ചുനക്കര രാമന്‍കുട്ടിക്ക് 80 വയസ്ചലച്ചിത്രഗാന രംഗത്ത് നാല് പതിറ്റാണ്ട്
ഹൃദയവനിയില്‍ പൂത്ത ദേവതാരു
ഫിര്‍ദൗസ് കായല്‍പ്പുറം
മലയാളിയുടെ ആസ്വാദന ബോധത്തില്‍ ദേവതാരുവിന്റെ പരിമളം വിതറിയ ചുനക്കര രാമന്‍കുട്ടിക്ക് എണ്‍പത് വയസ്. 40 സംവത്സരങ്ങള്‍ നീണ്ട എഴുത്തിലൂടെ ഈ ഗാനരചയിതാവ് മലയാള ചലച്ചിത്രഗാന ശാഖക്ക് സമ്മാനിച്ചത് ജീവിതഗന്ധികളായ ഒരുപിടി ഗാനങ്ങളാണ്. പാട്ടെഴുത്തിന്റെ പതിവ് ഇടനാഴികളില്‍ നിന്ന് പുറത്തിറങ്ങി, വിശാലമായ സങ്കല്പലോകത്തെയാണ് ചുനക്കര നമുക്ക് പകര്‍ന്നുതന്നത്. അതുകൊണ്ടാണല്ലോ 'മനസിന്റെ താഴ്വരയില് ദേവതാരു പൂക്കുന്നത്' ഈ കവിക്ക് കാണാനായത്. ഈണം കൊരുത്തെടുക്കുന്ന വാക്കുകളുടെ കൂട്ടത്തെയാണ് സാധാരണ ചലച്ചിത്രഗാനമെന്ന് വിശേഷിപ്പിക്കാറ്. എന്നാല്‍ ചുനക്കരയുടെ എഴുത്തുലോകം ഇതില്‍ നിന്ന് വ്യത്യസ്തമാണെന്ന് മാത്രമല്ല, മലയാള ചലച്ചിത്ര ഗാനശാഖയില്‍ പുതിയൊരു പഠനത്തിന് വഴിതുറക്കുന്നതുമാണ്. സാധാരണമനുഷ്യന്റെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന അനുഭവ തീക്ഷ്ണതയും നാട്ടുരാഷ്ട്രീയവുമാണ് ചുനക്കരയുടെ വരികളില്‍ തുടിക്കുന്നത്.
ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളും സമ്മാനിക്കുമ്പോഴും ആത്യന്തികമായി ഈ കവി മലയാളിയുടെ ഗ്രാമമിടുപ്പുകളോട് ചേര്‍ന്നുനിന്ന് ജീവിതം എഴുതുകയാണ്. 'ഹൃദയവനിയിലെ ഗായികയോ യവനകഥയിലെ നായികയോ' എന്നതിനപ്പുറം പ്രണയത്തിന്റെ തീവ്രസൗകുമാര്യത്തെ എങ്ങനെയാണ് അടയാളപ്പെടുത്താനാവുക.
'ആശ്രമ'ത്തില്‍ നിന്ന് തുടക്കം
ചുനക്കരയുടെ ഹിറ്റുകള്‍ നിരവധിയുണ്ട്. എന്നാല്‍ 'ഒരു തിര പിന്നെയും തിര', 'ദേവീ നിന് രൂപം' എന്നീ ഗാനങ്ങളാണ് അദ്ദേഹത്തിന് മലയാള ചലച്ചിത്രഗാന രംഗത്ത് മേല്‍വിലാസം നല്‍കിയത്. തുടക്കം 'ആശ്രമം' എന്ന സിനിമയയിലൂടെയായിരുന്നു.പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം കഴിഞ്ഞിറങ്ങിയ കെ.കെ. ചന്ദ്രന് 1978ല്‍ 'ആശ്രമം' എന്ന സിനിമയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ശ്രദ്ധേയരായ ഗാനരചയിതാക്കളെ കൊണ്ടു പാട്ടെഴുതിച്ചിട്ടും ചന്ദ്രന് ഇഷ്ടമായില്ല. ഒടുവിലാണ് 'ചുനക്കരയെ നോക്കിയാലോ' എന്ന ആശയം ക്യാമറാമാന് കരുണാകരന് മുന്നോട്ടുെച്ചത്. ചുനക്കരയെക്കൊണ്ട് ഒരു പാട്ടെഴുതിക്കാന്‍ തുടങ്ങിയ ചന്ദ്രന്, ആദ്യ ഗാനം ഇഷ്ടപ്പെട്ടതോടെ മൂന്ന് ഗാനമാകട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. 'അക്ഷരകന്യകേ അക്ഷരകന്യകേ സപ്തസ്വരത്തിന്‍ ചിലമ്പൊലി ചാര്‍ത്തിയ അക്ഷരകന്യകേ...' എന്ന ചുനക്കരയുടെ സിനിമയിലെ ആദ്യഗാനത്തിന് എം.കെ. അര്‍ജുനനായിരുന്നു സംഗീതം നല്‍കിയത്. പി. ജയചന്ദ്രന് ഈ ഗാനം മനോഹരമായി ആലപിക്കുകയും ചെയ്തു. പാട്ട് നന്നായെങ്കിലും സിനിമ ഓടിയില്ല. 1979ല്‍ കൗമാരപ്രായം, 1981ല്‍ ചൂതാട്ടം, ഇരതേടുന്ന മനുഷ്യര്‍, യക്ഷിക്കാവ്, സ്വപ്നമേ നിനക്കു നന്ദി... സിനിമകള്‍ നിരനിരയായി ചുനക്കരയെത്തേടി വന്നു. പക്ഷേ, ഹിറ്റുകള്‍ക്കായി പിന്നെയും കാത്തിരിക്കേണ്ടിവന്നു. അരോമയുടെ 'ഒരു തിര പിന്നെയും തിര' എന്ന പി.ജി. വിശ്വംഭരന് സിനിമ ഹിറ്റായി. ഹിറ്റ് സിനിമയും ഹിറ്റ് ഗാനങ്ങളും ചുനക്കരയുടെ ജീവിതത്തിന്റെ ഗതിമാറ്റി. 'ദേവി നിന് രൂപം', 'ശിശിരമാസക്കുളിര്‍രാവില്‍...', 'ഒരു തിര പിന്നെയും തിര...' എന്നീ ഗാനങ്ങള്‍ ജനകീയമായി. എം.ജി. രാധാകൃഷ്ണനായിരുന്നു ഈണം നല്‍കിയത്.
കാവ്യവഴിയില്‍ ജ്യേഷ്ടന്റെ പിന്തുണ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilnPY_HPMY-j6MYHyFEYD-9yNreeTBJSvmhogGEJeH9BZBXZIQBWfYAzO0Avg_SnwQeIaSd8lZG_RrXYnrRF28yJsKyLz_0J5R_XXWDong8dcEV5n33Ds471i-Rz0BY2iPKUzZVuOlKvA/s320/chunakara-2.jpg)
സ്കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ കവിത വായിക്കാന്‍ എത്തിച്ചു കൊടുത്തതു ജ്യേഷ്ടന് മാധവനാണ്. ചങ്ങമ്പുഴയെയും ഇടപ്പള്ളിയെയും രാമന്‍കുട്ടി വായിച്ചു. ഗഹനമായ പഠനമായിരുന്നില്ലെങ്കിലും കവിതാ വായന ശക്തമാക്കി, മലയാളത്തിന്റെ അക്കാലത്തെ എല്ലാ എഴുത്തുകാരെയും വായിച്ചു. ചെറുതായി എഴുതാനും ആരംഭിച്ചിരുന്നു. ചുനക്കര ഹൈസ്കൂളിലും പന്തളം എന്‍.എസ്.എസ് കോളജിലും പഠിക്കുമ്പോള്‍ത്തന്നെ കെ. രാമന്‍കുട്ടി, 'ചുനക്കര രാമന്‍കുട്ടി'യായി മാറിയിരുന്നു.
പിന്നീട് തിരുവനന്തപുരത്ത് താമസമായപ്പോള്‍ റേഡിയോ അമ്മാവന് എന്നു പേരെടുത്ത പി. ഗംഗാധരന് നായരായിരുന്നു അയല്‍വാസി. അദ്ദേഹത്തെ പരിചയപ്പെടണമെന്ന് ആഗ്രഹമുണ്ടായി. നേരിട്ടു മുട്ടാന്‍ ധൈര്യമില്ല. സുഹൃത്ത് അരവിന്ദാക്ഷന്റെ ബന്ധുവാണു ഗംഗാധരന് നായര്‍. ആ വഴി ശ്രമം നടത്തിയത് വിജയിച്ചു. എന്നാല്‍ കവിതയല്ല, ആകാശവാണിക്ക് വേണ്ടത് പാട്ടുകളാണെന്ന് ഗംഗാധരന് നായര്‍ പറഞ്ഞു. ഒട്ടും വൈകിക്കാതെ കയ്യില്‍ കരുതിയ മൂന്നു പാട്ട് ചുനക്കര ആകാശവാണിക്ക് കൊടുത്തു. രണ്ടു മാസം കഴിഞ്ഞപ്പോള്‍ രത്നാകരന് ഭാഗവതര്‍ ഈണമിട്ട് ലളിതസംഗീതപാഠത്തിലൂടെ ഈ ഗാനങ്ങള്‍ പുറത്തുവന്നു: 'കരുണക്കടലേ കാര്‍മുകില്‍വര്‍ണാ കണി കാണാനായ് വാ...' എന്ന പാട്ടിന് റേഡിയോ ശ്രോതാക്കളില്‍ വലിയ സ്വീകാര്യതയുണ്ടായി. പിന്നീടു വന്ന അടുത്ത രണ്ടു ഗാനങ്ങള്‍ക്കും പ്രശംസയുണ്ടായി. ചുനക്കര ഒന്നുണര്‍ന്നു, ഇനി പേന താഴെ വെക്കേണ്ടി വരില്ലെന്ന് ഉറപ്പായ സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍ ഓരോ പാട്ടിലും വ്യത്യസ്തത തേടുന്ന എഴുത്തുകാരന് എന്ന പ്രത്യേകത അദ്ദേഹത്തെ അതിവേഗം ശ്രദ്ധേയനാക്കി.
നാടകം
ചുനക്കര ഒരു പക്ഷേ, സ്വതന്ത്രമായി കൈവെച്ച ആദ്യമേഖല നാടകമായിരുന്നു. ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെ അറിയപ്പെട്ട ചെറുപ്പക്കാരന് നാടകക്കാര്ക്കിടയില് പ്രശസ്തനാകാന് കാലതാമസമുണ്ടായില്ല. അക്കാലത്ത് നാടകങ്ങള്‍ക്ക് വന്‍ ഡിമാന്റ് ആയിരുന്നു. ചുനക്കരയെ തേടി നാടകസമിതികള്‍ എത്തി. കൊല്ലം അസീസി, ലങ്കര തിയേറ്റേഴ്സ്, കൊല്ലം ഗായത്രി, കേരള തിയറ്റേഴ്സ്, നാഷനല്‍ തിയറ്റേഴ്സ് തുടങ്ങിയ സമിതികള്‍ക്ക് നൂറുകണക്കിന് നാടകഗാനങ്ങള്‍ എഴുതി. ഇതിനിടെയാണ് സ്വന്തമായൊരു നാടകസമിതി തന്നെയാകാമെന്ന് ചുനക്കരക്ക് തോന്നിയത്. 'മലയാള നാടകവേദി'ക്ക് അദ്ദേഹം തുടക്കമിട്ടു. അഞ്ചു കൊല്ലം മാത്രമേ സമിതി കൊണ്ടുനടക്കാനായുള്ളൂ. നഷ്ടവും നിരാശയും ബാക്കി. സ്വന്തം സമിതിയുടെ തിരശീല താഴ്ത്തിയെങ്കിലും ചുനക്കരയിലെ പാട്ടെഴുത്തുകാരനെ അപ്പോഴേക്കും സിനിമാലോകം ശ്രദ്ധിച്ചുതുടങ്ങിയിരുന്നു.ചുനക്കര- ശ്യാം ടീം
സാമുവല്‍ ജോസഫ് എന്ന ശ്യാമിന്റെ സംഗീതവും ചുനക്കര രാമന്‍കുട്ടിയുടെ വരികളും ആദ്യം കൂട്ടിയിണക്കിയ ചിത്രമായിരുന്നു 'കൗമാരപ്രായം'. തുടര്‍ന്ന് മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ നിയന്ത്രിച്ചത് ഇവരായിരുന്നു എന്നത് ചരിത്രം. വയലാര്‍- ദേവരാജന്‍ ടീം എന്നതുപോലെ മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ കൂട്ടുകെട്ടായിരുന്നു ചുനക്കര- ശ്യാം കൂട്ടുകെട്ട്.ശ്യാമിന്റെ ഈണത്തില്‍ ചുനക്കര എഴുതുന്നതൊക്കെയും ഹിറ്റ് എന്നൊരു വിശ്വാസം സിനിമാ ലോകത്തും വളര്‍ന്നുതുടങ്ങി. 'ദേവദാരു പൂത്തു എന്‍ മനസില്‍ താഴ്വരയില്...' (എങ്ങനെ നീ മറക്കും), 'സിന്ദൂരത്തിലകവുമായ് പുള്ളിക്കുയിലേ പോരൂ നീ...' (കുയിലിനെത്തേടി), 'ധനുമാസക്കാറ്റേ വായോ...' (മുത്തോടു മുത്ത്), 'അത്തിമരക്കൊമ്പത്തെ തത്തക്കിളി വന്നല്ലോ...' (പച്ചവെളിച്ചം), 'ഹൃദയവനിയിലെ ഗായികയോ...' (കോട്ടയം കുഞ്ഞച്ചന്) തുടങ്ങി എത്രയോ ഗാനങ്ങള്‍ ഈ കൂട്ടുകെട്ട് കൈരളിക്ക് സമ്മാനിച്ചു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVciir0OyOc_ThW9LbdAREKzcxIuo1pIWS8FHOFtKVT5mhw9ycwOoiI0dUa0Y8GSyFxjNiZBNIntXyriVndjz2usBCiYk2KCzgDo-y36qMjjCcmM73i_gK1C_OW5I9jFXhLbrWffyfM5E/s320/chunakara-10.jpg)
എഴുതാതിരിക്കാനാവില്ല
1994 വരെ തുടര്‍ച്ചയായി ചുനക്കര പാട്ടെഴുതി. ആ വര്‍ഷം ഭാര്യ തങ്കമ്മയുടെ അസുഖംമൂലം പാട്ടെഴുത്തിന് ഇടവേള കൊടുത്തപ്പോള്‍ അത് ആറു വര്‍ഷത്തോളം നീണ്ട വലിയ കാലമായി. വ്യവസായ വകുപ്പില്‍ സഹപ്രവര്‍ത്തക കൂടിയായിരുന്ന ഭാര്യ 1997ല്‍ മരിച്ചു. തുടര്‍ന്ന് ദീര്‍ഘകാലം തിരുവനന്തപുരത്തെ വീട്ടില്‍ കവി ഏകാന്ത വാസത്തിലായിരുന്നു. എന്നാല്‍ 2001ല്‍ 'നിന്നെയും തേടി' എന്ന സിനിമയിലൂടെ ചുനക്കരയുടെ രണ്ടാംവരവുണ്ടായി. ഒരു സിനിമയില്‍ പത്തു പാട്ടുകള്‍വരെ (കന്യാകുമാരിയില്‍ ഒരു കവിത) എഴുതിയ ചുനക്കരക്ക് പൂര്‍ണമായൊരു വിട്ടുനില്‍ക്കല്‍ ഒരിക്കലുമാവില്ല. എഴുതാതിരിക്കാനാവില്ലെന്ന് തുറന്നുപറയുന്ന കവിയാണ്ചുനക്കര. പുതിയ കാലത്ത് സിനിമ മാറി. ന്യൂജനറേഷന് സങ്കേതങ്ങളിലൂടെ സിനിമ സഞ്ചരിക്കുമ്പോഴും കാമ്പുള്ള എഴുത്തുകള്‍ക്ക് ഇടമുണ്ടെന്ന് തെളിയിക്കുന്നതാണ് 2016ല്‍ പോലും നാല് പാട്ടുകള്‍ എഴുതി ഹിറ്റാക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു ചുനക്കരയുടെ എണ്‍പതാം പിറന്നാള്‍. തിരുവനന്തപുരം തിരുമലയിലെ വീട്ടിലെത്തിയും വൈ.എം.എസി.എ ഹാളില്‍ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിലും സാഹിത്യ, സാംസ്കാരിക രംഗത്തെ നിരവധി പേര് ആശംസകള്‍ അര്പിച്ചു.
'എന്റെ ഗ്രാമം പകര്‍ന്നുനല്‍കിയ നന്മകളാണ് എന്റെ എഴുത്ത്. ഞാന്‍ കണ്ട ജീവിതങ്ങള്‍, അനുഭവിച്ചതും പിന്നിട്ടതുമായ വഴികള്‍ ഒക്കെ എന്നിലെ എഴുത്തുകാരനില്‍ കാണാം.'- ചുനക്കരയുടെ തൂലിക തുറന്നുതന്നെയിരിക്കുന്നു.