Thursday, December 18, 2014

പൂവച്ചല്‍ ഗ്രാമീണ നന്മയുടെ കാലൊച്ച 

ഫിര്‍ദൗസ് കായല്‍പ്പുറം
നാല് ദശകങ്ങള്‍, എത്രയെത്ര ഗാനങ്ങള്‍- മലയാളിയുടെ ആസ്വാദന ബോധത്തെ ചിത്തിരത്തോണിയിലേറ്റി അക്കരേക്ക് കൊണ്ടുപോയി പൂവച്ചല്‍ ഖാദര്‍. 1970കള്‍ മുതല്‍ കാവ്യാനുഭൂതിയുടെ ആ പ്രവാഹം വാക്കായ്, വരികളായ്, സംഗീതമായ് മലയാള മനസുകളില്‍ ഒഴുകി നടക്കുന്നു. ആ വരികള്‍ മലയാളി മൂളി നടക്കുന്നു, ആ ശരറാന്തല്‍ തിരി കാവ്യഭൂമികയില്‍ വിതറിയ വെള്ളിവെളിച്ചം മലയാളത്തിന്റെ പുണ്യമായി പ്രശോഭിക്കുന്നു. കാലാതിവര്‍ത്തിയായ രചനകളിലൂടെ കാലഘട്ടത്തിന്റെ കവിയായി മാറിയ പൂവച്ചല്‍, എഴുത്തിന്റെ ജീവിതപാതയില്‍ നട്ടുവളര്‍ത്തുന്നത് മലയാളിയുടെ മന:സാക്ഷിയെ തന്നെയാണ്.
പൂവച്ചല്‍ ഖാദര്‍ എന്ന കവി മലയാള കവിത, ഗാന ശാഖകള്‍ക്ക് തനിനാടന്‍ പച്ച ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പുകളാണ് സമ്മാനിച്ചത്. പ്രണയത്തിന്റെയും വിഷാദത്തിന്റെയും കായലും കടലും കുടിലും ജീവിതത്തോട് ചേര്‍ത്തുവെച്ചു. തിരുവിതാംകൂര്‍ ഗ്രാമങ്ങളിലെ ജീവിതത്തെ തീവ്രാനുഭവങ്ങളാക്കിയുള്ള വരികള്‍ അദ്ദേഹത്തിന്റെ രചനകളിലുടനീളം കാണാം. മലയാള സിനിമയില്‍ കാല്‍പ്പനികതയും പ്രണയവും കൊടുങ്കാറ്റ് വീശിയ 80കളിലായിരുന്നു പൂവച്ചല്‍ രചകളുടെ 'കാലൊച്ച കേള്‍ക്കാന്‍' കേരളം കൂടുതല്‍ കാതോര്‍ത്തിരുന്നത്. പൂവച്ചല്‍ രചനകള്‍ കേട്ട് മലയാളിയുടെ മനസുകളാണ് നൃത്തം ചെയ്തത്. ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്ന വരികള്‍ ഏതൊരാളെയും കൗമാരത്തിന്റെ കായല്‍ത്തീരത്തേക്ക് നയിക്കുന്നതാണ്.
ഒരു ഗാനരചയിതാവെന്ന നിലയില്‍ റെക്കോര്‍ഡുകളുടെ പുസ്തകത്തില്‍ മാത്രമല്ല, മലയാളിയുടെ മനസിലും കാല്‍പ്പനികതയുടെ മുദ്ര ചാര്‍ത്തി. ഭാവഭദ്രമായ ഒട്ടേറെ ഗാനങ്ങളിലൂടെ നമ്മുടെ കേള്‍വിയില്‍, വായനയില്‍, ചിന്തയില്‍ ഒക്കെ ഈ കവിയുണ്ട്. ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍ ചിരിയില്‍ ചിലങ്ക കെട്ടിയ പെണ്ണിനെ കണ്ടെത്താന്‍ മാത്രം പ്രണയാര്‍ദ്രമായ ഒരു ഹൃദയത്തിന്റെ ഉടമയായ കവിയെ മലയാളിക്ക് മനസിലേറ്റാതിരിക്കാനാവില്ലല്ലോ.
നീയെന്റെ പ്രാര്‍ത്ഥന കേട്ടു, സിന്ദൂരസന്ധ്യക്ക് മൗനം, സ്വയംവരത്തിനു പന്തലൊരുക്കി, കൂട്ടില്‍നിന്നും മേട്ടില്‍വന്ന, അള്ളാ ജീവിതം അരുളുന്നു, മൗനമേ നിറയും മൗനമേ, പൂമാനമേ ഒരു രാഗമേഘം, കൂടുവെടിയും ദേഹി അകലും, ഇടവാ കായലില്‍ അയല്‍ക്കാരി, ചിരിയില്‍ ഞാന്‍ കേട്ടു, ഇത്തിരി നാണം പെണ്ണിന്‍ കവിളില്‍ തുടങ്ങി പൂവച്ചല്‍ ഖാദറിന്റെ പാട്ടുകള്‍ മലയാളിയുടെ നാവിന്‍ തുമ്പില്‍ തന്നെയുണ്ട്. പ്രമുഖരായ സംഗീത സംവിധായകരോടൊപ്പം പൂവച്ചല്‍ ഖാദര്‍ വളരെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓരോ കാലത്തും സംഗീതം തലമുറകളുടെ അഭിരുചിക്കനുസൃതമായി മാറുമ്പോഴും കാവ്യഭംഗി നിലനിര്‍ത്താനായതാണ് ഈ കവിയെ നമുക്ക് പ്രിയപ്പെട്ടതാക്കിയത്. കാവ്യാംശമുള്ള വരികള്‍ക്ക് സംഗീതം നല്‍കിയാല്‍ മികച്ച ഗാനങ്ങള്‍ പിറവിയെടുക്കുമെന്ന് തെളിയിക്കാന്‍ പൂവച്ചലിന്റെ വരികള്‍ ഉദാഹരണമാണ്.
1972ല്‍ പുറത്തിറങ്ങിയ കവിത എന്ന ചലച്ചിത്രത്തില്‍ സ്വന്തം കവിതാ ശകലങ്ങളുമായി കടന്നുവന്ന പൂവച്ചലിന് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ആദ്യകാലത്ത് കെ.രാഘവനെ പോലെ പ്രഗത്ഭരായ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മനോഹര കാവ്യശില്‍പ്പങ്ങളായിരുന്നു അന്നൊക്കെ ആസ്വാദകര്‍ കാത്തിരുന്നത്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ജോണ്‍സന്റെ സംഗീതം, യേശുദാസ് പാടിയത് അല്ലെങ്കില്‍ പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് എം.ജി രാധാകൃഷ്ണന്റെ സംഗീതം യേശുദാസ് പാടിയത്.... എന്നിങ്ങനെ മലയാളിയുടെ കാതില്‍ 'പൂവച്ചല്‍' കേട്ടുപതിഞ്ഞ, തഴമ്പിച്ച നാമമായിട്ട് ഏതാണ്ട് 35 സംവത്സരങ്ങളാകുന്നു.    
ആദ്യ സമാഗമ ലജ്ജയിലാതിര/താരകം കണ്ണടയ്ക്കുമ്പോള്‍/ കായലഴിച്ചിട്ട വാര്‍മുടിയില്‍/ സാഗരമുമ്മവെയ്ക്കുന്നു... എന്നെഴുതിയ കവി, മലയാളിയുടെ പ്രണയത്തെയും വിരഹത്തെയും തീവ്രമായ ഭാഷാ സ്‌ഫോടനത്തിലൂടെയാണ് വരച്ചിട്ടത്. 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍/ കാതോര്‍ത്തു ഞാനിരുന്നൂ../ താവക വീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍/ തൂവല്‍ വിരിച്ചു നിന്നൂ..'. ചാമരം എന്ന ചിത്രത്തിനു വേണ്ടി പൂവച്ചല്‍ രചിച്ച ഈ ഗാനം കാമുകിയുടെയും ഭാര്യയുടെയും ഏകാന്തതയില്‍ എക്കാലത്തെയും ഏറ്റവും മികച്ചതെന്ന കാര്യത്തില്‍ സംശയമില്ല. ഇന്നും മനസിന്റെ അഗാധതയില്‍ മലയാളി ഈ പാട്ടിനെ താലോലിക്കുന്നു. കാരണം ഓരേ സമയം പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും സാങ്കല്‍പ്പിക സൗധങ്ങളിലേക്ക് നടന്നുകയറുന്ന പെണ്‍മനസിന്റെ ആശയും നിരാശയും അത്രത്തോളം ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. ഇതുപോലെ മനോഹരമായ എത്രയോ വരികള്‍ സംഗീതത്തിന്റെ പട്ടുപാവാട ചുറ്റി ശ്രോതാക്കളിലെത്തുമ്പോള്‍ ഈ ഗാനരചയിതാവ് മലയാളത്തിന് ഇന്നും വിസ്മയമാണ്.
എം.ജി. രാധാകൃഷ്ണനുമായി ചേര്‍ന്ന് അനശ്വരങ്ങളായ ലളിതഗാനങ്ങള്‍ക്കും അദ്ദേഹം ജന്മം നല്‍കിയിട്ടുണ്ട്. ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ, രാമായണക്കിളി ശാരിക പൈങ്കിളി, അനുരാഗ ലേഖനം മനതാരില്‍ എഴുതിയ തുടങ്ങിയ പ്രശസ്തമായ ലളിതഗാനങ്ങള്‍ ഇപ്പോഴും സര്‍വകലാശാലാ യുവജനോത്സവങ്ങളില്‍ മത്സരാര്‍ത്ഥികളുടെ ഇഷ്ട ഗാനങ്ങളാണ്. കൂടുതല്‍ മലയാള സിനിമകള്‍ക്ക് പാട്ടെഴുതി ചരിത്രത്തിലിടം നേടിയപ്പോള്‍ത്തന്നെ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയ ഗാനരചയിതാവായും പൂവച്ചല്‍ അത്ഭുതമായി- 1986ല്‍ 50 സിനിമകള്‍ക്കാണ് അദ്ദേഹം പാട്ടുകള്‍ എഴുതിയത്.

(2014 ഡിസംബര്‍ 16ന് ചന്ദ്രിക ദിനപത്രത്തിന്റെ പ്രത്യേക പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


Monday, October 27, 2014




 ചരിത്രപുരുഷന് ഒപ്പം നടന്നവര്‍

ഫിര്‍ദൗസ് കായല്‍പ്പുറം



സി.എച്ച് മുഹമ്മദ് കോയയെ ഒരു ജനത മനസിന്റെ മാണിക്യക്കൂടാരത്തില്‍ സൂക്ഷിക്കുകയാണിന്നും. കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന മഹാന്‍. സി.എച്ചിന്റെ സഹായികള്‍, പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ഉറ്റമിത്രങ്ങള്‍... എന്നിങ്ങനെ ധാരാളം പേരുണ്ട്. അതൊരു അഭിമാനമാണ്. 
ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ ഫയലുകള്‍ തയാറാക്കിയവര്‍, നിര്‍ണായക തീരുമാനങ്ങളെയും ഭരണനേട്ടങ്ങളെയും ചരിത്രം അടയാളപ്പെടുത്തിയപ്പോള്‍ ആ ചരിത്രത്തിന്റെ ഭാഗമായവര്‍... അങ്ങനെ പുരോഗതിയുടെ ഒരു കാലഘട്ടത്തെ സമ്പന്നമാക്കിയ ചരിത്രസന്ധികളോട് ചേര്‍ന്നുനിന്നവര്‍. 
ആ ചരിത്രത്തിന് ശുഭകരമായൊരു തുടര്‍ച്ച നല്‍കിയ രണ്ടുപേരുണ്ട്- മലയില്‍ അബ്ദുല്ല കോയ, പി.കെ മുഹമ്മദ് ഇഖ്ബാല്‍. സി.എച്ച് മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും പെഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഇരുവരും ഇപ്പോള്‍ സി.എച്ചിന്റെ മകനായ മന്ത്രി ഡോ.എം.കെ മുനീറിനൊപ്പം പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി സെക്രട്ടറിയേറ്റ് അനക്‌സിലെ ഓഫീസിലുണ്ട്.
സി.എച്ചും മകനും ഇവര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സി.എച്ചിനൊപ്പം ദീര്‍ഘകാലം ഒരുമിച്ചു നടന്നവര്‍ക്ക് പറയാനേറെയുണ്ട്. ഒപ്പം താമസിച്ചും അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടുത്തറിഞ്ഞും നേരത്തെ തന്നെ പ്രശസ്തനാണ് മലയില്‍ അബ്ദുല്ലക്കോയ. സി.എച്ചിന്റെ വാത്സല്യവും സ്‌നേഹവും ആവോളം ലഭിച്ചത് സുകൃതമായി കാണുകയാണ് പി.കെ മുഹമ്മദ് ഇഖ്ബാല്‍.

ആ പോകുന്നത് ആരെന്നറിയോ, അതാണ് സി.എച്ച്...
മദ്രസയിലെ പഠന കാലത്ത് കൂട്ടുകാരുമൊത്തു കളിച്ചുനില്‍ക്കുമ്പോള്‍ സുന്ദരനായ ഒരു മനുഷ്യന്‍ പള്ളിക്കുമുന്നിലെ റോഡിലൂടെ നടന്നുപോകുന്നു. മുസ്‌ലിയാര്‍മാരും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലുള്ളവരും നാട്ടുകൊരൊക്കെയും അദ്ദേഹത്തോട് ആദരവോടെ സലാം പറയുന്നു. സലാം മടക്കി, ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അദ്ദേഹം വീണ്ടും മുന്നോട്ടു നടക്കുന്നു. ഇത് പതിവു കാഴ്ചയാണ്. ആരാണിദ്ദേഹം... എവിടേക്കാണ് പോകുന്നത്..? ഒരിക്കല്‍ പള്ളിയിലെ ഉസ്താദിനോട് ചോദിച്ചു- ''അതാണ് സി.എച്ച് മുഹമ്മദ് കോയ, മുസ്‌ലിം ലീഗിന്റെ വലിയ നേതാവാണ്, ചന്ദ്രികയുടെ പത്രാധിപരാണ്''. പിന്നീട് ഞാനും കൂട്ടുകാരും സി.എച്ചിനെ കാണാന്‍ കാത്തുനില്‍ക്കുകയും സ്ഥിരമായി അദ്ദേഹത്തിന് സലാം പറയുകയും ചെയ്തിരുന്നു- മലയില്‍ അബ്ദുല്ലക്കോയ ഓര്‍മ്മയുടെ അങ്ങേയറ്റത്തുനിന്ന് സി.എച്ചിനെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
ഒരിക്കല്‍ സി.എച്ച് തന്റെ സ്‌കൂളില്‍ വന്നു പ്രസംഗിച്ചു. ഒരു മഹാനായ മനുഷ്യന്‍ സ്‌കൂളിലേക്ക് വരുന്നതിന്റെ ആരവത്തിലായിരുന്നു അന്ന് ഞങ്ങളുടെ വിദ്യാലയം. കാലം ഒരുപാട് കടന്നുപോയി. പിന്നീട് സി.എച്ചിന്റെ ഗ്രാമത്തില്‍ത്തന്നെ ജനിച്ച അബ്ദുല്ലക്കോയ 1970 മുതല്‍ അദ്ദേഹത്തിന്റെ സന്തത സഹചാരിയായി. സി.എച്ചിന്റെ അന്ത്യനിമിഷങ്ങള്‍ വരെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നും സി.എച്ചിന്റെ കുടുംബത്തിന് പ്രിയപ്പെട്ടയാളാണ് കോയ.

സാമൂഹ്യക്ഷേമത്തിനിടെ കിട്ടിയ ഭാഗ്യം

1975ല്‍ സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥനായെത്തിയ മുഹമ്മദ് ഇഖ്ബാലിന് ഭാഗ്യവശാല്‍ ജോലി ലഭിച്ചത് സാമൂഹ്യക്ഷേമ വകുപ്പിലായിരുന്നു. കര്‍ക്കഷക്കാരനായ മന്ത്രിക്കു മുന്നില്‍ ഫയലുകള്‍ കൃത്യമായി എത്തണം. അല്ലാത്തപക്ഷം എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. സി.എച്ചിനെ ആദരവോടെ കണ്ടിരുന്ന ഇഖ്ബാല്‍, അദ്ദേഹത്തിന്റെ 'വേഗ'ത്തിനൊപ്പം സഞ്ചരിക്കാന്‍ ശീലിച്ചതോടെയാണ് പെഴ്‌സണല്‍ സ്റ്റാഫിലേക്ക് കടന്നുവരുന്നത്. 
നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കുക, തെറ്റുകൂടാതെ കൃത്യമായി ഫയലുകള്‍ എഴുതുക, സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രത്യേക ഫയലുകളാക്കി സൂക്ഷിക്കുക ഇതെക്കെയായിരുന്നു ഇഖ്ബാലിന് സി.,എച്ച് നല്‍കിയ ചുമതലകള്‍. കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കുന്ന ഉദ്യോഗസ്ഥരോട് എന്നും അകമഴിഞ്ഞ സ്‌നേഹം നല്‍കിയിരുന്നു സി.എച്ച്. മത്രമല്ല, വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ എപ്പോഴും കൂടെയുണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയൊരു അപൂര്‍വ ഭാഗ്യത്തിന്റെ ചിറകിലേറിയാണ് 1978ല്‍ ഇഖ്ബാല്‍ സി.എച്ചിനൊപ്പമെത്തിയത്.

സാന്നിധ്യമറിയുന്ന തൊപ്പി 

ഹൈദരാബാദില്‍ നിന്ന് സി.എച്ചിന്റെ ചേതനയറ്റ ശരീരം നാട്ടിലെത്തിച്ച് ഖബറടക്കം കഴിഞ്ഞു. വിങ്ങുന്ന ഹൃദയവുമായി സി.എച്ചിന്റെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടവെ ഏതാനും ദിവസങ്ങള്‍ക്കു ശേഷം സി.എച്ച് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റും നാട്ടിലെത്തിച്ചു. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി വീട്ടിലേല്‍പ്പിക്കുമ്പോള്‍ ''മുനീറിന്റെ ഉമ്മ എന്നോട് ചോദിച്ചു, നിനക്കിതില്‍ നിന്ന് എന്താ വേണ്ടത്''- ഒരു നിമിഷം പോലും ആലോചിക്കാതെ അബ്ദുല്ലക്കോയ പറഞ്ഞു- ''എനിക്ക് സി.എച്ചിന്റെ തൊപ്പി മാത്രം മതി''. പിന്നീട് സി.എച്ചിന്റെ മണമുള്ള ആ തൊപ്പി ഒരു നിധിപോലെ സൂക്ഷിച്ചു. കോഴിക്കോട് എസ്.ബി.ടി ബാങ്കില്‍ തനിക്കുണ്ടായിരുന്ന ലോക്കറിലായിരുന്നു ആ തൊപ്പി സൂക്ഷിച്ചത്. ഇപ്പോഴത് നിമയസഭാ മ്യൂസിയത്തില്‍ ഒരു ചരിത്രത്തിന്റെ പ്രതീകമായി സ്ഥാനം പിടിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അന്ന് ആ തൊപ്പി മാത്രം ആവശ്യപ്പെട്ടതെന്ന ചോദിച്ചാല്‍ അബ്ദുല്ലക്കോയ പറയും- ''ആ തൊപ്പി കാണുമ്പോഴൊക്കെ ഞാന്‍ സി.എച്ചിന്റെ സാമീപ്യം അടുത്തറിയുന്നു''.

മുനീര്‍ എന്ന വിദ്യാര്‍ത്ഥി

ഡോ.എം.കെ മുനീറിന്റെ പെഴ്‌സണല്‍ സ്റ്റാഫിലെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുമ്പോഴും ഇരുവര്‍ക്കും മുനീറിനോടുള്ളത് രക്തബന്ധത്തോളം ആഴമുള്ളതാണ്. ബാല്യവും കുസൃതികളും ചിത്രരചനയുമൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത ഒരാളായി വാത്സല്യത്തോടെയാണ് ഇവര്‍ മുനീറിനെ കാണുന്നത്. ബേബിസാറിനെ (ബേബിജോണ്‍)യൊക്കെ വരച്ച് ക്ലിഫ് ഹൗസില്‍ നിന്നും അപ്പുറത്തെ മന്ത്രിമന്ദിരത്തിലേക്ക് കൂട്ടുകാരന്‍ ഷിബുവിനോടൊപ്പം (മന്ത്രി ഷിബുബേബിജോണ്‍) കളിക്കാനായി ഓടുന്ന മുനീര്‍. ചെറുപ്പം മുതല്‍ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയുന്നു.
എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചപ്പോള്‍ മുനീറിനെ ബാംഗ്ലൂര്‍ അംബേദ്കര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത് അബ്ദുല്ലക്കോയയായിരുന്നു. മുനീറുമായി ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു പകല്‍ മുഴുവന്‍ നടന്നു. അത് 1981 ഒക്‌ടോബര്‍ 19ന്. ക്ലാസ് തുടങ്ങി, ഹോസ്റ്റല്‍ സൗകര്യവും മറ്റും ശരിയാക്കി 21നാണ് അബ്ദുല്ലക്കോയ ബാംഗ്ലൂരില്‍ നിന്ന് മടങ്ങിയെത്തുന്നത്.
ബാല്യം മുതല്‍ ഒരുപാട് കഴിവുകള്‍ പ്രകടിപ്പിച്ചയാളാണ് മുനീറെന്ന് ഇഖ്ബാല്‍ ഓര്‍ക്കുന്നു. പാട്ടുപാടാനും ചിത്രം വരക്കാനുമൊക്കെ താല്‍പര്യമുള്ള അദ്ദേഹം, സി.എച്ചിന്റെ ഓരോ കര്‍മങ്ങളും സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നു. ഒരു പാരമ്പര്യത്തിന്റെ പ്രതിഭാവിലാസമാണ് മുനീറിലുള്ളത് ഈ പെഴ്‌സണല്‍ സ്റ്റാഫുകള്‍ സാക്ഷ്യപ്പെട്ടുത്തുന്നു.

സെക്രട്ടറിയേറ്റില്‍ നിന്നൊരു തഖ്ബീര്‍ ധ്വനി

1977ല്‍ സി.എച്ചിനെതിരായി ഒരു തെരഞ്ഞെടുപ്പ് വിധിയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ചന്ദ്രികയില്‍ വന്ന ചില ലേഖനങ്ങള്‍ തന്റെ പരാജയത്തിന് ഇടയാക്കിയെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി തേക്കുംകാട്ടില്‍ മുത്തുക്കോയ തങ്ങള്‍ നല്‍കിയ കേസാണ് സി.എച്ചിന് എതിരായ വിധിക്ക് ഇടയാക്കിയത്. സി.എച്ച് ഏറ്റവുമധികം ടെന്‍ഷനിലായിരിക്കും എത്തുകയെന്നും അദ്ദേഹം നിരാശനായി പെരുമാറുമെന്നും എങ്ങനെ ആശ്വസിപ്പിക്കുമെന്നുമൊക്കെ പരസ്പരം ചര്‍ച്ച ചെയ്ത് ക്ലിഫ് ഹൗസിന് മുന്നില്‍ സ്റ്റാഫ് അംഗങ്ങളും ജീവനക്കാരും ഉറങ്ങാതെ കാത്തിരുന്നു. അബ്ദുല്ലക്കോയക്ക് മറക്കാനാകാത്ത ഓര്‍മയാണത്. അന്നുരാത്രി 12 മണിയോടെ സി.എച്ച് എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. 'എന്താ ആരും ഉറങ്ങാത്തത്' എന്ന് ചോദിച്ചുകൊണ്ട് പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാത്തതുപോലെ സി.എച്ച് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. സി.എച്ച് ഒരിക്കലും വികാരത്തിന് അടിമപ്പെട്ടിട്ടില്ല. അടുത്ത ദിവസം രാജിവെച്ചു.
1978 സെപ്തംബര്‍ 12. ഡല്‍ഹിയില്‍ നിന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് ഒരു ഫോണ്‍കോള്‍. ഫോണ്‍ അറ്റന്റ് ചെയ്തത് അബ്ദുല്ലക്കോയ. മറുഭാഗത്തുനിന്നും ശുഭകരമായൊരു സന്ദേശം. ഫോണ്‍ വെച്ചശേഷം അബ്ദുല്ലക്കോയ ഉറക്കെ തഖ്ബീര്‍ വിളിച്ചു. സി.എച്ചിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയതായിരുന്നു ഫോണ്‍കോളിന്റെ ഉള്ളടക്കം. സെക്രട്ടറിയേറ്റിനുള്ളില്‍ ആദ്യമായി തഖ്ബീര്‍ വിളിച്ചയാളെന്ന് ഇപ്പോഴും സഹപ്രവര്‍ത്തകര്‍ കളിയാക്കാറുണ്ടെന്ന് അബ്ദുല്ലക്കോയ ഓര്‍ക്കുന്നു.

നേതാവും മന്ത്രിയും

സി.എച്ചിനൊപ്പം പ്രവര്‍ത്തിക്കുന്നത് സുഖകരമെന്ന് ഇഖ്ബാല്‍ അനുഭവങ്ങളെ സാക്ഷിയാക്കുന്നു. രാഷ്ട്രീയമായ വാഗ്‌വാദങ്ങളൊന്നും ഓഫീസിലെ സി.എച്ചിനെ ബാധിക്കാറില്ല. നേതാവും ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. നേതാവ് പാര്‍ട്ടിയുടെതും മന്ത്രി എല്ലാവരുടേതുമെന്ന തത്വമാണ് സി.എച്ചിനെ നയിച്ചിരുന്നത്. രാവിലെ 9.30നു തന്നെ കൃത്യമായി ഓഫീസിലെത്തിയിരുന്നു സി.എച്ച്. വൈകിട്ട് അഞ്ച് മണി കഴിഞ്ഞും അദ്ദേഹം ഓഫീസിലുണ്ടാകാറുണ്ട്. ഏത് കാര്യവും അദ്ദേഹത്തോട് തുറന്നുപറയാന്‍ കഴിഞ്ഞിരുന്നു. പരിഹാരമുണ്ടാകുമെന്നുറപ്പ്. കുടുംബ കാര്യങ്ങള്‍ പോലും സി.എച്ചുമായി ചര്‍ച്ച ചെയ്തായിരുന്നു തീരുമാനിച്ചിരുന്നു. അത്രമാത്രം അടുപ്പമുണ്ടായിരുന്നു താനുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും.


സി.എച്ചും മുനീറും ശൈലിയിലെ സാമ്യതകള്‍

സി.എച്ചിന്റെ മകനും സി.എച്ചിന്റെ ചില നിര്‍ബന്ധങ്ങള്‍ അതേപടി കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് പാവങ്ങളുടെ കാര്യത്തില്‍. ആരും ശിപാര്‍ശ ചെയ്യാനില്ലാത്തവരായി, നിരാശ്രയരായി തനിക്ക് മുന്നിലെത്തുന്നവരുടെ കാര്യത്തില്‍ പരമാവധി 24 മണിക്കൂറാകും മുനീര്‍ നിര്‍ദേശിക്കുകയെന്ന് ഇഖ്ബാലും അബ്ദുല്ലക്കോയയും പറയുന്നു. അതിനിടയില്‍ ആ ഫയല്‍ മന്ത്രിയുടെ മേശപ്പുറത്തെത്തണം. മറ്റൊന്ന് മുന്‍ഗണനാക്രമം പാലിച്ചേ മതിയാകൂ. യോഗ്യത അനുസരിച്ച് മത്രം, അഥവാ അര്‍ഹര്‍ക്ക് ആദ്യം എന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറേയില്ല. 
രണ്ടുകാലഘട്ടങ്ങളില്‍ സെക്രട്ടറിയേറ്റെന്ന അതിവിശാലമായ ലോകത്ത് ചരിത്രത്തിന്റെ രണ്ട് ധ്രുവങ്ങളെ തൊട്ടറിഞ്ഞ ഇവര്‍ നിയോഗത്തില്‍ വിശ്വസിക്കുന്നു. ചില നിയോഗങ്ങള്‍ ചരിത്രത്തിന്റെ ഗതി നിര്‍ണയിക്കാറുണ്ട്.  ചരിത്രപുരുഷന് ഒപ്പം നടന്നവരെ അവഗണിച്ചുകൊണ്ട് എഴുതുന്ന ഏത് ചരിത്രവും അപൂര്‍ണമാകും. സി.എച്ച് എന്ന പ്രതിഭാസത്തെ അടുത്തുനിന്ന് കണ്ടവര്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്നവര്‍, ഇപ്പോള്‍ പഞ്ചായത്ത്- സാമൂഹ്യനീതി വകുപ്പിന്റെ ജനക്ഷേമ പാതകളില്‍ മന്ത്രി മുനീറിനൊപ്പം കൈനീട്ടുന്നവര്‍....

(ചന്ദ്രിക വാരാന്തപ്പതിപ്പ് 26.10.2014 ല്‍ പ്രസിദ്ധീകരിച്ചത്‌ )

Tuesday, September 16, 2014

No Indian university on top 200 list

Not a single Indian higher education institution has made it to the top 200 of the QS World University Rankings, which were released on Tuesday morning.
The first Indian presence on the list is the Indian Institute of Technology (IIT) Bombay, ranked 222.
IIT Delhi comes in second at 235 while those in Kanpur, Madras and Kharagpur are in the 300 range.
Delhi University comes in the 420 to 430 band.
Other Indian institutions that have made it to the rankings are Calcutta University, Benares Hindu University, Pune University, the Indian Institute of Science and Jawaharlal Nehru University.
All the top 10 positions in the rankings list are taken by the U.S. and U.K.-based universities with the Massachusetts Institute of Technology retaining the first position for the second year running.
The National University of Singapore leads the pack as far as the Asian continent is concerned and is ranked 22nd.
The poor showing of Indian institutions in world university rankings has become a cause of concern among educationists in the country and efforts have been under way for a couple of years now to evolve an India-generated ranking system.
A ranking committee – set up by the United Progressive Alliance government – has already submitted its report.
As per the proposal, an India-generated ranking system would ensure that the large set of institutions across the country are properly ranked and placed in proper perspective, factoring in aspects that are peculiar to India like the quota system.
Besides providing an Indian benchmark that can be used by world ranking lists as an indicator, a domestic ranking list would also help students and parents make a more informed choice instead of just going by lists brought out by media houses.


(THE HINDU- 17-09-14)

Monday, August 18, 2014

പഠനം പുതിയ ദിശയിലേക്ക്

ഫിര്‍ദൗസ് കായല്‍പ്പുറം

ഐ.എ.എസ് എന്നുകേട്ടാല്‍ പേടിക്കരുത്, ഇപ്പോള്‍ ആര്‍ക്കും ഐ.എ.എസ് നേടാം. നിസാരവല്‍ക്കരിക്കുകയല്ല, നേടാം പക്ഷേ, കഠിനാധ്വാനത്തോടെ പഠിച്ചേ മതിയാവൂ. തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക് വരൂ. ഈ കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണങ്ങളില്ല. ലോകത്തെ വിജ്ഞാന സാഗരത്തെ ഇവര്‍ ഇവിടേക്ക് വിളിക്കുന്നു.
ഐ.എ.എസ് പദവി പ്രൗഡിയുടെ പ്രതീകമാണ്. അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നുമുണ്ട് അക്കാദമി. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം എല്ലാത്തരത്തിലും അന്തര്‍ദേശീയ നിലവാരത്തിലാണ്. അക്കാദമിയില്‍ വിദ്യാഭ്യാസം അതിന്റെ എല്ലാ ഔന്നത്യത്തോടെയും പ്രകാശിക്കുന്നു. പാലക്കാട് വിക്‌ടോറിയ കാമ്പസിലുള്ള സിവില്‍ സര്‍വീസ് അക്കാദമി സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവനന്തപുരത്ത് നിന്ന് അധ്യാപകര്‍ ക്ലാസെടുക്കുന്നു- വെര്‍ച്‌വല്‍ ക്ലാസ്, കാമ്പസില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സംവിധാനമാണുള്ളത്. 10 എം.ബിയാണ് ഉപയോഗിക്കുന്നത്. ഐ.എ.എസുമായി ബന്ധപ്പെട്ട 3500 ഓളം പുസ്തകങ്ങളുള്ള കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ റിസര്‍ച്ച് ലൈബ്രററി.
ഇത്തരത്തില്‍ ആധുനിക സൗകര്യങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം പഠനരീതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഡയറക്ടര്‍ കെ.പി നൗഫല്‍ അക്കാദമിയെ നയിക്കുന്നത്. സിവില്‍ സര്‍വീസ് എന്ന സ്വപ്നത്തിലേക്ക് ഒരു തലമുറ നടന്നടുക്കുമ്പോള്‍ മാതൃകാ സ്ഥാപനമായി നിലകൊള്ളുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ സര്‍വീസ് അക്കാദമി.
2008 മുതല്‍ ഇന്ത്യയിലെ സിവില്‍ സര്‍വീസ് ഭൂപടത്തില്‍ കേരളത്തിന്റെ ഈ അഭിമാന സ്ഥാപനം തിളങ്ങി നില്‍ക്കുകയാണ്. 2008ല്‍ പത്താം റാങ്കുള്‍പ്പെടെ 20 പേരെ വിജയിപ്പിച്ചു. 2009ല്‍ 17 പേരാണ് ഐ.എ.എസ് അക്കാദമിയുടെ വിജയപ്പട്ടികയിലുള്ളതെങ്കിലും അതില്‍ നാലാം റാങ്ക് എന്ന നേട്ടത്തിന്റെ പകിട്ടുണ്ടായിരുന്നു. 2010ല്‍ നാലാം റാങ്കും 19-ാം റാങ്കും ഉള്‍പ്പെടെ 33 പേരെ വിജയിപ്പിച്ചു. 2011ല്‍ 31 പേരാണ് അക്കാദമിയുടെ ബാനറിന് കീഴില്‍ ഉന്നതിയിലേക്ക് പറന്നത്. 2012 കേരളം അഭിമാനത്തോടെ തലയുയര്‍ത്തിയ വര്‍ഷമായിരുന്നു. അക്കാദമിക്ക്- ഹരിത.വി കുമാറിന് ഒന്നാം റാങ്ക്. ശ്രീറാം വെങ്കിട്ടരാമന് രണ്ടാം റാങ്ക്. 41 പേരെയാണ് അന്ന് അക്കാദമി രാഷ്ട്രത്തിന് സംഭാവ ചെയ്തത്. ഇക്കഴിഞ്ഞ വര്‍ഷം 46 പേരെയാണ് അക്കാദമി വിജയിപ്പിച്ചെടുത്തത്.
ഐ.എ.എസ് നേടാന്‍ ആഗ്രഹിക്കുന്നവരോട് അക്കാദമി അധൃതര്‍ക്ക് ഒന്നേ പറയാനുള്ളൂ. ശ്രമിച്ചാല്‍ നിസാരം. അഞ്ച് ലക്ഷം പേര്‍ പരീക്ഷ എഴുതുമ്പോള്‍ അതില്‍ 12,000 പേര്‍ തെരഞ്ഞെടുക്കപ്പെടുന്നു. തുടര്‍ന്നുള്ള പരീക്ഷയില്‍ 3,000 പേര്‍ സെലക്ട് ചെയ്യപ്പെടുന്നു. ഇവരെ ഇന്റര്‍വ്യൂന് വിളിക്കുകയും ഇന്റര്‍വ്യൂയിലും പരീക്ഷയിലും കൂടുതല്‍ മാര്‍ക്ക് നേടുന്നവരെ സെലക്ട് ചെയ്യുകയും ചെയ്യുന്നതാണ് രീതി. തിരുവനന്തപുരം ഐ.എ.എസ് അക്കാദമിയില്‍ മറ്റൊരു മാതൃക കൂടി സമ്മാനിക്കുന്നു. രാവിലെ ഏഴു മണി മുതല്‍ രാത്രി 10 വരെ ക്ലാസുകളുണ്ടിവിടെ. ഇത് ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവിലില്ലാത്തതാണ്.
കോഴിക്കോടും പാലക്കാടും സിവില്‍ സര്‍വീസ് അക്കാദമിയുടെ സെന്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ കേരളത്തിലെവിടെയും ഐ.എ.എസിന് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. മൂവാറ്റുപുഴയിലും ചെങ്ങന്നൂരിലും വൈകാതെ സെന്ററുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

ആയിരം പേര്‍, ഒരേയൊരു മോഹം

സിവില്‍ സര്‍വീസ് അക്കാമിയുടെ ക്ലാസ് മുറികളില്‍ ഈ വര്‍ഷം ആയിരം പേരുടെ സ്വപ്നങ്ങളാണ് പ്രകാശിപ്പിക്കുന്നത്. ഇതില്‍ ചില അപൂര്‍വ പ്രതിഭകളുണ്ടാകാം, ഒരേ ലക്ഷ്യത്തിലേക്ക് നടക്കുന്നവന്റെ ആശങ്കളോ ആകുലതകളോ ഇവിടെ കാണാനില്ല. എല്ലാവരും പരസ്പരം പങ്കുവെക്കലിന്റെ വിദ്യാഭ്യാസ മാതൃകയാണ് സ്വീകരിക്കുന്നത്. രണ്ടുബാച്ചുകളിലും വീക്കെന്‍ഡ് ക്ലാസിലുമായി പ്രിലിമിനറിയില്‍ 343 പേരാണ് അക്കാദമിയില്‍ പഠിക്കുന്നത്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥകളായി 147 പേര്‍, രണ്ടാം വര്‍ഷത്തില്‍ 41, ക്രാഷ് സ്റ്റഡീസില്‍ 61 പേര്‍, ഫൗണ്ടേഷന്‍ കോഴ്‌സില്‍ 181 ഉം 74ഉം പേരുണ്ട്. അക്കാദമി എപ്പോഴും നിറഞ്ഞുതന്നെ നില്‍ക്കുന്നു. വിശാലമായ പുസ്തക ശേഖരത്തില്‍ നിന്ന് അറിവിന്റെ അക്ഷയ ഖനികള്‍ തേടി ഇവിടെ സുന്ദരിമാരും സുന്ദരന്‍മാരും ഉണര്‍ന്നുതന്നെയിരിക്കുന്നു. 20 വര്‍ഷത്തിലേറെ അധ്യാപന പരിചയമുള്ള 70 അധ്യാപകരാണ് അക്കാദമിയില്‍ ക്ലാസുകള്‍ നയിക്കുന്നത്. 30,000 രൂപ മാത്രമാണ് ഫീസ്. ഇന്റര്‍വ്യൂവിന് ഡല്‍ഹിയില്‍ പോകാനുള്ള വിമാന ടിക്കറ്റ്, കേരള ഹൗസില്‍ ഏഴുദിവസത്തെ സൗജന്യ താമസം തുടങ്ങിയവയെല്ലാം സൗജന്യമായി നല്‍കുകയും ചെയ്യുന്നു.

ഒരു സുപ്രഭാതത്തില്‍ ഐ.എ.എസ് നേടാമെന്ന് ആരും ആഗ്രഹിക്കാറില്ല. സിവില്‍ സര്‍വീസ് പരീക്ഷക്ക് തയാറെടുക്കുന്നവരെല്ലാം അതൊരു സ്വപ്നമായി കൊണ്ടുനടക്കുന്നവരോ അല്ലെങ്കില്‍ വളരെ കുട്ടിക്കാലത്തു തന്നെ ആഗ്രഹിക്കുന്നവരോ ആയിരിക്കും. ഇവിടെ സിവില്‍ സര്‍വീസ് അക്കാദമി ഒരു തലമുറയെ ഐ.എ.എസിലേക്ക് വിളിക്കുകയാണ്. ടാലന്റ് ഡെവലപ്‌മെന്റ് എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അക്കാദമി പരീശീലനം നല്‍കുന്നു. നാളെയിലേക്കുള്ള ചവിട്ടുപടി ബലമുള്ളതാക്കാന്‍, കുട്ടികളുടെ ബൗദ്ധിക വികാസം ഉറപ്പാക്കാന്‍ അക്കാദമി നടത്തുന്ന ഈ പ്രവര്‍ത്തനം ഇതിനകം രാജ്യത്തൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ വെക്കേഷന്‍ ക്ലാസുകളും ശനി, ഞായര്‍ അവധി ക്ലാസുകളുമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്നത്. ഇതിന്റെ ആദ്യഫലം ഈ വര്‍ഷം ലഭിച്ചു. ഇത്തരത്തില്‍ പഠിച്ചവരില്‍ ഒരാള്‍ അക്കാദമിയുടെ നേട്ടത്തില്‍ കണ്ണിയായി.
മുതിര്‍ന്ന ഐ.എ.എസുകാര്‍ അക്കാദമിയിലെത്തി ക്ലാസെടുക്കുന്നുണ്ട്. വിലപ്പെട്ട മണിക്കൂറുകളാണതെന്ന് ഇവിടത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്താണ് മുന്‍ ഐ.എ.എസുകാര്‍ പഠിതാക്കളോട് പറയുന്നത്..! അവര്‍ പഠിപ്പിക്കുകയേ അല്ല. സജീവമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെ കുറിച്ച് സംസാരിച്ചുപോവുകയാണ്. എന്നാല്‍ അതില്‍ എല്ലാമുണ്ടാകും.
ഓഗസ്റ്റ് 15ന് അക്കാദമിയുടെ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിടും. 5.85 കോടിയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.  54 സെന്റില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കാമ്പസാണ് അക്കാദമിക്കുള്ളതെങ്കിലും അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. വിദ്യാഭ്യാസ വകുപ്പ് അക്കാദമിയുടെ പ്രവര്‍ത്തനത്തിന് കൂ
ടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു.

ആശാവഹം: കെ.പി നൗഫല്‍, ഡയറക്ടര്‍, സിവില്‍ സര്‍വീസ് അക്കാദമി

ഞാന്‍ അക്കാദമി ഡയറക്ടറായി ചുമതലയേറ്റ ശേഷം കിട്ടുന്ന അവസരങ്ങളിലെല്ലാം കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോട് പറയാന്‍ ശ്രമിച്ചിട്ടുള്ളത് ഐ.എ.എസനെ ഭയക്കരുതെന്നാണ്. സിവില്‍ സര്‍വീസ് ഇന്ന് സാധാരാണ ജനത്തിന്റെ വിദ്യാഭ്യാസ ചിന്തകളില്‍ പെട്ടതാണ്. ഐ.എ.എസ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്കയേ വേണ്ട. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ഇടപെടുന്നതില്‍ ഡയറക്ടര്‍ എന്ന നിലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലും ഞാന്‍ തയാറാണ്.
ഡോക്ടര്‍, എഞ്ചിനീയര്‍ എന്ന പതിവു ചിന്തയില്‍ നിന്ന് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം അടിമുടി മാറുന്നതിന്റെ സൂചനയാണ് ഓരോ വര്‍ഷവും ഐ.എ.എസ് വിജയകിരീടമണിഞ്ഞ് കേരളം ആഘോഷിക്കുന്നത്. ഒരാള്‍ ഐ.എ.എസുകാരന്‍ ആകണമെങ്കില്‍ അയാള്‍ മാത്രം തീരുമാനിച്ചാല്‍ മതി. പഠിക്കുന്ന കാര്യത്തില്‍ താങ്ങും തണവുമാകാന്‍ ആരെങ്കിലും വേണമെന്നൊരു ചിന്ത പണ്ടൊക്കെ സജീവമായിരുന്നു.
ഇന്നാകട്ടെ താങ്ങും തണലുമാകാന്‍ നവ സാങ്കേതിക വിദ്യയുടെ അപാരമായ സാധ്യതകളുണ്ട്. മുന്‍കാല ഐ.എ.എസുകാര്‍ കഷ്ടപ്പെട്ടതു പോലെ ഇന്നത്തെ കുട്ടികള്‍ക്ക് പാടുപെടേണ്ടി വരുന്നില്ല. മാത്രമല്ല, ഒരു ഡോക്ടര്‍ പ്രഗത്ഭനായ ഒരു ഡോക്ടര്‍ ആകണമെങ്കില്‍ കുറഞ്ഞത് പത്തുവര്‍ഷമെങ്കിലും ആ മേഖലയില്‍ പ്രവര്‍ത്തിക്കണം. പിന്നെ ജനത്തിന്റെ, അതായത് രോഗികളുടെ വിശ്വാസ്യത നേടിയെടുക്കണം. എഞ്ചിനീയറുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇവ രണ്ടും മോശമെന്നല്ല. ഇതിനെക്കാളൊക്കെ വേഗം തൊഴിലും വരുമാനവും പദവിയും സ്വന്തമാക്കാന്‍ ഐ.എ.എസിന് കഴിയുന്നു. സിവില്‍ സര്‍വീസ് കഠിനമല്ല, ധൈര്യമായി പുതിയ തലമുറയിലെ കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.



(2014 ഓഗസ്റ്റ് ലക്കം മഹിളാ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്)


Friday, August 15, 2014

ഇത് ഐ.എ.എസ് കാലം 

ജെ. ലളിതാംബിക  / ഫിര്‍ദൗസ് കായല്‍പ്പുറം

''അന്നൊക്കെ ഒരു പെണ്ണിന് ഐ.എ.എസ് മോഹമുണ്ടായാല്‍ അതൊരു അപരാധമായി കാണുന്ന കാലമായിരുന്നു. ഇവള്‍ക്ക് ഇത്രയൊക്കെ പഠിച്ചാല്‍ പോരേ എന്ന ചിന്ത. തിരുവിതാംകൂര്‍ ഗവണ്‍മെന്റില്‍ സെക്രട്ടറിയായിരുന്നു അച്ഛന്‍. എനിക്ക് 17 വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ഐ.എ.എസ് കിട്ടിക്കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞത് അച്ഛന്റെ അനുഗ്രഹമുള്ളതുകൊണ്ടാണ് ഞാന്‍ ഐ.എ.എസുകാരിയായതെന്ന്. പില്‍ക്കാലത്ത് സെക്രട്ടറിയേറ്റില്‍ അച്ഛന്‍ ഇരുന്ന അതേ മുറിയില്‍ ഐ.എ.എസുകാരിയായി ഇരിക്കാനായത് ആ അനുഗ്രഹം തന്നെയായിരിക്കാം''... മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥയും എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ജെ. ലളിതാംബികക്ക് പിന്നിട്ട വഴികളെ കുറിച്ച് പറയുമ്പോള്‍ അഭിമാനം.
ഇത് ഐ.എ.എസിന്റെ കാലമാണ്. എത്രയെത്ര വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ സിവില്‍ സര്‍വീസിലേക്ക് കടന്നുവരുന്നത്. ഇത് മാറുന്ന കാലത്തെയാണ് സൂചിപ്പിക്കുന്നത്. ഐ.എ.എസ് ഒരു കിട്ടാക്കനിയാണെന്ന ചിന്ത ഇപ്പോള്‍ ആര്‍ക്കുമില്ല. ശ്രമിച്ചാല്‍ നേടാനാവുന്ന ഏറ്റവും ഉന്നതിയിലുള്ള സ്ഥാനമാണിത്. തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ ലളിതാംബികയെ കാണാനെത്തിയപ്പോള്‍ അവര്‍ പുതിയ കാലത്തെ ഐ.എ.എസ് നേട്ടങ്ങളില്‍ സന്തോഷിക്കുന്നു. കേരളത്തിന്റെ ഐ.എ.എസ് ചരിത്രരേഖകളില്‍ മായാത്ത നാമമാണല്ലോ ലളിതാംബിക...


ഐ.എ.എസ്- 1966

ഞാന്‍ ഐ.എ.എസിന് പഠിക്കുമ്പോള്‍ പഠന സൗകര്യങ്ങള്‍ക്ക് ഏറെ പ്രയാസമുള്ള കാലമായിരുന്നു. റഫര്‍ ചെയ്യാനുള്ള സൗകര്യങ്ങളില്ല. ഒരു പുസ്തകം തേടി ലൈബ്രറികള്‍ തോറും നടന്നിട്ടുണ്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഇല്ലെന്ന് മാത്രമല്ല, കൊറിയര്‍ സര്‍വീസും സ്പീഡ് പോസ്റ്റും പോലുള്ള സംവിധാനങ്ങളുമില്ല. ഡല്‍ഹിയില്‍ നിന്ന് ഒരു പുസ്തകം വരുത്തി വായിക്കണമെങ്കില്‍ ഓര്‍ഡര്‍ അവിടെയെത്താന്‍ രണ്ടാഴ്ച. അവര്‍ ഒരാഴ്ച കഴിഞ്ഞ് പുസ്തകം അയച്ചുതരും. അതിവിടെയെത്തുമ്പോള്‍ വീണ്ടും രണ്ടാഴ്ച. പിന്നെങ്ങനെ പഠിക്കും?. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചും അന്നത്തെ പരിമിതമായ സാഹചര്യങ്ങള്‍ ഉപയോഗിച്ചും എങ്ങനെയൊക്കയോ പഠിച്ചു. അന്ന് പഠിക്കാന്‍ പ്രയാസമുളളതു കൊണ്ടാകം, പഠിച്ചതെല്ലാം ആഴത്തില്‍ പഠിച്ചു.
ഞങ്ങള്‍ പഠിക്കുന്ന സമയത്ത് 24 വയസ് തികയുന്നതിന് മുമ്പ് പരീക്ഷ എഴുതണം. എം.എ കഴിയുമ്പോള്‍ തന്നെ 21 വയസ് കഴിയും. മാത്രമല്ല അന്ന് രണ്ട് ചാന്‍സേയുള്ളൂ. ഇപ്പോള്‍ 36 വയസുവരെ എഴുതാനാവും ആറ് ചാന്‍സുമുണ്ട്. റഫറന്‍സിന് ആവശ്യം പോലെ സൗകര്യമുണ്ട്. ഇന്റര്‍നെറ്റിലൂടെ എല്ലാം പഠനോപാധികളും ലഭിക്കുന്നു. ഇതൊക്കെ നല്ലതാണ്. അറിവ് ശേഖരിക്കല്‍ എളുപ്പമാകുക എന്നത് സാങ്കേതിക വിദ്യയുടെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ്.
സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കമാണെന്ന് പറയപ്പെടുന്ന ബീഹാറില്‍ നിന്ന് ഞങ്ങളുടെ കാലത്തും ധാരാളം ഐ.എ.എസുകാരുണ്ടായിട്ടുണ്ട്. ഇന്നും അതിന് മാറ്റമില്ല. പക്ഷേ, കേരളമാണ് ഇപ്പോള്‍ സിവില്‍ സര്‍വീസില്‍ പെട്ടെന്നുള്ള പുരോഗതി കൈവരിച്ചിരിക്കുന്നത്. ഇപ്പോള്‍ പെണ്‍കുട്ടികളോട് ആളുകള്‍ ചോദിക്കുന്നത് എന്താ ഐ.എ.എസിന് പോകാത്തത് എന്നാണ്.
ഏഴ് മലയാളികളാണ് 1966 ബാച്ചിലുണ്ടായിരുന്നത്. ഏഴുപേരില്‍ രണ്ട് പേര്‍ എഞ്ചിനീയര്‍മാരായിരുന്നു. സ്ത്രീകള്‍ രണ്ടുപേര്‍- ഞാനും സതി നായരും. കേന്ദ്രസര്‍വീസില്‍ കേരളത്തില്‍ നിന്ന് ആകെ 12 പേര്‍. കേരള കേഡറില്‍ നിന്നുള്ള മലയാളി വനിതയായിരുന്നു ഞാന്‍. ഒരു സ്ത്രീയെക്കൊണ്ട് ഇതിനൊക്കെ കഴിയുമോ സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ ആദ്യമുണ്ടായ വെല്ലുവിളി. സത്യത്തില്‍ അത്തരമൊരു ധാരണ എല്ലാവര്‍ക്കുമുണ്ടായിരുന്നു. അതിന്റെ ഫലമായി ഐ.എ.എസുകാരുള്‍പ്പെടെയുള്ള സ്ത്രീകള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയാറായി. കൂടുതല്‍ സമയം എന്നതിലുപരി ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സന്നദ്ധരായി. ഒരു സ്ത്രീ കലക്ടറായാല്‍ ശരിയാവില്ലെന്ന ധാരണ തിരുത്താന്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ഐ.എ.എസുകാര്‍ക്ക് കഴിഞ്ഞു. ഇന്ന് കണ്ണൂരിലും കാസര്‍കോടും സ്ത്രീകള്‍ക്ക് കലക്ടര്‍മാരാകാം. ഏത് വകുപ്പിന്റെ തലപ്പത്തും സ്ത്രീ സാന്നിധ്യമുണ്ട്.

കലക്ടര്‍ പദവി കാരുണ്യ പ്രവര്‍ത്തി

ഒരു വിധവക്ക് പെന്‍ഷന്‍ കിട്ടാന്‍ കലക്ടര്‍ ചെയ്യേണ്ടത് ഒരു പേപ്പറില്‍ ഒപ്പുവെക്കല്‍ മാത്രമാണ്. ആ സ്ത്രീക്കാകട്ടെ അവരുടെ ജീവിതവും. ഒരാള്‍ക്ക് കുടികിടപ്പ് അവകാശം (ഭൂമിയുടെ ഉയമസ്ഥത) നല്‍കാന്‍ കലക്ടര്‍ ഒരു ഓര്‍ഡര്‍ ഇടണം. അയാള്‍ക്കും കുടുംബത്തിനും അത് ആജീവനാന്ത സുരക്ഷിതത്വമാണ്. ഐ.എ.എസുകാര്‍ക്ക് എപ്പോഴും സാധാരണക്കാരനെ സഹായിക്കാന്‍ കഴിയുന്നു. അവന്റെ ജീവിതവ്യഥകളെ നേരിട്ട് മനസിലാക്കാനാവുന്നു. ഏത് വകുപ്പിന്റെ ചുമതല ആയാലും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനായാല്‍ ഐ.എ.എസ് ഉദ്യോഗം ഒരു കാരുണ്യ പ്രവര്‍ത്തിയാകും.
ഒരു മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നത കാരണം എന്നെ പട്ടികജാതി വികസന വകുപ്പിലേക്ക് മാറ്റി. അപ്പോള്‍ എല്ലാവരും പറഞ്ഞത് പ്രാഗത്ഭ്യമുള്ള ഒരു സീനിയര്‍ ഓഫീസറെ ഈ ചെറിയ വകുപ്പിലേക്ക് മാറ്റിയത് ശരിയായില്ലെന്നായിരുന്നു. അന്ന് കരുണാകരന്‍ സാറായിരുന്നു മുഖ്യമന്ത്രി. തനിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥയായതുകൊണ്ടാണ് ആ വകുപ്പിലേക്ക് മാറ്റിയതെന്നും വീഴ്ച സംഭവിച്ചാല്‍ താന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി. എനിക്ക് ഏറ്റവും നന്നായി പ്രവര്‍ത്തിക്കാനായത് ആ വകുപ്പിലായിരുന്നു. കേരളത്തിലുടനീളം സഞ്ചരിച്ച് പട്ടികജാതി മേഖലയുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞു. ഒട്ടേറെ കാര്യങ്ങള്‍ അവര്‍ക്കുവേണ്ടി ചെയ്യാനുമായി. 36 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ വിരമിച്ചിട്ട് ഇപ്പോള്‍ 12 വര്‍ഷമായി. ഇപ്പോഴും ചിലര്‍ സ്ഥലങ്ങളില്‍ വെച്ച് കാണുമ്പോള്‍ സര്‍വീസിലുണ്ടായിരുന്നപ്പോള്‍ എടുത്ത നല്ല തീരുമാനങ്ങളുടെ ഗുണഭോക്താക്കള്‍ സ്‌നേഹത്തോടെ സ്വീകരിക്കാറുണ്ട്.

പ്രായോഗിക വിദ്യാഭ്യാസ രീതി

പഠിക്കേണ്ടത് എങ്ങനെയെന്ന് മനസിലാക്കി വലിയൊരു കൂട്ടമാണ് ഇപ്പോള്‍ ഐ.എ.എസിന് തയാറെടുക്കുന്നത്. പത്തുമണിക്കൂര്‍ വീതം ഒരു വര്‍ഷം സ്ഥിരമായി പഠിച്ചാല്‍ നേടാനാവുന്നതാണ് ഐ.എ.എസ്. കഠിനമായ അധ്വാനമാണ് ഇക്കാര്യത്തിലുള്ളത്. ഇന്ത്യയിലെ ഏറ്റവും മിടുക്കര്‍ പങ്കെടുക്കുന്ന പരീക്ഷയാണ്. ഹരിത.വി. കുമാര്‍ എത്രത്തോളം മിടുക്കിയായ കുട്ടിയാണ്. അവര്‍ ഓരോ ചാന്‍സും ഉപയോഗപ്പെടുത്തി. ഒടുവില്‍ കേരളത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കി. ധാരാളം പേര്‍ ഇപ്പോള്‍ മുന്നോട്ടു വരുന്നുണ്ട്. മെഡിസിനും എഞ്ചിനീയറിംഗും മാത്രം സ്വപ്നം കണ്ടിരുന്ന ഒരു കാലത്തുനിന്ന് ഒരു കാലം തന്നെ ഐ.എ.എസിലേക്ക് കടന്നിരിക്കുന്നു. പണ്ട് പ്രധാനമായും കുട്ടികള്‍ മടിച്ചത് ഡല്‍ഹിയിലൊക്കെ കോച്ചിംഗിന് പോകണമെന്നതു കൊണ്ടാണ്. ഇപ്പോള്‍ അതിന്റെയും ആവശ്യമില്ല. തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ ഐ.എ.എസ് അക്കാദമി ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം കോച്ചിംഗ് സെന്ററുകളുണ്ട്.
ഒരുമിച്ചിരിക്കാനും പരസ്പരം ഷെയര്‍ ചെയ്യാനും കഴിയുന്ന വിധത്തിലുള്ള പഠന രീതിയാണ് ഐ.എ.എസ് റിസള്‍ട്ട് നന്നാകാന്‍ കാരണമെന്ന് ഞാന്‍ കരുതുന്നത്. ഇന്ന് കോച്ചിംഗ് സെന്ററുകള്‍ നല്‍കുന്നത് ശരിക്കും പ്രായോഗികമായ വിദ്യാഭ്യാസ രീതിയാണ്. ഒരുമിച്ചിരുന്നത് ചര്‍ച്ച ചെയ്ത് പഠിക്കുക എന്ന സമ്പ്ര

ആസ്വാദ്യകരമായ തിരക്ക്

ഞാനൊക്കെ സര്‍വീസില്‍ വരുന്നകാലത്തെ പോലെയല്ല ഇപ്പോള്‍. ഏതുപോസ്റ്റിലും നല്ല ശമ്പള സ്‌കെയിലാണ്. അത്യാവശ്യം ജീവിക്കാന്‍ പര്യാപ്തമായ ശമ്പളമാണ് നല്‍കുന്നത്. അത് ഇത്രലക്ഷം, ഇത്ര കോടി എന്ന തരത്തില്‍ താരതമ്യപ്പെടുത്തേണ്ടതില്ല. ജോലിയുടെ പ്രത്യേകതയും എടുത്തുപറയേണ്ടതുണ്ട്. പണ്ടത്തെ പോലെ സങ്കീര്‍ണമല്ല. ഇപ്പോള്‍ ജോലി ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്.
ഡോക്ടറുടെ മക്കള്‍ ഡോക്ടര്‍മാരും എഞ്ചിനീയറുടെ മക്കള്‍
എഞ്ചിനിയര്‍മാരും ആകുന്നതുപോലെ ഐ.എ.എസുകാരുടെ മക്കളും അതിന് ശ്രമിക്കാറുണ്ട്. എന്റെ രണ്ടുമക്കളും അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചീനിയേഴ്‌സാണ്. രണ്ടുപേരും നല്ല മിടുക്കന്മാരാണ്. അവര്‍ ഐ.എ.എസിലേക്ക് വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം എന്റെ സര്‍വീസ് കാലത്തെ തിരക്കുകള്‍ കണ്ടാകണം അവര്‍ സിവില്‍ സര്‍വീസ് ആഗ്രഹിച്ചില്ല. പലപ്പോഴും വീട്ടില്‍ അവര്‍ രണ്ടുപേര്‍ മാത്രമാകുന്നു. അമ്മക്കും അച്ഛനും തിരക്ക്. മന്ത്രിസഭാ യോഗങ്ങള്‍ ഉള്ള ദിവസങ്ങളില്‍ ചിലപ്പോള്‍ രാത്രിയാകും ഓഫീസില്‍ നിന്ന് വീട്ടിലെത്താന്‍. നിയമസഭ ചേരുമ്പോഴാകട്ടെ വിചാരിക്കുന്ന സമയത്തൊന്നും ഫ്രീയാകാന്‍ കഴിഞ്ഞെന്നു വരില്ല. ഈ തിരക്കിനും ഒരു സുഖമുണ്ട്.
അതുകൊണ്ട് അവര്‍ കുട്ടിക്കാലത്തു തന്നെ മക്കള്‍ ഐ.എ.എസ് മോഹം ഉപേക്ഷിച്ചു. ഇപ്പോള്‍ രണ്ടുപേരും അമേരിക്കയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ട്. ഞാന്‍ മക്കളോട് പറയും നിങ്ങള്‍ ഏതോ കമ്പനികള്‍ക്കു വേണ്ടി പണി ചെയ്ത് സമ്പാദിക്കുന്നുണ്ട്, എന്നാല്‍ അതുകൊണ്ട് എന്താണ് പ്രയോജനമെന്ന്. ശനിയും ഞായറും നിങ്ങള്‍ എന്‍ജോയ് ചെയ്യുന്നുണ്ടാവാം. ഐ.എ.എസിന്റെ വ്യത്യാസം ഇതിനെല്ലാം അപ്പുറമാണ്. ഇതുപോലൊരു അവസരം വേറൊരു സര്‍വീസിനുമില്ല. ഒരു വലിയ ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥന് സാധാരണക്കാരനുമായി ബന്ധപ്പെടാനാവില്ല. സിവില്‍ സര്‍വീസ് ഏത് മേഖലയിലായാലും സാധാരണക്കാരനുമായി നേരിട്ട് ഇടപഴകാന്‍ കഴിയുന്നതാണ്. കമ്പനിക്ക് 20 ലക്ഷം രൂപ വരുമാനമുണ്ടാകുമ്പോഴായിരിക്കും ഉദ്യോഗസ്ഥന് രണ്ട് ലക്ഷം രൂപ ലഭിക്കുന്നത്.
ഞാന്‍ പറയുന്നത്, ഐ.എ.എസിലേക്ക് വരുന്ന ഒരാള്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്നാണ്. പദവിയുടെ മഹത്വം മനസിലാക്കാന്‍ കഴിയണം.

ഇത് ഐ.എ.എസിന്റെ കാലം

ഇപ്പോള്‍ ഞാന്‍ സാഹിത്യരചനയും അല്‍പ്പം സാമൂഹ്യ പ്രവര്‍ത്തനവുമായി കഴിഞ്ഞുകൂടുകയാണ്. ക്യാന്‍സര്‍ രോഗികളെ പരിചരിക്കുന്ന ആശ്രയ എന്ന സംഘടനയുണ്ട്. ജീവിതം മരവിച്ചുപോയവര്‍ക്ക് താങ്ങാവുന്ന പ്രവര്‍ത്തിയാണത്. സിവില്‍ സര്‍വീസ് രംഗത്തുനിന്ന് ഇത്തരമൊരു മേഖലയില്‍ പ്രവര്‍ത്തിക്കേണ്ടി വന്നപ്പോള്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. പാവങ്ങളായ രോഗികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാനാവുന്നുണ്ടല്ലോ എന്ന ചാരിതാര്‍ത്ഥ്യം. ഐ.എ.എസ് രംഗത്തക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് എന്തുസഹായവും ചെയ്യാന്‍ തയാറാണ്. ഇടക്കിടെ ഐ.എ.എസ് അക്കാദമിയില്‍ പോയി വിദ്യാര്‍ത്ഥികളുമായി സംവദിക്കാറുണ്ട്. അതിവേഗം മുന്നേറുന്ന ലോകത്ത് കേരളത്തില്‍ നിന്ന് കൂടുതല്‍ ഐ.എ.എസുകാര്‍ ഉണ്ടാകട്ടെ. അത് നാടിന്റെ സാമൂഹ്യ, സാംസ്‌കാരിക വളര്‍ച്ചക്ക് ഉപകരിക്കും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.


(2014 ഓഗസ്റ്റ് ലക്കം മഹിളാ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്)


Sunday, July 13, 2014



കൂട്ടായ്മയുടെ കരുത്തില്‍ അതിജീവനം

ഫിര്‍ദൗസ് കായല്‍പ്പുറം

 വര്‍ണ നൂലുകളില്‍ മുത്തുകൊരുത്ത്, വര്‍ണക്കടലാസുകള്‍ കൊണ്ട് വിസ്മയമൊരുക്കി, നിറങ്ങളോട് സല്ലപിച്ചും പരിഭവിച്ചും പ്രീത മെനഞ്ഞെടുക്കുന്നത് ജീവിതമാണ്. ഈ നിറങ്ങളില്‍ നിരാശയില്ല. തിളക്കമുള്ള കമ്മലും മാലയും കൊലുസും ജീവിതത്തിന് നിറച്ചാര്‍ത്തേകുന്നു. അങ്ങനെ ജീവിതത്തിന്റെ പാഠപുസ്തകം പൂര്‍ണമായി വായിച്ചു പഠിക്കുന്നു പ്രീത. ദുരിതം നിശ്ചലമാക്കിയ ശരീരവും കടലോളം ആഗ്രങ്ങള്‍ അലയടിക്കുന്ന മനസുമായി പ്രീത വായിക്കുന്നു, എഴുതുന്നു, പാട്ടുകേള്‍ക്കുന്നു... ഇരുകാലുകളും തളര്‍ന്ന് വീല്‍ച്ചെയറില്‍ ജീവിതം ഇഴയുമ്പോള്‍ പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകളെ സ്വീകരിക്കുകയും പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് അവയെ ഉപയോഗപ്പെടുത്തകയുമാണിവര്‍. വിധിയെ തോല്‍പ്പിക്കാനുള്ള കരുത്താണ്  ഈ 33 കാരിയുടെ പ്രത്യേകത. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്തത്ര അവശതയിലേക്ക് വിധി ക്രൂരതകാട്ടിയപ്പോള്‍ അതിര്‍ത്തികളില്ലാത്ത ലോകത്ത് വിഹരിക്കുകയാണ് പ്രീത. തന്റെ ചിന്തകളെയും അഭിപ്രായങ്ങളെയും വിദൂരങ്ങളിലെവിടയൊക്കയോ നട്ടുവളര്‍ത്തുകയാണിവര്‍. 
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് പ്രീതയുള്ളത്. പഠനത്തില്‍ മിടിക്കിയായിരുന്നു പ്രീത. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും രണ്ടുമക്കളില്‍ ഇളയവള്‍. ഒരു സാധാരണ കര്‍ഷക കുടുംബം. പ്രാരാബ്ദങ്ങള്‍ക്ക് നടുവിലെ ജീവിതം. കഷ്ടതകള്‍ക്ക് നടുവിലും ഇന്ന് ഈ വീട് എല്ലാവരുമറിയും- കാരണം പ്രീത ലോകത്തെ ഈ വീട്ടിലേക്ക്
വിളിച്ചിരിക്കുകയാണല്ലോ...
പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പ്രീതയുടെ ജീവിത്തിലേക്ക് വിധി ക്രൂരമായ കടന്നുകയറ്റം നടത്തിയത്. നട്ടെല്ലിന്റെ ഭാഗത്ത് ചെറിയൊരു വളവും ഒരു കാലിന് മുടന്തും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇരുകാലുകളും പൂര്‍ണമായി തളര്‍ന്നു. വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ശ്രമിച്ചിട്ടും പ്രീതക്കുണ്ടായ വൈകല്യം മറികടക്കാനായില്ല. തുടര്‍ന്ന് നട്ടെല്ലിന് ട്യൂമറാണെന്ന് കണ്ടെത്തി ഓപ്പറേഷന്‍ ചെയ്തു. ഓപ്പറേഷനു ശേഷവും പ്രീത വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്നു. എപ്പോഴും ചിരിച്ചും കവിതയെഴുതിയും യാത്ര ചെയ്യാന്‍ കൊതിച്ചും പ്രീത സമൂഹത്തിന്റെ ഭാഗമായി തന്നെ സന്തോഷവതിയാണ്. വിധിയെ പഴിക്കാതെ നിശ്ചലതയില്‍ നിന്ന് പുതിയ കാലത്തെ സ്വപ്നം കാണികയാണ്.
പല പല വര്‍ണങ്ങളെ ചേര്‍ത്തുവെച്ച് പ്രീത ഒരു കമ്മല്‍ ഉണ്ടാക്കുമ്പോള്‍ അതിലെ മുത്തലങ്കാരങ്ങളില്‍ നിന്ന്, ആ തിളക്കത്തില്‍ നിന്ന് സൗന്ദര്യവും സംഗീതവും കണ്ടെത്തുകയാണ്. 2011 മുതലാണ് പ്രീത ആഭരണങ്ങളും അലങ്കാര വസ്തുക്കളും നിര്‍മിച്ചു തുടങ്ങിയത്. വീടിനുള്ളിലെ നാലുചുമരുകള്‍ക്കുള്ളില്‍ ജീവിതം വിരസമാകാതിരിക്കാനാണ് അലങ്കാര വസ്തുക്കളുടെ നിര്‍മാണം ആരംഭിച്ചത്. ആദ്യം കടലാസുകള്‍ കൊണ്ട് പൂക്കള്‍ ഉണ്ടാക്കി. വിവിധ തരം പൂക്കള്‍ ക്വാളിറ്റിയോടെ തന്നെ നിര്‍മിച്ചെടുത്തപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടു. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് പോലുള്ള സ്ഥാപനങ്ങള്‍ അവരുടെ പ്രോഗ്രാമുകള്‍ക്ക് അതിഥികളെ സ്വീകരിക്കാന്‍ പ്രീത നിര്‍മിച്ച പൂക്കളാണ് വാങ്ങിയത്. തുടര്‍ന്ന് ഗ്ലാസ് പെയിന്റിംഗിലായി ശ്രദ്ധ. സ്വന്തമായി ഗ്ലാസ് പെയിന്റിംഗ് ചെയ്ത ചിത്രങ്ങള്‍ പക്ഷേ, വില്‍പ്പനക്കല്ല. അവ പ്രീതയുടെ വീട്ടില്‍ മനോഹര ദൃശ്യമായി സൂക്ഷിച്ചിട്ടുണ്ട്.
പ്രീത ഒരു ബ്ലോഗളാണ്. തന്റെ സങ്കല്‍പങ്ങല്‍ കുറിച്ചിടാന്‍ ഒരു ബ്ലോഗ്- അതാണ് പ്രവാഹിനി ബ്ലോഗ്. തന്നെപ്പോലെ വൈകല്യത്തിന് ഇരയായി കഷ്ടപ്പെടുന്നവരുടെ ജീവിതമാണ്, അവരെ കുറിച്ചുള്ള കവിതകളാണ് പ്രീതയുടെ ബ്ലോഗിലുള്ളത്. ജീവിതത്തോണി, മരണം എന്നീ ബ്ലോഗു കവിതകളില്‍ ജീവിതത്തിന്റെ വിഹ്വലതകള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ വായിക്കാം. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന ബ്ലോഗര്‍മാരുടെ കൂട്ടായ്മയിലും പ്രീത സജീവമായിരുന്നു. പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ കഴിയാത്തവര്‍ക്കു കൂടി ലോകത്തെ കാണാനും അറിയാനും സാധിക്കുന്നെന്നതാണ് ഇന്റര്‍നെറ്റിന്റെ ഏറ്റവും വലിയ പ്രയോജനമെന്ന് പ്രീത തിരിച്ചറിയുന്നു.

തണലായി സൈബര്‍ സൗഹൃദം

പ്രീത ഇപ്പോള്‍ എവിടെയുണ്ടെന്ന് ചോദിച്ചാല്‍ ഫേസ്ബുക്കിലുണ്ട്. ഏതാനും വര്‍ഷങ്ങളായി പ്രീതയുടെ ജീവിതം വലിയ ലോകത്താണ്. വീടിനുള്ളിലെ ഏക കൂട്ടുകാരി അമ്മയാണ്. എന്നാല്‍ ഫേസ്ബുക്കിലൂടെ നൂറുകണക്കിന് സുഹൃത്തുക്കളുമായി പ്രീത ആശയവിനിമയം നടത്തുന്നു. പ്രീതയുടെ ജീവിത ദുരിതങ്ങള്‍ കേട്ടറിഞ്ഞ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ഇലക്‌ട്രോണിക് വീല്‍ചെയല്‍ വാങ്ങി നല്‍കി. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വൈദ്യുതി ചാര്‍ജ് ചെയ്യുന്ന വീല്‍ ചെയര്‍ രാവിലെ മുതല്‍ രാത്രിവരെ പ്രീതയുടെ 'ചെറിയ ലോകത്തെ' സഞ്ചാരങ്ങള്‍ക്ക് തുണയാകും.
പ്രീത ആദ്യകാലങ്ങളില്‍ ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നത് ഫോണ്‍ വഴിയായിരുന്നു. ഇതിനും ഫേസ്ബുക്ക് കൂട്ടുകാര്‍ തന്നെ പരിഹാരം കണ്ടെത്തി. അവര്‍ ഒരു കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങി നല്‍കി. ഇപ്പോള്‍ പ്രീതയുടെ ലോകം തെളിയുന്നത് കമ്പ്യൂട്ടറിലാണ്. ഈ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ലോകത്തെ ഏറ്റവും പുതിയ ആഭരണ മോഡലുകളെ തന്റെ വീടിനുള്ളിലെത്തിക്കുകയും പിന്നീടത് സ്വന്തം കരവിരുതിനാല്‍ കമ്മലും മാലയുമായി നിര്‍മ്മിച്ചെടുക്കുകയുമാണിവര്‍. ഓരോ പുതിയ മോഡലും നിര്‍മിക്കാന്‍ പ്രീതക്ക് ബുദ്ധിമുട്ടില്ല. ആദ്യം അമ്മയുമായൊരു ആലോചന. പിന്നെ മുത്തുകള്‍ മുറുക്കത്തോടെ കൊരുത്തെടുക്കും. മണിക്കൂറുകള്‍ വേണ്ടിവരുമെങ്കിലും പ്രീത ഒരു മാലയോ കമ്മലോ ഉണ്ടാക്കിയാല്‍ അതിന് അതിന്റേതായ അഴകുണ്ടാകും. ഇടക്കിടെ തോന്നയ്ക്കല്‍ സ്‌കൂളില്‍ കൊണ്ടുപോയി വില്‍ക്കാറുണ്ട്. അവിടത്തെ അധ്യാപികമാരും കുട്ടികളുമൊക്കെ പ്രീതയുടെ ആഭരണങ്ങള്‍ വാങ്ങും. താന്‍ നിര്‍മിക്കുന്ന ആഭരണങ്ങളുടെ പ്രചരണത്തിനായി ഒരു ഫേസ്ബുക്ക് പേജുമുണ്ട്- പി.ജെ ക്രാഫ്റ്റ്. ഈ പേജില്‍ വിവിധ മോഡല്‍ ആഭരണങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളുമുണ്ട്.
സൈബര്‍ ലോകത്ത് കളിചിരികള്‍ക്കപ്പുറം ആത്മാര്‍ത്ഥതയുടെ ഒരു സൗഹൃദ വലയമുണ്ടെന്ന് തരിച്ചറിഞ്ഞതാണ് തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നതെന്ന് പ്രീത പറയുന്നു. ഒട്ടേറെ പേര്‍ ഇവിടെ വരാറുണ്ട്. അവരല്ലാം തന്നോട് കാട്ടുന്ന സ്‌നേഹവും കരുണയും മറക്കാനാവില്ല.
ഇരുകാലുകളും തളര്‍ന്ന് ചികിത്സയും മറ്റുമായി ബുദ്ധിമുട്ടിയ കാലത്തൊക്കെ അച്ഛനും അമ്മയും ചേച്ചി ഗീതയുമല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ഇപ്പോള്‍ സ്‌നേഹം നല്‍കാനാണ് സംരക്ഷിക്കാനും ആരൊക്കയോ ഉള്ളതുപോലെ. അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കുന്ന വിറ്റുവരവിനെക്കാള്‍ അത് ലോകമാകെ കാണുന്നു എന്ന സംതൃപ്തി. അതിലെല്ലാമുപരി ഈ വീടിനകത്ത് ഒതുങ്ങുന്നില്ലെന്ന ആശ്വാസം.
പ്രവാഹിനി എന്ന ബ്ലോഗില്‍ പ്രീത ഇങ്ങനെ എഴുതുന്നു- ''സാമ്പത്തികമായും ശാരീരികമായും അവശരാണ് എന്റെ മാതാപിതാക്കള്‍. നടക്കാന്‍ കഴിയാത്ത എനിക്ക് രോഗം വന്നാല്‍ ആസ്പത്രിയില്‍ പോകാന്‍ വീട്ടിലേക്കൊരു വഴിപോലുമില്ല. എങ്കിലും എനിക്ക് നിരാശയില്ല. ജീവിതത്തില്‍ ഞാന്‍ സ്വപ്നം കാണുന്ന ഒരിടമുണ്ട്. അവിടെ എത്തിച്ചേരാനാവുമെന്ന വിശ്വാസം''. പ്രീതയില്‍ കാണുന്ന ഈ ആത്മവിശ്വാസമാണ് ജീവിതം എന്ന പാഠപുസ്തകത്തിന്റെ ആദ്യത്തെ പാഠം.
സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം ശാരീരിക വൈകല്യമുള്ളവരുടെ ചില കൂട്ടായ്മകളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ അവിടെയൊന്നും തന്റെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാറില്ല. കമ്മല്‍, മാല, കൊലുസ് തുടങ്ങി എല്ലാത്തരം ആഭരണങ്ങളും നിര്‍മിക്കുന്ന പ്രീതക്ക് ഒരാഗ്രഹമേയുള്ളൂ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം. ആഗ്രഹങ്ങള്‍ ഒരുപാടുണ്ട്, അതെല്ലാം സാധിക്കുമെന്ന വിശ്വാസവും. കൂട്ടായ്, തമലായി അച്ഛന്‍ ലക്ഷ്മണന്‍ പിള്ളയും അമ്മ ജലജയും ഒപ്പമുണ്ട്. കടുത്ത സാമ്പത്തിക പരാധീനത അനുഭവിക്കുമ്പോഴും ഈ കുടുംബത്തിന് പ്രീത അഭിമാനമാണ്. വിവിധ ദേശങ്ങളില്‍ കൂട്ടുകാര്‍, വിവിധ വര്‍ണങ്ങള്‍ കൊണ്ട് ജീവിതം അലങ്കരിക്കപ്പെടുന്നു, സ്വപ്നങ്ങളെ കര്‍മമാക്കുന്നു.....

(മഹിളാ ചന്ദ്രിക ജൂലൈ 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)


Saturday, June 28, 2014





മെസ്സി നൈമര്‍ - പ്രതിഭയുടെ സ്വര്‍ണത്തിളക്കം

  
മെസ്സി, നൈമര്‍... ഇരുവരും മഹാ പ്രതിഭകളാണ്. അതുകൊണ്ടുമാത്രം രണ്ട് വമ്പന്‍ ടീമുകള്‍ അഭിമാനം കാക്കുന്നു. ചിലിയുടെ ചില പിഴവുകളില്ലായിരുന്നെങ്കില്‍ ബ്രസീല്‍ ഇനി ഗ്യാലറിയില്‍ ഇരിക്കേണ്ടിവരുമായിരുന്നു. ചെറിയ ചെറിയ പാസുകളിലൂടെ ഗ്രൗണ്ടില്‍ കവിത രചിക്കുന്ന ബ്രസീലിയന്‍ ശൈലിയെ അംഗീകരിക്കാത്തവരായി ആരുമില്ല. പ്രതിരോധവും ആക്രമണവും കൈവശമുള്ള ഒരു ടീമിന് ഗോള്‍ നേടാന്‍ പ്രയാസമുണ്ടാവില്ല. ഇവിടെ മനസിലാക്കേണ്ട വസ്തുത, ഫുട്‌ബോള്‍ എന്ന കരയുദ്ധത്തില്‍ ആരും ആരെക്കാളും വലുതല്ല എന്നാണ്. നൈമര്‍ അസാമാന്യ പ്രതിഭയാണ്. അറിഞ്ഞുകൊണ്ട് ഒരിക്കലും ഫൗള്‍ ചെയ്യാത്ത, കളിയുടെ ശാസ്ത്രീയതക്ക് പ്രാധാന്യം നല്‍കുന്ന മാന്യനാണ് അദ്ദേഹം. സൂക്ഷ്മതയോടെ പന്ത് എത്തിച്ചുകൊടുത്താല്‍ ഏത് വന്‍മതില്‍ തകര്‍ത്തും ഗോള്‍മുഖം തുറക്കാന്‍ നൈമറിന് കഴിയും.
സമാനമാണ് മെസ്സിയും. അര്‍ജന്റീന കളിക്കുന്നില്ല, മെസ്സി കളിക്കുന്നു. ഇറാനുമായുള്ള മത്സരത്തില്‍ മെസി നേടിയ ഗോള്‍ ഫുട്‌ബോളിലെ അത്യപൂര്‍വ സൗന്ദര്യമായിരുന്നു. നൈജീരിയയുമായി കൊമ്പുകോര്‍ത്തപ്പോഴും മെസി മാജിക് മാത്രമായിരുന്നു കണ്ടത്. മെസ്സിയില്‍ രാജ്യം അമിത പ്രതീക്ഷ നല്‍കുമ്പോഴും സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ ടീമിനെ നയിക്കാന്‍ കഴിയുന്നതാണ് ഫുട്‌ബോളര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹത്വം.

അങ്ങ് ബ്രസീലില്‍ യുദ്ധം നടക്കുമ്പോള്‍ അര്‍ജന്റീന, ബ്രസീര്‍, ജര്‍മനി പേരുകള്‍ക്കപ്പുറം ഹോളണ്ടിന്റെ ചുണക്കുട്ടികള്‍ തൊടുക്കുന്ന ഓരോ ഷൂട്ടും ലോകം ഇമവെട്ടാതെ നോക്കിയിരിക്കുന്നു എന്നതും വിസ്മരിക്കാനാവില്ല.- അവര്‍ ഫുട്‌ബോള്‍ ലോകം കീഴടക്കിയാല്‍ അത്ഭുതപ്പെടാനില്ല.

Thursday, June 5, 2014

Saturday, May 24, 2014

വരയിലെ കാണാക്കാര്യങ്ങള്‍ 

ഫിര്‍ദൗസ് കായല്‍പ്പുറം

ഒരു മലയാളി ചാലിച്ചെടുത്ത വര്‍ണങ്ങളില്‍ നിന്ന് ദേശങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന ക്യാന്‍വാസ്. ചിത്രകലയുടെ അതിസൂക്ഷ്മമായ വഴികളിലൂടെയുള്ള സഞ്ചാരം. ഭാരതീയ ഇതിഹാസങ്ങളും തത്വചിന്തയും പകര്‍ത്തി, ഗ്രീക്കു പുരാണങ്ങളിലേക്കും അറേബ്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നതയിലേക്കും ആ വരവര്‍ണങ്ങള്‍ യാത്രതുടരുന്നു. ഇത് ജോസഫ് പാലയ്ക്കല്‍ എന്ന ജെ.ആര്‍ പാലയ്ക്കല്‍. അമേരിക്കല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ പോലും സാന്നിധ്യമറിയിച്ച ചിത്രകാരന്‍. വരകളുടെയും നിറങ്ങളുടെയും ലോകത്ത് ഒരു മലയാളിക്ക് കടന്നുചെല്ലാവുന്നിടത്തെല്ലാം ഈ കരസ്പര്‍ശം ഇതിനകം അനുഭവിച്ചു കഴിഞ്ഞു. നിറങ്ങളാണ് പ്രപഞ്ചത്തെ അനുഭവവേദ്യമാക്കുന്നത്. നിറങ്ങളിലെ സൗന്ദര്യം തേടുകയാണ് ഓരോ ചിത്രകാരനും...


ചരിത്രം, പുരാണം, സമകാലികം 

ജെ.ആര്‍ പാലയ്ക്കലിന്റെ വരകളില്‍ വിവിധ കാലങ്ങള്‍ക്കൊപ്പം വിവിധ സംസ്‌കാരങ്ങളുടെ സൂചകങ്ങളുമുണ്ട്. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങളുടെ ആത്മാവ് ചോരാതെ സ്ഥാനംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചിത്രരചനയുടെ പരമ്പരാഗത സമ്പ്രദായങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം വരയിലൂടെ വേറിട്ട ചിന്തകള്‍ സമ്മാനിക്കുകയാണ് ഈ ചിത്രകാരന്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല മുതല്‍ ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമി വരെ ചായക്കൂട്ടങ്ങളുടെ മാസ്മരികതയാല്‍ ചുവരില്‍ തെളിയുന്നു. ശങ്കരാചാര്യരുടെ 45 ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
ഖുര്‍ആന്റെയും ദര്‍ശനം ഉള്‍ക്കൊള്ളുന്നതും അറേബ്യന്‍ സംസ്‌കാരത്തിന്റെ വിവിധ കാലങ്ങളെ അടയാളപ്പെടുത്തിയും പാലയ്ക്കല്‍ ചായം ചാലിച്ചത് പതിനായിരത്തോളം ചിത്രങ്ങള്‍ക്കാണ്. ഓരോ ദേശത്തെയും കലയും സംഗീതവും നൃത്തവുമാണ് വരകളിലൂടെ സര്‍ഗസഞ്ചാരം നടത്തുന്നത്. ക്രിസ്തു, ബൈബില്‍ കാല സന്ദര്‍ഭങ്ങള്‍ എന്നിവ പ്രമേയമാക്കി ആയിരക്കണക്കിന് ചിത്രങ്ങള്‍. യൂറോപ്പിനെക്കാള്‍ മികച്ച ചിത്രകലാ പാരമ്പര്യമാണ് അറേബ്യക്കുള്ളത്.
ഇന്ത്യയില്‍ ഗാന്ധിജിയെ വരയ്ക്കാത്ത ചിത്രകാരന്മാരില്ല. എന്നാല്‍ ഉത്തര്‍ പ്രദേശിലെ പ്രശസ്തനായ ചിത്രകാരന്‍ ജെ.പി സിംഗാളിന് ശേഷം തനിമയുള്ള ഗാന്ധിചിത്രത്തിന് ജന്മം നല്‍കിയത് പാലയ്ക്കലാണ്. എട്ടു ഗാന്ധി ചിത്രങ്ങളാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെതായി വിപണിയിലുള്ളത്. നൂറ് വര്‍ഷത്തിന് മുമ്പ് രാജാ രവിവര്‍മ ഉപയോഗിച്ചിരുന്ന വിന്‍സന്‍ ആന്റ് ന്യൂട്ടണ്‍ കമ്പനിയുടെ ചായക്കൂട്ടാണ് പാലയ്ക്കല്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്നത്. 125 വര്‍ഷം പഴക്കമുള്ളതാണ് ഈ കമ്പനി.

സി.എച്ച് മഹാനായ ദാര്‍ശനിക പ്രതിഭ

ജെ.ആര്‍ പാലയ്ക്കല്‍ വരച്ച ആകെ ചിത്രങ്ങളുടെ എണ്ണം അഞ്ചുലക്ഷത്തിലേറെ. ഏതാണ്ട് അത്രതന്നെ ശില്‍പങ്ങള്‍ക്കു വേണ്ടിയും കരവിരുത് തെളിയിച്ചു. എന്നാല്‍ സി.എച്ച് മുഹമ്മദ് കോയെയ പോലെ മഹാനായൊരു നേതാവിനെ വരയ്ക്കാനും ആ ചിത്രം നിയമനിര്‍മാണസഭയുടെ ചരിത്ര സ്മാരകമായ പഴയ അസംബ്ലി ഹാളില്‍ സ്ഥാപിക്കാനുമായത് ജീവിതത്തിലെ വലിയ ഭാഗ്യമെന്ന് കരുതുന്നു ഇദ്ദേഹം. സി.എച്ചിന്റെ ചിത്രം വരയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിക്കുമ്പോള്‍ നാടായ നാടൊക്കെ അലഞ്ഞു, പൂര്‍ണഭാവത്തോടെ ശിരസുയര്‍ത്തി നില്‍ക്കുന്ന ഒരു സി.എച്ച് ഫോട്ടോക്കുവേണ്ടി. ആയിരക്കണക്കിന് ഫോട്ടോ കണ്ടു, എന്നാല്‍ ഒന്നില്‍ പോലും താന്‍ തൃപ്തനായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ ഡോ.എം.കെ മുനീറുമായി സംസാരിച്ചു, സി.എച്ചുമായി സൗഹൃദം നിലനിര്‍ത്തിയ പലരുമായും ആശയവുനിമയം നടത്തി. വരയില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം കൂടി വ്യക്തമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അക്കാര്യത്തില്‍ താന്‍ വിജയിച്ചതായി കരുതുന്നു. സി.എച്ചിനെ ഒരു രാഷ്ട്രീയനേതാവായോ മുന്‍മുഖ്യമന്ത്രിയായോ മുസ്‌ലിം ലീഗ് നേതാവായോ കാണുന്നതിനെക്കാള്‍ ഈ ചിത്രകാരന്റെ മനസില്‍ സി.എച്ച് മഹാനായ ദാര്‍ശനിക പ്രതിഭയാണ്, ആഴത്തില്‍ സാമൂഹ്യ ജീവിതത്തെ പഠിച്ച ചിന്തകനും എഴുത്തുകാരനുമാണ്.

വൈറ്റ് ഹൗസിലേക്ക്

വിശ്വാസികള്‍ക്ക് വിസ്മരിക്കാനാവാത്ത 'അവസാനത്തെ അത്താഴം' ഉള്‍പ്പെടെ ജെ.ആര്‍ പാലയ്ക്കല്‍ വരച്ച നാല് ചിത്രങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരിന്ത്യന്‍ ചിത്രകാരന് ലഭിക്കുന്ന അപൂര്‍വ ബഹുമതി. 1990ലാണ് വൈറ്റ്ഹൗസിന്റെ ഗ്യാലറിയില്‍ ഈ ചിത്രങ്ങള്‍ക്ക് ഇരിപ്പിടം ലഭിച്ചത്. തുടര്‍ന്ന് ഇന്നോളമുള്ള എല്ലാ പ്രസിഡന്റുമാരും ഈ ഇന്ത്യന്‍ ചിത്രകാരനെ കുറിച്ച് അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു. ഇറ്റലിയിലെ മോണ്ടിചാപ്പല്‍ ദേവാലയത്തില്‍ ആരാധിക്കുന്ന ക്രിസ്തുവിന്റെ രൂപവും ഇദ്ദേഹത്തിന്റേതാണ്. എന്നാല്‍ രാജ്യാതിര്‍ത്തി കടന്ന ഈ ചിത്രകാരന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല.
തിരുവനന്തപുരത്ത് രാജ്ഭവന്റെ പൂജാമുറിയിലെ സരസ്വതീ ചിത്രം പാലയ്ക്കലിന്റേതാണ്. സിക്കന്തര്‍ ഭക്ത് ഗവര്‍ണര്‍ ആയിരിക്കെയാണ് ഇത് സ്ഥാപിച്ചത്. കേരളത്തിലെത്തിയ എല്ലാ ഗവര്‍ണര്‍മാരുമായും സൗഹൃദം നിലനിര്‍ത്തുന്ന പാലയ്ക്കലിലെ ഗവര്‍ണര്‍മാരുടെ ചിത്രകാരന്‍ എന്നാണ് അറിയപ്പെടുന്നത്.  
1954 ഏപ്രില്‍ 16ന് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കടുപ്പിശേരി പാലയ്ക്കല്‍ തറവാട്ടിലാണ് ജോസഫിന്റെ ജനനം. അച്ഛന്‍ ജോസഫ് റോക്കി പാലയ്ക്കല്‍ ചിത്രകാരനായിരുന്നു. അച്ഛന്‍ പകുതി വരച്ചുവെക്കുന്ന ചിത്രങ്ങള്‍ ആരും കാണാതെ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് വര്‍ണങ്ങളുടെ ലോകത്തേക്ക് കടന്നുവന്നത്. 15-ാം വയസില്‍ ജോര്‍ജ് മേച്ചേരി വൈദ്യര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ കുടുംബ ചിത്രമാണ് ആദ്യമായി വരയ്ക്കുന്നചിത്രം. ഏറ്റവും നല്ല പിന്തുണ നല്‍കിയത് അച്ഛനായിരുന്നു. കലാകാരന്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അവരുടെ കാര്യം സമൂഹം നോക്കിക്കൊള്ളുമെന്നും കരുതി ചിത്രകലക്കു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ഒരു ഭൂതകാലമാണ് ഇദ്ദേഹത്തിനുള്ളത്. 1984ല്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് വരയുടെ വഴികളിലെ സങ്കീര്‍ണതകളിലൂടെ യാത്ര തുടങ്ങിയത്. ഒന്നും വെട്ടിപ്പിടിക്കാന്‍ ശ്രമിക്കാതെ, തികച്ചും സ്വതന്ത്രമായ സഞ്ചാര മാര്‍ഗങ്ങളിലൂടെ ചിത്രങ്ങളും ശില്‍പങ്ങളുമായി മുന്നോട്ടുപോയി. അപ്രതീക്ഷിതമായി പല പ്രമുഖരുമായും ബന്ധപ്പെടാന്‍ സാഹചര്യമുണ്ടായി. അതില്‍ എടുത്തുപറയേണ്ടത് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന എ.പി.ജെ അബ്ദുല്‍ കലാമുമായുള്ള ബന്ധമാണ്. പാലയ്ക്കലിന്റെ ചിത്രം കണ്ട അദ്ദേഹം ചിത്രകാരനെ കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തി ഉപഹാരം നല്‍കുകയായിരുന്നു.


നൃത്ത ശില്‍പങ്ങള്‍

നൃത്തകലയെ സ്‌നേഹിക്കുന്ന ചിത്രകാരനാണ് പാലയ്ക്കല്‍. തിരുവനന്തപുരം കണിയാപുരത്തുള്ള ഗ്യാലറി നിറയെ ലോക നൃത്തശില്‍പങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത മാതൃകകളാണുള്ളത്. ഇന്നോളം നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ നടരാജ ശില്‍പവും പാലയ്ക്കലിന്റേതാണ്. 14 അടി ഉയരമുള്ള നടരാജനൃത്ത ശില്‍പം തിരുവനന്തപുരം എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റിയൂട്ടിന് മുന്നില്‍ കാണാം. 16.5 ലക്ഷം രൂപയാണ് ഇതിന് ചെലവാക്കിയത്. ഒട്ടേറെ ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും 'നടരാജ' ഒരു ശ്രദ്ധേയമായ വര്‍ക്കായിരുന്നു. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളില്‍ എക്‌സിബിഷനുകള്‍ നടത്തിയിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ പാലയ്ക്കല്‍ ചിത്രങ്ങള്‍ വ്യാപകമായി വിലയിരുത്തപ്പെട്ടു. 2006ലാണ് അവസാന എക്‌സിബിഷന്‍ നടത്തിയത്. ലോക ചിത്രകലയെ കുറിച്ച് രചിക്കപ്പെട്ടിട്ടുള്ള നാല് ലക്ഷത്തോളം പുസ്തകങ്ങളുടെ അപൂര്‍വ ശേഖരവും പാലയ്ക്കലിന് സ്വന്തം.
തിരുവനന്തപുരം മലയിന്‍കീഴിലെ വീട്ടില്‍ വരയും ചിന്തയും വായനയുമായി കര്‍മനിരതനാണ് ജോസഫ് പാലയ്ക്കല്‍. ഇനി യയാതിയെ വരയ്ക്കണം, പുരാണങ്ങളില്‍ നന്മയുടെ പാതകളിലൂടെ നടന്ന എല്ലാ കഥാപാത്രങ്ങളെയും വരയ്ക്കണം, അക്ഷരക്കൂട്ടങ്ങളില്‍ അനുഭവങ്ങളിലേക്ക് നടക്കുമ്പോള്‍ ചായക്കൂട്ടുകളില്ലാതെ പാലയ്ക്കലിന് മറ്റൊരു ജീവിതമില്ല.

(2014 മെയ് 25 ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)



Sunday, May 4, 2014



അനന്തപുരിയില്‍ ഒരുങ്ങുന്നു മാന്ത്രിക കൊട്ടാരം

ഫിര്‍ദൗസ് കായല്‍പ്പുറം
ഇന്ദ്രജാലം കേവലം വിസ്മയമല്ല, അതൊരു കലയാണ്, റിയാലിറ്റിയാണ്. മാസ്മരിക വലയത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന വസ്തുക്കളെ പോലെ മാജിക് എന്ന കലയുടെ ചരിത്രരേഖകളും വിസ്മൃതിയിലേക്ക് നീങ്ങാന്‍ പാടില്ല. കലകളുടെയും സംസ്‌കാരത്തിന്റെയും കൈവഴികളില്‍ മാജിക്കിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഇതാ ഒരു മജീഷ്യന്‍...
വിസ്മയ ചരിത്രത്തെ പൊതിഞ്ഞു നില്‍ക്കുന്ന റിയാലിറ്റിയാണ് മാജിക്കെങ്കില്‍ അതിന് ബി.സി 5000 മുതല്‍ സമകാലിക വര്‍ത്തമാനങ്ങള്‍ വരെ നീളുന്ന സുദീര്‍ഘമായ ഒരു പാരമ്പര്യമുണ്ട്. സമ്പന്നമായ ഈ ചരിത്രത്തില്‍ നിന്ന് 'എസ്‌കേപ്' ചെയ്യാതെ കലയുടെ സര്‍ഗചൈതന്യത്തെ മാറോടു ചേര്‍ത്തുവെക്കുകയാണ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഇന്ത്യന്‍ മാജിക്കിന്റെ ഭൂതവും വര്‍ത്തമാനവും അറിയാനും അറിയിക്കാനും ഒരു ചരിത്ര മ്യൂസിയം എന്ന സ്വപ്നത്തെ സാക്ഷാത്കാരത്തോട് അടുപ്പിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് അദ്ദേഹം. ലോകത്തില്‍ തന്നെ ആദ്യമായി ഒരു 'മാന്ത്രിക കൊട്ടാരം' തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുന്നു. ലോക മാജിക് ദിനമായ ഒക്‌ടോബര്‍ 31ന് ലോകത്തിലെ 1500 മജീഷ്യന്മാരെ സാക്ഷിയാക്കി അനന്തപുരി പുതിയൊരു ചരിത്രവഴിത്തിരിവിലേക്ക് കടക്കുന്നതിന്റെ തിരക്കിലാണ് മുതുകാട്.
'എല്ലാവരെയും വിസ്മയിപ്പിക്കുന്ന മജീഷ്യന്മാരുടെ ദുരിത ജീവിതത്തിന്റെ കാണാക്കാഴ്ചകള്‍ക്ക് കൂടി മാജിക് പ്ലാനറ്റ് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു'- പദ്ധതിയെ കുറിച്ച് മുതുകാടിനുള്ളത് വളരെ വലിയ സ്വപ്നങ്ങളാണ്.

വിസ്മയ സ്‌നേഹികള്‍ക്ക് സ്വാഗതം
മാജിക്കിന്റെ എല്ലാ തലങ്ങളെയും സൂക്ഷ്മമായി വിലയിരുത്തുന്ന ഒരു മാന്ത്രിക കൊട്ടാരം സ്ഥാപിക്കണമെന്നും ലോകത്ത് മാജിക് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ആസ്ഥാനമായി ഇത് മാറണമെന്നുമുള്ള ആശയം ഗോപിനാഥ് മുതുകാടിനുണ്ടായത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതൊരു സ്വപ്നമായി കൊണ്ടുനടന്നു. പലരോടും ഈ സ്വപ്നം പങ്കുവെച്ചു. പലപ്പോഴായി ധനസമാഹരണത്തിന് ശ്രമിച്ചു. പക്ഷേ, സ്വപ്നം സ്വപ്നമായി തന്നെ അവശേഷിച്ചു. ഒടുവില്‍ തിരുവനന്തപുരത്തെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചതോടെയാണ് തന്റെ സ്വപ്നം വെറും മായയാകില്ലെന്ന് മുതുകാട് ഉറപ്പിച്ചത്.
ഇപ്പോള്‍ ക്രിന്‍ഫ്രയില്‍ മാജിക് പ്ലാനിറ്റോറിയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മാജിക് എന്ന കലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വലിയൊരു കൂട്ടായ്മയാണ് ഒക്‌ടോബര്‍ മുതല്‍ കേരള തലസ്ഥാനുണ്ടാകുന്നത്. മാജിക്കിന്റെ ലോകത്തെ മുതുകാടും സംഘവും കേരളത്തിലേക്ക് വിളിക്കുകയാണ്. ഇന്ത്യന്‍ മാജിക്കിന്റെ ചരിത്രം ഏറെക്കുറെ വ്യക്തമാക്കാന്‍ കഴിയുന്ന പ്ലാനിറ്റോറിയത്തില്‍ ആറ് ഓഡിറ്റോറിയങ്ങളാണ് സജ്ജീകരിക്കുന്നത്. കൂടാതെ ഭൂമിക്കടിയില്‍ ഒരു ടണല്‍ നിര്‍മിക്കുന്നുണ്ട്. 'ഇന്ത്യന്‍ റോപ്പ് ട്രിക്' പോല ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കഴിയാതിരുന്ന മാന്ത്രിക വിസ്മയങ്ങള്‍ പ്ലാനറ്റില്‍ അത്ഭുതക്കാഴ്ചയാകും. മാജിക്കിന്റെ ശാസ്ത്രീയതയെപ്പറ്റി സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് മാജിക് പ്ലാനിറ്റോറിയത്തിലൂടെ ലക്ഷ്യമിടുന്നത്. നിഴല്‍ മാജിക് മുതല്‍ ശാസ്ത്രവും സാഹിത്യത്തിലെ മാജിക്കല്‍ റിയലിസവും മുതുകാടിന്റെ കൊട്ടാരത്തില്‍ ഇടംപിടിക്കുന്നുണ്ട്. മാജിക്കിന്റെ പിറവിക്കും വളര്‍ച്ചക്കും ഇടം നല്‍കിയ തെരുവുകളെയും മുതുകാട് വിസ്മരിക്കുന്നില്ല. തെരുവ് മജീഷ്യന്‍മാര്‍ക്കും പ്ലാനിറ്റോറിയത്തില്‍ മാന്യമായ ഇടം നല്‍കും.

തെരുവില്‍ നിന്ന് പ്ലാനറ്റിലേക്ക്
നാലുചുറ്റിലും തിങ്ങിക്കൂടുന്ന ജനങ്ങളുടെ നഗ്നനേത്രങ്ങളെ വിസ്മയിപ്പിച്ച്, ഒടുവില്‍ രോഗവും ദാരിദ്ര്യവും പട്ടിണിയും ബാക്കിയായി ജീവിതത്തില്‍ ഒന്നും നേടാതെ കാലം കടന്നുപോകുന്നവരാണ് തെരുവ് മാജിക്കുകാര്‍. സമൂഹം ഒരിക്കലും അവരുടെ നൊമ്പരങ്ങള്‍ കാണുന്നില്ല, ഒരു സര്‍ക്കാരുകളും അവരെ ഏറ്റെടുക്കുന്നില്ല. മുബൈ അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലിന്നും യാന്ത്രികമായി ജീവിച്ചു തീര്‍ക്കുകയാണവര്‍. മാജിക് എന്ന കലയോടുള്ള പ്രതിബദ്ധത കൊണ്ടുമാത്രം ഈ രംഗത്ത് തുടരുന്നവര്‍. പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമില്ലാത്തവര്‍, കളര്‍ഫുള്‍ വേദികളോ ശിതീകരിച്ച ഓഡിറ്റോറിങ്ങളോ കണ്ടിട്ടില്ലാത്തവര്‍... അവര്‍ക്കാകണം മാജിക് പ്ലാനറ്റ് മുന്‍ഗണന നല്‍കുക. അവരെ പുനരധിവസിപ്പിക്കണം. അവരുടെ കുട്ടികള്‍ക്ക് മാന്യമായ വിദ്യാഭ്യാസം നല്‍കണം. അവരെയും കലാകാരന്മാരുടെ പട്ടികയില്‍ പെടുത്തി ജീവിത സാഹചര്യമൊരുക്കണം. തെരുവില്‍ മാജിക് അവതരിപ്പിക്കുന്നവനാണ് മാജിക്കിലെ യഥാര്‍ത്ഥ കലാകാരന്‍ എന്ന സത്യം അംഗീകരിക്കണം. ഈ മാന്ത്രിക കൊട്ടാരത്തില്‍ 100 മജീഷ്യന്മാര്‍ക്ക് സ്ഥിരമായി ജോലി നല്‍കും.
ജാലവിദ്യയിലെ കളിയും കാര്യവും
വളരെ ഗൗരവത്തോടെ തന്നെയാണ് മാജിക് പ്ലാനറ്റിന്റെ അകത്തളം സജ്ജീകരിച്ചിട്ടുള്ളത്. കാഴ്ചകള്‍ക്കും ആസ്വാദനത്തിനുമപ്പുറം വിവിധ പഠനശാഖകളും ഇവിടെ സമ്മേളിക്കുന്നു. മാജിക്കില്‍ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്ന ഏഷ്യയിലെ ആദ്യ സ്ഥാപനമായ അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസിന്റെ ആശയമാണ് മാജിക് പ്ലാനറ്റ്. ശാസ്ത്രം, ഗണിതം, സാഹിത്യം തുടങ്ങിയവയിലെയെല്ലാം മാന്ത്രികഘടകങ്ങള്‍ കുട്ടികള്‍ക്ക് അനുഭവിച്ചറിയാനുള്ള ഒട്ടേറെ വിനോദോപാധികളാണ് ഇവിടെ ഒരുക്കുന്നത്. ഏഴ് മണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് കാണാനും പഠിക്കാനും മാന്ത്രിക കൊട്ടാരത്തില്‍ കാഴ്ചകളുണ്ടാകും. ഭൗമാന്തര്‍ഭാഗത്തുള്ള തുരങ്കം, കണ്ണാടിക്കുരുക്ക്, ഗണിതാഭിരുചി വളര്‍ത്താനുതകുന്ന വെര്‍ച്വല്‍ സൂപ്പര്‍മാര്‍ക്കറ്റ്, കുട്ടികളുടെ പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, തല്‍സമയ പരിപാടികള്‍ അവസരിപ്പിക്കാനുള്ള ഗവേഷണ വികസന വിഭാഗം തുടങ്ങിയവയെല്ലാം തയാറാക്കും. മാത്ത് മാജിക് വിഭാഗം കൗല ഗ്രൂപ്പാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ഒരു കഥപറച്ചിലുകാരനില്‍ നിന്ന് നേരിട്ട് നാടോടിക്കഥകളും മറ്റും കുട്ടികള്‍ക്ക് കേള്‍ക്കാനുതകും വിധം വൃക്ഷത്തണലില്‍ പ്രത്യേക ഇടവും ക്രമീകരിക്കുന്നുണ്ട്. മാന്ത്രികത കേന്ദ്രപ്രമേയമായ വില്യം ഷേക്‌സ്പിയറിന്റെ “'ദി ടെംപസ്റ്റ്' എന്ന നാടകത്തിന്റെ മാന്ത്രിക പുനരവതരണവും മാജിക് പ്ലാനറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. സാഹിത്യത്തിന്റെ സൗന്ദര്യവും ആകര്‍ഷണീയതയും കുട്ടികള്‍ക്ക് മനസിലാക്കാനുതകും വിധത്തിലാണ് ഇതിന്റെ രൂപകല്‍പന. ഒരു ദിവസം 500 പേര്‍ക്കു മാത്രമായിരിക്കും ഇവിടെ പ്രവേശനം അനുവദിക്കുക.

പിന്തുണയുമായി സര്‍ക്കാര്‍
ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നപ്പോള്‍ ഭൂമി അനുവദിച്ചുതന്ന സംസ്ഥാന സര്‍ക്കാര്‍, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും മികച്ച പിന്തുണയാണ് നല്‍കിവരുന്നത്. മന്ത്രി ഡോ.എം.കെ മുനീര്‍ പ്ലാനറ്റിന്റെ നിര്‍മാണത്തിന് വേണ്ടി ഒട്ടേറെ സഹായങ്ങള്‍ ചെയ്തു. പദ്ധതി പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്തുകളെയും നഗരസഭകളെയും സഹകരിപ്പിക്കാന്‍ അദ്ദേഹം ഉത്തരവിറക്കി.
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് മാജിക് പ്ലാനറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മന്ത്രിമാരായ  കെ.സി. ജോസഫ്, വി.എസ് ശിവകുമാര്‍, കെ.പി അനില്‍കുമാര്‍, കെ.പി മോഹനന്‍ എന്നിവര്‍ പ്ലാനറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിക്കുന്നുണ്ട്. പ്ലാനറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാമെന്ന് മുതുകാട് പറയുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു സാംസ്‌കാരിക സ്ഥാപനനമായി പ്രവര്‍ത്തിപ്പിച്ചാല്‍ നന്നായിരിക്കും. കാഴ്ചകള്‍ ധാരളമുള്ള അനന്തപുരിയില്‍ മാന്ത്രിക കൊട്ടാരം തുറക്കുമ്പോള്‍ പ്രിയമിത്രം മോഹന്‍ലാലിന്റെ എല്ലാ പിന്തുണയും മുതുകാടിനുണ്ട്.

ജീവിതത്തിന്റെ പ്ലാനറ്റ്
കേരളത്തിലെ ആദ്യത്തെ മാജിക് അക്കാദമി ആരംഭിച്ചത് മുതുകാടാണ്- തിരുവനന്തപുരത്ത് 1996 മുതല്‍ അക്കാദമി പ്രവര്‍ത്തിച്ചുവരുന്നു. സംഗീതവും കലയും സാംസ്‌കാരിക സായാഹ്നങ്ങളും കൊണ്ട് ശ്രദ്ധേയമാവുകയാണ് പൂജപ്പുരയിലുള്ള അക്കാദമി. യോഗ ഉള്‍പ്പെടെയുള്ള ക്ലാസുകള്‍ക്കായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അക്കാദമിയിലുള്ളത്. 2002ലെ വിസ്മയ ഭാരത യാത്രയും 2004ലെ ഗാന്ധിമന്ത്രയും 2007ലെ വിസ്മയ സ്വരാജും മുതുകാടിനെ ദേശീയ ശ്രദ്ധയിലെത്തിച്ച മാജിക് സംരംഭങ്ങളായിരുന്നു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് വിവിധ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്ന മുതുകാട്, മാജിക് പ്ലാനറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ചരിത്രത്തിലിടം നേടുകയാണ്. മാജിക്കുമായി ബന്ധപ്പെട്ട് ഇത്രയധികം പദ്ധതികള്‍ നടപ്പിലാക്കിയ മറ്റൊരു മജിഷ്യന്‍ ഇന്ത്യാ ചരിത്രത്തില്‍ വേറെയില്ല. ഇന്ത്യന്‍ മാജിക്കിന്റെ ചരിത്ര രചനയാണ് മുതുകാടിന്റെ അടുത്ത ലക്ഷ്യം. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോരോ സ്വപ്നങ്ങളെ ശിരസിലേറ്റിയാണ് ഈ മാന്ത്രികന്റെ ജീവിതം. ജീവിതത്തിലാകട്ടെ 'മാജിക്' തീരെയില്ല.

(2014 മെയ് 3 ചന്ദ്രിക വാരാന്തപ്പതിപ്പ്)

         മദ്യം:  ഉപയോഗ വര്‍ധനവ് സാമൂഹ്യം പ്രശ്‌നം

വി.എം സുധീരന്‍/ ഫിര്‍ദൗസ് കായല്‍പ്പുറം

കേരളം മദ്യം ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ ഇന്ന് വളരെ മുന്നിലാണ്.  മദ്യത്തിന്റെ ഉപയോഗത്തെ സംബന്ധിച്ചിടത്തോളം നാം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. കേരളത്തിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ആളുകള്‍ മദ്യം ഉപയോഗിക്കുന്നവരാണെന്നാണ് കണ്ടെത്തല്‍.  അതില്‍ത്തന്നെ  മദ്യത്തിന് അടിമകളായിട്ടുള്ളവരുമുണ്ട്.  മയക്കുമരുന്നുശീലമുള്ളവര്‍ 25,000 ഓളം പേര്‍ വരും. 2012-13 ല്‍ മദ്യപാനത്തിനായി കേരളീയര്‍ 24,877.25 കോടി രൂപ ചെലവഴിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
1999 ല്‍, പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി വന്നതോടെ പുകവലിക്കാരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും, കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും മധുരമിഠായി, പെന്‍ സിഗരറ്റ് തുടങ്ങിയ ലഹരിവസ്തുക്കളുടെയും ഉപയോഗം ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 
അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിനു തൊഴിലാളികള്‍ കേരളത്തില്‍ എത്താന്‍ തുടങ്ങിയതോടെ ലഹരിവസ്തുക്കളുടെ കള്ളക്കടത്തും അനധികൃതവില്‍പനയും ദുരുപയോഗവും  വ്യാപകമായി.
കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്) നടത്തിയ പഠനത്തില്‍, കഴിഞ്ഞ ഇരുപതുവര്‍ഷത്തിനുള്ളില്‍ 21 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ക്കിടയില്‍ മദ്യോപയോഗം 900 ശതമാനം ഉയര്‍ന്നു എന്നു കണ്ടെത്തുകയുണ്ടായി. 1990 ല്‍ മൊത്തം മദ്യോപയോക്താക്കളില്‍ 21 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം കേവലം  രണ്ടു ശതമാനമായിരുന്നെങ്കില്‍ 2010 ല്‍ അത് 18 ശതമാനമായി കൂടി. അതുപോലെ, 1986 ല്‍ മദ്യം ഉപയോഗിക്കുന്നവരുടെ കുറഞ്ഞ ശരാശരി പ്രായം 19 വയസ്സായിരുന്നെങ്കില്‍ 2011 ല്‍  അത് 13.5 വയസ്സായി കുറയുകയാണു ചെയ്തത്. പുരുഷന്മാരോടൊപ്പം സ്ത്രീകളും മദ്യപാനം ശീലമാക്കുന്നു എന്നതും പുതിയ ഒരു പ്രവണതയാണ്. 
കേരളത്തില്‍ മദ്യത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗത്തിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധന പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്.  മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍, ക്രമസമാധാനപ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള  അതിക്രമങ്ങള്‍,  കുടുംബത്തകര്‍ച്ചകള്‍, ലൈംഗികകുറ്റകൃത്യങ്ങള്‍, ക്രൂരമായ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, വിവാഹമോചനങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, തട്ടിപ്പുകള്‍, വാഹനാപകടങ്ങള്‍ എന്നിവയൊക്കെ നമ്മുടെ സാമൂഹികജീവിതത്തിന്റെ ഭദ്രതയെ ഗുരുതരമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു.
ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം അതുപയോഗിക്കുന്ന വ്യക്തിയെ മാത്രമല്ല, ആ വ്യക്തിയുടെ കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും ദോഷകരമായി ബാധിക്കുന്നു.  ധാര്‍മ്മികവും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും ആരോഗ്യപരവുമായ അധഃപതനമാണ് ഇതിലൂടെ സംഭവിക്കുന്നത്. 
ലഹരിയുടെ ഉപയോഗം ആരംഭിച്ച് അതിന് അടിമയായിക്കഴിഞ്ഞാല്‍ അത്തരക്കാരെ ലഹരിവിമുക്തിയിലേക്ക് മടക്കിക്കൊണ്ടുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലഹരി ഉപയോഗത്തിലേക്കു വഴുതിവീഴാതെ നോക്കുക എന്നതാണ് അഭികാമ്യം. ഇതിന് പ്രധാനമായി ആവശ്യം  സമൂഹത്തില്‍ ഊര്‍ജിതവും വ്യാപകവുമായ പ്രചാരണവും ബോധവല്‍ക്കരണവും നടത്തുക എന്നുള്ളതാണ്. ഒപ്പം, ലഹരിക്ക് അടിമകളായവരെ ചികിത്സിക്കുകയും പുനരധിവസിപ്പിക്കുകയും വേണം. 
മദ്യോപയോഗവും മദ്യലഭ്യതയും ക്രമേണ കുറച്ചുകൊണ്ടുവരിക എന്നതാണ് കോണ്‍ഗ്രസിന്റെയും ഐക്യജനാധിപത്യമുന്നണിയുടെയും പ്രഖ്യാപിതനയം. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ രാഷ്ട്രീയകക്ഷികളും വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും ആദ്ധ്യാത്മികസംഘടനകളും മതസംഘടനകളും ത്രിതല പഞ്ചായത്ത്-നഗരസഭാസംവിധാനങ്ങളും സംസ്ഥാനസര്‍ക്കാരും മറ്റും ഉള്‍പ്പെട്ട അതിവിപുലമായ ഒരു ലഹരിവിരുദ്ധപ്രസ്ഥാനം നമ്മുടെ സംസ്ഥാനത്ത് ശക്തമായി പ്രവര്‍ത്തിക്കേണ്ടതാവശ്യമാണ്. ഇത് പൊതുസമൂഹത്തെത്തന്നെ ഗണ്യമായി സ്വാധീനിക്കുന്ന ഒരു വലിയ പ്രസ്ഥാനമായി ഭാവിയില്‍ പരിണമിക്കണം.  അക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഈയിടെ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
കൂടാതെ, മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍, എക്‌സൈസ് വകുപ്പ്, പൊലീസ് വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേസ്വയംഭരണവകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹികക്ഷേമവകുപ്പ് എന്നിവയുടെ പ്രാതിനിധ്യത്തോടെ സര്‍ക്കാര്‍ തലത്തില്‍ വ്യാപകമായ ഒരു സംവിധാനം പ്രവര്‍ത്തനസജ്ജമാകണം. 
ഇപ്രകാരം, ലഹരി ഉപയോഗത്തിനെതിരെ ഒരു മഹാപ്രസ്ഥാനം കേരളത്തില്‍ രൂപംകൊള്ളുന്നതിലൂടെ മാത്രമേ ഇന്ന് അഭിമുഖീകരിക്കുന്ന മഹാദുരന്തത്തില്‍നിന്ന് നമുക്കു രക്ഷ നേടാനാവുകയുള്ളു.



(2014 മെയ് 3 ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പ്)

Thursday, April 17, 2014

         ഉത്സവപ്പറമ്പില്‍ നിന്ന് രാജ്യത്തിന്റെ താരപദവിയിലേക്ക്

തിരുവനന്തപുരം: നാട്ടുമൊഴികളെ നാടാകെയറിയിച്ച കലാകാരന്‍ ഒടുവില്‍ രാജ്യത്തെ ഏറ്റവും മികച്ച നടനായി. കേരളത്തിനിത് അഭിമാനമുഹൂര്‍ത്തം. പ്രാദേശിക ഭാഷയുടെ തനിമ ചോരാതെ ശുദ്ധഹാസ്യം സമ്മാനിച്ച സുരാജ് വെഞ്ഞാറമൂടിനെ തേടി ദേശീയ പുരസ്‌കാരമെത്തിയത് പ്രതിഭയുടെ ആഴം അളന്ന പ്രകടനത്തിനാണെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സിനിമയില്‍ ഒരു നടന് കിട്ടാവുന്ന ബഹുമതികളില്‍ പരമപ്രധാനമായ പദവിയിലേക്ക് സുരാജിന്റെ കടന്നുവരവ് തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു. സൂപ്പര്‍താരങ്ങള്‍ മാത്രം കയ്യടക്കിയ വഴികളിലൂടെ സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ നടന്നുകയറിയപ്പോള്‍ കേരളത്തിന് സ്വന്തമാകുന്നത് മറ്റൊരു ചരിത്രം കൂടി. സമീപകാലത്ത് മലയാളത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ സ്ഥാനമുറപ്പിച്ചവര്‍ രണ്ടും ഹാസ്യനടന്മാര്‍ എന്നതാണ് ആ പ്രത്യേകത. 'ആദാമിന്റെ മകന്‍ അബു'വിലൂടെ സലിംകുമാര്‍ രാജ്യത്തെ മികച്ച നടനായതിനു പിന്നാലെ ഹാസ്യനിരയില്‍ നിന്ന് മറ്റൊരു സ്വഭാവ നടന്റെ പിറവിയാണ് സുരാജ് യാഥാര്‍ത്ഥ്യമാക്കിയത്. കലാകാരന്റെ അസ്തിത്വവും മേല്‍വിലാസവും ചോദ്യംചെയ്യപ്പെടുന്ന കാലത്ത് പേരില്ലാത്ത കഥാപാത്രത്തിലൂടെയാണ് സുരാജ് ദേശീയ പുരസ്‌കാരം നേടിയത്. ഡോ. ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍' എന്ന സിനിമയിലെ സുരാജിന്റെ കഥാപാത്രത്തിന് പേരില്ല.
കഷ്ടതകള്‍ നിറഞ്ഞ ജീവിത സാഹചര്യത്തില്‍ നിന്നാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ ഉദയം. മിമിക്രി വേദികളില്‍ ചിരിയുടെ 'സംഗതി'കളുമായി ഉത്സവപ്പറമ്പുകളിലായിരുന്നു ഈ പ്രതിഭയുടെ തുടക്കം. ഗാനമേളയുടെയും നാടകത്തിന്റെയും ഇടവേളയില്‍ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ സമിതികള്‍ കൂടെക്കൂട്ടിയ മിമിക്രിക്കാരനായിരുന്നു സുരാജ്. ഉത്സവപ്പറമ്പുകളില്‍ നിന്ന് വെള്ളിത്തിരയിലേക്കുള്ള പാതകളെല്ലാം സുരാജിനെ സംബന്ധിച്ചിടത്തോളം പ്രതിബന്ധങ്ങളുടെതായിരുന്നു.
സിനിമയില്‍ എത്തിയപ്പോഴാകട്ടെ ഹാസ്യത്തില്‍ പുതുതായി എന്തെങ്കിലും സമ്മാനിക്കാതെ പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യവും. അടൂര്‍ ഭാസിയും ബഹദൂറും മുതല്‍ ജഗതി ശ്രീകുമാര്‍ വരെയുള്ള ഹാസ്യ സമ്രാട്ടുകള്‍ തുറന്നിട്ട പാതയില്‍ പുതിയൊരാള്‍ക്ക് ഇടമുണ്ടോയെന്ന് സന്ദേഹിച്ച കാലത്താണ് തനി 'തിരുവോന്തരം' ഭാഷയുടെ ചിരിപ്പടക്കവുമായി സുരാജ് എത്തിയത്. എന്തരെടേയ്, എന്തരപ്പീ പോലുള്ള പ്രയോഗങ്ങള്‍ തിരുവനന്തപുരത്തിന്റെ സ്വാഭാവിക നാട്ടുവര്‍ത്തമാനമാണെങ്കിലും അത് സിനിമയിലൂടെ ജനകീയമാക്കിയാണ് സുരാജ് ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലുടനീളം തിരുവോന്തരം ഗ്രാമീണ ഭാഷ ഉപയോഗിച്ച് 'രാജമാണിക്യ'ത്തിലൂടെ മമ്മൂട്ടി കത്തിക്കയറിയപ്പോള്‍ ഉയര്‍ന്നത് സുരാജിന്റെ ഗ്രാഫായിരുന്നു. തന്നെ ഈ ഭാഷ പഠിപ്പിച്ചത് സുരാജാണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു.
മലയാള സിനിമ പ്രതിസന്ധി നേരിട്ട കാലത്ത് ദിലീപിനൊപ്പം നിന്ന് മധ്യവര്‍ഗ പ്രേക്ഷകന്റെ നിരാശക്ക് പ്രതിവിധി നല്‍കാന്‍ സുരാജിന് കഴിഞ്ഞു. എന്നാല്‍ സുരാജ് മലയാള സിനിമക്ക് അവിഭാജ്യ ഘടകമായിരുന്നില്ല. പലപ്പോഴായി വന്നുപോകുന്ന ഹാസ്യനടന്മാരിലൊരാളായി മാത്രം പ്രേക്ഷകന്‍ സുരാജിനെയും വിലയിരുത്തിയിട്ടുണ്ടാകണം. ഇതിനിടെ തിരുവനന്തപുരം ഭാഷയെ വക്രീകരിച്ച് കൈയ്യടി നേടുകയാണ് സുരാജെന്ന് ഒരുവിഭാഗം പേര്‍ ആക്ഷേപമുന്നയിച്ചു. ഈ നടന്റെ കഴിവുകളെ അംഗീകരിക്കില്ലെന്ന് ബോധപൂര്‍വം തീരുമാനമെടുത്തവരായിരുന്നു അവര്‍. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് സുരാജ് ഇപ്പോള്‍ പുരസ്‌കാര നിറവില്‍ തിളങ്ങി നില്‍ക്കുന്നത്.
സൈനികനായിരുന്ന വാസുദേവന്‍ നായരുടെയും വിലാസിനി അമ്മയുടെയും മകനായി 1976 ജൂണ്‍ 30നാണ് സുരാജ് ജനിച്ചത്. ജേഷ്ഠന്‍ സജി വെഞ്ഞാറമൂടും മിമിക്രി കലാകാരനായിരുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്ന് സജി പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ സുരാജിന്റെ ലോകം അതായിരുന്നില്ല. കൊച്ചി കേന്ദ്രമായി രൂപംകൊണ്ട മിമിക്രി സമിതികളിലേക്കായിരുന്നു സുരാജ് എത്തിച്ചേര്‍ന്നത്. മിമിക്രി, മിമിക്‌സ് പരേഡായും മിമിക്‌സ് പരേഡ് മിമിക്‌സ് മെഗാഷോ ആയും രൂപാന്തരപ്പെട്ട കാലത്ത് തിരുവനന്തപുരം കേന്ദ്രമാക്കി മിമിക്രി സമിതിയുണ്ടാക്കിയ സുരാജ്, ഈ കലയുടെ തെക്കന്‍ വകഭേദം മിമിക്രിയില്‍ സന്നിവേഷിപ്പിച്ചു. പിന്നീട് ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു. 2004 മുതലാണ് വെള്ളിത്തിരയില്‍ സജീവമായത്. ഇതുവരെ 200ലേറെ സിനിമകള്‍. ദിലീപിനൊപ്പം അഭിനയിച്ച ഹാസ്യകഥാപാത്രങ്ങള്‍ പുതിയ ഹാസ്യ സംസ്‌കാരത്തിനു തന്നെ വഴിതുറന്നു. ഒരുനാള്‍ വരും എന്ന സിനിമയിലെ അഭിനയത്തിന് 2010ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍ ഏറ്റവും താരമൂല്യമുള്ള മിമിക്രി കലാകാരന്‍ എന്ന പദവി വര്‍ഷങ്ങളായി സുരാജ് നിലനിര്‍ത്തുന്നുണ്ട്. സുപ്രിയയാണ് ഭാര്യ. കാശിനാഥ്, വാസുദേവ്, ഹൃദ്യ എന്നിവര്‍ മക്കള്‍.

(2014 ഏപ്രില്‍ 17ന് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

Saturday, April 12, 2014


നിരനിരയായി പൂത്തുനിന്ന കൊന്നമരങ്ങള്‍ക്കിടയിലൂടെ നഗരത്തിലേക്ക് നടന്നുപോയ ഒരു കാലമുണ്ടായിരുന്നു- വിഷുദിനത്തെ കുറിച്ചുള്ള ഓര്‍മകളിലെവിടയോ ആ കാലം ചിതറിക്കിടക്കുന്നു. അന്നു ഞാന്‍ കുളത്തൂപ്പുഴയായിരുന്നു. മലയും പുഴയുമുള്ള നാട്. അവിടെ വിഷുപക്ഷിയുണ്ടായിയരുന്നു. ഒരുപക്ഷേ, അവിടെവെച്ചാണ് ആദ്യമായി വിഷുപ്പാട്ടുകള്‍ കേട്ടത്. അവിടെ കുളത്തൂപ്പുഴ ബാലകന്റെ ക്ഷേത്രം, അതിനടുത്തുകൂടി മെല്ലെയൊഴുകുന്ന അരുവി നെല്ലിമൂടാണ് ലക്ഷ്യമിടുന്നത്. ഓര്‍മയുടെ തീരത്ത് ആ വിഷുക്കാലം മാത്രമേയുള്ളൂ.


അത് ബാല്യത്തില്‍ നിന്ന് കൗമാരത്തിന്റെ പടവുകള്‍ കയറുന്ന നാള്‍. വയലും റബ്ബര്‍ മരങ്ങളുടെ തണുപ്പും പാല്‍ക്കുപ്പിയുമായി പോകുമ്പോള്‍ മുഖത്തുനോക്കാത്ത പെണ്ണും ആ ഗതകാലത്തെ മായാത്ത കാഴ്ചകള്‍.

അവിടെ കൊന്നയുണ്ടായിരുന്നു. മഞ്ഞപ്പൂക്കളോട് അന്നുതോന്നിയ പ്രണയം ഇന്നും കാത്തുസൂക്ഷിക്കുന്നു.  .

...............എല്ലാവര്‍ക്കും വിഷു ആശംസകള്‍...........