വി.എം സുധീരന്‍/ ഫിര്‍ദൗസ് കായല്‍പ്പുറം
രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതീക്ഷകള്‍ക്ക് നിറച്ചാര്‍ത്തേകാനുള്ള പ്രയാണത്തിലാണ് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പ്രവര്‍ത്തകരിലും അണികളിലും ആവേശം പകരുന്ന നിലപാടുകള്‍, രാഷ്ട്രീയ എതിരാളിക്ക് പഴുതുകള്‍ നല്‍കാത്ത തന്ത്രങ്ങള്‍... ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനോട് പുതിയ രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ക്കായി സമീപിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ് സുരക്ഷിതമാണെന്ന് ഉറപ്പിച്ചു പറയാന്‍ സുധീരന് മടിയില്ല. വിവാദങ്ങളല്ല, രാജ്യത്തിന്റെ ഭാവിയും വികസനവുമാണ് പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കുന്നു. ചന്ദ്രികയുമായി അദ്ദേഹം പങ്കുവെച്ച തെരഞ്ഞെടുപ്പ് വിശേഷങ്ങളുടെ പൂര്‍ണരൂപം....
പ്രചാരണം ഒന്നാംഘട്ടം പിന്നിടുന്നു, ജനവികാരം എങ്ങനെ ?
- കോണ്‍ഗ്രസും യു.ഡി.എഫും ജനങ്ങളിലേക്ക് ചെല്ലാന്‍ വൈകിയില്ല. പ്രചാരണത്തില്‍ മറ്റ് പാര്‍ട്ടികളെക്കാള്‍ മുന്നിലുമാണ്. കേരളത്തിലിപ്പോള്‍ ഒരു വിവാദങ്ങളും ജനം ചര്‍ച്ച ചെയ്യുന്നില്ല, ചര്‍ച്ച ചെയ്യുന്നതാകട്ടെ രാജ്യത്തിന്റെ ഭാവി മാത്രമാണ്. യു.ഡി.എഫിന് പരമാവധി സീറ്റുകള്‍ ലഭിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ആവേശം കേരളത്തിലെങ്ങും ദൃശ്യമാണ്.
നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ സാധ്യതകള്‍ എത്രത്തോളമാണ് ?
- 20 മണ്ഡലങ്ങളിലും യു.ഡി.എഫിന് മേല്‍ക്കൈയുണ്ട്. അതിനുള്ള പ്രധാന കാരണം യു.ഡി.എഫിന് ഐക്യത്തോടെ മുന്നേറാനാകുന്നു എന്നതാണ്. അതത് മേഖലകളില്‍ ചുമതലപ്പെടുത്തിയിട്ടുള്ള നേതാക്കളും പ്രവര്‍ത്തകരും മാതൃകാപരമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഒരുപക്ഷേ, യു.ഡി.എഫില്‍ ഇത്രയധികം അച്ചടക്കത്തോടെ പ്രവര്‍ത്തനം പുരോഗമിക്കുന്ന ഒരു കാലമുണ്ടായിട്ടില്ല. യു.ഡി.എഫില്‍ ആര്‍ക്കും ആര്‍ക്കെതിരെയും പരാതിയില്ല. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. അത് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും.
ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താങ്കളുടെ പങ്ക് ?
- കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരം ഇപ്പോഴില്ല എന്നത് എടുത്തുപറയേണ്ടതാണ്. നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയും മുന്നണിയും മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കാണ് പ്രസക്തി. അതില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ല. മുന്നണിയിലെ സീറ്റുവിഭജനം, കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണയം തുടങ്ങിയവയെല്ലാം വളരെ സ്മൂത്തായി നടന്നു. പരിമിതികള്‍ക്കിടയിലും യുവാക്കള്‍ക്കും വനിതകള്‍ക്കും സീറ്റുനല്‍കാനായി. പരമാവധി പേരെ വിജയിപ്പിക്കുക എന്നതോടൊപ്പം മികച്ചൊരു നിരയെ പാര്‍ലമെന്റിന് സംഭാവന ചെയ്യുക എന്നതുകൂടി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡമാക്കിയിരുന്നു.
കോണ്‍ഗ്രസിനും യു.ഡി.എഫിനും നരേന്ദ്രമോദിയെ ഭയമുണ്ടോ, രാജ്യത്തൊട്ടാകെ ഇപ്പോള്‍ മോദിപ്പേടിയുടെ രാഷ്ട്രീയമാണല്ലോ ?
- കോണ്‍ഗ്രസ് കടന്നുവന്ന വഴികള്‍, അത് മുന്നോട്ടുവെച്ച ദര്‍ശനം, ഭരണതലത്തിലും സാമൂഹ്യ പുരോഗതിയിലും കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍, രാജ്യത്തിന്റെ മതേതര സംസ്‌കാരത്തിന് ഈ പാര്‍ട്ടിയും അനുബന്ധ പ്രസ്ഥാനങ്ങളും സ്വീകരിച്ച നിലപാടുകള്‍ ഇതൊന്നും ഒരു ഇന്ത്യാക്കാരന് ഒരിക്കലും മറക്കാനാവില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. നരേന്ദ്രമോദി പെട്ടെന്ന് ഉയര്‍ന്നുവന്ന ആളാണ്. അദ്ദേഹത്തിനും ബി.ജെ.പിക്കും അവരുടേതായ രാഷ്ട്രീയവും നിലപാടുകളുമുണ്ടാകാം. അത് ജനം സ്വീകരിക്കുന്നില്ല. ജനത്തെ അത് അടിച്ചേല്‍പ്പിക്കാനാണ് ഇത്തരം പബ്ലിസിറ്റികള്‍ എന്നാണ് എനിക്കുതോന്നുന്നത്. ഭാരതീയന്റെ മതേതര സംസ്‌കാരവും ജനാധിപത്യ ബോധവും മോദിയെ സ്വീകരിക്കില്ലെന്ന് ഉറപ്പാണ്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളൊക്കെ മോദിയെ ഭയക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ മോദിയാണ് ജനങ്ങളെ ഭയക്കുന്നത് അതുകൊണ്ടാണ് സ്വന്തം പ്രതിഛായക്കുമേല്‍ വെള്ളപൂശി മുഖംമിനുക്കി മോദിയെ അവതരിപ്പിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം യു.ഡി.എഫും അതിലെ കക്ഷികളും എന്താണെന്നും അവരുടെ നിലപാടുകള്‍ എങ്ങനെയാണെന്നുമെല്ലാം ജനങ്ങള്‍ക്ക് അറിയാം.
മോദി മുന്നോട്ടുവെക്കുന്നത് അദ്ദേഹത്തിന്റെ വികസനം, ഗുജറാത്ത് മോഡല്‍... ?
- ഗുജറാത്ത് മോഡല്‍ എന്നു പറയുമ്പോള്‍, ഗുജറാത്തിലെ വംശഹത്യയാണ് സാധാരണ ജനത്തിന് ആദ്യം ഓര്‍മ്മ വരുന്നത്. ഊതി വീര്‍പ്പിച്ച ഒരു ബലൂണിന് തുല്യമാണ് ഈ വികസന വാദങ്ങള്‍. കപട വികസനവാദമാണ് അദ്ദേഹം പറയുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന മാധവ്‌സിംഗ് സോളങ്കിയുടെ കാലത്ത് വികസനകാര്യത്തില്‍ ഉണ്ടായ 15- 20 ശതമാനം വളര്‍ച്ച മോദിയുടെ കാലത്ത് 8-10 ശതമാനമായി കുറഞ്ഞുവെന്നുള്ളതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ ഗുജറാത്തിനെക്കാള്‍ വികസനം നടന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യ ഏതെങ്കിലും ഒരു മാതൃക സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിന് ഏറ്റവും അനുയോജ്യം കേരള മോഡലാണ്. പരിമിതികള്‍ക്കിടയിലും കേരളം ഒട്ടേറെ മുന്നോട്ടുപോയിട്ടുണ്ട്. വ്യവസായം, ഐ.ടി, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളിലൊക്കെ നമ്മള്‍ പൂര്‍ണതയില്‍ എത്തിയില്ലെങ്കിലും നേട്ടത്തിന്റെ പാതയിലാണ്.
കേരളത്തില്‍ യു.ഡി.എഫ് സുരക്ഷിതമെന്ന് പറയാവുന്ന മണ്ഡലങ്ങള്‍ ഏതൊക്കെ, കടുത്ത മത്സരത്തിനുള്ള സാധ്യതകള്‍ ഉള്ള മണ്ഡലങ്ങള്‍?
- ഞാന്‍ നേരത്തെ പറഞ്ഞതുപോലെ 20 മണ്ഡലങ്ങളിലും ഞങ്ങള്‍ സുരക്ഷിതരാണ്. കാരണം ജനം എല്ലാം കാണുന്നുണ്ട്, അവര്‍ ചിന്തിക്കുന്നുണ്ട്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകളും നയങ്ങളും അവര്‍ക്ക് അറിയാം. യു.ഡി.എഫ് എന്താണോ മുന്നോട്ടുവെക്കുന്നത് അതുതന്നെയാണ് ജനവികാരവും. രാജ്യത്തൊട്ടാകെയുണ്ടായ, അല്ലെങ്കില്‍ ആഗോള തലത്തിലുണ്ടായ പ്രതിഭാസങ്ങളുടെ ഭാഗമായി കേരളത്തിലും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയോട് കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണനേതൃത്വങ്ങള്‍ നടത്തിയ പ്രതികരണത്തില്‍ ജനം തൃപ്തരാണ്. ഉദാഹരണമായി പാചകവാതക പ്രശ്‌നത്തില്‍ കെ.പി.സി.സിയും സര്‍ക്കാരും ശക്തമായ ഇടപെടല്‍ കേന്ദ്രത്തില്‍ നടത്തി. എ.കെ. ആന്റണി നടത്തിയ ശ്രമങ്ങള്‍ വിസ്മരിക്കാന്‍ കഴിയുന്നതല്ല. ആധാറിന്റെ കാര്യത്തിലും സമാനമായ നടപടികള്‍ ഉണ്ടായി. രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളും എടുത്തുപറയേണ്ടതാണ്.
അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം രംഗത്തിറക്കിയിട്ടുള്ളത്. രണ്ടുപേര്‍ കോണ്‍ഗ്രസുകാരാണ്. അതൊരു തന്ത്രമാണെന്ന് കരുതുന്നുണ്ടോ, സി.പി.എം നീക്കത്തെക്കുറിച്ച്...?
- ഒരു കാലത്ത് ഓരോ തെരഞ്ഞെടുപ്പുകളും അല്ലെങ്കില്‍ ഓരോ സമരങ്ങളും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടേതായിരുന്നു. ഇപ്പോഴാകട്ടെ തകര്‍ച്ചയുടേതാണ്. സി.പി.എം അനുദിനം ക്ഷയിച്ചു വരികയാണ്. വളരെ വലിയ സംഘടനാ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്നവര്‍ മൂന്നിലൊന്നു സീറ്റുകളില്‍ സ്വതന്ത്രരെ മത്സരിപ്പിക്കുന്നു. ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണ് അവരുടെ സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസുകാരെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയതിനെ കുറിച്ച് ഞാന്‍ പ്രതികരിക്കുന്നില്ല. കോണ്‍ഗ്രസ് വിട്ടുപോയ പലരും തെറ്റുമനസിലാക്കി തിരിച്ചുവന്നിട്ടുണ്ട്. അവര്‍ പോയതും സ്ഥാനാര്‍ത്ഥിയാതും ശരിയാണോ എന്ന് അവര്‍ തന്നെ വിലയിരുത്തട്ടെ.
മൂന്നാം ബദല്‍ എന്നൊരു ആശയം ഇടതുപാര്‍ട്ടികള്‍ ഇത്തവണയും മുന്നോട്ടുവെക്കുന്നുണ്ട് ?
- ജനം തിരസ്‌കരിച്ചതാണ് അവയെല്ലാം. അതിനു നേതൃത്വം കൊടുക്കുന്ന സി.പി.എം പ്രത്യയശാസ്ത്ര പ്രതിസന്ധിയിലാണ്. യു.പി.എക്ക് പിന്തുണ നല്‍കിക്കൊണ്ട് അവര്‍ ഒരിക്കല്‍ ഉപേക്ഷിച്ച കോണ്‍ഗ്രസ് വിരുദ്ധത ഇപ്പോള്‍ വീണ്ടും എടുത്തണിയുന്നു. അവരുടെ നീക്കം ഫലത്തില്‍ ബി.ജെ.പിക്ക് മാത്രമേ ഉപകരിക്കൂ. ബി.ജെ.പിയുടെ ഒരു ബീ ടീം ഉണ്ടാക്കുന്ന ഫലമാകും ഉണ്ടാവുക. ഒരിക്കല്‍ രാജ്യത്താകെ വേരുകളുണ്ടായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് എവിടെയും ഒറ്റപ്പെട്ടുപോകുന്നതിനെക്കുറിച്ച് അവര്‍തന്നെ ഒരു ആത്മപരിശോധന നടത്തേണ്ടതാണ്.
ആര്‍.എസ്.പിയുടെ യു.ഡി.എഫ് പ്രവേശനം, കൊല്ലത്തെ കടുത്ത മത്സരം, കേരള രാഷ്ട്രീയത്തില്‍ ഒരു ഗതിമാറ്റമാണോ സൂചിപ്പിക്കുന്നത് ?
ആര്‍.എസ്.പി വര്‍ഷങ്ങളായി ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായിരുന്നു. മറ്റുപല പാര്‍ട്ടികളെയും പോലെ അവരും വളരെക്കാലം പിടിച്ചുനിന്നു. ഒടുവില്‍ അവര്‍ എല്‍.ഡി.എഫ് വിട്ടു. എല്‍.ഡി.എഫ് വിട്ടുവന്ന ശേഷമാണ് കോണ്‍ഗ്രസും യു.ഡി.എഫും ആര്‍.എസ്.പിയുമായി ചര്‍ച്ച നടത്തിയത്. അതുവരെ ഒരുതരത്തിലുള്ള ധാരണയും ആര്‍.എസ്.പിയുമായി ഉണ്ടായിരുന്നില്ല. തികച്ചും സുതാര്യമായാണു ഞങ്ങള്‍ പിന്നീട് എല്ലാം ചെയ്തത്. എല്ലാ ഘടകകക്ഷികളുമായും കെ.പി.സി.സിയുടെ അടിയന്തിരയോഗവും വിളിച്ച് ആലോചിച്ചു. യു.പി.എയുടെ ഭാഗമായി നില്‍ക്കാമെന്നും ആര്‍.എസ്.പികള്‍ ലയിക്കാമെന്നും അവര്‍ സമ്മതിച്ചു. ആ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാണു തീരുമാനമെടുത്തത്. കൊല്ലത്തെ മത്സരം കേരളം ഉറ്റുനോക്കുന്നു എന്നത് ശരിയാണ്. മുന്നണിയെന്ന നിലയില്‍ കൊല്ലത്ത് യു.ഡി.എഫ് ശക്തമാണ്. പ്രേമചന്ദ്രന്‍ മികച്ച സ്ഥാനാര്‍ത്ഥിയുമാണ്. കൊല്ലത്തെ ജനങ്ങളുമായി ദീര്‍ഘകാലത്തെ ഹൃദയബന്ധമുള്ള ആളാണ് അദ്ദേഹം. കൊല്ലത്തെ മത്സരഫലത്തെ കുറിച്ച് എനിക്ക് ആശങ്കയില്ല.
ടി.പി ചന്ദ്രശേഖരന്‍, ഫസല്‍, ഷുക്കൂര്‍, നവാസ്.... കൊലപാതക രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ സ്വാധീന വിഷയമാകുമോ?
- കോണ്‍ഗ്രസും യു.ഡി.എഫും എന്നും അക്രമത്തിനും കൊലപാതകത്തിനും എതിരായ സമീപനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ടി.പി ചന്ദ്രശേഖരന്‍ വധം തെരഞ്ഞെടുപ്പില്‍ മാത്രമല്ല, കേരളത്തിലെ സമാധാനകാംക്ഷികളില്‍ എപ്പോഴും സ്വാധീനിക്കപ്പെടും. ഒരു രാഷ്ട്രീയ നേതാവിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് ജനം തീരുമാനിക്കട്ടെ. ഫസല്‍, ഷുക്കൂര്‍, നവാസ് വധങ്ങള്‍ മാത്രമല്ല... രാഷ്ട്രീയത്തിന്റെ പേരില്‍ നടന്ന ഒരു കൊലപാതകത്തെയും ന്യായീകരിക്കാനോ കൊലപാതകികളെ സംരക്ഷിക്കാനോ യു.ഡി.എഫ് ഒരിക്കലും തയാറാകില്ല.
ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന മണ്ഡലങ്ങള്‍. ഇവിടങ്ങളിലെ യു.ഡി.എഫിന്റെ സ്ഥിതി?
- ഇന്നലെ ഞാന്‍ പാലക്കാടായിരുന്നു. അവിടത്തെ ജനങ്ങള്‍ യു.ഡി.എഫിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുമ്പോഴല്ല, മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ജനവികാരം അറിയാന്‍ കഴിയും. ചെറിയ വോട്ടുകള്‍ക്ക് മാത്രം നഷ്ടമായ മണ്ഡലമാണ് പാലക്കാട്. അത് ഇത്തവണ യു.ഡി.എഫിന് ലഭിക്കും. ആറ്റിങ്ങല്‍ എല്‍.ഡി.എഫ് കുത്തകയല്ല. ഒട്ടേറെ പ്രാവശ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ്. കാസര്‍കോടും ആലത്തൂരും ഇത്തവണ വിധിയെഴുതുന്നത് യു.ഡി.എഫിന് അനുകൂലമായായിരിക്കും.
കസ്തൂരി രംഗനില്‍ കേന്ദ്രീകരിച്ചും സഭകളുടെ അസംതൃപ്തികളില്‍ പെട്ടും ചര്‍ച്ചകള്‍ നടന്നിരുന്നു. അതെല്ലാം ബാധിക്കുന്നത് യു.ഡി.എഫിനെയല്ലേ?
- പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ കര്‍ഷകന്റെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസും കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരും നിലകൊണ്ടതെന്ന് വ്യക്തമല്ലേ.. ഇപ്പോള്‍ പുറത്തിറങ്ങിയ കരട് വിജ്ഞാപനം അതിന് ഉദാഹരണമാണ്. കേരളത്തിന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് മാനദണ്ഡങ്ങളില്‍ വ്യത്യാസം വരുത്താന്‍ കേന്ദ്രം തയാറായത്. പരിസ്ഥിതി ലോല മേഖലകള്‍ പുനനിര്‍ണയിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഉള്‍ക്കൊള്ളിച്ചാണ് കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളേയും പ്ലാന്റേഷനുകളെയും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ഉള്‍കൊള്ളിച്ചാണ് വിജ്ഞാപനം. കര്‍ഷകരെ ബാധിക്കുന്ന ഒരു കാര്യത്തെയും യു.ഡി.എഫ് പിന്തുണക്കില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകള്‍ ഇടതുമുന്നണി പ്രചരിപ്പിക്കുകയായിരുന്നു. മലയോര ജനതയോടും സഭകളോടും കോണ്‍ഗ്രസിനുള്ള ബന്ധം ഒരു സുപ്രഭാതത്തില്‍ അവസാനിക്കുന്നതല്ല.
കേരളത്തില്‍ യു.ഡി.എഫ് ദയനീയമായി പരാജയപ്പെടുമെന്നും കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നുമാണ് പിണറായി വിജയന്‍ പറയുന്നത് ?
- സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.
(2014 മാര്‍ച്ച് 20ന് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment