Sunday, July 22, 2012

വ്രതശുദ്ധി നിറവിന്റെ ഓര്‍മകളിലെവിടെയൊക്കെയോ നിറയുന്ന ഒരു മുഖമുണ്ട്. അതൊരു തമിഴന്‍ ബാബയുടേതാണ്. അലയടിക്കുന്ന കായലും അരുവികള്‍ താളമിടുന്ന ഇടവഴികളുമുള്ള എന്റെ ഗ്രാമത്തിന് ഓരോ നോമ്പുകാലവും പറയാനുണ്ടായിരുന്നത് നിരവധി കഥകളാണ്. ഗൃഹാതുരമായ ആ ഓര്‍മയുടെ ഇതളുകള്‍ ഇന്നും ഹൃദയത്തില്‍ മുത്തമിടുന്നുണ്ട്. പക്ഷേ, അതൊന്നും പറയാന്‍ കഴിയുന്ന വിധം ഓര്‍മയിലെത്തുന്നില്ല. യാഥാസ്ഥിതിക ചിന്തകളുണ്ടായിരുന്ന ഒരു തലമുറ ഈ ചെറിയ ഗ്രാമത്തില്‍ ഇപ്പോഴില്ല. പക്ഷേ ഓരോ ഓര്‍മകളിലും ഒരു കായല്‍ക്കാറ്റിന്റെ ഇരമ്പമുണ്ട്. നീറുനായകളുടെ ഓരിയിടലുണ്ട്. കുളക്കോഴിയും ഇരണ്ടയും ഇതുവഴി പറന്നുനടന്നിട്ടുണ്ട്. അവയെല്ലാം ഇന്ന് മറവിയിലേക്ക് മടങ്ങിയിരിക്കുന്നു.
അങ്ങനെ... ആ തമിഴനായ വൃദ്ധ ഫക്കീര്‍, കിഴക്കുപുറം വയല്‍വരമ്പുകള്‍ താണ്ടി നടപ്പ് അവസാനിപ്പിക്കുന്നത് പലപ്പോഴും ഞങ്ങളുടെ വീട്ടിലായിരുന്നു. തുണിസഞ്ചിയില്‍ തമിഴന്റെ ഉപ്പുരുചിയുള്ള ബിസ്‌കറ്റ് എനിക്കും അനുജന്മാര്‍ക്കുമായി ആ ഉപ്പുപ്പ കരുതി വരും. നോമ്പുതുറക്കുന്നതിന് ഓന്നോ രണ്ടോ മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ ആ ബാവ എത്തിയിരുന്നു. വന്നവഴിയില്‍ കണ്ടുമുട്ടിയവരെക്കുറിച്ച് പറയും. തന്നെ അപമാനിച്ചവരെക്കുറിച്ച് പരാതിയില്ലാത്ത ഭാഷയില്‍ പറഞ്ഞു ചിരിക്കും. ഓരോ റമളാനിലും ഇത്തരത്തില്‍ രണ്ടോ മൂന്നോ തവണ അയാള്‍ വന്നിരുന്നു. ഒരു ഭിക്ഷാടകന്‍ മാത്രമായ ബാവക്ക് നോമ്പുതുറയൊരുക്കാന്‍ അയല്‍വീട്ടില്‍ നിന്ന് പലപ്പോഴും സാധനങ്ങള്‍ വായ്പ വാങ്ങാന്‍ എന്റെ ഉമ്മ ഓടുന്നത് കണ്ടിട്ടുണ്ട്. കാരണം, നമ്മുടെ വീട്ടില്‍ ബന്ധുക്കളോ മറ്റാരെങ്കിലുമോ നോമ്പുതുറക്കെത്തിയതായി എനിക്കോര്‍മ്മയില്ല. ഊരുംപേരുമില്ലാത്ത ഈ ഫക്കീറിനെ ഞങ്ങള്‍ അതിഥിയാക്കിയത് അതുകൊണ്ടാണോയെന്ന് എന്നെനിക്കറിയില്ല. ഏതായാലും നോമ്പുതുറയ്ക്ക് ശേഷം എന്നെയും അനുജന്മാരെയും തലയില്‍ പച്ചത്തുണിയിട്ട് ഓതിത്തന്നിരുന്നു. ബാവ ഓതിക്കഴിയുമ്പോള്‍ എന്റെ വിശ്വാസത്തിന്റെ ഊര്‍ജം പ്രവര്‍ത്തിച്ചു തുടങ്ങും. വല്ലാത്തൊരു ആത്മവിശ്വാസമായിരുന്നു- അന്നത്തെ ബാലിശമായ ചിന്തയിലെങ്കിലും.
അങ്ങനെ എത്രയോ നൊയമ്പ് നാളുകളിലെ ഓര്‍മകളെ സമ്പന്നമാക്കാന്‍ ബാവക്ക് കഴിഞ്ഞു. പിന്നെ ഒരു റമളാനില്‍ നോമ്പുകാലം മുപ്പത് പിന്നിട്ടിട്ടും ആ ഫക്കീര്‍ വന്നില്ല. ഞങ്ങള്‍ കാത്തിരുന്നു. ആ ബിസ്‌കറ്റ് രുചിതേടി, ബാവ വരുമ്പോള്‍ വീട്ടിലുണ്ടാകുന്ന സന്തോഷത്തിന്റെ നിമിഷങ്ങളോര്‍ത്ത്.... പക്ഷേ, ആ റമളാന്‍ നമുക്ക് നിരാശ തന്നാണ് കൊഴിഞ്ഞുപോയത്. ഉമ്മ പറഞ്ഞു- 'ബാവ പോയിരിക്കണം'. വര്‍ഷങ്ങളുടെ ബന്ധമുണ്ടായിരുന്ന ആ മനുഷ്യന്‍ എവിടെ മരിച്ചു, അയാള്‍ക്ക് ആരെങ്കിലും ഉറ്റവരോ ഉടയവരോ ഉണ്ടായിരുന്നോ..... ഒന്നും ഞങ്ങള്‍ക്കറിയില്ല.
ഇന്ന് വീണ്ടുമൊരു റമളാന്‍ മനസില്‍ നിറയുമ്പോള്‍ എന്റെ ഉമ്മയില്ല, പഴയ വീടില്ല. കിഴക്കുപുറത്തോ പടിഞ്ഞാറ്റുപുറത്തോ നെല്‍കൃഷിയില്ല. കായലാകട്ടെ റിസോര്‍ട്ട്- മണല്‍ മാഫിയ കൈക്കലാക്കി. ഇരണ്ടയും കുളക്കോഴിയും വംശനാശം വന്നുപോയി. എന്റെ ഓര്‍മകളിലും വല്ലാത്ത അസ്വസ്ഥത പടര്‍ന്നിരിക്കുന്നു. നഷ്ടമാകുന്നതെല്ലാം എന്നും നമുക്ക് പ്രിയപ്പെട്ടതാണല്ലോ......!!!!

No comments:

Post a Comment