Tuesday, December 8, 2015

വാര്‍ദ്ധക്യത്തിന്റെ സാമൂഹ്യ ഇടം

മലയാളിയുടെ കുടുംബ സങ്കല്‍പ്പത്തിന്റെയും സംസ്‌കൃതിയുടെയും പ്രയാണത്തിലെ വഴിമാറ്റങ്ങളില്‍ അവഗണിക്കപ്പെട്ട ഒരു വിഭാഗമായി മാറിയിരിക്കുന്നു വൃദ്ധജനങ്ങള്‍. കേരളത്തില്‍ വാര്‍ദ്ധക്യം തെരുവിലിറങ്ങുകയാണ്- അന്നവും അഭയവും തേടി. തെരുവുകളിലെവിടെയും അലഞ്ഞുതിരിയുന്ന വൃദ്ധര്‍ പതിവു കാഴ്ചയായിരിക്കുന്നു. അത്യന്തം ദാരുണമായ ഈ സ്ഥിതിയെ സാംസ്‌കാരിക പരിസരങ്ങളിലൂടെ വായിക്കപ്പെടേണ്ടതുണ്ട്. ഒരു ഹൈടെക് സമൂഹത്തിന്റെ പ്രതീകമായി മലയാളി മാറിക്കഴിഞ്ഞതിന്റെ ദൃഷ്ടാന്തമായി ഈ സ്ഥിതിവിശേഷത്തെ വിലയിരുത്തേണ്ടതുണ്ട്.
സമൂഹത്തിന് ബാധ്യതയാകുന്ന ഒരു പ്രായം എല്ലാവരിലും വന്നുചേരുമെന്ന ഭീതിതമായ യാഥാര്‍ത്ഥ്യം നിരന്തരം ഓര്‍മ്മിപ്പിക്കുന്നതുമാണ് വൃദ്ധരുടെ ദുരിതങ്ങള്‍. സാമൂഹ മനസാക്ഷിയില്‍ നിന്ന് കരുണ മോഹിക്കുന്ന വലിയൊരു വിഭാഗം വയോജനങ്ങളുണ്ട്. അവരുടെ മാനസിക സംഘര്‍ഷങ്ങളെ ആഴത്തില്‍ പഠിക്കാനും പരിഹാരം കാണാനും സാധിക്കുന്നില്ല. വൃദ്ധജനങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയേ അല്ലാതായിരിക്കുന്നു. പുതിയ കാലത്ത് ഒറ്റപ്പെട്ട സംഭവങ്ങളാണ് വാര്‍ത്തകള്‍. വൃദ്ധരെ പെരുവഴിയില്‍ ഉപേക്ഷിക്കുന്നതും നട തള്ളുന്നതും മലയാളിയുടെ ദിനചര്യമായി മാറിയിക്കുന്നു.
തെരുവില്‍ അലയുന്ന, ഭിക്ഷയാചിക്കുന്ന, വൃദ്ധ സദനങ്ങളില്‍ അനാഥത്വത്തിന്റെ ഭാരംപേറി ജീവിക്കുന്ന വാര്‍ധക്യം, നമ്മുടെ സാമൂഹ്യക്രമത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ആശങ്കാജനകം തന്നെ. ഇവരെ സംരക്ഷിക്കേണ്ടത് ആരാണെന്ന ചോദ്യം നിരന്തരം ഉയര്‍ന്നുവരുന്നു. ഉപേക്ഷിക്കപ്പെടുന്ന വാര്‍ധക്യത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരുകളുടെ മാത്രം കടമയാണോ...?
വാര്‍ദ്ധക്യത്തിന്റെ സാമൂഹ്യ ഇടം പരിശോധിക്കുമ്പോള്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനുഷ്യാവസ്ഥകളാണ് വെളിപ്പെടുന്നത്. ജീവിതാവസാനം ആര്‍ക്കും വേണ്ടാത്തവരായി അവഗണിക്കപ്പെടുന്നവരുടെ മാനസികാവസ്ഥയാണ് ഇതില്‍ പ്രധാനം. മരണം പോലെ തന്നെ വാര്‍ദ്ധക്യവും ഒരു യാഥാര്‍ത്ഥ്യമാണ്. അവര്‍ക്ക് ശാരീരിക ശേഷി നഷ്ടമാകുമ്പോള്‍ മാനസിക ബലം പകര്‍ന്നുനല്‍കേണ്ടത് പിന്‍മുറക്കാരുടെ കടമയാണ്. അതൊരു വ്യവസ്ഥയുടെ ഭാഗമാണ്, ധാര്‍മികതയുടെ വിഷയമാണ്. പക്ഷേ, വാര്‍ദ്ധക്യത്തിന്റെ വിഹ്വലതകള്‍ കാണാന്‍, പരിഹരിക്കാന്‍ സമൂഹം മടിച്ചുനില്‍ക്കുന്നു. വൃദ്ധര്‍ക്ക് ആരാണ് തണലിടം ഒരുക്കേണ്ടത്. വൃദ്ധജനങ്ങള്‍ സമൂഹത്തിന് ബാധ്യതയാകുന്നോ..?

നരയ്ക്കുന്ന തടവറകള്‍

'പ്രാവും പ്രളയവുമില്ലാത്ത കാലത്തെ/ വീണപൂക്കളുടെ വസന്തമോ വാര്‍ദ്ധക്യം' എന്നെഴുതി വാര്‍ദ്ധക്യത്തിന്റെ തീക്ഷ്ണതയെ വൈകാരികമായി അടയാളപ്പെടുത്തിയിട്ടുണ്ട് കവി എ. അയ്യപ്പന്‍. വാര്‍ദ്ധക്യത്തിന്റെ തെരുവ് ജീവിതത്തെ പരാമര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും അയ്യപ്പന്‍ ഒരു പ്രതീകമാണ്. തെരുവിന്റെ വെയില്‍തിന്ന് കവിത രചിച്ച അയ്യപ്പന്‍ ഒരു അനാഥ വാര്‍ദ്ധക്യത്തിന്റെ തടവറയില്‍, അല്ല, വിശാലതയിലാണ് ജീവിച്ചു നരച്ചു മരിച്ചത്.
അടച്ചിട്ട വീടും അലഞ്ഞുതിരിയുന്ന തെരുവും വാര്‍ദ്ധക്യത്തിന് ശാപം തന്നെയാണ്. രണ്ടു മാസമായി പരിചരണം ലഭിക്കാതെ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വൃദ്ധയെ കണ്ടെത്തിയത് അടുത്തിടെ എരുമേലിയിലായിരുന്നു. ഭര്‍ത്താവ് മരിച്ചതോടെ അനാഥയായ ഇവര്‍ സഹോദരന്റെ വീട്ടിലായിരുന്നു താമസം. പ്രമേഹരോഗം രൂക്ഷമായതിനെ തുടര്‍ന്ന് തീര്‍ത്തും അവശയായി കിടപ്പിലായതോടെയാണ് ഇവരെ ബന്ധുക്കള്‍ കൈയ്യൊഴിഞ്ഞത്.
ഇടുക്കി ജില്ലയില്‍ നടന്ന മറ്റൊരു സംഭവം കരളലിയിക്കുന്നതാണ്. ഒറ്റപ്പെട്ട ഒരു വീട്ടില്‍ നിന്നു കരച്ചില്‍ കേള്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍ക്കാരി പൊലീസിനെ അറിയിച്ച് വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭക്ഷണം നല്‍കാതെ കെട്ടിയിട്ട നിലയില്‍ പ്രായമുള്ള ഒരു അമ്മയെ കണ്ടെത്തി. മകന്റെ പീഡനത്തില്‍ നിന്നും പൊലീസ് അവരെ രക്ഷപ്പെടുത്തി ഒരു വൃദ്ധസദനത്തിലാക്കി. ബസ്റ്റാന്റുകളിലും റെയില്‍വെ സ്റ്റേഷനുകളിലും മക്കള്‍ തന്നെ ഉപേക്ഷിച്ചുപോയ വൃദ്ധജനങ്ങള്‍ സംസ്ഥാനത്തെ പല ഓള്‍ഡേജ് ഹോമുകളിലായി കഴിയുന്നുണ്ട്. മാവേലിക്കരയില്‍  ഒരമ്മയുടെ മൃതദേഹം  45 ദിവസം പഴകി ഉണങ്ങിയ നിലയില്‍ കണ്ടെത്തിയതും സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഇത്തരത്തില്‍ കേരളത്തിലെ ഓരോ ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ നിന്നും വാര്‍ദ്ധക്യത്തിന്റെ തേങ്ങല്‍ കേള്‍ക്കാം. ഒരര്‍ത്ഥത്തില്‍ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നം ഇതുതന്നെയാണ്.

ഒരുലക്ഷത്തിലേറെ വൃദ്ധര്‍ സര്‍ക്കാരിന്റെ തണലില്‍ 

സമയത്തിന് ആഹാരം, ഔഷധങ്ങള്‍, സ്‌നേഹം, കരുണ, സഹാനുഭൂതി വൃദ്ധര്‍ക്ക് വേണ്ടതിത്രമാത്രം. ഇതിനുപകരം വൃദ്ധരെ വീടുകളില്‍ പൂട്ടിയിടുന്നു. പട്ടിക്കൂട്ടില്‍ അടയ്ക്കുന്നു. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും സമീപത്ത് ഭിക്ഷാടകരാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന് സാമൂഹിക നീതി എന്നൊരു വകുപ്പുള്ളതുകൊണ്ടുമാത്രം ജീവന്‍ നിലനിര്‍ത്തുന്ന എത്രയെത്ര വൃദ്ധജനങ്ങളാണുള്ളത്. അവര്‍ ഒരര്‍ത്ഥത്തില്‍ പൊതുസമൂഹത്തിന്റെ പണം കൊണ്ടുതന്നെ ജീവിക്കുന്നുവെന്ന് ആശ്വസിക്കാം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹിക സുരക്ഷാ മിഷന്‍ നേതൃത്വം നല്‍കുന്ന വയോമിത്രം പദ്ധതിയില്‍ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. 2010-11 വര്‍ഷം 447 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2011-12 ല്‍ ഇവരുടെ എണ്ണം 32,449 ആയി. 2012-13 വര്‍ഷത്തില്‍ ഇരട്ടിയോളം വര്‍ധിച്ച് 64,075 പേരായി. ഇപ്പോള്‍ പദ്ധതിയില്‍ അംഗങ്ങളായവരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ്.
32 വയോമിത്രം കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ജില്ലാ ആസ്ഥാനങ്ങളിലും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യ മരുന്നുകള്‍, വീല്‍ച്ചെയറുകള്‍, പെന്‍ഷന്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇവര്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ ഇവര്‍ക്കായി വര്‍ഷം ചെലവഴിച്ചുകൊണ്ടിരിക്കുന്നത് നാല് കോടിയോളം രൂപയും.

മാറുന്ന ജീവിതശൈലി

കേരളത്തിന്റെ ലൈഫ്‌സ്റ്റൈല്‍ മാറിയിരിക്കുന്നു. പുതുതലമുറയുടെ ജീവിത ശൈലിയില്‍ വൃദ്ധ സമൂഹം ഒരധികപ്പറ്റായി കടന്നുവരുന്നതാണ് അവഗണനയുടെ യഥാര്‍ത്ഥ കാരണമായി വിലയിരുത്തപ്പെടുന്നത്. മറ്റൊന്ന് മാനുഷിക മൂല്യങ്ങളിലുണ്ടായിട്ടുള്ള തകര്‍ച്ച. അതിവേഗ ജീവിതക്രമത്തില്‍ യുവത്വത്തിന്റെ കാഴ്ചപ്പാടുകള്‍ തന്നെ മാറിയിരിക്കുന്നു. അച്ഛന്‍, അമ്മ, മുത്തച്ഛന്‍, മുത്തശ്ശി- 60ഓ 65ഓ വയസിനപ്പുറമുള്ളവര്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. അവര്‍ക്കുകൂടി ഉള്‍ക്കൊള്ളാനാവുന്ന ഒരു അന്തരീക്ഷം രൂപപ്പെടുത്താന്‍ പുതുതലമുറക്ക് കഴിയുന്നില്ല.
പഴയ മാമൂലുകള്‍ക്ക് കിടക്കാന്‍ ഒരു മൂലയെങ്കിലും ബാക്കിവെക്കാതെ അവര്‍ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. കേരളം ആധുനിക സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്നതിനിടെ എവിടെയാണ് മൂല്യങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍ നേരമുള്ളതെന്ന് ചിന്തിക്കുകയാണ്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായല്ല കേരളത്തെ താരതമ്യം ചെയ്യേണ്ടേത്്. കാരണം ജീവിത നിലവാര സൂചികകളും മറ്റുള്ള വിവിധ ഭൗതിക സൗകര്യങ്ങളുമൊക്കെ കണക്കിലെടുക്കുമ്പോള്‍ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്ന തലത്തിലേക്ക്് കേരളം വളര്‍ന്നുകഴിഞ്ഞു. ഇവിടെ, രണ്ട് കാര്യങ്ങളാണ് എടുത്തുപറയേണ്ടത്. ഒന്ന്, വൃദ്ധജനങ്ങള്‍ അവഗണിക്കപ്പെടുകയും അവരില്‍ അപകടകരമായ വിധത്തില്‍ അനാഥത്വം അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു എന്നത്. രണ്ടാമത്തെ വിഷയം വൃദ്ധജനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്ന യാഥാര്‍ത്ഥ്യം.
അടുത്ത 10 വര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ യുവജനങ്ങളെക്കാള്‍ വൃദ്ധരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുവജനങ്ങളുടെ എണ്ണം 2025 ഓടെ കുറയുമെന്നതിനാല്‍ അതിനെ ബാലന്‍സ് ചെയ്യാനായില്ലെങ്കില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സാമൂഹ്യ നിരീക്ഷകരുടെ അഭിപ്രായം. 1991ല്‍ കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ ഒമ്പതുശതമാനമായിരുന്നു വൃദ്ധരെങ്കില്‍ 2012ല്‍ ഇത് 12 ശതമാനത്തോളമായി. ഇപ്പോള്‍ ഏകദേശം ഇതിന്റെ ഇരട്ടിയോളമാണ് നിരക്ക്. 2050 ഓടെ കേരളത്തിലെ ജനസംഖ്യയുടെ 35 ശതമാനവും വൃദ്ധര്‍ ആയിത്തീരുമെന്നാണ് സാമൂഹിക സാമ്പത്തിക സര്‍വേ പ്രകാരമുള്ള കണക്ക്. ഇവരില്‍തന്നെ സ്ത്രീകളുടെയും വിധവകളുടെയും എണ്ണം വര്‍ധിക്കുകയും ചെയ്യും. 1991ല്‍ വിധവകളുടെ എണ്ണം അഞ്ച് ശതമാനമായിരുന്നത് ഇപ്പോള്‍ 20 ശതമാനത്തിലേറെയായി. വൃദ്ധരുടെ എണ്ണം വര്‍ധിക്കുമ്പോഴും അവരുടെ പരിചരണത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടില്ല.


ബാലവേല കുറ്റകരം... വൃദ്ധവേലയോ...?

ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബാലവേല നിരോധിച്ചിട്ടുണ്ട്. എന്നാല്‍ വൃദ്ധര്‍ ഉപജീവനത്തിന് വേണ്ടി ഭാരം ചുമക്കുന്ന കാഴ്ച സര്‍വസാധാരണമായിരിക്കുന്നു. വാര്‍ദ്ധക്യം എല്ലാ അര്‍ത്ഥത്തിലും ബാല്യത്തിലേക്കുള്ള തിരിച്ചുനടത്തമാണെന്നാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. ബാലവേല പോലെതന്നെ വൃദ്ധവേലയും നിരോധിക്കപ്പെടേണ്ടതല്ലേ..? അധ്വാനിച്ച് ജീവിക്കുന്നതില്‍ തെറ്റില്ലെന്ന പൊതുധാരണ നിലനില്‍ക്കുമ്പോള്‍ തന്നെ അധ്വാനിക്കാന്‍ വൃദ്ധരെ നിര്‍ബന്ധിതരാക്കുന്ന സാഹചര്യം കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഒരു സ്ഥലത്ത് ഇരുന്ന് ചെയ്യാവുന്ന കച്ചവടം പോലുള്ള തൊഴിലുകളെയല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, ലോഡിംഗ് അണ്‍ലോഡിംഗ് പോലുള്ള കഠിനമായ ശാരീരികാധ്വാനം വേണ്ടതായ തൊഴിലുകള്‍ വാര്‍ദ്ധക്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ സാമൂഹ്യനീതിയാണ് നിഷേധിക്കപ്പെടുന്നത്. എഴുപത് വയസിനപ്പുറമെങ്കിലും വൃദ്ധവേല നിരോധിക്കേണ്ടിയിരിക്കുന്നു. ഇതിനായി നിയമ നിര്‍മാണം തന്നെ വേണം. വാര്‍ദ്ധക്യത്തിന് സംരക്ഷണം നല്‍കാന്‍ മക്കളോ ഉത്തരവാദിത്ത കുടുംബാംഗങ്ങളോ തയാറാകണമെന്ന നിബന്ധന നിയമംമൂലം ഉറപ്പാക്കണം. തീര്‍ത്തും അഗതിയെന്ന ഗണത്തില്‍പ്പെടുന്നവരെ മാത്രം സര്‍ക്കാര്‍ സംരക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് കുടുംബത്തിനുള്ളില്‍ ശാശ്വതതും സുരക്ഷിതവുമായ ഇടം ഉറപ്പാക്കുകയും വേണം.
2011ലെ സ്ഥിതിയനുസരിച്ച് 60 മുതല്‍ 69 വയസുവരെ പ്രായത്തിലുള്ള പുരുഷന്മാരില്‍ 39 ശതമാനവും സ്ത്രീകളില്‍ 11 ശതമാനവും ജീവിക്കാന്‍ ഗതിയില്ലാതെ കഠിനമായി അധ്വാനിക്കേണ്ടിവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 80ലധികം വയസുള്ളവരില്‍പോലും ഈ അവസ്ഥ വിരളമല്ല. 80 വയസിലധികമുള്ളവരായി പുരുഷന്മാര്‍ 13 ശതമാനവും സ്ത്രീകള്‍ മൂന്നു ശതമാനവും തൊഴിലിടങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു.
വൃദ്ധജനങ്ങളില്‍ 80 ശതമാനവും ദാരിദ്ര്യത്തിലാണ് എന്ന് യു.എന്‍ ഏജന്‍സി തന്നെ വ്യക്തമാക്കുന്നുണ്ട്. അവര്‍ നിരക്ഷരത, ആരോഗ്യ പരിപാലനത്തിന്റെ കുറവ്, വരുമാനത്തിലെ അനിശ്ചിതത്വം എന്നിവയും അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടന 2010ല്‍ ആഗോള രോഗപീഡ സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ പുരുഷന്മാരുടെ ആയുസ് 15ഉം സ്ത്രീകളുടേത് 18ഉം വര്‍ഷം കണ്ട് വര്‍ധിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം ആരോഗ്യാവസ്ഥയില്‍ വലിയ പുരോഗതി ഇല്ലതാനും. കൂടുന്ന ആയുസുമായി രോഗാതുരമായ ശരീരത്തോടെയാണ് അവര്‍ ജീവിക്കുന്നത്. പുരുഷന്മാര്‍ ശരാശരി 54.6 വയസുവരെ മാത്രമേ പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കുന്നുള്ളൂ. സ്ത്രീകള്‍ 57.1 വയസുവരെയും. അവസാനത്തെ പത്തു വര്‍ഷത്തോളം രോഗപീഡകളേറ്റാണ് വൃദ്ധജനങ്ങള്‍ കഴിയുന്നത്. വാര്‍ദ്ധക്യം ആവശ്യപ്പെടുന്ന ആരോഗ്യ ശുശ്രൂഷാ സൗകര്യങ്ങളോ സാമൂഹിക സുരക്ഷയോ നല്‍കാനാവുന്നില്ല. മക്കള്‍, ബന്ധുക്കള്‍ തുടങ്ങി ഉത്തരവാദിത്തപ്പെട്ടവര്‍ കൈയ്യൊഴിയുമ്പോഴാണ് വാര്‍ദ്ധക്യങ്ങള്‍ അവരുടെ ദാരിദ്ര്യമകറ്റാന്‍ അധ്വാനിക്കുന്നത്. അതും കടുത്ത രോഗാവസ്ഥകളെ വിസ്മരിച്ചുകൊണ്ട്.

വൃദ്ധഭാരം ചുമക്കാന്‍ ഇനി 35 വര്‍ഷം

മുപ്പത്തിയഞ്ച് വര്‍ഷം കൂടി കഴിയുമ്പോള്‍ ഇന്ത്യ വൃദ്ധന്മാരെ ചുമക്കേണ്ടി വരുമെന്നാണ് നിരീക്ഷണം. കേരളവും അത് സ്വീകരിക്കണ്ടി വരുന്നത് സ്വാഭാവികം. സമീപ ഭാവിയില്‍ കേരളം പദ്ധതി വിഹിതത്തിന്റെ നല്ലൊരുഭാഗം വൃദ്ധജന ക്ഷേമത്തിനായി നീക്കിവെക്കേണ്ടിയും വരും.
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഒക്‌ടോബറില്‍ പുറത്തുവന്ന ചില പഠനറിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ ജനസമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.  ഇന്ന് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമെന്ന കീര്‍ത്തി ഇന്ത്യക്കാണ്. വൃദ്ധജനപ്പെരുപ്പമാണ് ചൈനക്ക് ചില മുന്നേറ്റങ്ങളില്‍ വിലങ്ങുതടിയാകുന്നത്. എന്നാല്‍ യു.എന്‍ പോപുലേഷന്‍ ഫണ്ട് ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് 2050 ഓടെ ഇന്ത്യ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ ചൈനയെ കടത്തിവെട്ടും. ഇന്ന് ഒമ്പതു കോടിയാണ് ഇന്ത്യയിലെ വൃദ്ധജന സംഖ്യ. 2050ല്‍ ഇത് 31.5 കോടിയായി ഉയരും. ഇന്നത്തെ യുവജനം അന്ന് വയോജനമായി മാറും. 60 വയസിനു മുകളിലുള്ളവരുടെ എണ്ണം ഇന്നത്തേതിന്റെ 360 ശതമാനമാകും. മാത്രമല്ല, മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നായിത്തീരുകയും ചെയ്യും. ഇതിനുകാരണമായി പറയുന്നത് ഈ കാലയളവില്‍ ജനസംഖ്യയിലെ വര്‍ധന ആകെ 60 ശതമാനം മാത്രമായിരിക്കുമെന്നാണ്.
ജനസംഖ്യാ വളര്‍ച്ചയില്‍ 1971 മുതലാണ് കേരളം പിന്നോട്ടുപോയത്. 1971 ല്‍ കേരളത്തിന്റെ വളര്‍ച്ച 28.29 ശതമാനമായിരുന്നു. 1981ല്‍ 19.24 ഉം 1991ല്‍ 14.32ഉം 2001ല്‍ 9.43 ഉം ആയി. 2011ല്‍ ഇത് വെറും 4.86 ശതമാനമായി. എന്നാല്‍ 1971ല്‍ ദേശീയജനസംഖ്യാ വളര്‍ച്ച കേരളത്തേക്കാള്‍ കുറവായിരുന്നു- 24.8 ശതമാനം. ഇത് 80കളില്‍ 24 ശതമായി. 1991 ല്‍ 23.86 ഉം 2001ല്‍ 21.54ഉം ആയി. 2011ല്‍ ദേശീയ ജനസംഖ്യാവളര്‍ച്ച 17.64 ശതമാനമാണ്. ദേശീയജനസംഖ്യയുടെ 2.76 ശതമാനം മാത്രമാണ് കേരളത്തിലെ ജനസംഖ്യ. 2011ലെ സെന്‍സസ് പ്രകാരം 121 കോടിയാണ് ദേശീയ ജനസംഖ്യ. കേരള ജനസംഖ്യയില്‍ 12.31 ശതമാനം മലപ്പുറത്താണ്. തിരുവന്തപുരത്ത് 9.9 ശതമാനം. പത്തനംതിട്ടയില്‍ 3.85 ശതമാനവും. നഗരങ്ങളില്‍ താമസിക്കുന്നവരില്‍ വന്ന വര്‍ദ്ധനവാണ് കേരളത്തിലെ പ്രത്യേകത. 2001 ല്‍ നഗര ജനസംഖ്യ 27 ശതമാനം മാത്രമായിരുന്നുവെങ്കില്‍ 2011 ല്‍ അത് 47.77 ശതമാനമായി. ഇപ്പോഴിത് അമ്പത് ശതമാനത്തോടടുക്കുന്നു.
നഗരങ്ങളില്‍ വൃദ്ധജനങ്ങളാണ് കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇരകളാകുന്നത്. ഗ്രാമങ്ങളില്‍ അപൂര്‍വമായെങ്കിലും അവര്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാന്‍ അവസരം ലഭിക്കുന്നു. അയല്‍വീടുകളില്ലാത്ത നഗരങ്ങളില്‍, ശബ്ദങ്ങളുടെ തിരക്കില്‍ അവര്‍ക്ക് തികച്ചും ഏകാന്തതയില്‍ ജീവിക്കുന്നു.




***************************************

Sunday, August 16, 2015

സമരത്തീയില്‍ വെന്തുരുകിയ ജീവിതം
(സ്വാതന്ത്ര്യ സമര സേനാനി കെ.ഇ മാമ്മനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്)

സമരാവേശത്തിന്റെ കനലെരിയുന്ന മനസ്സ്, വാക്കുകളില്‍ ഗാന്ധിജി മുതല്‍ അഴീക്കോടു വരെ, ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുക്കുന്നത് പതിറ്റാണ്ടുകള്‍ നീണ്ട സമരവീര്യത്തിന്റെയും മദ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെയും കഥകള്‍- ഇവിടെ വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്ക് മീതെ ദേശീയബോധത്തിന്റെ ആവേശം ഉയര്‍ന്നുകേള്‍ക്കാം. വീ
ണ്ടുമൊരു സ്വാതന്ത്ര്യദിനം എത്തുമ്പോള്‍ പ്രമുഖ ഗാന്ധീയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ. മാമ്മന് 95 വയസ് പിന്നിടുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ നിംസ് ആസ്പത്രിയില്‍ 514-ാം നമ്പര്‍ മുറിയെ ഭാരത്തിന്റെ സ്വാതന്ത്യസമര ചരിത്രത്തോട് ചേര്‍ത്തുവെക്കുകയാണ് മാമ്മന്‍. ഇവിടെ ക്വിറ്റ് ഇന്ത്യയും ദണ്ഡിയാത്രയുമാണ് ചര്‍ച്ച. ഗാന്ധിയും പട്ടേലും നെഹ്‌റുവും ജിന്നയും മാമ്മനോട് ഇണങ്ങിയും പിണങ്ങിയും ഈ മുറിയിലേക്ക് കയറിവരുന്നു. മങ്ങിത്തുടങ്ങിയ ഓര്‍മയുടെ അറകളില്‍ നിന്ന് ഈ വയോധികനായ സേനാനി ജീവിതത്തിലെ അഭിമാന മൂഹൂര്‍ത്തങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു.
മാമ്മന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ട് രണ്ടു വര്‍ഷത്തിലേറെയായി. എങ്കിലും സമകാലിക കേരളത്തിന്റെ, ഭാരത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ സ്പന്ദനങ്ങളെ ഒരു പഴയ റേഡിയോ കാതോടു ചേര്‍ത്ത് കേട്ടറിയുകയാണ് അദ്ദേഹം. ജൂലൈ 31ന് 95 വയസ് പൂര്‍ത്തിയായ അദ്ദേഹത്തിന് പിന്നാള്‍ ആശംസകള്‍ നേരാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖരും ആസ്പത്രിയിലെത്തിയിരുന്നു.
ആസ്പത്രിവാസത്തിന്റെ അവശതകളില്ലാതെ 1930 കളിലോ 40 കളിലോ ജീവിക്കുന്ന ഒരു സമരഭടനായി കെ.ഇ മാമ്മന്‍ ജനനന്മയുടെ തത്വശാസ്ത്രത്തെ നെഞ്ചോട് ചേര്‍ക്കുകയാണ്. എല്ലാവരെയും സ്‌നേഹിക്കാന്‍ കഴിയുന്ന മനസുകളോട് അദ്ദേഹം വര്‍ത്തമാനം പറയുന്നു. സ്വാതന്ത്ര്യ സമരമെന്ന തീച്ചൂളയുടെ തീക്ഷ്ണാനുഭവങ്ങള്‍ ഏറ്റുവാങ്ങിയ മഹാന്മാരില്‍ അവശേഷിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാള്‍....  




എനിക്കിവിടെ സുഖമാണ്


ഒന്നര വര്‍ഷം മുമ്പ് നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ് ഫൈസല്‍ഖാന്‍ എന്നെ കാണാന്‍ വീട്ടില്‍ വന്നു. അന്നെനിക്ക് കാര്യമായ അവശതയില്ല. പക്ഷേ, തലയില്‍ രണ്ടു പ്രാവശ്യം തലച്ചോറിലേക്കുള്ള രക്തയോട്ടം ഭാഗികമായി നിലച്ചിട്ടുണ്ട്. അങ്ങനെ അദ്ദേഹമാണ് എന്നെ ഇവിടേക്ക് കൂട്ടിയത്. അവിവാഹിതനായ എന്നെ സുശ്രൂഷിച്ചിരുന്നത് എന്റെ സഹോദര പുത്രന്‍ വര്‍ഗീസ് ഉമ്മനും ഭാര്യയുമായിരുന്നു. എന്നാല്‍ ഫൈസല്‍ഖാന്‍ എനിക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിത്തന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്നുകള്‍ നല്‍കുന്നുണ്ട്. ഈ ആസ്പത്രിയിലെ ജീവനക്കാരനായ ഹബീബ് ആണ് ഒന്നരവര്‍ഷമായി എനിക്ക് കൂട്ട്. അദ്ദേഹം ഒപ്പംനിന്ന് പരിചരിക്കുന്നുണ്ട്. ഇവിടെ എനിക്ക് സുഖമാണ്. ഇനി മരിക്കാതെ ഞാന്‍ ഇവിടെ നിന്ന് പുറത്തു കടക്കില്ല.

ഒറ്റയാന്‍

സ്വാതന്ത്ര്യ സമര സേനാനികളിലേറെയും സൈ്വര ജീവിതം നയിച്ച് തിരശീലക്ക് പിന്നിലേക്ക് നീങ്ങിയപ്പോള്‍ ബന്ദിനും ഹര്‍ത്താലിനും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ഒറ്റായന്‍ സമരം നയിച്ചാണ് മാമ്മന്‍ തന്റെ സമരത്തുടര്‍ച്ചയുടെ പൊതുജീവിതവുമായി മുന്നോട്ടുപോയത്. അദ്ദേഹം സമകാലിക രാഷ്ട്രീയത്തെയും തെറ്റായ പ്രവണതകളെ ഒട്ടാകെയും മുഖം നോക്കാതെ എതിര്‍ത്തു, എതിര്‍ത്തുകൊണ്ടേയിരിക്കുന്നു.
''ഗാന്ധിജിയും ഒരുപാട് മഹാന്മാരും കഷ്ടപ്പെട്ടു നേടിത്തന്ന സ്വാതന്ത്ര്യം പിന്നീട് നാം ദുരുപയോഗം ചെയ്യുകയായിരുന്നു. എല്ലായിടത്തും അഴിമതിയായില്ലേ.., രാഷ്ട്രീയം കൊലപാതകങ്ങളിലൂടെയല്ലേ അറിയപ്പെടുന്നത്. ടി.പി ചന്ദ്രശേഖരനെ കോഴിയെ കൊല്ലുന്ന ലാഘവത്തോടെയാണ് കൊന്നതെന്ന് ഞാന്‍ വി.എസ് അച്യുതാനന്ദനോട് പറഞ്ഞു. അദ്ദേഹം അത് ശരിവെക്കുകയും ചെയ്തു. സിസ്റ്റര്‍ അഭയയെ കൊന്നതെന്തിനാണ്? അരുതാത്തത് കണ്ടതുകൊണ്ടാണ് ആ കുട്ടി കൊല്ലപ്പെട്ടത്. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ വരെ കൈക്കൂലി വാങ്ങുന്നതായാണ് അറിയുന്നത്. ഇങ്ങനെയൊക്കെയായാല്‍ നിയമ സംവിധാനത്തില്‍ എങ്ങനെ പ്രതീക്ഷയര്‍പ്പിക്കാനാവും. ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദമുയരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ ഇങ്ങനെ പ്രതികരിക്കുന്നതു കൊണ്ട് അവര്‍ക്ക് വേണമെങ്കില്‍ എന്റെ സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കട്ട് ചെയ്യാം. പെന്‍ഷന്‍ തരില്ലെങ്കില്‍ വേണ്ട. പക്ഷെ, അഴിമതിക്കെതിരായ എന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും.'' 
മദ്യം സര്‍വനാശകാരി
സ്വാതന്ത്യം കിട്ടിയ ശേഷം ആദ്യമായി നടപ്പിലാക്കേണ്ടിയിരുന്നത് മദ്യനിരോധനമാണ്. ഗാന്ധിജി അന്നുതന്നെ അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാല്‍ മദ്യപന്മാരുടെ എണ്ണം വര്‍ധിച്ചുവന്നതല്ലാതെ മദ്യനിരോധനോ മദ്യവര്‍ജന സന്ദേശമോ ഭരണാധികാരികള്‍ ചെവിക്കൊണ്ടില്ല. കേരളത്തില്‍ ഇപ്പോള്‍ മദ്യശാലകള്‍ അടച്ചുപൂട്ടിയത് നല്ലകാര്യമാണ്. മുമ്പ് ഞാനും സുകുമാര്‍ അഴീക്കോടും മദ്യവര്‍ജനത്തിനു വേണ്ടി പ്രസംഗിച്ചുനടന്ന കാലത്ത് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ വെച്ച് 'കെ.ഇ മാമ്മന്‍ ഗോ ബാക്ക്' വിളിച്ചു. മദ്യത്തെ എതിര്‍ക്കുന്നവരെ തല്ലാനും കൊല്ലാനും മടിക്കാത്ത ഒരു തലമുറ ഇവിടെ ഇപ്പോഴും ശക്തമാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും പൊതുസമൂഹത്തിന്റെ നേര്‍ജീവിതത്തിന് തടസമാകുന്നതുമായ എല്ലാ ദുഷ്പ്രവണതകളും അവസാനിപ്പിക്കുക തന്നെ വേണം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയവും കാഴ്ചപ്പാടും അതായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ, അതൊന്നും ലക്ഷ്യം കണ്ടില്ല.

ഉമ്മന്‍ചാണ്ടി മികച്ച മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എന്നെ കാണാന്‍ വന്നിരുന്നു. അദ്ദേഹം മാന്യനും സമൂഹത്തോട് പ്രതിബദ്ധതയുള്ളയാളുമാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനവും കാഴ്ചവെക്കുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി കുറേ കുരിശുകളെ ചുമക്കുന്നുണ്ട്. അത് ആരെയൊക്കെയാണെന്ന് ഞാന്‍ പറയുന്നില്ല. എന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിനൊരു ഖദര്‍ തൊപ്പി സമ്മാനിച്ചു. പള്ളിച്ചലില്‍ മുഖ്യമന്ത്രിക്കു നേരെയുണ്ടായ ചെരിപ്പേറ് നമ്മുടെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ മൂല്യത്തെ ബാധിച്ചു. ഒരു ജനാധിപത്യഭരണകൂടത്തിന് നേരെ സമരം ചെയ്യേണ്ടത് ചെരിപ്പെറിഞ്ഞല്ല.
തെരുവ് നായ്ക്കള്‍ നാട്ടിലാകെ കുഴപ്പമുണ്ടാക്കുന്നതായും കുട്ടികളെയുള്‍പ്പെടെ കടിച്ചുകൊല്ലുന്നതായും വാര്‍ത്തകളിലൂടെ അറിഞ്ഞു. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു. തെരുവ് നായ്ക്കളെ കൊല്ലുകതന്നെ വേണം. ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പത്‌നി എന്റെ അഭിപ്രായം ശരിവെക്കുകയും ചെയ്തു. മറിയാമ്മാ ഉമ്മന്‍ എനിക്ക് ഓണക്കോടി സമ്മാനിച്ചു. അവരോട് നന്ദിയുണ്ട്.

വരിക വരിക സഹജരെ 

വയസ് 95 കഴിഞ്ഞു. ഇനി ആരോഗ്യത്തെ കുറിച്ച് ആശങ്കയൊന്നുമില്ല. ഇവിടത്തെ കുട്ടികള്‍ (നഴ്‌സുമാര്‍) എന്നെ നന്നായി നോക്കുന്നുണ്ട്. അവര്‍ എനിക്ക് പത്രം വായിച്ചുകേള്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുതരും. എന്റെ ഓരോ ദിവസത്തെയും വിശേഷങ്ങള്‍ എം.ഡി നേരിട്ട് അന്വേഷിക്കുന്നുണ്ട്. എനിക്ക് ഇത് വീടുതന്നെയാണ്. ഒന്നിനും ഒരു കുറവുമില്ല. ഇടയ്ക്കിടെ നിങ്ങളെ പോലെയുള്ള പത്രക്കാര്‍ വരുന്നതും സന്തോഷം. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി വി.എസ് ശിവകുമാര്‍, സ്പീക്കര്‍ എന്‍. ശക്തന്‍, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരൊക്കെ വന്നിരുന്നു. അവരൊക്കെ എനിക്ക് ഇഷ്ടമുള്ളവരാണ്. ഗവര്‍ണര്‍ പിറന്നാള്‍ ആശംസിച്ച് കത്തയക്കുകയും ചെയ്തു.
പിറന്നാള്‍ ദിവസം സന്ദര്‍ശകരായി കുറേ വിദ്യാര്‍ത്ഥികളും എ
ത്തിയിരുന്നു. എല്ലാവരുടെയും സ്‌നേഹമാണ് എന്റെ ബാക്കി ജീവിതം. ഗാന്ധിജിക്കൊപ്പം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതും ഗാന്ധിജിയെ തൊടാന്‍ കഴിഞ്ഞതുമൊക്കെ ഞാന്‍ കുട്ടകള്‍ക്ക് പറഞ്ഞുകൊടുത്തു. സര്‍ സി പിയുടെ മുഖത്ത് നോക്കി അനീതിക്കെതിരെ ഞാന്‍ ശബ്ദിച്ചിട്ടുണ്ട്. നീണ്ട ജയില്‍ വാസത്തിനും സമരങ്ങള്‍ക്കുമെല്ലാം ഇടയില്‍ ഞാന്‍ ഏകനായിപ്പോയി. പക്ഷേ അതിലെനിക്ക് വിഷമമില്ല. ഇപ്പോള്‍ എല്ലാവരുമുണ്ടല്ലോ.'വരിക വരിക സഹജരേ... സഹന സമര സമയമായ്...' ഇന്നും സ്വാതന്ത്ര്യമെന്ന വാക്കും സമരമെന്ന അനുഭവവും എനിക്ക് ആവേശമാണ്.

നേതാജീ കീ ജയ്

നിങ്ങള്‍ക്കറിയാമോ, ഗാന്ധിജിയെക്കാളും വലിയെ രാജ്യസ്‌നേഹിയായിരുന്നു നേതാജീ സുഭാഷ് ചന്ദ്രബോസ്. അദ്ദേഹം വിട്ടുവീഴ്ചയില്ലാത്ത സമരനായകനായിരുന്നു. വളരെ മൂര്‍ച്ചയുള്ള പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്. പതിനൊന്ന് പ്രാവശ്യമാണ് ബ്രിട്ടീഷുകാര്‍ നേതാജിയെ ജയിലിലടച്ചത്. സമാധാനത്തിനും യുദ്ധത്തിനുമിടിയിലാണ് നേതാജിയെ നമുക്ക് നഷ്ടമായത്.

(ഓഗസ്റ്റ് 15ന് ചന്ദ്രിക വാരാന്തപ്പിതിപ്പില്‍ പ്രസിദ്ധീകരിച്ചത്)