Tuesday, September 25, 2012

പലപ്പോഴും പിഴയ്ക്കുന്നതിനാല്‍
തണുത്ത ഒരു ചിറകാണ്
ഹൃദയം.
അറിയാതെ വന്നുചേരുന്ന
അലിവുകളില്‍
കലഹങ്ങള്‍ അകന്നുപോകുമ്പോള്‍
നിന്റെ സ്മൃതിയുടെ
ഭാഷയില്‍
എന്റെ നിറമെന്താണ്.

ദിനാന്ത്യങ്ങളില്‍
കാലിയാകുന്ന കീശ പോലെ
വേര്‍പെട്ട് ഒഴുകുന്ന
അന്തര്‍മുഖ മൗനം പോലെ
അകലെയകലെയായ്
ഞാനും ഒരിക്കല്‍
വിസ്മരിക്കപ്പെടും.
നിന്റെ വംശബോധത്തില്‍
ചിറകുകളില്ലാതെയും
ശൂന്യതയില്‍
ഭാരമില്ലാതെയും
ഞാനുമൊരു യാത്ര നടത്തും
മേഘങ്ങളായോ
നക്ഷത്രമായോ എന്ന്
തീരുമാനിച്ചിട്ടില്ല.


Wednesday, September 19, 2012

'കല്‍'പനകളുടെ കാവ്യവഴികള്‍
ഫിര്‍ദൗസ് കായല്‍പ്പുറം
കല്ലു കൊത്തിയൊരുക്കി സിമന്റുചേര്‍ത്തുറപ്പിച്ച് അന്നത്തിനു വകതേടുന്ന തിരക്കില്‍ സാംബശിവനില്‍ കവിത കടന്നു കൂടിയത് എപ്പോഴാണ്...?. അത് സാംബശിവനുമറിയില്ല. മനസില്‍ മൊട്ടിടുന്ന വാക്കുകള്‍ ബിംബങ്ങളായി കടലാസിലേക്ക് പകര്‍ത്തുമ്പോള്‍ സാംബശിവന്‍ മുത്താനയുടെ കവിതകളില്‍ വിയര്‍പ്പിന്റെ ഗന്ധം. തൊഴിലിടങ്ങളില്‍ കവി ആത്മാര്‍ത്ഥതയുള്ള തൊഴിലാളി മാത്രം. കവിത പിറക്കുമ്പോള്‍ നോവുന്ന ഹൃദവുമായി സാംബശിവന്‍ വരികളിലൂടെ പറയുന്നു- ''തിരുവോണത്തിനു അമ്മ വിളമ്പിയ കണ്ണീരു വീണ ചോറാണ് എന്റെ കവിത, അനുഭവങ്ങളുടെ അടുപ്പുകല്ലില്‍ പഴുത്തുരുകിയ അനുഭൂതികളാണ് എനിക്കു കവിത''.
മലയാളം അക്ഷരങ്ങള്‍ ചേര്‍ത്തു വായിക്കാന്‍ അറിയാമെന്നതു മാത്രമാണ് ഈ കവിയുടെ യോഗ്യത. സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത സാംബശിവനു നിരാശയില്ല. അക്ഷരപ്പൂട്ടുകള്‍ക്കകത്തെ അഗ്നിയെ വാക്കുകളിലാവാഹിച്ച് സാംബശിവന്‍ കവിത കുറിക്കുന്നു. കടുത്ത ദാരിദ്ര്യവും ഉടുതുണിക്കു മറുതുണിയില്ലാത്ത ബാല്യകൗമാരങ്ങളും ഈ കവിയുടെ കറുത്ത ഇന്നലെകളാണ്. ഇന്നും സാംബശിവനില്‍ കവിതകളെത്തുന്നത് ജീവിതസമരങ്ങളായി തന്നെ. പൊരിവെയിലില്‍ സിമന്റിനോടും കല്ലിനോടും മല്ലിടുമ്പോള്‍ കവിത ഇയാള്‍ക്ക് ആശ്വാസമാകുന്നു.
തിരുവനന്തപുരം ജില്ലയിലെ മുത്താന ഗ്രാമത്തിലാണ് ഈ കല്‍പ്പണിക്കാരനായ കവിയുള്ളത്. സ്‌ക്കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിച്ച് അന്നത്തിനു വക തേടി തൊഴിലിടങ്ങളിലേക്കിറങ്ങുമ്പോള്‍ സാംബശിവന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു- പട്ടിണിയില്ലാതെ കഴിയാനുള്ള വക കണ്ടെത്തണം. ഏതു ജോലിയും ചെയ്യാനുള്ള മനസുമായി മുത്താനക്കടുത്ത് ചാവര്‍കോടുള്ള കല്ലുമലയിലെത്തി. കടുത്ത ജോലി ചെയ്തു ക്ഷീണിച്ചു സഹപ്രവര്‍ത്തകര്‍ കള്ളുഷാപ്പിലേക്കു പോയപ്പോള്‍ സാമ്പശിവന്‍ നടന്നത് മുത്താനയിലെ വിജ്ഞാനോദയം ഗ്രന്ഥശാലയിലേക്കാണ്. അവിടത്തെ പുസ്തകങ്ങളില്‍ ലഹരി കണ്ടെത്തിയ സാമ്പശിവനില്‍ എപ്പൊഴോ കവിത പിറക്കുകയായിരുന്നു. പിന്നീടു കവിതകള്‍ ധാരാളമായി എഴുതുവാന്‍ തുടങ്ങി.
തന്റെ ബാല്യകൗമാരത്തെക്കുറിച്ച് സാംബശിവന്‍ പറയുമ്പോള്‍ ആത്മസംഘര്‍ഷങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട.് ഒപ്പം കാല്‍പ്പനികമായ ഗ്രാമീണതയുടെ ഓര്‍മ്മകളും. ദാരിദ്രമെന്നാല്‍ വിശപ്പാണ്. വിശന്നു തളരുമ്പോള്‍ ഉണക്കിയ ചക്കക്കുരു വറുത്തു പൊടിച്ച് പുട്ടുപുഴുങ്ങി, ചേറുനിറഞ്ഞ പാടത്തെ പരല്‍ മീനുകള്‍ അരിച്ചു പെറുക്കി ചുട്ടുതിന്നു, അയലത്തെ പ്ലാവുകളില്‍ നിന്നും ആരും കാണാതെ ചക്കയടത്തു കുഴിച്ചിട്ടു, അന്യന്റെ പറമ്പിലെ പലതും എറിഞ്ഞിട്ടു തിന്നു... അങ്ങനെ കഷ്ടപ്പാടുകളുടെയും ദാരിദ്രത്തിന്റെയും ബാല്യം. വീടിനക്കരെ ദുരൂഹതയുടെ പച്ചച്ചാര്‍ത്തുണ്ട്- അരുവികളും കാട്ടുപൊന്തയും ചേര്‍ന്നു കിടക്കുന്ന, അവയില്‍ തട്ടിത്തട്ടിയൊഴുകുന്ന പച്ചച്ചാര്‍ത്ത്. അതുകടന്നാല്‍ എതുക്കാട്ടു ചന്ത. പച്ചപ്പുകളിലൂടെ എതുക്കാട്ടു ചന്തയില്‍ കാലണയ്ക്കു തേങ്ങാപ്പൂളുവാങ്ങാന്‍ പോകാറുണ്ട്. വലിയ അതിരുകള്‍ ചാടി ഇലഞ്ഞിമരത്തണലിലിരുന്ന് ഞാറക്കയും കാരയ്ക്കയും എറിഞ്ഞിട്ടു പോകുന്ന ഗ്രാമയാത്രകള്‍ പിന്നീടു സാംബശിവന്‍ കവിതയില്‍ കുറിച്ചിട്ടു- ''അസനാരുപിള്ളയുടെ കാളവണ്ടിയില്‍ വരുന്ന വാളരിക്ക, വാളന്‍പയര്‍, കടപ്പാവക്ക, അയണിച്ചക്ക, ശീമച്ചക്ക. എതുക്കാട്ടു ചന്തയില്‍ ചിരിച്ചും കരയിച്ചും ചപ്ലാങ്കൊട്ട കൊട്ടി പാടുന്നതു കേള്‍ക്കാന്‍ ഞാനും പോയിട്ടുണ്ട്''.
അച്ഛന്‍ ഒരു ക്രൂരമായ സ്വഭാവമുള്ളയാളായിരുന്നു. കവിത എഴുതുന്നതില്‍ എതിര്‍പ്പായിരുന്നു. ആരും കാണാതെ എഴുതി, തലയിണക്കടിയില്‍ ഒളിപ്പിച്ച കവിതകള്‍ പോലും അച്ഛന്‍ വലിച്ചെറിഞ്ഞിരുന്നു. കവിതയുടെ രംഗത്ത് എവിടെയുമെത്തില്ലെന്ന് ഒരു ശാപവാക്കുപോലെ അച്ഛന്‍ മകനെ ഇടക്കിടെ ഓര്‍മ്മിപ്പിക്കുമായിരുന്നു. അവിടെ നിന്നാണ് സാംബശിവന്റെ തുടക്കം. ആദ്യമായി ഖുര്‍ആനും ബൈബിളും സ്വന്തമാക്കി. ഈ ഗ്രന്ഥങ്ങളിലൂടെ പഠനയാത്ര നടത്തി. ജീവിതത്തിന്റെ നേരും നന്മയും നൈര്‍മല്യവും തേടിയുള്ള യാത്ര. പിന്നെ ധൈര്യമായി കാവ്യവഴിയിലേക്ക്......
ജോലി കഴിഞ്ഞെത്തുന്ന രാത്രികളിലാണ് താന്‍ കവിതകള്‍ എഴുതാറുള്ളതെന്ന് സാംബശിവന്‍ പറയുന്നു. കല്ലില്‍ ചാന്തു പുരട്ടി പുരപണിയുമ്പോള്‍ ഉള്ളില്‍ ഒരു കവിതയും രൂപപ്പെടും. അവ മനസില്‍ ചിട്ടപ്പെടുത്തിയ ശേഷം രാത്രികളില്‍ കടലാസിലേക്കു പകര്‍ത്തും. ജോലിക്കിടയിലെ ഉച്ചഭക്ഷണ സമയത്തു സുഹൃത്തുക്കള്‍ പരസ്പരം പറഞ്ഞ് അഭിമാനിക്കുമ്പോഴാണ് കവിതയുടെ മഹത്വം താന്‍ തിരിച്ചറിയുന്നത്. ജോലിയില്ലാതെ അലഞ്ഞു നടക്കുമ്പോഴൊന്നും ഒരിക്കല്‍ പോലും കവിത എഴുതാന്‍ കഴിഞ്ഞിട്ടില്ല. ക്ഷീണിച്ചു വരുന്ന രാവുകളിലാണ് ഉള്ളിലെ ഭാരം അക്ഷരങ്ങളാക്കി കടലാസിലേക്ക് ഇറക്കിവെക്കുന്നത്.
എഴുതിക്കൂട്ടിയ കവിതകള്‍ പുറത്തിറക്കുവാനുള്ള ആഗ്രഹം കാരണം ബാങ്കില്‍ നിന്നും ലോണ്‍ എടുത്താണ് ജലശയ്യ എന്ന ആദ്യ കവിതാ സമാഹാരം പുറത്തിറക്കിയത്. ലോണ്‍ തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, പലിശയും പിഴപ്പലിശയുമായി അതു ഭാരിച്ച ബാധ്യതയായി. എന്നാല്‍ ഈ കവിക്ക് നിരാശയില്ല. തന്റെ ഗ്രാമത്തിലെത്തി 'ജലശയ്യ' പ്രകാശനം ചെയ്തത് മലയാളത്തിന്റെ പ്രിയങ്കരമനായ കവി അയ്യപ്പപണിക്കരായിരുന്നു. അന്ന് നാടിനതൊരു ഉത്സവമായിരുന്നുവെന്ന് സാംബശിവന്‍ അഭിമാനത്തോടെ പറയും. മാത്രമല്ല, അയ്യപ്പപണിക്കര്‍ സാംബശിവനെ പിന്നീട് 'കേരള കവിത'യിലെ പ്രധാനപ്പെട്ടവരില്‍ ഒരാളാക്കി. അയ്യപ്പപണിക്കരുടെ മരണംവരെ ഈ ബന്ധം തുടര്‍ന്നു. പണിക്കര്‍ പല വേദികളിലും സാംബശിവന്റെ കവിതകളെക്കുറിച്ച് പരാമര്‍ശിച്ചു. അതേപോലെ എം. കൃഷ്ണന്‍ നായര്‍ 'സാഹിത്യ വാരഫല'ത്തില്‍ സാംബശിവന്റെ വരികളെക്കുറിച്ച് വാചാലനായി. കവി സച്ചിദാനന്ദനും പലപ്പോഴും ഈ തൊഴിലാളിയായ കവിയെക്കുറിച്ച് പംക്തികളില്‍ പറയുകയുണ്ടായി.
എന്നാല്‍ ജാഡകളില്ലാത സാംബശിവന്‍ തൊഴിലിടങ്ങളിലേക്കു വീണ്ടും നടന്നു. അപ്പോഴാണ് വീണ്ടുമൊരു ഭാഗ്യം പടികടന്നു വന്നത് സാംബശിവന്റെ 25 കവിതകള്‍ സമാഹരിച്ച് 'കല്ലില്‍ കൊത്തിയ കവിത' എന്ന പേരില്‍ ചിന്താ പബ്ലിക്കേഷന്‍സ് പുറത്തിറക്കി. ഈ പുസ്തകം വളരെയേറെ ശ്രദ്ധക്കപ്പെട്ടു. വേറിട്ട ശൈലിയും ബിംബകല്‍പ്പനകളും കല്‍പ്പണിക്കാരന്റെ വരികള്‍ സാധാരണക്കാരന്റെ വായനാനുഭവത്തെ കേന്ദ്രീകരിക്കുന്നു. പലപ്പോഴായി സാംബശിവനു നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ തനിക്കു ലഭിച്ച ഏറ്റവും മികച്ച അംഗീകാരമായി കവി കാണുന്നത് തൊഴിലിടങ്ങളില്‍ എഴുത്തുകാരനെന്ന നിലക്കു തനിക്കു ലഭിക്കുന്ന ആദരവാണ്. മക്കളായ ശില്പക്കും ചിപ്പിക്കും വിദ്യാലയത്തിലും നാട്ടിലും കവിയുടെ മക്കളെന്ന വാത്‌സല്യം കിട്ടാറുള്ളതിലും സാംബശിവന് അഭിമാനമുണ്ട്. പുതിയ തലമുറയിലെയും പഴയതലമുറയിലെയും കവികളും സാഹിത്യകാരന്മാരും തന്നെ തിരിച്ചറിയുന്നുണ്ട്. സാഹിത്യ സമ്മേളനങ്ങളിലും കവിയരങ്ങുകളിലും സമയമുള്ളപ്പോഴെല്ലാം പങ്കെടുക്കുന്നു. കവിതക്കു വേണ്ടി ജീവിക്കുകയല്ല, ജീവിതത്തെ കവിതയുമായി ഇവചേര്‍ക്കുകയാണ് സാംബശിവന്‍ മുത്താന.
തൊഴിലാളി വര്‍ഗമെന്ന പേരില്‍ ആവേശം കൊള്ളാനൊന്നും താനില്ലെന്നാണ് സാംബശിവന്റെ പക്ഷം. വായിച്ചാല്‍ അറിവു നേടാനാകും. പഠിക്കാന്‍ കഴിയാതിരുന്നതില്‍ വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴില്ല. ധാരാളം വായിക്കാനും എഴുതാനും ശ്രമിക്കുകയാണിപ്പോള്‍. ഭാര്യ സുധര്‍മ്മ ജീവിതത്തിലെന്ന പോലെ എഴുത്തിലും സാംബശിവന്റെ കരുത്താണ്. പട്ടിണികിടന്നും പിഞ്ചുകുഞ്ഞുങ്ങളെ ചേര്‍ത്തുറക്കുമ്പോള്‍ കവിതയെയും താന്‍ വാങ്ങിക്കൂട്ടുന്ന പുസ്തകങ്ങളെയും സുധര്‍മ്മ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സാംബശിവന്‍ പറയുന്നു. തന്റെ കുടുംബ ജീവിതത്തിന്റെ ശാന്തത കൂടി വാക്കുകളില്‍ നിഴലിക്കുന്നു. സുധര്‍മ്മ മുത്താനക്കടുത്ത് പറകുന്നിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്. സാംബശിവന്റെ 'എന്റെ കവിത' തുടങ്ങുന്നതിങ്ങനെ 'കശുവണ്ടി ഫാക്ടറിയിലെ കറുകറുത്ത കുഴലിലെ പുകതുപ്പുന്ന പുലര്‍ച്ചകളാണെന്റെ കവിത'.
സാംബശിവനെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് അഭിമാനം. അവര്‍ പറയുന്നു- 'ഇവന്‍ വിശക്കുമ്പോഴും വിയര്‍ക്കുമ്പോഴും ക്ഷോഭിക്കാത്തവന്‍'. കല്ലിനെ കവിതയാക്കി, അക്ഷരങ്ങള്‍ക്ക് നിറം ചാര്‍ത്തുമ്പോള്‍ സാംബശിവന്‍ കുറിച്ചിടുന്നതിങ്ങനെ- ''എന്റെ ദൈവമേ ഒരു പൂവിരിയുന്നതുപോലെ/ ഒരാളിന്റെ സുഗന്ധമറിയുന്നതു പോലെ/ ഒരാട്ടിന്‍പറ്റം കൂടണയുന്ന പോലെ/ ഒരു കവിത പിറക്കുന്നു''.


(കവി സാംബശിവന്‍ മുത്താനയെക്കുറിച്ച് രണ്ട് വര്‍ഷം മുമ്പ് 'ചന്ദ്രിക' വാരാന്തപ്പതിപ്പില്‍ എഴുതിയത്)

Wednesday, September 12, 2012

ഓരോ കവിതയും ഓരോ തോല്‍വി: കുരീപ്പുഴ


ഫിര്‍ദൗസ് കായല്‍പ്പുറം

(ചന്ദ്രിക ആഴ്ചപ്പതിപ്പ് സെപ്തംബര്‍ 8-14 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

വരല്‍വരമ്പുകളിലെ പാട്ടുകളില്‍ നിന്ന് കവിതയുടെ ഉറവപൊട്ടി. അത് സംസ്‌കൃതികള്‍ക്ക് താളമിട്ട് അലിഖിതമായ വാക്കുകള്‍ ചുമന്ന് നടന്നു. ഓരോ കാലത്തും ജീവിതാവബോധത്തിനൊപ്പം സഞ്ചരിച്ച് മനുഷ്യസ്‌നേഹത്തിന്റെ, നന്മയുടെ, മൂല്യവത്തായ ആശയങ്ങളുടെ പുതിയ പുതിയ മേഖലകളിലേക്ക് കവിത കടന്നുചെന്നു. കവിതയുടെ പിതൃത്വം കീഴാള ജീവിതത്തിന്റെതാണ്. കര്‍ഷകനെയും പാടത്ത് പണിയെടുക്കുന്നവനെയും അവന്റെ സാമൂഹ്യനിലവാരത്തെയും അടയാളപ്പെടുത്തുന്ന കവിതകള്‍ കൊണ്ടാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാര്‍ ശ്രദ്ധേയനാകുന്നത്. ഈ കവി പ്രതിനിധീകരിക്കുന്നത് തിരസ്‌കൃത സമൂഹത്തിന്റെ മാനസിക വ്യാപാരങ്ങളെയാണ്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ട് അടുത്ത ദിവസങ്ങളിലൊന്നിലാണ് കൊല്ലം ജില്ലയിലെ കരിങ്ങന്നൂര്‍ ഗ്രാമത്തിലെത്തി കുരീപ്പുഴയെ കണ്ടത്. കുരീപ്പുഴയുടെ എഴുത്തും കാഴ്ചപ്പാടുകളും സംഭാഷണത്തില്‍ കടന്നുവന്നു.
ഒരു കവിയെന്ന നിലയില്‍ കുരീപ്പുഴക്ക് ഒരുപാട് പറയാനുണ്ട്. അത് ഒരു തിരുത്തല്‍ വാദിയുടെ ശബ്ദമല്ല. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് വാര്‍ത്തകള്‍ക്ക് ഇരയാകാനുള്ള ആവേശവുമല്ല. കവിതകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, താന്‍ കവിതകളോട് സംവദിക്കുന്ന രീതിയും കാലത്തിന്റെ ഗതിവേഗങ്ങളില്‍ തുറന്നുപറയാനുള്ള തന്റെ മാധ്യമമായ കവിതയോടുള്ള സമീപനവും. ഈ കവിക്കുള്ളത് വ്യക്തമായ കാഴ്ചപ്പാടുകളാണ്. അമ്മ മലയാളം മുതല്‍ കീഴാളന്‍ വരെയുള്ള രചകളുടെ അന്തസത്ത വിളിച്ചുപറയുന്നത് അവഗണിക്കപ്പെടുന്നവന്റെ ജീവിത വ്യഥകളെക്കുറിച്ചാണ്. 'കീഴാളന്‍' എന്ന കവിതാ സമാഹാരമാണ് കുരീപ്പുഴയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നും കീഴാളന്റെ ജീവിത ദുരിതങ്ങള്‍ക്ക് മാനസികമായ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനാണ് താന്‍ ഇഷ്ടപെടുന്നതെന്ന് കുരീപ്പുഴ അടിവരയിട്ടു.

ഗ്രാമം, നന്മ, ലാളിത്യം
കുരീപ്പുഴയിലെ കവിയെ രൂപപ്പെടുത്തിയത് കൊല്ലം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ സൗന്ദര്യവും അവിടെ ഗ്രാമീണ ജനതയുടെ സംസ്‌കാരവുമാണ്. കൊല്ലത്ത് കുരീപ്പുഴയില്‍ 1955ല്‍ ജനിച്ച കുരീപ്പുഴ ശ്രീകുമാര്‍ പുതുയുഗത്തിന്റെ കവിതക്ക് പുതിയ ഭാവുകത്വം നല്‍കി.
വാക്കുകളില്‍ വിപ്ലവവീര്യം പകര്‍ന്നു വച്ച കവി. ഹബീബിന്റെ ദിനക്കുറിപ്പുകള്‍, ശ്രീകുമാറിന്റെ ദുഃഖങ്ങള്‍, രാഹുലന്‍ ഉറങ്ങുന്നില്ല, അമ്മ മലയാളം, സൂയിസൈഡ് പോയിന്റ് ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കൃതികള്‍. വൈലോപ്പിള്ളി അവാര്‍ഡ്, ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പലപ്പോഴായി നിരവധി പുരസ്‌കാരങ്ങള്‍. കവിയുടെ ചിന്തകളോടും വിശ്വാസപ്രമാണങ്ങളോടും വിയോജിച്ചവരും മനസില്‍ തത്തിക്കളിക്കുന്ന വരികളിലൂടെ കുരീപ്പുഴയെ ഇഷ്ടപെടുന്നു.
കീഴാളന്‍ എന്ന കവിതയില്‍ കവി പറയാനുദ്ദേശിക്കുന്നതും താഴേക്കിടയിലുള്ള ജീവിതങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാണ്. കീഴാളന്റെ അന്തിപ്പട്ടിണിയുള്‍പെടെ സമൂഹം അവനെ തരം താഴ്ത്തുന്നതിനെയടക്കം നിശിതമായി വിമര്‍ശിച്ചു കൊണ്ട് കവി കീഴാളന്റെ യഥാര്‍ത്ഥ ചിത്രം അനുവാചക ഹൃദയങ്ങളില്‍ കോറിയിട്ടപ്പോള്‍ കേരള സാഹിത്യ അക്കാദമി അംഗീകാരവും ഈ 'കീഴാളനെ' തേടിയെത്തി.

കീഴാളന് സമര്‍പിച്ച വാക്കുകള്‍, വരികള്‍
അവന്‍ നമുക്ക് അന്നം ഉണ്ടാക്കിത്തന്നവനാണ്. അവന്‍ ജീവന്‍ പണയപ്പെടുത്തി പുറംകടലില്‍ പോയി മത്സ്യം കൊണ്ടുവന്ന് നമുക്ക് രുചിയോടെ ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കിയവനാണ്. അവനാണ് മറ്റുള്ളവര്‍ക്ക് വീട് ഉണ്ടാക്കിക്കൊടുത്തത്. അവനാണ് വസ്ത്രം ഉണ്ടാക്കിക്കൊടുത്തത്. കീഴാളന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശിയാണ്. കീഴാളന്റെ ജീവിതം പഠിക്കേണ്ടതുതന്നെയാണ്. കീഴാളന്‍ ഇന്നും അവഗണിക്കപ്പെടുകയാണ്. അവന് ഭരകൂടം നല്‍കുന്നത് ഔദാര്യമായി മാറുന്ന സ്ഥിതി. കീഴാന്റെ അവകാശങ്ങള്‍ അര്‍ഹിക്കുന്ന വിധത്തില്‍ പരിഹരിക്കപ്പെടാന്‍ ഒരു വര്‍ഗസമരവും ഇവിടെ നടന്നില്ല. അവന്‍ ഭൂവുടമയായില്ല. കോളനികളില്‍ തളച്ചിട്ട ജീവിതം അവന് സ്വാതന്ത്യം നല്‍കിയെന്ന് പറയാനുമാകില്ല.
ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ കീഴാളരുടെ വേദനകള്‍ തളംകെട്ടി നില്‍ക്കുന്നുണ്ട്. കീഴാളര്‍, അതായത് ദളിതര്‍ ഇന്നും അവഗണിക്കപ്പെടുകയാണ്. സാഹിത്യത്തിലൂടെ ഞാന്‍ എന്റെ പ്രതിഷേധങ്ങളെ അടയാളപ്പെടുത്തും. അവരുടെ അരക്ഷിതാവസ്ഥയില്‍ ഞാനും പങ്കുചേരുന്നു. ദളിതരുടെ വേദനകള്‍ തുടച്ചു നീക്കാന്‍ അവരോട് ചേര്‍ന്ന് നില്‍ക്കാനാണ് എനിക്കിഷ്ടം. സാഹിത്യത്തിന്റെ ആവിര്‍ഭാവം സവര്‍ണരുടെ അഗ്രഹാരങ്ങളിലെ പൂജാമുറികളില്‍ നിന്നല്ല. കലകളുടെയും സാഹിത്യത്തിന്റെയും പ്രഭവകേന്ദ്രം കീഴാള ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ആര്‍ക്കും വിസ്മരിക്കാനാവില്ല. എങ്കിലും പലപ്പോഴും ബോധപൂര്‍വം കീഴാളനെ അവഗണിക്കുന്നു.

വയലുകളിലേക്ക് തിരിച്ചുപോകണം
കുരീപ്പുഴയുടെ ഓര്‍മകളില്‍ വയല്‍ ഒരു ഗൃഹാതുര ഓര്‍മയാണ്. ഒരു കവിയുടെ മാനസികവും സാമൂഹ്യവുമായ ചിന്താമണ്ഡലത്തില്‍ വയലുകളും കൃഷിയും കടന്നുവരിക സ്വാഭാവികം. കവിതയുടെ ഉല്‍ഭവസ്ഥാനമായ ആ വയലുകള്‍ ഇന്ന് തരിശുഭൂമികളായിരിക്കെ നിശബ്ദനാകാന്‍ കവിക്കാവുന്നില്ല.
പരമ്പരാഗത മൂല്യങ്ങളുടെ ആധാരശിലയെന്ന് നമുക്ക് നിരീക്ഷിക്കാവുന്ന കാര്‍ഷിക സംസ്‌കാരം നഷ്ടമായതെങ്ങനെയാണ്?. കലപ്പ ഡോട്ട് കോം എന്ന കവിതയിലൂടെ പറയാന്‍ ശ്രമിച്ചത് അതാണ്. കലപ്പ ഉള്‍പെടെയുള്ള കാര്‍ഷികോപകരണങ്ങള്‍ പുതിയ കാലത്തിന് പരിചിതമല്ല. നെല്ല് പിടിക്കുന്ന മരമേതെന്ന് പുതിയ തലമുറ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അവര്‍ നെല്‍ചെടിയെന്ന് പറയുന്നില്ല. അരിച്ചെടിയെന്ന് വിളിക്കുന്നു. കൃഷി ഇല്ലാതാകുന്നത് അടിസ്ഥാന വര്‍ഗത്തെ അവഗണിച്ചതുകൊണ്ടാണ്. ലിപികള്‍ ഇല്ലാത്ത ഭാഷയില്‍ നിന്ന് മഹാകാവ്യങ്ങള്‍ വരെ സമ്മാനിച്ചതും കൃഷിയാണ്. പാടത്ത് പണിയെടുക്കാന്‍ ആളില്ലാതായത് എന്തുകൊണ്ടാണ്?. മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളെ ഈ രംഗത്ത് നിലനിര്‍ത്താന്‍ കഴിയാതായി. ഇവിടെ, സര്‍വണ മേധാവിത്വത്തിന്റെ ഇരയാണ് കൃഷിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ. സത്യത്തില്‍ അതാണ് സംഭവിച്ചത്. കൃഷി ഇല്ലാതാക്കിയത് സവര്‍ണ മേധാവിത്വത്തിന്റെ കിരാത വ്യവസ്ഥയാണ്. കര്‍ഷകത്തൊഴിലാളിക്ക് നല്ല വീട് പാടില്ല, അവന്‍ ചെരിപ്പിടാന്‍ പാടില്ല. അവനെപ്പോഴും മേലാളന്റെ അടിമയായി, വിനീതനായി പ്രവര്‍ത്തിക്കണം എന്നിങ്ങനെയുള്ള സവര്‍ണാധിപത്യ ചിന്തകളാണ് കാര്‍ഷിക മേഖലയെ പടിയിറക്കിയത്. കൃഷി ഇല്ലാതായതോടെ പലതും നമുക്ക് നഷ്ടമായി.
വയല്‍ നികത്തലിലെനിരെ ശക്തമായ നിയമം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ വയല്‍ നികത്തി കൃഷിഭവന്‍ നിര്‍മിച്ച വിചത്രമായി സംഭവവും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല നിയമങ്ങള്‍ നമുക്കുണ്ട്. പക്ഷേ, അവ ഇംപ്ലിമെന്റ് ചെയ്യാന്‍ ആര്‍ജവമുള്ള ഒരു ഭരണകൂടമില്ല. രണ്ടാഴ്ചമുമ്പ് കേരള നിയമസഭ പാസാക്കിയ സേവനാവകാശ നിയമം ലക്ഷ്യംവെക്കുന്നത് വളരെ വലിയ മുന്നേറ്റമാണ്. എന്നാല്‍ ഇത് ഇംപ്ലിമെന്റ് ചെയ്യുന്നതും ഇപ്പോള്‍ നിലനില്‍ക്കുന്ന സംവിധാനത്തിലൂടെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് ആഹ്ലാദം തോന്നുന്നില്ല.
കേരളത്തിലെ എല്ലാ എഴുത്തുകാരും ഇപ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യം ടി.പി വധവുമായി ബന്ധപ്പെട്ടതാണ്. ടി.പി കൊല്ലപ്പെട്ടത് അപലപനീയം തന്നെയാണ്. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. രമയെ കണ്ടു. മകനെ കണ്ടു. അദ്ദേഹത്തിന്റെ അമ്മയെയും കണ്ടു മടങ്ങി. അതിനപ്പുറം എന്താണ് ചെയ്യുക. കവിത എഴുതണം എന്ന് നിര്‍ബന്ധിക്കരുത്. ഞാന്‍ എഴുതിയ കവിതകളൊന്നും ഒരു നിര്‍ബന്ധിത സാഹചര്യത്തില്‍ നിന്നുണ്ടായതല്ല.

അമ്മ മലയാളം
സഹ്യപുത്രിയായ മലയാളത്തെ ജനകീയമായി ചര്‍ച്ച ചെയ്യപ്പെടാന്‍ വഴിയൊരുക്കിയാണ് മുഖ്യധാരാ സാഹിത്യ ചര്‍ച്ചകളില്‍ കുരീപ്പുഴയുടെ അമ്മ മലയാളം കടന്നുവരുന്നത്. തികച്ചും അകന്നുനിന്ന രണ്ട് വാക്കുകളാണ് 'അമ്മ'യും 'മലയാള'വും. ഇവയെ കൂട്ടിയോജിപ്പിച്ചതിന് പിന്നില്‍ വളരെ വലിയ ഒരു ആശയ പൂര്‍ത്തീകരണമുണ്ടായിരുന്നു. ഇന്ന് 'അമ്മ മലയാളം' എന്ന പ്രയോഗത്തിന് ഒരുപാട് അര്‍ത്ഥ തലങ്ങളുണ്ട്.
മലയാളത്തിന് അതിന്റേതായ മാന്യമായ ഇരിപ്പിടം വേണമെന്ന് ആശിച്ച കവി, 'അമ്മ മലയാളം' എന്നൊരു കവിതാ പദ്ധതിക്കുതന്നെ തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് ഈ പദം വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. ''വീണപൂവിന്റെ ശിരസ്സ് ചോദിക്കുന്നു/ പ്രേമ സംഗീത തപസ്സു ചോദിക്കുന്നു/ ചിത്ര യോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു /മണി നാദത്തിന്‍ മനസ്സ് ചോദിക്കുന്നു/ പാടും പിശാചു ശപിച്ചു ചോദിക്കുന്നു/ പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു/ കളിയച്ചനെയിത കിനാവ് ചോദിക്കുന്നു /കാവിലെ പൊട്ടന്‍ കരഞ്ഞു ചോദിക്കുന്നു/ പുതരിച്ചുണ്ടയായി ഗോവിന്ദ ചിന്തകള്‍/ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു/ എവിടെ എവിടെ എന്റെ സഹ്യ പുത്രി മലയാളം/ എവിടെ എവിടെ സ്‌നേഹ പൂര്ണ മലയാ ളം''- പൊതുവേദികളില്‍ മലയാളം സംസാരിച്ചാല്‍ അഭിമാനക്ഷതമെന്ന് കരുതുന്ന ഒരു തലമുറയ്ക്ക് മുന്നിലാണ് കവി 'അമ്മ മലയാളത്തെ' അവതരിപ്പിച്ചത്.

നഗ്‌ന കവിത
പാരമ്പര്യമായി കവിതക്ക് മേല്‍ ചാര്‍ത്തിയിരുന്ന ഉടയാടകള്‍ അഴിച്ചുമാറ്റി കവിതയെ നഗ്‌നയായി നടത്താന്‍ ധൈര്യം കാട്ടിയ ആദ്യ മലയാള കവിയാണ് കുരീപ്പുഴയെന്ന് നിരീക്ഷിച്ചാല്‍ അത് ശരിവെക്കുന്നതാണ് നഗ്‌ന കവിതകളുടെ പരമ്പര. 1993ല്‍ 'ബുള്ളറ്റിന്‍' എന്ന കവിതയിലൂടെ ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന രീതി അപ്രായോഗികമാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് നഗ്‌ന കവിതകള്‍ക്ക് തുടക്കമിട്ടത്. ഈ കവിത തമിഴിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്തപ്പോള്‍ നിരവധി പ്രതികരണങ്ങളാണുണ്ടായത്. ബുള്ളറ്റിന്‍ മുതലാണ് നഗ്‌ന കവിതകളെക്കുറിച്ച് ആലോചിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുന്നത് ഭൂരിപക്ഷത്തിന്റെ വോട്ട് നേടിയല്ല. മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് കൂടുതല്‍ വോട്ട് ലഭിക്കുന്നയാള്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയാണ് പതിവ്. ഇത് ശരിയായ ജനാധിപത്യമാണോ? ഇത്തരത്തില്‍ ധാരാളം കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിന് വളരെ സ്വതന്ത്രമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കേണ്ടി വരും. അതിനുള്ള വഴിയാണ് നഗ്‌ന കവിതകള്‍ തുറന്നിടുന്നത്. പറയേണ്ടത് വെട്ടിത്തുറന്ന് പറയുക. അതിന് കവിതയുടെ ചട്ടക്കൂടുകള്‍ തടസമാകാതിരിക്കുക. എന്തും ഏത് രീതിയിലും എഴുതാവുന്നതാണ് നഗ്‌ന കവിതയുടെ ഘടന. അത് ചിലപ്പോള്‍ അതിരൂക്ഷമായ ആക്രമണങ്ങളാകാം. നര്‍മത്തില്‍ പൊതിഞ്ഞ ആക്ഷേപശരങ്ങളാകാം. ''മരിക്കുന്നെങ്കില്‍/ തെരഞ്ഞെടുപ്പ് കാലത്ത് മരിക്കണം/ സ്ഥാനാര്‍ത്ഥികള്‍/ ഖദറിട്ടതും ഇടാത്തതും/ റീത്തുകള്‍/ കണ്ണീര്‍ കഞ്ഞിവീഴ്ത്തുകള്‍/ മരണക്കോമാളി/ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വന്നാലോ/ ശൂന്യം വീട്ടുമുറ്റം''- ഇതൊരു 'നഗ്‌ന' ഉദാഹരണം മാത്രം.
പ്രണയത്തിലെ കാവ്യാനുഭവം
പ്രണയം എല്ലാക്കാലത്തുമുള്ളതാണ്. എന്നാല്‍ ഒരു കാലഘട്ടം കേരളത്തിലെ കാമ്പസുകള്‍ ആഘോഷിച്ച കവിതയാണ് കുരീപ്പുഴയുടെ 'ജെസ്സി'.ജെസ്സി എന്ന കവിതയുടെ വരികള്‍ പ്രണയ സ്വാസ്ഥ്യമായോ അസ്വാസ്ഥ്യമായോ പറ്റിപ്പിടിച്ചിരുന്നു. അത് ആ കാലത്തിന്റെ പ്രത്യേകത കൊണ്ടല്ല. ഇന്നും ആ കവിത തന്നെ വേദികളില്‍ ചൊല്ലപ്പെടുന്നു. 'പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം സ്വപ്ന ശൈലങ്ങളില്‍ ചെന്നു ചുംബിക്കവെ/ ഉത്തുംഗതകളില്‍ പാരവതീ ശങ്കര തൃഷ്ണകള്‍ നേടി കിതച്ചാഴ്ന്നിറങ്ങവേ'- ജെസി വഴിതെറ്റിയ കൗമാരങ്ങളെയാണ് വിരല്‍ചൂണ്ടിയത്. പിന്നീടതൊരു യാഥാര്‍ത്ഥ്യമായി മാറി.
അത്ഭുതം തോന്നിയിട്ടുണ്ട് ജെസ്സിയേക്കാളും പ്രായം കുറഞ്ഞ തലമുറ ഈ കവിത ആവശ്യപ്പെടുന്നതുകണ്ട്. ജെസ്സി അവരുടേതായതുകൊണ്ടാവാം. ജെസ്സി അവരുടെ കവിതയാണ്. എല്ലാ മാധ്യമങ്ങളും തിരസ്‌കരിച്ചിട്ടും ജസ്സിക്ക് ജീവന്‍ കൊടുത്തത്തത് അവരാണ്. പലരും തിരിച്ചയച്ച കവിതയാണ് ജെസ്സി. പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് വിധിയെഴുതിയ കവിത പിന്നീട് സമഗ്രമായി പഠന വിധേയമാക്കേണ്ടിവന്നു പലര്‍ക്കും.
എല്ലാ കവിതകളും ഉടലെടുത്തത് ദു:ഖത്തില്‍ നിന്നാണെന്നും ചില നര്‍മബോധങ്ങള്‍ പോലും ദു:ഖത്തിന്റെ ഉല്‍പന്നമാണെന്നും കവി സ്ഥിരീകരിക്കുന്നു. പ്രകൃതിയോടുള്ള പ്രേമം, വള്ളികള്‍, വൃക്ഷങ്ങള്‍, പക്ഷികള്‍ ഇതെല്ലാം കവിതക്ക് കാരണമാകുന്നു. കാവ്യാനുഭവങ്ങളില്‍ പറയാന്‍ ഏറെയുണ്ട്. അതെല്ലാം പലപ്പോഴായ പറഞ്ഞു പറഞ്ഞ് മടുത്തു. സാഹിത്യമെന്നത് എക്കാലത്തും നിഷേധത്തിന്റെ കലയാണ്. പൂര്‍വികരായ ഗുരുക്കന്മാരെ നിഷേധിച്ചുകൊണ്ട് മാത്രമേ യുവതലമുറയിലെ എഴുത്തുകാര്‍ക്ക് തങ്ങളുടെ സ്വത്വം നിലനിര്‍ത്താന്‍ കഴിയൂ. സാഹിത്യ ലോകത്ത് ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരെല്ലാം തങ്ങളുടെ മുന്‍ഗാമികളെ ധിക്കരിച്ചാണ് സ്വന്തം ഇടം നേടിയത്.
എന്റെ അലച്ചിലുകള്‍ക്ക് കാരണം ഏക്കാലത്തും എന്നെ ബാധിച്ചിരുന്ന അസ്വാസ്ഥ്യങ്ങളാണ്. ഈ അസ്വാസ്ഥ്യങ്ങള്‍, സാമൂഹ്യപരിവര്‍ത്തനം, പ്രണയം, സ്വപ്നങ്ങള്‍ തുടങ്ങിയവ എനിക്കു തന്നതാണ് കവിതക്ക് പ്രേരണയായി തീര്‍ന്നത്. ഇത്തരം അസ്വസ്ഥതകളില്‍ നിന്നാണ് അക്ഷരപ്പൂട്ടുകള്‍ തുറന്നുവരുന്നത്. അസ്വസ്ഥ പ്രദേശത്തുനിന്നും കവിതയുടെ തടാകക്കരയിലേക്ക് യാത്ര ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. പരാജയപ്പെട്ടു. ഓരോ കവിതയും ഓരോ തോല്‍വിയുടെ അടയാളങ്ങളാണ്. പരുക്കുകള്‍ പുരട്ടിയ സ്‌നേഹമരുന്നാണ് കവിത.

അക്കാദമി അവാര്‍ഡ്
ഒരു സവര്‍ണ ദൈവത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഒരിക്കല്‍ അവാര്‍ഡ് നിശ്ചിയിച്ചപ്പോള്‍ എനിക്ക് നിരസിക്കേണ്ടിവന്നിട്ടുണ്ട്. അത്തരം സമ്മാനങ്ങള്‍ വെച്ചുനീട്ടിയാല്‍ ഇനിയും നിരസിക്കും. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി 'കീഴാള'നെ കവിതാപരമായ മേന്മകൊണ്ട് പരിഗണിച്ചിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്. സമൂഹം നല്‍കുന്ന പീഡാനുഭവങ്ങളില്‍നിന്ന് ഉയരുന്ന നിലവിളിയാണ് കവിത. അവാര്‍ഡ് വലിയൊരു ലഗേജാണെന്ന കവി എന്‍.എന്‍ കക്കാടിന്റെ വാക്കുകള്‍ ഇടക്കിടെ ഓര്‍ത്തുപോകും. അവാര്‍ഡുകളില്‍ മതിമറക്കാറില്ല. കിട്ടാത്തതില്‍ വിഷമവുമില്ല. അമിതമായ അവാര്‍ഡ് ഭ്രമം എഴുത്തിനെ ബാധിക്കും.
എഴുത്തില്‍ കുരീപ്പുഴക്ക് ഇടവേളകളില്ല. അടുത്ത കവിതാ സമാഹാരം 'നരകത്തിലേക്കൊരു ടിക്കറ്റ്' ഉടന്‍ പുറത്തിറങ്ങും. ഈ കവിയുടെ ആത്മസംഘര്‍ഷങ്ങള്‍ വ്യക്തിപരമായി വേദനകളല്ല, സാമൂഹ്യ ഘടനയോടുള്ള അടങ്ങാത്ത പ്രതിഷേധങ്ങളാണ്. മൂല്യബോധവും പാരമ്പര്യവും സാമൂഹ്യ ചുറ്റുപാടും വിസ്മരിച്ച് എഴുത്തുകാരന് നിലനില്‍ക്കാനാവില്ല. നിരന്തരമായ പോരാട്ടങ്ങളില്‍ ഒപ്പം കൂട്ടുന്നതാകട്ടെ സമൂഹത്തിന്റെ അടുക്കളപ്പുറങ്ങളില്‍ അരക്ഷിതാവസ്ഥയില്‍ തളച്ചിട്ടിരിക്കുന്ന ഒരു ജനതയെ.

Tuesday, September 4, 2012

എമര്‍ജിംഗ് കേരള- സി.പി.എം വിസ്മരിക്കുന്നത്

ഫിര്‍ദൗസ് കായല്‍പ്പുറം

''എമര്‍ജിംഗ് കേരളയോ... അതെന്താണെന്ന് അറിയില്ല. എന്താണ് ഈ സംഗമത്തിന്റെ ഉദ്ദേശം, എന്തുതരം വികസനമാണ് യു.ഡി.എഫ് ലക്ഷ്യംവെക്കുന്നത്. ഞങ്ങള്‍ക്ക് ഇതിനോട് സഹകരിക്കാന്‍ കഴിയില്ല. എമര്‍ജിംഗ് കേരളയുടെ വെബ്‌സൈറ്റ് നോക്കിയിട്ട് ഒന്നും മനസിലായില്ല. മനസിലാക്കുന്നതില്‍ പറ്റിയ പിഴവാണെങ്കില്‍ വീണ്ടും പരിശോധിക്കാം, പഠിക്കാം. പക്ഷേ, ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ പദ്ധതിക്ക് ഞങ്ങളില്ല''- കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷം മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞ വാക്കുകളാണിത്.
ഇടതുമുന്നണി നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും വസ്തുതകള്‍ നിരത്തിയല്ലെന്നതാണ് വിചിത്രം. 'എമര്‍ജിംഗ് കേരള'യെന്നാല്‍ കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഐ.ടി ഉള്‍പെടെയുള്ള വികസന പദ്ധതികളെക്കുറിച്ചുള്ള ആലോചനക്കും പഠനത്തിനും സാധ്യതകള്‍ ആരായുന്നതിനുമുള്ള ഒരു ഒത്തുചേരല്‍ മാത്രമാണ്. കേരളത്തെ സംബന്ധിച്ച് എക്കാലവും വികസനത്തിന് തടസമാകുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്. ഇതെല്ലാം എങ്ങനെ പരിഹരിക്കാം, ഏതെല്ലാം മാര്‍ഗങ്ങളാണ് നമുക്കുമുന്നിലുള്ളത്, പദ്ധതികള്‍ ഭാവിയില്‍ കേരളത്തിന് മുതല്‍ക്കൂട്ടാവുമോ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചാ സംഗമമാണ് ഈ ആഗോള നിക്ഷേപ കൂട്ടായ്മയിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ അഭിപ്രായം രേഖപ്പെടുത്താനും അനുകൂലിക്കാനും വിയോജിക്കാനും സി.പി.എമ്മിന് അവസരമുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയാണ് ജനപക്ഷത്തുനില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടി ചെയ്യേണ്ടത്. എന്നാല്‍ എമര്‍ജിംഗ് കേരളയിലെ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തെ തീറെഴുതി വില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കേണ്ടത് സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യവും അനിവാര്യവുമാണ്. സി.പി.എം ഇന്ന് അകപ്പെട്ടിരിക്കുന്ന ഊരാക്കുടുക്കില്‍ നിന്ന് കരകയറാന്‍ വികസനത്തെ തുരങ്കംവെക്കുന്ന കുറുക്കുവഴിതന്നെ തെരഞ്ഞെടുക്കണോയെന്ന് ചിന്തിക്കാന്‍ അവര്‍ക്കിനിയും സമയമുണ്ട്. അഴിമതി എമര്‍ജ് ചെയ്യാനുള്ള സംഗമമാണ് എമര്‍ജിംഗ് കേരളയിലൂടെ നടപ്പിലാകുന്നതെന്നാണ് വി.എസിന്റെ ആരോപണം. മുഖ്യമന്ത്രി പദത്തിലുണ്ടായിരുന്ന കാലത്തെ അനുഭവങ്ങളാകണം അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.
കേരളത്തെ പോലെ ഒരു വികസ്വര സമൂഹത്തിന്റെ ദൈനംദിന ചുറ്റുപാടുകള്‍ എപ്പോഴും ഉറ്റുനോക്കുന്നത് നാളകളിലേക്കുള്ള സുരക്ഷിത സങ്കേതങ്ങളെയാണ്. ഒരു ഭരകൂടത്തിന്റെ യഥാര്‍ത്ഥ കര്‍ത്തവ്യവും അതുതന്നെ. ഒന്നുമില്ലായ്മയില്‍ നിന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തെ പോലെ പരിമിതികളുള്ള ഒരു സംസ്ഥാനത്തിനാകില്ല. ആഗോളതലത്തിലെ പൊതുവളര്‍ച്ചാ സാധ്യതകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ നാം നിര്‍ബന്ധിതമാകുന്നു. വികസനസ്വപ്നങ്ങള്‍ ഏതുതരത്തില്‍ പ്രായോഗികമായി പൂര്‍ത്തീകരിക്കാമെന്നത് ഏറെ പ്രധാനമാണ്. ഇതൊരു നിര്‍ണായക ഘട്ടമാണ്. എമര്‍ജിംഗ് കേരള സംഗമം കേരളത്തിന് വാനോളം പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ വികനവിരുദ്ധ നയത്തില്‍ നിന്ന് പിന്മാറാന്‍ സി.പി.എമ്മിന് ഇപ്പോഴത്തെ സ്ഥിതിയില്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, ആ പാര്‍ട്ടിയുടെ മസ്തിഷ്‌കം നിറയെ ഭീതിയുടെയും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്നതിന്റെയും അണുക്കള്‍ കൊണ്ട് നിറഞ്ഞിരക്കുന്നു.
വി.എസ് അച്യുതാനന്ദന് എന്നും ഒരു പൊതുശത്രുവേണം. അതിന് കഴിഞ്ഞ കുറേക്കാലമായി ഇരയാകുന്നത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ്. എമര്‍ജിംഗ് കേരളക്ക് അച്യുതാനന്ദന്‍ ഇത്രയധികം അയിത്തം കല്‍പിക്കാനുള്ള പ്രധാനകാരണം അതാണെന്ന് സാമാന്യബോധമുള്ളവര്‍ക്ക് തിരിച്ചറിയാം. എന്തുകൊണ്ട് എല്‍.ഡി.എഫ് ഭരണകാലത്ത് ഇത്തരം ഒരു വികസന സമീപനം രൂപപ്പെടുന്നില്ലെന്ന് ചിന്തിക്കാന്‍ നാം ഇനിയും തയാറായിട്ടില്ല. ദുബായ് ടീകോം റിയല്‍എസ്റ്റേറ്റ് കച്ചവടക്കാരാണെന്നാണ് സ്മാര്‍ട്‌സിറ്റി നടപ്പിലാക്കുന്നതുമായി അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണം. പിന്നീട് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ടീകോമുമായി ചര്‍ച്ച നടത്തി സ്മാര്‍ട്‌സിറ്റിയെ സംബന്ധിച്ച ആശങ്കകള്‍ നീക്കി നിര്‍മാണം ആരംഭിക്കുകയായിരുന്നു. സമാനമായ ആക്ഷേപമാണ് എമര്‍ജിംഗ് കേരളയിലെ പദ്ധതികളെക്കുറിച്ചും വി.എസ് ഉന്നയിക്കുന്നത്. വി.എസിന്റെ ലക്ഷ്യം പദ്ധതികള്‍ മുടക്കുകയെന്നതല്ലാതെ മറ്റൊന്നുമല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്.
എമര്‍ജിംഗ് കേരള യാഥാര്‍ത്ഥ്യമായാല്‍ അടുത്ത രണ്ട് പതിറ്റാണ്ടിനിടെ കേരളത്തില്‍ ഉയര്‍ന്നുവരുന്നത് തലമുറകളുടെ തൊഴില്‍ സുരക്ഷിതത്വം കൂടിയാണ്. ഇവിടെ പൊതുസമൂഹം ചിന്തിക്കുന്നതെന്താണെന്ന് കണ്ടെത്താന്‍ സി.പി.എമ്മിനെ പോലെ ശക്തമായ പ്രവര്‍ത്തക ശൃംഖലയുള്ള പാര്‍ട്ടി എന്തുകൊണ്ട് തയാറാകുന്നില്ലെന്നത് ഈ പൊള്ളത്തരത്തെ വെളിപ്പെടുത്തുന്നു. സമൂഹം കാത്തിരിക്കുന്നത് സാമൂഹ്യ, സാമ്പത്തിക രംഗത്തെ വളര്‍ച്ചയാണ്. വ്യവസായവും വിവരസാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്താന്‍ മനുഷ്യവിഭവത്തിന്റെ കാര്യത്തില്‍ സമ്പന്നമായ ഒരു സംസ്ഥാനം മറ്റേത് മാര്‍ഗമാണ് തേടേണ്ടത്..?
സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ അടിസ്ഥാനമേഖലകളില്‍ ആസൂത്രണം ചെയ്തിട്ടുള്ള നിക്ഷേപസാധ്യതകളെക്കുറിച്ച് അറബ് രാജ്യങ്ങള്‍ക്കു പുറമേ ബ്രിട്ടണ്‍, ആസ്‌ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളുമായി ഇതിനകം ചര്‍ച്ച നടത്തിയിരുന്നു. ദേശീയ നിക്ഷേപ ഉല്‍പാദന മേഖല, ചെറുകിട തുറമുഖ വികസനം, ഉന്നത വിദ്യാഭ്യാസ വികസനം, പ്രകൃതിവാതകം അടിസ്ഥാനപ്പെടുത്തിയുള്ള വൈദ്യുതോല്‍പാദനം, ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങിയ പദ്ധതികളില്‍ ബ്രിട്ടണ്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യ, ആരോഗ്യപരിരക്ഷ, അടിസ്ഥാന സൌകര്യവികസനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളത്തിന്റെ സാധ്യത നിരത്തിയും അതിനുള്ള സന്നദ്ധത അറിയിച്ചുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയത്. സംസ്ഥാനത്തിന്റെ വൈദഗ്ധ്യമേറിയ തൊഴില്‍ശക്തിയിലും ഇവിടത്തെ ഉയര്‍ന്ന ജീവിതനിലവാരത്തിലും ഈ രാജ്യങ്ങള്‍ പ്രത്യേകം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന് പുറമെ ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ ബിസിനസ് കേന്ദ്രമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടുകൊണ്ടാണ് എമര്‍ജിംഗ് കേരള രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഐ.ടിയും ഐ.ടിഅധിഷ്ഠിത സേവനങ്ങളും, വിനോദസഞ്ചാരം, ആരോഗ്യസംരക്ഷണം, എഞ്ചിനീയറിംഗ് ഓട്ടോമോട്ടീവ്, ട്രേഡ് ആന്റ് റീറ്റെയ്‌ലിംഗ്, ഭക്ഷ്യകാര്‍ഷിക സംസ്‌കരണവും മൂല്യവര്‍ധനയും, ജെം ആന്റ് ജൂവല്‍റി അപൂര്‍വ ധാതുക്കള്‍, ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ്, തുറമുഖങ്ങള്‍, കപ്പല്‍ നിര്‍മാണവും അനുബന്ധ വ്യവസായങ്ങളും, ഇലക്‌ട്രോണിക്‌സ്, വിജ്ഞാനവിദ്യാഭ്യാസ മേഖല, ഗ്യാസ് ബേസ്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹരിതോര്‍ജം, ബയോ ടെക്‌നോളജിയും നാനോ ടെക്‌നോളജിയും ഔഷധ വ്യവസായവും
നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, ഇന്‍ഫോടെയ്ന്‍മെന്റ്, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, പെട്രോ കെമിക്കല്‍സ്, പരിസ്ഥിതി സാങ്കേതിക വിദ്യ, വാട്ടര്‍ ടെക്‌നോളജീസ്, വ്യാവസായികാടിസ്ഥാന സൗകര്യ വികസനം, വിമാനത്താവള വികസനം, വിമാന- ഹെലികോപ്റ്റര്‍ സര്‍വീസുകള്‍, ജലഗതാഗതം, മികവിന്റെ കേന്ദ്രങ്ങള്‍, റോഡ്, റെയ്ല്‍, ഊര്‍ജം, ജലവിതരണം, മലിനജല നിര്‍ഗമനം ഉള്‍പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാണ് കേരളം എമര്‍ജിംഗ് കേരളയിലൂടെ നിക്ഷേപം തേടുന്നത്.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനല്‍, ഹൈ സ്പീഡ് റെയ്ല്‍ കോറിഡോര്‍, ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍, കൊച്ചികോയമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, ഇലക്‌ട്രോണിക്‌സ് ഹബ്ബ്, ലൈഫ് സയന്‍സ് പാര്‍ക്ക്, മുന്‍സിപ്പല്‍ വേസ്റ്റ് മാനേജ്‌മെന്റ്, ഊര്‍ജോല്‍പാദന പദ്ധതികള്‍, മോണോ റെയ്ല്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. കൂടാതെ വിവിധ മേഖലകളിലെ നിക്ഷേപ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് അതത് മേഖലകളില്‍ മികവും വൈദഗ്ധ്യവുമുള്ള പ്രഗത്ഭര്‍ അവരുടെ കാഴ്ചപ്പാടുകള്‍ മേളയില്‍വെച്ച് നിക്ഷേപകരുമായി പങ്കിടും. ഇത്രത്തോളം ബൃഹത്തായ ഒരു ദൗത്യത്തിന് സര്‍ക്കാര്‍ തയാറെടുക്കുമ്പോള്‍ മുഖം തിരിഞ്ഞുനില്‍ക്കുന്ന സി.പി.എമ്മിനെ നയിക്കുന്ന വികാരമെന്തെന്ന് ഇനിയും വ്യക്തമല്ല. കേരളത്തിന്റെ ഭൂമി ആര്‍ക്കും തീറെഴുതിക്കൊടുക്കുന്നത് ശരിയായ നടപടിയല്ല. അത് ഏത് വികസനത്തിന്റെ പേരിലായാലും ന്യായീകരിക്കാവുന്നതുമല്ല. പക്ഷേ, ഇത് തുറന്നുപറയാനും ഓരോ പദ്ധതിയെയും സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്ത് ആശങ്കകള്‍ ദുരീകരിക്കാനും സി.പി.എമ്മോ അച്യുതാനന്ദനോ ഇനിയും സമയം കണ്ടെത്തിയിട്ടില്ല. ആ സ്ഥിതിക്ക് എതിര്‍ക്കുന്നതിന്റെ കാരണം അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. എമര്‍ജിംഗ് കേരളയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചുകൊണ്ട് മാസങ്ങള്‍ക്കുമുമ്പ് തുടക്കമിട്ട വിരുദ്ധശബ്ദമാണ് സി.പി.എം കഴിഞ്ഞ ദിവസം അല്‍പംകൂടി ഉറക്കെപ്പറഞ്ഞത് എന്നുമാത്രമേ കരുതേണ്ടതുള്ളൂ.

..................................................................