Saturday, April 6, 2013


കല്യാണത്തിന്റെ തെക്കന്‍ മൊഞ്ച്

ഫിര്‍ദൗസ് കായല്‍പ്പുറം

നാണത്തോടെ മുഖം കുനിച്ചും നഖം കടിച്ചും മണിയറയിലേക്ക് കടന്നുവരുന്ന നവവധു. ആദ്യ സ്പര്‍ശനത്തിന്റെ ആനന്ദത്തിനായി കാത്തിരിക്കുന്ന വരന്‍. ജീവിതം തുടങ്ങുന്ന രാത്രിയെക്കുറിച്ചുള്ള ആകാംക്ഷകളോടെ, തെല്ല് ഭയത്തോടെയാകും ഇരുവരും കടന്നുവരുന്നത്. എന്നാലിത് പല ദേശങ്ങളിലും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പ്രധാനമായും മൂന്ന് സംസ്‌കാരങ്ങളുടെ സംയക്താനുഭവമാണിത്. തമിഴ് ബ്രാഹ്മണരുടെ ജീവിതചര്യകള്‍ ഈ നാടിന്റെ ഒരു പ്രവിശ്യയുടെ വിവാഹങ്ങളെയും സ്വാധീനിച്ചു. തിരുവിതാംകൂര്‍ മുസ്‌ലിമിന് മറ്റൊരു കല്യാണ രീതിയാണ്. ഹൈന്ദവ സമൂഹമാകട്ടെ ആചാരങ്ങളുടെ കാര്യത്തില്‍ ഒട്ടുംപിന്നിലല്ല. കല്യാണത്തിന്റെ ആചാരങ്ങള്‍ ഏതാണ്ട് അതേപടി ആദ്യരാത്രികളിലേക്കും ചേക്കേറുന്നു.
പവിത്രമായ ആദ്യ രാത്രിയുടെ ചടങ്ങുകളെ തിരുവിതാംകൂറില്‍ ഇപ്പോഴും പിന്തുടരുന്നത് പഴമയുടെ പെരുമയോടെ തന്നെയാണ്. നവവധുവിന്റെ ആശങ്കകളും പുതുമണവാളന്റെ ആശകളും എല്ലാ ദേശത്തും കാലത്തും ഏറെക്കുറെ ഒരുപോലെ തന്നെയാണ്. എന്നാല്‍ തിരുവിതാംകൂറിലെ യുവത്വത്തിന് ആദ്യരാത്രി പ്രതീക്ഷകളുടേത് തന്നെയാണ്. നാളെയിലേക്കുള്ള അഭിവൃദ്ധിക്ക് ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇവര്‍ കൂട്ടുപിടിക്കുന്നു. അപരിചിതരായ രണ്ടുപേര്‍, അല്ലെങ്കില്‍ കുറച്ചുകാലത്തെ പരിചയം മാത്രമുള്ള രണ്ടുപേര്‍ ഏറ്റവും അടുത്തിടപഴകുന്ന ആദ്യമണിക്കൂറുകളില്‍ ജാതിയുടെയും മതത്തിന്റെയും ചടങ്ങളുകള്‍ കിടക്കറ കയ്യടക്കുന്നത് അപൂര്‍വമല്ല.

മഞ്ഞള്‍ മണക്കുന്ന മണിയറ

കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കന്യാകുമാരി മുതല്‍ കളിയിക്കാവിള വരെ ഇപ്പോഴും തമിഴ് ദ്രാവിഡ സംസ്‌കാരത്തിന്റെ അനുഷ്ഠാനങ്ങളുണ്ട്. മഞ്ഞള്‍, പൂക്കള്‍, പഴങ്ങള്‍ തുടങ്ങിയവ കിടക്കറയില്‍ വെച്ച് പ്രാര്‍ത്ഥനാ സമാനമായ അന്തരീക്ഷത്തിലേക്കാണ് നവവധു കടന്നുചെല്ലുന്നത്. നാണത്തില്‍ മുങ്ങി അവള്‍ നില്‍ക്കുമ്പോള്‍ ശുഭ്രവസ്ത്രധാരിയായ വരന്‍ അവളെ അരുമയോടെ കിടക്കറയിലേക്ക് നയിക്കുന്നു. ആദ്യരാത്രിയില്‍ സെക്‌സിനേക്കാളേറെ മാനസിക വൈകാരികതയെ അടയാളപ്പെടുത്തലാണ് ഈ തമിഴ് കള്‍ച്ചള്‍. ഏതാണ്ട് തിരുവനന്തപുരം ജില്ലയുടെ ഒരു ഭാഗം ഇപ്പോഴും മലയാളം സംസാരിച്ചുകൊണ്ട് തമിഴ് കല്യാണങ്ങളെ സ്വീകരിക്കുന്നു. വലിയ ആഘോഷമാകണം കല്യാണം എന്ന ചിന്തയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ കൂടുതലായി ഉപയോഗിക്കാറില്ലാത്ത ഇവര്‍, കല്യാണം കഴിഞ്ഞാലുടന്‍ സ്വര്‍ണം ഊരിവെച്ച് കുപ്പിവഴകളും മുത്തുമാലകളും അണിയുന്നു. അവള്‍ കൂടുതല്‍ സുന്ദരിയായാണ് മണിയറയിലേക്ക് കടക്കുന്നത്.

അന്യവീട്ടിലെ പൊട്ടിച്ചിരി

തിരുവിതാംകൂറിലെ ഹൈന്ദവ വിവാഹങ്ങള്‍ ഇപ്പോഴും ഒരുക്കങ്ങളുടെ പരമകോടിയിലാണ്. മംഗല്യ ദിനത്തില്‍ വധുവിന്റെ വസ്ത്രങ്ങള്‍ക്കും ചമയങ്ങള്‍ക്കും വളരെ പ്രത്യേകതകളുണ്ട്. ആദ്യരാത്രിയോളം പുടവ മാറ്റിയും ചമയങ്ങളും വീണ്ടും വീണ്ടും അണിയിക്കുന്നു. വരന്റെ വീട്ടിലാണ് ആദ്യരാത്രി.
ഒരു പരിചയവുമില്ലാത്ത ഒരു വീട്ടില്‍, അന്യപുരുഷനൊപ്പം കഴിയേണ്ടി വരുന്ന പരിഭ്രമത്തിലാകും നവവധു. പക്ഷേ, വരന്റെ വീട്ടുകാര്‍ ഈ കുറവ് നിസാരമായി പരിഹരിക്കുമെന്നതാണ് കല്യാണ ദിവസം വൈകിട്ട് വരന്റെ വീട്ടില്‍ കാണാനാവുന്നത്. വധുവിനെ അവര്‍ ആദ്യദിനം തന്നെ കളിതമാശകള്‍ കൊണ്ട് പൊതിയും. അവളെ അടുക്കളയില്‍ ഇരുത്തി വരന്റെ ബന്ധുക്കള്‍ ചുറ്റുമിരുന്നത് റാഗിംഗിന് സമാനമായ ചില പൊടിക്കൈകള്‍ പരീക്ഷിക്കും. ചിലര്‍ ഈ റാഗിംഗിലെ തമാശകള്‍ ഉള്‍ക്കൊള്ളാനാകാതെ ഒച്ച വെക്കാറുമുണ്ട്. വരന്റെ വീട്ടിലെ അടുക്കളയില്‍ നിന്നും ആദ്യരാത്രിക്കുള്ള പാലുമായി കിടക്കറയിലേക്ക് നടക്കാന്‍ പെണ്ണിനെ പ്രാപ്തമാക്കുകയാണ് ഈ തമാശക്കൂട്ടിന്റെ ലക്ഷ്യം. കിടക്കറയിലേക്ക് കടമ്പോഴേക്കും വരന്റെ വീടും അവിടത്തെ അന്തരീക്ഷവും പെണ്ണ് അത്യാവശ്യം പൊരുത്തപ്പെട്ടിരിക്കുമെന്നതാണ് പ്രത്യേകത. പൂക്കള്‍ കൊണ്ട് അലങ്കരിച്ച കിടക്കയിലേക്ക് അടക്കിപ്പിടിച്ച ശ്വാസത്തോടെ ചായുമ്പോഴും അവളുടെ ഉള്ളില്‍ അല്‍പം മുമ്പ് അവിടത്തെ പെണ്ണുങ്ങള്‍ കാട്ടിക്കൂട്ടിയ കുസൃതിയാകും തെളിഞ്ഞുവരിക.  

കല്യാണ രാത്രിയിലെ സംഗീതം

തെക്കന്‍ കേരളത്തിലെ മുസ്‌ലിം ഭവനങ്ങളില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ വിവാഹം തന്നെ രാത്രിയിലായിരുന്നു. അപ്പോള്‍ പിന്നെ ആദ്യ രാത്രിയുടെ പ്രസക്തി എന്താണെന്നാകും സാധാരണ ഉയര്‍ന്നുവരാറുള്ള ചോദ്യം. രാത്രികല്യാണങ്ങള്‍ കൂടുതല്‍ ആവേശകരമായിരുന്നെന്നാണ് പഴമക്കാര്‍ പറയാറ്. അന്ന് ഒപ്പയുടെ ചുവടുകള്‍ യുവതയെ വല്ലാതെ കോരിത്തരിപ്പിച്ചിരുന്നു. സംഗീതമയമായിരുന്നു ആ രാത്രികള്‍. ദൂരെയെവിടെയോ വൈദ്യുതിയുള്ള ഒരു വീടുണ്ടാകും അവിടെ നിന്ന് കേബിള്‍ പിടിച്ച് ലൈറ്റുകള്‍ തെളിച്ച്, പാട്ടുപെട്ടിവെച്ച് പുലരുവോളം സംഗീതം. അതിനിടയില്‍ വരനും വധുവും ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. ഇത് തിരുവിതാംകൂറിന്റെ മാത്രം കാര്യമല്ല. ആദ്യരാത്രിയിലെ പെണ്ണിന്റെയും പുരുഷന്റെയും മാനസികാവസ്ഥ തീര്‍ച്ചയായും ആഘോഷമാണ്. എന്നാല്‍ തെക്കന്‍ കേരളത്തിലെ മുസ്‌ലിം ഭവനങ്ങളില്‍ ആര്‍ഭാടം പലപ്പോഴും അതിരുകടക്കുന്നു. ഇത് ആദ്യരാത്രിയിലും പ്രതിഫലിക്കുന്നുണ്ട്. വിലകൂടിയ വസ്തുക്കള്‍ കൊണ്ട് അലങ്കരിക്കുക, ഏറ്റവും മികച്ചതും ചെലവേറിയതുമായ ഉല്‍പന്നങ്ങള്‍ കൊണ്ട് കിടപ്പുമുറി നിറയ്ക്കുക തുടങ്ങിയ കാര്യങ്ങളിലെ അമിത പ്രാധാന്യം പലപ്പോഴും നവവധുവിന് അലോസരമുണ്ടാക്കുന്നു.
മുസ്‌ലിംകള്‍ക്ക് വിവാഹ വേളയില്‍ നിര്‍ബന്ധമായും ഒത്തുകൂടേണ്ടത് വരനും വധുവിന്റെ രക്ഷിതാവും രണ്ടു സാക്ഷികളും മാത്രമാണ്. വളരെ അടുത്ത ബന്ധുക്കളും അയല്‍ക്കാരും ഇത്തരം സന്തോഷാവസരങ്ങളില്‍ സംബന്ധിക്കുക സ്വാഭാവികം. എന്നാല്‍ എന്തിനാണ് വിവാഹാഘോഷങ്ങളിലേക്ക് ആയിരങ്ങളെ ക്ഷണിച്ച് വരുത്തുന്നത് എന്നൊരു കാഴ്ചപ്പാട് ഇപ്പോഴുമുണ്ട്.

ആഘോഷങ്ങളുടെ രാത്രി

വരനും വധുവിനും മണിയറയൊരുക്കുന്നതിന്റെ ചുമതല കൂട്ടുകാര്‍ ഏറ്റെടുക്കലാണ് പതിവ്. കിടപ്പുമുറിയുടെ വാതിലും പൂട്ടുമൊക്കെ ഇളക്കിവെക്കുക, ജനലിന്റെ കൊളുത്ത് അഴിച്ചുമാറ്റുക, കട്ടിലിന്റെ ആണികള്‍ ഇളക്കിവെക്കുക തുടങ്ങിയവയാണ് ആദ്യ പ്രയോഗങ്ങള്‍. കട്ടിലിന്റെ ആണി ഇളകിയതറിയാതെ കിടന്ന് നടുവൊടിഞ്ഞവര്‍ പോലുമുണ്ട്. ഇതൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. പരസ്പരം പരിചയപ്പെടേണ്ട ദിവസമാണ് ആദ്യരാത്രിയെന്ന പഴയകാല സങ്കല്‍പങ്ങളെ മായ്ച്ചുകളഞ്ഞത് സാങ്കേതിക വിദ്യ കൊണ്ടുവന്ന മാറ്റമാണ്. കല്യാണമുറപ്പിച്ചു കഴിഞ്ഞ ശേഷം ഫോണിലൂടെയും മറ്റും പരിചയം വളര്‍ത്താന്‍ സാഹചര്യമുണ്ട്. പ്രണയവിവാഹമാണെങ്കില്‍ കൂടുതല്‍ അടുത്തറിഞ്ഞിട്ടുണ്ടാകും. എന്നാല്‍ ആദ്യരാത്രിയിലെ പരിചയപ്പെടലിന് അതിനുമപ്പുറത്തെ പ്രാധാന്യമുണ്ട്. പങ്കാളിയുടെ അഭിരുചികളെക്കുറിച്ച് സംസാരിക്കുക പലപ്പോഴും ആദ്യരാത്രിയില്‍ തന്നെയാണ്. ആഹാരകാര്യത്തിലും വസ്ത്രധാരണത്തിലും മറ്റു പൊതുകാര്യങ്ങളിലും മാത്രമല്ല, സെക്‌സിന്റെ കാര്യത്തിലുള്ള അഭിരുചികളെപ്പറ്റിയും തുറന്ന് സംസാരിക്കുന്നതാണ് പുതിയ തലമുറ.


(ഈ ലക്കം (ഏപ്രില്‍) മഹിളാ ചന്ദ്രികയിലെ 'ആറു നാട്ടില്‍ നൂറു കല്യാണ'ത്തില്‍ നിന്ന്..)





മനസിന് ഒരു തീരഭൂമിയുണ്ട്. അവിടെയാണ് സങ്കടങ്ങളുടെ കടല്‍ ഒഴുകിയടുക്കുന്നത്. സ്‌നേഹത്തിന്റെ നിര്‍മലമായ തണുപ്പും അവിടെയാണ് അനുഭവപ്പെടാറ്. ഒട്ടും സന്തോഷിക്കാതെ, വല്ലാതെ ഭയപ്പെടുത്തുന്ന നാളെകളെക്കുറിച്ച് ചിന്തിച്ച് നാം അലസരും അസ്വസ്ഥരുമാണല്ലേ...
ശരിയാണ്, എനിക്കുമാത്രമല്ല നിങ്ങള്‍ക്കും അങ്ങനെയായിരിക്കും. അതാണെന്റെ ആശ്വാസം. പിന്നെ, ജീവിതം വളരെ ചെറുതാണെന്ന് അറിയാം. അതുകൊണ്ട് ആരെയും വേദനിപ്പിക്കാതെ, എല്ലാവര്‍ക്കും സ്‌നേഹം സമ്മാനിച്ച്... ഒരു പുഞ്ചിരിയോടെ നടന്നുമറയാനാണ് എനിക്കിഷ്ടം. പക്ഷേ... ആരും ആരെയും കാണുന്നില്ലല്ലോ..., എവിടെയാണ് നമുക്ക് നമ്മുടെ ഹൃദയങ്ങള്‍ നഷ്ടപ്പെട്ടത്... എങ്ങനെയാണ് ചുറ്റുപാടുകള്‍ക്ക് പുറത്ത് നമുക്കൊരു സ്വകാര്യ അജണ്ടയുണ്ടായത്.......

Sunday, March 31, 2013

        പി.കെ കൃഷ്ണദാസിന് ആശംസകള്‍

കേരളത്തെ സംബന്ധിച്ചിടത്തോളം ബി.ജെ.പി രാഷ്ട്രീയ പ്രസക്തമല്ല. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഈ പാര്‍ട്ടിയുടെ ഭാവി പ്രവചനാതീതവുമാണ്. പ്രത്യേകിച്ച് യു.പി.എ ഗുരുതരമായ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍.
ഏതായാലും രാജേട്ടന് ശേഷം കേരളത്തില്‍ നിന്ന് ഒരു നേതാവ് ദേശീയ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നത് അഭിമാനകരം തന്നെ. മികച്ച സംഘാടകനായ പി.കെ കൃഷ്ണദാസിന് ബി.ജെ.പി ദേശീയ സെക്രട്ടറി സ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനാകട്ടെ എന്ന് ആശംസിക്കുന്നു.

Sunday, March 17, 2013

 അമ്മമാരെ തെരുവില്‍ വലിച്ചെറിയുന്ന നിരവധി വാര്‍ത്തകളും ചിത്രങ്ങളും  മാധ്യമങ്ങളില്‍ തുടര്‍ച്ചയായി ഇടംപിടിക്കുന്നു. മൂല്യച്യുതിയുടെ ഏറ്റവും മൂര്‍ദ്ധന്യരൂപം. അമ്മ എന്ന വികാരത്തിന്, ആ നനുത്ത യാഥാര്‍ത്ഥ്യത്തിന് മറ്റെന്താ പകരം വെക്കാനുള്ളത്. 

അമ്മ- ഓര്‍മകളില്‍ വന്ന് മുത്തംവെച്ച് മടങ്ങുന്ന 
പഴയ മുഖമുള്ള ഒരു പക്ഷിയാണെനിക്ക്...
അമ്മ- എന്റെ ഹൃദയമിടിപ്പില്‍
ഇഴചേര്‍ന്നൊഴുകുന്ന നോവും നിഴലുമാണെനിക്ക്...
അമ്മ- ഉച്ചസൂര്യനെ തോല്‍പ്പിച്ച്
കഷ്ടതകളുടെ ഭൂമിയില്‍
എന്റെ മുറിവില്‍ ഊതിയാറ്റി ഉറക്കിയ
മൃദുലതയാണെനിക്ക്....
അമ്മ- ഒരിക്കലും വറ്റാത്ത പുഴപോലെ,
ആയുസിന്റെ അകലങ്ങള്‍ക്കപ്പുറം
കണ്ണീരുവീണ ചോറാണെനിക്ക്....

Monday, February 11, 2013


               ദ്രാവിഡ താളത്തില്‍ ലയിച്ച സര്‍ഗാത്മക ജാഗ്രത

                                                                                      ഫിര്‍ദൗസ് കായല്‍പ്പുറം

തിരുവനന്തപുരം: ഇരുള്‍ പടര്‍ന്ന കാനത്തിന്റെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ കവി ഉച്ചത്തില്‍ ചൊല്ലും-  ''ഒരു ഗീതമെന്റെ മനസില്‍ വരുന്നുണ്ട്/ നീവരാതെങ്ങനെ മുഴുവനാകും/ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ/ പകരുന്നതെങ്ങനെ ചിത്രമായി''- മനുഷ്യമനസിന്റെ അഗാധതകളിലേക്ക് പടര്‍ന്നുകയറുന്ന സംവേദനക്ഷമമായ കരുത്താണ് ഡി. വിനയചന്ദ്രനെ മലയാളി മനസിന് പ്രിയങ്കരനാക്കിയത്.
''വീട്ടിലേക്കുളള വഴിതേടിക്കൊണ്ടിരിക്കുന്നു/ വീട്ടിലേക്കെന്നുപോകുന്നു ചോദിക്കുന്നുകൂട്ടുകാര്‍/ കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍/ പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്/ കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍''- വിനയചന്ദ്രന്‍ മാഷിന്റെ സഞ്ചാര ഇടവേളകളില്‍ 'വീട്ടിലേക്കുള്ള വഴി'യും  ഏകാന്തവാസത്തില്‍ മനസിനെ മഥിക്കുന്ന ഒട്ടേറെ വരികളും ഇങ്ങനെ പിറവിയെടുത്തിട്ടുണ്ട്.
വനാന്തരങ്ങളിലൂടെയും നദിക്കരകളിലൂടെയും യാത്ര ചെയ്ത് പ്രകൃതിയുടെ തനത് സംഗീതത്തെ കവിതകളില്‍ അടയാളപ്പെടുത്തിയപ്പോള്‍ അതിന് ദ്രാവിഡ താളത്തിന്റെ അകമ്പടിയുണ്ടായി. 'വീട്ടിലേക്കുള്ള വഴി'യെക്കുറിച്ച് വാചാലനാകുന്ന കവി, നിരന്തരമായ യാത്രകളിലൂടെ 'വഴി'കളെ നേരിന്റെയും നന്മയുടെയും പക്ഷത്തേക്ക് തെളിക്കുകയായിരുന്നു. നഗരത്തില്‍ ജീവിച്ച്, ഗ്രാമയാത്രകളിലൂടെ മനസിലെ കാല്‍പനിക ഭാവങ്ങളെ നിലനിര്‍ത്തി. യാത്രകളില്‍ ഇതള്‍വിരിയുന്ന ബിംബങ്ങളെ സാമൂഹ്യബോധത്തിന്റെ പ്രതീകങ്ങളാക്കി വരികളില്‍ വിന്യസിച്ചു. ഗദ്യവും പദ്യവുമല്ല കവിത; ഹൃദ്യമായതാണ് കവിതയെന്ന് തെളിയിച്ചതാണ് വിനയചന്ദ്രന്റെ കാവ്യജീവിതത്തിന്റെ സാക്ഷ്യം.
കവിതയുടെ പാരമ്പര്യ രചനാ സമ്പ്രദായങ്ങളിലുണ്ടായ ശൈലീ വ്യതിയാനങ്ങളെ ഉത്തരാധുനികതക്ക് ഒപ്പം നിന്ന് സ്വീകരിച്ചുകൊണ്ട് എന്താണ് കവിതയെന്ന് പറയാനും പാടാനും കഴിഞ്ഞതാണ് കവിയുടെ പ്രത്യേകത. കവിതക്കും സാഹിത്യത്തിനും ഇടതു സൈദ്ധാന്തിക അടിത്തറയെ ആശ്രയിച്ച എഴുപതുകളില്‍ വ്യത്യസ്്തമായ ജീവിതാനുഭവങ്ങളുടെ തീച്ചുളയില്‍ നിന്നാണ്് വിനയചന്ദ്രന്‍ എന്ന കവിയുടെ വരവ്. പച്ച ജീവിതത്തിന്റെ നേരടയാളങ്ങളിലെ സര്‍ഗാത്മക ജാഗ്രതയാണ് വിനയചന്ദ്രനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചതാകട്ടെ ഭാഷാ സംസ്‌കാരത്തിന്റെ മൗലികതയും.
ഒറ്റക്കു നടക്കുമ്പോഴുണ്ടാകുന്ന കരുത്താണ് അദ്ദേഹത്തിന്റെ കവിതകളെ വേറിട്ട സഞ്ചാരപഥങ്ങളിലേക്ക് ആനയിച്ചത്. യാത്രകളിലൂടെ ആര്‍ജിച്ചെടുത്ത നാട്ടറിവുകളെ കവിതയില്‍ സന്നിവേശിപ്പിക്കുന്നതില്‍ ഇത്രയധികം പ്രാഗത്ഭ്യം പുലര്‍ത്തിയിട്ടുളള കവികള്‍ മലയാളത്തില്‍ അധികമില്ല. ഭാഷാ പ്രയോഗത്തിന്റെ രാഷ്ട്രീയം, അതെപ്പോഴും പ്രകൃതിസ്‌നേഹത്തില്‍ അധിഷ്ഠിതമായിരുന്നു. ജീവിതാവബോധത്തിന്റെ കരകളില്‍ തട്ടിയായിരുന്നു ഓരോ ബിംബങ്ങളും പിറന്നുവീണത്. വരികള്‍ ചിട്ടപ്പെടുത്തുമ്പോള്‍ അതില്‍ പുഴയും കുന്നും കുയിലും മയിലും കടന്നുവരുന്നത് യാദൃശ്ചികം. നാലാമത്തെ വയസില്‍ എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം കൂട്ടിവായിച്ചാണ് വിനയചന്ദ്രന്‍ സാഹിത്യലോകത്തേക്ക് എത്തിനോക്കിയത്. വീടിനെക്കുറിച്ചും അപ്പൂപ്പനെക്കുറിച്ചുമൊക്കെയായിരുന്നു ആദ്യകാല എഴുത്തുകള്‍.
ആറു വയസുമുതല്‍ മനസില്‍ കടന്നുകൂടിയ കവിത, മലയാളത്തിലെ മുഖ്യധാരാ സാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നിടത്തോളം നീണ്ടു. അനാദൃശമായ വഴക്കവും പടര്‍ച്ചയും സര്‍ഗാത്മക സഞ്ചാരങ്ങളുടെ ഉല്‍പ്പന്നങ്ങളുമാണ് ഈ കവി നമുക്കുതന്ന സമ്മാനം. 'സമീക്ഷ' പോലുള്ള സമാന്തര പ്രസിദ്ധീകരണങ്ങളാണ് ആദ്യകാലത്ത് വിനയചന്ദ്രന് പ്രോത്സാഹനം നല്‍കിയിരുന്നത്. അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍. കക്കാട്, ആര്‍. രാമചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകളെ സഗൗരവം വീക്ഷിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു അദ്ദേഹം. വിനയചന്ദ്രന്റെ പതിനൊന്നാം വയസിലാണ് അമ്മയുടെ മരണം. വീട്ടില്‍ നിന്നും പഠനത്തിനായി മാറി നിന്ന അദ്ദേഹം സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയിരുന്നു. താമസക്കൂലി, ഫീസ്, ഭക്ഷണത്തിനുള്ള പണം തുടങ്ങിയവക്ക് യാതൊരു വഴിയുമുണ്ടായില്ല. കടുത്ത ദാരിദ്ര്യത്തിന്റെ ജീവിതാനുഭവങ്ങളില്‍ നിന്നായിരുന്നു തുടക്കം. പഠനവും ഔദ്യോഗിക ജീവിതവും കഴിഞ്ഞ് പിന്നീടെപ്പൊഴൊ വീടുവിട്ടു. അന്നുതുടക്കമിട്ട യാത്രക്ക് ഇടവേളകളില്ലായിരുന്നു. തിരുവനന്തപുരം നഗരത്തിലെ സാഹിത്യ സായാഹ്നങ്ങളില്‍ കഴിഞ്ഞ ദിവസംവരെ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. വാക്കുകള്‍ കൊണ്ട് തീര്‍ക്കുന്ന മായാജാലങ്ങള്‍ക്കപ്പുറം കവിതയുടെ തുരുത്തുകളിലുള്ളത് പച്ചയായ മനുഷ്യജീവിതമാണെന്ന് കവി ഓര്‍മിപ്പിച്ചു. ആവാസ പരിസരങ്ങളില്‍ നാട്ടുജീവിതത്തിന്റെ താളവും കാല്‍പനികതയുടെ ഭാവഭദ്രതയും ഇഴചേര്‍ത്തായിരുന്നു ഈ ഒറ്റയാന്റെ ജീവിതം.

(12.02.2013ല്‍ ചന്ദ്രിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

Friday, February 8, 2013


അബ്ബാസ് സേട്ട് സംവരണത്തിന്റെ രീതിശാസ്ത്രം പഠിപ്പിച്ച നേതാവ്
                                                     
                                                                          ഫിര്‍ദൗസ് കായല്‍പ്പുറം

പൊതുസമൂഹത്തിന്റെ ദൈനംദിന വ്യാപാരങ്ങളില്‍ 'സംവരണം' എന്ന അനിവാര്യമായ ആവശ്യത്തെ അടയാളപ്പെടുത്തിയാണ് അബ്ബാസ് സേട്ട് വിടവാങ്ങിയത്. എഴുത്തുകാരന്‍, രാഷ്ട്രീയ നേതാവ്, പ്രാസംഗികന്‍ എന്നീ നിലകളില്‍ നാലു പതിറ്റാണ്ടിലേറെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അബ്ബാസ് സേട്ട് സംവരണത്തിന്റെ രാഷ്ട്രീയത്തെ കാലിക പ്രസക്തിയോടെ പഠിപ്പിച്ചുതന്നു. സംവരണം ഔദാര്യമല്ല, അവകാശമാണെന്ന് നിരന്തരം പ്രസംഗിച്ചും എഴുതിയും ഒരു തലമുറയുടെ രാഷ്ട്രീയ ചിന്തകളോട് നിരന്തരം സംവദിച്ചുകൊണ്ടേയിരുന്നു.
ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ എക്കാലവും സജീവ ചര്‍ച്ചയാകുന്ന സംവരണ വിഷയങ്ങളെ കലര്‍പ്പില്ലാത്ത യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ത്തുവെച്ച് കാലാകാലങ്ങളിലെ സര്‍ക്കാറുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച നേതാവെന്ന നിലയിലാണ് അബ്ബാസ് സേട്ട് പ്രശസ്തനായത്. ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളിലെല്ലാം പിന്നോക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ ബോധത്തിന്റെ അനിവാര്യതക്ക് മുന്‍തൂക്കം നല്‍കി. സംവരണ വിഷയത്തെ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിലൂടെ വീക്ഷിക്കുകയാണ് ഇക്കാര്യത്തിലെ മുഴുത്ത ശരിയെന്ന് പലപ്പോഴും ആവര്‍ത്തിക്കുമായിരുന്നു സേട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസം പുറത്തിറങ്ങിയ 'സംവരണം: ചരിത്രവും പോരാട്ടവും' എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം പിന്നോക്കക്കാരന്റെയും ദലിതന്റെയും അവകാശപ്പോരാട്ടങ്ങളുടെ ചരിത്രവും വര്‍ത്തമാനവും വ്യക്തമായി പ്രതിപാദിക്കുന്നതായിരുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ഈ പുസ്തകം ഗൗരവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.
സാധാരണക്കാരന് മനസ്സിലാകാത്ത 'ക്രീമിെലയര്‍' എന്ന സംവിധാനത്തിന്റെ ശരിയും തെറ്റും നേട്ടവും കോട്ടവും തിരിച്ചറിയാന്‍ സംവരണത്തിന്റെ ഗുണഭോക്താക്കള്‍ തയാറാകണമെന്ന് സേട്ട് ശഠിച്ചു. ഗ്രാമീണ മേഖലകളിലെ ന്യൂനപക്ഷക്കാരനെയും ദലിതനെയും ബോധ്യപ്പെടുത്തുന്ന പ്രസംഗ പരമ്പരകള്‍ നടത്തിയാണ് തെക്കന്‍ കേരളത്തില്‍ അബ്ബാസ് സേട്ട് സംവരണ വിഷയത്തിന്റെ നിഘണ്ടുവായത്. സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയില്‍ ലളിതമായി ഒരു 'സംവരണ വിദ്യാഭ്യാസ പദ്ധതി' തന്നെയായിരുന്നു അദ്ദേഹം ആസൂത്രണം ചെയ്തത്.
'ബ്രിട്ടീഷ് ഭരണകാലത്ത് തുടക്കം കുറിച്ച സംവരണ വ്യവസ്ഥാ നയമാണ് നമുക്ക്' എന്നു തുടങ്ങുന്ന പ്രസംഗം 'കേരളത്തില്‍ ആദ്യമായി മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടന്നത് 1961ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്' എന്ന് അഭിമാനത്തോടെ പരാമര്‍ശിച്ച് പി.എസ്.സിയിലെയും കേരള സര്‍വകലാശാലയിലെയും സംവരണ വിഷയത്തില്‍ എത്തിക്കുമ്പോള്‍ കേരളത്തിന്റെ ചരിത്രം അതില്‍ സ്വാഭാവികമായി കടന്നുവരും. രാഷ്ട്രീയക്കാരന്റെ പരിമിതികള്‍ക്കപ്പുറത്ത് പൊതുസമൂഹത്തിന്റെ സാമൂഹ്യ നിലവാരം പരിശോധിക്കുന്ന പഠനങ്ങളില്‍ തല്‍പരനായിരുന്നു അദ്ദേഹം. അതിന് അദ്ദേഹം തെരഞ്ഞെടുത്ത വിഷയം സംവരണം ആയിരുന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍, പിന്നോക്കക്കാരിലെ മുന്നോക്കക്കാര്‍ എന്നിങ്ങനെ സംവരണ രീതിയിലെ ഈ പൊരുത്തക്കേടുകള്‍ ഇന്നും ചര്‍ച്ചയാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തേണ്ടത് ധാര്‍മികമായ ബാധ്യതയെന്നാണ് അബ്ബാസ് സേട്ട് പറഞ്ഞുവെച്ചത്. ഇതിനപ്പുറം സംവരണത്തെ എങ്ങനെയാണ് നിര്‍വചിക്കേണ്ടതെന്ന് പലപ്പോഴും സന്ദേഹപ്പെടുന്ന മാനസികാവസ്ഥയും അദ്ദേഹത്തില്‍ പ്രകടമായിരുന്നു.  
മുസ്‌ലിം ലീഗിന്റെ കര്‍മമണ്ഡലങ്ങളില്‍ നേതൃപാടവത്തിന്റെ കരുത്തുമായി നിലയുറപ്പിക്കുമ്പോഴും ധൈഷണിക ബോധമുള്ള നേതൃനിരയുണ്ടാകണമെന്ന് അദ്ദേഹം ആശിച്ചു. അതുകൊണ്ടാണ് യുവതലമുറ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളിലെല്ലാം അബ്ബാസ് സേട്ടിന്റെ സാന്നിധ്യമുണ്ടായത്. കാലിക പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം യൂത്ത് ലീഗിന്റെയും എം.എസ്.എഫിന്റെയും ഭാരവാഹികളോട് നിരന്തരം ഉപദേശിച്ചിരുന്നു അദ്ദേഹം. ചെറുപ്പക്കാരാണ് നാളെയുടെ സമ്പത്തെന്നും അവരുടെ ആശയങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും വാദിക്കാന്‍ പ്രാപ്തമായ രാഷ്ട്രീയബോധം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പഴകിയ വ്യവസ്ഥകളുടെ ചുവടുപിടിച്ച് രൂപപ്പെടുത്തുന്ന നയപരിപാടികളെ അംഗീകരിക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. പുതിയ തലമുറ ആവശ്യപ്പെടുന്ന വികസനമാണ് നടപ്പിലാക്കേണ്ടതെന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കുമ്പോഴും അതില്‍ ന്യൂനപക്ഷ, പിന്നോക്ക, ദലിത് വിഭാഗങ്ങളുടെ സാമൂഹ്യ ഉന്നമനം ഉറപ്പുവരുത്തണമെന്ന് നിര്‍ബന്ധം പിടിച്ചു.
ഭരണസിരാകേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരം കര്‍മ മണ്ഡലമാക്കുന്ന ഒരു നേതാവിന് ആശയങ്ങളെ പ്രായോഗിക തലത്തിലെത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഭരണത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴും അല്ലാത്തപ്പോഴും ഇക്കാര്യത്തില്‍ അബ്ബാസ് സേട്ടിന്റെ സംഘാടന മികവും പ്രതിഭയും വ്യക്തമായിട്ടുണ്ട്. കേരള ചരിത്രത്തില്‍ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ച രണ്ട് പരിപാടികളായിരുന്നു ജിമ്മും എമര്‍ജിംഗ് കേരള നിക്ഷേപ സംഗമവും. വ്യവസായ, ഐ.ടി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ ഈ രണ്ട് സംഗമങ്ങളുടെയും നേരിട്ടുള്ള നിയന്ത്രണവും സംഘാടനവും അബ്ബാസ് സേട്ടാണ് നിര്‍വഹിച്ചത്. കേരളത്തിന്റെ നല്ല നാളെകള്‍ സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ ഈ പരിപാടികളിലൂടെ അഭിമാനത്തോടെയാണ് താന്‍ നിലയുറപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Tuesday, January 29, 2013


സുകുമാരന്‍ നായരുടെ തോണി എങ്ങോട്ട്...??


കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ എല്ലാക്കാലത്തും പ്രസക്തമായ ഒരു പ്രസ്ഥാനമാണ് നായര്‍ സര്‍വീസ് സൊസൈറ്റി. ഇന്നും എന്‍.എസ്.എസ് ഉയര്‍ത്തുന്ന വിഷയങ്ങള്‍ പൊതുസമൂഹം സഗൗരവം ചര്‍ച്ചക്കെടുക്കുന്നുണ്ട്. പിന്നിട്ട കാലങ്ങളില്‍ ഈ സമുദായത്തിന്റെ പ്രഗത്ഭരായ ആചാര്യന്മാരിലൂടെ സാധ്യമായ സാമൂഹ്യ നവോത്ഥാന സംരംഭങ്ങളും വിസ്മരിക്കാനാവില്ല. ഞാനടക്കുള്ള പുതിയ തലമുറ ചട്ടമ്പിസ്വാമി മുതല്‍ നാരായണ പണിക്കര്‍ വരെയുള്ള ആചാര്യന്മാരെ വായിക്കുന്നത് അത്യന്തം ആദരവോടെയാണ്.
മന്നത്തു പത്മനാഭന്‍ എന്ന പ്രതിഭ ഇരുന്ന കസേരയില്‍ പില്‍ക്കാലത്ത് അവരോധിതനായ സുകുമാരന്‍ നായരോടും ആര്‍ക്കും അനാദരവുണ്ടാകാന്‍ ഇടയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട മിതത്വം അദ്ദേഹത്തിന് ഉണ്ടാകേണ്ടിയിരിക്കുന്നു. അത് എത്രത്തോളം വൈകുന്നുവോ അത്രത്തോളം ആ പ്രസ്ഥാനത്തിന്റെ ധാര്‍മികത ചോദ്യം ചെയ്യപ്പെടും.
രമേശ് ചെന്നിത്തല വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് കോണ്‍ഗ്രസിന്റെ ദേശീയനയ രൂപീകരണ സംവിധാനങ്ങളില്‍ കയ്യൊപ്പു ചാര്‍ത്തിയ വ്യക്തിയാണ്. ഉമ്മന്‍ചാണ്ടിയെ തിരുത്താനുള്ള രാഷ്ട്രീയ ബോധമോ സാമൂഹ്യ ജ്ഞാനമോ സുകുമാരന്‍ നായര്‍ക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. (സുകുമാരന്‍ നായരില്‍ പാരമ്പര്യത്തിന്റെ അഭാവം ആരോപിക്കുന്നവരോട് കൂട്ടുചേരുന്നില്ല) എങ്കിലും സാമൂഹ്യാന്തരീക്ഷം മലിനമാക്കാതെ നിലനില്‍ക്കാനാവുന്ന നേതാവ് എല്ലാക്കാലത്തും ആദരിക്കപ്പെടും.