തഖ്ബീര്‍ ധ്വനികള്‍ മുഴങ്ങുന്ന നിലാവുള്ള റമസാന്‍ രാത്രികളെക്കുറിച്ച് പലപ്പോഴും എഴുതിയിട്ടുണ്ട്. ഓര്‍മകളില്‍ ഒരു പുണ്യതീര്‍ത്ഥമായിരുന്നു റമസാന്‍. ചിലപ്പോള്‍ അവ വൈകാരികമായി സ്മൃതികളില്‍ തികട്ടി വരാറുണ്ട്. സ്‌നേഹത്തിന്റെ നിറകുടമായിരുന്ന എന്റെ ഉമ്മ. പറക്കമുറ്റാത്ത മക്കളായ ഞങ്ങളെ മാറോട് ചേര്‍ത്ത് പൊരുന്നാളിന്റെ അന്നത്തിനുവേണ്ടി അരിച്ചുകൂട്ടുന്നതിന് പലപ്പോഴും ദാരിദ്ര്യത്തിന്റെ രുചിയായിരുന്നു. അത് തീര്‍ച്ചായായും മധുരകരമായിരുന്നെങ്കിലും അന്നത്തെ ആ പുത്തരിച്ചോറായിരുന്നു എനിക്ക് ആത്മീയതയുടെ ആദ്യത്തെ ഓര്‍മ്മ.
ഇന്ന് പെരുന്നാള്‍ ഒരു സമാധാനമാണ്. നിറയെ ചിരിക്കാന്‍ കഴിയില്ലെങ്കിലും നിശബ്ദനായി ഇരിക്കാനാവുന്നു. അത്രമാത്രം ജീവിതം ഇടവഴികളിലൂടെയാണിപ്പോള്‍ സഞ്ചരിക്കുന്നത്. ഞാന്‍- ഒരു വാക്കുകൊണ്ടുപോലും നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നില്ല. കാരണം- ഈ വഴികളിലെല്ലാം പണ്ട് ഒരു നീര്‍ച്ചാലോ പുഴയോ ഉണ്ടായിരുന്നു. ആ നനുത്ത ചിന്തകളോട് കൂട്ടുകൂടാന്‍ ഇന്നെനിക്ക് കഴിയുന്നില്ല. ഇല്ലാത്ത ഗ്രാമത്തിലെ ഗ്രാമീണ ഗൃഹാതുരതയെയാണ് ഞാനിപ്പോള്‍ ആര്‍ത്തിയോടെ നോക്കുന്നത്.
No comments:
Post a Comment