Sunday, May 4, 2014

         മദ്യം:  ഉപയോഗ വര്‍ധനവ് സാമൂഹ്യം പ്രശ്‌നം

വി.എം സുധീരന്‍/ ഫിര്‍ദൗസ് കായല്‍പ്പുറം

കേരളം മദ്യം ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ ഇന്ന് വളരെ മുന്നിലാണ്.  മദ്യത്തിന്റെ ഉപയോഗത്തെ സംബന്ധിച്ചിടത്തോളം നാം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. കേരളത്തിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ആളുകള്‍ മദ്യം ഉപയോഗിക്കുന്നവരാണെന്നാണ് കണ്ടെത്തല്‍.  അതില്‍ത്തന്നെ  മദ്യത്തിന് അടിമകളായിട്ടുള്ളവരുമുണ്ട്.  മയക്കുമരുന്നുശീലമുള്ളവര്‍ 25,000 ഓളം പേര്‍ വരും. 2012-13 ല്‍ മദ്യപാനത്തിനായി കേരളീയര്‍ 24,877.25 കോടി രൂപ ചെലവഴിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
1999 ല്‍, പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി വന്നതോടെ പുകവലിക്കാരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും, കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും മധുരമിഠായി, പെന്‍ സിഗരറ്റ് തുടങ്ങിയ ലഹരിവസ്തുക്കളുടെയും ഉപയോഗം ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 
അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിനു തൊഴിലാളികള്‍ കേരളത്തില്‍ എത്താന്‍ തുടങ്ങിയതോടെ ലഹരിവസ്തുക്കളുടെ കള്ളക്കടത്തും അനധികൃതവില്‍പനയും ദുരുപയോഗവും  വ്യാപകമായി.
കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്) നടത്തിയ പഠനത്തില്‍, കഴിഞ്ഞ ഇരുപതുവര്‍ഷത്തിനുള്ളില്‍ 21 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ക്കിടയില്‍ മദ്യോപയോഗം 900 ശതമാനം ഉയര്‍ന്നു എന്നു കണ്ടെത്തുകയുണ്ടായി. 1990 ല്‍ മൊത്തം മദ്യോപയോക്താക്കളില്‍ 21 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം കേവലം  രണ്ടു ശതമാനമായിരുന്നെങ്കില്‍ 2010 ല്‍ അത് 18 ശതമാനമായി കൂടി. അതുപോലെ, 1986 ല്‍ മദ്യം ഉപയോഗിക്കുന്നവരുടെ കുറഞ്ഞ ശരാശരി പ്രായം 19 വയസ്സായിരുന്നെങ്കില്‍ 2011 ല്‍  അത് 13.5 വയസ്സായി കുറയുകയാണു ചെയ്തത്. പുരുഷന്മാരോടൊപ്പം സ്ത്രീകളും മദ്യപാനം ശീലമാക്കുന്നു എന്നതും പുതിയ ഒരു പ്രവണതയാണ്. 
കേരളത്തില്‍ മദ്യത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗത്തിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധന പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്.  മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍, ക്രമസമാധാനപ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള  അതിക്രമങ്ങള്‍,  കുടുംബത്തകര്‍ച്ചകള്‍, ലൈംഗികകുറ്റകൃത്യങ്ങള്‍, ക്രൂരമായ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, വിവാഹമോചനങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, തട്ടിപ്പുകള്‍, വാഹനാപകടങ്ങള്‍ എന്നിവയൊക്കെ നമ്മുടെ സാമൂഹികജീവിതത്തിന്റെ ഭദ്രതയെ ഗുരുതരമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു.
ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം അതുപയോഗിക്കുന്ന വ്യക്തിയെ മാത്രമല്ല, ആ വ്യക്തിയുടെ കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും ദോഷകരമായി ബാധിക്കുന്നു.  ധാര്‍മ്മികവും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും ആരോഗ്യപരവുമായ അധഃപതനമാണ് ഇതിലൂടെ സംഭവിക്കുന്നത്. 
ലഹരിയുടെ ഉപയോഗം ആരംഭിച്ച് അതിന് അടിമയായിക്കഴിഞ്ഞാല്‍ അത്തരക്കാരെ ലഹരിവിമുക്തിയിലേക്ക് മടക്കിക്കൊണ്ടുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലഹരി ഉപയോഗത്തിലേക്കു വഴുതിവീഴാതെ നോക്കുക എന്നതാണ് അഭികാമ്യം. ഇതിന് പ്രധാനമായി ആവശ്യം  സമൂഹത്തില്‍ ഊര്‍ജിതവും വ്യാപകവുമായ പ്രചാരണവും ബോധവല്‍ക്കരണവും നടത്തുക എന്നുള്ളതാണ്. ഒപ്പം, ലഹരിക്ക് അടിമകളായവരെ ചികിത്സിക്കുകയും പുനരധിവസിപ്പിക്കുകയും വേണം. 
മദ്യോപയോഗവും മദ്യലഭ്യതയും ക്രമേണ കുറച്ചുകൊണ്ടുവരിക എന്നതാണ് കോണ്‍ഗ്രസിന്റെയും ഐക്യജനാധിപത്യമുന്നണിയുടെയും പ്രഖ്യാപിതനയം. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ രാഷ്ട്രീയകക്ഷികളും വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും ആദ്ധ്യാത്മികസംഘടനകളും മതസംഘടനകളും ത്രിതല പഞ്ചായത്ത്-നഗരസഭാസംവിധാനങ്ങളും സംസ്ഥാനസര്‍ക്കാരും മറ്റും ഉള്‍പ്പെട്ട അതിവിപുലമായ ഒരു ലഹരിവിരുദ്ധപ്രസ്ഥാനം നമ്മുടെ സംസ്ഥാനത്ത് ശക്തമായി പ്രവര്‍ത്തിക്കേണ്ടതാവശ്യമാണ്. ഇത് പൊതുസമൂഹത്തെത്തന്നെ ഗണ്യമായി സ്വാധീനിക്കുന്ന ഒരു വലിയ പ്രസ്ഥാനമായി ഭാവിയില്‍ പരിണമിക്കണം.  അക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഈയിടെ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
കൂടാതെ, മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍, എക്‌സൈസ് വകുപ്പ്, പൊലീസ് വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേസ്വയംഭരണവകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹികക്ഷേമവകുപ്പ് എന്നിവയുടെ പ്രാതിനിധ്യത്തോടെ സര്‍ക്കാര്‍ തലത്തില്‍ വ്യാപകമായ ഒരു സംവിധാനം പ്രവര്‍ത്തനസജ്ജമാകണം. 
ഇപ്രകാരം, ലഹരി ഉപയോഗത്തിനെതിരെ ഒരു മഹാപ്രസ്ഥാനം കേരളത്തില്‍ രൂപംകൊള്ളുന്നതിലൂടെ മാത്രമേ ഇന്ന് അഭിമുഖീകരിക്കുന്ന മഹാദുരന്തത്തില്‍നിന്ന് നമുക്കു രക്ഷ നേടാനാവുകയുള്ളു.



(2014 മെയ് 3 ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പ്)

No comments:

Post a Comment