Monday, December 16, 2013



നരേന്ദ്രമോഡിയെ ഭയക്കുന്നവര്‍...

കോണ്‍ഗ്രസ് ക്യാമ്പുകളിലെ മോഡിപ്പേടി രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മോഡിയുടെ പേര് കേള്‍ക്കുമ്പോള്‍ ഖദര്‍ധാരികള്‍ ഞെട്ടിയുണരുന്നു.
ബി.ജെ.പിക്ക് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് ആരുടെയും അനുമതി വേണ്ട. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടി തന്നെയാണ് ബി.ജെ.പിയും. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എന്തു തന്ത്രമാണ് പ്രയോഗിക്കേണ്ടത് എന്നതൊക്കെ ഓരോ പാര്‍ട്ടിയുടെയും അവകാശമാണ്. അനാവശ്യ വിവാദങ്ങളിലൂടെ ബി.ജെ.പിക്ക് മൈലേജ് ഉണ്ടാക്കിക്കൊടുക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ചെയ്തുവരുന്നത്.
ജനാധിപത്യ ക്രമത്തില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ട്. മോഡി അധികാരത്തിലെത്താതിരിക്കാന്‍ കോണ്‍ഗ്രസിന് ശ്രമിക്കാം. എന്നാല്‍ അത്, ജനവിധിയിയെ തങ്ങളിലേക്ക് അടുപ്പിച്ചുകൊണ്ടായിരിക്കണം.
മോഡിയെ ഭയക്കുകയല്ല വേണ്ടത്. എത്രത്തോളം എതിര്‍ക്കപ്പെടുന്നോ അത്രത്തോളം ശക്തിമാകുന്നതാണ് അതികായകന്‍മാരുടെ രീതി. ഏറെക്കുറെ മോഡിയെയും ആ ഗണത്തില്‍ കാണേണ്ടിയിരിക്കുന്നു. മോഡിയെ അദ്ദേഹത്തെ പാട്ടിനുവിടുക. മോഡിയെ പ്രകീര്‍ത്തിച്ചു കൊണ്ട് പി.സി ജോര്‍ജ് പ്രസംഗിച്ചാലോ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയാലോ ഒന്നും ജനവിധി സ്വാധീനിക്കപ്പെടില്ല. പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ ഇത്തരം അല്‍പത്തരങ്ങളിലൊന്നും ശ്രദ്ധിക്കാറില്ല. നരേന്ദ്രമോഡി എന്ന നേതാവിന് അദ്ദേഹത്തിന്റെതായ രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. അതിന് ഇരയാക്കപ്പെടാതെ സൂക്ഷിക എന്നതാണ് മറ്റ് പാര്‍ട്ടികളും നേതാക്കളും ചെയ്യേണ്ടത്. പി.സി ജോര്‍ജ് പങ്കെടുത്ത പരിപാടിയെ കുറിച്ച് ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പേടേണ്ടതുണ്ടെന്ന് കരുതുന്നില്ല. ചര്‍ച്ച കനക്കുന്തോറും അത് ബി.ജെ.പിക്കും മോഡിക്കുമായിരിക്കും ഗുണം ചെയ്യുക.

Friday, December 13, 2013

ഡുക്കും പ്രിയനും വിവാദക്കാഴ്ചകളും

ചലച്ചിത്ര മേളക്ക് കൊടിയിറങ്ങി. പതിവുപോലെ സിനിമക്കുള്ളിലും പുറത്തും വിവാദങ്ങളുടെ ദൃശ്യങ്ങള്‍ ധാരാളമുണ്ടായിരുന്നു. പ്രിയദര്‍ശന്‍ എന്ന മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ മുഖത്ത് തളംകെട്ടിയ നിരാശയും കനത്ത മൗനവുമായിരുന്നു സമാപന വേദിയില്‍ ഞാന്‍ ശ്രദ്ധിച്ചത്.
കിം കി ഡുക്കിന്റെ മൊബിയസ്, ബ്ലൂ ഈസ് ദി വാമെസ്റ്റ് കളര്‍, ഡെവിള്‍ ഓണ്‍ ദി ഫ്‌ളഷ് എന്നീ സിനിമകള്‍ ''വിവാദക്കച്ചവടത്തില്‍ '' മുന്നിലെത്തി. ലൈംഗികതയുടെ അതിപ്രസരം എന്ന് ആക്ഷേപിക്കപ്പെട്ടു. മൊബിയസില്‍ ലിംഗം മുറിക്കുന്നതും അമ്മക്ക് മകനോട് ലൈംഗിക ചിന്തയും ഒരുതരം അപൂര്‍വ വര്‍ത്തമാനമായി തന്നെ കാണണം. പുരുഷന്റെ ലിംഗ് മുറിച്ചെടുത്ത് റോഡിലൂടെ ഓടുന്ന സീന്‍ ചിത്രീകരിച്ചത് പ്രേക്ഷകനെ ഞെട്ടിക്കാനാണെന്ന് ഞാന്‍ കരുതുന്നില്ല. ഡുക്കിന്റെ ലക്ഷ്യം സെക്‌സ് അല്ല. വയലന്‍സ് ആണ്. വയലന്‍സ് തീവ്രമായി ആവിഷ്‌കരിക്കാന്‍ കഴിയുന്നത് സെക്‌സിലൂടെയാണെന്ന് ഈ സംവിധായകന്‍ കരുതുന്നു. ഡെവിള്‍ ഫ്‌ളഷ് കണ്ടവരില്‍ കാമം തോന്നിയിട്ടുണ്ടാകും. എന്നാല്‍ മൊബീയസ് കണ്ടവരില്‍ ചിലര്‍ക്ക് ബോധക്ഷയമുണ്ടായി.
ലൈംഗികതയുടെ പുതിയകാല വിവക്ഷകളിലേക്ക് കാര്യമായ ഒരു പഠനം ഉണ്ടാകേണ്ടിയിരിക്കുന്നു.
സ്വവര്‍ഗാനുരാഗികളുടെ വൈകാരികത പറഞ്ഞ ബ്ലൂ പെണ്‍ ശരീരത്തിന്റെ സാധ്യകള്‍ പരിശോധിക്കുന്നതിന് പകരം ലൈംഗികതയുടെ പുതിയ സങ്കേതങ്ങള്‍ തുറന്നുകാട്ടുകയാണ്. സ്വവര്‍ഗാനുരാഗികള്‍ ധാരാളമുള്ള നാടുകളില്‍, ഇത് ചിന്തക്ക് തിരി കൊളുത്തും. സിനിമ എപ്പോഴും അത് പങ്കുവെക്കുന്ന സന്ദേശത്തിലൂടെ വായിക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായം.

............ പ്രിയപ്പെട്ട പ്രിയദര്‍ശന്‍ ചേട്ടന്, അങ്ങ് വര്‍ഷങ്ങളായി മലയാളികളെ കുടുകുടെ ചിരിപ്പിച്ചയാളാണ്, ധാരാളം കയ്യടി നേടിയിട്ടുണ്ട്. ഇനി അല്‍പ്പം കൂക്കുവിളിയും പരിഹാസവുമായാല്‍ അങ്ങ് ക്ഷമിക്കുക- കാരണം ഈ പണി താങ്കള്‍ക്ക് പറ്റിയതല്ല.

Saturday, December 7, 2013

 കാഴചയുടെ വിസ്മയം തീര്‍ക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് അനന്തപുരി. ആഗോളതലത്തില്‍ മാറുന്ന ചലച്ചിത്ര സങ്കല്‍പങ്ങളെ കാലോചിതമായി പുനരാവിഷ്‌കരിക്കുക എന്നതിലുപരി, കലയുടെയും സംസ്‌കാരത്തിന്റെയും തനത് ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെയും ഈ തിരഭാഷ അടയാളപ്പെടുത്തുന്നു. ലോകത്ത് എവിടെയായാലും മനുഷ്യന്റെ നിത്യജീവിതം സംഘര്‍ഷഭരിതമെന്ന് ഓര്‍മപ്പെടുത്തുന്നു. വ്യവസ്ഥകളോടുള്ള കലഹവും കലയിലൂടെ ജീവിതത്തിന് നേരും നൈര്‍മല്യവും തേടുന്ന ചില ശൈലികളും മേളയില്‍ കാണാം. എല്ലാ കലകളും അടിസ്ഥാനപരമായി പച്ചയായ ജീവിതത്തിന്റെ പകര്‍ത്തുകളാണ്. അതുകൊണ്ടാണ് ഈ പൊരിവെയിലിലും ഞങ്ങള്‍- അനന്തന്റെ നാട്ടുകാര്‍ ഐ.എഫ്.എഫ്.കെയുടെ സഹയാത്രകരാകുന്നത്. അതിജീവനം തേടുന്ന മനുഷ്യാവസ്ഥകളാണല്ലോ തിര നിറയെ..........
പല പഴയ സുഹൃത്തുക്കളെയും കാണാനായില്ല, ഈ ആഴ്ചയില്‍ എപ്പോഴെങ്കിലും അവരുടെ സ്‌നേഹത്തണലില്‍ കൂടാനാകുമെന്ന പ്രതീക്ഷിക്കട്ടെ....

Saturday, August 24, 2013

 


 ഭാര്യ

ഭാര്യ ഒരു മഴക്കാലമാണ്
ഇണങ്ങിയും ചിണുങ്ങിയും
ചറ പറെ പിറുപിറുത്തും
ചിലപ്പോള്‍
പെരുമഴക്കാലവും.

വംശബോധത്തിന്റെ
അടരുകളില്‍ 
അടയിരിക്കുന്നവള്‍,
വിണ്ടുകീറിയ
ഹൃദയത്തുണ്ടുകള്‍
ചേര്‍ത്തുവെച്ച്്
'എല്ലാം ശരിയാകു'മെന്ന
സാന്ത്വനം.

വിരുന്നുകാര്‍ക്ക്
ചിരി വിളമ്പി
നനഞ്ഞ കണ്ണുകളില്‍
അഭിമാനം കാക്കുന്നവള്‍.

ഭാര്യ
ഋതുഭേദങ്ങളുടെ
കലണ്ടര്‍ വരകളില്‍
വഴിത്താരകളില്‍
എന്റെ മറവിയെ
ചിരിച്ചുണര്‍ത്തുന്നു.

അതുകൊണ്ടാകാം
ചന്തമുള്ള
ഓര്‍മപ്പെടുത്തലുകള്‍
ഇടക്കിടെ
റിംഗ്‌ടോണുകളായി
എന്റെ പോക്കറ്റില്‍ മുഴങ്ങുന്നത്.

Tuesday, August 6, 2013

       പെരുന്നാള്‍ പിറ കാണാന്‍ സമയമായി......


റമസാന്‍ ഓര്‍മകളായി പറയാന്‍ ഒരുപാടുണ്ട്; നിലാവ് തട്ടിച്ചിതറുന്ന ഇടവാ കായലിന്റെ കരയില്‍, ബാല്യവും കൗമാരവും പകര്‍ന്ന എല്ലാ തഖ്ബീര്‍ ധ്വനികളിലും വാല്‍സല്യത്തിന്റെ ഈണമായിരുന്നു. എല്ലാ സ്‌നേഹ സന്ദേശങ്ങളിലും അഭയം തന്നവരുടെ പുഞ്ചിരിക്കുന്ന മുഖം. വസന്തം വന്നപ്പോഴും പോയപ്പോഴും എന്തുകൊണ്ടോ ആത്മീയതയെ അത്രക്കങ്ങ് വാരിപ്പുണരാന്‍ എനിക്ക് തോന്നിയിട്ടില്ല- ഇന്നും. അതൊരു പോരായ്മയായി പറയുന്നവരോട് പ്രതികരിക്കാറുമില്ല. പ്രാര്‍ത്ഥന മനസിന്റെ അടിത്തട്ടില്‍ മാത്രം നടക്കുന്ന ഒരു ഉപാസനാ കര്‍മമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
എന്നാലും എല്ലാ ആഘോഷങ്ങളും മനുഷ്യനന്മയുടെയും സൗഹൃദത്തിന്റെയും തുല്യമായ വ്യാപാരങ്ങളുടെ ആകെത്തുകയാണല്ലോ... അതുകൊണ്ടുതന്നെ ആഘോഷങ്ങള്‍ ഒരു തിരിഞ്ഞുനോട്ടത്തിന്റെ അവസരമായാണ് ഞാന്‍ കാണുന്നത്. എങ്കിലും എനിക്ക് സ്‌നേഹം തന്നവരെയും പരിഹസിച്ചവരെയും കൈപിടിച്ച് നടത്തിയവരെയും വാക്കുകള്‍ക്ക് ഇടം നല്‍കിയവരെയും തണുപ്പില്‍, മഞ്ഞില്‍, നിലാവില്‍ ഒക്കെ ഓര്‍മകളില്‍ കയറിക്കൂടി ആഹ്ലാദവും അസ്വസ്ഥതയും വിതച്ചവരെയും എനിക്കെങ്ങനെ ഈ നല്ലനാളുകളില്‍ വിസ്മരിക്കാനാവും...!!!!!.

(എത്ര റമസാനുകളില്‍ ഇത്തരമൊരു കുറിപ്പെഴുതാനാകുമെന്ന് തീര്‍ച്ചിയില്ലാത്തതാണ് എന്റെ ദൈവബോധം.)

Saturday, August 3, 2013

Firdous Kayalpuram   മഴനാളുകളെക്കുറിച്ച്...


ഉച്ചവെയില്‍ പരന്നുകിടന്ന
പുരപ്പുറത്ത്
ഇളകിയ കൊച്ചരി
പല്ലെറിയുമ്പോള്‍
പിന്നില്‍ മുത്തശ്ശി ചൊല്ലി
നല്ല പല്ലേ വാ...

നാലെണ്ണി അളന്നിട്ട
നെല്ല്,
ഇടങ്ങഴി പറയോടു ചൊല്ലി
പത്തിലെത്തുമ്പോള്‍
ചിങ്ങക്കൊയ്ത്തായി.

ഓല മെടയുന്നുവര്‍
ഓര്‍ക്കുക
പുര തുരക്കാന്‍ വരുന്നുണ്ട്
ഒരു തുലാമഴയും കാറ്റും.

മഴമുറ്റത്ത് വിലയില്ലാതെ
കിട്ടുന്ന കളിപ്പാട്ടങ്ങള്‍
അതാണ് ഇന്നും
കുളിര്...
നനുനനുത്ത ഓര്‍മ്മയും.....

Wednesday, July 31, 2013

വീട്ടമ്മമാര്‍ക്ക് ആശങ്കകളുടെ നിതാഖാത്

പ്രവാസിയുടെ ജീവിതാവസ്ഥകളില്‍ നിരാശയുടെ നിഴല്‍ വീഴ്ത്തി 'നിതാഖാത്' വാര്‍ത്തകളില്‍ നിറയുമ്പോള്‍ കേരളത്തിലെ കുടുംബ ബജറ്റുകളുടെ ഗ്രാഫും താഴേക്കു പോകുന്നു. അത്യന്തം അപകടകരമായ ഈ സ്ഥിതിവിശേഷം മലയാളി മധ്യവര്‍ഗത്തെയാണ് കൂടുതല്‍ ബാധിച്ചിട്ടുള്ളതെന്ന് വ്യക്തം. കേവലം 'തൊഴിലാളികള്‍' ആയി ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്നവരുടെ വീടുകളില്‍ നിന്നുള്ള കാഴ്ച ദയനീയമാകുകയാണ്. വരവും ചെലവും കൂട്ടിക്കിഴിച്ച് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതില്‍ വീട്ടമ്മമാരുടെ പങ്ക് വളരെ വലുതാണ്. നിതാഖാതിന്റെ കാലത്ത് അവരുടെ ആശങ്കകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.
വിദേശ വരുമാനമാണ് കേളത്തിലെ നല്ലൊരു ശതമാനം കുടുംബങ്ങളുടെയും നിലനില്‍പ്പ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന പണം കൊണ്ട് നിത്യചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസവും സാമാന്യം നല്ല രീതിയില്‍ നടത്തിവന്ന കുടുംബിനികളില്‍ ആശങ്ക വിതറിയാണ് സഊദിയും കുവൈറ്റും നിതാഖാതിന് ഉത്തരവിട്ടത്. സഊദി ഭരണകൂടം ഒരു പരിധിവരെ ഈ ആശങ്കകള്‍ ദുരീകരിച്ചെങ്കിലും കുവൈത്തില്‍ നിന്നും ഇപ്പോഴും മടങ്ങിവരവ് വര്‍ധിക്കുന്നത് മലയാളി വീട്ടമ്മമാരുടെ ദൈനംദിന ജീവിതം താളം തെറ്റിക്കുന്നു. ചിലര്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്, മറ്റുചിലര്‍ അത്തര്‍ മണക്കുന്ന പോയ കാലത്തെ വിസ്മരിക്കാനാണ് ഇഷ്ടപ്പെടുന്നത്.


വീട് എന്ന സ്വപ്നം മറക്കുന്ന വീട്ടമ്മ
എല്ലാ മാസവും ആദ്യ ദിവസങ്ങളില്‍ എത്തുന്ന പണമാണ് ഒരു മാസത്തെ ചെലവുകള്‍ക്കും കുട്ടികളുടെ ഫീസും അടക്കമുള്ളവക്ക് ഉപയോഗിക്കുന്നത്. സഊദിയില്‍ സ്വദേശിവല്‍കരണം പ്രഖ്യാപിച്ചതോടെ ഒരു വീട് എന്ന ഞങ്ങളുടെ സ്വപ്നമാണ് പൊലിഞ്ഞു പോയത്. ഭര്‍ത്താവ് തിരിച്ചെത്തിയിട്ടില്ല. പക്ഷേ, മൂന്നുമാസത്തിനകം നല്ലൊരു സ്‌പോണ്‍സറെ കണ്ടെത്താനായില്ലെങ്കില്‍ എല്ലാ പ്രതീക്ഷകളും തകരും. മൂന്ന് മക്കളാണ്. ആദ്യത്തെയാള്‍ പ്ലസ്‌വണ്‍ പഠിക്കുന്നു. മറ്റ് രണ്ടുപോര്‍ ഒമ്പതിനും ഏഴിലും. കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടു ചെലവും നടത്തി മുന്നോട്ടുപോയതല്ലാതെ ഇതേവരെ ഞങ്ങള്‍ക്കൊരു സമ്പാദ്യമുണ്ടായിട്ടില്ല. നേരത്തെ അദ്ദേഹം ദുബൈയില്‍ ആയിരുന്നു- ആറുവര്‍ഷം. ഇപ്പോള്‍ സഊദിയില്‍ പോയിട്ട് നാല് വര്‍ഷത്തോളമാകുന്നു. പഴയ വീട് പുതുക്കിപ്പണിയുകയായിരുന്നു അടുത്ത മാസം മുതല്‍ ഞങ്ങള്‍ പദ്ധതിയിട്ടത്. ഇപ്പോഴത്തെ സ്ഥിതിയില്‍ അത് നടക്കുമെന്ന് തോന്നുന്നില്ല- തിരുവനന്തപുരം ഇടവ സ്വദേശിയായ ജസീലയുടെ വാക്കുകളില്‍ നിരാശ.
കഴിഞ്ഞ നാല് മാസമായി അദ്ദേഹം സാധാരണ അയക്കുന്നതിന്റെ പകുതി പണമാണ് എത്തിക്കുന്നത്. ജോലി ഇല്ലാതെ നില്‍ക്കുന്നതു കൊണ്ട് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി അയക്കുന്നെന്നാണ് മനസിലാക്കുന്നത്. ഇതൊന്നും പറഞ്ഞാല്‍ കുട്ടികളുടെ സ്‌കൂളില്‍ ഫീസ് അടക്കുന്നതില്‍ കുറവ് വരുത്തുകയോ മറ്റ് ചെലവുകള്‍ പരിമിതപ്പെടുത്താനോ കഴിയില്ല. ഏതായാലും ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് നല്ലൊരു സ്‌പോണ്‍സറുടെ കീഴില്‍ മികച്ചൊരു ജോലി ലഭിക്കാന്‍...

കടക്കെടിയിലാണ് ഞങ്ങള്‍
20 സെന്റ് ഭൂമി അദ്ദേഹത്തിന്റെ പേരില്‍ ഉണ്ടായിരുന്നു. അത് പണയപ്പെടുത്തി വീട് വെക്കാന്‍ ലോണെടുത്തു. വീടിന്റെ പണി പകുതിയായപ്പോഴേക്കും ആ പണം തീര്‍ന്നു. മാസാമാസം ലോണ്‍ തിരികെ അടക്കേണ്ടതുണ്ട്. രണ്ടുമാസമായി ലോണ്‍ മുടങ്ങിയിരിക്കുകയാണ്. വീട് വാര്‍പ്പ് കഴിഞ്ഞു. മറ്റ് പണികള്‍ നടത്തിയിട്ടില്ല. പണി തുടരാനോ ലോണ്‍ അടക്കാനോ നിവര്‍ത്തിയില്ലാത്ത സ്ഥിതിയാണ് നിതാഖാത് ഞങ്ങള്‍ക്ക് സമ്മാനിച്ചത്- രത്‌നമ്മയുടെ വാക്കുകളില്‍ കടുത്ത വേദന.
കുട്ടികളുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ ചികിത്സയും ഞങ്ങളുടെ നിത്യചെലവുകളുമാണ് പത്ത് വര്‍ഷത്തോളമായ അദ്ദേഹത്തിന്റെ അധ്വാനം നല്‍കിയത്. പഴയ കടങ്ങളൊക്കെ ഒരു വിധം തീര്‍ത്ത് പുതിയൊരു ജീവിതത്തിന് തയാറെടുക്കുമ്പോഴാണ് സഊദിയില്‍ കുഴപ്പമുണ്ടായത്. ഇപ്പോള്‍ അദ്ദേഹം എത്രയും വേഗം തിരികെ വരണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്. വസ്തു വിറ്റ് കടം തീര്‍ക്കുകയേ വഴിയുള്ളൂ.
പ്രതിസന്ധി തീരുമോ....
മകന്‍ സഊദിയില്‍ പോയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. ഇതുവരെ അവന് വാഗ്ദാനം ചെയ്ത ജോലി കിട്ടിയിട്ടില്ല. റിയാദില്‍ നിന്ന് വളരെ ഉള്ളിലുള്ള ബിഷ എന്ന സ്ഥലത്താണവന്‍. സഊദിയിലെ സ്വദേശിവല്‍കരണം തുടക്കത്തിലെ വിനയായ ഒരു പ്രവാസിയുടെ മാതാവായ നബീസ പറയുന്നു.
അവന് നാട്ടില്‍ ഒരു ചെറിയ ജോലിയുണ്ടായിരുന്നു. നല്ല വിസയിലേ പോകൂവെന്ന് വാശിപിടിച്ച് നിന്നിട്ട് പോയപ്പോള്‍ ഇങ്ങനെയായി. അവന്റെ പ്രതീക്ഷയാണ് ഞങ്ങള്‍ക്ക് ആകെയുള്ളത്. അവന്റെ അമ്മാവന്‍ സഊദിയിലുണ്ട്. പക്ഷേ, വര്‍ഷങ്ങളായി അവിടെ സ്ഥിരജോലി ചെയ്യുന്നവര്‍ പോലും പ്രതിസന്ധിയിലാണ്. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരിക്കുകയും കഷ്ടപാട് സഹിക്കുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത് മടങ്ങിവരികയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അവന്‍ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞത് ഇപ്പോള്‍ കടുത്ത നടപടികള്‍ അവിടത്തെ ഭരണക്കാര്‍ സ്വീകരിക്കുന്നില്ലെന്നാണ്. ഒരു മാസത്തിനകം നല്ല രീതിയില്‍ ജോലി ചെയ്യാനാകുമെന്നും അവന്‍ പറയുന്നു. ഒരുപാട് പ്രാരാബ്ധമുണ്ട് ഞങ്ങള്‍ക്ക്. കുടുംബം പട്ടിണിയാകും മുമ്പ് അവന് നല്ല തൊഴില്‍ ആകണമെന്നുമാത്രമാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.


പ്രതീക്ഷയുണ്ട്; മിസ്‌കിന്‍
കുവൈത്തില്‍ അത്യാവശ്യം നല്ല വരുമാനമുള്ള തൊഴിലായിരുന്നു ജാഫറിന്. ഇപ്പോള്‍ അദ്ദേഹം നാട്ടിലുണ്ട്. എല്ലാ രേഖകളും ശരിയായിരുന്നു. ലീവിന് എത്തിയതാണ്, എന്നാല്‍ ഉടനെ മടങ്ങി ചെല്ലേണ്ടന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രണ്ട് മാസം കഴിഞ്ഞ് അറിയിക്കാമെന്ന് സ്‌പോണ്‍സറുടെ ഫാണ്‍ വന്നു. കുവൈത്തിലെ ഓയില്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് ഇപ്പോഴും പ്രതീക്ഷയുണ്ട്. തന്റെ പല സുഹൃത്തുക്കളും മടങ്ങിവന്നിട്ടുണ്ട്. അവിടെ നിയമവിധേയമായി തൊഴിലെടുക്കുന്നവരെ പോലും മടക്കി അയക്കുന്നു. ചെറിയ ട്രാഫിക്ക് ലംഘന കുറ്റങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരെ അനധികൃരായി കണ്ട് നാട്ടിലേക്ക് കയറ്റിവിടുന്ന നടപടിയാണ് ആദ്യം ആരംഭിച്ചത്. ഇത്തരം നടപടികള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും കുവൈത്തിലെ ജലീബല്‍ ഷെയൂക്കില്‍ നിന്ന് 650 പേരാണ് റെയ്ഡുകളില്‍ പിടിയിലായതെന്ന് ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞു. സ്ത്രീകള്‍ ഉള്‍പെടെയുള്ളവരെയാണ് രേഖകള്‍ ചോദിച്ചുവാങ്ങി ചെറിയ ക്രമക്കേടുകള്‍ക്ക് നാട്ടിലേക്ക് എക്‌സിറ്റ് നല്‍കുന്നത്. യാതൊരു ഔദ്യോഗിക മുന്നറിയിപ്പുകളും ഇല്ലാതെയാണ് കുവൈത്ത് അധികൃതര്‍ ഇത്തരം നടപടികള്‍ നടപ്പാക്കുന്നത്.
റെയ്ഡുകള്‍ റൂമുകളിലേക്കും ഷോപ്പിംഗ് മാളുകളിലേക്കും വ്യാപിച്ചതോടെ പ്രവാസികള്‍ പുറത്തിറങ്ങാതെയിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ലേബര്‍ ക്യാമ്പുകളിലും വ്യാപകമായ റെയ്ഡ് നടക്കുന്നു.
നാലഞ്ച് വര്‍ഷം കൂടി പ്രവാസ ജീവിതം നയിച്ച ശേഷം നാട്ടില്‍ ഒരു ബിസിനസ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ 'മിസ്‌കിന്‍' ആണെന്ന് ജാഫര്‍ പറയുന്നു.
ഇത് കേരളത്തില്‍ അങ്ങോളമിങ്ങോളം ചെറിയ തോതിലെങ്കിലും ഉയരുന്ന ആത്മഗതങ്ങളാണ്. മലയാളിയുടെ വീടകങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്ന കാര്‍മേഘം പോലെയാണ് നിതാഖാത് വന്നുനില്‍ക്കുന്നത്.


(ഈ ലക്കം- ഓഗസ്റ്റ് 2013 മഹിളാ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്)