എനിക്കൊരു പേരുണ്ട്, നിനക്കോ......????
പണ്ട് എന്റെ ഗ്രാമത്തില്‍ ഒരു വീടിനടുത്ത് ഒരു വേടനുണ്ടായിരുന്നു. കരുണാകരന്‍- മരിച്ചുപോയി. കര്‍ഷക തൊഴിലാളിയായിരുന്ന കരുണാകരനെ 'മന്ത്രി' എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. കെ. കരുണാകരന്‍ എന്ന പേര് ജനമനസുകളില്‍ അത്രമാത്രം പതിഞ്ഞതു കൊണ്ടാകണം ഈ കരുണാകരനെയും 'മന്ത്രി'യാക്കി ഗ്രാമവാസികള്‍ 'ആദരിച്ചത്'.
ഒരു വാസുദേവന്‍ നായരെ 'എം.ടി'യെന്ന് വിളിക്കാനുള്ള ബോധം വെണ്‍കുളത്തെ നാട്ടുകാര്‍ക്കുണ്ടായത് വാസു ഒരു മഹാസാഹിത്യകാരന്‍ ആയതുകൊണ്ടല്ലെന്ന് എന്നെപ്പോലെ ഈ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. കള്ളുകുടിച്ച്, ലെക്കുകെട്ട് നാട്ടുകാരെ തെറിവിളിച്ചു നടക്കുന്ന അയിരൂര്‍ കാരനായ മണിയെ നാട്ടുകാര്‍ 'എം.എം മണി'യാക്കിയത് ഈയിടെയാണ്.
വലിയ വഞ്ചികള്‍ പണിയുന്ന വിജയന്‍ ചെറുപ്പക്കാരനാണ്. കായലോരത്ത് രാവിലെ എത്തിയാല്‍ വള്ളപ്പുരയില്‍ കൊട്ടുകേള്‍ക്കാം. അമരം പണിയുന്ന വിജയന് വഞ്ചിയും തടിയും തുഴയും കായലുമാണ് രാഷ്ട്രീയം. എന്നിട്ടുമെന്തേ ഈ നാട്ടുകാര്‍ അയാളെ 'പിണറായി'യെന്ന് വിളിക്കുന്നു...!!
ഇങ്ങനെ പേരുകള്‍ വലിയൊരു ആകാശം തീര്‍ത്തിട്ടുണ്ട് നമ്മുടെയൊക്കെ മനസില്‍. പേരുകളിലൂടെ പ്രശസ്തരാകുന്നവരും 'പേര്' കൊണ്ട് പേരെടുക്കുന്നവരും ധാരാളം. ചൂണ്ടക്കാരനായ നാരായണനെ കുട്ടികള്‍ ദൂരെ നിന്ന് കൂകി വിളിക്കുമായിരുന്നു- 'നാരായണ ഗുരു' എന്ന്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുറച്ചകലെ നിന്ന് എന്റെയൊരു കൂട്ടുകാരി തിരുവനന്തപുരത്ത് വന്നു. കോര്‍പറേഷന്‍ ഓഫീസിനടുത്ത് നിന്ന് എന്നെ ഫോണില്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു- 'തിരക്കുകള്‍ കഴിഞ്ഞ് വിളിക്കൂ.. ഊണ് നമുക്ക് ഒരുമിച്ചാക്കാം..'. ചില സര്‍ക്കാര്‍ ഓഫീസുകളുടെ പടികയറിയിറങ്ങിയ ശേഷം മാഞ്ഞാലിക്കുളത്തെ എന്റെ ഓഫീസിലെത്തിയ കൂട്ടുകാരിയുമായി ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലൂടെ നടന്നു. മുരളി ഹോട്ടലിലെ തീന്‍ മേശക്ക് ഇരുപുറവുമിരുന്ന് ഞങ്ങള്‍ സൗഹൃദ സന്ദേശങ്ങള്‍ കൈമാറി. ചോറു കഴിച്ച് പുറത്തിറങ്ങി. തണല്‍ ചാഞ്ഞിരുന്നില്ല, എങ്കിലും റോഡരികിലൂടെ ഞങ്ങള്‍ നടന്നു- സംസാരമധ്യേ കൂട്ടുകാരി പറഞ്ഞു. 'ഞാന്‍ സ്‌കൂളില്‍ ചേരുന്നതുവരെ എന്റെ വീട്ടുകാര്‍ എനിക്ക് ഓരോരോ പേരുകള്‍ പറഞ്ഞ് തര്‍ക്കത്തിലായിരുന്നു. അച്ഛനിഷ്ടപ്പെടുന്ന പേര് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടില്ല. പേരുകളുടെ ഒരു നീണ്ടനിരതന്നെ എന്റെ വീടിനെ ചൂഴ്ന്നുനിന്നു. ഒടുവില്‍ ഞാന്‍തന്നെ എനിക്ക് പേരിട്ടു'.
പറഞ്ഞ കേട്ട പേരുകളിലേതോ ഒന്ന് മനസില്‍ തടഞ്ഞപ്പോള്‍ സ്‌കൂളിലെ രജിസ്ട്രര്‍ പൂരിപ്പിക്കുന്ന അധ്യാപകനുമുന്നില്‍ ആ പേര് പറഞ്ഞുകൊടുത്തു. അങ്ങനെയാത്രേ എന്റെ കൂട്ടുകാരിക്ക് ഇപ്പോഴുള്ള പേര് കിട്ടിയത്..... കുറേയേറെ കാര്യങ്ങള്‍ പറഞ്ഞും പസ്പരം ചിരിച്ചും തമാശ പറഞ്ഞും കൂട്ടുകാരി പിരിഞ്ഞു. തമ്പാനൂരിലേക്കുള്ള റോഡിലേക്ക് അവള്‍ നടന്നകന്നപ്പോള്‍ എനിക്കൊരപൂര്‍വത തോന്നി. പേര്- എല്ലാ പേരുകള്‍ക്കും നീണ്ട ആയുസാണ്.
ആരോ കല്‍പിച്ചു നല്‍കിയ പേരുകളെ ചുമന്ന് നമ്മള്‍ ജീവിക്കുന്നു. നമുക്കെന്ന് പറയാന്‍ ആകെയുള്ളതാണത്.
No comments:
Post a Comment