എന്റെ വീട്
മച്ചില്‍ വീണു ചിതറുന്ന
മഴത്തുള്ളിക്കിലുക്കത്തിനൊപ്പം
സ്വപ്നങ്ങളും നഷ്ടങ്ങളും
തമ്മില്‍ കലഹിക്കുന്നതാണ്
എന്റെ വീട്.
തണുത്ത രാത്രികളിലും
കറുത്ത സന്ധ്യകളിലും
ആരോടും പറയാതെ
പടിയിറങ്ങിയവരുടെ
വിലാപങ്ങള്‍ ഇടക്കിടെ
മുഴങ്ങാറുള്ളതാണ്
എന്റെ വീട്.
പ്രാര്‍ത്ഥനകള്‍
തടവറയൊരുക്കുന്ന
മങ്ങിയ മൗനങ്ങള്‍
വിതുമ്പാറുള്ളതാണ്
എന്റെ വീട്.
അക്ഷരങ്ങളില്‍
അഴുക്കു പുരളുമ്പോള്‍
അരുതെന്നു ചൊല്ലാന്‍
അമ്മയില്ലാത്തതാണ്
എന്റെ വീട്.
അര്‍ത്ഥവും അലങ്കാരവുമില്ലാതെ
കെട്ടിയുയര്‍ത്തിയ
പൊട്ടത്തരങ്ങളാണ്
എന്റെ വീട്.
നടക്കാന്‍ തുടങ്ങിയാല്‍
നഷ്ടങ്ങള്‍ പിന്നാലെ കൂടുന്ന
കഷ്ടപ്പെടലുകളുടെ
ഭാണ്ഡമാണ്
എന്റെ വീട്.
പണ്ടത്തെയാ നല്ലകാലം
പട്ടുകൊണ്ടു പൊതിഞ്ഞ്
വിളമ്പി മടുത്തപ്പോള്‍
എന്റെ വീടിന്റെ
വിളക്കണഞ്ഞിരുന്നു.