Thursday, March 20, 2014

                     കേരളത്തിന്റെ മനസ് യു.ഡി.എഫിനൊപ്പം  

വി.എം സുധീരന്‍/ ഫിര്‍ദൗസ് കായല്‍പ്പുറം

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രതീക്ഷകള്‍ക്ക് നിറച്ചാര്‍ത്തേകാനുള്ള പ്രയാണത്തിലാണ് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. പ്രവര്‍ത്തകരിലും അണികളിലും ആവേശം പകരുന്ന നിലപാടുകള്‍, രാഷ്ട്രീയ എതിരാളിക്ക് പഴുതുകള്‍ നല്‍കാത്ത തന്ത്രങ്ങള്‍... ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ക്കിടയിലാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനോട് പുതിയ രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍ക്കായി സമീപിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ് സുരക്ഷിതമാണെന്ന് ഉറപ്പിച്ചു പറയാന്‍ സുധീരന് മടിയില്ല. വിവാദങ്ങളല്ല, രാജ്യത്തിന്റെ ഭാവിയും വികസനവുമാണ് പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെന്നും കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കുന്നു. ചന്ദ്രികയുമായി അദ്ദേഹം പങ്കുവെച്ച തെരഞ്ഞെടുപ്പ് വിശേഷങ്ങളുടെ പൂര്‍ണരൂപം....

പ്രചാരണം ഒന്നാംഘട്ടം പിന്നിടുന്നു, ജനവികാരം എങ്ങനെ ?
- കോണ്‍ഗ്രസും യു.ഡി.എഫും ജനങ്ങളിലേക്ക് ചെല്ലാന്‍ വൈകിയില്ല. പ്രചാരണത്തില്‍ മറ്റ് പാര്‍ട്ടികളെക്കാള്‍ മുന്നിലുമാണ്. കേരളത്തിലിപ്പോള്‍ ഒരു വിവാദങ്ങളും ജനം ചര്‍ച്ച ചെയ്യുന്നില്ല, ചര്‍ച്ച ചെയ്യുന്നതാകട്ടെ രാജ്യത്തിന്റെ ഭാവി മാത്രമാണ്. യു.ഡി.എഫിന് പരമാവധി സീറ്റുകള്‍ ലഭിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിന്റെ ആവേശം കേരളത്തിലെങ്ങും ദൃശ്യമാണ്.

നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ സാധ്യതകള്‍ എത്രത്തോളമാണ് ?
- 20 മണ്ഡലങ്ങളിലും യു.ഡി.എഫിന് മേല്‍ക്കൈയുണ്ട്. അതിനുള്ള പ്രധാന കാരണം യു.ഡി.എഫിന് ഐക്യത്തോടെ മുന്നേറാനാകുന്നു എന്നതാണ്. അതത് മേഖലകളില്‍ ചുമതലപ്പെടുത്തിയിട്ടുള്ള നേതാക്കളും പ്രവര്‍ത്തകരും മാതൃകാപരമായി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഒരുപക്ഷേ, യു.ഡി.എഫില്‍ ഇത്രയധികം അച്ചടക്കത്തോടെ പ്രവര്‍ത്തനം പുരോഗമിക്കുന്ന ഒരു കാലമുണ്ടായിട്ടില്ല. യു.ഡി.എഫില്‍ ആര്‍ക്കും ആര്‍ക്കെതിരെയും പരാതിയില്ല. എല്ലാവരുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. അത് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും.

ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താങ്കളുടെ പങ്ക് ?
- കോണ്‍ഗ്രസില്‍ ഗ്രൂപ്പ് അതിപ്രസരം ഇപ്പോഴില്ല എന്നത് എടുത്തുപറയേണ്ടതാണ്. നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയും മുന്നണിയും മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്കാണ് പ്രസക്തി. അതില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ല. മുന്നണിയിലെ സീറ്റുവിഭജനം, കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണയം തുടങ്ങിയവയെല്ലാം വളരെ സ്മൂത്തായി നടന്നു. പരിമിതികള്‍ക്കിടയിലും യുവാക്കള്‍ക്കും വനിതകള്‍ക്കും സീറ്റുനല്‍കാനായി. പരമാവധി പേരെ വിജയിപ്പിക്കുക എന്നതോടൊപ്പം മികച്ചൊരു നിരയെ പാര്‍ലമെന്റിന് സംഭാവന ചെയ്യുക എന്നതുകൂടി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡമാക്കിയിരുന്നു.

കോണ്‍ഗ്രസിനും യു.ഡി.എഫിനും നരേന്ദ്രമോദിയെ ഭയമുണ്ടോ, രാജ്യത്തൊട്ടാകെ ഇപ്പോള്‍ മോദിപ്പേടിയുടെ രാഷ്ട്രീയമാണല്ലോ ?
- കോണ്‍ഗ്രസ് കടന്നുവന്ന വഴികള്‍, അത് മുന്നോട്ടുവെച്ച ദര്‍ശനം, ഭരണതലത്തിലും സാമൂഹ്യ പുരോഗതിയിലും കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍, രാജ്യത്തിന്റെ മതേതര സംസ്‌കാരത്തിന് ഈ പാര്‍ട്ടിയും അനുബന്ധ പ്രസ്ഥാനങ്ങളും സ്വീകരിച്ച നിലപാടുകള്‍ ഇതൊന്നും ഒരു ഇന്ത്യാക്കാരന് ഒരിക്കലും മറക്കാനാവില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. നരേന്ദ്രമോദി പെട്ടെന്ന് ഉയര്‍ന്നുവന്ന ആളാണ്. അദ്ദേഹത്തിനും ബി.ജെ.പിക്കും അവരുടേതായ രാഷ്ട്രീയവും നിലപാടുകളുമുണ്ടാകാം. അത് ജനം സ്വീകരിക്കുന്നില്ല. ജനത്തെ അത് അടിച്ചേല്‍പ്പിക്കാനാണ് ഇത്തരം പബ്ലിസിറ്റികള്‍ എന്നാണ് എനിക്കുതോന്നുന്നത്. ഭാരതീയന്റെ മതേതര സംസ്‌കാരവും ജനാധിപത്യ ബോധവും മോദിയെ സ്വീകരിക്കില്ലെന്ന് ഉറപ്പാണ്. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളൊക്കെ മോദിയെ ഭയക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ മോദിയാണ് ജനങ്ങളെ ഭയക്കുന്നത് അതുകൊണ്ടാണ് സ്വന്തം പ്രതിഛായക്കുമേല്‍ വെള്ളപൂശി മുഖംമിനുക്കി മോദിയെ അവതരിപ്പിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം യു.ഡി.എഫും അതിലെ കക്ഷികളും എന്താണെന്നും അവരുടെ നിലപാടുകള്‍ എങ്ങനെയാണെന്നുമെല്ലാം ജനങ്ങള്‍ക്ക് അറിയാം.

മോദി മുന്നോട്ടുവെക്കുന്നത് അദ്ദേഹത്തിന്റെ വികസനം, ഗുജറാത്ത് മോഡല്‍... ?
- ഗുജറാത്ത് മോഡല്‍ എന്നു പറയുമ്പോള്‍,  ഗുജറാത്തിലെ വംശഹത്യയാണ് സാധാരണ ജനത്തിന് ആദ്യം ഓര്‍മ്മ വരുന്നത്. ഊതി വീര്‍പ്പിച്ച ഒരു ബലൂണിന് തുല്യമാണ് ഈ വികസന വാദങ്ങള്‍. കപട വികസനവാദമാണ് അദ്ദേഹം പറയുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന മാധവ്‌സിംഗ് സോളങ്കിയുടെ കാലത്ത് വികസനകാര്യത്തില്‍ ഉണ്ടായ 15- 20 ശതമാനം  വളര്‍ച്ച മോദിയുടെ കാലത്ത് 8-10 ശതമാനമായി കുറഞ്ഞുവെന്നുള്ളതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ ഗുജറാത്തിനെക്കാള്‍ വികസനം നടന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യ ഏതെങ്കിലും ഒരു മാതൃക സ്വീകരിക്കുന്നുണ്ടെങ്കില്‍ അതിന് ഏറ്റവും അനുയോജ്യം കേരള മോഡലാണ്. പരിമിതികള്‍ക്കിടയിലും കേരളം ഒട്ടേറെ മുന്നോട്ടുപോയിട്ടുണ്ട്. വ്യവസായം, ഐ.ടി, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളിലൊക്കെ നമ്മള്‍ പൂര്‍ണതയില്‍ എത്തിയില്ലെങ്കിലും നേട്ടത്തിന്റെ പാതയിലാണ്.

കേരളത്തില്‍ യു.ഡി.എഫ് സുരക്ഷിതമെന്ന് പറയാവുന്ന മണ്ഡലങ്ങള്‍ ഏതൊക്കെ, കടുത്ത മത്സരത്തിനുള്ള സാധ്യതകള്‍ ഉള്ള മണ്ഡലങ്ങള്‍?
- ഞാന്‍ നേരത്തെ പറഞ്ഞതുപോലെ 20 മണ്ഡലങ്ങളിലും ഞങ്ങള്‍ സുരക്ഷിതരാണ്. കാരണം ജനം എല്ലാം കാണുന്നുണ്ട്, അവര്‍ ചിന്തിക്കുന്നുണ്ട്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടുകളും നയങ്ങളും അവര്‍ക്ക് അറിയാം. യു.ഡി.എഫ് എന്താണോ മുന്നോട്ടുവെക്കുന്നത് അതുതന്നെയാണ് ജനവികാരവും. രാജ്യത്തൊട്ടാകെയുണ്ടായ, അല്ലെങ്കില്‍ ആഗോള തലത്തിലുണ്ടായ പ്രതിഭാസങ്ങളുടെ ഭാഗമായി കേരളത്തിലും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയോട് കേന്ദ്രത്തിലെയും കേരളത്തിലെയും ഭരണനേതൃത്വങ്ങള്‍ നടത്തിയ പ്രതികരണത്തില്‍ ജനം തൃപ്തരാണ്. ഉദാഹരണമായി പാചകവാതക പ്രശ്‌നത്തില്‍ കെ.പി.സി.സിയും സര്‍ക്കാരും ശക്തമായ ഇടപെടല്‍ കേന്ദ്രത്തില്‍ നടത്തി. എ.കെ. ആന്റണി നടത്തിയ ശ്രമങ്ങള്‍ വിസ്മരിക്കാന്‍ കഴിയുന്നതല്ല. ആധാറിന്റെ കാര്യത്തിലും സമാനമായ നടപടികള്‍ ഉണ്ടായി. രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകളും എടുത്തുപറയേണ്ടതാണ്.

അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം രംഗത്തിറക്കിയിട്ടുള്ളത്. രണ്ടുപേര്‍ കോണ്‍ഗ്രസുകാരാണ്. അതൊരു തന്ത്രമാണെന്ന് കരുതുന്നുണ്ടോ, സി.പി.എം നീക്കത്തെക്കുറിച്ച്...?
- ഒരു കാലത്ത് ഓരോ തെരഞ്ഞെടുപ്പുകളും അല്ലെങ്കില്‍ ഓരോ സമരങ്ങളും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടേതായിരുന്നു. ഇപ്പോഴാകട്ടെ തകര്‍ച്ചയുടേതാണ്. സി.പി.എം അനുദിനം ക്ഷയിച്ചു വരികയാണ്. വളരെ വലിയ സംഘടനാ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്നവര്‍ മൂന്നിലൊന്നു സീറ്റുകളില്‍ സ്വതന്ത്രരെ മത്സരിപ്പിക്കുന്നു. ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ ഗസ്റ്റ് ആര്‍ട്ടിസ്റ്റുകളാണ് അവരുടെ സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസുകാരെ സി.പി.എം സ്ഥാനാര്‍ത്ഥിയാക്കിയതിനെ കുറിച്ച് ഞാന്‍ പ്രതികരിക്കുന്നില്ല. കോണ്‍ഗ്രസ് വിട്ടുപോയ പലരും തെറ്റുമനസിലാക്കി തിരിച്ചുവന്നിട്ടുണ്ട്. അവര്‍ പോയതും സ്ഥാനാര്‍ത്ഥിയാതും ശരിയാണോ എന്ന് അവര്‍ തന്നെ വിലയിരുത്തട്ടെ.

മൂന്നാം ബദല്‍ എന്നൊരു ആശയം ഇടതുപാര്‍ട്ടികള്‍ ഇത്തവണയും മുന്നോട്ടുവെക്കുന്നുണ്ട് ?
- ജനം തിരസ്‌കരിച്ചതാണ് അവയെല്ലാം. അതിനു നേതൃത്വം കൊടുക്കുന്ന സി.പി.എം പ്രത്യയശാസ്ത്ര പ്രതിസന്ധിയിലാണ്. യു.പി.എക്ക് പിന്തുണ നല്‍കിക്കൊണ്ട് അവര്‍ ഒരിക്കല്‍ ഉപേക്ഷിച്ച കോണ്‍ഗ്രസ് വിരുദ്ധത ഇപ്പോള്‍ വീണ്ടും എടുത്തണിയുന്നു. അവരുടെ നീക്കം ഫലത്തില്‍ ബി.ജെ.പിക്ക് മാത്രമേ ഉപകരിക്കൂ. ബി.ജെ.പിയുടെ ഒരു ബീ ടീം ഉണ്ടാക്കുന്ന ഫലമാകും ഉണ്ടാവുക. ഒരിക്കല്‍ രാജ്യത്താകെ വേരുകളുണ്ടായിരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് എവിടെയും ഒറ്റപ്പെട്ടുപോകുന്നതിനെക്കുറിച്ച് അവര്‍തന്നെ ഒരു ആത്മപരിശോധന നടത്തേണ്ടതാണ്.

ആര്‍.എസ്.പിയുടെ യു.ഡി.എഫ് പ്രവേശനം, കൊല്ലത്തെ കടുത്ത മത്സരം, കേരള രാഷ്ട്രീയത്തില്‍ ഒരു ഗതിമാറ്റമാണോ സൂചിപ്പിക്കുന്നത് ?
ആര്‍.എസ്.പി വര്‍ഷങ്ങളായി ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായിരുന്നു. മറ്റുപല പാര്‍ട്ടികളെയും പോലെ അവരും വളരെക്കാലം പിടിച്ചുനിന്നു. ഒടുവില്‍ അവര്‍ എല്‍.ഡി.എഫ് വിട്ടു. എല്‍.ഡി.എഫ് വിട്ടുവന്ന ശേഷമാണ് കോണ്‍ഗ്രസും യു.ഡി.എഫും ആര്‍.എസ്.പിയുമായി ചര്‍ച്ച നടത്തിയത്. അതുവരെ ഒരുതരത്തിലുള്ള ധാരണയും ആര്‍.എസ്.പിയുമായി ഉണ്ടായിരുന്നില്ല. തികച്ചും സുതാര്യമായാണു ഞങ്ങള്‍ പിന്നീട് എല്ലാം ചെയ്തത്. എല്ലാ ഘടകകക്ഷികളുമായും കെ.പി.സി.സിയുടെ അടിയന്തിരയോഗവും വിളിച്ച് ആലോചിച്ചു. യു.പി.എയുടെ ഭാഗമായി നില്‍ക്കാമെന്നും ആര്‍.എസ്.പികള്‍ ലയിക്കാമെന്നും അവര്‍ സമ്മതിച്ചു. ആ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാണു തീരുമാനമെടുത്തത്. കൊല്ലത്തെ മത്സരം കേരളം ഉറ്റുനോക്കുന്നു എന്നത് ശരിയാണ്. മുന്നണിയെന്ന നിലയില്‍ കൊല്ലത്ത് യു.ഡി.എഫ് ശക്തമാണ്. പ്രേമചന്ദ്രന്‍ മികച്ച സ്ഥാനാര്‍ത്ഥിയുമാണ്. കൊല്ലത്തെ ജനങ്ങളുമായി ദീര്‍ഘകാലത്തെ ഹൃദയബന്ധമുള്ള ആളാണ് അദ്ദേഹം. കൊല്ലത്തെ മത്സരഫലത്തെ കുറിച്ച് എനിക്ക് ആശങ്കയില്ല.

ടി.പി ചന്ദ്രശേഖരന്‍, ഫസല്‍, ഷുക്കൂര്‍, നവാസ്.... കൊലപാതക രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ സ്വാധീന വിഷയമാകുമോ?
- കോണ്‍ഗ്രസും യു.ഡി.എഫും എന്നും അക്രമത്തിനും കൊലപാതകത്തിനും എതിരായ സമീപനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ടി.പി ചന്ദ്രശേഖരന്‍ വധം തെരഞ്ഞെടുപ്പില്‍ മാത്രമല്ല, കേരളത്തിലെ സമാധാനകാംക്ഷികളില്‍ എപ്പോഴും സ്വാധീനിക്കപ്പെടും. ഒരു രാഷ്ട്രീയ നേതാവിനെ ഇത്ര ക്രൂരമായി കൊലപ്പെടുത്തിവരോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് ജനം തീരുമാനിക്കട്ടെ. ഫസല്‍, ഷുക്കൂര്‍, നവാസ് വധങ്ങള്‍ മാത്രമല്ല... രാഷ്ട്രീയത്തിന്റെ പേരില്‍ നടന്ന ഒരു കൊലപാതകത്തെയും ന്യായീകരിക്കാനോ കൊലപാതകികളെ സംരക്ഷിക്കാനോ യു.ഡി.എഫ് ഒരിക്കലും തയാറാകില്ല.

ആറ്റിങ്ങല്‍, ആലത്തൂര്‍, പാലക്കാട്, കാസര്‍കോട്  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന മണ്ഡലങ്ങള്‍. ഇവിടങ്ങളിലെ യു.ഡി.എഫിന്റെ സ്ഥിതി?
- ഇന്നലെ ഞാന്‍ പാലക്കാടായിരുന്നു. അവിടത്തെ ജനങ്ങള്‍ യു.ഡി.എഫിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുമ്പോഴല്ല, മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ജനവികാരം അറിയാന്‍ കഴിയും. ചെറിയ വോട്ടുകള്‍ക്ക് മാത്രം നഷ്ടമായ മണ്ഡലമാണ് പാലക്കാട്. അത് ഇത്തവണ യു.ഡി.എഫിന് ലഭിക്കും. ആറ്റിങ്ങല്‍ എല്‍.ഡി.എഫ് കുത്തകയല്ല. ഒട്ടേറെ പ്രാവശ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ്. കാസര്‍കോടും ആലത്തൂരും ഇത്തവണ വിധിയെഴുതുന്നത് യു.ഡി.എഫിന് അനുകൂലമായായിരിക്കും.

കസ്തൂരി രംഗനില്‍ കേന്ദ്രീകരിച്ചും സഭകളുടെ അസംതൃപ്തികളില്‍ പെട്ടും ചര്‍ച്ചകള്‍ നടന്നിരുന്നു. അതെല്ലാം ബാധിക്കുന്നത് യു.ഡി.എഫിനെയല്ലേ?
- പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ കര്‍ഷകന്റെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസും കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാരും നിലകൊണ്ടതെന്ന് വ്യക്തമല്ലേ.. ഇപ്പോള്‍ പുറത്തിറങ്ങിയ കരട് വിജ്ഞാപനം അതിന് ഉദാഹരണമാണ്. കേരളത്തിന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ടുമാത്രമാണ് മാനദണ്ഡങ്ങളില്‍ വ്യത്യാസം വരുത്താന്‍ കേന്ദ്രം തയാറായത്. പരിസ്ഥിതി ലോല മേഖലകള്‍ പുനനിര്‍ണയിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഉള്‍ക്കൊള്ളിച്ചാണ് കരട് വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുള്ളത്. പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളേയും പ്ലാന്റേഷനുകളെയും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ഉള്‍കൊള്ളിച്ചാണ് വിജ്ഞാപനം. കര്‍ഷകരെ ബാധിക്കുന്ന ഒരു കാര്യത്തെയും യു.ഡി.എഫ് പിന്തുണക്കില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റിദ്ധാരണകള്‍ ഇടതുമുന്നണി പ്രചരിപ്പിക്കുകയായിരുന്നു. മലയോര ജനതയോടും സഭകളോടും കോണ്‍ഗ്രസിനുള്ള ബന്ധം ഒരു സുപ്രഭാതത്തില്‍ അവസാനിക്കുന്നതല്ല.

കേരളത്തില്‍ യു.ഡി.എഫ് ദയനീയമായി പരാജയപ്പെടുമെന്നും കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്നുമാണ് പിണറായി വിജയന്‍ പറയുന്നത് ?
- സ്വപ്നം കാണാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.

(2014 മാര്‍ച്ച് 20ന് ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)


Wednesday, March 19, 2014

എം.പി- മെമ്പര്‍ ഓഫ് പാര്‍ലിമെന്റ്...... എം.പിയുടെ ജോലിയെന്താണ്..?
നാട്ടില്‍ കലുങ്ക് കെട്ടലും റോഡ് നന്നാക്കലുമാണ് എം.പിയുടെ പണിയെന്ന് തെറ്റിദ്ധരിക്കരുതേ...., കല്യാണ വീട്ടില്‍ പോയി ചിരിക്കലും മരണത്തിനു പോയി കണ്ണീരൊഴുക്കലുമല്ല.
രാജ്യത്തിന്റെ നിയമ നിര്‍മാണ പ്രകൃയയില്‍ ഇടപെട്ട് ശക്തമായ സാന്നിധ്യമറിയിക്കുകയാണ് ഒരു എം.പിയുടെ ഏറ്റവും പ്രധാന കര്‍ത്തവ്യം. അക്കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ചില എം.പിമാരെങ്കിലും മികച്ച നിലവാരത്തിലാണ്. ഭക്ഷ്യസുരക്ഷാ ബില്ല് അവതരണ വേളയില്‍ 47 ഭേദഗതികള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ അഡ്വ.എ. സമ്പത്തും, നിരവധി ബില്ലുകളില്‍ ഭേദഗതി ചര്‍ച്ചക്ക് തുടക്കമിട്ട ഇ.ടി മുഹമ്മദ് ബഷീറും, പുത്തന്‍ ആശയങ്ങള്‍ പലതും അവതരിപ്പിച്ച് മികച്ച പ്രകടനം കാഴ്ച വെച്ച ഡോ. ശശി തരൂരും മോശക്കാരല്ല. ഇനിയും ഒട്ടേറെ പേരുകള്‍ പറയാനുണ്ട്്.

എം.പി ഫണ്ട് വിനിയോഗം, പദ്ധതികള്‍ കൊണ്ടുവരാത്തത്... തുടങ്ങിയവയിലൊക്കെ നമുക്ക് എം.പിമാരെ വിമര്‍ശിക്കാം. എന്നാല്‍ ദേശീയ ശരാശരി പ്രകടനത്തില്‍ നമ്മുടെ എം.പിമാര്‍ മോശക്കാരല്ല.

Saturday, February 22, 2014

                                     വീണ്ടും സരിതമയം

സരിത.എസ്.നായര്‍- അടുത്തെങ്ങും മലയാളി മറക്കാനിടയില്ലാത്ത പേര്... സോളാര്‍ തട്ടിപ്പിന്റെ കേസും വിവാദവും മാധ്യമ വിചാരണയും കഴിഞ്ഞ് സരിത പുറത്തിറങ്ങി. എട്ടുമാസത്തെ ജയില്‍ വാസത്തിനൊടുവിലും ഈ സ്ത്രീയുടെ വാക്കുകള്‍ക്കായി മാധ്യമപ്പട നെട്ടോടമോടുന്നു.
യഥാര്‍ത്ഥത്തില്‍ സി.പി.എമ്മിന് വീണുകിട്ടിയ ആയുധം മാത്രമായിരുന്നു സോളാര്‍ കേസ്. അത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നത് വസ്തുത. സോളാര്‍ കേസിന്റെ രാഷ്ട്രീയം ചില ഉന്നതര്‍ക്ക്് സരിതയുമായി 'ബന്ധമുണ്ട്' എന്നതുമാത്രമാണ്. അതിന്റെ സത്യാസത്യങ്ങള്‍ ആര്‍ക്കുമറിയില്ല. സി.പി.എം എന്ന പാര്‍ട്ടിയുടെ സമരവീര്യം ഇല്ലാതായെന്ന് തെളിക്കാന്‍ മാത്രമാണ് സോളാര്‍ കേസിന് കഴിഞ്ഞത്. അതല്ലാതെ ആരെല്ലാമോ ആരെയെല്ലാമോ പറ്റിച്ചതിനും പറ്റിക്കപ്പെട്ടതിനും സര്‍ക്കാര്‍ എന്തുപിഴച്ചു.- തട്ടിപ്പും വഞ്ചനയും അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ രാജ്യത്ത് നിയമമുണ്ടല്ലോ....
സര്‍ക്കാരിന്റെ ഒരു രൂപപോലും നഷ്ടമാകാത്തതും സര്‍ക്കാര്‍ സംവിധാനങ്ങളെ ബാധിച്ചിട്ടില്ലാത്തതുമായ ഈ കേസിന് ഇനിയും പ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. മികച്ച ഭരണാധികാരിയായ ഉമ്മന്‍ചാണ്ടിയെ സോളാറിന്റെ പേരില്‍ മറിച്ചിടാമെന്ന് ആഗ്രഹിച്ചവരുടെ നഷ്ടബോധം ഇപ്പോഴും അന്തരീക്ഷത്തില്‍ തളം കെട്ടി നില്‍ക്കുന്നു. അതിന് ഇറങ്ങിപ്പുറപ്പെട്ടവര്‍ക്ക് ഉമ്മന്‍ചാണ്ടിയെ കുറിച്ച് അറിയാത്തതു കൊണ്ടാണ്... കൊടുങ്കാറ്റില്‍ പോലും ഇളകാത്തയാളാണ് അദ്ദേഹം. പിന്നെയാണ് ഈ ഇടത് മന്ദമാരുതന്‍...!!!
സരിതക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ എന്തെല്ലാം ശ്രമങ്ങളാണ് നടന്നത്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി എന്ന് പറയാനാണ് എനിക്കിഷ്ടം. സരിതയെ വീണ്ടും മാധ്യമവിചാരണക്ക് വിധേയമാക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അവരില്‍ നിന്ന് എന്തെങ്കിലും വീണുകിട്ടുമോ എന്നാണ് ഇപ്പോഴത്തെ കാത്തിരിപ്പ്... ആ സ്ത്രീ നിയമത്തിന് വിധേയമായി നടപടികള്‍ നേരിടുകയാണ്. അവരെ വെറുതേ വിടുക...

Tuesday, February 11, 2014

                         ഒറ്റക്കു നടന്നുപോയവന്‍


തലയില്‍ കിരീടം പോലൊരു തൊപ്പിവെച്ച്, തോളില്‍ തുണി സഞ്ചിയുമായി കേരളം മുഴുവന്‍ ഏകനായി സഞ്ചരിച്ച് കവിതയില്‍ ദ്രാവിഡ താളത്തിന്റെ സര്‍ഗാത്മക പ്രപഞ്ചം തീര്‍ത്ത കവി ഡി.വിനയചന്ദ്രന്‍ ഓര്‍മയായിട്ട് ഫെബ്രുവരി 11ന് ഒരു വര്‍ഷമാകുന്നു. വിനയചന്ദ്രന്‍ മാഷിന്റെ യാത്രകളും സൗഹൃദങ്ങളും സമ്പന്നമാക്കിയ സാംസ്‌കാരിക സായാഹ്നങ്ങള്‍ മലയാളിക്ക് വിസ്മരിക്കാനാവില്ല. വീട്ടിലേക്കുള്ള വഴിയും കായിക്കരയിലെ കടലും കവിയുടെ കണ്ഠങ്ങളില്‍ നിന്നുതന്നെ കേള്‍ക്കണമെന്നാണ് അദ്ദേഹത്തിന്റെ ഇഷ്ടപ്പെടുന്നവരുടെ അഭിപ്രായം. ആ ശബ്ദം നിലച്ചതായി അവര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.
കേരളീയതയുടെ സാംസ്‌കാരിക സത്തയെയും സ്വത്വത്തെയും പ്രതിനിധാനം ചെയ്യുംവിധം ഹരിത ദര്‍ശനത്തിന്റെ ഒരാത്മീയതയെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധത്തില്‍ തന്റെ കവിതകളില്‍ വിനയചന്ദ്രന്‍ ലയിപ്പിച്ചു. നാടന്‍പാട്ടിന്റെ വൈവിധ്യമാര്‍ന്ന സങ്കേതങ്ങളിലാണ് ഗോത്ര സംസ്‌കൃതിയുടെ വേരുകള്‍ പടര്‍ന്നുകിടക്കുന്നത്.
തിരുവനന്തപുരമായിരുന്നു വിനയചന്ദ്രന്‍ മാഷിന്റെ തട്ടകം. ആയുര്‍വേദ കോളജിന് സമീപത്തുള്ള വീട്ടില്‍ നിന്നും രാവിലെ തന്നെ കവി നഗരത്തിന്റെ തിരക്കുകളിലേക്ക് നടന്നിറങ്ങും. കനകക്കുന്ന്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, വൈ.എം.സി.എ ഹാള്‍, പ്രസ്‌ക്ലബ്ബ്, വി.ജെ.ടി ഹാള്‍ തുടങ്ങി വേദികളില്‍ നിന്ന് വേദികളിലേക്കുള്ള കാവ്യസഞ്ചാരം. തലസ്ഥാനത്തെ കവി സമ്മേളനങ്ങളിലും സാംസ്‌കാരിക പരിപാടികളിലും മുഖ്യ ഇനമായിരുന്നു വിനയചന്ദ്രന്‍ കവിതകള്‍.
വനപ്രദേശങ്ങളിലൂടെ നടക്കാനും കൊടുങ്കാട്ടിനുള്ളിലെ നിശബ്ദതയെ കീറിമുറിച്ച് ഉച്ചത്തില്‍ കവിത ചൊല്ലാനും ഒരുപാട് ഇഷ്ടമായിരുന്നു കവിക്ക്. തിരുവനന്തപുരം നഗത്തില്‍ പൊന്‍മുടിയിലേക്കുള്ള സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്ര, വെള്ളായണി കായല്‍ത്തീരത്ത് നനഞ്ഞ പാറകളിലിരുന്ന് കവിതയിലെ ആരോഹണാവരോഹണങ്ങളില്‍ ലയിക്കല്‍, ദീര്‍ഘദൂരം നടന്നും കാടിന്റയും കായലിന്റെയും സൗന്ദര്യം ആസ്വദിക്കുകയുമായിരുന്നു കവിയുടെ ഇഷ്ടവിനോദം. 'കാടിന് ഞാന്‍ എന്ത് പേരിടും' എന്നെഴുതിയ കവി പ്രകൃതിയോട് ഇണങ്ങിത്തന്നെയാണ് ജീവിച്ചത്.  വിനയചന്ദ്രന്‍ മാഷ് ഇല്ലാതെ ഒരു വര്‍ഷം കടന്നുപോയപ്പോള്‍ മലയാളത്തിന് കനത്ത നഷ്ടമാണ്. കാവ്യസദസുകളെ ആവേശകരമാക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
വ്യത്യസ്തമായ ജീവിതരീതികള്‍ മനസിലാക്കാന്‍ അദ്ദേഹം എല്ലാക്കാലത്തും ശ്രമിച്ചിരുന്നു. ഗോത്രവര്‍ഗ ജീവിതം, നാഗരിക ജീവിതം, മതാത്മകമായ ജീവിതം, തുടങ്ങിയവയില്‍നിന്നും കവിത കണ്ടെത്താനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. ജീവിതാവസ്ഥയുടെ താളം കവിതയില്‍ സന്നിവേശിപ്പിക്കാനുളള ബോധപൂര്‍വമായ ശ്രമം അദ്ദേഹത്തിന്റെ കവിതകളില്‍ കണ്ടെത്താനാവും. ലോകത്തിലെ ഓരോ പുതുമ കാണുമ്പോഴും അത്ഭുതപ്പെടുന്ന കുട്ടിയെപ്പോലെ ഇത്തരം അനുഭവ വൈവിധ്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിച്ചിരുന്നത് അദ്ദേഹത്തിന്റെ കവിതകളെ വ്യത്യസ്തമാക്കി.
ഇടക്കിടെ ചില കൂട്ടായ്മകള്‍ക്ക് രൂപം കൊടുക്കാനും വിനയചന്ദ്രന്‍ മാഷ് മുന്‍കൈയെടുത്തിരുന്നു. അതു ചിലപ്പോള്‍ ഏതെങ്കിലും മരച്ചുവട്ടിലായിരിക്കും. ചിലപ്പോള്‍ ചാനല്‍ സ്റ്റുഡിയോകളുടെ ശീതളിമയിലായിരിക്കും. എവിടെയായാലും ഉറക്കെ കവിത ചൊല്ലുകയായിരുന്നു മാഷിന് ഹരം. ആധുനിക കവിതയിലും ഉത്തരാധുനിക കവിതകളിലും കല്ലടയാറ്റിലെ പച്ചമണവും നാട്ടുപ്പാട്ടും സന്നിവേശിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ഒരിക്കല്‍ പോലും തന്റെ കവിതയെ ഒരു കമ്പോളത്തില്‍ വില പറയാന്‍ വേണ്ടി അദ്ദേഹം നിരത്തി വെച്ചില്ല. മലയാളത്തെയും മലയാള ഭാഷയെയും സ്വന്തം ആത്മാവിനോടു ചേര്‍ത്തുവെച്ചിരുന്നു അദ്ദേഹം. നാടന്‍ താളങ്ങളോടും ശീലങ്ങളോടുമുള്ള ചങ്ങാത്തമാണ് കവിയെ വ്യത്യസ്തനാക്കിയത്. ദ്രാവിഡ താളങ്ങളെ വാക്കുകളിലാവാഹിച്ച് കവിതയുടെ ജനകീയവല്‍ക്കരണത്തില്‍ പ്രധാനപങ്കുവഹിച്ചു. ഗ്രാമീണ താളത്തിലുള്ള ചൊല്‍വഴക്കങ്ങളാണ് കവിയുടെ മനസിനോട് ചേര്‍ന്നുനിന്നത്.
കവിതയുടെ പാരമ്പര്യ രചനാ സമ്പ്രദായങ്ങളിലുണ്ടായ ശൈലീ വ്യതിയാനങ്ങളെ ഉത്തരാധുനികതക്ക് ഒപ്പം നിന്ന് സ്വീകരിച്ചുകൊണ്ട് എന്താണ് കവിതയെന്ന് പറയാനും പാടാനും കഴിഞ്ഞതാണ് കവിയുടെ പ്രത്യേകത. കവിതക്കും സാഹിത്യത്തിനും ഇടതു സൈദ്ധാന്തിക അടിത്തറയെ ആശ്രയിച്ച എഴുപതുകളില്‍ വ്യത്യസ്്തമായ ജീവിതാനുഭവങ്ങളുടെ തീച്ചുളയില്‍ നിന്നാണ്് വിനയചന്ദ്രന്‍ എന്ന കവിയുടെ വരവ്. പച്ച ജീവിതത്തിന്റെ നേരടയാളങ്ങളിലെ സര്‍ഗാത്മക ജാഗ്രതയാണ് വിനയചന്ദ്രനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചതാകട്ടെ ഭാഷാ സംസ്‌കാരത്തിന്റെ മൗലികതയും.
ഒറ്റക്കു നടക്കുമ്പോഴുണ്ടാകുന്ന കരുത്താണ് മാഷിന്റെ കവിതകളെ വേറിട്ട സഞ്ചാരപഥങ്ങളിലേക്ക് ആനയിച്ചത്. യാത്രകളിലൂടെ ആര്‍ജിച്ചെടുത്ത നാട്ടറിവുകളെ കവിതയില്‍ സന്നിവേശിപ്പിക്കുന്നതില്‍ ഇത്രയധികം പ്രാഗത്ഭ്യം പുലര്‍ത്തിയിട്ടുളള കവികള്‍ മലയാളത്തില്‍ അധികമില്ല. ഭാഷാ പ്രയോഗത്തിന്റെ രാഷ്ട്രീയം, അതെപ്പോഴും പ്രകൃതിസ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നു. ജീവിതാവബോധത്തിന്റെ കരകളില്‍ തട്ടിയായിരുന്നു ഓരോ ബിംബങ്ങളും പിറന്നുവീണത്. വരികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ അതില്‍ പുഴയും കുന്നും കുയിലും മയിലും കടന്നുവരുന്നത് യാദൃശ്ചികം. നാലാമത്തെ വയസില്‍ എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം കൂട്ടിവായിച്ചാണ് വിനയചന്ദ്രന്‍ സാഹിത്യലോകത്തേക്ക് എത്തിനോക്കിയത്. വീടിനെക്കുറിച്ചും അപ്പൂപ്പനെക്കുറിച്ചുമൊക്കെയായിരുന്നു ആദ്യകാല എഴുത്തുകള്‍.
ആറു വയസുമുതല്‍ മനസില്‍ കടന്നുകൂടിയ കവിത, മലയാളത്തിലെ മുഖ്യധാരാ സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നിടത്തോളം നീണ്ടു. അനാദൃശമായ വഴക്കവും പടര്‍ച്ചയും സര്‍ഗാത്മക സഞ്ചാരങ്ങളുടെ ഉല്‍പ്പന്നങ്ങളുമാണ് ഈ കവി നമുക്കുതന്ന സമ്മാനം. 'സമീക്ഷ' പോലുള്ള സമാന്തര പ്രസിദ്ധീകരണങ്ങളാണ് ആദ്യകാലത്ത് വിനയചന്ദ്രന് പ്രോത്സാഹനം നല്‍കിയിരുന്നത്. അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍. കക്കാട്, ആര്‍. രാമചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകളെ സഗൗരവം വീക്ഷിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു അദ്ദേഹം. വിനയചന്ദ്രന്റെ പതിനൊന്നാം വയസിലാണ് അമ്മയുടെ മരണം. വീട്ടില്‍ നിന്നും പഠനത്തിനായി മാറി നിന്ന അദ്ദേഹം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നു. താമസക്കൂലി, ഫീസ്, ഭക്ഷണത്തിനുള്ള പണം തുടങ്ങിയവക്ക് യാതൊരു വഴിയുമുണ്ടായില്ല. കടുത്ത ദാരിദ്ര്യത്തില്‍ നിന്നായിരുന്നു തുടക്കം. പഠനവും ഔദ്യോഗിക ജീവിതവും കഴിഞ്ഞ് പിന്നീടെപ്പൊഴൊ വീടുവിട്ടു. ആ യാത്രക്ക് ഇടവേളകളില്ലായിരുന്നു. വാക്കുകള്‍ കൊണ്ട് തീര്‍ക്കുന്ന മായാജാലങ്ങള്‍ക്കപ്പുറം കവിതയുടെ തുരുത്തുകളിലുള്ളത് പച്ചയായ മനുഷ്യജീവിതമാണെന്ന് കവി ഓര്‍മിപ്പിച്ചു. ആവാസ പരിസരങ്ങളില്‍ നാട്ടുജീവിതത്തിന്റെ താളവും കാല്‍പനികതയുടെ ഭാവഭദ്രതയും ഇഴചേര്‍ത്തായിരുന്നു ഈ ഒറ്റയാന്റെ ജീവിതം.

(ചന്ദ്രിക ആഴ്ചപ്പചതിപ്പ് ഫെബ്രുവരി ഒന്ന്- 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Monday, January 27, 2014

                                  51 വെട്ടിന് ജീവപര്യന്തം

ടി.പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്ക് നല്‍കിയ ശിക്ഷ 'തലോടല്‍' ആണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഒരു പൊതുപ്രവര്‍ത്തകനെ നടുറോഡിലിട്ട് 51 പ്രാവശ്യം വെട്ടി മൃഗീയമായി കൊലപ്പെടുത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും കഴിഞ്ഞില്ല. ടി.പി എന്ന വ്യക്തിയുടെ പ്രാധാന്യമല്ല ഇവിടെ ആലോചിക്കേണ്ടത്. ഒരു മനുഷ്യനെ ഇത്ര മൃഗീയമായി കൊലപ്പെടുത്തിയാല്‍ ഇത്രയേയുള്ളൂ എന്നൊരു സന്ദേശമാണ് ഈ വിധി നല്‍കുന്നത്. (വിധി തൃപ്തികരമെന്ന രമയുടെ ആദ്യ പ്രതികരണത്തോടും യോജിപ്പില്ല).
സി.പി.എമ്മിനെ പ്രതിസ്ഥാനത്താക്കാന്‍ ചിലര്‍ വെമ്പല്‍ കൊള്ളുന്നു. സാധാരണ ജനങ്ങള്‍ക്ക് അറിയേണ്ടത് സി.പി.എം അല്ലെങ്കില്‍ പിന്നെ ആരാണ് ടി.പിയെ കൊല്ലിച്ചത്. കൊന്നവരെക്കാള്‍ കൊല്ലിച്ചവരാണല്ലോ ജനങ്ങളുടെ കോടതിയില്‍ ശിക്ഷിക്കപ്പെടുക.
ഇനി മേല്‍ക്കോടതിയിലേക്കാണ് ആര്‍.എം.പിയുടെ കണ്ണ്. സി.ബി.ഐക്ക് വിടാന്‍ ചെന്നിത്തലയുടെ ഉത്തരവുണ്ടാവുമോ...? കാത്തിരുന്ന് കാണാം...

Tuesday, December 24, 2013

ക്രിസ്മസ് ആശംസകള്‍

Photo
നൂറ്റാണ്ടിലേറെ പഴക്കമുണ്ട് സെന്റ് തോമസ് ദേവായലത്തിന്. അവിടെ നിന്ന് നോക്കിയാല്‍ മലനിരകളില്‍ താളമിട്ടൊഴുകുന്ന ഇടവാ കായലിന്റെ ശീതളിമ. അതിനുമപ്പുറം വെണ്‍കുളം കുന്നില്‍ കോലം കുത്തിയാടുന്ന ചെറു തെയ്യങ്ങള്‍. തെക്ക് തഖ്ബീര്‍ ധ്വനിമുഴക്കി ജുംആ മസ്ജിന്റെ വൈകാരികത.
എന്നെ സംബന്ധിച്ചിടത്തോളം ഉണ്ണിയേശുവിന്റെ പിറവിയും കുരിശേറ്റവും ഉയര്‍ത്തെണീപ്പും ഒക്കെ സെന്റ് തോമസ് ദേവാലയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇവിടെയാണ് യേശുവിന്റെ യഥാര്‍ത്ഥ പാദസ്പര്‍ശമെന്ന് ബാല്യത്തിലെപ്പൊഴോ മനസില്‍ പതിഞ്ഞുകിടക്കുന്നു. ക്രിസ്മസ് രാവുകളില്‍ കളിവഞ്ചികളില്‍ നിന്ന് ജലാശയത്തിന്റെ ഉദരത്തിലൂടെ ഒഴുകി നടക്കുന്ന ദീപങ്ങള്‍ കാണാം. തിരുസ്വരൂപവും പുല്‍ക്കൂടുകളും ഓര്‍മകളിലെ മായാത്ത, മറയാത്ത മനോഹാരിതകള്‍....

ഇന്നും ക്രിസ്മസ് ഇങ്ങനെ ചില നനുനനുത്ത ഓര്‍മകളില്‍ കുടിയേറിയിരിക്കുന്നു..

............... എല്ലാവര്‍ക്കും ഹൃദ്യമായ ആശംസകള്‍............

Monday, December 23, 2013

                                                                              ശിവഗിരി തേടി വരുന്നു

ഓര്‍മയിങ്ങിനില്‍ തല്‍ക്കുന്ന ഒരു ശിവഗിരി തീര്‍ത്ഥാടനമുണ്ട്.
പുലര്‍ച്ചെ അഞ്ചുമണിക്കോ മറ്റോ വര്‍ക്കല തുരപ്പില്‍ കുളിച്ച് ഗുരുസന്നിധിയിലേക്ക് നടന്നുപോയ തണുത്ത ഒരു ഡിസംബര്‍. മഹാസമാധിയിലെത്തിയപ്പോള്‍ അവിടെ കൈതപ്പുറം ദാമോദരന്‍ നമ്പൂതിരിയുടെ കീര്‍ത്തനം. അന്തരീക്ഷത്തില്‍ 'നാരായണമൂര്‍ത്തേ... ഗുരുനാരായണ മൂര്‍ത്തേ....'. ആരോ ഇടക്ക് കുമാരനാശാനെ ഉദ്ധരിച്ചു. ബാല്യത്തിന്റെ അത്ഭുതങ്ങളെ ഓര്‍ക്കുമ്പോള്‍ വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട് ഗുരു കീര്‍ത്തനങ്ങള്‍.
ശിവഗിരി പുണ്യം തേടിവരുന്നവര്‍ക്ക് പലപ്പോഴും നാരായണ ഗുരു ദൈവം തന്നെയായിരുന്നു. പക്ഷേ, വിശ്വമാനവികതക്ക് ഇത്രയധികം വിലകല്‍പിച്ച ഒരു മലയാളി വേറെയില്ല എന്ന അര്‍ത്ഥത്തിലാണ് ഞാന്‍ നാരായണ ഗുരുവിനെ വായിക്കുന്നത്. മഹാനായ വക്കം മൗലവിയുടെ ഇസ്‌ലാമിക ദാര്‍ശനികതയില്‍ നിന്ന് അടര്‍ത്തി മാറ്റാനാവാത്ത വിധം ഗുരുസന്ദേശങ്ങളുടെ ആഴവും പരപ്പും അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞാന്‍. അനുകമ്പാ ദശകവും ആത്മോപദേശ ശതകവും വായിക്കുമ്പോള്‍ മഹാനായ ഗുരു... അങ്ങ് ഒരു കാലഘട്ടത്തിന്റെ നവോത്ഥാന ധാരയില്‍ നിന്ന് നമുക്കായി പകുത്തുവെച്ചത് എത്രമാത്രം മൂല്യവത്തായിരുന്നു. അവനവന്‍ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണമെന്നാണ് അങ്ങ് കല്‍പിച്ചത്. ഇതിനപ്പുറം എന്താണ് ആത്മീയാധിഷ്ഠിത ഭൗതികത?. ആരാധനാ സമ്പ്രദായങ്ങളെ മാറ്റിവെച്ച് വിലയിരുത്തിയാല്‍ ഇസ്‌ലാം എന്തായിരിക്കണം എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് നാരായണഗുരു.
ശിവഗിരി കേവല ആത്മീയതയുടെ സംന്യാസ സങ്കേതമായി അധ:പതിക്കാന്‍ പാടില്ല. ആത്മീയതക്ക് അര്‍ത്ഥവത്തായ ചില വ്യാഖ്യാനങ്ങളുണ്ട്. മനുഷ്യ നന്മയുടെ, അതെല്ലാം തമസ്‌കരിക്കപ്പെടുകയും ആത്മീയത പുതിയ സമസ്യകള്‍ തേടുകയും ചെയ്യുന്ന കാലത്താണല്ലോ നമ്മള്‍. ആത്മീയ കച്ചവടങ്ങള്‍ വ്യാപിക്കുന്നു. ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തിയതികളില്‍ മതാതീത ആത്മീയതയുടെ ഈ പുണ്യ സങ്കേതത്തിലേക്ക് ജനപ്രവാഹമാണ്. ''ആഴമേറും നിന്‍ മഹസാമാഴില്‍ ഞങ്ങളാകവെ/ ആഴണം വാഴണം നിത്യം/ വാഴണം വാഴണം സുഖം ''...

 കണ്ണാടി നോക്കാന്‍ പറഞ്ഞുകൊണ്ട് നീ ആദ്യം നിന്നെ അറിയുക, അഥവാ സ്വയം മനസിലാക്കുക എന്ന അര്‍ത്ഥവത്തായ ആശയം പകര്‍ന്ന നാരായണ ഗുരുവിന് നമോവാകം.