സുകുമാരന്‍ നായരുടെ തോണി എങ്ങോട്ട്...??
കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ എല്ലാക്കാലത്തും പ്രസക്തമായ ഒരു പ്രസ്ഥാനമാണ് നായര്‍ സര്‍വീസ് സൊസൈറ്റി. ഇന്നും എന്‍.എസ്.എസ് ഉയര്‍ത്തുന്ന വിഷയങ്ങള്‍ പൊതുസമൂഹം സഗൗരവം ചര്‍ച്ചക്കെടുക്കുന്നുണ്ട്. പിന്നിട്ട കാലങ്ങളില്‍ ഈ സമുദായത്തിന്റെ പ്രഗത്ഭരായ ആചാര്യന്മാരിലൂടെ സാധ്യമായ സാമൂഹ്യ നവോത്ഥാന സംരംഭങ്ങളും വിസ്മരിക്കാനാവില്ല. ഞാനടക്കുള്ള പുതിയ തലമുറ ചട്ടമ്പിസ്വാമി മുതല്‍ നാരായണ പണിക്കര്‍ വരെയുള്ള ആചാര്യന്മാരെ വായിക്കുന്നത് അത്യന്തം ആദരവോടെയാണ്.
മന്നത്തു പത്മനാഭന് എന്ന പ്രതിഭ ഇരുന്ന കസേരയില്‍ പില്ക്കാലത്ത് അവരോധിതനായ സുകുമാരന്‍ നായരോടും ആര്‍ക്കും അനാദരവുണ്ടാകാന്‍ ഇടയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മിതത്വം അദ്ദേഹത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു. അത് എത്രത്തോളം വൈകുന്നുവോ അത്രത്തോളം ആ പ്രസ്ഥാനത്തിന്റെ ധാര്‍മികത ചോദ്യം ചെയ്യപ്പെടും.
രമേശ് ചെന്നിത്തല വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് കോണ്‍ഗ്രസിന്റെ ദേശീയനയ രൂപീകരണ സംവിധാനങ്ങളില്‍ കയ്യൊപ്പു ചാര്‍ത്തിയ വ്യക്തിയാണ്. ഉമ്മന്‍ചാണ്ടിയെ തിരുത്താനുള്ള രാഷ്ട്രീയ ബോധമോ സാമൂഹ്യ ജ്ഞാനമോ സുകുമാരന്‍ നായര്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. (സുകുമാരന്‍ നായരില്‍ പാരമ്പര്യത്തിന്റെ അഭാവം ആരോപിക്കുന്നവരോട് കൂട്ടുചേരുന്നില്ല) എങ്കിലും സാമൂഹ്യാന്തരീക്ഷം മലിനമാക്കാതെ നിലനില്ക്കാനാവുന്ന നേതാവ് എല്ലാക്കാലത്തും ആദരിക്കപ്പെടും.