടമയായ കവിയെ മലയാളിക്ക് മനസിലേറ്റാതിരിക്കാനാവില്ലല്ലോ.
നീയെന്റെ പ്രാര്‍ത്ഥന കേട്ടു, സിന്ദൂരസന്ധ്യക്ക് മൗനം, സ്വയംവരത്തിനു പന്തലൊരുക്കി, കൂട്ടില്‍നിന്നും മേട്ടില്‍വന്ന, അള്ളാ ജീവിതം അരുളുന്നു, മൗനമേ നിറയും മൗനമേ, പൂമാനമേ ഒരു രാഗമേഘം, കൂടുവെടിയും ദേഹി അകലും, ഇടവാ കായലില്‍ അയല്‍ക്കാരി, ചിരിയില്‍ ഞാന്‍ കേട്ടു, ഇത്തിരി നാണം പെണ്ണിന്‍ കവിളില്‍ തുടങ്ങി പൂവച്ചല്‍ ഖാദറിന്റെ പാട്ടുകള്‍ മലയാളിയുടെ നാവിന്‍ തുമ്പില്‍ തന്നെയുണ്ട്. പ്രമുഖരായ സംഗീത സംവിധായകരോടൊപ്പം പൂവച്ചല്‍ ഖാദര്‍ വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ കാലത്തും സംഗീതം തലമുറകളുടെ അഭിരുചിക്കനുസൃതമായി മാറുമ്പോഴും കാവ്യഭംഗി നിലനിര്‍ത്താനായതാണ് ഈ കവിയെ നമുക്ക് പ്രിയപ്പെട്ടതാക്കിയത്. കാവ്യാംശമുള്ള വരികള്‍ക്ക് സംഗീതം നല്‍കിയാല്‍ മികച്ച ഗാനങ്ങള്‍ പിറവിയെടുക്കുമെന്ന് തെളിയിക്കാന്‍ പൂവച്ചലിന്റെ വരികള്‍ ഉദാഹരണമാണ്.
1972ല്‍ പുറത്തിറങ്ങിയ കവിത എന്ന ചലച്ചിത്രത്തില്‍ സ്വന്തം കവിതാ ശകലങ്ങളുമായി കടന്നുവന്ന പൂവച്ചലിന് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആദ്യകാലത്ത് കെ.രാഘവനെ പോലെ പ്രഗത്ഭരായ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മനോഹര കാവ്യശില്‍പ്പങ്ങളായിരുന്നു അന്നൊക്കെ ആസ്വാദകര്‍ കാത്തിരുന്നത്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ജോണ്‍സന്റെ സംഗീതം, യേശുദാസ് പാടിയത് അല്ലെങ്കില്‍ പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണന്റെ സംഗീതം യേശുദാസ് പാടിയത്.... എന്നിങ്ങനെ മലയാളിയുടെ കാതില്‍ 'പൂവച്ചല്‍' കേട്ടുപതിഞ്ഞ, തഴമ്പിച്ച നാമമായിട്ട് ഏതാണ്ട് 35 സംവത്സരങ്ങളാകുന്നു.    
ആദ്യ സമാഗമ ലജ്ജയിലാതിര/താരകം കണ്ണടയ്ക്കുമ്പോള്‍/ കായലഴിച്ചിട്ട വാര്‍മുടിയില്‍/ സാഗരമുമ്മവെയ്ക്കുന്നു... എന്നെഴുതിയ കവി, മലയാളിയുടെ പ്രണയത്തെയും വിരഹത്തെയും തീവ്രമായ ഭാഷാ സ്‌ഫോടനത്തിലൂടെയാണ് വരച്ചിട്ടത്. 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍/ കാതോര്‍ത്തു ഞാനിരുന്നൂ../ താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍/ തൂവല്‍ വിരിച്ചു നിന്നൂ..'. ചാമരം എന്ന ചിത്രത്തിനു വേണ്ടി പൂവച്ചല്‍ രചിച്ച ഈ ഗാനം കാമുകിയുടെയും ഭാര്യയുടെയും ഏകാന്തതയില്‍ എക്കാലത്തെയും ഏറ്റവും മികച്ചതെന്ന കാര്യത്തില്‍ സംശയമില്ല. ഇന്നും മനസിന്റെ അഗാധതയില്‍ മലയാളി ഈ പാട്ടിനെ താലോലിക്കുന്നു. കാരണം ഓരേ സമയം പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും സാങ്കല്‍പ്പിക സൗധങ്ങളിലേക്ക് നടന്നുകയറുന്ന പെണ്‍മനസിന്റെ ആശയും നിരാശയും അത്രത്തോളം ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഇതുപോലെ മനോഹരമായ എത്രയോ വരികള്‍ സംഗീതത്തിന്റെ പട്ടുപാവാട ചുറ്റി ശ്രോതാക്കളിലെത്തുമ്പോള്‍ ഈ ഗാനരചയിതാവ് മലയാളത്തിന് ഇന്നും വിസ്മയമാണ്.
എം.ജി. രാധാകൃഷ്ണനുമായി ചേര്‍ന്ന് അനശ്വരങ്ങളായ ലളിതഗാനങ്ങള്‍ക്കും അദ്ദേഹം ജന്മം നല്‍കിയിട്ടുണ്ട്. ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ, രാമായണക്കിളി ശാരിക പൈങ്കിളി, അനുരാഗ ലേഖനം മനതാരില്‍ എഴുതിയ തുടങ്ങിയ പ്രശസ്തമായ ലളിതഗാനങ്ങള്‍ ഇപ്പോഴും സര്‍വകലാശാലാ യുവജനോത്സവങ്ങളില്‍ മത്സരാര്‍ത്ഥികളുടെ ഇഷ്ട ഗാനങ്ങളാണ്. കൂടുതല്‍ മലയാള സിനിമകള്‍ക്ക് പാട്ടെഴുതി ചരിത്രത്തിലിടം നേടിയപ്പോള്‍ത്തന്നെ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയ ഗാനരചയിതാവായും പൂവച്ചല്‍ അത്ഭുതമായി- 1986ല്‍ 50 സിനിമകള്‍ക്കാണ് അദ്ദേഹം പാട്ടുകള്‍ എഴുതിയത്.

(2014 ഡിസംബര്‍ 16ന് ചന്ദ്രിക ദിനപത്രത്തിന്റെ പ്രത്യേക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)