Tuesday, December 8, 2015

വാര്‍ദ്ധക്യത്തിന്റെ സാമൂഹ്യ ഇടം

മലയാളിയുടെ കുടുംബ സങ്കല്‍പ്പത്തിന്റെയും സംസ്‌കൃതിയുടെയും പ്രയാണത്തിലെ വഴിമാറ്റങ്ങളില്‍ അവഗണിക്കപ്പെട്ട ഒരു വിഭാഗമായി മാറിയിരിക്കുന്നു വൃദ്ധജനങ്ങള്‍. കേരളത്തില്‍ വാര്‍ദ്ധക്യം തെരുവിലിറങ്ങുകയാണ്- അന്നവും അഭയവും തേടി. തെരുവുകളിലെവിടെയും അലഞ്ഞുതിരിയുന്ന വൃദ്ധര്‍ പതിവു കാഴ്ചയായിരിക്കുന്നു. അത്യന്തം ദാരുണമായ ഈ സ്ഥിതിയെ സാംസ്‌കാരിക പരിസരങ്ങളിലൂടെ വായിക്കപ്പെടേണ്ടതുണ്ട്. ഒരു ഹൈടെക് സമൂഹത്തിന്റെ പ്രതീകമായി മലയാളി മാറിക്കഴിഞ്ഞതിന്റെ ദൃഷ്ടാന്തമായി ഈ സ്ഥിതിവിശേഷത്തെ വിലയിരുത്തേണ്ടതുണ്ട്.
സമൂഹത്തിന് ബാധ്യതയാകുന്ന ഒരു പ്രായം എല്ലാവരിലും വന്നുചേരുമെന്ന ഭീതിതമായ യാഥാര്‍ത്ഥ്യം നിരന്തരം ഓര്‍മ്മിപ്പിക്കുന്നതുമാണ് വൃദ്ധരുടെ ദുരിതങ്ങള്‍. സാമൂഹ മനസാക്ഷിയില്‍ നിന്ന് കരുണ മോഹിക്കുന്ന വലിയൊരു വിഭാഗം വയോജനങ്ങളുണ്ട്. അവരുടെ മാനസിക സംഘര്‍ഷങ്ങളെ ആഴത്തില്‍ പഠിക്കാനും പരിഹാരം കാണാനും സാധിക്കുന്നില്ല. വൃദ്ധജനങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇപ്പോള്‍ വാര്‍ത്തയേ അല്ലാതായിരിക്കുന്നു. പുതിയ കാലത്ത് ഒറ്റപ്പെട്ട സംഭവങ്ങളാണ് വാര്‍ത്തകള്‍. വൃദ്ധരെ പെരുവഴിയില്‍ ഉപേക്ഷിക്കുന്നതും നട തള്ളുന്നതും മലയാളിയുടെ ദിനചര്യമായി മാറിയിക്കുന്നു.
തെരുവില്‍ അലയുന്ന, ഭിക്ഷയാചിക്കുന്ന, വൃദ്ധ സദനങ്ങളില്‍ അനാഥത്വത്തിന്റെ ഭാരംപേറി ജീവിക്കുന്ന വാര്‍ധക്യം, നമ്മുടെ സാമൂഹ്യക്രമത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളി ആശങ്കാജനകം തന്നെ. ഇവരെ സംരക്ഷിക്കേണ്ടത് ആരാണെന്ന ചോദ്യം നിരന്തരം ഉയര്‍ന്നുവരുന്നു. ഉപേക്ഷിക്കപ്പെടുന്ന വാര്‍ധക്യത്തെ സംരക്ഷിക്കേണ്ടത് സര്‍ക്കാരുകളുടെ മാത്രം കടമയാണോ...?
വാര്‍ദ്ധക്യത്തിന്റെ സാമൂഹ്യ ഇടം പരിശോധിക്കുമ്പോള്‍ അന്യവല്‍ക്കരിക്കപ്പെടുന്ന മനുഷ്യാവസ്ഥകളാണ് വെളിപ്പെടുന്നത്. ജീവിതാവസാനം ആര്‍ക്കും വേണ്ടാത്തവരായി അവഗണിക്കപ്പെടുന്നവരുടെ മാനസികാവസ്ഥയാണ് ഇതില്‍ പ്രധാനം. മരണം പോലെ തന്നെ വാര്‍ദ്ധക്യവും ഒരു യാഥാര്‍ത്ഥ്യമാണ്. അവര്‍ക്ക് ശാരീരിക ശേഷി നഷ്ടമാകുമ്പോള്‍ മാനസിക ബലം പകര്‍ന്നുനല്‍കേണ്ടത് പിന്‍മുറക്കാരുടെ കടമയാണ്. അതൊരു വ്യവസ്ഥയുടെ ഭാഗമാണ്, ധാര്‍മികതയുടെ വിഷയമാണ്. പക്ഷേ, വാര്‍ദ്ധക്യത്തിന്റെ വിഹ്വലതകള്‍ കാണാന്‍, പരിഹരിക്കാന്‍ സമൂഹം മടിച്ചുനില്‍ക്കുന്നു. വൃദ്ധര്‍ക്ക് ആരാണ് തണലിടം ഒരുക്കേണ്ടത്. വൃദ്ധജനങ്ങള്‍ സമൂഹത്തിന് ബാധ്യതയാകുന്നോ..?

നരയ്ക്കുന്ന തടവറകള്‍

'പ്രാവും പ്രളയവുമില്ലാത്ത കാലത്തെ/ വീണപൂക്കളുടെ വസന്തമോ വാര്‍ദ്ധക്യം' എന്നെഴുതി വാര്‍ദ്ധക്യത്തിന്റെ തീക്ഷ്ണതയെ വൈകാരികമായി അടയാളപ്പെടുത്തിയിട്ടുണ്ട് കവി എ. അയ്യപ്പന്‍. വാര്‍ദ്ധക്യത്തിന്റെ തെരുവ് ജീവിതത്തെ പരാമര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും അയ്യപ്പന്‍ ഒരു പ്രതീകമാണ്. തെരുവിന്റെ വെയില്‍തിന്ന് കവിത രചിച്ച അയ്യപ്പന്‍ ഒരു അനാഥ വാര്‍ദ്ധക്യത്തിന്റെ തടവറയില്‍, അല്ല, വിശാലതയിലാണ് ജീവിച്ചു നരച്ചു മരിച്ചത്.
അടച്ചിട്ട വീടും അലഞ്ഞുതിരിയുന്ന തെരുവും വാര്‍ദ്ധക്യത്തിന് ശാപം തന്നെയാണ്. രണ്ടു മാസമായി പരിചരണം ലഭിക്കാതെ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വൃദ്ധയെ കണ്ടെത്തിയത് അടുത്തിടെ എരുമേലിയിലായിരുന്നു. ഭര്‍ത്താവ് മരിച്ചതോടെ അനാഥയായ ഇവര്‍ സഹോദരന്റെ വീട്ടിലായിരുന്നു താമസം. പ്രമേഹരോഗം രൂക്ഷമായതിനെ തുടര്‍ന്ന് തീര്‍ത്തും അവശയായി കിടപ്പിലായതോടെയാണ് ഇവരെ ബന്ധുക്കള്‍ കൈയ്യൊഴിഞ്ഞത്.
ഇടുക്കി ജില്ലയില്‍ നടന്ന മറ്റൊരു സംഭവം കരളലിയിക്കുന്നതാണ്. ഒറ്റപ്പെട്ട ഒരു വീട്ടില്‍ നിന്നു കരച്ചില്‍ കേള്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട അയല്‍ക്കാരി പൊലീസിനെ അറിയിച്ച് വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഭക്ഷണം നല്‍കാതെ കെട്ടിയിട്ട നിലയില്‍ പ്രായമുള്ള ഒരു അമ്മയെ കണ്ടെത്തി. മകന്റെ പീഡനത്തില്‍ നിന്നും പൊലീസ് അവരെ രക്ഷപ്പെടുത്തി ഒരു വൃദ്ധസദനത്തിലാക്കി. ബസ്റ്റാന്റുകളിലും റെയില്‍വെ സ്റ്റേഷനുകളിലും മക്കള്‍ തന്നെ ഉപേക്ഷിച്ചുപോയ വൃദ്ധജനങ്ങള്‍ സംസ്ഥാനത്തെ പല ഓള്‍ഡേജ് ഹോമുകളിലായി കഴിയുന്നുണ്ട്. മാവേലിക്കരയില്‍  ഒരമ്മയുടെ മൃതദേഹം  45 ദിവസം പഴകി ഉണങ്ങിയ നിലയില്‍ കണ്ടെത്തിയതും സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. ഇത്തരത്തില്‍ കേരളത്തിലെ ഓരോ ഗ്രാമത്തില്‍ നിന്നും നഗരത്തില്‍ നിന്നും വാര്‍ദ്ധക്യത്തിന്റെ തേങ്ങല്‍ കേള്‍ക്കാം. ഒരര്‍ത്ഥത്തില്‍ ഏറ്റവും വലിയ സാമൂഹ്യ പ്രശ്‌നം ഇതുതന്നെയാണ്.

ഒരുലക്ഷത്തിലേറെ വൃദ്ധര്‍ സര്‍ക്കാരിന്റെ തണലില്‍ 

സമയത്തിന് ആഹാരം, ഔഷധങ്ങള്‍, സ്‌നേഹം, കരുണ, സഹാനുഭൂതി വൃദ്ധര്‍ക്ക് വേണ്ടതിത്രമാത്രം. ഇതിനുപകരം വൃദ്ധരെ വീടുകളില്‍ പൂട്ടിയിടുന്നു. പട്ടിക്കൂട്ടില്‍ അടയ്ക്കുന്നു. ക്ഷേത്രങ്ങളുടെയും പള്ളികളുടെയും സമീപത്ത് ഭിക്ഷാടകരാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന് സാമൂഹിക നീതി എന്നൊരു വകുപ്പുള്ളതുകൊണ്ടുമാത്രം ജീവന്‍ നിലനിര്‍ത്തുന്ന എത്രയെത്ര വൃദ്ധജനങ്ങളാണുള്ളത്. അവര്‍ ഒരര്‍ത്ഥത്തില്‍ പൊതുസമൂഹത്തിന്റെ പണം കൊണ്ടുതന്നെ ജീവിക്കുന്നുവെന്ന് ആശ്വസിക്കാം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹിക സുരക്ഷാ മിഷന്‍ നേതൃത്വം നല്‍കുന്ന വയോമിത്രം പദ്ധതിയില്‍ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. 2010-11 വര്‍ഷം 447 പേരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2011-12 ല്‍ ഇവരുടെ എണ്ണം 32,449 ആയി. 2012-13 വര്‍ഷത്തില്‍ ഇരട്ടിയോളം വര്‍ധിച്ച് 64,075 പേരായി. ഇപ്പോള്‍ പദ്ധതിയില്‍ അംഗങ്ങളായവരുടെ എണ്ണം ഒരുലക്ഷത്തിലധികമാണ്.
32 വയോമിത്രം കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ജില്ലാ ആസ്ഥാനങ്ങളിലും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി കേന്ദ്രങ്ങളിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അത്യാവശ്യ മരുന്നുകള്‍, വീല്‍ച്ചെയറുകള്‍, പെന്‍ഷന്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇവര്‍ക്ക് നല്‍കുന്നത്. സര്‍ക്കാര്‍ ഇവര്‍ക്കായി വര്‍ഷം ചെലവഴിച്ചുകൊണ്ടിരിക്കുന്നത് നാല് കോടിയോളം രൂപയും.

മാറുന്ന ജീവിതശൈലി

കേരളത്തിന്റെ ലൈഫ്‌സ്റ്റൈല്‍ മാറിയിരിക്കുന്നു. പുതുതലമുറയുടെ ജീവിത ശൈലിയില്‍ വൃദ്ധ സമൂഹം ഒരധികപ്പറ്റായി കടന്നുവരുന്നതാണ് അവഗണനയുടെ യഥാര്‍ത്ഥ കാരണമായി വിലയിരുത്തപ്പെടുന്നത്. മറ്റൊന്ന് മാനുഷിക മൂല്യങ്ങളിലുണ്ടായിട്ടുള്ള തകര്‍ച്ച. അതിവേഗ ജീവിതക്രമത്തില്‍ യുവത്വത്തിന്റെ കാഴ്ചപ്പാടുകള്‍ തന്നെ മാറിയിരിക്കുന്നു. അച്ഛന്‍, അമ്മ, മുത്തച്ഛന്‍, മുത്തശ്ശി- 60ഓ 65ഓ വയസിനപ്പുറമുള്ളവര്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. അവര്‍ക്കുകൂടി ഉള്‍ക്കൊള്ളാനാവുന്ന ഒരു അന്തരീക്ഷം രൂപപ്പെടുത്താന്‍ പുതുതലമുറക്ക് കഴിയുന്നില്ല.
പഴയ മാമൂലുകള്‍ക്ക് കിടക്കാന്‍ ഒരു മൂലയെങ്കിലും ബാക്കിവെക്കാതെ അവര്‍ സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. കേരളം ആധുനിക സാങ്കേതിക വിദ്യക്കൊപ്പം സഞ്ചരിക്കുന്നതിനിടെ എവിടെയാണ് മൂല്യങ്ങളിലേക്ക് തിരിഞ്ഞുനോക്കാന്‍ നേരമുള്ളതെന്ന് ചിന്തിക്കുകയാണ്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായല്ല കേരളത്തെ താരതമ്യം ചെയ്യേണ്ടേത്്. കാരണം ജീവിത നിലവാര സൂചികകളും മറ്റുള്ള വിവിധ ഭൗതിക സൗകര്യങ്ങളുമൊക്കെ കണക്കിലെടുക്കുമ്പോള്‍ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്ന തലത്തിലേക്ക്് കേരളം വളര്‍ന്നുകഴിഞ്ഞു. ഇവിടെ, രണ്ട് കാര്യങ്ങളാണ് എടുത്തുപറയേണ്ടത്. ഒന്ന്, വൃദ്ധജനങ്ങള്‍ അവഗണിക്കപ്പെടുകയും അവരില്‍ അപകടകരമായ വിധത്തില്‍ അനാഥത്വം അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു എന്നത്. രണ്ടാമത്തെ വിഷയം വൃദ്ധജനങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്ന യാഥാര്‍ത്ഥ്യം.
അടുത്ത 10 വര്‍ഷം കഴിയുമ്പോള്‍ കേരളത്തില്‍ യുവജനങ്ങളെക്കാള്‍ വൃദ്ധരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുവജനങ്ങളുടെ എണ്ണം 2025 ഓടെ കുറയുമെന്നതിനാല്‍ അതിനെ ബാലന്‍സ് ചെയ്യാനായില്ലെങ്കില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സാമൂഹ്യ നിരീക്ഷകരുടെ അഭിപ്രായം. 1991ല്‍ കേരളത്തിന്റെ മൊത്തം ജനസംഖ്യയുടെ ഒമ്പതുശതമാനമായിരുന്നു വൃദ്ധരെങ്കില്‍ 2012ല്‍ ഇത് 12 ശതമാനത്തോളമായി. ഇപ്പോള്‍ ഏകദേശം ഇതിന്റെ ഇരട്ടിയോളമാണ് നിരക്ക്. 2050 ഓടെ കേരളത്തിലെ ജനസംഖ്യയുടെ 35 ശതമാനവും വൃദ്ധര്‍ ആയിത്തീരുമെന്നാണ് സാമൂഹിക സാമ്പത്തിക സര്‍വേ പ്രകാരമുള്ള കണക്ക്. ഇവരില്‍തന്നെ സ്ത്രീകളുടെയും വിധവകളുടെയും എണ്ണം വര്‍ധിക്കുകയും ചെയ്യും. 1991ല്‍ വിധവകളുടെ എണ്ണം അഞ്ച് ശതമാനമായിരുന്നത് ഇപ്പോള്‍ 20 ശതമാനത്തിലേറെയായി. വൃദ്ധരുടെ എണ്ണം വര്‍ധിക്കുമ്പോഴും അവരുടെ പരിചരണത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിച്ചിട്ടില്ല.


ബാലവേല കുറ്റകരം... വൃദ്ധവേലയോ...?

ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബാലവേല നിരോധിച്ചിട്ടുണ്ട്. എന്നാല്‍ വൃദ്ധര്‍ ഉപജീവനത്തിന് വേണ്ടി ഭാരം ചുമക്കുന്ന കാഴ്ച സര്‍വസാധാരണമായിരിക്കുന്നു. വാര്‍ദ്ധക്യം എല്ലാ അര്‍ത്ഥത്തിലും ബാല്യത്തിലേക്കുള്ള തിരിച്ചുനടത്തമാണെന്നാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. ബാലവേല പോലെതന്നെ വൃദ്ധവേലയും നിരോധിക്കപ്പെടേണ്ടതല്ലേ..? അധ്വാനിച്ച് ജീവിക്കുന്നതില്‍ തെറ്റില്ലെന്ന പൊതുധാരണ നിലനില്‍ക്കുമ്പോള്‍ തന്നെ അധ്വാനിക്കാന്‍ വൃദ്ധരെ നിര്‍ബന്ധിതരാക്കുന്ന സാഹചര്യം കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഒരു സ്ഥലത്ത് ഇരുന്ന് ചെയ്യാവുന്ന കച്ചവടം പോലുള്ള തൊഴിലുകളെയല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, ലോഡിംഗ് അണ്‍ലോഡിംഗ് പോലുള്ള കഠിനമായ ശാരീരികാധ്വാനം വേണ്ടതായ തൊഴിലുകള്‍ വാര്‍ദ്ധക്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ സാമൂഹ്യനീതിയാണ് നിഷേധിക്കപ്പെടുന്നത്. എഴുപത് വയസിനപ്പുറമെങ്കിലും വൃദ്ധവേല നിരോധിക്കേണ്ടിയിരിക്കുന്നു. ഇതിനായി നിയമ നിര്‍മാണം തന്നെ വേണം. വാര്‍ദ്ധക്യത്തിന് സംരക്ഷണം നല്‍കാന്‍ മക്കളോ ഉത്തരവാദിത്ത കുടുംബാംഗങ്ങളോ തയാറാകണമെന്ന നിബന്ധന നിയമംമൂലം ഉറപ്പാക്കണം. തീര്‍ത്തും അഗതിയെന്ന ഗണത്തില്‍പ്പെടുന്നവരെ മാത്രം സര്‍ക്കാര്‍ സംരക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് കുടുംബത്തിനുള്ളില്‍ ശാശ്വതതും സുരക്ഷിതവുമായ ഇടം ഉറപ്പാക്കുകയും വേണം.
2011ലെ സ്ഥിതിയനുസരിച്ച് 60 മുതല്‍ 69 വയസുവരെ പ്രായത്തിലുള്ള പുരുഷന്മാരില്‍ 39 ശതമാനവും സ്ത്രീകളില്‍ 11 ശതമാനവും ജീവിക്കാന്‍ ഗതിയില്ലാതെ കഠിനമായി അധ്വാനിക്കേണ്ടിവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 80ലധികം വയസുള്ളവരില്‍പോലും ഈ അവസ്ഥ വിരളമല്ല. 80 വയസിലധികമുള്ളവരായി പുരുഷന്മാര്‍ 13 ശതമാനവും സ്ത്രീകള്‍ മൂന്നു ശതമാനവും തൊഴിലിടങ്ങളിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകുന്നു.
വൃദ്ധജനങ്ങളില്‍ 80 ശതമാനവും ദാരിദ്ര്യത്തിലാണ് എന്ന് യു.എന്‍ ഏജന്‍സി തന്നെ വ്യക്തമാക്കുന്നുണ്ട്. അവര്‍ നിരക്ഷരത, ആരോഗ്യ പരിപാലനത്തിന്റെ കുറവ്, വരുമാനത്തിലെ അനിശ്ചിതത്വം എന്നിവയും അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടന 2010ല്‍ ആഗോള രോഗപീഡ സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ പുരുഷന്മാരുടെ ആയുസ് 15ഉം സ്ത്രീകളുടേത് 18ഉം വര്‍ഷം കണ്ട് വര്‍ധിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം ആരോഗ്യാവസ്ഥയില്‍ വലിയ പുരോഗതി ഇല്ലതാനും. കൂടുന്ന ആയുസുമായി രോഗാതുരമായ ശരീരത്തോടെയാണ് അവര്‍ ജീവിക്കുന്നത്. പുരുഷന്മാര്‍ ശരാശരി 54.6 വയസുവരെ മാത്രമേ പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കുന്നുള്ളൂ. സ്ത്രീകള്‍ 57.1 വയസുവരെയും. അവസാനത്തെ പത്തു വര്‍ഷത്തോളം രോഗപീഡകളേറ്റാണ് വൃദ്ധജനങ്ങള്‍ കഴിയുന്നത്. വാര്‍ദ്ധക്യം ആവശ്യപ്പെടുന്ന ആരോഗ്യ ശുശ്രൂഷാ സൗകര്യങ്ങളോ സാമൂഹിക സുരക്ഷയോ നല്‍കാനാവുന്നില്ല. മക്കള്‍, ബന്ധുക്കള്‍ തുടങ്ങി ഉത്തരവാദിത്തപ്പെട്ടവര്‍ കൈയ്യൊഴിയുമ്പോഴാണ് വാര്‍ദ്ധക്യങ്ങള്‍ അവരുടെ ദാരിദ്ര്യമകറ്റാന്‍ അധ്വാനിക്കുന്നത്. അതും കടുത്ത രോഗാവസ്ഥകളെ വിസ്മരിച്ചുകൊണ്ട്.

വൃദ്ധഭാരം ചുമക്കാന്‍ ഇനി 35 വര്‍ഷം

മുപ്പത്തിയഞ്ച് വര്‍ഷം കൂടി കഴിയുമ്പോള്‍ ഇന്ത്യ വൃദ്ധന്മാരെ ചുമക്കേണ്ടി വരുമെന്നാണ് നിരീക്ഷണം. കേരളവും അത് സ്വീകരിക്കണ്ടി വരുന്നത് സ്വാഭാവികം. സമീപ ഭാവിയില്‍ കേരളം പദ്ധതി വിഹിതത്തിന്റെ നല്ലൊരുഭാഗം വൃദ്ധജന ക്ഷേമത്തിനായി നീക്കിവെക്കേണ്ടിയും വരും.
അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് ഒക്‌ടോബറില്‍ പുറത്തുവന്ന ചില പഠനറിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ ജനസമൂഹത്തിന്റെ ഭാവിയെക്കുറിച്ച് ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്.  ഇന്ന് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമെന്ന കീര്‍ത്തി ഇന്ത്യക്കാണ്. വൃദ്ധജനപ്പെരുപ്പമാണ് ചൈനക്ക് ചില മുന്നേറ്റങ്ങളില്‍ വിലങ്ങുതടിയാകുന്നത്. എന്നാല്‍ യു.എന്‍ പോപുലേഷന്‍ ഫണ്ട് ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് 2050 ഓടെ ഇന്ത്യ വൃദ്ധജനങ്ങളുടെ എണ്ണത്തില്‍ ചൈനയെ കടത്തിവെട്ടും. ഇന്ന് ഒമ്പതു കോടിയാണ് ഇന്ത്യയിലെ വൃദ്ധജന സംഖ്യ. 2050ല്‍ ഇത് 31.5 കോടിയായി ഉയരും. ഇന്നത്തെ യുവജനം അന്ന് വയോജനമായി മാറും. 60 വയസിനു മുകളിലുള്ളവരുടെ എണ്ണം ഇന്നത്തേതിന്റെ 360 ശതമാനമാകും. മാത്രമല്ല, മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നായിത്തീരുകയും ചെയ്യും. ഇതിനുകാരണമായി പറയുന്നത് ഈ കാലയളവില്‍ ജനസംഖ്യയിലെ വര്‍ധന ആകെ 60 ശതമാനം മാത്രമായിരിക്കുമെന്നാണ്.
ജനസംഖ്യാ വളര്‍ച്ചയില്‍ 1971 മുതലാണ് കേരളം പിന്നോട്ടുപോയത്. 1971 ല്‍ കേരളത്തിന്റെ വളര്‍ച്ച 28.29 ശതമാനമായിരുന്നു. 1981ല്‍ 19.24 ഉം 1991ല്‍ 14.32ഉം 2001ല്‍ 9.43 ഉം ആയി. 2011ല്‍ ഇത് വെറും 4.86 ശതമാനമായി. എന്നാല്‍ 1971ല്‍ ദേശീയജനസംഖ്യാ വളര്‍ച്ച കേരളത്തേക്കാള്‍ കുറവായിരുന്നു- 24.8 ശതമാനം. ഇത് 80കളില്‍ 24 ശതമായി. 1991 ല്‍ 23.86 ഉം 2001ല്‍ 21.54ഉം ആയി. 2011ല്‍ ദേശീയ ജനസംഖ്യാവളര്‍ച്ച 17.64 ശതമാനമാണ്. ദേശീയജനസംഖ്യയുടെ 2.76 ശതമാനം മാത്രമാണ് കേരളത്തിലെ ജനസംഖ്യ. 2011ലെ സെന്‍സസ് പ്രകാരം 121 കോടിയാണ് ദേശീയ ജനസംഖ്യ. കേരള ജനസംഖ്യയില്‍ 12.31 ശതമാനം മലപ്പുറത്താണ്. തിരുവന്തപുരത്ത് 9.9 ശതമാനം. പത്തനംതിട്ടയില്‍ 3.85 ശതമാനവും. നഗരങ്ങളില്‍ താമസിക്കുന്നവരില്‍ വന്ന വര്‍ദ്ധനവാണ് കേരളത്തിലെ പ്രത്യേകത. 2001 ല്‍ നഗര ജനസംഖ്യ 27 ശതമാനം മാത്രമായിരുന്നുവെങ്കില്‍ 2011 ല്‍ അത് 47.77 ശതമാനമായി. ഇപ്പോഴിത് അമ്പത് ശതമാനത്തോടടുക്കുന്നു.
നഗരങ്ങളില്‍ വൃദ്ധജനങ്ങളാണ് കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇരകളാകുന്നത്. ഗ്രാമങ്ങളില്‍ അപൂര്‍വമായെങ്കിലും അവര്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാന്‍ അവസരം ലഭിക്കുന്നു. അയല്‍വീടുകളില്ലാത്ത നഗരങ്ങളില്‍, ശബ്ദങ്ങളുടെ തിരക്കില്‍ അവര്‍ക്ക് തികച്ചും ഏകാന്തതയില്‍ ജീവിക്കുന്നു.




***************************************