Saturday, May 24, 2014

വരയിലെ കാണാക്കാര്യങ്ങള്‍ 

ഫിര്‍ദൗസ് കായല്‍പ്പുറം

ഒരു മലയാളി ചാലിച്ചെടുത്ത വര്‍ണങ്ങളില്‍ നിന്ന് ദേശങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന ക്യാന്‍വാസ്. ചിത്രകലയുടെ അതിസൂക്ഷ്മമായ വഴികളിലൂടെയുള്ള സഞ്ചാരം. ഭാരതീയ ഇതിഹാസങ്ങളും തത്വചിന്തയും പകര്‍ത്തി, ഗ്രീക്കു പുരാണങ്ങളിലേക്കും അറേബ്യന്‍ സംസ്‌കാരത്തിന്റെ സമ്പന്നതയിലേക്കും ആ വരവര്‍ണങ്ങള്‍ യാത്രതുടരുന്നു. ഇത് ജോസഫ് പാലയ്ക്കല്‍ എന്ന ജെ.ആര്‍ പാലയ്ക്കല്‍. അമേരിക്കല്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ പോലും സാന്നിധ്യമറിയിച്ച ചിത്രകാരന്‍. വരകളുടെയും നിറങ്ങളുടെയും ലോകത്ത് ഒരു മലയാളിക്ക് കടന്നുചെല്ലാവുന്നിടത്തെല്ലാം ഈ കരസ്പര്‍ശം ഇതിനകം അനുഭവിച്ചു കഴിഞ്ഞു. നിറങ്ങളാണ് പ്രപഞ്ചത്തെ അനുഭവവേദ്യമാക്കുന്നത്. നിറങ്ങളിലെ സൗന്ദര്യം തേടുകയാണ് ഓരോ ചിത്രകാരനും...


ചരിത്രം, പുരാണം, സമകാലികം 

ജെ.ആര്‍ പാലയ്ക്കലിന്റെ വരകളില്‍ വിവിധ കാലങ്ങള്‍ക്കൊപ്പം വിവിധ സംസ്‌കാരങ്ങളുടെ സൂചകങ്ങളുമുണ്ട്. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങളുടെ ആത്മാവ് ചോരാതെ സ്ഥാനംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ചിത്രരചനയുടെ പരമ്പരാഗത സമ്പ്രദായങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം വരയിലൂടെ വേറിട്ട ചിന്തകള്‍ സമ്മാനിക്കുകയാണ് ഈ ചിത്രകാരന്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല മുതല്‍ ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമി വരെ ചായക്കൂട്ടങ്ങളുടെ മാസ്മരികതയാല്‍ ചുവരില്‍ തെളിയുന്നു. ശങ്കരാചാര്യരുടെ 45 ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
ഖുര്‍ആന്റെയും ദര്‍ശനം ഉള്‍ക്കൊള്ളുന്നതും അറേബ്യന്‍ സംസ്‌കാരത്തിന്റെ വിവിധ കാലങ്ങളെ അടയാളപ്പെടുത്തിയും പാലയ്ക്കല്‍ ചായം ചാലിച്ചത് പതിനായിരത്തോളം ചിത്രങ്ങള്‍ക്കാണ്. ഓരോ ദേശത്തെയും കലയും സംഗീതവും നൃത്തവുമാണ് വരകളിലൂടെ സര്‍ഗസഞ്ചാരം നടത്തുന്നത്. ക്രിസ്തു, ബൈബില്‍ കാല സന്ദര്‍ഭങ്ങള്‍ എന്നിവ പ്രമേയമാക്കി ആയിരക്കണക്കിന് ചിത്രങ്ങള്‍. യൂറോപ്പിനെക്കാള്‍ മികച്ച ചിത്രകലാ പാരമ്പര്യമാണ് അറേബ്യക്കുള്ളത്.
ഇന്ത്യയില്‍ ഗാന്ധിജിയെ വരയ്ക്കാത്ത ചിത്രകാരന്മാരില്ല. എന്നാല്‍ ഉത്തര്‍ പ്രദേശിലെ പ്രശസ്തനായ ചിത്രകാരന്‍ ജെ.പി സിംഗാളിന് ശേഷം തനിമയുള്ള ഗാന്ധിചിത്രത്തിന് ജന്മം നല്‍കിയത് പാലയ്ക്കലാണ്. എട്ടു ഗാന്ധി ചിത്രങ്ങളാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെതായി വിപണിയിലുള്ളത്. നൂറ് വര്‍ഷത്തിന് മുമ്പ് രാജാ രവിവര്‍മ ഉപയോഗിച്ചിരുന്ന വിന്‍സന്‍ ആന്റ് ന്യൂട്ടണ്‍ കമ്പനിയുടെ ചായക്കൂട്ടാണ് പാലയ്ക്കല്‍ സ്ഥിരമായി ഉപയോഗിച്ചുവരുന്നത്. 125 വര്‍ഷം പഴക്കമുള്ളതാണ് ഈ കമ്പനി.

സി.എച്ച് മഹാനായ ദാര്‍ശനിക പ്രതിഭ

ജെ.ആര്‍ പാലയ്ക്കല്‍ വരച്ച ആകെ ചിത്രങ്ങളുടെ എണ്ണം അഞ്ചുലക്ഷത്തിലേറെ. ഏതാണ്ട് അത്രതന്നെ ശില്‍പങ്ങള്‍ക്കു വേണ്ടിയും കരവിരുത് തെളിയിച്ചു. എന്നാല്‍ സി.എച്ച് മുഹമ്മദ് കോയെയ പോലെ മഹാനായൊരു നേതാവിനെ വരയ്ക്കാനും ആ ചിത്രം നിയമനിര്‍മാണസഭയുടെ ചരിത്ര സ്മാരകമായ പഴയ അസംബ്ലി ഹാളില്‍ സ്ഥാപിക്കാനുമായത് ജീവിതത്തിലെ വലിയ ഭാഗ്യമെന്ന് കരുതുന്നു ഇദ്ദേഹം. സി.എച്ചിന്റെ ചിത്രം വരയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിക്കുമ്പോള്‍ നാടായ നാടൊക്കെ അലഞ്ഞു, പൂര്‍ണഭാവത്തോടെ ശിരസുയര്‍ത്തി നില്‍ക്കുന്ന ഒരു സി.എച്ച് ഫോട്ടോക്കുവേണ്ടി. ആയിരക്കണക്കിന് ഫോട്ടോ കണ്ടു, എന്നാല്‍ ഒന്നില്‍ പോലും താന്‍ തൃപ്തനായിരുന്നില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ ഡോ.എം.കെ മുനീറുമായി സംസാരിച്ചു, സി.എച്ചുമായി സൗഹൃദം നിലനിര്‍ത്തിയ പലരുമായും ആശയവുനിമയം നടത്തി. വരയില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം കൂടി വ്യക്തമാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അക്കാര്യത്തില്‍ താന്‍ വിജയിച്ചതായി കരുതുന്നു. സി.എച്ചിനെ ഒരു രാഷ്ട്രീയനേതാവായോ മുന്‍മുഖ്യമന്ത്രിയായോ മുസ്‌ലിം ലീഗ് നേതാവായോ കാണുന്നതിനെക്കാള്‍ ഈ ചിത്രകാരന്റെ മനസില്‍ സി.എച്ച് മഹാനായ ദാര്‍ശനിക പ്രതിഭയാണ്, ആഴത്തില്‍ സാമൂഹ്യ ജീവിതത്തെ പഠിച്ച ചിന്തകനും എഴുത്തുകാരനുമാണ്.

വൈറ്റ് ഹൗസിലേക്ക്

വിശ്വാസികള്‍ക്ക് വിസ്മരിക്കാനാവാത്ത 'അവസാനത്തെ അത്താഴം' ഉള്‍പ്പെടെ ജെ.ആര്‍ പാലയ്ക്കല്‍ വരച്ച നാല് ചിത്രങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഒരിന്ത്യന്‍ ചിത്രകാരന് ലഭിക്കുന്ന അപൂര്‍വ ബഹുമതി. 1990ലാണ് വൈറ്റ്ഹൗസിന്റെ ഗ്യാലറിയില്‍ ഈ ചിത്രങ്ങള്‍ക്ക് ഇരിപ്പിടം ലഭിച്ചത്. തുടര്‍ന്ന് ഇന്നോളമുള്ള എല്ലാ പ്രസിഡന്റുമാരും ഈ ഇന്ത്യന്‍ ചിത്രകാരനെ കുറിച്ച് അന്വേഷിച്ചു കൊണ്ടേയിരിക്കുന്നു. ഇറ്റലിയിലെ മോണ്ടിചാപ്പല്‍ ദേവാലയത്തില്‍ ആരാധിക്കുന്ന ക്രിസ്തുവിന്റെ രൂപവും ഇദ്ദേഹത്തിന്റേതാണ്. എന്നാല്‍ രാജ്യാതിര്‍ത്തി കടന്ന ഈ ചിത്രകാരന് വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല.
തിരുവനന്തപുരത്ത് രാജ്ഭവന്റെ പൂജാമുറിയിലെ സരസ്വതീ ചിത്രം പാലയ്ക്കലിന്റേതാണ്. സിക്കന്തര്‍ ഭക്ത് ഗവര്‍ണര്‍ ആയിരിക്കെയാണ് ഇത് സ്ഥാപിച്ചത്. കേരളത്തിലെത്തിയ എല്ലാ ഗവര്‍ണര്‍മാരുമായും സൗഹൃദം നിലനിര്‍ത്തുന്ന പാലയ്ക്കലിലെ ഗവര്‍ണര്‍മാരുടെ ചിത്രകാരന്‍ എന്നാണ് അറിയപ്പെടുന്നത്.  
1954 ഏപ്രില്‍ 16ന് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കടുപ്പിശേരി പാലയ്ക്കല്‍ തറവാട്ടിലാണ് ജോസഫിന്റെ ജനനം. അച്ഛന്‍ ജോസഫ് റോക്കി പാലയ്ക്കല്‍ ചിത്രകാരനായിരുന്നു. അച്ഛന്‍ പകുതി വരച്ചുവെക്കുന്ന ചിത്രങ്ങള്‍ ആരും കാണാതെ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് വര്‍ണങ്ങളുടെ ലോകത്തേക്ക് കടന്നുവന്നത്. 15-ാം വയസില്‍ ജോര്‍ജ് മേച്ചേരി വൈദ്യര്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ കുടുംബ ചിത്രമാണ് ആദ്യമായി വരയ്ക്കുന്നചിത്രം. ഏറ്റവും നല്ല പിന്തുണ നല്‍കിയത് അച്ഛനായിരുന്നു. കലാകാരന്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അവരുടെ കാര്യം സമൂഹം നോക്കിക്കൊള്ളുമെന്നും കരുതി ചിത്രകലക്കു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച ഒരു ഭൂതകാലമാണ് ഇദ്ദേഹത്തിനുള്ളത്. 1984ല്‍ തൃശൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് വരയുടെ വഴികളിലെ സങ്കീര്‍ണതകളിലൂടെ യാത്ര തുടങ്ങിയത്. ഒന്നും വെട്ടിപ്പിടിക്കാന്‍ ശ്രമിക്കാതെ, തികച്ചും സ്വതന്ത്രമായ സഞ്ചാര മാര്‍ഗങ്ങളിലൂടെ ചിത്രങ്ങളും ശില്‍പങ്ങളുമായി മുന്നോട്ടുപോയി. അപ്രതീക്ഷിതമായി പല പ്രമുഖരുമായും ബന്ധപ്പെടാന്‍ സാഹചര്യമുണ്ടായി. അതില്‍ എടുത്തുപറയേണ്ടത് ഇന്ത്യന്‍ പ്രസിഡന്റായിരുന്ന എ.പി.ജെ അബ്ദുല്‍ കലാമുമായുള്ള ബന്ധമാണ്. പാലയ്ക്കലിന്റെ ചിത്രം കണ്ട അദ്ദേഹം ചിത്രകാരനെ കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തി ഉപഹാരം നല്‍കുകയായിരുന്നു.


നൃത്ത ശില്‍പങ്ങള്‍

നൃത്തകലയെ സ്‌നേഹിക്കുന്ന ചിത്രകാരനാണ് പാലയ്ക്കല്‍. തിരുവനന്തപുരം കണിയാപുരത്തുള്ള ഗ്യാലറി നിറയെ ലോക നൃത്തശില്‍പങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത മാതൃകകളാണുള്ളത്. ഇന്നോളം നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ നടരാജ ശില്‍പവും പാലയ്ക്കലിന്റേതാണ്. 14 അടി ഉയരമുള്ള നടരാജനൃത്ത ശില്‍പം തിരുവനന്തപുരം എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റിയൂട്ടിന് മുന്നില്‍ കാണാം. 16.5 ലക്ഷം രൂപയാണ് ഇതിന് ചെലവാക്കിയത്. ഒട്ടേറെ ശില്‍പങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും 'നടരാജ' ഒരു ശ്രദ്ധേയമായ വര്‍ക്കായിരുന്നു. അമേരിക്ക, ഇറ്റലി എന്നീ രാജ്യങ്ങളില്‍ എക്‌സിബിഷനുകള്‍ നടത്തിയിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ പാലയ്ക്കല്‍ ചിത്രങ്ങള്‍ വ്യാപകമായി വിലയിരുത്തപ്പെട്ടു. 2006ലാണ് അവസാന എക്‌സിബിഷന്‍ നടത്തിയത്. ലോക ചിത്രകലയെ കുറിച്ച് രചിക്കപ്പെട്ടിട്ടുള്ള നാല് ലക്ഷത്തോളം പുസ്തകങ്ങളുടെ അപൂര്‍വ ശേഖരവും പാലയ്ക്കലിന് സ്വന്തം.
തിരുവനന്തപുരം മലയിന്‍കീഴിലെ വീട്ടില്‍ വരയും ചിന്തയും വായനയുമായി കര്‍മനിരതനാണ് ജോസഫ് പാലയ്ക്കല്‍. ഇനി യയാതിയെ വരയ്ക്കണം, പുരാണങ്ങളില്‍ നന്മയുടെ പാതകളിലൂടെ നടന്ന എല്ലാ കഥാപാത്രങ്ങളെയും വരയ്ക്കണം, അക്ഷരക്കൂട്ടങ്ങളില്‍ അനുഭവങ്ങളിലേക്ക് നടക്കുമ്പോള്‍ ചായക്കൂട്ടുകളില്ലാതെ പാലയ്ക്കലിന് മറ്റൊരു ജീവിതമില്ല.

(2014 മെയ് 25 ചന്ദ്രിക വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)



No comments:

Post a Comment