കല്യാണത്തിന്റെ തെക്കന്‍ മൊഞ്ച്
ഫിര്‍ദൗസ് കായല്‍പ്പുറം
നാണത്തോടെ മുഖം കുനിച്ചും നഖം കടിച്ചും മണിയറയിലേക്ക് കടന്നുവരുന്ന നവവധു. ആദ്യ സ്പര്‍ശനത്തിന്റെ ആനന്ദത്തിനായി കാത്തിരിക്കുന്ന വരന്. ജീവിതം തുടങ്ങുന്ന രാത്രിയെക്കുറിച്ചുള്ള ആകാംക്ഷകളോടെ, തെല്ല് ഭയത്തോടെയാകും ഇരുവരും കടന്നുവരുന്നത്. എന്നാലിത് പല ദേശങ്ങളിലും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പ്രധാനമായും മൂന്ന് സംസ്കാരങ്ങളുടെ സംയക്താനുഭവമാണിത്. തമിഴ് ബ്രാഹ്മണരുടെ ജീവിതചര്യകള്‍ ഈ നാടിന്റെ ഒരു പ്രവിശ്യയുടെ വിവാഹങ്ങളെയും സ്വാധീനിച്ചു. തിരുവിതാംകൂര്‍ മുസ്ലിമിന് മറ്റൊരു കല്യാണ രീതിയാണ്. ഹൈന്ദവ സമൂഹമാകട്ടെ ആചാരങ്ങളുടെ കാര്യത്തില്‍ ഒട്ടുംപിന്നിലല്ല. കല്യാണത്തിന്റെ ആചാരങ്ങള്‍ ഏതാണ്ട് അതേപടി ആദ്യരാത്രികളിലേക്കും ചേക്കേറുന്നു.
പവിത്രമായ ആദ്യ രാത്രിയുടെ ചടങ്ങുകളെ തിരുവിതാംകൂറില്‍ ഇപ്പോഴും പിന്തുടരുന്നത് പഴമയുടെ പെരുമയോടെ തന്നെയാണ്. നവവധുവിന്റെ ആശങ്കകളും പുതുമണവാളന്റെ ആശകളും എല്ലാ ദേശത്തും കാലത്തും ഏറെക്കുറെ ഒരുപോലെ തന്നെയാണ്. എന്നാല്‍ തിരുവിതാംകൂറിലെ യുവത്വത്തിന് ആദ്യരാത്രി പ്രതീക്ഷകളുടേത് തന്നെയാണ്. നാളെയിലേക്കുള്ള അഭിവൃദ്ധിക്ക് ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇവര്‍ കൂട്ടുപിടിക്കുന്നു. അപരിചിതരായ രണ്ടുപേര്‍, അല്ലെങ്കില്‍ കുറച്ചുകാലത്തെ പരിചയം മാത്രമുള്ള രണ്ടുപേര്‍ ഏറ്റവും അടുത്തിടപഴകുന്ന ആദ്യമണിക്കൂറുകളില്‍ ജാതിയുടെയും മതത്തിന്റെയും ചടങ്ങളുകള്‍ കിടക്കറ കയ്യടക്കുന്നത് അപൂര്‍വമല്ല.
മഞ്ഞള്‍ മണക്കുന്ന മണിയറ
കേരള- തമിഴ്നാട് അതിര്‍ത്തി പ്രദേശമായ കന്യാകുമാരി മുതല്‍ കളിയിക്കാവിള വരെ ഇപ്പോഴും തമിഴ് ദ്രാവിഡ സംസ്കാരത്തിന്റെ അനുഷ്ഠാനങ്ങളുണ്ട്. മഞ്ഞള്‍, പൂക്കള്‍, പഴങ്ങള്‍ തുടങ്ങിയവ കിടക്കറയില്‍ വെച്ച് പ്രാര്‍ത്ഥനാ സമാനമായ അന്തരീക്ഷത്തിലേക്കാണ് നവവധു കടന്നുചെല്ലുന്നത്. നാണത്തില്‍ മുങ്ങി അവള് നില്ക്കുമ്പോള് ശുഭ്രവസ്ത്രധാരിയായ വരന് അവളെ അരുമയോടെ കിടക്കറയിലേക്ക് നയിക്കുന്നു. ആദ്യരാത്രിയില്‍ സെക്സിനേക്കാളേറെ മാനസിക വൈകാരികതയെ അടയാളപ്പെടുത്തലാണ് ഈ തമിഴ് കള്‍ച്ചള്‍. ഏതാണ്ട് തിരുവനന്തപുരം ജില്ലയുടെ ഒരു ഭാഗം ഇപ്പോഴും മലയാളം സംസാരിച്ചുകൊണ്ട് തമിഴ് കല്യാണങ്ങളെ സ്വീകരിക്കുന്നു. വലിയ ആഘോഷമാകണം കല്യാണം എന്ന ചിന്തയാണ് ഇവരെ ഇതിന് പ്രേരിപ്പിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ കൂടുതലായി ഉപയോഗിക്കാറില്ലാത്ത ഇവര്‍, കല്യാണം കഴിഞ്ഞാലുടന്‍ സ്വര്‍ണം ഊരിവെച്ച് കുപ്പിവഴകളും മുത്തുമാലകളും അണിയുന്നു. അവള് കൂടുതല്‍ സുന്ദരിയായാണ് മണിയറയിലേക്ക് കടക്കുന്നത്.
അന്യവീട്ടിലെ പൊട്ടിച്ചിരി
തിരുവിതാംകൂറിലെ ഹൈന്ദവ വിവാഹങ്ങള്‍ ഇപ്പോഴും ഒരുക്കങ്ങളുടെ പരമകോടിയിലാണ്. മംഗല്യ ദിനത്തില്‍ വധുവിന്റെ വസ്ത്രങ്ങള്‍ക്കും ചമയങ്ങള്‍ക്കും വളരെ പ്രത്യേകതകളുണ്ട്. ആദ്യരാത്രിയോളം പുടവ മാറ്റിയും ചമയങ്ങളും വീണ്ടും വീണ്ടും അണിയിക്കുന്നു. വരന്റെ വീട്ടിലാണ് ആദ്യരാത്രി.
ഒരു പരിചയവുമില്ലാത്ത ഒരു വീട്ടില്‍, അന്യപുരുഷനൊപ്പം കഴിയേണ്ടി വരുന്ന പരിഭ്രമത്തിലാകും നവവധു. പക്ഷേ, വരന്റെ വീട്ടുകാര്‍ ഈ കുറവ് നിസാരമായി പരിഹരിക്കുമെന്നതാണ് കല്യാണ ദിവസം വൈകിട്ട് വരന്റെ വീട്ടില്‍ കാണാനാവുന്നത്. വധുവിനെ അവര്‍ ആദ്യദിനം തന്നെ കളിതമാശകള്‍ കൊണ്ട് പൊതിയും. അവളെ അടുക്കളയില്‍ ഇരുത്തി വരന്റെ ബന്ധുക്കള്‍ ചുറ്റുമിരുന്നത് റാഗിംഗിന് സമാനമായ ചില പൊടിക്കൈകള്‍ പരീക്ഷിക്കും. ചിലര്‍ ഈ റാഗിംഗിലെ തമാശകള്‍ ഉള്‍ക്കൊള്ളാനാകാതെ ഒച്ച വെക്കാറുമുണ്ട്. വരന്റെ വീട്ടിലെ അടുക്കളയില്‍ നിന്നും ആദ്യരാത്രിക്കുള്ള പാലുമായി കിടക്കറയിലേക്ക് നടക്കാന്‍ പെണ്ണിനെ പ്രാപ്തമാക്കുകയാണ് ഈ തമാശക്കൂട്ടിന്റെ ലക്ഷ്യം. കിടക്കറയിലേക്ക് കടമ്പോഴേക്കും വരന്റെ വീടും അവിടത്തെ അന്തരീക്ഷവും പെണ്ണ് അത്യാവശ്യം പൊരുത്തപ്പെട്ടിരിക്കുമെന്നതാണ് പ്രത്യേകത. പൂക്കള്‍ കൊണ്ട് അലങ്കരിച്ച കിടക്കയിലേക്ക് അടക്കിപ്പിടിച്ച ശ്വാസത്തോടെ ചായുമ്പോഴും അവളുടെ ഉള്ളില്‍ അല്പം മുമ്പ് അവിടത്തെ പെണ്ണുങ്ങള് കാട്ടിക്കൂട്ടിയ കുസൃതിയാകും തെളിഞ്ഞുവരിക.
കല്യാണ രാത്രിയിലെ സംഗീതം
തെക്കന്‍ കേരളത്തിലെ മുസ്ലിം ഭവനങ്ങളില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ വിവാഹം തന്നെ രാത്രിയിലായിരുന്നു. അപ്പോള്‍ പിന്നെ ആദ്യ രാത്രിയുടെ പ്രസക്തി എന്താണെന്നാകും സാധാരണ ഉയര്‍ന്നുവരാറുള്ള ചോദ്യം. രാത്രികല്യാണങ്ങള്‍ കൂടുതല്‍ ആവേശകരമായിരുന്നെന്നാണ് പഴമക്കാര്‍ പറയാറ്. അന്ന് ഒപ്പയുടെ ചുവടുകള്‍ യുവതയെ വല്ലാതെ കോരിത്തരിപ്പിച്ചിരുന്നു. സംഗീതമയമായിരുന്നു ആ രാത്രികള്‍. ദൂരെയെവിടെയോ വൈദ്യുതിയുള്ള ഒരു വീടുണ്ടാകും അവിടെ നിന്ന് കേബിള്‍ പിടിച്ച് ലൈറ്റുകള്‍ തെളിച്ച്, പാട്ടുപെട്ടിവെച്ച് പുലരുവോളം സംഗീതം. അതിനിടയില്‍ വരനും വധുവും ജീവിതത്തിലേക്ക് ചുവടുവെക്കുന്നു. ഇത് തിരുവിതാംകൂറിന്റെ മാത്രം കാര്യമല്ല. ആദ്യരാത്രിയിലെ പെണ്ണിന്റെയും പുരുഷന്റെയും മാനസികാവസ്ഥ തീര്‍ച്ചയായും ആഘോഷമാണ്. എന്നാല്‍ തെക്കന്‍ കേരളത്തിലെ മുസ്ലിം ഭവനങ്ങളില്‍ ആര്‍ഭാടം പലപ്പോഴും അതിരുകടക്കുന്നു. ഇത് ആദ്യരാത്രിയിലും പ്രതിഫലിക്കുന്നുണ്ട്. വിലകൂടിയ വസ്തുക്കള്‍ കൊണ്ട് അലങ്കരിക്കുക, ഏറ്റവും മികച്ചതും ചെലവേറിയതുമായ ഉല്പന്നങ്ങള് കൊണ്ട് കിടപ്പുമുറി നിറയ്ക്കുക തുടങ്ങിയ കാര്യങ്ങളിലെ അമിത പ്രാധാന്യം പലപ്പോഴും നവവധുവിന് അലോസരമുണ്ടാക്കുന്നു.
മുസ്ലിംകള്ക്ക് വിവാഹ വേളയില്‍ നിര്‍ബന്ധമായും ഒത്തുകൂടേണ്ടത് വരനും വധുവിന്റെ രക്ഷിതാവും രണ്ടു സാക്ഷികളും മാത്രമാണ്. വളരെ അടുത്ത ബന്ധുക്കളും അയല്‍ക്കാരും ഇത്തരം സന്തോഷാവസരങ്ങളില്‍ സംബന്ധിക്കുക സ്വാഭാവികം. എന്നാല്‍ എന്തിനാണ് വിവാഹാഘോഷങ്ങളിലേക്ക് ആയിരങ്ങളെ ക്ഷണിച്ച് വരുത്തുന്നത് എന്നൊരു കാഴ്ചപ്പാട് ഇപ്പോഴുമുണ്ട്.
ആഘോഷങ്ങളുടെ രാത്രി
വരനും വധുവിനും മണിയറയൊരുക്കുന്നതിന്റെ ചുമതല കൂട്ടുകാര്‍ ഏറ്റെടുക്കലാണ് പതിവ്. കിടപ്പുമുറിയുടെ വാതിലും പൂട്ടുമൊക്കെ ഇളക്കിവെക്കുക, ജനലിന്റെ കൊളുത്ത് അഴിച്ചുമാറ്റുക, കട്ടിലിന്റെ ആണികള്‍ ഇളക്കിവെക്കുക തുടങ്ങിയവയാണ് ആദ്യ പ്രയോഗങ്ങള്‍. കട്ടിലിന്റെ ആണി ഇളകിയതറിയാതെ കിടന്ന് നടുവൊടിഞ്ഞവര്‍ പോലുമുണ്ട്. ഇതൊക്കെ ഇപ്പോഴും നടക്കുന്നുണ്ട്. പരസ്പരം പരിചയപ്പെടേണ്ട ദിവസമാണ് ആദ്യരാത്രിയെന്ന പഴയകാല സങ്കല്പങ്ങളെ മായ്ച്ചുകളഞ്ഞത് സാങ്കേതിക വിദ്യ കൊണ്ടുവന്ന മാറ്റമാണ്. കല്യാണമുറപ്പിച്ചു കഴിഞ്ഞ ശേഷം ഫോണിലൂടെയും മറ്റും പരിചയം വളര്‍ത്താന്‍ സാഹചര്യമുണ്ട്. പ്രണയവിവാഹമാണെങ്കില്‍ കൂടുതല്‍ അടുത്തറിഞ്ഞിട്ടുണ്ടാകും. എന്നാല്‍ ആദ്യരാത്രിയിലെ പരിചയപ്പെടലിന് അതിനുമപ്പുറത്തെ പ്രാധാന്യമുണ്ട്. പങ്കാളിയുടെ അഭിരുചികളെക്കുറിച്ച് സംസാരിക്കുക പലപ്പോഴും ആദ്യരാത്രിയില്‍ തന്നെയാണ്. ആഹാരകാര്യത്തിലും വസ്ത്രധാരണത്തിലും മറ്റു പൊതുകാര്യങ്ങളിലും മാത്രമല്ല, സെക്സിന്റെ കാര്യത്തിലുള്ള അഭിരുചികളെപ്പറ്റിയും തുറന്ന് സംസാരിക്കുന്നതാണ് പുതിയ തലമുറ.
(ഈ ലക്കം (ഏപ്രില്‍) മഹിളാ ചന്ദ്രികയിലെ 'ആറു നാട്ടില്‍ നൂറു കല്യാണ'ത്തില്‍ നിന്ന്..)