Monday, February 11, 2013


               ദ്രാവിഡ താളത്തില്‍ ലയിച്ച സര്‍ഗാത്മക ജാഗ്രത

                                                                                      ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: ഇരുള്‍ പടര്‍ന്ന കാനത്തിന്റെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ കവി ഉച്ചത്തില്‍ ചൊല്ലും-  ''ഒരു ഗീതമെന്റെ മനസില്‍ വരുന്നുണ്ട്/ നീവരാതെങ്ങനെ മുഴുവനാകും/ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ/ പകരുന്നതെങ്ങനെ ചിത്രമായി''- മനുഷ്യമനസിന്റെ അഗാധതകളിലേക്ക് പടര്‍ന്നുകയറുന്ന സംവേദനക്ഷമമായ കരുത്താണ് ഡി. വിനയചന്ദ്രനെ മലയാളി മനസിന് പ്രിയങ്കരനാക്കിയത്.
''വീട്ടിലേക്കുളള വഴിതേടിക്കൊണ്ടിരിക്കുന്നു/ വീട്ടിലേക്കെന്നുപോകുന്നു ചോദിക്കുന്നുകൂട്ടുകാര്‍/ കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍/ പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്/ കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍''- വിനയചന്ദ്രന്‍ മാഷിന്റെ സഞ്ചാര ഇടവേളകളില്‍ 'വീട്ടിലേക്കുള്ള വഴി'യും  ഏകാന്തവാസത്തില്‍ മനസിനെ മഥിക്കുന്ന ഒട്ടേറെ വരികളും ഇങ്ങനെ പിറവിയെടുത്തിട്ടുണ്ട്.
വനാന്തരങ്ങളിലൂടെയും നദിക്കരകളിലൂടെയും യാത്ര ചെയ്ത് പ്രകൃതിയുടെ തനത് സംഗീതത്തെ കവിതകളില്‍ അടയാളപ്പെടുത്തിയപ്പോള്‍ അതിന് ദ്രാവിഡ താളത്തിന്റെ അകമ്പടിയുണ്ടായി. 'വീട്ടിലേക്കുള്ള വഴി'യെക്കുറിച്ച് വാചാലനാകുന്ന കവി, നിരന്തരമായ യാത്രകളിലൂടെ 'വഴി'കളെ നേരിന്റെയും നന്മയുടെയും പക്ഷത്തേക്ക് തെളിക്കുകയായിരുന്നു. നഗരത്തില്‍ ജീവിച്ച്, ഗ്രാമയാത്രകളിലൂടെ മനസിലെ കാല്‍പനിക ഭാവങ്ങളെ നിലനിര്‍ത്തി. യാത്രകളില്‍ ഇതള്‍വിരിയുന്ന ബിംബങ്ങളെ സാമൂഹ്യബോധത്തിന്റെ പ്രതീകങ്ങളാക്കി വരികളില്‍ വിന്യസിച്ചു. ഗദ്യവും പദ്യവുമല്ല കവിത; ഹൃദ്യമായതാണ് കവിതയെന്ന് തെളിയിച്ചതാണ് വിനയചന്ദ്രന്റെ കാവ്യജീവിതത്തിന്റെ സാക്ഷ്യം.
കവിതയുടെ പാരമ്പര്യ രചനാ സമ്പ്രദായങ്ങളിലുണ്ടായ ശൈലീ വ്യതിയാനങ്ങളെ ഉത്തരാധുനികതക്ക് ഒപ്പം നിന്ന് സ്വീകരിച്ചുകൊണ്ട് എന്താണ് കവിതയെന്ന് പറയാനും പാടാനും കഴിഞ്ഞതാണ് കവിയുടെ പ്രത്യേകത. കവിതക്കും സാഹിത്യത്തിനും ഇടതു സൈദ്ധാന്തിക അടിത്തറയെ ആശ്രയിച്ച എഴുപതുകളില്‍ വ്യത്യസ്്തമായ ജീവിതാനുഭവങ്ങളുടെ തീച്ചുളയില്‍ നിന്നാണ്് വിനയചന്ദ്രന്‍ എന്ന കവിയുടെ വരവ്. പച്ച ജീവിതത്തിന്റെ നേരടയാളങ്ങളിലെ സര്‍ഗാത്മക ജാഗ്രതയാണ് വിനയചന്ദ്രനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചതാകട്ടെ ഭാഷാ സംസ്‌കാരത്തിന്റെ മൗലികതയും.
ഒറ്റക്കു നടക്കുമ്പോഴുണ്ടാകുന്ന കരുത്താണ് അദ്ദേഹത്തിന്റെ കവിതകളെ വേറിട്ട സഞ്ചാരപഥങ്ങളിലേക്ക് ആനയിച്ചത്. യാത്രകളിലൂടെ ആര്‍ജിച്ചെടുത്ത നാട്ടറിവുകളെ കവിതയില്‍ സന്നിവേശിപ്പിക്കുന്നതില്‍ ഇത്രയധികം പ്രാഗത്ഭ്യം പുലര്‍ത്തിയിട്ടുളള കവികള്‍ മലയാളത്തില്‍ അധികമില്ല. ഭാഷാ പ്രയോഗത്തിന്റെ രാഷ്ട്രീയം, അതെപ്പോഴും പ്രകൃതിസ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നു. ജീവിതാവബോധത്തിന്റെ കരകളില്‍ തട്ടിയായിരുന്നു ഓരോ ബിംബങ്ങളും പിറന്നുവീണത്. വരികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ അതില്‍ പുഴയും കുന്നും കുയിലും മയിലും കടന്നുവരുന്നത് യാദൃശ്ചികം. നാലാമത്തെ വയസില്‍ എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം കൂട്ടിവായിച്ചാണ് വിനയചന്ദ്രന്‍ സാഹിത്യലോകത്തേക്ക് എത്തിനോക്കിയത്. വീടിനെക്കുറിച്ചും അപ്പൂപ്പനെക്കുറിച്ചുമൊക്കെയായിരുന്നു ആദ്യകാല എഴുത്തുകള്‍.
ആറു വയസുമുതല്‍ മനസില്‍ കടന്നുകൂടിയ കവിത, മലയാളത്തിലെ മുഖ്യധാരാ സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നിടത്തോളം നീണ്ടു. അനാദൃശമായ വഴക്കവും പടര്‍ച്ചയും സര്‍ഗാത്മക സഞ്ചാരങ്ങളുടെ ഉല്‍പ്പന്നങ്ങളുമാണ് ഈ കവി നമുക്കുതന്ന സമ്മാനം. 'സമീക്ഷ' പോലുള്ള സമാന്തര പ്രസിദ്ധീകരണങ്ങളാണ് ആദ്യകാലത്ത് വിനയചന്ദ്രന് പ്രോത്സാഹനം നല്‍കിയിരുന്നത്. അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍. കക്കാട്, ആര്‍. രാമചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകളെ സഗൗരവം വീക്ഷിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു അദ്ദേഹം. വിനയചന്ദ്രന്റെ പതിനൊന്നാം വയസിലാണ് അമ്മയുടെ മരണം. വീട്ടില്‍ നിന്നും പഠനത്തിനായി മാറി നിന്ന അദ്ദേഹം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നു. താമസക്കൂലി, ഫീസ്, ഭക്ഷണത്തിനുള്ള പണം തുടങ്ങിയവക്ക് യാതൊരു വഴിയുമുണ്ടായില്ല. കടുത്ത ദാരിദ്ര്യത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നായിരുന്നു തുടക്കം. പഠനവും ഔദ്യോഗിക ജീവിതവും കഴിഞ്ഞ് പിന്നീടെപ്പൊഴൊ വീടുവിട്ടു. അന്നുതുടക്കമിട്ട യാത്രക്ക് ഇടവേളകളില്ലായിരുന്നു. തിരുവനന്തപുരം നഗരത്തിലെ സാഹിത്യ സായാഹ്നങ്ങളില്‍ കഴിഞ്ഞ ദിവസംവരെ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. വാക്കുകള്‍ കൊണ്ട് തീര്‍ക്കുന്ന മായാജാലങ്ങള്‍ക്കപ്പുറം കവിതയുടെ തുരുത്തുകളിലുള്ളത് പച്ചയായ മനുഷ്യജീവിതമാണെന്ന് കവി ഓര്‍മിപ്പിച്ചു. ആവാസ പരിസരങ്ങളില്‍ നാട്ടുജീവിതത്തിന്റെ താളവും കാല്‍പനികതയുടെ ഭാവഭദ്രതയും ഇഴചേര്‍ത്തായിരുന്നു ഈ ഒറ്റയാന്റെ ജീവിതം.

(12.02.2013ല്‍ ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment