എമര്‍ജിംഗ് കേരള- സി.പി.എം
വിസ്മരിക്കുന്നത്
ഫിര്‍ദൗസ് കായല്‍പ്പുറം
''എമര്‍ജിംഗ് കേരളയോ...
അതെന്താണെന്ന് അറിയില്ല. എന്താണ് ഈ സംഗമത്തിന്റെ ഉദ്ദേശം, എന്തുതരം വികസനമാണ്
യു.ഡി.എഫ് ലക്ഷ്യംവെക്കുന്നത്. ഞങ്ങള്‍ക്ക് ഇതിനോട് സഹകരിക്കാന്‍ കഴിയില്ല.
എമര്‍ജിംഗ് കേരളയുടെ വെബ്സൈറ്റ് നോക്കിയിട്ട് ഒന്നും മനസിലായില്ല.
മനസിലാക്കുന്നതില്‍ പറ്റിയ പിഴവാണെങ്കില്‍ വീണ്ടും പരിശോധിക്കാം, പഠിക്കാം. പക്ഷേ,
ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ പദ്ധതിക്ക് ഞങ്ങളില്ല''- കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്
സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷം
മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞ വാക്കുകളാണിത്.
ഇടതുമുന്നണി
നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും വസ്തുതകള്‍ നിരത്തിയല്ലെന്നതാണ്
വിചിത്രം. 'എമര്‍ജിംഗ് കേരള'യെന്നാല്‍ കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍
നടപ്പിലാക്കാന്‍ കഴിയുന്ന ഐ.ടി ഉള്‍പെടെയുള്ള വികസന പദ്ധതികളെക്കുറിച്ചുള്ള
ആലോചനക്കും പഠനത്തിനും സാധ്യതകള്‍ ആരായുന്നതിനുമുള്ള ഒരു ഒത്തുചേരല്‍ മാത്രമാണ്.
കേരളത്തെ സംബന്ധിച്ച് എക്കാലവും വികസനത്തിന് തടസമാകുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ
അഭാവവും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്. ഇതെല്ലാം എങ്ങനെ
പരിഹരിക്കാം, ഏതെല്ലാം മാര്‍ഗങ്ങളാണ് നമുക്കുമുന്നിലുള്ളത്, പദ്ധതികള്‍ ഭാവിയില്‍
കേരളത്തിന് മുതല്‍ക്കൂട്ടാവുമോ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ആരോഗ്യകരമായ ഒരു
ചര്‍ച്ചാ സംഗമമാണ് ഈ ആഗോള നിക്ഷേപ കൂട്ടായ്മയിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ
പാര്‍ട്ടിയെന്ന നിലയില്‍ അഭിപ്രായം രേഖപ്പെടുത്താനും അനുകൂലിക്കാനും വിയോജിക്കാനും
സി.പി.എമ്മിന് അവസരമുണ്ട്. ഇത് പ്രയോജനപ്പെടുത്തുകയാണ് ജനപക്ഷത്തുനില്ക്കുന്ന
രാഷ്ട്രീയപാര്‍ട്ടി ചെയ്യേണ്ടത്. എന്നാല്‍ എമര്‍ജിംഗ് കേരളയിലെ യു.ഡി.എഫ്
സര്‍ക്കാര്‍ കേരളത്തെ തീറെഴുതി വില്ക്കുന്നുവെന്ന് പ്രചരിപ്പിക്കേണ്ടത്
സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യവും അനിവാര്യവുമാണ്. സി.പി.എം ഇന്ന്
അകപ്പെട്ടിരിക്കുന്ന ഊരാക്കുടുക്കില്‍ നിന്ന് കരകയറാന്‍ വികസനത്തെ തുരങ്കംവെക്കുന്ന
കുറുക്കുവഴിതന്നെ തെരഞ്ഞെടുക്കണോയെന്ന് ചിന്തിക്കാന്‍ അവര്‍ക്കിനിയും സമയമുണ്ട്.
അഴിമതി എമര്‍ജ് ചെയ്യാനുള്ള സംഗമമാണ് എമര്‍ജിംഗ് കേരളയിലൂടെ നടപ്പിലാകുന്നതെന്നാണ്
വി.എസിന്റെ ആരോപണം. മുഖ്യമന്ത്രി പദത്തിലുണ്ടായിരുന്ന കാലത്തെ അനുഭവങ്ങളാകണം
അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്.
കേരളത്തെ പോലെ ഒരു വികസ്വര
സമൂഹത്തിന്റെ ദൈനംദിന ചുറ്റുപാടുകള്‍ എപ്പോഴും ഉറ്റുനോക്കുന്നത് നാളകളിലേക്കുള്ള
സുരക്ഷിത സങ്കേതങ്ങളെയാണ്. ഒരു ഭരകൂടത്തിന്റെ യഥാര്‍ത്ഥ കര്‍ത്തവ്യവും അതുതന്നെ.
ഒന്നുമില്ലായ്മയില്‍ നിന്നും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തെ പോലെ
പരിമിതികളുള്ള ഒരു സംസ്ഥാനത്തിനാകില്ല. ആഗോളതലത്തിലെ പൊതുവളര്‍ച്ചാ
സാധ്യതകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ നാം നിര്‍ബന്ധിതമാകുന്നു. വികസനസ്വപ്നങ്ങള്‍
ഏതുതരത്തില്‍ പ്രായോഗികമായി പൂര്‍ത്തീകരിക്കാമെന്നത് ഏറെ പ്രധാനമാണ്. ഇതൊരു
നിര്‍ണായക ഘട്ടമാണ്. എമര്‍ജിംഗ് കേരള സംഗമം കേരളത്തിന് വാനോളം പ്രതീക്ഷ നല്കുന്നു.
എന്നാല്‍ വികനവിരുദ്ധ നയത്തില്‍ നിന്ന് പിന്മാറാന് സി.പി.എമ്മിന് ഇപ്പോഴത്തെ
സ്ഥിതിയില്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം, ആ പാര്‍ട്ടിയുടെ മസ്തിഷ്കം നിറയെ
ഭീതിയുടെയും സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുന്നതിന്റെയും അണുക്കള്‍ കൊണ്ട്
നിറഞ്ഞിരക്കുന്നു.
വി.എസ് അച്യുതാനന്ദന് എന്നും ഒരു പൊതുശത്രുവേണം. അതിന് കഴിഞ്ഞ
കുറേക്കാലമായി ഇരയാകുന്നത് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയാണ്. എമര്‍ജിംഗ്
കേരളക്ക് അച്യുതാനന്ദന് ഇത്രയധികം അയിത്തം കല്പിക്കാനുള്ള പ്രധാനകാരണം അതാണെന്ന്
സാമാന്യബോധമുള്ളവര്‍ക്ക് തിരിച്ചറിയാം. എന്തുകൊണ്ട് എല്‍.ഡി.എഫ് ഭരണകാലത്ത് ഇത്തരം
ഒരു വികസന സമീപനം രൂപപ്പെടുന്നില്ലെന്ന് ചിന്തിക്കാന്‍ നാം ഇനിയും തയാറായിട്ടില്ല.
ദുബായ് ടീകോം റിയല്‍എസ്റ്റേറ്റ് കച്ചവടക്കാരാണെന്നാണ് സ്മാര്‍ട്സിറ്റി
നടപ്പിലാക്കുന്നതുമായി അച്യുതാനന്ദന് ഉന്നയിച്ച ആരോപണം. പിന്നീട് യു.ഡി.എഫ്
സര്‍ക്കാര്‍ അധികാരമേറ്റശേഷം ടീകോമുമായി ചര്‍ച്ച നടത്തി സ്മാര്‍ട്സിറ്റിയെ
സംബന്ധിച്ച ആശങ്കകള്‍ നീക്കി നിര്‍മാണം ആരംഭിക്കുകയായിരുന്നു. സമാനമായ ആക്ഷേപമാണ്
എമര്‍ജിംഗ് കേരളയിലെ പദ്ധതികളെക്കുറിച്ചും വി.എസ് ഉന്നയിക്കുന്നത്. വി.എസിന്റെ
ലക്ഷ്യം പദ്ധതികള്‍ മുടക്കുകയെന്നതല്ലാതെ മറ്റൊന്നുമല്ലെന്ന് ആര്‍ക്കാണ്
അറിയാത്തത്.
എമര്‍ജിംഗ് കേരള യാഥാര്‍ത്ഥ്യമായാല്‍ അടുത്ത രണ്ട് പതിറ്റാണ്ടിനിടെ
കേരളത്തില്‍ ഉയര്‍ന്നുവരുന്നത് തലമുറകളുടെ തൊഴില്‍ സുരക്ഷിതത്വം കൂടിയാണ്. ഇവിടെ
പൊതുസമൂഹം ചിന്തിക്കുന്നതെന്താണെന്ന് കണ്ടെത്താന്‍ സി.പി.എമ്മിനെ പോലെ ശക്തമായ
പ്രവര്‍ത്തക ശൃംഖലയുള്ള പാര്‍ട്ടി എന്തുകൊണ്ട് തയാറാകുന്നില്ലെന്നത് ഈ
പൊള്ളത്തരത്തെ വെളിപ്പെടുത്തുന്നു. സമൂഹം കാത്തിരിക്കുന്നത് സാമൂഹ്യ, സാമ്പത്തിക
രംഗത്തെ വളര്‍ച്ചയാണ്. വ്യവസായവും വിവരസാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്താന്‍
മനുഷ്യവിഭവത്തിന്റെ കാര്യത്തില്‍ സമ്പന്നമായ ഒരു സംസ്ഥാനം മറ്റേത് മാര്‍ഗമാണ്
തേടേണ്ടത്..?
സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍
അടിസ്ഥാനമേഖലകളില്‍ ആസൂത്രണം ചെയ്തിട്ടുള്ള നിക്ഷേപസാധ്യതകളെക്കുറിച്ച് അറബ്
രാജ്യങ്ങള്‍ക്കു പുറമേ ബ്രിട്ടണ്, ആസ്ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളുമായി ഇതിനകം
ചര്‍ച്ച നടത്തിയിരുന്നു. ദേശീയ നിക്ഷേപ ഉല്പാദന മേഖല, ചെറുകിട തുറമുഖ വികസനം,
ഉന്നത വിദ്യാഭ്യാസ വികസനം, പ്രകൃതിവാതകം അടിസ്ഥാനപ്പെടുത്തിയുള്ള വൈദ്യുതോല്പാദനം,
ഉള്‍നാടന്‍ ജലഗതാഗതം തുടങ്ങിയ പദ്ധതികളില്‍ ബ്രിട്ടണ് താല്പര്യം
അറിയിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യ, ആരോഗ്യപരിരക്ഷ, അടിസ്ഥാന സൌകര്യവികസനം,
വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കേരളത്തിന്റെ സാധ്യത നിരത്തിയും അതിനുള്ള സന്നദ്ധത
അറിയിച്ചുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും
വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തിയത്. സംസ്ഥാനത്തിന്റെ വൈദഗ്ധ്യമേറിയ
തൊഴില്‍ശക്തിയിലും ഇവിടത്തെ ഉയര്‍ന്ന ജീവിതനിലവാരത്തിലും ഈ രാജ്യങ്ങള്‍ പ്രത്യേകം
താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന്
പുറമെ ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ ബിസിനസ് കേന്ദ്രമാക്കി മാറ്റുന്നതിന്
ലക്ഷ്യമിട്ടുകൊണ്ടാണ് എമര്‍ജിംഗ് കേരള രണ്ട് വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കാന്‍
സര്‍ക്കാര്‍ തീരുമാനിച്ചത്.
ഐ.ടിയും ഐ.ടിഅധിഷ്ഠിത സേവനങ്ങളും, വിനോദസഞ്ചാരം,
ആരോഗ്യസംരക്ഷണം, എഞ്ചിനീയറിംഗ് ഓട്ടോമോട്ടീവ്, ട്രേഡ് ആന്റ് റീറ്റെയ്ലിംഗ്,
ഭക്ഷ്യകാര്‍ഷിക സംസ്കരണവും മൂല്യവര്‍ധനയും, ജെം ആന്റ് ജൂവല്‍റി അപൂര്‍വ
ധാതുക്കള്‍, ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ്, തുറമുഖങ്ങള്‍, കപ്പല്‍
നിര്‍മാണവും അനുബന്ധ വ്യവസായങ്ങളും, ഇലക്ട്രോണിക്സ്, വിജ്ഞാനവിദ്യാഭ്യാസ മേഖല,
ഗ്യാസ് ബേസ്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹരിതോര്‍ജം, ബയോ ടെക്നോളജിയും നാനോ
ടെക്നോളജിയും ഔഷധ വ്യവസായവും
നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം,
ഇന്‍ഫോടെയ്ന്‍മെന്റ്, ലോജിസ്റ്റിക്സ് പാര്‍ക്കുകള്‍, പെട്രോ കെമിക്കല്‍സ്,
പരിസ്ഥിതി സാങ്കേതിക വിദ്യ, വാട്ടര്‍ ടെക്നോളജീസ്, വ്യാവസായികാടിസ്ഥാന സൗകര്യ
വികസനം, വിമാനത്താവള വികസനം, വിമാന- ഹെലികോപ്റ്റര്‍ സര്‍വീസുകള്‍, ജലഗതാഗതം,
മികവിന്റെ കേന്ദ്രങ്ങള്‍, റോഡ്, റെയ്ല്, ഊര്‍ജം, ജലവിതരണം, മലിനജല നിര്‍ഗമനം
ഉള്‍പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലാണ് കേരളം എമര്‍ജിംഗ്
കേരളയിലൂടെ നിക്ഷേപം തേടുന്നത്.
വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍
ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനല്‍, ഹൈ സ്പീഡ് റെയ്ല് കോറിഡോര്‍, ഗ്യാസ്
ഇന്‍ഫ്രാസ്ട്രക്ചര്‍, കൊച്ചികോയമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍,
ഇലക്ട്രോണിക്സ് ഹബ്ബ്, ലൈഫ് സയന്‍സ് പാര്‍ക്ക്, മുന്‍സിപ്പല്‍ വേസ്റ്റ്
മാനേജ്മെന്റ്, ഊര്ജോല്പാദന പദ്ധതികള്‍, മോണോ റെയ്ല് തുടങ്ങിയ നിരവധി
പദ്ധതികളാണ് നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. കൂടാതെ വിവിധ
മേഖലകളിലെ നിക്ഷേപ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് അതത് മേഖലകളില്‍ മികവും
വൈദഗ്ധ്യവുമുള്ള പ്രഗത്ഭര്‍ അവരുടെ കാഴ്ചപ്പാടുകള്‍ മേളയില്‍വെച്ച് നിക്ഷേപകരുമായി
പങ്കിടും. ഇത്രത്തോളം ബൃഹത്തായ ഒരു ദൗത്യത്തിന് സര്‍ക്കാര്‍ തയാറെടുക്കുമ്പോള്‍
മുഖം തിരിഞ്ഞുനില്‍ക്കുന്ന സി.പി.എമ്മിനെ നയിക്കുന്ന വികാരമെന്തെന്ന് ഇനിയും
വ്യക്തമല്ല. കേരളത്തിന്റെ ഭൂമി ആര്‍ക്കും തീറെഴുതിക്കൊടുക്കുന്നത് ശരിയായ
നടപടിയല്ല. അത് ഏത് വികസനത്തിന്റെ പേരിലായാലും ന്യായീകരിക്കാവുന്നതുമല്ല. പക്ഷേ,
ഇത് തുറന്നുപറയാനും ഓരോ പദ്ധതിയെയും സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്ത് ആശങ്കകള്‍
ദുരീകരിക്കാനും സി.പി.എമ്മോ അച്യുതാനന്ദനോ ഇനിയും സമയം കണ്ടെത്തിയിട്ടില്ല. ആ
സ്ഥിതിക്ക് എതിര്‍ക്കുന്നതിന്റെ കാരണം അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. എമര്‍ജിംഗ്
കേരളയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം
ബഹിഷ്കരിച്ചുകൊണ്ട് മാസങ്ങള്‍ക്കുമുമ്പ് തുടക്കമിട്ട വിരുദ്ധശബ്ദമാണ് സി.പി.എം
കഴിഞ്ഞ ദിവസം അല്പംകൂടി ഉറക്കെപ്പറഞ്ഞത് എന്നുമാത്രമേ
കരുതേണ്ടതുള്ളൂ.
..................................................................