Friday, February 8, 2013


അബ്ബാസ് സേട്ട് സംവരണത്തിന്റെ രീതിശാസ്ത്രം പഠിപ്പിച്ച നേതാവ്
                                                     
                                                                          ഫിര്‍ദൗസ് കായല്‍പ്പുറം

പൊതുസമൂഹത്തിന്റെ ദൈനംദിന വ്യാപാരങ്ങളില്‍ 'സംവരണം' എന്ന അനിവാര്യമായ ആവശ്യത്തെ അടയാളപ്പെടുത്തിയാണ് അബ്ബാസ് സേട്ട് വിടവാങ്ങിയത്. എഴുത്തുകാരന്‍, രാഷ്ട്രീയ നേതാവ്, പ്രാസംഗികന്‍ എന്നീ നിലകളില്‍ നാലു പതിറ്റാണ്ടിലേറെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അബ്ബാസ് സേട്ട് സംവരണത്തിന്റെ രാഷ്ട്രീയത്തെ കാലിക പ്രസക്തിയോടെ പഠിപ്പിച്ചുതന്നു. സംവരണം ഔദാര്യമല്ല, അവകാശമാണെന്ന് നിരന്തരം പ്രസംഗിച്ചും എഴുതിയും ഒരു തലമുറയുടെ രാഷ്ട്രീയ ചിന്തകളോട് നിരന്തരം സംവദിച്ചുകൊണ്ടേയിരുന്നു.
ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ എക്കാലവും സജീവ ചര്‍ച്ചയാകുന്ന സംവരണ വിഷയങ്ങളെ കലര്‍പ്പില്ലാത്ത യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ത്തുവെച്ച് കാലാകാലങ്ങളിലെ സര്‍ക്കാറുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച നേതാവെന്ന നിലയിലാണ് അബ്ബാസ് സേട്ട് പ്രശസ്തനായത്. ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളിലെല്ലാം പിന്നോക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ ബോധത്തിന്റെ അനിവാര്യതക്ക് മുന്‍തൂക്കം നല്‍കി. സംവരണ വിഷയത്തെ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിലൂടെ വീക്ഷിക്കുകയാണ് ഇക്കാര്യത്തിലെ മുഴുത്ത ശരിയെന്ന് പലപ്പോഴും ആവര്‍ത്തിക്കുമായിരുന്നു സേട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം പുറത്തിറങ്ങിയ 'സംവരണം: ചരിത്രവും പോരാട്ടവും' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം പിന്നോക്കക്കാരന്റെയും ദലിതന്റെയും അവകാശപ്പോരാട്ടങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വ്യക്തമായി പ്രതിപാദിക്കുന്നതായിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ഈ പുസ്തകം ഗൗരവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
സാധാരണക്കാരന് മനസ്സിലാകാത്ത 'ക്രീമിെലയര്‍' എന്ന സംവിധാനത്തിന്റെ ശരിയും തെറ്റും നേട്ടവും കോട്ടവും തിരിച്ചറിയാന്‍ സംവരണത്തിന്റെ ഗുണഭോക്താക്കള്‍ തയാറാകണമെന്ന് സേട്ട് ശഠിച്ചു. ഗ്രാമീണ മേഖലകളിലെ ന്യൂനപക്ഷക്കാരനെയും ദലിതനെയും ബോധ്യപ്പെടുത്തുന്ന പ്രസംഗ പരമ്പരകള്‍ നടത്തിയാണ് തെക്കന്‍ കേരളത്തില്‍ അബ്ബാസ് സേട്ട് സംവരണ വിഷയത്തിന്റെ നിഘണ്ടുവായത്. സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി ഒരു 'സംവരണ വിദ്യാഭ്യാസ പദ്ധതി' തന്നെയായിരുന്നു അദ്ദേഹം ആസൂത്രണം ചെയ്തത്.
'ബ്രിട്ടീഷ് ഭരണകാലത്ത് തുടക്കം കുറിച്ച സംവരണ വ്യവസ്ഥാ നയമാണ് നമുക്ക്' എന്നു തുടങ്ങുന്ന പ്രസംഗം 'കേരളത്തില്‍ ആദ്യമായി മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടന്നത് 1961ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്' എന്ന് അഭിമാനത്തോടെ പരാമര്‍ശിച്ച് പി.എസ്.സിയിലെയും കേരള സര്‍വകലാശാലയിലെയും സംവരണ വിഷയത്തില്‍ എത്തിക്കുമ്പോള്‍ കേരളത്തിന്റെ ചരിത്രം അതില്‍ സ്വാഭാവികമായി കടന്നുവരും. രാഷ്ട്രീയക്കാരന്റെ പരിമിതികള്‍ക്കപ്പുറത്ത് പൊതുസമൂഹത്തിന്റെ സാമൂഹ്യ നിലവാരം പരിശോധിക്കുന്ന പഠനങ്ങളില്‍ തല്‍പരനായിരുന്നു അദ്ദേഹം. അതിന് അദ്ദേഹം തെരഞ്ഞെടുത്ത വിഷയം സംവരണം ആയിരുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍, പിന്നോക്കക്കാരിലെ മുന്നോക്കക്കാര്‍ എന്നിങ്ങനെ സംവരണ രീതിയിലെ ഈ പൊരുത്തക്കേടുകള്‍ ഇന്നും ചര്‍ച്ചയാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തേണ്ടത് ധാര്‍മികമായ ബാധ്യതയെന്നാണ് അബ്ബാസ് സേട്ട് പറഞ്ഞുവെച്ചത്. ഇതിനപ്പുറം സംവരണത്തെ എങ്ങനെയാണ് നിര്‍വചിക്കേണ്ടതെന്ന് പലപ്പോഴും സന്ദേഹപ്പെടുന്ന മാനസികാവസ്ഥയും അദ്ദേഹത്തില്‍ പ്രകടമായിരുന്നു.  
മുസ്‌ലിം ലീഗിന്റെ കര്‍മമണ്ഡലങ്ങളില്‍ നേതൃപാടവത്തിന്റെ കരുത്തുമായി നിലയുറപ്പിക്കുമ്പോഴും ധൈഷണിക ബോധമുള്ള നേതൃനിരയുണ്ടാകണമെന്ന് അദ്ദേഹം ആശിച്ചു. അതുകൊണ്ടാണ് യുവതലമുറ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളിലെല്ലാം അബ്ബാസ് സേട്ടിന്റെ സാന്നിധ്യമുണ്ടായത്. കാലിക പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും ഭാരവാഹികളോട് നിരന്തരം ഉപദേശിച്ചിരുന്നു അദ്ദേഹം. ചെറുപ്പക്കാരാണ് നാളെയുടെ സമ്പത്തെന്നും അവരുടെ ആശയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വാദിക്കാന്‍ പ്രാപ്തമായ രാഷ്ട്രീയബോധം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പഴകിയ വ്യവസ്ഥകളുടെ ചുവടുപിടിച്ച് രൂപപ്പെടുത്തുന്ന നയപരിപാടികളെ അംഗീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. പുതിയ തലമുറ ആവശ്യപ്പെടുന്ന വികസനമാണ് നടപ്പിലാക്കേണ്ടതെന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുമ്പോഴും അതില്‍ ന്യൂനപക്ഷ, പിന്നോക്ക, ദലിത് വിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനം ഉറപ്പുവരുത്തണമെന്ന് നിര്‍ബന്ധം പിടിച്ചു.
ഭരണസിരാകേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരം കര്‍മ മണ്ഡലമാക്കുന്ന ഒരു നേതാവിന് ആശയങ്ങളെ പ്രായോഗിക തലത്തിലെത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഭരണത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴും അല്ലാത്തപ്പോഴും ഇക്കാര്യത്തില്‍ അബ്ബാസ് സേട്ടിന്റെ സംഘാടന മികവും പ്രതിഭയും വ്യക്തമായിട്ടുണ്ട്. കേരള ചരിത്രത്തില്‍ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ച രണ്ട് പരിപാടികളായിരുന്നു ജിമ്മും എമര്‍ജിംഗ് കേരള നിക്ഷേപ സംഗമവും. വ്യവസായ, ഐ.ടി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ ഈ രണ്ട് സംഗമങ്ങളുടെയും നേരിട്ടുള്ള നിയന്ത്രണവും സംഘാടനവും അബ്ബാസ് സേട്ടാണ് നിര്‍വഹിച്ചത്. കേരളത്തിന്റെ നല്ല നാളെകള്‍ സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ ഈ പരിപാടികളിലൂടെ അഭിമാനത്തോടെയാണ് താന്‍ നിലയുറപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

1 comment: