Tuesday, February 11, 2014

                         ഒറ്റക്കു നടന്നുപോയവന്‍


തലയില്‍ കിരീടം പോലൊരു തൊപ്പിവെച്ച്, തോളില്‍ തുണി സഞ്ചിയുമായി കേരളം മുഴുവന്‍ ഏകനായി സഞ്ചരിച്ച് കവിതയില്‍ ദ്രാവിഡ താളത്തിന്റെ സര്‍ഗാത്മക പ്രപഞ്ചം തീര്‍ത്ത കവി ഡി.വിനയചന്ദ്രന്‍ ഓര്‍മയായിട്ട് ഫെബ്രുവരി 11ന് ഒരു വര്‍ഷമാകുന്നു. വിനയചന്ദ്രന്‍ മാഷിന്റെ യാത്രകളും സൗഹൃദങ്ങളും സമ്പന്നമാക്കിയ സാംസ്‌കാരിക സായാഹ്നങ്ങള്‍ മലയാളിക്ക് വിസ്മരിക്കാനാവില്ല. വീട്ടിലേക്കുള്ള വഴിയും കായിക്കരയിലെ കടലും കവിയുടെ കണ്ഠങ്ങളില്‍ നിന്നുതന്നെ കേള്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ ഇഷ്ടപ്പെടുന്നവരുടെ അഭിപ്രായം. ആ ശബ്ദം നിലച്ചതായി അവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.
കേരളീയതയുടെ സാംസ്‌കാരിക സത്തയെയും സ്വത്വത്തെയും പ്രതിനിധാനം ചെയ്യുംവിധം ഹരിത ദര്‍ശനത്തിന്റെ ഒരാത്മീയതയെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ തന്റെ കവിതകളില്‍ വിനയചന്ദ്രന്‍ ലയിപ്പിച്ചു. നാടന്‍പാട്ടിന്റെ വൈവിധ്യമാര്‍ന്ന സങ്കേതങ്ങളിലാണ് ഗോത്ര സംസ്‌കൃതിയുടെ വേരുകള്‍ പടര്‍ന്നുകിടക്കുന്നത്.
തിരുവനന്തപുരമായിരുന്നു വിനയചന്ദ്രന്‍ മാഷിന്റെ തട്ടകം. ആയുര്‍വേദ കോളജിന് സമീപത്തുള്ള വീട്ടില്‍ നിന്നും രാവിലെ തന്നെ കവി നഗരത്തിന്റെ തിരക്കുകളിലേക്ക് നടന്നിറങ്ങും. കനകക്കുന്ന്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, വൈ.എം.സി.എ ഹാള്‍, പ്രസ്‌ക്ലബ്ബ്, വി.ജെ.ടി ഹാള്‍ തുടങ്ങി വേദികളില്‍ നിന്ന് വേദികളിലേക്കുള്ള കാവ്യസഞ്ചാരം. തലസ്ഥാനത്തെ കവി സമ്മേളനങ്ങളിലും സാംസ്‌കാരിക പരിപാടികളിലും മുഖ്യ ഇനമായിരുന്നു വിനയചന്ദ്രന്‍ കവിതകള്‍.
വനപ്രദേശങ്ങളിലൂടെ നടക്കാനും കൊടുങ്കാട്ടിനുള്ളിലെ നിശബ്ദതയെ കീറിമുറിച്ച് ഉച്ചത്തില്‍ കവിത ചൊല്ലാനും ഒരുപാട് ഇഷ്ടമായിരുന്നു കവിക്ക്. തിരുവനന്തപുരം നഗത്തില്‍ പൊന്‍മുടിയിലേക്കുള്ള സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്ര, വെള്ളായണി കായല്‍ത്തീരത്ത് നനഞ്ഞ പാറകളിലിരുന്ന് കവിതയിലെ ആരോഹണാവരോഹണങ്ങളില്‍ ലയിക്കല്‍, ദീര്‍ഘദൂരം നടന്നും കാടിന്റയും കായലിന്റെയും സൗന്ദര്യം ആസ്വദിക്കുകയുമായിരുന്നു കവിയുടെ ഇഷ്ടവിനോദം. 'കാടിന് ഞാന്‍ എന്ത് പേരിടും' എന്നെഴുതിയ കവി പ്രകൃതിയോട് ഇണങ്ങിത്തന്നെയാണ് ജീവിച്ചത്.  വിനയചന്ദ്രന്‍ മാഷ് ഇല്ലാതെ ഒരു വര്‍ഷം കടന്നുപോയപ്പോള്‍ മലയാളത്തിന് കനത്ത നഷ്ടമാണ്. കാവ്യസദസുകളെ ആവേശകരമാക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
വ്യത്യസ്തമായ ജീവിതരീതികള്‍ മനസിലാക്കാന്‍ അദ്ദേഹം എല്ലാക്കാലത്തും ശ്രമിച്ചിരുന്നു. ഗോത്രവര്‍ഗ ജീവിതം, നാഗരിക ജീവിതം, മതാത്മകമായ ജീവിതം, തുടങ്ങിയവയില്‍നിന്നും കവിത കണ്ടെത്താനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. ജീവിതാവസ്ഥയുടെ താളം കവിതയില്‍ സന്നിവേശിപ്പിക്കാനുളള ബോധപൂര്‍വമായ ശ്രമം അദ്ദേഹത്തിന്റെ കവിതകളില്‍ കണ്ടെത്താനാവും. ലോകത്തിലെ ഓരോ പുതുമ കാണുമ്പോഴും അത്ഭുതപ്പെടുന്ന കുട്ടിയെപ്പോലെ ഇത്തരം അനുഭവ വൈവിധ്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നത് അദ്ദേഹത്തിന്റെ കവിതകളെ വ്യത്യസ്തമാക്കി.
ഇടക്കിടെ ചില കൂട്ടായ്മകള്‍ക്ക് രൂപം കൊടുക്കാനും വിനയചന്ദ്രന്‍ മാഷ് മുന്‍കൈയെടുത്തിരുന്നു. അതു ചിലപ്പോള്‍ ഏതെങ്കിലും മരച്ചുവട്ടിലായിരിക്കും. ചിലപ്പോള്‍ ചാനല്‍ സ്റ്റുഡിയോകളുടെ ശീതളിമയിലായിരിക്കും. എവിടെയായാലും ഉറക്കെ കവിത ചൊല്ലുകയായിരുന്നു മാഷിന് ഹരം. ആധുനിക കവിതയിലും ഉത്തരാധുനിക കവിതകളിലും കല്ലടയാറ്റിലെ പച്ചമണവും നാട്ടുപ്പാട്ടും സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഒരിക്കല്‍ പോലും തന്റെ കവിതയെ ഒരു കമ്പോളത്തില്‍ വില പറയാന്‍ വേണ്ടി അദ്ദേഹം നിരത്തി വെച്ചില്ല. മലയാളത്തെയും മലയാള ഭാഷയെയും സ്വന്തം ആത്മാവിനോടു ചേര്‍ത്തുവെച്ചിരുന്നു അദ്ദേഹം. നാടന്‍ താളങ്ങളോടും ശീലങ്ങളോടുമുള്ള ചങ്ങാത്തമാണ് കവിയെ വ്യത്യസ്തനാക്കിയത്. ദ്രാവിഡ താളങ്ങളെ വാക്കുകളിലാവാഹിച്ച് കവിതയുടെ ജനകീയവല്‍ക്കരണത്തില്‍ പ്രധാനപങ്കുവഹിച്ചു. ഗ്രാമീണ താളത്തിലുള്ള ചൊല്‍വഴക്കങ്ങളാണ് കവിയുടെ മനസിനോട് ചേര്‍ന്നുനിന്നത്.
കവിതയുടെ പാരമ്പര്യ രചനാ സമ്പ്രദായങ്ങളിലുണ്ടായ ശൈലീ വ്യതിയാനങ്ങളെ ഉത്തരാധുനികതക്ക് ഒപ്പം നിന്ന് സ്വീകരിച്ചുകൊണ്ട് എന്താണ് കവിതയെന്ന് പറയാനും പാടാനും കഴിഞ്ഞതാണ് കവിയുടെ പ്രത്യേകത. കവിതക്കും സാഹിത്യത്തിനും ഇടതു സൈദ്ധാന്തിക അടിത്തറയെ ആശ്രയിച്ച എഴുപതുകളില്‍ വ്യത്യസ്്തമായ ജീവിതാനുഭവങ്ങളുടെ തീച്ചുളയില്‍ നിന്നാണ്് വിനയചന്ദ്രന്‍ എന്ന കവിയുടെ വരവ്. പച്ച ജീവിതത്തിന്റെ നേരടയാളങ്ങളിലെ സര്‍ഗാത്മക ജാഗ്രതയാണ് വിനയചന്ദ്രനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചതാകട്ടെ ഭാഷാ സംസ്‌കാരത്തിന്റെ മൗലികതയും.
ഒറ്റക്കു നടക്കുമ്പോഴുണ്ടാകുന്ന കരുത്താണ് മാഷിന്റെ കവിതകളെ വേറിട്ട സഞ്ചാരപഥങ്ങളിലേക്ക് ആനയിച്ചത്. യാത്രകളിലൂടെ ആര്‍ജിച്ചെടുത്ത നാട്ടറിവുകളെ കവിതയില്‍ സന്നിവേശിപ്പിക്കുന്നതില്‍ ഇത്രയധികം പ്രാഗത്ഭ്യം പുലര്‍ത്തിയിട്ടുളള കവികള്‍ മലയാളത്തില്‍ അധികമില്ല. ഭാഷാ പ്രയോഗത്തിന്റെ രാഷ്ട്രീയം, അതെപ്പോഴും പ്രകൃതിസ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നു. ജീവിതാവബോധത്തിന്റെ കരകളില്‍ തട്ടിയായിരുന്നു ഓരോ ബിംബങ്ങളും പിറന്നുവീണത്. വരികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ അതില്‍ പുഴയും കുന്നും കുയിലും മയിലും കടന്നുവരുന്നത് യാദൃശ്ചികം. നാലാമത്തെ വയസില്‍ എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം കൂട്ടിവായിച്ചാണ് വിനയചന്ദ്രന്‍ സാഹിത്യലോകത്തേക്ക് എത്തിനോക്കിയത്. വീടിനെക്കുറിച്ചും അപ്പൂപ്പനെക്കുറിച്ചുമൊക്കെയായിരുന്നു ആദ്യകാല എഴുത്തുകള്‍.
ആറു വയസുമുതല്‍ മനസില്‍ കടന്നുകൂടിയ കവിത, മലയാളത്തിലെ മുഖ്യധാരാ സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നിടത്തോളം നീണ്ടു. അനാദൃശമായ വഴക്കവും പടര്‍ച്ചയും സര്‍ഗാത്മക സഞ്ചാരങ്ങളുടെ ഉല്‍പ്പന്നങ്ങളുമാണ് ഈ കവി നമുക്കുതന്ന സമ്മാനം. 'സമീക്ഷ' പോലുള്ള സമാന്തര പ്രസിദ്ധീകരണങ്ങളാണ് ആദ്യകാലത്ത് വിനയചന്ദ്രന് പ്രോത്സാഹനം നല്‍കിയിരുന്നത്. അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍. കക്കാട്, ആര്‍. രാമചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകളെ സഗൗരവം വീക്ഷിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു അദ്ദേഹം. വിനയചന്ദ്രന്റെ പതിനൊന്നാം വയസിലാണ് അമ്മയുടെ മരണം. വീട്ടില്‍ നിന്നും പഠനത്തിനായി മാറി നിന്ന അദ്ദേഹം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നു. താമസക്കൂലി, ഫീസ്, ഭക്ഷണത്തിനുള്ള പണം തുടങ്ങിയവക്ക് യാതൊരു വഴിയുമുണ്ടായില്ല. കടുത്ത ദാരിദ്ര്യത്തില്‍ നിന്നായിരുന്നു തുടക്കം. പഠനവും ഔദ്യോഗിക ജീവിതവും കഴിഞ്ഞ് പിന്നീടെപ്പൊഴൊ വീടുവിട്ടു. ആ യാത്രക്ക് ഇടവേളകളില്ലായിരുന്നു. വാക്കുകള്‍ കൊണ്ട് തീര്‍ക്കുന്ന മായാജാലങ്ങള്‍ക്കപ്പുറം കവിതയുടെ തുരുത്തുകളിലുള്ളത് പച്ചയായ മനുഷ്യജീവിതമാണെന്ന് കവി ഓര്‍മിപ്പിച്ചു. ആവാസ പരിസരങ്ങളില്‍ നാട്ടുജീവിതത്തിന്റെ താളവും കാല്‍പനികതയുടെ ഭാവഭദ്രതയും ഇഴചേര്‍ത്തായിരുന്നു ഈ ഒറ്റയാന്റെ ജീവിതം.

(ചന്ദ്രിക ആഴ്ചപ്പചതിപ്പ് ഫെബ്രുവരി ഒന്ന്- 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

No comments:

Post a Comment