അനന്തപുരിയില്‍ ഒരുങ്ങുന്നു മാന്ത്രിക കൊട്ടാരം
ഫിര്‍ദൗസ് കായല്‍പ്പുറം
ഇന്ദ്രജാലം കേവലം വിസ്മയമല്ല, അതൊരു കലയാണ്, റിയാലിറ്റിയാണ്. മാസ്മരിക വലയത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്ന വസ്തുക്കളെ പോലെ മാജിക് എന്ന കലയുടെ ചരിത്രരേഖകളും വിസ്മൃതിയിലേക്ക് നീങ്ങാന്‍ പാടില്ല. കലകളുടെയും സംസ്‌കാരത്തിന്റെയും കൈവഴികളില്‍ മാജിക്കിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഇതാ ഒരു മജീഷ്യന്‍...
വിസ്മയ ചരിത്രത്തെ പൊതിഞ്ഞു നില്‍ക്കുന്ന റിയാലിറ്റിയാണ് മാജിക്കെങ്കില്‍ അതിന് ബി.സി 5000 മുതല്‍ സമകാലിക വര്‍ത്തമാനങ്ങള്‍ വരെ നീളുന്ന സുദീര്‍ഘമായ ഒരു പാരമ്പര്യമുണ്ട്. സമ്പന്നമായ ഈ ചരിത്രത്തില്‍ നിന്ന് 'എസ്‌കേപ്' ചെയ്യാതെ കലയുടെ സര്‍ഗചൈതന്യത്തെ മാറോടു ചേര്‍ത്തുവെക്കുകയാണ് പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ഇന്ത്യന്‍ മാജിക്കിന്റെ ഭൂതവും വര്‍ത്തമാനവും അറിയാനും അറിയിക്കാനും ഒരു ചരിത്ര മ്യൂസിയം എന്ന സ്വപ്നത്തെ സാക്ഷാത്കാരത്തോട് അടുപ്പിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് അദ്ദേഹം. ലോകത്തില്‍ തന്നെ ആദ്യമായി ഒരു 'മാന്ത്രിക കൊട്ടാരം' തിരുവനന്തപുരത്ത് യാഥാര്‍ത്ഥ്യമാകുന്നു. ലോക മാജിക് ദിനമായ ഒക്‌ടോബര്‍ 31ന് ലോകത്തിലെ 1500 മജീഷ്യന്മാരെ സാക്ഷിയാക്കി അനന്തപുരി പുതിയൊരു ചരിത്രവഴിത്തിരിവിലേക്ക് കടക്കുന്നതിന്റെ തിരക്കിലാണ് മുതുകാട്.
'എല്ലാവരെയും വിസ്മയിപ്പിക്കുന്ന മജീഷ്യന്മാരുടെ ദുരിത ജീവിതത്തിന്റെ കാണാക്കാഴ്ചകള്‍ക്ക് കൂടി മാജിക് പ്ലാനറ്റ് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു'- പദ്ധതിയെ കുറിച്ച് മുതുകാടിനുള്ളത് വളരെ വലിയ സ്വപ്നങ്ങളാണ്.
വിസ്മയ സ്‌നേഹികള്‍ക്ക് സ്വാഗതം
മാജിക്കിന്റെ എല്ലാ തലങ്ങളെയും സൂക്ഷ്മമായി വിലയിരുത്തുന്ന ഒരു മാന്ത്രിക കൊട്ടാരം സ്ഥാപിക്കണമെന്നും ലോകത്ത് മാജിക് ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ആസ്ഥാനമായി ഇത് മാറണമെന്നുമുള്ള ആശയം ഗോപിനാഥ് മുതുകാടിനുണ്ടായത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതൊരു സ്വപ്നമായി കൊണ്ടുനടന്നു. പലരോടും ഈ സ്വപ്നം പങ്കുവെച്ചു. പലപ്പോഴായി ധനസമാഹരണത്തിന് ശ്രമിച്ചു. പക്ഷേ, സ്വപ്നം സ്വപ്നമായി തന്നെ അവശേഷിച്ചു. ഒടുവില്‍ തിരുവനന്തപുരത്തെ കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചതോടെയാണ് തന്റെ സ്വപ്നം വെറും മായയാകില്ലെന്ന് മുതുകാട് ഉറപ്പിച്ചത്.
ഇപ്പോള്‍ ക്രിന്‍ഫ്രയില്‍ മാജിക് പ്ലാനിറ്റോറിയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മാജിക് എന്ന കലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ വലിയൊരു കൂട്ടായ്മയാണ് ഒക്‌ടോബര്‍ മുതല്‍ കേരള തലസ്ഥാനുണ്ടാകുന്നത്. മാജിക്കിന്റെ ലോകത്തെ മുതുകാടും സംഘവും കേരളത്തിലേക്ക് വിളിക്കുകയാണ്. ഇന്ത്യന്‍ മാജിക്കിന്റെ ചരിത്രം ഏറെക്കുറെ വ്യക്തമാക്കാന്‍ കഴിയുന്ന പ്ലാനിറ്റോറിയത്തില്‍ ആറ് ഓഡിറ്റോറിയങ്ങളാണ് സജ്ജീകരിക്കുന്നത്. കൂടാതെ ഭൂമിക്കടിയില്‍ ഒരു ടണല്‍ നിര്‍മിക്കുന്നുണ്ട്. 'ഇന്ത്യന്‍ റോപ്പ് ട്രിക്' പോല ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കഴിയാതിരുന്ന മാന്ത്രിക വിസ്മയങ്ങള്‍ പ്ലാനറ്റില്‍ അത്ഭുതക്കാഴ്ചയാകും. മാജിക്കിന്റെ ശാസ്ത്രീയതയെപ്പറ്റി സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് മാജിക് പ്ലാനിറ്റോറിയത്തിലൂടെ ലക്ഷ്യമിടുന്നത്. നിഴല്‍ മാജിക് മുതല്‍ ശാസ്ത്രവും സാഹിത്യത്തിലെ മാജിക്കല്‍ റിയലിസവും മുതുകാടിന്റെ കൊട്ടാരത്തില്‍ ഇടംപിടിക്കുന്നുണ്ട്. മാജിക്കിന്റെ പിറവിക്കും വളര്‍ച്ചക്കും ഇടം നല്‍കിയ തെരുവുകളെയും മുതുകാട് വിസ്മരിക്കുന്നില്ല. തെരുവ് മജീഷ്യന്‍മാര്‍ക്കും പ്ലാനിറ്റോറിയത്തില്‍ മാന്യമായ ഇടം നല്‍കും.
തെരുവില്‍ നിന്ന് പ്ലാനറ്റിലേക്ക്
നാലുചുറ്റിലും തിങ്ങിക്കൂടുന്ന ജനങ്ങളുടെ നഗ്നനേത്രങ്ങളെ വിസ്മയിപ്പിച്ച്, ഒടുവില്‍ രോഗവും ദാരിദ്ര്യവും പട്ടിണിയും ബാക്കിയായി ജീവിതത്തില്‍ ഒന്നും നേടാതെ കാലം കടന്നുപോകുന്നവരാണ് തെരുവ് മാജിക്കുകാര്‍. സമൂഹം ഒരിക്കലും അവരുടെ നൊമ്പരങ്ങള്‍ കാണുന്നില്ല, ഒരു സര്‍ക്കാരുകളും അവരെ ഏറ്റെടുക്കുന്നില്ല. മുബൈ അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലിന്നും യാന്ത്രികമായി ജീവിച്ചു തീര്‍ക്കുകയാണവര്‍. മാജിക് എന്ന കലയോടുള്ള പ്രതിബദ്ധത കൊണ്ടുമാത്രം ഈ രംഗത്ത് തുടരുന്നവര്‍. പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമില്ലാത്തവര്‍, കളര്‍ഫുള്‍ വേദികളോ ശിതീകരിച്ച ഓഡിറ്റോറിങ്ങളോ കണ്ടിട്ടില്ലാത്തവര്‍... അവര്‍ക്കാകണം മാജിക് പ്ലാനറ്റ് മുന്‍ഗണന നല്‍കുക. അവരെ പുനരധിവസിപ്പിക്കണം. അവരുടെ കുട്ടികള്‍ക്ക് മാന്യമായ വിദ്യാഭ്യാസം നല്‍കണം. അവരെയും കലാകാരന്മാരുടെ പട്ടികയില്‍ പെടുത്തി ജീവിത സാഹചര്യമൊരുക്കണം. തെരുവില്‍ മാജിക് അവതരിപ്പിക്കുന്നവനാണ് മാജിക്കിലെ യഥാര്‍ത്ഥ കലാകാരന്‍ എന്ന സത്യം അംഗീകരിക്കണം. ഈ മാന്ത്രിക കൊട്ടാരത്തില്‍ 100 മജീഷ്യന്മാര്‍ക്ക് സ്ഥിരമായി ജോലി നല്‍കും.
ജാലവിദ്യയിലെ കളിയും കാര്യവും
വളരെ ഗൗരവത്തോടെ തന്നെയാണ് മാജിക് പ്ലാനറ്റിന്റെ അകത്തളം സജ്ജീകരിച്ചിട്ടുള്ളത്. കാഴ്ചകള്‍ക്കും ആസ്വാദനത്തിനുമപ്പുറം വിവിധ പഠനശാഖകളും ഇവിടെ സമ്മേളിക്കുന്നു. മാജിക്കില്‍ ഔപചാരിക വിദ്യാഭ്യാസം നല്‍കുന്ന ഏഷ്യയിലെ ആദ്യ സ്ഥാപനമായ അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസിന്റെ ആശയമാണ് മാജിക് പ്ലാനറ്റ്. ശാസ്ത്രം, ഗണിതം, സാഹിത്യം തുടങ്ങിയവയിലെയെല്ലാം മാന്ത്രികഘടകങ്ങള്‍ കുട്ടികള്‍ക്ക് അനുഭവിച്ചറിയാനുള്ള ഒട്ടേറെ വിനോദോപാധികളാണ് ഇവിടെ ഒരുക്കുന്നത്. ഏഴ് മണിക്കൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് കാണാനും പഠിക്കാനും മാന്ത്രിക കൊട്ടാരത്തില്‍ കാഴ്ചകളുണ്ടാകും. ഭൗമാന്തര്‍ഭാഗത്തുള്ള തുരങ്കം, കണ്ണാടിക്കുരുക്ക്, ഗണിതാഭിരുചി വളര്‍ത്താനുതകുന്ന വെര്‍ച്വല്‍ സൂപ്പര്‍മാര്‍ക്കറ്റ്, കുട്ടികളുടെ പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, തല്‍സമയ പരിപാടികള്‍ അവസരിപ്പിക്കാനുള്ള ഗവേഷണ വികസന വിഭാഗം തുടങ്ങിയവയെല്ലാം തയാറാക്കും. മാത്ത് മാജിക് വിഭാഗം കൗല ഗ്രൂപ്പാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ഒരു കഥപറച്ചിലുകാരനില്‍ നിന്ന് നേരിട്ട് നാടോടിക്കഥകളും മറ്റും കുട്ടികള്‍ക്ക് കേള്‍ക്കാനുതകും വിധം വൃക്ഷത്തണലില്‍ പ്രത്യേക ഇടവും ക്രമീകരിക്കുന്നുണ്ട്. മാന്ത്രികത കേന്ദ്രപ്രമേയമായ വില്യം ഷേക്‌സ്പിയറിന്റെ “'ദി ടെംപസ്റ്റ്' എന്ന നാടകത്തിന്റെ മാന്ത്രിക പുനരവതരണവും മാജിക് പ്ലാനറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്. സാഹിത്യത്തിന്റെ സൗന്ദര്യവും ആകര്‍ഷണീയതയും കുട്ടികള്‍ക്ക് മനസിലാക്കാനുതകും വിധത്തിലാണ് ഇതിന്റെ രൂപകല്‍പന. ഒരു ദിവസം 500 പേര്‍ക്കു മാത്രമായിരിക്കും ഇവിടെ പ്രവേശനം അനുവദിക്കുക.
പിന്തുണയുമായി സര്‍ക്കാര്‍
ഇത്തരമൊരു ആശയവുമായി മുന്നോട്ടുവന്നപ്പോള്‍ ഭൂമി അനുവദിച്ചുതന്ന സംസ്ഥാന സര്‍ക്കാര്‍, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും മികച്ച പിന്തുണയാണ് നല്‍കിവരുന്നത്. മന്ത്രി ഡോ.എം.കെ മുനീര്‍ പ്ലാനറ്റിന്റെ നിര്‍മാണത്തിന് വേണ്ടി ഒട്ടേറെ സഹായങ്ങള്‍ ചെയ്തു. പദ്ധതി പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്തുകളെയും നഗരസഭകളെയും സഹകരിപ്പിക്കാന്‍ അദ്ദേഹം ഉത്തരവിറക്കി.
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയാണ് മാജിക് പ്ലാനറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ് ശിവകുമാര്‍, കെ.പി അനില്‍കുമാര്‍, കെ.പി മോഹനന്‍ എന്നിവര്‍ പ്ലാനറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിക്കുന്നുണ്ട്. പ്ലാനറ്റ് പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാമെന്ന് മുതുകാട് പറയുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു സാംസ്‌കാരിക സ്ഥാപനനമായി പ്രവര്‍ത്തിപ്പിച്ചാല്‍ നന്നായിരിക്കും. കാഴ്ചകള്‍ ധാരളമുള്ള അനന്തപുരിയില്‍ മാന്ത്രിക കൊട്ടാരം തുറക്കുമ്പോള്‍ പ്രിയമിത്രം മോഹന്‍ലാലിന്റെ എല്ലാ പിന്തുണയും മുതുകാടിനുണ്ട്.
ജീവിതത്തിന്റെ പ്ലാനറ്റ്
കേരളത്തിലെ ആദ്യത്തെ മാജിക് അക്കാദമി ആരംഭിച്ചത് മുതുകാടാണ്- തിരുവനന്തപുരത്ത് 1996 മുതല്‍ അക്കാദമി പ്രവര്‍ത്തിച്ചുവരുന്നു. സംഗീതവും കലയും സാംസ്‌കാരിക സായാഹ്നങ്ങളും കൊണ്ട് ശ്രദ്ധേയമാവുകയാണ് പൂജപ്പുരയിലുള്ള അക്കാദമി. യോഗ ഉള്‍പ്പെടെയുള്ള ക്ലാസുകള്‍ക്കായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് അക്കാദമിയിലുള്ളത്. 2002ലെ വിസ്മയ ഭാരത യാത്രയും 2004ലെ ഗാന്ധിമന്ത്രയും 2007ലെ വിസ്മയ സ്വരാജും മുതുകാടിനെ ദേശീയ ശ്രദ്ധയിലെത്തിച്ച മാജിക് സംരംഭങ്ങളായിരുന്നു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് വിവിധ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്ന മുതുകാട്, മാജിക് പ്ലാനറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ചരിത്രത്തിലിടം നേടുകയാണ്. മാജിക്കുമായി ബന്ധപ്പെട്ട് ഇത്രയധികം പദ്ധതികള്‍ നടപ്പിലാക്കിയ മറ്റൊരു മജിഷ്യന്‍ ഇന്ത്യാ ചരിത്രത്തില്‍ വേറെയില്ല. ഇന്ത്യന്‍ മാജിക്കിന്റെ ചരിത്ര രചനയാണ് മുതുകാടിന്റെ അടുത്ത ലക്ഷ്യം. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോരോ സ്വപ്നങ്ങളെ ശിരസിലേറ്റിയാണ് ഈ മാന്ത്രികന്റെ ജീവിതം. ജീവിതത്തിലാകട്ടെ 'മാജിക്' തീരെയില്ല.
(2014 മെയ് 3 ചന്ദ്രിക വാരാന്തപ്പതിപ്പ്)
No comments:
Post a Comment