Sunday, October 28, 2012

ഡോ. തരൂര്‍ വീണ്ടുമെത്തുമ്പോള്‍

വിശ്വത്തോളം വളര്‍ന്ന ഒരു മലയാളിയുടെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങള്‍ പലപ്പോഴും ഇടുങ്ങിയ ചിന്തകളുടെ കൂടാരങ്ങളില്‍ അതൃപ്തിയുണ്ടാക്കി. രാഷ്ട്രീയ മര്യാദകള്‍ക്കപ്പുറം സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിത നിലവാരത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ചില 'ക്യാറ്റില്‍ ക്ലാസ്' പ്രയോഗങ്ങള്‍ ഉണ്ടായത് വ്യവസ്ഥകളോടുള്ള കലഹമായിരുന്നു. അസാധാരണമായ ചിന്താധാരകളുടെ ഉല്‍പന്നങ്ങളായിരുന്നു അത്തരം ഉയര്‍ന്ന കാഴ്ചപ്പാടുകള്‍. രാഷ്ട്രീയക്കാര്‍ പൊതുവെ സാഹചര്യങ്ങളോട് വല്ലാതങ്ങ് സമരസപ്പെട്ടുപോകും. ഇക്കാര്യത്തില്‍ ശശി തരൂരും സന്ധി ചെയ്യണമെന്നാണ് ചില 'ബുദ്ധിജീവി'കളുടെ അഭിപ്രായം.
വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കേണ്ടി വരുമ്പോള്‍ ലോകം കണ്ട പ്രഗത്ഭനായ ഒരു നയതന്ത്രജ്ഞന്, എഴുത്തുകാരന് എങ്ങനെയാണ് നിശബ്ദനായിരിക്കാന്‍ കഴിയുക. വികസനത്തിനൊപ്പം സാമൂഹ്യവും മാനസികവുമായ വളര്‍ച്ചയിലൂടെ മനുഷ്യവിഭവത്തെ പരിപോഷിപ്പിക്കേണ്ടതുണ്ടെന്ന ചിന്തയാണ് ഈ നേതാവിനെ വ്യത്യസ്തനാക്കുന്നത്.
ഏതായാലും ട്വിറ്ററിന്റെ സാധ്യതകള്‍ക്കപ്പുറത്ത് ശശി തരൂര്‍ എന്ന പൊതുപ്രവര്‍ത്തകനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ജീവിക്കുന്ന നഗരത്തില്‍, എന്റെ ഓഫീസിന് തൊട്ടടുത്ത് കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി അദ്ദേഹം തികച്ചും നിശബ്ദനായിരുന്നു. ആ നിശബ്ദതക്ക് കീഴടങ്ങല്‍ എന്നര്‍ത്ഥമില്ല. മനുഷ്യ ജീവിതത്തിന്റെ നഗ്ന യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാനും പ്രതികരിക്കാനും ശ്രമിച്ചവര്‍ക്കെല്ലാം എന്നും തിരിച്ചടി തന്നെയായിരുന്നു ബാക്കിയെന്നത് കറുത്ത ചരിത്രം. ക്രിക്കറ്റിന്റെ സാധ്യതകളിലേക്ക് കേരളത്തിലെ യുവജനങ്ങളെ കൈപിടിച്ച് നടത്താന്‍ ശ്രമിച്ചതും അപരാധമായി.
ഒടുവില്‍ ''ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്നു കേട്ടാലോ....''- തരൂര്‍ വീണ്ടും ഭാരതത്തിന്റെ ഭരണകൂടത്തില്‍ കസേര നേടി. ഇനി നമുക്ക് ജ്ഞാനമുള്ള നേതാവിന്റെ വികസന സങ്കല്‍പ്പങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതും കാത്തിരിക്കാം.

Friday, October 5, 2012

സംഘശക്തികളെ ദുര്‍ബലമാക്കാന്‍ സി.പി.എം
ഫിര്‍ദൗസ് കായല്‍പ്പുറം

(2012 ~ഒക്‌ടോബര്‍ 6 ന് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

ഗ്രാമീണ മേഖലഖലകളുടെ സാമൂഹ്യ- സാമ്പത്തിക ഉന്നമനത്തിനായി തുടക്കമിട്ട കുടുംബശ്രീയും, ഇതേ ലക്ഷ്യത്തിലേക്ക് കുറച്ചുകൂടി വിപുലമായ അര്‍ത്ഥത്തില്‍ ചുവടുവെച്ച ജനശ്രീയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാര്‍ത്തകള്‍ക്ക് ഇരയാക്കപ്പെടുകയാണ്. വികസനത്തിന്റെയും സ്വയംപര്യാപ്തതയുടെയും വിത്ത് പാകേണ്ടത് ഗ്രാമങ്ങളിലെ കൂട്ടായ്മകളിലൂടെയാകണമെന്ന ഗാന്ധീയന്‍ ദാര്‍ശികതയുടെ ഉല്‍പന്നങ്ങളാണ് ഈ രണ്ട് സംവിധാനങ്ങളും. സാമൂഹ്യ ജീവിതത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഉതകുന്ന പ്രസ്ഥാനങ്ങള്‍ എന്ന നിലയില്‍ കേരളീയ സമൂഹം ഇവക്കു രണ്ടിനും ശക്തമായ പിന്തുണ നല്‍കുന്നുമുണ്ട്. കുടുംബശ്രീ അതിന്റെ പിറവി മുതല്‍ ഇന്നുവരെ സ്വാതന്ത്ര്യം എന്തെന്നറിഞ്ഞിട്ടില്ല. കുടുംബശ്രീയുടെ ബാല്യത്തില്‍ തന്നെ അതിനെ ചെങ്കൊടി പുതപ്പിച്ച് ഒരു ചട്ടക്കൂടിനുള്ളില്‍ തളച്ചിടാന്‍ കഴിഞ്ഞത് സി.പി.എമ്മിന്റെ സംഘടനാപരമായ കരുത്താകാം. എന്നാല്‍ കുടുംബശ്രീയുടെ സ്വപ്നങ്ങളിലേക്കാണ് ഇവര്‍ കരിനിഴല്‍ വീഴ്ത്തുന്നത്.
ഇവിടെ പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.എമ്മിന്റെ കാഴ്ചപ്പാട് ബാലിശമായിപ്പോകുന്നു. കുടുംബശ്രീയുടെ ഉടമസ്ഥത തങ്ങള്‍ക്കാണെന്ന ധാര്‍ഷ്ട്യത്തോടെയാണ് സി.പി.എം നേതാക്കള്‍ പ്രതികരിക്കുന്നത്. സ്ത്രീകളുടെ കൂട്ടായ്മക്ക് രാഷ്ട്രീയമായ മുഖം നല്‍കുന്നത് എന്തുകൊണ്ടും ആപത്ക്കരം തന്നെയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ആളെക്കൂട്ടാനുള്ള സംവിധാനമായി കുടുംബശ്രീയെ ദുരുപയോഗം ചെയ്തവര്‍ ഇപ്പോള്‍ ജനശ്രീയക്ക് അനുവദിച്ച ഫണ്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു വിഭാഗം വനികളെ സംഘടിപ്പിച്ച് സമരം നടത്തുകയാണ്. സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ആയുധങ്ങള്‍ ഇല്ലാതെ പ്രതിപക്ഷം പരുങ്ങലിലായ ഘട്ടത്തിലാണ് ഈ പിടിവള്ളി കിട്ടിയത്. ജനശ്രീയും കുടംബശ്രീയും തികച്ചും വിഭിന്നമായ സംഘടനാ സംവിധാനങ്ങളുള്ള പ്രസ്ഥാനങ്ങളാണ്. എന്നാല്‍ ഇവ രണ്ടും സഞ്ചരിക്കുന്നത് ഒരേ ലക്ഷ്യത്തിലേക്കുമാണ്.
കേന്ദ്രസര്‍ക്കാരിന്റെ എസ്.ജെ.എസ്.ആര്‍.വൈ പദ്ധതി പ്രകാരം 1998 മെയ് 17ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പെയ് മലപ്പുറത്താണ് കുടുംബശ്രീക്ക് തുടക്കം കുറിച്ചത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിച്ച് അവരെ സ്വയംപര്യാപ്തരാക്കാന്‍ വേണ്ട കര്‍മപദ്ധതികള്‍ നടപ്പിലാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കൂട്ടായ്മയിലൂടെ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ച്, ചെറുകിട സംരംഭങ്ങള്‍ വഴി അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു നിശ്ചിത വരുമാനം ഉറപ്പുവരുത്തി അവരേക്കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന വിപ്ലവകരമായ മുന്നേറ്റം ഒരു പരിധിവരെ വിജയിക്കുക തെന്നെ ചെയ്തു.
ജനശ്രീയാകട്ടെ ഏത് വിഭാഗത്തില്‍പെട്ടവര്‍ക്കും ചേരാന്‍ കഴിയുന്ന സ്വയംസഹായ സംഘങ്ങളുടെ ഒരു കൂട്ടമാണ്. ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുക, വികസന യത്‌നങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കുക തുടങ്ങിയവയാണ് ജനശ്രീ ലക്ഷ്യങ്ങളായി പറയുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ എം.എം ഹസന്റെ നേതൃത്വമാണ് ജനശ്രീയെ ശക്തമായ നിലയിലെത്തിച്ചതെന്നിരിക്കെ, സി.പി.എമ്മിന്റെ വിയോജിപ്പിന് മറ്റ് കാരണങ്ങള്‍ തേടേണ്ടതില്ല. കുടുംബശ്രീയെ രാഷ്ട്രീയ വല്‍ക്കരിച്ച് മുന്നോട്ടുപോയ സി.പി.എമ്മിന് കഴിഞ്ഞ കുറച്ചുകാലമായി അതിന് സാധിക്കാത്ത സ്ഥിതിയാണ്. ജനശ്രീക്ക് സര്‍ക്കാര്‍ അവിഹിതമായ ഒരു സഹായവും നല്‍കിയിട്ടില്ലെന്ന് കുടുംബശ്രീയുടെ രക്ഷകന്‍ ചമയുന്ന മുന്‍മന്ത്രി തോമസ് ഐസക്കിനും നന്നായറിയാം. ഇന്ത്യയിലെവിടെയും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ച്, രജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന, സാമ്പത്തിക മാനേജ്‌മെന്റ് ചട്ടങ്ങള്‍ പാലിക്കുന്ന ഏതൊരു എന്‍.ജി.ഒ പ്രസ്ഥാനങ്ങള്‍ക്കും ന്യായമായി ലഭിക്കേണ്ട സഹായം മാത്രമാണ് സര്‍ക്കാര്‍ ജനശ്രീക്കും അനുവദിച്ചത്. കുടുംബശ്രീയെ സംരക്ഷിക്കുന്നത് പോലെതന്നെ മറ്റ് സ്വയം സഹായ സംഘടനകളെ സഹായിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്. ഇതൊരു പുതിയ കാര്യമല്ല. കേരളത്തില്‍ത്തന്നെ വിദ്യാഭ്യാസ, സാമൂഹ്യ, ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി എന്‍.ജി.ഒകളുണ്ട്. ഇവക്കെല്ലാം എല്‍.ഡി.എഫ് ഭരണകാലത്തുള്‍പെടെ പലപ്പോഴായി സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിച്ചിട്ടുമുണ്ട്.
റബ്‌കോയ്ക്കും ശാസ്ത്ര സാഹിത്യപരിഷത്തിനും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായി വിലയിരുത്തിയാല്‍ പോലും ഈ സംഘടനകളെക്കാള്‍ അര്‍ഹതയുണ്ട് ജനശ്രീക്ക്. റബ്‌കോയും ശാസ്ത്രസാഹിത്യ പരിഷത്തും എത്രപേര്‍ക്ക് പ്രയോജനപ്പെടുന്നുണ്ടെന്ന് പരിശോധിക്കണം. അതിന്റെ എത്രയോ ഇരട്ടിയാകണം ജനശ്രീയുടെ സാമൂഹ്യ ഇടപെടല്‍. അഞ്ച് കോടി രൂപ ആസ്തിയുളള ഒരു പ്രസ്ഥാനത്തില്‍ ചെയര്‍മാന്റെ പേരില്‍ അമ്പതിനായിരം രൂപ ഷെയര്‍ ഉള്ളത് ഒരു മഹാപാപമായി ഉയര്‍ത്തിക്കാട്ടുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആണ്. ഇതില്‍ കൂടുതല്‍ തുക തന്റെ പേരിലുണ്ടെന്ന് തെളിയിക്കാന്‍ ഹസന്‍ സി.പി.എമ്മിനെ വെല്ലുവിളിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മിഷന്‍ പൂര്‍ണമായും ഒരു സര്‍ക്കാര്‍ സംരംഭമാണ്. കോണ്‍ഗ്രസ്-സി.പി.എം രാഷ്ട്രീയ ബലാബലത്തിനുള്ള വേദിയായി ജനശ്രീയും കുടുംബശ്രീയും മാറുന്നത് തികച്ചും ആശാവഹമല്ല. ജനശ്രീയുടെ പ്രവര്‍നനത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. ദാരിദ്ര്യരേഖക്ക് താഴെയുള്ള ഓരോ കുടുംബത്തില്‍ നിന്നും ഓരോ സ്ത്രീകളെ വീതം അംഗങ്ങളാക്കിക്കൊണ്ടാണ് കുടുംബശ്രീ അയല്‍ക്കൂട്ടം രൂപീകരിച്ചിട്ടുള്ളത്. എന്നാല്‍ ജനശ്രീയില്‍ ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും അംഗമാകാമെന്ന് മാത്രമല്ല ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും അംഗമാകാമെന്ന പ്രത്യേകതയുമുണ്ട്.
സ്വയം സഹായ സംഘങ്ങളിലൂടെ രൂപപ്പെടുന്ന പുത്തന്‍ സംഘടനാ സംവിധാനം, മൈക്രോ ഫിനാന്‍സ് രംഗത്തെ പുതിയ അവസരങ്ങള്‍ തുടങ്ങിയ നിരവധി സ്വപ്നങ്ങളോടെയാണ് ജനശ്രീ രൂപീകരിക്കപ്പെട്ടത്. ഇടതുസര്‍ക്കാര്‍ അധികാത്തിലിരിക്കെ ബൈലോ ഭേദഗതി ഉള്‍പെടെ വന്‍ അഴിച്ചുപണി നടത്തി കുടുംബശ്രീയെ രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിച്ചിരുന്നു. കുടുംബശ്രീയുടെ ഓഫീസുകളില്‍ റിസോഴ്‌സ് പേഴ്‌സണ്‍, കണ്‍സള്‍ട്ടന്റുമാര്‍ തുടങ്ങിയ വിവിധ തസ്തികകളില്‍ പാര്‍ട്ടി അനുഭാവികളെയും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരെയും വന്‍തോതില്‍ നിയമിച്ചത് അന്ന് വിവാദമായിരുന്നു. സംഘടനാ സംവിധാനത്തിന്റെ കരുത്തും നേട്ടവും വ്യക്തമായി അറിയാവുന്നതിനാലാണ് കുടുംബശ്രീയെ രാഷ്ട്രീയമായി ഉപയോഗിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അക്കാലത്ത് പാര്‍ട്ടി അണികളെ ഉപദേശിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കേരളത്തില്‍ ആകെ 10 ലക്ഷം ദരിദ്ര കുടുംബങ്ങളേ ഉണ്ടാകൂ. എന്നാല്‍ സാമൂഹികമായ അവഗണന, എയ്ഡ്‌സ്, ശാരീരിക വൈകല്യം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ സമൂഹത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കഴിയാത്തവര്‍ക്കൊക്കെ ദാരിദ്ര്യത്തിന്റേതായ അവസ്ഥകളുണ്ട്. ഇതിനെയെല്ലാം നേരിടുകയെന്ന ലക്ഷ്യം കൂടി കുടുംബശ്രീക്കും ജനശ്രീക്കും ഈ ഗണത്തില്‍പെടുന്ന എല്ലാ കൂട്ടായ്മകള്‍ക്കുമുണ്ട്.
മൈക്രോഫിനാന്‍സ് സമ്പ്രദായം മഹാപാപമാണെന്ന് പ്രചരിപ്പിക്കുന്ന സി.പി.എം നേതാക്കള്‍ സമുദായ സംഘടനകള്‍ നടത്തുന്ന മൈക്രോഫിനാന്‍സിംഗിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍ നടത്തുമ്പോള്‍, ജനശ്രീക്കു മാത്രം അത് നിഷിദ്ധമാകുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്. ഒരു സംഘടനക്ക് ഫണ്ട് അനുവദിച്ചതുകൊണ്ട് തങ്ങള്‍ക്ക് നഷ്ടമാകുമെന്ന് കരുതുന്ന കുടുംബശ്രീ ഭാരവാഹികളായ വനിതകള്‍ സി.പി.എമ്മിന്റെ കെണിയില്‍ പെട്ടുപോകുന്നത് കഷ്ടമാണ്. കുടുംബശ്രീയും ജനശ്രീയും ഉള്‍പെടെയുള്ള സ്ത്രീ ശാക്തീകരണ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത് വളരെ വലിയൊരു ആശയപൂര്‍ത്തീകരണമാണ്. ഇതിനിടെയില്‍ ചട്ടുകയായി വര്‍ത്തിക്കേണ്ടി വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ പുനരാലോചന നടത്തേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സഹായം പറ്റുന്ന ഇടതുപക്ഷ സംഘടനകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് എം.എം ഹസന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് സര്‍ക്കാര്‍ തയാറാകുന്ന ദിവസം ഈ വിവാദത്തിന്റെ ആയുസ് അവസാനിക്കും.