ഇത് ഐ.എ.എസ് കാലം
ജെ. ലളിതാംബിക / ഫിര്‍ദൗസ് കായല്‍പ്പുറം
''അന്നൊക്കെ ഒരു പെണ്ണിന് ഐ.എ.എസ് മോഹമുണ്ടായാല്‍ അതൊരു അപരാധമായി കാണുന്ന കാലമായിരുന്നു. ഇവള്‍ക്ക് ഇത്രയൊക്കെ പഠിച്ചാല്‍ പോരേ എന്ന ചിന്ത. തിരുവിതാംകൂര്‍ ഗവണ്‍മെന്റില്‍ സെക്രട്ടറിയായിരുന്നു അച്ഛന്‍. എനിക്ക് 17 വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. ഐ.എ.എസ് കിട്ടിക്കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ പറഞ്ഞത് അച്ഛന്റെ അനുഗ്രഹമുള്ളതുകൊണ്ടാണ് ഞാന്‍ ഐ.എ.എസുകാരിയായതെന്ന്. പില്‍ക്കാലത്ത് സെക്രട്ടറിയേറ്റില്‍ അച്ഛന്‍ ഇരുന്ന അതേ മുറിയില്‍ ഐ.എ.എസുകാരിയായി ഇരിക്കാനായത് ആ അനുഗ്രഹം തന്നെയായിരിക്കാം''... മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥയും എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ജെ. ലളിതാംബികക്ക് പിന്നിട്ട വഴികളെ കുറിച്ച് പറയുമ്പോള്‍ അഭിമാനം.ഇത് ഐ.എ.എസിന്റെ കാലമാണ്. എത്രയെത്ര വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ സിവില്‍ സര്‍വീസിലേക്ക് കടന്നുവരുന്നത്. ഇത് മാറുന്ന കാലത്തെയാണ് സൂചിപ്പിക്കുന്നത്. ഐ.എ.എസ് ഒരു കിട്ടാക്കനിയാണെന്ന ചിന്ത ഇപ്പോള്‍ ആര്‍ക്കുമില്ല. ശ്രമിച്ചാല്‍ നേടാനാവുന്ന ഏറ്റവും ഉന്നതിയിലുള്ള സ്ഥാനമാണിത്. തിരുവനന്തപുരം കവടിയാറിലെ വീട്ടില്‍ ലളിതാംബികയെ കാണാനെത്തിയപ്പോള്‍ അവര്‍ പുതിയ കാലത്തെ ഐ.എ.എസ് നേട്ടങ്ങളില്‍ സന്തോഷിക്കുന്നു. കേരളത്തിന്റെ ഐ.എ.എസ് ചരിത്രരേഖകളില്‍ മായാത്ത നാമമാണല്ലോ ലളിതാംബിക...
ഐ.എ.എസ്- 1966
ഞാന്‍ ഐ.എ.എസിന് പഠിക്കുമ്പോള്‍ പഠന സൗകര്യങ്ങള്‍ക്ക് ഏറെ പ്രയാസമുള്ള കാലമായിരുന്നു. റഫര്‍ ചെയ്യാനുള്ള സൗകര്യങ്ങളില്ല. ഒരു പുസ്തകം തേടി ലൈബ്രറികള്‍ തോറും നടന്നിട്ടുണ്ട്. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഇല്ലെന്ന് മാത്രമല്ല, കൊറിയര്‍ സര്‍വീസും സ്പീഡ് പോസ്റ്റും പോലുള്ള സംവിധാനങ്ങളുമില്ല. ഡല്‍ഹിയില്‍ നിന്ന് ഒരു പുസ്തകം വരുത്തി വായിക്കണമെങ്കില്‍ ഓര്‍ഡര്‍ അവിടെയെത്താന്‍ രണ്ടാഴ്ച. അവര്‍ ഒരാഴ്ച കഴിഞ്ഞ് പുസ്തകം അയച്ചുതരും. അതിവിടെയെത്തുമ്പോള്‍ വീണ്ടും രണ്ടാഴ്ച. പിന്നെങ്ങനെ പഠിക്കും?. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചും അന്നത്തെ പരിമിതമായ സാഹചര്യങ്ങള്‍ ഉപയോഗിച്ചും എങ്ങനെയൊക്കയോ പഠിച്ചു. അന്ന് പഠിക്കാന്‍ പ്രയാസമുളളതു കൊണ്ടാകം, പഠിച്ചതെല്ലാം ആഴത്തില്‍ പഠിച്ചു.ഞങ്ങള്‍ പഠിക്കുന്ന സമയത്ത് 24 വയസ് തികയുന്നതിന് മുമ്പ് പരീക്ഷ എഴുതണം. എം.എ കഴിയുമ്പോള്‍ തന്നെ 21 വയസ് കഴിയും. മാത്രമല്ല അന്ന് രണ്ട് ചാന്‍സേയുള്ളൂ. ഇപ്പോള്‍ 36 വയസുവരെ എഴുതാനാവും ആറ് ചാന്‍സുമുണ്ട്. റഫറന്‍സിന് ആവശ്യം പോലെ സൗകര്യമുണ്ട്. ഇന്റര്‍നെറ്റിലൂടെ എല്ലാം പഠനോപാധികളും ലഭിക്കുന്നു. ഇതൊക്കെ നല്ലതാണ്. അറിവ് ശേഖരിക്കല്‍ എളുപ്പമാകുക എന്നത് സാങ്കേതിക വിദ്യയുടെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ്.
സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കമാണെന്ന് പറയപ്പെടുന്ന ബീഹാറില്‍ നിന്ന് ഞങ്ങളുടെ കാലത്തും ധാരാളം ഐ.എ.എസുകാരുണ്ടായിട്ടുണ്ട്. ഇന്നും അതിന് മാറ്റമില്ല. പക്ഷേ, കേരളമാണ് ഇപ്പോള്‍ സിവില്‍ സര്‍വീസില്‍ പെട്ടെന്നുള്ള പുരോഗതി കൈവരിച്ചിരിക്കുന്നത്. ഇപ്പോള്‍ പെണ്‍കുട്ടികളോട് ആളുകള്‍ ചോദിക്കുന്നത് എന്താ ഐ.എ.എസിന് പോകാത്തത് എന്നാണ്.
ഏഴ് മലയാളികളാണ് 1966 ബാച്ചിലുണ്ടായിരുന്നത്. ഏഴുപേരില്‍ രണ്ട് പേര്‍ എഞ്ചിനീയര്‍മാരായിരുന്നു. സ്ത്രീകള്‍ രണ്ടുപേര്‍- ഞാനും സതി നായരും. കേന്ദ്രസര്‍വീസില്‍ കേരളത്തില്‍ നിന്ന് ആകെ 12 പേര്‍. കേരള കേഡറില്‍ നിന്നുള്ള മലയാളി വനിതയായിരുന്നു ഞാന്‍. ഒരു സ്ത്രീയെക്കൊണ്ട് ഇതിനൊക്കെ കഴിയുമോ സര്‍വീസില്‍ പ്രവേശിച്ചപ്പോള്‍ ആദ്യമുണ്ടായ വെല്ലുവിളി. സത്യത്തില്‍ അത്തരമൊരു ധാരണ എല്ലാവര്‍ക്കുമുണ്ടായിരുന്നു. അതിന്റെ ഫലമായി ഐ.എ.എസുകാരുള്‍പ്പെടെയുള്ള സ്ത്രീകള്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയാറായി. കൂടുതല്‍ സമയം എന്നതിലുപരി ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് സന്നദ്ധരായി. ഒരു സ്ത്രീ കലക്ടറായാല്‍ ശരിയാവില്ലെന്ന ധാരണ തിരുത്താന്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ഐ.എ.എസുകാര്‍ക്ക് കഴിഞ്ഞു. ഇന്ന് കണ്ണൂരിലും കാസര്‍കോടും സ്ത്രീകള്‍ക്ക് കലക്ടര്‍മാരാകാം. ഏത് വകുപ്പിന്റെ തലപ്പത്തും സ്ത്രീ സാന്നിധ്യമുണ്ട്.
കലക്ടര്‍ പദവി കാരുണ്യ പ്രവര്‍ത്തി
ഒരു വിധവക്ക് പെന്‍ഷന്‍ കിട്ടാന്‍ കലക്ടര്‍ ചെയ്യേണ്ടത് ഒരു പേപ്പറില്‍ ഒപ്പുവെക്കല്‍ മാത്രമാണ്. ആ സ്ത്രീക്കാകട്ടെ അവരുടെ ജീവിതവും. ഒരാള്‍ക്ക് കുടികിടപ്പ് അവകാശം (ഭൂമിയുടെ ഉയമസ്ഥത) നല്‍കാന്‍ കലക്ടര്‍ ഒരു ഓര്‍ഡര്‍ ഇടണം. അയാള്‍ക്കും കുടുംബത്തിനും അത് ആജീവനാന്ത സുരക്ഷിതത്വമാണ്. ഐ.എ.എസുകാര്‍ക്ക് എപ്പോഴും സാധാരണക്കാരനെ സഹായിക്കാന്‍ കഴിയുന്നു. അവന്റെ ജീവിതവ്യഥകളെ നേരിട്ട് മനസിലാക്കാനാവുന്നു. ഏത് വകുപ്പിന്റെ ചുമതല ആയാലും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാനായാല്‍ ഐ.എ.എസ് ഉദ്യോഗം ഒരു കാരുണ്യ പ്രവര്‍ത്തിയാകും.ഒരു മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നത കാരണം എന്നെ പട്ടികജാതി വികസന വകുപ്പിലേക്ക് മാറ്റി. അപ്പോള്‍ എല്ലാവരും പറഞ്ഞത് പ്രാഗത്ഭ്യമുള്ള ഒരു സീനിയര്‍ ഓഫീസറെ ഈ ചെറിയ വകുപ്പിലേക്ക് മാറ്റിയത് ശരിയായില്ലെന്നായിരുന്നു. അന്ന് കരുണാകരന്‍ സാറായിരുന്നു മുഖ്യമന്ത്രി. തനിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥയായതുകൊണ്ടാണ് ആ വകുപ്പിലേക്ക് മാറ്റിയതെന്നും വീഴ്ച സംഭവിച്ചാല്‍ താന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി. എനിക്ക് ഏറ്റവും നന്നായി പ്രവര്‍ത്തിക്കാനായത് ആ വകുപ്പിലായിരുന്നു. കേരളത്തിലുടനീളം സഞ്ചരിച്ച് പട്ടികജാതി മേഖലയുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ കഴിഞ്ഞു. ഒട്ടേറെ കാര്യങ്ങള്‍ അവര്‍ക്കുവേണ്ടി ചെയ്യാനുമായി. 36 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ വിരമിച്ചിട്ട് ഇപ്പോള്‍ 12 വര്‍ഷമായി. ഇപ്പോഴും ചിലര്‍ സ്ഥലങ്ങളില്‍ വെച്ച് കാണുമ്പോള്‍ സര്‍വീസിലുണ്ടായിരുന്നപ്പോള്‍ എടുത്ത നല്ല തീരുമാനങ്ങളുടെ ഗുണഭോക്താക്കള്‍ സ്‌നേഹത്തോടെ സ്വീകരിക്കാറുണ്ട്.
പ്രായോഗിക വിദ്യാഭ്യാസ രീതി
പഠിക്കേണ്ടത് എങ്ങനെയെന്ന് മനസിലാക്കി വലിയൊരു കൂട്ടമാണ് ഇപ്പോള്‍ ഐ.എ.എസിന് തയാറെടുക്കുന്നത്. പത്തുമണിക്കൂര്‍ വീതം ഒരു വര്‍ഷം സ്ഥിരമായി പഠിച്ചാല്‍ നേടാനാവുന്നതാണ് ഐ.എ.എസ്. കഠിനമായ അധ്വാനമാണ് ഇക്കാര്യത്തിലുള്ളത്. ഇന്ത്യയിലെ ഏറ്റവും മിടുക്കര്‍ പങ്കെടുക്കുന്ന പരീക്ഷയാണ്. ഹരിത.വി. കുമാര്‍ എത്രത്തോളം മിടുക്കിയായ കുട്ടിയാണ്. അവര്‍ ഓരോ ചാന്‍സും ഉപയോഗപ്പെടുത്തി. ഒടുവില്‍ കേരളത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കി. ധാരാളം പേര്‍ ഇപ്പോള്‍ മുന്നോട്ടു വരുന്നുണ്ട്. മെഡിസിനും എഞ്ചിനീയറിംഗും മാത്രം സ്വപ്നം കണ്ടിരുന്ന ഒരു കാലത്തുനിന്ന് ഒരു കാലം തന്നെ ഐ.എ.എസിലേക്ക് കടന്നിരിക്കുന്നു. പണ്ട് പ്രധാനമായും കുട്ടികള്‍ മടിച്ചത് ഡല്‍ഹിയിലൊക്കെ കോച്ചിംഗിന് പോകണമെന്നതു കൊണ്ടാണ്. ഇപ്പോള്‍ അതിന്റെയും ആവശ്യമില്ല. തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ ഐ.എ.എസ് അക്കാദമി ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം കോച്ചിംഗ് സെന്ററുകളുണ്ട്.ഒരുമിച്ചിരിക്കാനും പരസ്പരം ഷെയര്‍ ചെയ്യാനും കഴിയുന്ന വിധത്തിലുള്ള പഠന രീതിയാണ് ഐ.എ.എസ് റിസള്‍ട്ട് നന്നാകാന്‍ കാരണമെന്ന് ഞാന്‍ കരുതുന്നത്. ഇന്ന് കോച്ചിംഗ് സെന്ററുകള്‍ നല്‍കുന്നത് ശരിക്കും പ്രായോഗികമായ വിദ്യാഭ്യാസ രീതിയാണ്. ഒരുമിച്ചിരുന്നത് ചര്‍ച്ച ചെയ്ത് പഠിക്കുക എന്ന സമ്പ്ര
ആസ്വാദ്യകരമായ തിരക്ക്
ഞാനൊക്കെ സര്‍വീസില്‍ വരുന്നകാലത്തെ പോലെയല്ല ഇപ്പോള്‍. ഏതുപോസ്റ്റിലും നല്ല ശമ്പള സ്‌കെയിലാണ്. അത്യാവശ്യം ജീവിക്കാന്‍ പര്യാപ്തമായ ശമ്പളമാണ് നല്‍കുന്നത്. അത് ഇത്രലക്ഷം, ഇത്ര കോടി എന്ന തരത്തില്‍ താരതമ്യപ്പെടുത്തേണ്ടതില്ല. ജോലിയുടെ പ്രത്യേകതയും എടുത്തുപറയേണ്ടതുണ്ട്. പണ്ടത്തെ പോലെ സങ്കീര്‍ണമല്ല. ഇപ്പോള്‍ ജോലി ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമുണ്ട്.ഡോക്ടറുടെ മക്കള്‍ ഡോക്ടര്‍മാരും എഞ്ചിനീയറുടെ മക്കള്‍
എഞ്ചിനിയര്‍മാരും ആകുന്നതുപോലെ ഐ.എ.എസുകാരുടെ മക്കളും അതിന് ശ്രമിക്കാറുണ്ട്. എന്റെ രണ്ടുമക്കളും അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചീനിയേഴ്‌സാണ്. രണ്ടുപേരും നല്ല മിടുക്കന്മാരാണ്. അവര്‍ ഐ.എ.എസിലേക്ക് വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം എന്റെ സര്‍വീസ് കാലത്തെ തിരക്കുകള്‍ കണ്ടാകണം അവര്‍ സിവില്‍ സര്‍വീസ് ആഗ്രഹിച്ചില്ല. പലപ്പോഴും വീട്ടില്‍ അവര്‍ രണ്ടുപേര്‍ മാത്രമാകുന്നു. അമ്മക്കും അച്ഛനും തിരക്ക്. മന്ത്രിസഭാ യോഗങ്ങള്‍ ഉള്ള ദിവസങ്ങളില്‍ ചിലപ്പോള്‍ രാത്രിയാകും ഓഫീസില്‍ നിന്ന് വീട്ടിലെത്താന്‍. നിയമസഭ ചേരുമ്പോഴാകട്ടെ വിചാരിക്കുന്ന സമയത്തൊന്നും ഫ്രീയാകാന്‍ കഴിഞ്ഞെന്നു വരില്ല. ഈ തിരക്കിനും ഒരു സുഖമുണ്ട്.
അതുകൊണ്ട് അവര്‍ കുട്ടിക്കാലത്തു തന്നെ മക്കള്‍ ഐ.എ.എസ് മോഹം ഉപേക്ഷിച്ചു. ഇപ്പോള്‍ രണ്ടുപേരും അമേരിക്കയില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ട്. ഞാന്‍ മക്കളോട് പറയും നിങ്ങള്‍ ഏതോ കമ്പനികള്‍ക്കു വേണ്ടി പണി ചെയ്ത് സമ്പാദിക്കുന്നുണ്ട്, എന്നാല്‍ അതുകൊണ്ട് എന്താണ് പ്രയോജനമെന്ന്. ശനിയും ഞായറും നിങ്ങള്‍ എന്‍ജോയ് ചെയ്യുന്നുണ്ടാവാം. ഐ.എ.എസിന്റെ വ്യത്യാസം ഇതിനെല്ലാം അപ്പുറമാണ്. ഇതുപോലൊരു അവസരം വേറൊരു സര്‍വീസിനുമില്ല. ഒരു വലിയ ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥന് സാധാരണക്കാരനുമായി ബന്ധപ്പെടാനാവില്ല. സിവില്‍ സര്‍വീസ് ഏത് മേഖലയിലായാലും സാധാരണക്കാരനുമായി നേരിട്ട് ഇടപഴകാന്‍ കഴിയുന്നതാണ്. കമ്പനിക്ക് 20 ലക്ഷം രൂപ വരുമാനമുണ്ടാകുമ്പോഴായിരിക്കും ഉദ്യോഗസ്ഥന് രണ്ട് ലക്ഷം രൂപ ലഭിക്കുന്നത്.
ഞാന്‍ പറയുന്നത്, ഐ.എ.എസിലേക്ക് വരുന്ന ഒരാള്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്നാണ്. പദവിയുടെ മഹത്വം മനസിലാക്കാന്‍ കഴിയണം.
No comments:
Post a Comment