ചരിത്രപുരുഷന് ഒപ്പം നടന്നവര്‍
ഫിര്‍ദൗസ് കായല്‍പ്പുറം
സി.എച്ച് മുഹമ്മദ് കോയയെ ഒരു ജനത മനസിന്റെ മാണിക്യക്കൂടാരത്തില്‍ സൂക്ഷിക്കുകയാണിന്നും. കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന മഹാന്‍. സി.എച്ചിന്റെ സഹായികള്‍, പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ഉറ്റമിത്രങ്ങള്‍... എന്നിങ്ങനെ ധാരാളം പേരുണ്ട്. അതൊരു അഭിമാനമാണ്.
ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ ഫയലുകള്‍ തയാറാക്കിയവര്‍, നിര്‍ണായക തീരുമാനങ്ങളെയും ഭരണനേട്ടങ്ങളെയും ചരിത്രം അടയാളപ്പെടുത്തിയപ്പോള്‍ ആ ചരിത്രത്തിന്റെ ഭാഗമായവര്‍... അങ്ങനെ പുരോഗതിയുടെ ഒരു കാലഘട്ടത്തെ സമ്പന്നമാക്കിയ ചരിത്രസന്ധികളോട് ചേര്‍ന്നുനിന്നവര്‍.
ആ ചരിത്രത്തിന് ശുഭകരമായൊരു തുടര്‍ച്ച നല്‍കിയ രണ്ടുപേരുണ്ട്- മലയില്‍ അബ്ദുല്ല കോയ, പി.കെ മുഹമ്മദ് ഇഖ്ബാല്‍. സി.എച്ച് മന്ത്രിയായപ്പോഴും മുഖ്യമന്ത്രിയായപ്പോഴും പെഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഇരുവരും ഇപ്പോള്‍ സി.എച്ചിന്റെ മകനായ മന്ത്രി ഡോ.എം.കെ മുനീറിനൊപ്പം പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായി സെക്രട്ടറിയേറ്റ് അനക്‌സിലെ ഓഫീസിലുണ്ട്.
സി.എച്ചും മകനും ഇവര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സി.എച്ചിനൊപ്പം ദീര്‍ഘകാലം ഒരുമിച്ചു നടന്നവര്‍ക്ക് പറയാനേറെയുണ്ട്. ഒപ്പം താമസിച്ചും അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടുത്തറിഞ്ഞും നേരത്തെ തന്നെ പ്രശസ്തനാണ് മലയില്‍ അബ്ദുല്ലക്കോയ. സി.എച്ചിന്റെ വാത്സല്യവും സ്‌നേഹവും ആവോളം ലഭിച്ചത് സുകൃതമായി കാണുകയാണ് പി.കെ മുഹമ്മദ് ഇഖ്ബാല്‍.
ആ പോകുന്നത് ആരെന്നറിയോ, അതാണ് സി.എച്ച്...
മദ്രസയിലെ പഠന കാലത്ത് കൂട്ടുകാരുമൊത്തു കളിച്ചുനില്‍ക്കുമ്പോള്‍ സുന്ദരനായ ഒരു മനുഷ്യന്‍ പള്ളിക്കുമുന്നിലെ റോഡിലൂടെ നടന്നുപോകുന്നു. മുസ്‌ലിയാര്‍മാരും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലുള്ളവരും നാട്ടുകൊരൊക്കെയും അദ്ദേഹത്തോട് ആദരവോടെ സലാം പറയുന്നു. സലാം മടക്കി, ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അദ്ദേഹം വീണ്ടും മുന്നോട്ടു നടക്കുന്നു. ഇത് പതിവു കാഴ്ചയാണ്. ആരാണിദ്ദേഹം... എവിടേക്കാണ് പോകുന്നത്..? ഒരിക്കല്‍ പള്ളിയിലെ ഉസ്താദിനോട് ചോദിച്ചു- ''അതാണ് സി.എച്ച് മുഹമ്മദ് കോയ, മുസ്‌ലിം ലീഗിന്റെ വലിയ നേതാവാണ്, ചന്ദ്രികയുടെ പത്രാധിപരാണ്''. പിന്നീട് ഞാനും കൂട്ടുകാരും സി.എച്ചിനെ കാണാന്‍ കാത്തുനില്‍ക്കുകയും സ്ഥിരമായി അദ്ദേഹത്തിന് സലാം പറയുകയും ചെയ്തിരുന്നു- മലയില്‍ അബ്ദുല്ലക്കോയ ഓര്‍മ്മയുടെ അങ്ങേയറ്റത്തുനിന്ന് സി.എച്ചിനെ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
ഒരിക്കല്‍ സി.എച്ച് തന്റെ സ്‌കൂളില്‍ വന്നു പ്രസംഗിച്ചു. ഒരു മഹാനായ മനുഷ്യന്‍ സ്‌കൂളിലേക്ക് വരുന്നതിന്റെ ആരവത്തിലായിരുന്നു അന്ന് ഞങ്ങളുടെ വിദ്യാലയം. കാലം ഒരുപാട് കടന്നുപോയി. പിന്നീട് സി.എച്ചിന്റെ ഗ്രാമത്തില്‍ത്തന്നെ ജനിച്ച അബ്ദുല്ലക്കോയ 1970 മുതല്‍ അദ്ദേഹത്തിന്റെ സന്തത സഹചാരിയായി. സി.എച്ചിന്റെ അന്ത്യനിമിഷങ്ങള്‍ വരെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നും സി.എച്ചിന്റെ കുടുംബത്തിന് പ്രിയപ്പെട്ടയാളാണ് കോയ.
സാമൂഹ്യക്ഷേമത്തിനിടെ കിട്ടിയ ഭാഗ്യം
1975ല്‍ സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥനായെത്തിയ മുഹമ്മദ് ഇഖ്ബാലിന് ഭാഗ്യവശാല്‍ ജോലി ലഭിച്ചത് സാമൂഹ്യക്ഷേമ വകുപ്പിലായിരുന്നു. കര്‍ക്കഷക്കാരനായ മന്ത്രിക്കു മുന്നില്‍ ഫയലുകള്‍ കൃത്യമായി എത്തണം. അല്ലാത്തപക്ഷം എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. സി.എച്ചിനെ ആദരവോടെ കണ്ടിരുന്ന ഇഖ്ബാല്‍, അദ്ദേഹത്തിന്റെ 'വേഗ'ത്തിനൊപ്പം സഞ്ചരിക്കാന്‍ ശീലിച്ചതോടെയാണ് പെഴ്‌സണല്‍ സ്റ്റാഫിലേക്ക് കടന്നുവരുന്നത്.
നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി തയാറാക്കുക, തെറ്റുകൂടാതെ കൃത്യമായി ഫയലുകള്‍ എഴുതുക, സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രത്യേക ഫയലുകളാക്കി സൂക്ഷിക്കുക ഇതെക്കെയായിരുന്നു ഇഖ്ബാലിന് സി.,എച്ച് നല്‍കിയ ചുമതലകള്‍. കാര്യങ്ങള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കുന്ന ഉദ്യോഗസ്ഥരോട് എന്നും അകമഴിഞ്ഞ സ്‌നേഹം നല്‍കിയിരുന്നു സി.എച്ച്. മത്രമല്ല, വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ എപ്പോഴും കൂടെയുണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയൊരു അപൂര്‍വ ഭാഗ്യത്തിന്റെ ചിറകിലേറിയാണ് 1978ല്‍ ഇഖ്ബാല്‍ സി.എച്ചിനൊപ്പമെത്തിയത്.
സാന്നിധ്യമറിയുന്ന തൊപ്പി
ഹൈദരാബാദില്‍ നിന്ന് സി.എച്ചിന്റെ ചേതനയറ്റ ശരീരം നാട്ടിലെത്തിച്ച് ഖബറടക്കം കഴിഞ്ഞു. വിങ്ങുന്ന ഹൃദയവുമായി സി.എച്ചിന്റെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടവെ ഏതാനും ദിവസങ്ങള്‍ക്കു ശേഷം സി.എച്ച് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റും നാട്ടിലെത്തിച്ചു. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി വീട്ടിലേല്‍പ്പിക്കുമ്പോള്‍ ''മുനീറിന്റെ ഉമ്മ എന്നോട് ചോദിച്ചു, നിനക്കിതില്‍ നിന്ന് എന്താ വേണ്ടത്''- ഒരു നിമിഷം പോലും ആലോചിക്കാതെ അബ്ദുല്ലക്കോയ പറഞ്ഞു- ''എനിക്ക് സി.എച്ചിന്റെ തൊപ്പി മാത്രം മതി''. പിന്നീട് സി.എച്ചിന്റെ മണമുള്ള ആ തൊപ്പി ഒരു നിധിപോലെ സൂക്ഷിച്ചു. കോഴിക്കോട് എസ്.ബി.ടി ബാങ്കില്‍ തനിക്കുണ്ടായിരുന്ന ലോക്കറിലായിരുന്നു ആ തൊപ്പി സൂക്ഷിച്ചത്. ഇപ്പോഴത് നിമയസഭാ മ്യൂസിയത്തില്‍ ഒരു ചരിത്രത്തിന്റെ പ്രതീകമായി സ്ഥാനം പിടിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് അന്ന് ആ തൊപ്പി മാത്രം ആവശ്യപ്പെട്ടതെന്ന ചോദിച്ചാല്‍ അബ്ദുല്ലക്കോയ പറയും- ''ആ തൊപ്പി കാണുമ്പോഴൊക്കെ ഞാന്‍ സി.എച്ചിന്റെ സാമീപ്യം അടുത്തറിയുന്നു''.
മുനീര്‍ എന്ന വിദ്യാര്‍ത്ഥി
ഡോ.എം.കെ മുനീറിന്റെ പെഴ്‌സണല്‍ സ്റ്റാഫിലെ ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുമ്പോഴും ഇരുവര്‍ക്കും മുനീറിനോടുള്ളത് രക്തബന്ധത്തോളം ആഴമുള്ളതാണ്. ബാല്യവും കുസൃതികളും ചിത്രരചനയുമൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കുട്ടിത്തം വിട്ടുമാറാത്ത ഒരാളായി വാത്സല്യത്തോടെയാണ് ഇവര്‍ മുനീറിനെ കാണുന്നത്. ബേബിസാറിനെ (ബേബിജോണ്‍)യൊക്കെ വരച്ച് ക്ലിഫ് ഹൗസില്‍ നിന്നും അപ്പുറത്തെ മന്ത്രിമന്ദിരത്തിലേക്ക് കൂട്ടുകാരന്‍ ഷിബുവിനോടൊപ്പം (മന്ത്രി ഷിബുബേബിജോണ്‍) കളിക്കാനായി ഓടുന്ന മുനീര്‍. ചെറുപ്പം മുതല്‍ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയുന്നു.
എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചപ്പോള്‍ മുനീറിനെ ബാംഗ്ലൂര്‍ അംബേദ്കര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത് അബ്ദുല്ലക്കോയയായിരുന്നു. മുനീറുമായി ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു പകല്‍ മുഴുവന്‍ നടന്നു. അത് 1981 ഒക്‌ടോബര്‍ 19ന്. ക്ലാസ് തുടങ്ങി, ഹോസ്റ്റല്‍ സൗകര്യവും മറ്റും ശരിയാക്കി 21നാണ് അബ്ദുല്ലക്കോയ ബാംഗ്ലൂരില്‍ നിന്ന് മടങ്ങിയെത്തുന്നത്.
ബാല്യം മുതല്‍ ഒരുപാട് കഴിവുകള്‍ പ്രകടിപ്പിച്ചയാളാണ് മുനീറെന്ന് ഇഖ്ബാല്‍ ഓര്‍ക്കുന്നു. പാട്ടുപാടാനും ചിത്രം വരക്കാനുമൊക്കെ താല്‍പര്യമുള്ള അദ്ദേഹം, സി.എച്ചിന്റെ ഓരോ കര്‍മങ്ങളും സസൂക്ഷ്മം ശ്രദ്ധിച്ചിരുന്നു. ഒരു പാരമ്പര്യത്തിന്റെ പ്രതിഭാവിലാസമാണ് മുനീറിലുള്ളത് ഈ പെഴ്‌സണല്‍ സ്റ്റാഫുകള്‍ സാക്ഷ്യപ്പെട്ടുത്തുന്നു.
സെക്രട്ടറിയേറ്റില്‍ നിന്നൊരു തഖ്ബീര്‍ ധ്വനി
1977ല്‍ സി.എച്ചിനെതിരായി ഒരു തെരഞ്ഞെടുപ്പ് വിധിയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ചന്ദ്രികയില്‍ വന്ന ചില ലേഖനങ്ങള്‍ തന്റെ പരാജയത്തിന് ഇടയാക്കിയെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി തേക്കുംകാട്ടില്‍ മുത്തുക്കോയ തങ്ങള്‍ നല്‍കിയ കേസാണ് സി.എച്ചിന് എതിരായ വിധിക്ക് ഇടയാക്കിയത്. സി.എച്ച് ഏറ്റവുമധികം ടെന്‍ഷനിലായിരിക്കും എത്തുകയെന്നും അദ്ദേഹം നിരാശനായി പെരുമാറുമെന്നും എങ്ങനെ ആശ്വസിപ്പിക്കുമെന്നുമൊക്കെ പരസ്പരം ചര്‍ച്ച ചെയ്ത് ക്ലിഫ് ഹൗസിന് മുന്നില്‍ സ്റ്റാഫ് അംഗങ്ങളും ജീവനക്കാരും ഉറങ്ങാതെ കാത്തിരുന്നു. അബ്ദുല്ലക്കോയക്ക് മറക്കാനാകാത്ത ഓര്‍മയാണത്. അന്നുരാത്രി 12 മണിയോടെ സി.എച്ച് എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തി. 'എന്താ ആരും ഉറങ്ങാത്തത്' എന്ന് ചോദിച്ചുകൊണ്ട് പ്രത്യേകിച്ച് യാതൊന്നും സംഭവിക്കാത്തതുപോലെ സി.എച്ച് അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. സി.എച്ച് ഒരിക്കലും വികാരത്തിന് അടിമപ്പെട്ടിട്ടില്ല. അടുത്ത ദിവസം രാജിവെച്ചു.
1978 സെപ്തംബര്‍ 12. ഡല്‍ഹിയില്‍ നിന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലേക്ക് ഒരു ഫോണ്‍കോള്‍. ഫോണ്‍ അറ്റന്റ് ചെയ്തത് അബ്ദുല്ലക്കോയ. മറുഭാഗത്തുനിന്നും ശുഭകരമായൊരു സന്ദേശം. ഫോണ്‍ വെച്ചശേഷം അബ്ദുല്ലക്കോയ ഉറക്കെ തഖ്ബീര്‍ വിളിച്ചു. സി.എച്ചിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയതായിരുന്നു ഫോണ്‍കോളിന്റെ ഉള്ളടക്കം. സെക്രട്ടറിയേറ്റിനുള്ളില്‍ ആദ്യമായി തഖ്ബീര്‍ വിളിച്ചയാളെന്ന് ഇപ്പോഴും സഹപ്രവര്‍ത്തകര്‍ കളിയാക്കാറുണ്ടെന്ന് അബ്ദുല്ലക്കോയ ഓര്‍ക്കുന്നു.
നേതാവും മന്ത്രിയും
സി.എച്ചിനൊപ്പം പ്രവര്‍ത്തിക്കുന്നത് സുഖകരമെന്ന് ഇഖ്ബാല്‍ അനുഭവങ്ങളെ സാക്ഷിയാക്കുന്നു. രാഷ്ട്രീയമായ വാഗ്‌വാദങ്ങളൊന്നും ഓഫീസിലെ സി.എച്ചിനെ ബാധിക്കാറില്ല. നേതാവും ഭരണാധികാരിയും തമ്മിലുള്ള വ്യത്യാസം വളരെ വലുതാണ്. നേതാവ് പാര്‍ട്ടിയുടെതും മന്ത്രി എല്ലാവരുടേതുമെന്ന തത്വമാണ് സി.എച്ചിനെ നയിച്ചിരുന്നത്. രാവിലെ 9.30നു തന്നെ കൃത്യമായി ഓഫീസിലെത്തിയിരുന്നു സി.എച്ച്. വൈകിട്ട് അഞ്ച് മണി കഴിഞ്ഞും അദ്ദേഹം ഓഫീസിലുണ്ടാകാറുണ്ട്. ഏത് കാര്യവും അദ്ദേഹത്തോട് തുറന്നുപറയാന്‍ കഴിഞ്ഞിരുന്നു. പരിഹാരമുണ്ടാകുമെന്നുറപ്പ്. കുടുംബ കാര്യങ്ങള്‍ പോലും സി.എച്ചുമായി ചര്‍ച്ച ചെയ്തായിരുന്നു തീരുമാനിച്ചിരുന്നു. അത്രമാത്രം അടുപ്പമുണ്ടായിരുന്നു താനുള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും.
സി.എച്ചും മുനീറും ശൈലിയിലെ സാമ്യതകള്‍
സി.എച്ചിന്റെ മകനും സി.എച്ചിന്റെ ചില നിര്‍ബന്ധങ്ങള്‍ അതേപടി കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് പാവങ്ങളുടെ കാര്യത്തില്‍. ആരും ശിപാര്‍ശ ചെയ്യാനില്ലാത്തവരായി, നിരാശ്രയരായി തനിക്ക് മുന്നിലെത്തുന്നവരുടെ കാര്യത്തില്‍ പരമാവധി 24 മണിക്കൂറാകും മുനീര്‍ നിര്‍ദേശിക്കുകയെന്ന് ഇഖ്ബാലും അബ്ദുല്ലക്കോയയും പറയുന്നു. അതിനിടയില്‍ ആ ഫയല്‍ മന്ത്രിയുടെ മേശപ്പുറത്തെത്തണം. മറ്റൊന്ന് മുന്‍ഗണനാക്രമം പാലിച്ചേ മതിയാകൂ. യോഗ്യത അനുസരിച്ച് മത്രം, അഥവാ അര്‍ഹര്‍ക്ക് ആദ്യം എന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറേയില്ല.
രണ്ടുകാലഘട്ടങ്ങളില്‍ സെക്രട്ടറിയേറ്റെന്ന അതിവിശാലമായ ലോകത്ത് ചരിത്രത്തിന്റെ രണ്ട് ധ്രുവങ്ങളെ തൊട്ടറിഞ്ഞ ഇവര്‍ നിയോഗത്തില്‍ വിശ്വസിക്കുന്നു. ചില നിയോഗങ്ങള്‍ ചരിത്രത്തിന്റെ ഗതി നിര്‍ണയിക്കാറുണ്ട്. ചരിത്രപുരുഷന് ഒപ്പം നടന്നവരെ അവഗണിച്ചുകൊണ്ട് എഴുതുന്ന ഏത് ചരിത്രവും അപൂര്‍ണമാകും. സി.എച്ച് എന്ന പ്രതിഭാസത്തെ അടുത്തുനിന്ന് കണ്ടവര്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്നവര്‍, ഇപ്പോള്‍ പഞ്ചായത്ത്- സാമൂഹ്യനീതി വകുപ്പിന്റെ ജനക്ഷേമ പാതകളില്‍ മന്ത്രി മുനീറിനൊപ്പം കൈനീട്ടുന്നവര്‍....
(ചന്ദ്രിക വാരാന്തപ്പതിപ്പ് 26.10.2014 ല്‍ പ്രസിദ്ധീകരിച്ചത് )