ഓരോ കവിതയും ഓരോ തോല്‍വി:
കുരീപ്പുഴ
ഫിര്‍ദൗസ് കായല്‍പ്പുറം
(ചന്ദ്രിക ആഴ്ചപ്പതിപ്പ് സെപ്തംബര്‍ 8-14 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
വരല്‍വരമ്പുകളിലെ പാട്ടുകളില്‍ നിന്ന് കവിതയുടെ ഉറവപൊട്ടി. അത് സംസ്‌കൃതികള്‍ക്ക് താളമിട്ട് അലിഖിതമായ വാക്കുകള്‍ ചുമന്ന് നടന്നു. ഓരോ കാലത്തും ജീവിതാവബോധത്തിനൊപ്പം സഞ്ചരിച്ച് മനുഷ്യസ്‌നേഹത്തിന്റെ, നന്മയുടെ, മൂല്യവത്തായ ആശയങ്ങളുടെ പുതിയ പുതിയ മേഖലകളിലേക്ക് കവിത കടന്നുചെന്നു. കവിതയുടെ പിതൃത്വം കീഴാള ജീവിതത്തിന്റെതാണ്. കര്‍ഷകനെയും പാടത്ത് പണിയെടുക്കുന്നവനെയും അവന്റെ സാമൂഹ്യനിലവാരത്തെയും അടയാളപ്പെടുത്തുന്ന കവിതകള്‍ കൊണ്ടാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാര്‍ ശ്രദ്ധേയനാകുന്നത്. ഈ കവി പ്രതിനിധീകരിക്കുന്നത് തിരസ്‌കൃത സമൂഹത്തിന്റെ മാനസിക വ്യാപാരങ്ങളെയാണ്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ട് അടുത്ത ദിവസങ്ങളിലൊന്നിലാണ് കൊല്ലം ജില്ലയിലെ കരിങ്ങന്നൂര്‍ ഗ്രാമത്തിലെത്തി കുരീപ്പുഴയെ കണ്ടത്. കുരീപ്പുഴയുടെ എഴുത്തും കാഴ്ചപ്പാടുകളും സംഭാഷണത്തില്‍ കടന്നുവന്നു.
ഒരു കവിയെന്ന നിലയില്‍ കുരീപ്പുഴക്ക് ഒരുപാട് പറയാനുണ്ട്. അത് ഒരു തിരുത്തല്‍ വാദിയുടെ ശബ്ദമല്ല. സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് വാര്‍ത്തകള്‍ക്ക് ഇരയാകാനുള്ള ആവേശവുമല്ല. കവിതകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, താന്‍ കവിതകളോട് സംവദിക്കുന്ന രീതിയും കാലത്തിന്റെ ഗതിവേഗങ്ങളില്‍ തുറന്നുപറയാനുള്ള തന്റെ മാധ്യമമായ കവിതയോടുള്ള സമീപനവും. ഈ കവിക്കുള്ളത് വ്യക്തമായ കാഴ്ചപ്പാടുകളാണ്. അമ്മ മലയാളം മുതല്‍ കീഴാളന്‍ വരെയുള്ള രചകളുടെ അന്തസത്ത വിളിച്ചുപറയുന്നത് അവഗണിക്കപ്പെടുന്നവന്റെ ജീവിത വ്യഥകളെക്കുറിച്ചാണ്. 'കീഴാളന്‍' എന്ന കവിതാ സമാഹാരമാണ് കുരീപ്പുഴയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നും കീഴാളന്റെ ജീവിത ദുരിതങ്ങള്‍ക്ക് മാനസികമായ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനാണ് താന്‍ ഇഷ്ടപെടുന്നതെന്ന് കുരീപ്പുഴ അടിവരയിട്ടു.
ഗ്രാമം, നന്മ, ലാളിത്യം
കുരീപ്പുഴയിലെ കവിയെ രൂപപ്പെടുത്തിയത് കൊല്ലം ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളുടെ സൗന്ദര്യവും അവിടെ ഗ്രാമീണ ജനതയുടെ സംസ്‌കാരവുമാണ്. കൊല്ലത്ത് കുരീപ്പുഴയില്‍ 1955ല്‍ ജനിച്ച കുരീപ്പുഴ ശ്രീകുമാര്‍ പുതുയുഗത്തിന്റെ കവിതക്ക് പുതിയ ഭാവുകത്വം നല്‍കി.
വാക്കുകളില്‍ വിപ്ലവവീര്യം പകര്‍ന്നു വച്ച കവി. ഹബീബിന്റെ ദിനക്കുറിപ്പുകള്‍, ശ്രീകുമാറിന്റെ ദുഃഖങ്ങള്‍, രാഹുലന്‍ ഉറങ്ങുന്നില്ല, അമ്മ മലയാളം, സൂയിസൈഡ് പോയിന്റ് ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കൃതികള്‍. വൈലോപ്പിള്ളി അവാര്‍ഡ്, ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പലപ്പോഴായി നിരവധി പുരസ്‌കാരങ്ങള്‍. കവിയുടെ ചിന്തകളോടും വിശ്വാസപ്രമാണങ്ങളോടും വിയോജിച്ചവരും മനസില്‍ തത്തിക്കളിക്കുന്ന വരികളിലൂടെ കുരീപ്പുഴയെ ഇഷ്ടപെടുന്നു.
കീഴാളന്‍ എന്ന കവിതയില്‍ കവി പറയാനുദ്ദേശിക്കുന്നതും താഴേക്കിടയിലുള്ള ജീവിതങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാണ്. കീഴാളന്റെ അന്തിപ്പട്ടിണിയുള്‍പെടെ സമൂഹം അവനെ തരം താഴ്ത്തുന്നതിനെയടക്കം നിശിതമായി വിമര്‍ശിച്ചു കൊണ്ട് കവി കീഴാളന്റെ യഥാര്‍ത്ഥ ചിത്രം അനുവാചക ഹൃദയങ്ങളില്‍ കോറിയിട്ടപ്പോള്‍ കേരള സാഹിത്യ അക്കാദമി അംഗീകാരവും ഈ 'കീഴാളനെ' തേടിയെത്തി.
കീഴാളന് സമര്‍പിച്ച വാക്കുകള്‍, വരികള്‍
അവന്‍ നമുക്ക് അന്നം ഉണ്ടാക്കിത്തന്നവനാണ്. അവന്‍ ജീവന്‍ പണയപ്പെടുത്തി പുറംകടലില്‍ പോയി മത്സ്യം കൊണ്ടുവന്ന് നമുക്ക് രുചിയോടെ ഭക്ഷണം കഴിക്കാന്‍ അവസരമൊരുക്കിയവനാണ്. അവനാണ് മറ്റുള്ളവര്‍ക്ക് വീട് ഉണ്ടാക്കിക്കൊടുത്തത്. അവനാണ് വസ്ത്രം ഉണ്ടാക്കിക്കൊടുത്തത്. കീഴാളന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശിയാണ്. കീഴാളന്റെ ജീവിതം പഠിക്കേണ്ടതുതന്നെയാണ്. കീഴാളന്‍ ഇന്നും അവഗണിക്കപ്പെടുകയാണ്. അവന് ഭരകൂടം നല്‍കുന്നത് ഔദാര്യമായി മാറുന്ന സ്ഥിതി. കീഴാന്റെ അവകാശങ്ങള്‍ അര്‍ഹിക്കുന്ന വിധത്തില്‍ പരിഹരിക്കപ്പെടാന്‍ ഒരു വര്‍ഗസമരവും ഇവിടെ നടന്നില്ല. അവന്‍ ഭൂവുടമയായില്ല. കോളനികളില്‍ തളച്ചിട്ട ജീവിതം അവന് സ്വാതന്ത്യം നല്‍കിയെന്ന് പറയാനുമാകില്ല.
ഞാന്‍ ജീവിക്കുന്ന സമൂഹത്തില്‍ കീഴാളരുടെ വേദനകള്‍ തളംകെട്ടി നില്‍ക്കുന്നുണ്ട്. കീഴാളര്‍, അതായത് ദളിതര്‍ ഇന്നും അവഗണിക്കപ്പെടുകയാണ്. സാഹിത്യത്തിലൂടെ ഞാന്‍ എന്റെ പ്രതിഷേധങ്ങളെ അടയാളപ്പെടുത്തും. അവരുടെ അരക്ഷിതാവസ്ഥയില്‍ ഞാനും പങ്കുചേരുന്നു. ദളിതരുടെ വേദനകള്‍ തുടച്ചു നീക്കാന്‍ അവരോട് ചേര്‍ന്ന് നില്‍ക്കാനാണ് എനിക്കിഷ്ടം. സാഹിത്യത്തിന്റെ ആവിര്‍ഭാവം സവര്‍ണരുടെ അഗ്രഹാരങ്ങളിലെ പൂജാമുറികളില്‍ നിന്നല്ല. കലകളുടെയും സാഹിത്യത്തിന്റെയും പ്രഭവകേന്ദ്രം കീഴാള ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അത് ആര്‍ക്കും വിസ്മരിക്കാനാവില്ല. എങ്കിലും പലപ്പോഴും ബോധപൂര്‍വം കീഴാളനെ അവഗണിക്കുന്നു.
വയലുകളിലേക്ക് തിരിച്ചുപോകണം
കുരീപ്പുഴയുടെ ഓര്‍മകളില്‍ വയല്‍ ഒരു ഗൃഹാതുര ഓര്‍മയാണ്. ഒരു കവിയുടെ മാനസികവും സാമൂഹ്യവുമായ ചിന്താമണ്ഡലത്തില്‍ വയലുകളും കൃഷിയും കടന്നുവരിക സ്വാഭാവികം. കവിതയുടെ ഉല്‍ഭവസ്ഥാനമായ ആ വയലുകള്‍ ഇന്ന് തരിശുഭൂമികളായിരിക്കെ നിശബ്ദനാകാന്‍ കവിക്കാവുന്നില്ല.
പരമ്പരാഗത മൂല്യങ്ങളുടെ ആധാരശിലയെന്ന് നമുക്ക് നിരീക്ഷിക്കാവുന്ന കാര്‍ഷിക സംസ്‌കാരം നഷ്ടമായതെങ്ങനെയാണ്?. കലപ്പ ഡോട്ട് കോം എന്ന കവിതയിലൂടെ പറയാന്‍ ശ്രമിച്ചത് അതാണ്. കലപ്പ ഉള്‍പെടെയുള്ള കാര്‍ഷികോപകരണങ്ങള്‍ പുതിയ കാലത്തിന് പരിചിതമല്ല. നെല്ല് പിടിക്കുന്ന മരമേതെന്ന് പുതിയ തലമുറ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. അവര്‍ നെല്‍ചെടിയെന്ന് പറയുന്നില്ല. അരിച്ചെടിയെന്ന് വിളിക്കുന്നു. കൃഷി ഇല്ലാതാകുന്നത് അടിസ്ഥാന വര്‍ഗത്തെ അവഗണിച്ചതുകൊണ്ടാണ്. ലിപികള്‍ ഇല്ലാത്ത ഭാഷയില്‍ നിന്ന് മഹാകാവ്യങ്ങള്‍ വരെ സമ്മാനിച്ചതും കൃഷിയാണ്. പാടത്ത് പണിയെടുക്കാന്‍ ആളില്ലാതായത് എന്തുകൊണ്ടാണ്?. മണ്ണിന്റെ യഥാര്‍ത്ഥ അവകാശികളെ ഈ രംഗത്ത് നിലനിര്‍ത്താന്‍ കഴിയാതായി. ഇവിടെ, സര്‍വണ മേധാവിത്വത്തിന്റെ ഇരയാണ് കൃഷിയെന്ന് പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ. സത്യത്തില്‍ അതാണ് സംഭവിച്ചത്. കൃഷി ഇല്ലാതാക്കിയത് സവര്‍ണ മേധാവിത്വത്തിന്റെ കിരാത വ്യവസ്ഥയാണ്. കര്‍ഷകത്തൊഴിലാളിക്ക് നല്ല വീട് പാടില്ല, അവന്‍ ചെരിപ്പിടാന്‍ പാടില്ല. അവനെപ്പോഴും മേലാളന്റെ അടിമയായി, വിനീതനായി പ്രവര്‍ത്തിക്കണം എന്നിങ്ങനെയുള്ള സവര്‍ണാധിപത്യ ചിന്തകളാണ് കാര്‍ഷിക മേഖലയെ പടിയിറക്കിയത്. കൃഷി ഇല്ലാതായതോടെ പലതും നമുക്ക് നഷ്ടമായി.
വയല്‍ നികത്തലിലെനിരെ ശക്തമായ നിയമം നിലനില്‍ക്കുന്ന നമ്മുടെ നാട്ടില്‍ വയല്‍ നികത്തി കൃഷിഭവന്‍ നിര്‍മിച്ച വിചത്രമായി സംഭവവും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല നിയമങ്ങള്‍ നമുക്കുണ്ട്. പക്ഷേ, അവ ഇംപ്ലിമെന്റ് ചെയ്യാന്‍ ആര്‍ജവമുള്ള ഒരു ഭരണകൂടമില്ല. രണ്ടാഴ്ചമുമ്പ് കേരള നിയമസഭ പാസാക്കിയ സേവനാവകാശ നിയമം ലക്ഷ്യംവെക്കുന്നത് വളരെ വലിയ മുന്നേറ്റമാണ്. എന്നാല്‍ ഇത് ഇംപ്ലിമെന്റ് ചെയ്യുന്നതും ഇപ്പോള്‍ നിലനില്‍ക്കുന്ന സംവിധാനത്തിലൂടെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് ആഹ്ലാദം തോന്നുന്നില്ല.
കേരളത്തിലെ എല്ലാ എഴുത്തുകാരും ഇപ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യം ടി.പി വധവുമായി ബന്ധപ്പെട്ടതാണ്. ടി.പി കൊല്ലപ്പെട്ടത് അപലപനീയം തന്നെയാണ്. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. രമയെ കണ്ടു. മകനെ കണ്ടു. അദ്ദേഹത്തിന്റെ അമ്മയെയും കണ്ടു മടങ്ങി. അതിനപ്പുറം എന്താണ് ചെയ്യുക. കവിത എഴുതണം എന്ന് നിര്‍ബന്ധിക്കരുത്. ഞാന്‍ എഴുതിയ കവിതകളൊന്നും ഒരു നിര്‍ബന്ധിത സാഹചര്യത്തില്‍ നിന്നുണ്ടായതല്ല.
അമ്മ മലയാളം
സഹ്യപുത്രിയായ മലയാളത്തെ ജനകീയമായി ചര്‍ച്ച ചെയ്യപ്പെടാന്‍ വഴിയൊരുക്കിയാണ് മുഖ്യധാരാ സാഹിത്യ ചര്‍ച്ചകളില്‍ കുരീപ്പുഴയുടെ അമ്മ മലയാളം കടന്നുവരുന്നത്. തികച്ചും അകന്നുനിന്ന രണ്ട് വാക്കുകളാണ് 'അമ്മ'യും 'മലയാള'വും. ഇവയെ കൂട്ടിയോജിപ്പിച്ചതിന് പിന്നില്‍ വളരെ വലിയ ഒരു ആശയ പൂര്‍ത്തീകരണമുണ്ടായിരുന്നു. ഇന്ന് 'അമ്മ മലയാളം' എന്ന പ്രയോഗത്തിന് ഒരുപാട് അര്‍ത്ഥ തലങ്ങളുണ്ട്.
മലയാളത്തിന് അതിന്റേതായ മാന്യമായ ഇരിപ്പിടം വേണമെന്ന് ആശിച്ച കവി, 'അമ്മ മലയാളം' എന്നൊരു കവിതാ പദ്ധതിക്കുതന്നെ തുടക്കം കുറിക്കുകയായിരുന്നു. പിന്നീട് ഈ പദം വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. ''വീണപൂവിന്റെ ശിരസ്സ് ചോദിക്കുന്നു/ പ്രേമ സംഗീത തപസ്സു ചോദിക്കുന്നു/ ചിത്ര യോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു /മണി നാദത്തിന്‍ മനസ്സ് ചോദിക്കുന്നു/ പാടും പിശാചു ശപിച്ചു ചോദിക്കുന്നു/ പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു/ കളിയച്ചനെയിത കിനാവ് ചോദിക്കുന്നു /കാവിലെ പൊട്ടന്‍ കരഞ്ഞു ചോദിക്കുന്നു/ പുതരിച്ചുണ്ടയായി ഗോവിന്ദ ചിന്തകള്‍/ പുസ്തകം വിട്ടു തഴച്ചു ചോദിക്കുന്നു/ എവിടെ എവിടെ എന്റെ സഹ്യ പുത്രി മലയാളം/ എവിടെ എവിടെ സ്‌നേഹ പൂര്ണ മലയാ ളം''- പൊതുവേദികളില്‍ മലയാളം സംസാരിച്ചാല്‍ അഭിമാനക്ഷതമെന്ന് കരുതുന്ന ഒരു തലമുറയ്ക്ക് മുന്നിലാണ് കവി 'അമ്മ മലയാളത്തെ' അവതരിപ്പിച്ചത്.
നഗ്‌ന കവിത
പാരമ്പര്യമായി കവിതക്ക് മേല്‍ ചാര്‍ത്തിയിരുന്ന ഉടയാടകള്‍ അഴിച്ചുമാറ്റി കവിതയെ നഗ്‌നയായി നടത്താന്‍ ധൈര്യം കാട്ടിയ ആദ്യ മലയാള കവിയാണ് കുരീപ്പുഴയെന്ന് നിരീക്ഷിച്ചാല്‍ അത് ശരിവെക്കുന്നതാണ് നഗ്‌ന കവിതകളുടെ പരമ്പര. 1993ല്‍ 'ബുള്ളറ്റിന്‍' എന്ന കവിതയിലൂടെ ജനാധിപത്യ വ്യവസ്ഥയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇപ്പോള്‍ തുടര്‍ന്നുവരുന്ന രീതി അപ്രായോഗികമാണെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് നഗ്‌ന കവിതകള്‍ക്ക് തുടക്കമിട്ടത്. ഈ കവിത തമിഴിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റം ചെയ്തപ്പോള്‍ നിരവധി പ്രതികരണങ്ങളാണുണ്ടായത്. ബുള്ളറ്റിന്‍ മുതലാണ് നഗ്‌ന കവിതകളെക്കുറിച്ച് ആലോചിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി വിജയിക്കുന്നത് ഭൂരിപക്ഷത്തിന്റെ വോട്ട് നേടിയല്ല. മറ്റ് സ്ഥാനാര്‍ത്ഥികളെ അപേക്ഷിച്ച് കൂടുതല്‍ വോട്ട് ലഭിക്കുന്നയാള്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയാണ് പതിവ്. ഇത് ശരിയായ ജനാധിപത്യമാണോ? ഇത്തരത്തില്‍ ധാരാളം കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. അതിന് വളരെ സ്വതന്ത്രമായ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കേണ്ടി വരും. അതിനുള്ള വഴിയാണ് നഗ്‌ന കവിതകള്‍ തുറന്നിടുന്നത്. പറയേണ്ടത് വെട്ടിത്തുറന്ന് പറയുക. അതിന് കവിതയുടെ ചട്ടക്കൂടുകള്‍ തടസമാകാതിരിക്കുക. എന്തും ഏത് രീതിയിലും എഴുതാവുന്നതാണ് നഗ്‌ന കവിതയുടെ ഘടന. അത് ചിലപ്പോള്‍ അതിരൂക്ഷമായ ആക്രമണങ്ങളാകാം. നര്‍മത്തില്‍ പൊതിഞ്ഞ ആക്ഷേപശരങ്ങളാകാം. ''മരിക്കുന്നെങ്കില്‍/ തെരഞ്ഞെടുപ്പ് കാലത്ത് മരിക്കണം/ സ്ഥാനാര്‍ത്ഥികള്‍/ ഖദറിട്ടതും ഇടാത്തതും/ റീത്തുകള്‍/ കണ്ണീര്‍ കഞ്ഞിവീഴ്ത്തുകള്‍/ മരണക്കോമാളി/ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വന്നാലോ/ ശൂന്യം വീട്ടുമുറ്റം''- ഇതൊരു 'നഗ്‌ന' ഉദാഹരണം മാത്രം.
പ്രണയത്തിലെ കാവ്യാനുഭവം
പ്രണയം എല്ലാക്കാലത്തുമുള്ളതാണ്. എന്നാല്‍ ഒരു കാലഘട്ടം കേരളത്തിലെ കാമ്പസുകള്‍ ആഘോഷിച്ച കവിതയാണ് കുരീപ്പുഴയുടെ 'ജെസ്സി'.ജെസ്സി എന്ന കവിതയുടെ വരികള്‍ പ്രണയ സ്വാസ്ഥ്യമായോ അസ്വാസ്ഥ്യമായോ പറ്റിപ്പിടിച്ചിരുന്നു. അത് ആ കാലത്തിന്റെ പ്രത്യേകത കൊണ്ടല്ല. ഇന്നും ആ കവിത തന്നെ വേദികളില്‍ ചൊല്ലപ്പെടുന്നു. 'പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം സ്വപ്ന ശൈലങ്ങളില്‍ ചെന്നു ചുംബിക്കവെ/ ഉത്തുംഗതകളില്‍ പാരവതീ ശങ്കര തൃഷ്ണകള്‍ നേടി കിതച്ചാഴ്ന്നിറങ്ങവേ'- ജെസി വഴിതെറ്റിയ കൗമാരങ്ങളെയാണ് വിരല്‍ചൂണ്ടിയത്. പിന്നീടതൊരു യാഥാര്‍ത്ഥ്യമായി മാറി.
അത്ഭുതം തോന്നിയിട്ടുണ്ട് ജെസ്സിയേക്കാളും പ്രായം കുറഞ്ഞ തലമുറ ഈ കവിത ആവശ്യപ്പെടുന്നതുകണ്ട്. ജെസ്സി അവരുടേതായതുകൊണ്ടാവാം. ജെസ്സി അവരുടെ കവിതയാണ്. എല്ലാ മാധ്യമങ്ങളും തിരസ്‌കരിച്ചിട്ടും ജസ്സിക്ക് ജീവന്‍ കൊടുത്തത്തത് അവരാണ്. പലരും തിരിച്ചയച്ച കവിതയാണ് ജെസ്സി. പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് വിധിയെഴുതിയ കവിത പിന്നീട് സമഗ്രമായി പഠന വിധേയമാക്കേണ്ടിവന്നു പലര്‍ക്കും.
എല്ലാ കവിതകളും ഉടലെടുത്തത് ദു:ഖത്തില്‍ നിന്നാണെന്നും ചില നര്‍മബോധങ്ങള്‍ പോലും ദു:ഖത്തിന്റെ ഉല്‍പന്നമാണെന്നും കവി സ്ഥിരീകരിക്കുന്നു. പ്രകൃതിയോടുള്ള പ്രേമം, വള്ളികള്‍, വൃക്ഷങ്ങള്‍, പക്ഷികള്‍ ഇതെല്ലാം കവിതക്ക് കാരണമാകുന്നു. കാവ്യാനുഭവങ്ങളില്‍ പറയാന്‍ ഏറെയുണ്ട്. അതെല്ലാം പലപ്പോഴായ പറഞ്ഞു പറഞ്ഞ് മടുത്തു. സാഹിത്യമെന്നത് എക്കാലത്തും നിഷേധത്തിന്റെ കലയാണ്. പൂര്‍വികരായ ഗുരുക്കന്മാരെ നിഷേധിച്ചുകൊണ്ട് മാത്രമേ യുവതലമുറയിലെ എഴുത്തുകാര്‍ക്ക് തങ്ങളുടെ സ്വത്വം നിലനിര്‍ത്താന്‍ കഴിയൂ. സാഹിത്യ ലോകത്ത് ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരെല്ലാം തങ്ങളുടെ മുന്‍ഗാമികളെ ധിക്കരിച്ചാണ് സ്വന്തം ഇടം നേടിയത്.
എന്റെ അലച്ചിലുകള്‍ക്ക് കാരണം ഏക്കാലത്തും എന്നെ ബാധിച്ചിരുന്ന അസ്വാസ്ഥ്യങ്ങളാണ്. ഈ അസ്വാസ്ഥ്യങ്ങള്‍, സാമൂഹ്യപരിവര്‍ത്തനം, പ്രണയം, സ്വപ്നങ്ങള്‍ തുടങ്ങിയവ എനിക്കു തന്നതാണ് കവിതക്ക് പ്രേരണയായി തീര്‍ന്നത്. ഇത്തരം അസ്വസ്ഥതകളില്‍ നിന്നാണ് അക്ഷരപ്പൂട്ടുകള്‍ തുറന്നുവരുന്നത്. അസ്വസ്ഥ പ്രദേശത്തുനിന്നും കവിതയുടെ തടാകക്കരയിലേക്ക് യാത്ര ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. പരാജയപ്പെട്ടു. ഓരോ കവിതയും ഓരോ തോല്‍വിയുടെ അടയാളങ്ങളാണ്. പരുക്കുകള്‍ പുരട്ടിയ സ്‌നേഹമരുന്നാണ് കവിത.
അക്കാദമി അവാര്‍ഡ്
ഒരു സവര്‍ണ ദൈവത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഒരിക്കല്‍ അവാര്‍ഡ് നിശ്ചിയിച്ചപ്പോള്‍ എനിക്ക് നിരസിക്കേണ്ടിവന്നിട്ടുണ്ട്. അത്തരം സമ്മാനങ്ങള്‍ വെച്ചുനീട്ടിയാല്‍ ഇനിയും നിരസിക്കും. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി 'കീഴാള'നെ കവിതാപരമായ മേന്മകൊണ്ട് പരിഗണിച്ചിരിക്കുന്നു എന്നാണ് മനസിലാക്കുന്നത്. സമൂഹം നല്‍കുന്ന പീഡാനുഭവങ്ങളില്‍നിന്ന് ഉയരുന്ന നിലവിളിയാണ് കവിത. അവാര്‍ഡ് വലിയൊരു ലഗേജാണെന്ന കവി എന്‍.എന്‍ കക്കാടിന്റെ വാക്കുകള്‍ ഇടക്കിടെ ഓര്‍ത്തുപോകും. അവാര്‍ഡുകളില്‍ മതിമറക്കാറില്ല. കിട്ടാത്തതില്‍ വിഷമവുമില്ല. അമിതമായ അവാര്‍ഡ് ഭ്രമം എഴുത്തിനെ ബാധിക്കും.
എഴുത്തില്‍ കുരീപ്പുഴക്ക് ഇടവേളകളില്ല. അടുത്ത കവിതാ സമാഹാരം 'നരകത്തിലേക്കൊരു ടിക്കറ്റ്' ഉടന്‍ പുറത്തിറങ്ങും. ഈ കവിയുടെ ആത്മസംഘര്‍ഷങ്ങള്‍ വ്യക്തിപരമായി വേദനകളല്ല, സാമൂഹ്യ ഘടനയോടുള്ള അടങ്ങാത്ത പ്രതിഷേധങ്ങളാണ്. മൂല്യബോധവും പാരമ്പര്യവും സാമൂഹ്യ ചുറ്റുപാടും വിസ്മരിച്ച് എഴുത്തുകാരന് നിലനില്‍ക്കാനാവില്ല. നിരന്തരമായ പോരാട്ടങ്ങളില്‍ ഒപ്പം കൂട്ടുന്നതാകട്ടെ സമൂഹത്തിന്റെ അടുക്കളപ്പുറങ്ങളില്‍ അരക്ഷിതാവസ്ഥയില്‍ തളച്ചിട്ടിരിക്കുന്ന ഒരു ജനതയെ.

No comments:
Post a Comment