Friday, January 4, 2013


                      പിണറായി=  നേതാവ്


ന്യൂസ് മേക്കര്‍, ബെസ്റ്റ് മിനിസ്റ്റര്‍... തുടങ്ങി മാധ്യമ വര്‍ത്തമാനങ്ങളില്‍ ഇത് മികച്ചവരെ കണ്ടെത്തുന്ന കാലം. എല്ലാ മേഖലകളെയും പരിഗണിക്കുമ്പോള്‍ അവയ്‌ക്കെല്ലാം മുകളിലാണ് രാഷട്രീയത്തിന്റെ സ്ഥാനം. ദൈനംദിന വര്‍ത്തമാനങ്ങളില്‍ സാഹിത്യത്തെയും സിനിമയെയുമൊക്കെ കവച്ചുവെച്ച് വാര്‍ത്തകളില്‍ ഇടം നേടുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ.
മലയാളിയുടെ സാംസ്‌കാരിക ബോധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം ചെറുതല്ല. ഒരുപക്ഷേ, ഇന്ത്യയില്‍ മറ്റേതു സംസ്ഥാനത്തെക്കാളും രാഷ്ട്രീയ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കുക മലയാളിയുടെ ശീലങ്ങളുടെ ഭാഗമായി മാറിയിട്ടുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വളര്‍ച്ചയും തളര്‍ച്ചയും അടയാളപ്പെടാതെ ഒരു ദിനവും കടന്നുപോകുന്നില്ല. അതിനൊപ്പം രാജ്യത്തുനടക്കുന്ന എല്ലാ നന്മതിന്മകളിലും നേതാക്കളുടെയും പാര്‍ട്ടികളുടെയും നിലപാടുകള്‍ സ്വാധീനിക്കുന്നുമുണ്ട്. 2012ലെ 'ബെസ്റ്റ് ലീഡര്‍' ആരാണ്?
ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനുവേണ്ടി വാളും പരിചയുമെടുത്തു പോരാടുന്ന കോണ്‍ഗ്രസിനെ വലിയ പരിക്കുകളില്ലാതെ നയിക്കുന്ന ചെന്നിത്തലയോ... അതോ, നിസാര ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനെ ഒന്നാം നമ്പര്‍ മുള്‍മുനയില്‍ നയിക്കുന്ന ഉമ്മന്‍ചാണ്ടിയോ?..... ഇഴഞ്ഞും വീണും സംഘപരിവാരങ്ങളുടെ തല്ലും തലോടലുമേറ്റ് കാലം കഴിക്കുന്ന ബി.ജെ.പിയുടെ വി. മുരളീധരനോ...?
'എന്തുകൊണ്ട് സി.പി.എം'- ഈ ചോദ്യത്തിന് എല്ലാക്കാലത്തും പ്രസക്തിയുണ്ട്. കേരളത്തിന്റെ ചരിത്രവഴികളില്‍ ഈ പാര്‍ട്ടി നല്‍കിയ സംഭാവനകള്‍ ചെറുതല്ല. വാര്‍ത്തകളില്‍ ഈ പാര്‍ട്ടിക്ക് നിറം മങ്ങിയെങ്കിലും.........

സംഘടനാശക്തികൊണ്ട് കേരള രാഷ്ട്രീയത്തിലെ പ്രബലകക്ഷിയായ സി.പി.എമ്മിനെ പ്രതിസന്ധികളില്‍ തളരാതെ നയിക്കുന്ന പിണറായി വിജയന്‍ തന്നെയാണ് യഥാര്‍ത്ഥ ലീഡര്‍. സി.പി.എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും കടുത്ത പരീക്ഷണങ്ങളുടെ കാലത്ത് ഈ പാര്‍ട്ടിയുടെ അന്തകനെന്ന് പിണറായിയെ ആക്ഷേപിച്ചവരുണ്ട്. ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഉന്നത നേതാക്കള്‍ വരെ സംശയത്തിന്റെ നിഴലില്‍ നിന്നപ്പോള്‍- തനിമയുള്ള പുഞ്ചിരിയോടെ പലതും അവഗണിച്ചുതള്ളി പിണറായി. 'ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല' എന്നു പറയുക മാത്രമല്ല, അത് പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയും ചെയ്തു അദ്ദേഹം. പിണറായിയുടെ സ്ഥാനത്ത് മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷേ......
നേതൃപാടവം ഒരു കലയാണ്. മികച്ച സംഘാടകന് മാത്രമേ ഒരു പ്രസ്ഥാനത്തെ നയിക്കാനാവൂ....,

(ഞാനൊരു മാര്‍ക്‌സിസ്റ്റല്ല, മാര്‍ക്‌സിസ്റ്റ് വിരുദ്ധനുമല്ല. കഴിവും പ്രാപ്തിയുമുള്ള നേതാക്കളുടെ ജീവിതം പാഠമാക്കണമെന്ന അഭിപ്രായമുള്ളയാള്‍ മാത്രം)

No comments:

Post a Comment