Monday, June 18, 2012


പലപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളില്‍
മുഖം പൂഴ്ത്തി ഞാന്‍ നിനക്കുമുന്നില്‍
നിശബ്ദനാകുന്നു.
എനിക്ക് ആതുരാലയങ്ങളുടെ മണമുണ്ടെന്ന്
ഒരിക്കല്‍ നീ തന്നെയാണ് പറഞ്ഞത്.
ഗ്രീഷ്മത്തിലെ പാട്ടും നോവിന്റെ മഞ്ഞ വെയിലും
എനിക്കോര്‍മ്മയുണ്ട്.
ഓരോ ദിനവും വല്ലാത്തൊരു അടിമത്തമാണ്.
മാനസിക അടിമത്തം- പറയാനാകാത്തതും
എന്നാല്‍ പറയേണ്ടതുമായ ചിലത്
ഒളിപ്പിച്ചുവെച്ച് ഇനിയെത്രനാള്‍ ഞാനിങ്ങനെ......

Saturday, June 16, 2012


എനിക്കൊരു പേരുണ്ട്, നിനക്കോ......????

പണ്ട് എന്റെ ഗ്രാമത്തില്‍ ഒരു വീടിനടുത്ത് ഒരു വേടനുണ്ടായിരുന്നു. കരുണാകരന്‍- മരിച്ചുപോയി. കര്‍ഷക തൊഴിലാളിയായിരുന്ന കരുണാകരനെ 'മന്ത്രി' എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. കെ. കരുണാകരന്‍ എന്ന പേര് ജനമനസുകളില്‍ അത്രമാത്രം പതിഞ്ഞതു കൊണ്ടാകണം ഈ കരുണാകരനെയും 'മന്ത്രി'യാക്കി ഗ്രാമവാസികള്‍ 'ആദരിച്ചത്'.
ഒരു വാസുദേവന്‍ നായരെ 'എം.ടി'യെന്ന് വിളിക്കാനുള്ള ബോധം വെണ്‍കുളത്തെ നാട്ടുകാര്‍ക്കുണ്ടായത് വാസു ഒരു മഹാസാഹിത്യകാരന്‍ ആയതുകൊണ്ടല്ലെന്ന് എന്നെപ്പോലെ ഈ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. കള്ളുകുടിച്ച്, ലെക്കുകെട്ട് നാട്ടുകാരെ തെറിവിളിച്ചു നടക്കുന്ന അയിരൂര്‍ കാരനായ മണിയെ നാട്ടുകാര്‍ 'എം.എം മണി'യാക്കിയത് ഈയിടെയാണ്.
വലിയ വഞ്ചികള്‍ പണിയുന്ന വിജയന്‍ ചെറുപ്പക്കാരനാണ്. കായലോരത്ത് രാവിലെ എത്തിയാല്‍ വള്ളപ്പുരയില്‍ കൊട്ടുകേള്‍ക്കാം. അമരം പണിയുന്ന വിജയന് വഞ്ചിയും തടിയും തുഴയും കായലുമാണ് രാഷ്ട്രീയം. എന്നിട്ടുമെന്തേ ഈ നാട്ടുകാര്‍ അയാളെ 'പിണറായി'യെന്ന് വിളിക്കുന്നു...!!
ഇങ്ങനെ പേരുകള്‍ വലിയൊരു ആകാശം തീര്‍ത്തിട്ടുണ്ട് നമ്മുടെയൊക്കെ മനസില്‍. പേരുകളിലൂടെ പ്രശസ്തരാകുന്നവരും 'പേര്' കൊണ്ട് പേരെടുക്കുന്നവരും ധാരാളം. ചൂണ്ടക്കാരനായ നാരായണനെ കുട്ടികള്‍ ദൂരെ നിന്ന് കൂകി വിളിക്കുമായിരുന്നു- 'നാരായണ ഗുരു' എന്ന്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുറച്ചകലെ നിന്ന് എന്റെയൊരു കൂട്ടുകാരി തിരുവനന്തപുരത്ത് വന്നു. കോര്‍പറേഷന്‍ ഓഫീസിനടുത്ത് നിന്ന് എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു- 'തിരക്കുകള്‍ കഴിഞ്ഞ് വിളിക്കൂ.. ഊണ് നമുക്ക് ഒരുമിച്ചാക്കാം..'. ചില സര്‍ക്കാര്‍ ഓഫീസുകളുടെ പടികയറിയിറങ്ങിയ ശേഷം മാഞ്ഞാലിക്കുളത്തെ എന്റെ ഓഫീസിലെത്തിയ കൂട്ടുകാരിയുമായി ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലൂടെ നടന്നു. മുരളി ഹോട്ടലിലെ തീന്‍ മേശക്ക് ഇരുപുറവുമിരുന്ന് ഞങ്ങള്‍ സൗഹൃദ സന്ദേശങ്ങള്‍ കൈമാറി. ചോറു കഴിച്ച് പുറത്തിറങ്ങി. തണല്‍ ചാഞ്ഞിരുന്നില്ല, എങ്കിലും റോഡരികിലൂടെ ഞങ്ങള്‍ നടന്നു- സംസാരമധ്യേ കൂട്ടുകാരി പറഞ്ഞു. 'ഞാന്‍ സ്‌കൂളില്‍ ചേരുന്നതുവരെ എന്റെ വീട്ടുകാര്‍ എനിക്ക് ഓരോരോ പേരുകള്‍ പറഞ്ഞ് തര്‍ക്കത്തിലായിരുന്നു. അച്ഛനിഷ്ടപ്പെടുന്ന പേര് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടില്ല. പേരുകളുടെ ഒരു നീണ്ടനിരതന്നെ എന്റെ വീടിനെ ചൂഴ്ന്നുനിന്നു. ഒടുവില്‍ ഞാന്‍തന്നെ എനിക്ക് പേരിട്ടു'.
പറഞ്ഞ കേട്ട പേരുകളിലേതോ ഒന്ന് മനസില്‍ തടഞ്ഞപ്പോള്‍ സ്‌കൂളിലെ രജിസ്ട്രര്‍ പൂരിപ്പിക്കുന്ന അധ്യാപകനുമുന്നില്‍ ആ പേര് പറഞ്ഞുകൊടുത്തു. അങ്ങനെയാത്രേ എന്റെ കൂട്ടുകാരിക്ക് ഇപ്പോഴുള്ള പേര് കിട്ടിയത്..... കുറേയേറെ കാര്യങ്ങള്‍ പറഞ്ഞും പസ്പരം ചിരിച്ചും തമാശ പറഞ്ഞും കൂട്ടുകാരി പിരിഞ്ഞു. തമ്പാനൂരിലേക്കുള്ള റോഡിലേക്ക് അവള്‍ നടന്നകന്നപ്പോള്‍ എനിക്കൊരപൂര്‍വത തോന്നി. പേര്- എല്ലാ പേരുകള്‍ക്കും നീണ്ട ആയുസാണ്.
ആരോ കല്‍പിച്ചു നല്‍കിയ പേരുകളെ ചുമന്ന് നമ്മള്‍ ജീവിക്കുന്നു. നമുക്കെന്ന് പറയാന്‍ ആകെയുള്ളതാണത്.

Saturday, June 9, 2012


ടി.പി നിസാരനാണത്രേ....
പ്രത്യയശാസ്ത്ര രേഖയടക്കം ചര്‍ച്ച ചെയ്ത് ആഗോളതലത്തിലെ സ്പന്ദനങ്ങള്‍ക്ക് തത്വാധിഷ്ഠിത ചമല്‍ക്കാരങ്ങള്‍ രചിക്കുന്ന വിപ്ലവവീര്യമാണ് സി.പി.എമ്മിന്റേത്. പാര്‍ട്ടിയുടെ മുഷിഞ്ഞ മുഖം തുറന്നുകാട്ടി, യഥാര്‍ത്ഥ കമ്മ്യൂണിസത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും രേഖപ്പെടുത്താനുള്ള നിയോഗമാണ് പ്രാദേശിക തലത്തിലെങ്കിലും ടി.പി ചന്ദ്രശേഖരനെന്ന 'ധീരനായ കമ്മ്യൂണിസ്റ്റ്' ഏറ്റെടുത്തത്. ഇതെഴുതുമ്പോള്‍ മുഖ്യ സൂത്രധാരകന്‍ ടി.കെ രജീഷിന്റെ വെളിപ്പെടുത്തല്‍ അന്തരീക്ഷത്തെ വലയം ചെയ്തുകിടക്കുകയാണ്. ഈ വിപ്ലവ വായാടികള്‍ക്ക് (മണി മുതല്‍ പിണറായി വരെ) ടി.പി നിസാരനാണത്രേ...
അതുകൊണ്ടാണല്ലോ ടി.പിയെ മൊത്തമായും ചില്ലറയായും വിറ്റത്..., സി.പി.എമ്മിന്റെ മുഖത്താണ് 52 വെട്ടും കിട്ടിയതെന്ന എം.പി വീരേന്ദ്രകുമാറിന്റെ പ്രസ്താവന എത്ര വാസ്തവം...........
 വിപ്ലവം വിജയിക്കട്ടെ........

Wednesday, June 6, 2012


ഞാന്‍ എന്റെ ചോര കൊണ്ട് വാക്കുകള്‍ നനയ്ക്കുന്നു

എ.അയ്യപ്പന്‍/ ഫിര്‍ദൗസ് കായല്‍പ്പുറം
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന്റെ അരമതിലില്‍ ചാരിയിരിക്കുന്ന അയ്യപ്പനെ സൂര്യകിരണങ്ങള്‍ തല്ലുന്നുണ്ട്. ആള്‍ക്കൂട്ടം ചിതറിക്കിടക്കുന്ന ഭരണസിരാകേന്ദ്രത്തിന്റെ ശബ്ദമയമായ അന്തരീക്ഷം. ഉച്ചവെയില്‍ ശാന്തനായിരിക്കുന്നു അയ്യപ്പന്‍. ഒരു നമസ്‌കാരം കൊടുത്തു. ഉടന്‍ പരിഭവങ്ങളായി- 'അന്നു നീ ഉടന്‍വരാമെന്ന് പറഞ്ഞ് പോയതല്ലേ.... (പോക്കറ്റില്‍ കൈയിട്ടു. കിട്ടിയത് നൂറ്റിയമ്പത് രൂപ. അന്‍പത് തിരികെത്തന്നു.) എനിക്കു നൂറുമതി'. വാഹനങ്ങളുടെ നിരമുറിച്ചുകടന്ന് പഞ്ചമി ബാറിലേക്ക്. പത്തുമിനിട്ടിനകം മടങ്ങിവന്നു. പിന്നെ എന്തൊക്കയോ ചോദിച്ചു. പതിവുപോലെ അന്നും ഒരുപാടുനേരം സംസാരിച്ചു.
താങ്കള്‍ എന്തിനാണിങ്ങനെ മദ്യപിക്കുന്നത്?
- അതെന്റെ ജീവിതത്തിന്റെ മറവാണ്. കാണാനും കേള്‍ക്കാനുമുള്ളത് അതിലൂടെ അടുത്തും മറഞ്ഞും പരിണമിക്കുന്നു. എന്റെ സാന്ത്വനത്തിന്റെ തീരങ്ങളില്‍ മദ്യവുമായി ചില വിശ്രമ വേളകള്‍. മദ്യത്തിന്റെ മറവിലാണ് ജീവിതം എന്നു ചുരുക്കിപ്പറയാം. ചില ഹോസ്റ്റലുകളുടെ ഹൃയങ്ങളില്‍ മദ്യംമണക്കുന്ന രാവുകള്‍ തന്ന സുഖം മറ്റൊരു സങ്കേതങ്ങളും എനിക്കു സമ്മാനിച്ചിട്ടില്ല.
കവിതയെഴുതുന്നത്?
- അതെന്റെ അവശേഷിപ്പാണ്. കവിതയല്ലാതെ മറ്റൊന്നും ഇന്നെന്നില്‍ തളിര്‍ക്കില്ല. ശൈത്യവും വേനലും എന്നില്‍ കവിതയുടെ കാലൊച്ചകളാണ്. അവയാണെന്റെ ആടയും ആഭരണങ്ങളും. നിനക്കെന്നെ കല്ലെറിയാം. തല്ലിക്കൊല്ലാം. എന്റെ പ്രതികരണങ്ങള്‍ കവിത മാത്രമായിരിക്കും.
അപ്പോള്‍ പ്രണയം?
- ഞാന്‍ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു. ഈ വെയിലില്‍ അല്‍പം മുമ്പ് കുടിച്ച ചായപോലെ മധുരമായ പ്രണയാനുഭവങ്ങള്‍ എനിക്കുമുണ്ടായിരുന്നു. അതെല്ലാം കലാപഭൂമിപോലെ തകര്‍ന്നുപോയി. പക്ഷേ, ഇന്നുമെന്നില്‍ ജഢാവസ്ഥയിലെങ്കിലും പ്രണയമുണ്ട്. കല്‍പനകളുടെ സമുദ്രംപോലെ  എന്റെ ഹൃദയത്തില്‍ പ്രണയത്തിന്റെ ഗതകാലം ഇരമ്പുന്നുണ്ട്. പ്രണയം മരിക്കുമായിരിക്കാം. പക്ഷേ ഞാനവയെ വെള്ളപുതപ്പിക്കില്ല.
ചങ്ങാതിക്കൂട്ടങ്ങള്‍ പ്രസക്തമാണല്ലോ, ഈ വിശാല സൗഹൃദങ്ങള്‍ക്ക് പിന്നിലെന്താണ്?
-കവിതയിലും ജീവിതത്തിലും സൗഹൃദങ്ങളെക്കാള്‍ വിലപ്പെട്ട മറ്റൊന്നും കാണാനാകുന്നില്ല. ഞാനും നരേന്ദ്രപ്രസാദും വി.പി. ശിവകുമാറും പലര്‍ക്കും ത്രിമൂര്‍ത്തികളായിരുന്നു. ഞങ്ങളൊരുമിച്ച് സ്വപ്നം കണ്ടു. വസന്തത്തിന്റെ ഇടിമുഴക്കങ്ങളില്‍ ഭ്രമിച്ചുപോയ ബോസ്..., കിണറിന്റെ ജലകവാടങ്ങള്‍ കടന്ന് അവന്‍ പിന്നീട് തിരിച്ചുപോയി. സിവിക്. സ്‌നേഹത്തിന്റെ വ്യാകരണമറിയുന്നവന്‍. പിന്നീടൊരുവന്‍ വന്നൂ, ഭ്രാന്തസ്‌നേഹത്തിന്റെ അമ്ലതീഷ്ണതയുമായി....അവന് ജോണെന്ന് പേര്‍... കണ്ടതുമുതല്‍ അവന്‍ എന്നില്‍ കുടിയേറി. പിന്നീട് ഞങ്ങളെപ്പോഴും ഒന്നിച്ചായിരുന്നു. ഒരുദിവസം ഏതോ രാത്രിസങ്കേതത്തിന്റെ മുകളില്‍ നിന്നും അവന്‍ മരണത്തിലേക്ക് പറന്നു. ഇപ്പോഴും ഞാനവന്റെ ചുംബനത്തിന്റെ ചാരായഗന്ധമോര്‍ക്കുന്നു. ഒരുപാട് സൗഹൃദങ്ങള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്. ആ മുറിവുകളുണങ്ങിയിട്ടില്ല. തീവ്രമായ സൗഹൃദങ്ങള്‍ ഇപ്പോഴുമുണ്ട്. എന്റെ സെബാസ്റ്റ്യന്‍, .സാവിച്ചി, പേരെടുത്ത് പറയാന്‍ ഇനിയുമുണ്ട് ഒരുപാട് പേര്‍...
സെബാസ്റ്റ്യനെ പലപ്പോഴും കൂടുതല്‍ സ്‌നേഹിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്താണങ്ങനെ?
-അവന്‍ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്നവനാണ്. ആലുവയുടെ ആകാശത്തുമാത്രമല്ല, അയ്യപ്പന്റെ ഹൃദയത്തിലും ഏറ്റവും നല്ലൊരു സുഹൃത്താണ് സെബാസ്റ്റ്യന്‍.
സ്‌നേഹത്തെക്കുറിച്ച് സംവദിച്ച് നിത്യചൈതന്യ യതിയുമായി വഴക്കിട്ടതായി കേട്ടിരുന്നു. യതിയെക്കുറിച്ച്...?
-യതിയെക്കുറിച്ചല്ല, യതി അവതരിപ്പിച്ച ദാര്‍ശനിക ലോകത്തെക്കുറിച്ചാണ്. ഇടക്കൊക്കെ ഗുരുകുലത്തില്‍ പോയിട്ടുണ്ട്. എന്റെ ധിക്കാരങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് കാട്ടിയിരുന്നു. കേവലമായ ആത്മീയ വ്യാപാരങ്ങള്‍ക്കപ്പുറത്തെ ദാര്‍ശനിക ചക്രവാളമായിരുന്നു അദ്ദേഹം സ്വീകരിച്ചത്. നിത്യജീവിതത്തിലെ വസ്തുതകളെ കണ്ടില്ലെന്നു നടിക്കുന്ന ദാര്‍ശനികതയോട് വിയോജിക്കേണ്ടിവരും. ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു നിത്യ.
ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ട കവിത?
- എന്റെ കവിതകളെല്ലാം എനിക്കിഷ്ടമാണ്. ഞാന്‍ തന്നെയാണ് മികച്ച കവി. കവിതകളെ വേര്‍തിരിച്ച് അടയാളപ്പെടുത്തിയിട്ടില്ല. മലയാളത്തിലെ ഏറ്റവും മികച്ച കവിയാണ് എ. അയ്യപ്പന്‍.
താങ്കളുടെ ജീവിതം എന്താ ഇങ്ങനെയായത്?
-തിരിച്ചൊന്നു ചിന്തിച്ചുനോക്കൂ. അയ്യപ്പന് സഹതാപത്തില്‍ നിന്നും ഉടലെടുക്കുന്ന കാരുണ്യം വേണ്ട. നീ തിരിച്ചുപോകുമ്പോള്‍ മറ്റൊരാള്‍ ഇതുപോലെ ഇങ്ങനെ വര്‍ത്തമാനം പറയാന്‍, സ്‌നേഹിക്കാന്‍, കള്ളുകുടിപ്പിക്കാന്‍ വരും. അതെന്റെ വഴികളാണ്. ആര്‍ക്കുമില്ലാത്ത സ്വാതന്ത്ര്യമല്ലേ ഞാന്‍ അനുഭവിക്കുന്നത്.

പ്രത്യയശാസ്ത്രപരമായ ചിന്താധാരകള്‍ താങ്കള്‍ക്ക് ചാര്‍ത്തിത്തന്നത് എന്താണ്?
-ഞാനൊരു കമ്മ്യൂണിസ്റ്റായിരുന്നു. ഇന്നും അങ്ങനെ തന്നെ. ഓരോ തെണ്ടിയുടെയും പ്രാഥമികമായ ആവശ്യങ്ങള്‍  പരിഹരിക്കാന്‍ ഭരണകൂടത്തിനാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യയശാസ്ത്രം എന്നെ അപഹസിച്ചിട്ടില്ല. കമ്യൂണിസം അതു പങ്കുവെക്കുന്ന മാനവികതയുടെ ശുദ്ധിയിലേക്ക് തിരിച്ചുവരുമെന്നാണ് എന്റെ പ്രതീക്ഷ.
തിരസ്‌കൃത സമൂഹത്തിന് മോക്ഷം നല്‍കാന്‍ ഈ പ്രത്യയശാസ്ത്രങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലല്ലോ?
-ചില വൈരുദ്ധ്യങ്ങളുണ്ട്. ആദര്‍ശങ്ങള്‍ക്കൊപ്പം അസ്തിത്വവും നഷ്ടമായിക്കൊണ്ടിരിക്കുന്ന തത്വങ്ങള്‍ക്ക് വീണ്ടും കരമുയര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല. പ്രത്യശാസ്ത്രങ്ങള്‍ കാലോചിതമായി സ്വീകരിക്കപ്പെടുന്നില്ല എന്ന വസ്തുത മറച്ചുവെക്കരുത്. വല്ലപ്പോഴും കേള്‍ക്കാന്‍ മാത്രം സുഖമുള്ള കോമാളിത്തങ്ങളായി അവ അധ:പതിക്കുകയാണ്. തിരസ്‌കൃത സമൂഹത്തെ ചേര്‍ത്തുപിടിക്കാന്‍ പരിഷ്‌കൃത കമ്മ്യൂണിസം ഒരുനാള്‍ ഉയര്‍ത്തെണീക്കും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.
അയ്യപ്പന്‍ ഒരു തീവ്രവാദിയാണോ?
- തീവ്രവാദം ആവശ്യമാണ്. മത തീവ്രവാദമോ രാജ്യദ്രോഹമോ ആകരുതെന്ന് മാത്രം. നമ്മുടേതായ ചിന്തകള്‍ക്ക് കരുത്തേകാന്‍ തീവ്രവികാരങ്ങളെ കൂട്ടുപിടിക്കാം. അതില്‍ ഞാന്‍ നിനക്ക് ബാധ്യതയാകുമ്പോഴാണ് തീവ്രവാദം ആപത്താകുന്നത്.
കഴിഞ്ഞ ദിവസം രാജ്യത്ത് ശക്തമായ തീവ്രവാദി ആക്രമണമുണ്ടായല്ലോ, അതാണ് സൂചിപ്പിച്ചത്..?
- ആ തീവ്രവാദികള്‍ക്ക് പിന്നില്‍ മുഖംമൂടിയണിഞ്ഞ ചില മതേതരവാദികളുണ്ടാകും. ചിലപ്പോള്‍ തികഞ്ഞ രാജ്യസ്‌നേഹികളുണ്ടാകും. പണ്ഡിതന്മാരുണ്ടാകും. നമുക്ക് തീവ്രവാദികളെ ജീവനോടെ കാണാനുള്ള ഭാഗ്യമില്ല. പിടിക്കപ്പെടുന്നവരെല്ലാം മണിക്കൂറുകള്‍ക്ക് മുമ്പുവരെ നിര്‍വികാരമായി ജീവിതത്തെ ഉറ്റുനോക്കിയവരായിരിക്കും എന്നെനിക്കു തോന്നുന്നു.
താങ്കളുടെ കാഴ്ചപ്പാടില്‍ കേരളം നേരിടുന്ന പ്രധാന പ്രശ്‌നം എന്താണ്?
- ഇതൊക്കെ പറയാന്‍ ഈ സെക്രട്ടറിയേറ്റിലേക്ക് കയറിയാല്‍ പോരെ.
ചിലപ്പോഴെങ്കിലും അത്തരത്തില്‍ ചിന്തിട്ടില്ലേ?
- ഇല്ല, ഞാന്‍ ചിന്തിക്കാത്തതല്ല. നമ്മള്‍ക്കീ മണ്ണിനെ ശരിയായി ഉപയോഗിക്കാനാവുന്നില്ല. ഞാനുള്‍പെടയുള്ളവര്‍ അതിനു തയാറാകുന്നില്ല. നേരം പുലര്‍ന്നും ഇരുട്ടിയും നാളുകള്‍ നീങ്ങുന്നു. ശൂന്യതയാണ് ഇപ്പോള്‍ എല്ലാ കണ്ണുകളിലും.
കാവ്യഭൂമികയില്‍ താങ്കള്‍ ഒരു പരാജയമായിരുന്നോ? ഒന്നാംനിരയിലെ ഇരിപ്പിടം ആഗ്രഹിച്ചിരുന്നില്ലേ?
-ഞാന്‍ കവിതയെഴുതിയത് എന്റെ രക്തം കൊണ്ടാണ്. യാത്രകള്‍ തന്ന മുറിവുകള്‍ കൊണ്ടാണ്. ഞാന്‍ എന്റെ ചോരകൊണ്ട് വാക്കുകള്‍ നനക്കുന്നു. രക്തം ഇറ്റുവീണ വരികള്‍ക്കിടയില്‍ നിങ്ങള്‍ക്ക് എന്നെ കാണാം. എന്റെ ചോരയില്‍ ചരിത്രത്തിന്റെ ചാരം അലിഞ്ഞിട്ടുണ്ട്. അതില്‍ ഇന്നിന്റെ ധര്‍മ്മ സങ്കടങ്ങളുണ്ട്. നാളയുടെ ഉത്കണ്ഠകളുണ്ട്. കവിയുടെ ചങ്കില്‍ കിനിയുന്ന ചോരയുടെ ഗന്ധമുണ്ടാകണം കവിതക്ക്. അപ്പോഴേ ഒരു വേനല്‍മഴ പോലെ നമ്മുടെ നെഞ്ചുപൊള്ളിക്കാന്‍ കവിതക്ക് കഴിയൂ. വിജയപരാജയങ്ങളുടെ കണക്കെടുത്താല്‍ വമ്പന്‍മാരെന്ന് നടിക്കുന്നവര്‍ മൂക്കുകുത്തിവീഴും. അയ്യപ്പന് ആരുടെയും അംഗീകാരം വേണ്ട.
കവിതയില്‍ സര്‍റിയലിസത്തെ കൂട്ടുപിടിക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്നുണ്ടല്ലോ?
-പറയാനുള്ളത് പറഞ്ഞ് കഴിയുമ്പോഴും ചിന്തക്ക് ചിലത് ബാക്കിവക്കേണ്ടതുണ്ട്. ഒരു സൂക്ഷ്മത അനിവാര്യമായി വരും. അപ്പോഴേ സൗന്ദര്യമുണ്ടാകൂ. സൗന്ദര്യാത്മകമായി അടുക്കിവച്ചില്ലെങ്കില്‍ അത് കവിതയാകില്ല. ആശയങ്ങള്‍ അവതരിപ്പിക്കുന്ന ക്യാന്‍വാസിന് പുറത്തേക്ക് അനന്തമായി നീളുന്ന സുഖങ്ങളോ വേദനകളോ അനുഭൂതികളോ ഉണ്ടാകണം. കവിതകളെ അതിന്റെ വഴിക്ക് വിടുക, ചിന്തകളെ അങ്ങനെയും.
'ശാന്തമാകട്ടെ മനസൊരല്‍പ്പം, സാന്ത്വനത്തിന്‍ രുചിയറിയട്ടെ'.....- ഈ അശാന്തിക്കാധാരം?  
-എല്ലാ സന്ദേശങ്ങളുടെയും തത്വശാസ്ത്രങ്ങളുടെയും ദര്‍ശനങ്ങളുടെയും ആത്യന്തിക ലക്ഷ്യമല്ലേ ശാന്തി. എന്റെ മനസിന്റെ അശാന്തമായ ഇന്നലെകളില്‍ ശാന്തിതേടിയിരുന്നു. ഇന്നും ഞാന്‍ ശാന്തിക്കായി അലയുന്നു. അശാന്തിയില്‍ നിന്നും ഞാന്‍ നടക്കുന്നത് ഉന്മാദത്തിലേക്കാണെന്നത് ശരിയാണ്. ഉന്മാദത്തിന്റെ ഈ യാത്ര ഞാന്‍ സ്വയം തിരഞ്ഞെടുത്തതല്ല. കാലം എനിക്ക് സമ്മാനിച്ച അഭയമാണത്. എന്റെ മറവിയില്ലായ്മക്ക് ഔഷധിയാണ് ഉന്മാദവും അര്‍ത്ഥബോധവും. ഓരോ കണ്ണുകളിലും ഇരയുടെ വിലാപങ്ങളും വേട്ടക്കാരന്റെ ആക്രോശങ്ങളും ഞാന്‍ വായിച്ചെടുക്കുന്നു. അതുകൊണ്ട് കാറ്റിന്റെ ഈ ഉന്മാദ രഥ്യകളിലൂടെ ഞാന്‍ ഒറ്റക്ക് നടക്കുന്നു. ഞാന്‍ എന്റെ കാലത്തിന്റെ ബലിയാടും പ്രവാചകനുമാണ്. ഞാനെന്റെ ജീവിതത്തെ ഒറ്റക്ക് ഒരാഘോഷമാക്കുകയാണ്. ആഹ്ലാദങ്ങള്‍ ഒടുങ്ങിപ്പോയത് കൊണ്ട് ജീവന്റ വ്യഥകളും വ്യാകുലതകളും ഞാന്‍ ആഘോഷങ്ങളാക്കുന്നു. എന്റെ ആഘോഷങ്ങളില്‍ ഞാന്‍ തന്നെ ബലിമൃഗമാകുന്നു.
'പക്ഷികള്‍ക്ക് നിഘണ്ടുക്കളില്ല പക്ഷെ പക്ഷികളുടെ ഭാഷ രേഖിയാണ്, തത്ത കള്ളം കണ്ടുപിടിക്കുന്നതും, സത്യം പറയുന്നതും പഠിച്ചറിയേണ്ടതാണ്'..... പ്രകൃതിയിലേക്കുള്ള ഈ വേറിട്ട നോട്ടം?
-ജീവജാലങ്ങളുടെ ആശങ്കകള്‍ക്ക് മുന്നില്‍ മനുഷ്യന്‍ എത്ര ഭാഗ്യവാനാണ്. ബുദ്ധന്റെ ആട്ടിന്‍ കുട്ടിയെക്കുറിച്ച് പറഞ്ഞതും അതുകൊണ്ടാണ്. പ്രകൃതിയില്‍ ഇരകള്‍ക്ക് വേണ്ടി ഒരു സാമ്രാജ്യമുണ്ട്. ഇരകളുടെ നോവുകളാണ് നമ്മുടെ സുഖം. മനുഷ്യനിലും പക്ഷിമൃഗാതികളിലും ഇരകള്‍ എക്കാലവും ഇരകളായിത്തന്നെ. ഇരയുടെ ധര്‍മ്മസങ്കടങ്ങളോ നീതിക്കായുള്ള അവന്റെ ദാഹമോ അതിന്റെ തീവ്രമായ അര്‍ത്ഥതില്‍ ഒരു കോടതിയും പരിഗണിക്കുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അത്യന്തികമായി വേട്ടക്കാരന്റെ താല്‍പര്യങ്ങള്‍ തന്നെയാണ് കോടതികളിലൂടെ സംരക്ഷിക്കപ്പെടുന്നതും ഉറപ്പിക്കപ്പെടുന്നതും. ഉച്ചനേരത്ത് കോടതിയില്‍ വിസ്താരം കേള്‍ക്കുന്ന ന്യായാധിപന്റെ മനസ് ഉച്ചഭക്ഷണത്തിനോടൊപ്പമുള്ള ഒരു പെരിച്ച കോഴിയിലായിരിക്കുമെന്ന് ആരോ പറഞ്ഞതോര്‍ക്കുന്നു.
ഇനിയും നിലയ്ക്കാത്ത ഈ യാത്രയുടെ ബാക്കിപത്രം?
ചര രാശിയിലാണല്ലോ കവിജന്മം. മഴയും വെയിലും കല്ലും മുള്ളും എന്റെ യാത്രകളെ വിശുദ്ധമാക്കുന്നു. എന്റെ ഉന്‍മാദത്തിന്റെ തീവ്രവേഗങ്ങള്‍ യാത്രകളുടെ ശാന്തി ശമിപ്പിക്കുന്നു. വ്യവസ്ഥാപിതങ്ങള്‍ മിക്കപ്പോഴും യാഥാര്‍ത്ഥ്യങ്ങളെ അടയാളപ്പെടുത്തുന്നില്ല. പിറന്നത് ഒരു സ്വര്‍ണക്കച്ചവടക്കാരന്റെ മകനായാണ്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛനെ കൂട്ടുകാരന്‍ വിഷം കൊടുത്തുകൊന്നു. കച്ചവടത്തിലെ പിണക്കമാണ് കാരണമെന്ന് ചിലര്‍ പറഞ്ഞു. അമ്മയുടെ സൗന്ദര്യം മൂലമെന്ന് മറ്റുചിലര്‍. എന്തായാലും അതുവരെ നല്ല നിലയില്‍ കഴിഞ്ഞ ഞങ്ങള്‍ ദുരിതത്തിലായി. യാത്രകളാണ് ഇന്ന് അമ്മയും അച്ഛനും ഗുരുവും. അടയുന്നവന്റെ രുദ്രകണ്ഠത്തില്‍ പിടയുന്ന പക്ഷിയുടെ ഒച്ച മാത്രമേ കേള്‍ക്കൂ.

Tuesday, June 5, 2012


കാലം


കരിവിളക്കില്‍ തിരിതെളിച്ച്
അമ്മ വിളമ്പിയ
അര്‍ത്ഥങ്ങള്‍
ഒരു വിളിയെപ്പോഴും
ബാക്കിവെച്ച് അമ്മ
ഉറങ്ങാതിന്നപ്പോള്‍
എന്റെ തലച്ചോറ്
തുരുമ്പു പിടിച്ചു.

ചിരിയൊടുങ്ങി
മിഴിയുണങ്ങാതെ
ഓര്‍മ്മിക്കാനോതിയ ആ
കത്തുന്ന വാക്കുകളാണെന്റെ
എന്റെ കവിതകള്‍.

ഇനി കാവുകള്‍ തളിര്‍ക്കില്ലെന്നും
പൂവുകള്‍ വിടരില്ലെന്നും
കവിത വരില്ലെന്നും
കരുതിയ കടുത്ത വേനല്‍.

കടമെടുത്ത മണ്ണും
കളിപറഞ്ഞ പെണ്ണും
പടിയിറങ്ങി.
പുതിയതൊക്കെ
പുതുമകളെന്നോതി
കാലത്തെ കവച്ചുവെച്ച
കണ്ണുകളില്‍ പെണ്ണിന്റെ ശാപം
കൂടുവെച്ചു.
പിന്നെ വര്‍ണ്ണങ്ങളെക്കുറിച്ചും
കല്ലുകളെക്കുറിച്ചും
പെണ്ണവള്‍ പറഞ്ഞപ്പോള്‍
എന്നിലെ കവി കാവിയുടുത്തിരുന്നു.


മിഴി തുറക്കുമ്പോള്‍


കാലം ഇപ്പോള്‍ മിഴി തുറക്കുന്നത്
സംവാദങ്ങളിലേക്കാണ്
സിദ്ധാന്തങ്ങള്‍
സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന
ഏകാധിപത്യത്തിന്റെ
ഗോപുരങ്ങളിലേക്ക്....

കാലം മിഴിതുറക്കുന്നത്
നഷ്ടപ്പെടലുകളിലേക്കാണ്
വെട്ടിപ്പിടിക്കുമ്പോള്‍
അന്യമാകുന്ന
ശൂന്യതയിലേക്ക്....

കാലം മിഴിതുറക്കുന്നത്
നൈരാശ്യത്തിലേക്കാണ്
വഴി മാറ്റങ്ങളില്‍ വരണ്ട
നിഗൂഢതകളിലേക്ക്.....

കാലം മിഴിതുറക്കുന്നത്
ഏകാന്തതയിലേക്കാണ്
കരാര്‍ ചെയ്യപ്പെടുന്ന
തരിശുഭൂമിയിലേക്ക്.....




വഴികള്‍

ഇവിടെ
ഒരു വഴിയുണ്ട്
രാവുകളില്‍
ഉറങ്ങാതെയും
വെയില്‍ പഴുത്ത
പകലുകളില്‍
തളരാതെയും
ഉടയാടകള്‍
ഉരിഞ്ഞെറിഞ്ഞ
അഭിസാരികയായിരുന്നു
ചിലര്‍ക്ക് ഈ വഴി
പാതിവ്രത്യം
മുഖംമൂടിയാക്കി
വഴിയില്‍ ചിലര്‍
പഴങ്കഥകള്‍
വലിച്ചെറിഞ്ഞു.
വഴികള്‍
വില ചോദിക്കാറില്ല
നടവഴികളും ഇടവഴികളും
പെരുവഴികളാകാറില്ല
എങ്കിലും
വഴിയെ പഴിക്കാതെ
മഴയെ ഭയക്കാറില്ല
വീടില്ല
വീട്ടിലേക്കുള്ള വഴിക്ക്
പെരുമയുമില്ല
നാടില്ല
നാട്ടിലെ വഴികളില്‍
പരിഭവമില്ല
വഴികളുടെ
മേല്‍വിലാസം
അടയാളങ്ങളാണ്
ചിത്രങ്ങള്‍
അവയുടെ നാമവും
തലമുറകള്‍
കോറിയിട്ട
മുറിവുകളിലാണ്
വഴികള്‍
മുഖംമിനുക്കിയത്
യാത്രക്കൊടുവില്‍
മറന്നുപോകുന്ന വഴികള്‍
നേരിന്റെ കണികകള്‍
വഴിയില്‍ വീണുമുളച്ചു
ചരിത്രത്തിലേക്ക്
നടക്കുമ്പോള്‍
അപ്പുറത്ത് ഒരു നദി
ഒഴുകാന്‍ വഴിയില്ലാതെ
വിതുമ്പുകയായിരുന്നു



കവിതയുടെ വീട്

നേര്‍ത്തു നേര്‍ത്ത്
അകന്നു പോകുന്ന
നിമിഷങ്ങളുടെ കണ്ണില്‍
നിന്റെ അക്ഷരങ്ങള്‍ക്ക്
എത്ര നിറമായിരുന്നു.

ഒരു പെണ്ണിന്റെ
കണ്ണില്‍ നോക്കുമ്പോള്‍
അകലെ
കല്‍പ്പടവുകളിറങ്ങി വരുന്ന
കവിതയുടെ
വളകിലുക്കം കേള്‍ക്കാം.
കവികള്‍
ഹൃദയത്തില്‍ സൂക്ഷിക്കുന്നത്
ഇരുണ്ട ഗര്‍ത്തങ്ങളോ
തണുത്ത വികാരങ്ങളോ...!

ഒരു പുഞ്ചിരിയില്‍ മാത്രം
ഋതുഭേദങ്ങള്‍
മിന്നി മറയുന്നു.

കാഴ്ചയുടെ കൈവെള്ളയില്‍
കാലം കമിഴ്ന്നു മുത്തവേ
ചേതനാ വ്യാപാരങ്ങളില്‍
നിന്റെ വീടിന്
ഇടനാഴികളില്ല.

ഒടുവില്‍ പടിയില്‍
എരിയുന്ന മെഴുകു തിരിയില്‍
കവിതയുടെ താക്കോല്‍ക്കൂട്ടങ്ങള്‍
ചിലമ്പി ചിതറിവീണു.