Sunday, May 4, 2014

         മദ്യം:  ഉപയോഗ വര്‍ധനവ് സാമൂഹ്യം പ്രശ്‌നം

വി.എം സുധീരന്‍/ ഫിര്‍ദൗസ് കായല്‍പ്പുറം

കേരളം മദ്യം ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗത്തില്‍ ഇന്ന് വളരെ മുന്നിലാണ്.  മദ്യത്തിന്റെ ഉപയോഗത്തെ സംബന്ധിച്ചിടത്തോളം നാം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. കേരളത്തിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ആളുകള്‍ മദ്യം ഉപയോഗിക്കുന്നവരാണെന്നാണ് കണ്ടെത്തല്‍.  അതില്‍ത്തന്നെ  മദ്യത്തിന് അടിമകളായിട്ടുള്ളവരുമുണ്ട്.  മയക്കുമരുന്നുശീലമുള്ളവര്‍ 25,000 ഓളം പേര്‍ വരും. 2012-13 ല്‍ മദ്യപാനത്തിനായി കേരളീയര്‍ 24,877.25 കോടി രൂപ ചെലവഴിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
1999 ല്‍, പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി വന്നതോടെ പുകവലിക്കാരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും, കഞ്ചാവിന്റെയും മറ്റു മയക്കുമരുന്നുകളുടെയും മധുരമിഠായി, പെന്‍ സിഗരറ്റ് തുടങ്ങിയ ലഹരിവസ്തുക്കളുടെയും ഉപയോഗം ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 
അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ലക്ഷക്കണക്കിനു തൊഴിലാളികള്‍ കേരളത്തില്‍ എത്താന്‍ തുടങ്ങിയതോടെ ലഹരിവസ്തുക്കളുടെ കള്ളക്കടത്തും അനധികൃതവില്‍പനയും ദുരുപയോഗവും  വ്യാപകമായി.
കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (അഡിക്) നടത്തിയ പഠനത്തില്‍, കഴിഞ്ഞ ഇരുപതുവര്‍ഷത്തിനുള്ളില്‍ 21 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ക്കിടയില്‍ മദ്യോപയോഗം 900 ശതമാനം ഉയര്‍ന്നു എന്നു കണ്ടെത്തുകയുണ്ടായി. 1990 ല്‍ മൊത്തം മദ്യോപയോക്താക്കളില്‍ 21 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം കേവലം  രണ്ടു ശതമാനമായിരുന്നെങ്കില്‍ 2010 ല്‍ അത് 18 ശതമാനമായി കൂടി. അതുപോലെ, 1986 ല്‍ മദ്യം ഉപയോഗിക്കുന്നവരുടെ കുറഞ്ഞ ശരാശരി പ്രായം 19 വയസ്സായിരുന്നെങ്കില്‍ 2011 ല്‍  അത് 13.5 വയസ്സായി കുറയുകയാണു ചെയ്തത്. പുരുഷന്മാരോടൊപ്പം സ്ത്രീകളും മദ്യപാനം ശീലമാക്കുന്നു എന്നതും പുതിയ ഒരു പ്രവണതയാണ്. 
കേരളത്തില്‍ മദ്യത്തിന്റെ പ്രതിശീര്‍ഷ ഉപഭോഗത്തിലുണ്ടായ അഭൂതപൂര്‍വ്വമായ വര്‍ദ്ധന പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വഴിതുറന്നിട്ടുണ്ട്.  മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍, ക്രമസമാധാനപ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള  അതിക്രമങ്ങള്‍,  കുടുംബത്തകര്‍ച്ചകള്‍, ലൈംഗികകുറ്റകൃത്യങ്ങള്‍, ക്രൂരമായ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, വിവാഹമോചനങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, തട്ടിപ്പുകള്‍, വാഹനാപകടങ്ങള്‍ എന്നിവയൊക്കെ നമ്മുടെ സാമൂഹികജീവിതത്തിന്റെ ഭദ്രതയെ ഗുരുതരമായി ബാധിച്ചുകഴിഞ്ഞിരിക്കുന്നു.
ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം അതുപയോഗിക്കുന്ന വ്യക്തിയെ മാത്രമല്ല, ആ വ്യക്തിയുടെ കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും ദോഷകരമായി ബാധിക്കുന്നു.  ധാര്‍മ്മികവും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും ആരോഗ്യപരവുമായ അധഃപതനമാണ് ഇതിലൂടെ സംഭവിക്കുന്നത്. 
ലഹരിയുടെ ഉപയോഗം ആരംഭിച്ച് അതിന് അടിമയായിക്കഴിഞ്ഞാല്‍ അത്തരക്കാരെ ലഹരിവിമുക്തിയിലേക്ക് മടക്കിക്കൊണ്ടുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ലഹരി ഉപയോഗത്തിലേക്കു വഴുതിവീഴാതെ നോക്കുക എന്നതാണ് അഭികാമ്യം. ഇതിന് പ്രധാനമായി ആവശ്യം  സമൂഹത്തില്‍ ഊര്‍ജിതവും വ്യാപകവുമായ പ്രചാരണവും ബോധവല്‍ക്കരണവും നടത്തുക എന്നുള്ളതാണ്. ഒപ്പം, ലഹരിക്ക് അടിമകളായവരെ ചികിത്സിക്കുകയും പുനരധിവസിപ്പിക്കുകയും വേണം. 
മദ്യോപയോഗവും മദ്യലഭ്യതയും ക്രമേണ കുറച്ചുകൊണ്ടുവരിക എന്നതാണ് കോണ്‍ഗ്രസിന്റെയും ഐക്യജനാധിപത്യമുന്നണിയുടെയും പ്രഖ്യാപിതനയം. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ രാഷ്ട്രീയകക്ഷികളും വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനങ്ങളും സന്നദ്ധസംഘടനകളും ആദ്ധ്യാത്മികസംഘടനകളും മതസംഘടനകളും ത്രിതല പഞ്ചായത്ത്-നഗരസഭാസംവിധാനങ്ങളും സംസ്ഥാനസര്‍ക്കാരും മറ്റും ഉള്‍പ്പെട്ട അതിവിപുലമായ ഒരു ലഹരിവിരുദ്ധപ്രസ്ഥാനം നമ്മുടെ സംസ്ഥാനത്ത് ശക്തമായി പ്രവര്‍ത്തിക്കേണ്ടതാവശ്യമാണ്. ഇത് പൊതുസമൂഹത്തെത്തന്നെ ഗണ്യമായി സ്വാധീനിക്കുന്ന ഒരു വലിയ പ്രസ്ഥാനമായി ഭാവിയില്‍ പരിണമിക്കണം.  അക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഈയിടെ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
കൂടാതെ, മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍, എക്‌സൈസ് വകുപ്പ്, പൊലീസ് വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, തദ്ദേസ്വയംഭരണവകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹികക്ഷേമവകുപ്പ് എന്നിവയുടെ പ്രാതിനിധ്യത്തോടെ സര്‍ക്കാര്‍ തലത്തില്‍ വ്യാപകമായ ഒരു സംവിധാനം പ്രവര്‍ത്തനസജ്ജമാകണം. 
ഇപ്രകാരം, ലഹരി ഉപയോഗത്തിനെതിരെ ഒരു മഹാപ്രസ്ഥാനം കേരളത്തില്‍ രൂപംകൊള്ളുന്നതിലൂടെ മാത്രമേ ഇന്ന് അഭിമുഖീകരിക്കുന്ന മഹാദുരന്തത്തില്‍നിന്ന് നമുക്കു രക്ഷ നേടാനാവുകയുള്ളു.



(2014 മെയ് 3 ലക്കം ചന്ദ്രിക ആഴ്ചപ്പതിപ്പ്)

Thursday, April 17, 2014

         ഉത്സവപ്പറമ്പില്‍ നിന്ന് രാജ്യത്തിന്റെ താരപദവിയിലേക്ക്

തിരുവനന്തപുരം: നാട്ടുമൊഴികളെ നാടാകെയറിയിച്ച കലാകാരന്‍ ഒടുവില്‍ രാജ്യത്തെ ഏറ്റവും മികച്ച നടനായി. കേരളത്തിനിത് അഭിമാനമുഹൂര്‍ത്തം. പ്രാദേശിക ഭാഷയുടെ തനിമ ചോരാതെ ശുദ്ധഹാസ്യം സമ്മാനിച്ച സുരാജ് വെഞ്ഞാറമൂടിനെ തേടി ദേശീയ പുരസ്‌കാരമെത്തിയത് പ്രതിഭയുടെ ആഴം അളന്ന പ്രകടനത്തിനാണെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യന്‍ സിനിമയില്‍ ഒരു നടന് കിട്ടാവുന്ന ബഹുമതികളില്‍ പരമപ്രധാനമായ പദവിയിലേക്ക് സുരാജിന്റെ കടന്നുവരവ് തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു. സൂപ്പര്‍താരങ്ങള്‍ മാത്രം കയ്യടക്കിയ വഴികളിലൂടെ സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ നടന്നുകയറിയപ്പോള്‍ കേരളത്തിന് സ്വന്തമാകുന്നത് മറ്റൊരു ചരിത്രം കൂടി. സമീപകാലത്ത് മലയാളത്തില്‍ നിന്ന് ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ സ്ഥാനമുറപ്പിച്ചവര്‍ രണ്ടും ഹാസ്യനടന്മാര്‍ എന്നതാണ് ആ പ്രത്യേകത. 'ആദാമിന്റെ മകന്‍ അബു'വിലൂടെ സലിംകുമാര്‍ രാജ്യത്തെ മികച്ച നടനായതിനു പിന്നാലെ ഹാസ്യനിരയില്‍ നിന്ന് മറ്റൊരു സ്വഭാവ നടന്റെ പിറവിയാണ് സുരാജ് യാഥാര്‍ത്ഥ്യമാക്കിയത്. കലാകാരന്റെ അസ്തിത്വവും മേല്‍വിലാസവും ചോദ്യംചെയ്യപ്പെടുന്ന കാലത്ത് പേരില്ലാത്ത കഥാപാത്രത്തിലൂടെയാണ് സുരാജ് ദേശീയ പുരസ്‌കാരം നേടിയത്. ഡോ. ബിജു സംവിധാനം ചെയ്ത 'പേരറിയാത്തവര്‍' എന്ന സിനിമയിലെ സുരാജിന്റെ കഥാപാത്രത്തിന് പേരില്ല.
കഷ്ടതകള്‍ നിറഞ്ഞ ജീവിത സാഹചര്യത്തില്‍ നിന്നാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടന്റെ ഉദയം. മിമിക്രി വേദികളില്‍ ചിരിയുടെ 'സംഗതി'കളുമായി ഉത്സവപ്പറമ്പുകളിലായിരുന്നു ഈ പ്രതിഭയുടെ തുടക്കം. ഗാനമേളയുടെയും നാടകത്തിന്റെയും ഇടവേളയില്‍ പ്രേക്ഷകനെ ചിരിപ്പിക്കാന്‍ സമിതികള്‍ കൂടെക്കൂട്ടിയ മിമിക്രിക്കാരനായിരുന്നു സുരാജ്. ഉത്സവപ്പറമ്പുകളില്‍ നിന്ന് വെള്ളിത്തിരയിലേക്കുള്ള പാതകളെല്ലാം സുരാജിനെ സംബന്ധിച്ചിടത്തോളം പ്രതിബന്ധങ്ങളുടെതായിരുന്നു.
സിനിമയില്‍ എത്തിയപ്പോഴാകട്ടെ ഹാസ്യത്തില്‍ പുതുതായി എന്തെങ്കിലും സമ്മാനിക്കാതെ പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യവും. അടൂര്‍ ഭാസിയും ബഹദൂറും മുതല്‍ ജഗതി ശ്രീകുമാര്‍ വരെയുള്ള ഹാസ്യ സമ്രാട്ടുകള്‍ തുറന്നിട്ട പാതയില്‍ പുതിയൊരാള്‍ക്ക് ഇടമുണ്ടോയെന്ന് സന്ദേഹിച്ച കാലത്താണ് തനി 'തിരുവോന്തരം' ഭാഷയുടെ ചിരിപ്പടക്കവുമായി സുരാജ് എത്തിയത്. എന്തരെടേയ്, എന്തരപ്പീ പോലുള്ള പ്രയോഗങ്ങള്‍ തിരുവനന്തപുരത്തിന്റെ സ്വാഭാവിക നാട്ടുവര്‍ത്തമാനമാണെങ്കിലും അത് സിനിമയിലൂടെ ജനകീയമാക്കിയാണ് സുരാജ് ശ്രദ്ധിക്കപ്പെട്ടത്. സിനിമയിലുടനീളം തിരുവോന്തരം ഗ്രാമീണ ഭാഷ ഉപയോഗിച്ച് 'രാജമാണിക്യ'ത്തിലൂടെ മമ്മൂട്ടി കത്തിക്കയറിയപ്പോള്‍ ഉയര്‍ന്നത് സുരാജിന്റെ ഗ്രാഫായിരുന്നു. തന്നെ ഈ ഭാഷ പഠിപ്പിച്ചത് സുരാജാണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിരുന്നു.
മലയാള സിനിമ പ്രതിസന്ധി നേരിട്ട കാലത്ത് ദിലീപിനൊപ്പം നിന്ന് മധ്യവര്‍ഗ പ്രേക്ഷകന്റെ നിരാശക്ക് പ്രതിവിധി നല്‍കാന്‍ സുരാജിന് കഴിഞ്ഞു. എന്നാല്‍ സുരാജ് മലയാള സിനിമക്ക് അവിഭാജ്യ ഘടകമായിരുന്നില്ല. പലപ്പോഴായി വന്നുപോകുന്ന ഹാസ്യനടന്മാരിലൊരാളായി മാത്രം പ്രേക്ഷകന്‍ സുരാജിനെയും വിലയിരുത്തിയിട്ടുണ്ടാകണം. ഇതിനിടെ തിരുവനന്തപുരം ഭാഷയെ വക്രീകരിച്ച് കൈയ്യടി നേടുകയാണ് സുരാജെന്ന് ഒരുവിഭാഗം പേര്‍ ആക്ഷേപമുന്നയിച്ചു. ഈ നടന്റെ കഴിവുകളെ അംഗീകരിക്കില്ലെന്ന് ബോധപൂര്‍വം തീരുമാനമെടുത്തവരായിരുന്നു അവര്‍. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് സുരാജ് ഇപ്പോള്‍ പുരസ്‌കാര നിറവില്‍ തിളങ്ങി നില്‍ക്കുന്നത്.
സൈനികനായിരുന്ന വാസുദേവന്‍ നായരുടെയും വിലാസിനി അമ്മയുടെയും മകനായി 1976 ജൂണ്‍ 30നാണ് സുരാജ് ജനിച്ചത്. ജേഷ്ഠന്‍ സജി വെഞ്ഞാറമൂടും മിമിക്രി കലാകാരനായിരുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്ന് സജി പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ സുരാജിന്റെ ലോകം അതായിരുന്നില്ല. കൊച്ചി കേന്ദ്രമായി രൂപംകൊണ്ട മിമിക്രി സമിതികളിലേക്കായിരുന്നു സുരാജ് എത്തിച്ചേര്‍ന്നത്. മിമിക്രി, മിമിക്‌സ് പരേഡായും മിമിക്‌സ് പരേഡ് മിമിക്‌സ് മെഗാഷോ ആയും രൂപാന്തരപ്പെട്ട കാലത്ത് തിരുവനന്തപുരം കേന്ദ്രമാക്കി മിമിക്രി സമിതിയുണ്ടാക്കിയ സുരാജ്, ഈ കലയുടെ തെക്കന്‍ വകഭേദം മിമിക്രിയില്‍ സന്നിവേഷിപ്പിച്ചു. പിന്നീട് ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു. 2004 മുതലാണ് വെള്ളിത്തിരയില്‍ സജീവമായത്. ഇതുവരെ 200ലേറെ സിനിമകള്‍. ദിലീപിനൊപ്പം അഭിനയിച്ച ഹാസ്യകഥാപാത്രങ്ങള്‍ പുതിയ ഹാസ്യ സംസ്‌കാരത്തിനു തന്നെ വഴിതുറന്നു. ഒരുനാള്‍ വരും എന്ന സിനിമയിലെ അഭിനയത്തിന് 2010ലെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍ ഏറ്റവും താരമൂല്യമുള്ള മിമിക്രി കലാകാരന്‍ എന്ന പദവി വര്‍ഷങ്ങളായി സുരാജ് നിലനിര്‍ത്തുന്നുണ്ട്. സുപ്രിയയാണ് ഭാര്യ. കാശിനാഥ്, വാസുദേവ്, ഹൃദ്യ എന്നിവര്‍ മക്കള്‍.

(2014 ഏപ്രില്‍ 17ന് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

Saturday, April 12, 2014


നിരനിരയായി പൂത്തുനിന്ന കൊന്നമരങ്ങള്‍ക്കിടയിലൂടെ നഗരത്തിലേക്ക് നടന്നുപോയ ഒരു കാലമുണ്ടായിരുന്നു- വിഷുദിനത്തെ കുറിച്ചുള്ള ഓര്‍മകളിലെവിടയോ ആ കാലം ചിതറിക്കിടക്കുന്നു. അന്നു ഞാന്‍ കുളത്തൂപ്പുഴയായിരുന്നു. മലയും പുഴയുമുള്ള നാട്. അവിടെ വിഷുപക്ഷിയുണ്ടായിയരുന്നു. ഒരുപക്ഷേ, അവിടെവെച്ചാണ് ആദ്യമായി വിഷുപ്പാട്ടുകള്‍ കേട്ടത്. അവിടെ കുളത്തൂപ്പുഴ ബാലകന്റെ ക്ഷേത്രം, അതിനടുത്തുകൂടി മെല്ലെയൊഴുകുന്ന അരുവി നെല്ലിമൂടാണ് ലക്ഷ്യമിടുന്നത്. ഓര്‍മയുടെ തീരത്ത് ആ വിഷുക്കാലം മാത്രമേയുള്ളൂ.


അത് ബാല്യത്തില്‍ നിന്ന് കൗമാരത്തിന്റെ പടവുകള്‍ കയറുന്ന നാള്‍. വയലും റബ്ബര്‍ മരങ്ങളുടെ തണുപ്പും പാല്‍ക്കുപ്പിയുമായി പോകുമ്പോള്‍ മുഖത്തുനോക്കാത്ത പെണ്ണും ആ ഗതകാലത്തെ മായാത്ത കാഴ്ചകള്‍.

അവിടെ കൊന്നയുണ്ടായിരുന്നു. മഞ്ഞപ്പൂക്കളോട് അന്നുതോന്നിയ പ്രണയം ഇന്നും കാത്തുസൂക്ഷിക്കുന്നു.  .

...............എല്ലാവര്‍ക്കും വിഷു ആശംസകള്‍...........

                                 തരൂര്‍ വിജയിക്കും

തിരുവനന്തപുരത്തു നിന്ന് പാര്‍ലമന്റിലേക്ക് പോകുന്നത് ഡോ. ശശി തരൂര്‍ തന്നെയായിരിക്കും. കാരണം, തെരഞ്ഞെടുപ്പ് നടന്നത് പഞ്ചായത്തിലേക്കല്ല, പാര്‍ലമെന്റിലേക്കാണ്. രാജേട്ടന്‍  മികച്ച നേതാവാണ്. പക്ഷേ, താമര വിരിയില്ല. തരൂര്‍ 20,000 നും 30,000 ഇടയില്‍ ഭൂരിപക്ഷം നേടും. തരൂര്‍ വിജയിക്കാതിരിക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
നാടാര്‍ സമുദായം വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയെന്നും വിജയം ഉറപ്പിക്കുന്നുവെന്നുമാണ് സി.പി.ഐയുടെ വിലയിരുത്തല്‍. സാമുദായിക ധ്രുവീകരണം ഉണ്ടാകാനും ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഇത്തവണ അത്തരമൊരു അവസ്ഥ പൊതുവേ കേരളത്തിലുണ്ടായിരുന്നില്ല. മാത്രമല്ല, തരൂര്‍ തോല്‍ക്കാന്‍ രാഷ്ട്രീയമായി കാരണങ്ങളുമില്ല.
പി.സി ജോര്‍ജിന്റെ ആശങ്കകള്‍ കാര്യമാക്കേണ്ടതില്ല- പത്തനംതിട്ടയില്‍ ആന്റോ ആന്റണി വിജയിക്കും. രാവിലെ തന്നെ തോല്‍ക്കാനാണ് എറണാകുളത്ത് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ വിധി. പ്രതീക്ഷയര്‍പ്പിക്കുന്ന പല പ്രമുഖരും നിലംപൊത്തും. കടുത്തമത്സരം നടന്ന പാലക്കാടും ആറ്റിങ്ങലും സി.പി.എം നില പരുങ്ങലിലാണ്. അതേസമയം വയനാട്ടില്‍ സത്യന്‍ മൊകേരി അത്ഭുതം കാട്ടിയാല്‍ ഞെട്ടരുത്. കൊല്ലത്ത് പ്രവചനത്തിനോ കണക്കുകൂട്ടലിനോ സാധ്യയതയില്ല. കണ്ണൂരിനെയും പ്രവചിക്കാനില്ല. മലപ്പുറവും പൊന്നാനിയും ലീഗിന് പിഴയ്ക്കില്ല. വടകരയില്‍ മുല്ലപ്പള്ളിയെ തോല്‍പ്പിക്കാന്‍ ഷംസീറിനു കഴിഞ്ഞാല്‍ അത് സി.പി.എമ്മിന്റെ പ്രതിച്ഛായ തന്നെ വര്‍ധിപ്പിക്കും. വടകരയില്‍ ആര്‍.എം.പി സാന്നിധ്യമറിയിക്കും. കാസര്‍കോട് പി. കരുണാകരന് തന്നെയാണ് സാധ്യത. സിദ്ധീഖ് മത്സരം കടുപ്പിച്ചു എന്നത് നേര്. പി.സി ചാക്കോ എന്ന വമ്പനെ മറിച്ചിടാന്‍ ഇന്നസെന്റിന് കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. മിക്ക മണ്ഡലങ്ങളിലും ചെറിയ പാര്‍ട്ടികള്‍ നേടിയ വോട്ടുകളെ കാണാതിരുന്നുകൂട. ആം ആത്മിയെന്ന താല്‍ക്കാലിക പ്രതിഭാസം (നിലപാടില്ലാത്തവരുടെ കൂട്ടായ്മ) കേരളത്തില്‍ ക്ലച്ചുപിടിക്കില്ലെന്ന് ഉറപ്പിക്കാം.

Wednesday, April 9, 2014

                                                                                                                   

വിരല്‍ത്തുമ്പില്‍ മഷി പുരട്ടി, വോട്ടിംഗ് മെഷീനില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ മനസില്‍ തെളിഞ്ഞത് ലീഡര്‍ കെ. കരുണാകരന്റെ ചിരിക്കുന്ന മുഖം.
ഓരോ തെരഞ്ഞെടുപ്പു കാലത്തും ആവേശമായിരുന്നു ലീഡര്‍. പതറാത്ത രാഷ്ട്രീയ തന്ത്രജ്ഞതയുടെ തമ്പുരാന്‍. വിജയത്തിലും തോല്‍വിയിലും ലീഡര്‍ക്ക് സ്വന്തം ശൈലിയുണ്ടായിരുന്നു. ഒരു കാറ്റിലും ഉലയാത്ത രാഷ്ടീയ അടിത്തറയായിരുന്നു ആ മനസില്‍.
കോണ്‍ഗ്രസുമായി ഇടഞ്ഞുനിന്ന കരുണാകരനൊപ്പം പുതിയ രാഷ്ട്രീയ ശക്തി രൂപീകരിക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായിരുന്നു ഞാന്‍. ഇപ്പോള്‍ വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് കെ.കെ രവീന്ദ്രനാഥിനും (ഡി.സി.സി അംഗം) മുതിര്‍ന്ന നേതാവ് എന്‍. പീതാംബരക്കുറിപ്പിനും ഒപ്പം അന്ന് വിമത ശബ്ദമുയര്‍ത്തുമ്പോള്‍ മനസില്‍ ആശയമഹത്വമോ പ്രത്യയശാസ്ത്ര വിചാരമോ ആയിരുന്നില്ല- കരുണാകരന്‍ മാത്രമായിരുന്നു. മാറിയ ജീവിത സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി ഉപേക്ഷിച്ചു. എങ്കിലും ഓര്‍മകളില്‍ ഒരു ത്രിവര്‍ണം പാറിപ്പറക്കുന്നുണ്ട്.
എന്റെ മണ്ഡലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ ചൂടേറിയതു തന്നെയാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കല, ഇലകമണ്‍ 30-ാം നമ്പര്‍ ബൂത്തിലാണ് ഞാന്‍ വോട്ടുചെയ്തത്.

Thursday, March 20, 2014

                     കേരളത്തിന്റെ മനസ് യു.ഡി.എഫിനൊപ്പം  

വി.എം സുധീരന്‍/ ഫിര്‍ദൗസ് കായല്‍പ്പുറം

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതീക്ഷകള്‍ക്ക് നിറച്ചാര്‍ത്തേകാനുള്ള പ്രയാണത്തിലാണ് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പ്രവര്‍ത്തകരിലും അണികളിലും ആവേശം പകരുന്ന നിലപാടുകള്‍, രാഷ്ട്രീയ എതിരാളിക്ക് പഴുതുകള്‍ നല്‍കാത്ത തന്ത്രങ്ങള്‍... ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനോട് പുതിയ രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ക്കായി സമീപിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ് സുരക്ഷിതമാണെന്ന് ഉറപ്പിച്ചു പറയാന്‍ സുധീരന് മടിയില്ല. വിവാദങ്ങളല്ല, രാജ്യത്തിന്റെ ഭാവിയും വികസനവുമാണ് പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കുന്നു. ചന്ദ്രികയുമായി അദ്ദേഹം പങ്കുവെച്ച തെരഞ്ഞെടുപ്പ് വിശേഷങ്ങളുടെ പൂര്‍ണരൂപം....

പ്രചാരണം ഒന്നാംഘട്ടം പിന്നിടുന്നു, ജനവികാരം എങ്ങനെ ?
- കോണ്‍ഗ്രസും യു.ഡി.എഫും ജനങ്ങളിലേക്ക് ചെല്ലാന്‍ വൈകിയില്ല. പ്രചാരണത്തില്‍ മറ്റ് പാര്‍ട്ടികളെക്കാള്‍ മുന്നിലുമാണ്. കേരളത്തിലിപ്പോള്‍ ഒരു വിവാദങ്ങളും ജനം ചര്‍ച്ച ചെയ്യുന്നില്ല, ചര്‍ച്ച ചെയ്യുന്നതാകട്ടെ രാജ്യത്തിന്റെ ഭാവി മാത്രമാണ്. യു.ഡി.എഫിന് പരമാവധി സീറ്റുകള്‍ ലഭിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ആവേശം കേരളത്തിലെങ്ങും ദൃശ്യമാണ്.

നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ സാധ്യതകള്‍ എത്രത്തോളമാണ് ?
- 20 മണ്ഡലങ്ങളിലും യു.ഡി.എഫിന് മേല്‍ക്കൈയുണ്ട്. അതിനുള്ള പ്രധാന കാരണം യു.ഡി.എഫിന് ഐക്യത്തോടെ മുന്നേറാനാകുന്നു എന്നതാണ്. അതത് മേഖലകളില്‍ ചുമതലപ്പെടുത്തിയിട്ടുള്ള നേതാക്കളും പ്രവര്‍ത്തകരും മാതൃകാപരമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഒരുപക്ഷേ, യു.ഡി.എഫില്‍ ഇത്രയധികം അച്ചടക്കത്തോടെ പ്രവര്‍ത്തനം പുരോഗമിക്കുന്ന ഒരു കാലമുണ്ടായിട്ടില്ല. യു.ഡി.എഫില്‍ ആര്‍ക്കും ആര്‍ക്കെതിരെയും പരാതിയില്ല. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. അത് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും.

ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താങ്കളുടെ പങ്ക് ?
- കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരം ഇപ്പോഴില്ല എന്നത് എടുത്തുപറയേണ്ടതാണ്. നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയും മുന്നണിയും മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കാണ് പ്രസക്തി. അതില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ല. മുന്നണിയിലെ സീറ്റുവിഭജനം, കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണയം തുടങ്ങിയവയെല്ലാം വളരെ സ്മൂത്തായി നടന്നു. പരിമിതികള്‍ക്കിടയിലും യുവാക്കള്‍ക്കും വനിതകള്‍ക്കും സീറ്റുനല്‍കാനായി. പരമാവധി പേരെ വിജയിപ്പിക്കുക എന്നതോടൊപ്പം മികച്ചൊരു നിരയെ പാര്‍ലമെന്റിന് സംഭാവന ചെയ്യുക എന്നതുകൂടി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡമാക്കിയിരുന്നു.

കോണ്‍ഗ്രസിനും യു.ഡി.എഫിനും നരേന്ദ്രമോദിയെ ഭയമുണ്ടോ, രാജ്യത്തൊട്ടാകെ ഇപ്പോള്‍ മോദിപ്പേടിയുടെ രാഷ്ട്രീയമാണല്ലോ ?
- കോണ്‍ഗ്രസ് കടന്നുവന്ന വഴികള്‍, അത് മുന്നോട്ടുവെച്ച ദര്‍ശനം, ഭരണതലത്തിലും സാമൂഹ്യ പുരോഗതിയിലും കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍, രാജ്യത്തിന്റെ മതേതര സംസ്‌കാരത്തിന് ഈ പാര്‍ട്ടിയും അനുബന്ധ പ്രസ്ഥാനങ്ങളും സ്വീകരിച്ച നിലപാടുകള്‍ ഇതൊന്നും ഒരു ഇന്ത്യാക്കാരന് ഒരിക്കലും മറക്കാനാവില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. നരേന്ദ്രമോദി പെട്ടെന്ന് ഉയര്‍ന്നുവന്ന ആളാണ്. അദ്ദേഹത്തിനും ബി.ജെ.പിക്കും അവരുടേതായ രാഷ്ട്രീയവും നിലപാടുകളുമുണ്ടാകാം. അത് ജനം സ്വീകരിക്കുന്നില്ല. ജനത്തെ അത് അടിച്ചേല്‍പ്പിക്കാനാണ് ഇത്തരം പബ്ലിസിറ്റികള്‍ എന്നാണ് എനിക്കുതോന്നുന്നത്. ഭാരതീയന്റെ മതേതര സംസ്‌കാരവും ജനാധിപത്യ ബോധവും മോദിയെ സ്വീകരിക്കില്ലെന്ന് ഉറപ്പാണ്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളൊക്കെ മോദിയെ ഭയക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ മോദിയാണ് ജനങ്ങളെ ഭയക്കുന്നത് അതുകൊണ്ടാണ് സ്വന്തം പ്രതിഛായക്കുമേല്‍ വെള്ളപൂശി മുഖംമിനുക്കി മോദിയെ അവതരിപ്പിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം യു.ഡി.എഫും അതിലെ കക്ഷികളും എന്താണെന്നും അവരുടെ നിലപാടുകള്‍ എങ്ങനെയാണെന്നുമെല്ലാം ജനങ്ങള്‍ക്ക് അറിയാം.

മോദി മുന്നോട്ടുവെക്കുന്നത് അദ്ദേഹത്തിന്റെ വികസനം, ഗുജറാത്ത് മോഡല്‍... ?
- ഗുജറാത്ത് മോഡല്‍ എന്നു പറയുമ്പോള്‍,  ഗുജറാത്തിലെ വംശഹത്യയാണ് സാധാരണ ജനത്തിന് ആദ്യം ഓര്‍മ്മ വരുന്നത്. ഊതി വീര്‍പ്പിച്ച ഒരു ബലൂണിന് തുല്യമാണ് ഈ വികസന വാദങ്ങള്‍. കപട വികസനവാദമാണ് അദ്ദേഹം പറയുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന മാധവ്‌സിംഗ് സോളങ്കിയുടെ കാലത്ത് വികസനകാര്യത്തില്‍ ഉണ്ടായ 15- 20 ശതമാനം  വളര്‍ച്ച മോദിയുടെ കാലത്ത് 8-10 ശതമാനമായി കുറഞ്ഞുവെന്നുള്ളതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ ഗുജറാത്തിനെക്കാള്‍ വികസനം നടന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യ ഏതെങ്കിലും ഒരു മാതൃക സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിന് ഏറ്റവും അനുയോജ്യം കേരള മോഡലാണ്. പരിമിതികള്‍ക്കിടയിലും കേരളം ഒട്ടേറെ മുന്നോട്ടുപോയിട്ടുണ്ട്. വ്യവസായം, ഐ.ടി, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളിലൊക്കെ നമ്മള്‍ പൂര്‍ണതയില്‍ എത്തിയില്ലെങ്കിലും നേട്ടത്തിന്റെ പാതയിലാണ്.

കേരളത്തില്‍ യു.ഡി.എഫ് സുരക്ഷിതമെന്ന് പറയാവുന്ന മണ്ഡലങ്ങള്‍ ഏതൊക്കെ, കടുത്ത മത്സരത്തിനുള്ള സാധ്യതകള്‍ ഉള്ള മണ്ഡലങ്ങള്‍?
- ഞാന്‍ നേരത്തെ പറഞ്ഞതുപോലെ 20 മണ്ഡലങ്ങളിലും ഞങ്ങള്‍ സുരക്ഷിതരാണ്. കാരണം ജനം എല്ലാം കാണുന്നുണ്ട്, അവര്‍ ചിന്തിക്കുന്നുണ്ട്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകളും നയങ്ങളും അവര്‍ക്ക് അറിയാം. യു.ഡി.എഫ് എന്താണോ മുന്നോട്ടുവെക്കുന്നത് അതുതന്നെയാണ് ജനവികാരവും. രാജ്യത്തൊട്ടാകെയുണ്ടായ, അല്ലെങ്കില്‍ ആഗോള തലത്തിലുണ്ടായ പ്രതിഭാസങ്ങളുടെ ഭാഗമായി കേരളത്തിലും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയോട് കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണനേതൃത്വങ്ങള്‍ നടത്തിയ പ്രതികരണത്തില്‍ ജനം തൃപ്തരാണ്. ഉദാഹരണമായി പാചകവാതക പ്രശ്‌നത്തില്‍ കെ.പി.സി.സിയും സര്‍ക്കാരും ശക്തമായ ഇടപെടല്‍ കേന്ദ്രത്തില്‍ നടത്തി. എ.കെ. ആന്റണി നടത്തിയ ശ്രമങ്ങള്‍ വിസ്മരിക്കാന്‍ കഴിയുന്നതല്ല. ആധാറിന്റെ കാര്യത്തിലും സമാനമായ നടപടികള്‍ ഉണ്ടായി. രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളും എടുത്തുപറയേണ്ടതാണ്.

അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം രംഗത്തിറക്കിയിട്ടുള്ളത്. രണ്ടുപേര്‍ കോണ്‍ഗ്രസുകാരാണ്. അതൊരു തന്ത്രമാണെന്ന് കരുതുന്നുണ്ടോ, സി.പി.എം നീക്കത്തെക്കുറിച്ച്...?
- ഒരു കാലത്ത് ഓരോ തെരഞ്ഞെടുപ്പുകളും അല്ലെങ്കില്‍ ഓരോ സമരങ്ങളും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടേതായിരുന്നു. ഇപ്പോഴാകട്ടെ തകര്‍ച്ചയുടേതാണ്. സി.പി.എം അനുദിനം ക്ഷയിച്ചു വരികയാണ്. വളരെ വലിയ സംഘടനാ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്നവര്‍ മൂന്നിലൊന്നു സീറ്റുകളില്‍ സ്വതന്ത്രരെ മത്സരിപ്പിക്കുന്നു. ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണ് അവരുടെ സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസുകാരെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയതിനെ കുറിച്ച് ഞാന്‍ പ്രതികരിക്കുന്നില്ല. കോണ്‍ഗ്രസ് വിട്ടുപോയ പലരും തെറ്റുമനസിലാക്കി തിരിച്ചുവന്നിട്ടുണ്ട്. അവര്‍ പോയതും സ്ഥാനാര്‍ത്ഥിയാതും ശരിയാണോ എന്ന് അവര്‍ തന്നെ വിലയിരുത്തട്ടെ.

മൂന്നാം ബദല്‍ എന്നൊരു ആശയം ഇടതുപാര്‍ട്ടികള്‍ ഇത്തവണയും മുന്നോട്ടുവെക്കുന്നുണ്ട് ?
- ജനം തിരസ്‌കരിച്ചതാണ് അവയെല്ലാം. അതിനു നേതൃത്വം കൊടുക്കുന്ന സി.പി.എം പ്രത്യയശാസ്ത്ര പ്രതിസന്ധിയിലാണ്. യു.പി.എക്ക് പിന്തുണ നല്‍കിക്കൊണ്ട് അവര്‍ ഒരിക്കല്‍ ഉപേക്ഷിച്ച കോണ്‍ഗ്രസ് വിരുദ്ധത ഇപ്പോള്‍ വീണ്ടും എടുത്തണിയുന്നു. അവരുടെ നീക്കം ഫലത്തില്‍ ബി.ജെ.പിക്ക് മാത്രമേ ഉപകരിക്കൂ. ബി.ജെ.പിയുടെ ഒരു ബീ ടീം ഉണ്ടാക്കുന്ന ഫലമാകും ഉണ്ടാവുക. ഒരിക്കല്‍ രാജ്യത്താകെ വേരുകളുണ്ടായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് എവിടെയും ഒറ്റപ്പെട്ടുപോകുന്നതിനെക്കുറിച്ച് അവര്‍തന്നെ ഒരു ആത്മപരിശോധന നടത്തേണ്ടതാണ്.

ആര്‍.എസ്.പിയുടെ യു.ഡി.എഫ് പ്രവേശനം, കൊല്ലത്തെ കടുത്ത മത്സരം, കേരള രാഷ്ട്രീയത്തില്‍ ഒരു ഗതിമാറ്റമാണോ സൂചിപ്പിക്കുന്നത് ?
ആര്‍.എസ്.പി വര്‍ഷങ്ങളായി ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായിരുന്നു. മറ്റുപല പാര്‍ട്ടികളെയും പോലെ അവരും വളരെക്കാലം പിടിച്ചുനിന്നു. ഒടുവില്‍ അവര്‍ എല്‍.ഡി.എഫ് വിട്ടു. എല്‍.ഡി.എഫ് വിട്ടുവന്ന ശേഷമാണ് കോണ്‍ഗ്രസും യു.ഡി.എഫും ആര്‍.എസ്.പിയുമായി ചര്‍ച്ച നടത്തിയത്. അതുവരെ ഒരുതരത്തിലുള്ള ധാരണയും ആര്‍.എസ്.പിയുമായി ഉണ്ടായിരുന്നില്ല. തികച്ചും സുതാര്യമായാണു ഞങ്ങള്‍ പിന്നീട് എല്ലാം ചെയ്തത്. എല്ലാ ഘടകകക്ഷികളുമായും കെ.പി.സി.സിയുടെ അടിയന്തിരയോഗവും വിളിച്ച് ആലോചിച്ചു. യു.പി.എയുടെ ഭാഗമായി നില്‍ക്കാമെന്നും ആര്‍.എസ്.പികള്‍ ലയിക്കാമെന്നും അവര്‍ സമ്മതിച്ചു. ആ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാണു തീരുമാനമെടുത്തത്. കൊല്ലത്തെ മത്സരം കേരളം ഉറ്റുനോക്കുന്നു എന്നത് ശരിയാണ്. മുന്നണിയെന്ന നിലയില്‍ കൊല്ലത്ത് യു.ഡി.എഫ് ശക്തമാണ്. പ്രേമചന്ദ്രന്‍ മികച്ച സ്ഥാനാര്‍ത്ഥിയുമാണ്. കൊല്ലത്തെ ജനങ്ങളുമായി ദീര്‍ഘകാലത്തെ ഹൃദയബന്ധമുള്ള ആളാണ് അദ്ദേഹം. കൊല്ലത്തെ മത്സരഫലത്തെ കുറിച്ച് എനിക്ക് ആശങ്കയില്ല.

ടി.പി ചന്ദ്രശേഖരന്‍, ഫസല്‍, ഷുക്കൂര്‍, നവാസ്.... കൊലപാതക രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ സ്വാധീന വിഷയമാകുമോ?
- കോണ്‍ഗ്രസും യു.ഡി.എഫും എന്നും അക്രമത്തിനും കൊലപാതകത്തിനും എതിരായ സമീപനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ടി.പി ചന്ദ്രശേഖരന്‍ വധം തെരഞ്ഞെടുപ്പില്‍ മാത്രമല്ല, കേരളത്തിലെ സമാധാനകാംക്ഷികളില്‍ എപ്പോഴും സ്വാധീനിക്കപ്പെടും. ഒരു രാഷ്ട്രീയ നേതാവിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് ജനം തീരുമാനിക്കട്ടെ. ഫസല്‍, ഷുക്കൂര്‍, നവാസ് വധങ്ങള്‍ മാത്രമല്ല... രാഷ്ട്രീയത്തിന്റെ പേരില്‍ നടന്ന ഒരു കൊലപാതകത്തെയും ന്യായീകരിക്കാനോ കൊലപാതകികളെ സംരക്ഷിക്കാനോ യു.ഡി.എഫ് ഒരിക്കലും തയാറാകില്ല.

ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട്  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന മണ്ഡലങ്ങള്‍. ഇവിടങ്ങളിലെ യു.ഡി.എഫിന്റെ സ്ഥിതി?
- ഇന്നലെ ഞാന്‍ പാലക്കാടായിരുന്നു. അവിടത്തെ ജനങ്ങള്‍ യു.ഡി.എഫിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുമ്പോഴല്ല, മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ജനവികാരം അറിയാന്‍ കഴിയും. ചെറിയ വോട്ടുകള്‍ക്ക് മാത്രം നഷ്ടമായ മണ്ഡലമാണ് പാലക്കാട്. അത് ഇത്തവണ യു.ഡി.എഫിന് ലഭിക്കും. ആറ്റിങ്ങല്‍ എല്‍.ഡി.എഫ് കുത്തകയല്ല. ഒട്ടേറെ പ്രാവശ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ്. കാസര്‍കോടും ആലത്തൂരും ഇത്തവണ വിധിയെഴുതുന്നത് യു.ഡി.എഫിന് അനുകൂലമായായിരിക്കും.

കസ്തൂരി രംഗനില്‍ കേന്ദ്രീകരിച്ചും സഭകളുടെ അസംതൃപ്തികളില്‍ പെട്ടും ചര്‍ച്ചകള്‍ നടന്നിരുന്നു. അതെല്ലാം ബാധിക്കുന്നത് യു.ഡി.എഫിനെയല്ലേ?
- പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ കര്‍ഷകന്റെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസും കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരും നിലകൊണ്ടതെന്ന് വ്യക്തമല്ലേ.. ഇപ്പോള്‍ പുറത്തിറങ്ങിയ കരട് വിജ്ഞാപനം അതിന് ഉദാഹരണമാണ്. കേരളത്തിന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് മാനദണ്ഡങ്ങളില്‍ വ്യത്യാസം വരുത്താന്‍ കേന്ദ്രം തയാറായത്. പരിസ്ഥിതി ലോല മേഖലകള്‍ പുനനിര്‍ണയിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഉള്‍ക്കൊള്ളിച്ചാണ് കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളേയും പ്ലാന്റേഷനുകളെയും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ഉള്‍കൊള്ളിച്ചാണ് വിജ്ഞാപനം. കര്‍ഷകരെ ബാധിക്കുന്ന ഒരു കാര്യത്തെയും യു.ഡി.എഫ് പിന്തുണക്കില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകള്‍ ഇടതുമുന്നണി പ്രചരിപ്പിക്കുകയായിരുന്നു. മലയോര ജനതയോടും സഭകളോടും കോണ്‍ഗ്രസിനുള്ള ബന്ധം ഒരു സുപ്രഭാതത്തില്‍ അവസാനിക്കുന്നതല്ല.

കേരളത്തില്‍ യു.ഡി.എഫ് ദയനീയമായി പരാജയപ്പെടുമെന്നും കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നുമാണ് പിണറായി വിജയന്‍ പറയുന്നത് ?
- സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.

(2014 മാര്‍ച്ച് 20ന് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)


Wednesday, March 19, 2014

എം.പി- മെമ്പര്‍ ഓഫ് പാര്‍ലിമെന്റ്...... എം.പിയുടെ ജോലിയെന്താണ്..?
നാട്ടില്‍ കലുങ്ക് കെട്ടലും റോഡ് നന്നാക്കലുമാണ് എം.പിയുടെ പണിയെന്ന് തെറ്റിദ്ധരിക്കരുതേ...., കല്യാണ വീട്ടില്‍ പോയി ചിരിക്കലും മരണത്തിനു പോയി കണ്ണീരൊഴുക്കലുമല്ല.
രാജ്യത്തിന്റെ നിയമ നിര്‍മാണ പ്രകൃയയില്‍ ഇടപെട്ട് ശക്തമായ സാന്നിധ്യമറിയിക്കുകയാണ് ഒരു എം.പിയുടെ ഏറ്റവും പ്രധാന കര്‍ത്തവ്യം. അക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ചില എം.പിമാരെങ്കിലും മികച്ച നിലവാരത്തിലാണ്. ഭക്ഷ്യസുരക്ഷാ ബില്ല് അവതരണ വേളയില്‍ 47 ഭേദഗതികള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ അഡ്വ.എ. സമ്പത്തും, നിരവധി ബില്ലുകളില്‍ ഭേദഗതി ചര്‍ച്ചക്ക് തുടക്കമിട്ട ഇ.ടി മുഹമ്മദ് ബഷീറും, പുത്തന്‍ ആശയങ്ങള്‍ പലതും അവതരിപ്പിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച ഡോ. ശശി തരൂരും മോശക്കാരല്ല. ഇനിയും ഒട്ടേറെ പേരുകള്‍ പറയാനുണ്ട്്.

എം.പി ഫണ്ട് വിനിയോഗം, പദ്ധതികള്‍ കൊണ്ടുവരാത്തത്... തുടങ്ങിയവയിലൊക്കെ നമുക്ക് എം.പിമാരെ വിമര്‍ശിക്കാം. എന്നാല്‍ ദേശീയ ശരാശരി പ്രകടനത്തില്‍ നമ്മുടെ എം.പിമാര്‍ മോശക്കാരല്ല.